Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

ഹജ്ജിന്റെ ഏകഭാവവും സുന്നത്തിന്റെ സൗന്ദര്യവും

ശാഫി മൊയ്തു

നബിചര്യയുടെ നിരാകരണത്തെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന പ്രൗഢമായ മൂന്നു ലേഖനങ്ങള്‍ (ലക്കം 3092) ഇന്ന് മുസ്‌ലിം സമൂഹം നേരിടുന്ന ചില ആശയക്കുഴപ്പങ്ങള്‍ തിരുത്തുന്നതിന് ഏറെ സഹായകമാണ്. യുക്തിഭദ്രവും ചിന്താപരവുമായ കുറേ പ്രായോഗിക മറുചോദ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ഇല്‍യാസ് മൗലവിയുടെ അവതരണം. 

ഭാഷയെ പോലും വികൃതമാക്കി ഇസ്‌ലാമിന്റെ കര്‍മസരണിയെ ഗൂഢാര്‍ഥ വാദത്തിലൂടെ അപരവല്‍ക്കരിക്കുന്ന രീതിയിലെ ബുദ്ധിജീവി ജാടകളെ ഭാഷാ ശാസ്ത്രം വെച്ചുതന്നെ തിരുത്തുന്നു ഇറാഖി പണ്ഡിതനായ മുഹമ്മദ് അയാശ് കുബൈസി. ജലീല്‍ കോലോത്ത് ഹദീസ് നിഷേധത്തിലൂടെ കര്‍മശാസ്ത്ര ഏകീകരണം എന്ന ഉട്ടോപ്പിയയെ സുന്നത്ത് നിഷേധികളുടെ കേരളീയ ചരിത്രം വെച്ചുതന്നെ തുറന്നുകാട്ടുന്നു.

കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ 'അഹ്‌ലുല്‍ ഖുര്‍ആന്‍' സംഘം മുതല്‍ ഖാദിയാനി വിഭാഗം വരെ വളരെ സജീവമാണ്, കേരളത്തിലെ പ്രബല മുസ്ലിം വിഭാഗങ്ങളും തഥാ. ചില മുസ്‌ലിം വിഭാഗങ്ങളുടെ ഖുര്‍ആന്‍/ഹദീസ് അക്ഷര വായനകള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങള്‍ ഹദീസ് നിഷേധികളുടെ വാദങ്ങള്‍ ഒരുപരിധിവരെയെങ്കിലും ശരിയല്ലേ എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. മൂന്നുവര്‍ഷം മുമ്പ് പരിശുദ്ധ ഹജ്ജിന് ഭാര്യാസമേതം പോയപ്പോഴാണ് അതിനൊരു മാറ്റം വന്നത്.

നബിചര്യയുടെ നിഷേധത്തെ പ്രാമാണിക യുക്തികൊണ്ട്  പ്രതിരോധിക്കുന്നതിനും മുകളിലാണ് ഇസ്‌ലാമിലെ കര്‍മശാസ്ത്ര പ്രായോഗിക ആവിഷ്‌കാരങ്ങള്‍ എന്ന് ഹജ്ജ് നമ്മെ തെര്യപ്പെടുത്തും. ലോകത്തിലെ മുക്കുമൂലകളില്‍നിന്ന് അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ഒഴുകിയെത്തുന്ന അനേകലക്ഷം വിശ്വാസികള്‍. അവരങ്ങനെ ഒരേ താളത്തിലും ഭാവത്തിലും  തീര്‍ഥാടന കര്‍മം വഹിക്കുന്നുവെന്നത് സൂക്ഷ്മ പഠനം നിരീക്ഷണവും ആവശ്യപ്പെടുന്നുണ്ട്. 

പ്രവാചകചര്യയെ നെഞ്ചിലേറ്റിയ ജനലക്ഷങ്ങള്‍ക്ക് ഇസ്‌ലാമിക സംസ്‌കൃതി നല്‍കുന്ന ആചാരാനുഷ്ഠാനങ്ങളുടെ സൗന്ദര്യവും സൗരഭ്യവും മനോഹാരിതയും നമുക്കവിടെ കാണാം. ദേശ ഭാഷാ വര്‍ണ വൈജാത്യങ്ങളുള്ള, ചിന്താപരവും മറ്റുമായ വ്യതിരിക്തതയും വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്ന ജനലക്ഷങ്ങള്‍  ഒരൊറ്റ മനസ്സുമായി ഒരേ വേഷത്തിലും വികാരത്തിലും ഭാവത്തിലും ദ്രുതചലനങ്ങളിലൂടെ കഅ്ബ എന്ന കേന്ദ്രബിന്ദുവിനെ പരിക്രമണം ചെയ്യുന്ന  മഹാസമ്മേളനം, ഹജ്ജ്.. 

ആഫ്രിക്കന്‍ മണലാരണ്യത്തില്‍നിന്ന് വന്ന ഒരു സാദാ ഭക്തനും അമേരിക്കന്‍ ഹൈടെക് ഓഫീസില്‍നിന്ന് വന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനും ഒരേ രീതിയിലും ശൈലിയിലും കര്‍മങ്ങള്‍ ചെയ്യുന്നതിന് ട്രെയിനിംഗ് കൊടുത്തവര്‍ ആരാണ്? എങ്ങനെയാണ് ഇത്ര കൃത്യമായി ഒരു കമാന്ററുടെ കീഴില്‍ പരിശീലനം ലഭിച്ച പട്ടാളക്കാരനെ പോലെ വിവിധ തട്ടിലുള്ള മനുഷ്യര്‍ക്ക് ആരാധനകള്‍ അനുഷ്ഠിക്കാന്‍ സാധ്യമാകുന്നത്? അതേ അതൊരു  അത്ഭുതമാണ്, മഹാത്ഭുതം. മുസ്‌ലിംകളിലെ സുന്നി-ശീഈ വിഭാഗങ്ങളും അതിനുള്ളിലെ നൂറുകൂട്ടം വ്യത്യസ്ത അഭിപ്രായക്കാരും കര്‍മത്തിലൂടെ സമാനമാകുന്ന മഹാത്ഭുതം. 

എന്താണ് അതിന്റെ രഹസ്യം..? ഖുര്‍ആനില്‍ എവിടെയെങ്കിലും ഹജ്ജ് കര്‍മത്തിന്റെ പെരുമാറ്റ ചട്ടം  ഇത്ര കണിശമായി വരച്ചുകാട്ടിയിട്ടുണ്ടോ? എന്നിട്ടും ഇത്ര ഏകതയോടെ ഇതെങ്ങനെ സാധ്യമാകുന്നു? കര്‍മശാസ്ത്ര ഭിന്നതകള്‍ വലിയ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സമുദായമായിരുന്നിട്ടും  എങ്ങനെ ഇതു സംഭവിക്കുന്നു? അവിടെയാണ് മുഹമ്മദ് നബി(സ)യുടെ ചര്യകള്‍ ആവാഹിക്കുന്നതിന് മുസ്ലിംകള്‍ക്ക് ആ തര്‍ക്കങ്ങള്‍ പോലും പ്രാപ്തി  നല്‍കുന്നുണ്ട് എന്ന സത്യം തെളിഞ്ഞുനില്‍ക്കുന്നത്. 

മുസ്‌ലിംകളുടെ ഭിന്നതക്കു കാരണം പ്രവാചകന്റെ ചര്യകള്‍ (ഹദീസ്) റിപ്പോര്‍ട്ട് ചെയ്തതാണെന്ന പല്ലവി  നിരന്തരം പാടുന്ന 'ബുദ്ധിജീവികളെ' പല വേദികളിലും കാണാം. പരിഹാസത്തോടെയാണ് അവരില്‍ പലരുടെയും ഹദീസ് നിരാസം.

നരവംശ ശാസ്ത്രത്തിന്റെ ബാലപാഠം അറിയുമെങ്കില്‍ ഹദീസ് ഗ്രന്ഥങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യത്തെക്കുറിച്ച് അവര്‍ ഇത്ര ആശങ്കപ്പെടില്ലായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ ചുണ്ടിക്കാട്ടിയതു പോലെ പ്രവാചകന്‍ മുഹമ്മദ് (സ) ആരാണെന്ന് ലോകത്തിന് പഠിപ്പിച്ചുകൊടുത്തത് ഹദീസ് ഗ്രന്ഥങ്ങളാണ്. 

ഹദീസ് ഗ്രന്ഥങ്ങളിലെ നെല്ലും പതിരും വളരെ വിദഗ്ധമായി തന്നെ പഠന വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനെ കാലികമായി, ജീവിതഗന്ധിയായി വായിക്കാന്‍ വെളിച്ചമേകുന്നത് സുന്നത്താണ്. ഇത് തിരിച്ചറിയാത്തവര്‍ ഹദീസ് ക്രോഡീകരണത്തിന് ജീവിതം സമര്‍പ്പിച്ച മഹാരഥന്മാരെ അപഹസിക്കുന്നു. അതൊരു ദുരന്തമാണ്.

 

 

മനസ്സ് തുറക്കേണ്ട ഭാഷ

അടുത്തകാലത്ത് പ്രബോധനത്തില്‍ വായിച്ച മികച്ച ലേഖനങ്ങളിലൊന്നാണ്  യാസര്‍ ഖുത്വ്ബിന്റെ 'പ്രസ്ഥാനം, ഭാഷ: ചില ലളിത വിചാരങ്ങള്‍.' ഭാഷയുമായി ബന്ധപ്പെട്ട് പ്രബോധനത്തില്‍ പല ലേഖനങ്ങളും വരാറുണ്ട്. ചിലത് എന്തിനാണെന്നും ആലോചിക്കാറുണ്ട്. മനസ്സിലാകാത്തത് കൊണ്ടാണോ എന്നറിയില്ല, അത്തരം ലേഖനങ്ങളുടെ പ്രസക്തി തിരിയാറില്ല. 'ഭാഷ' എന്ന തലക്കെട്ട് കണ്ടപ്പോള്‍ അത്തരം ഒരു ലേഖനമായിരിക്കും എന്ന് കരുതിയാണ്  വായന ആരംഭിച്ചത്. ഒരാവൃത്തികൂടി വായിച്ചപ്പോള്‍ ഇത് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന്  മനസ്സിലായി.

ഈ ലേഖനത്തില്‍ 'ഉട്ടോപ്യന്‍ ചിന്തകള്‍' ഒന്നുമില്ല എന്നതാണ് സത്യം. എല്ലാം പ്രായോഗിക നിര്‍ദേശങ്ങള്‍ മാത്രം. ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമായവ. 'സോഷ്യല്‍ എഞ്ചിനീയറിംഗ്' എന്ന പുതിയ സാങ്കേതിക ശബ്ദം ഉപയോഗിച്ചാണ് ലേഖകന്‍ വിഷയം വിലയിരുത്തിയത്. പുതിയൊരു അനുഭവമായിരുന്നു. സാധാരണക്കാരോട് മനസ്സ് തുറന്ന് സംസാരിക്കേണ്ടതിന്റെയും  സംവദിക്കേണ്ടതിന്റെയും ആവശ്യകത. നമ്മള്‍ സ്ഥിരമായി ചെയ്യുന്ന ചട്ടപ്പടി പരിപാടികള്‍ക്കപ്പുറത്തേക്ക് കൂടി സഞ്ചരിച്ചാല്‍ മാത്രമേ വിജയിക്കാനാവൂ എന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മുസ്‌ലിം ഉമ്മത്ത് ഇത് പ്രയോഗവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍, ഒരു സമുദായം എന്ന നിലക്ക് ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം ബാധ്യസ്ഥരാണ്. അത് വളര്‍ച്ചക്ക് സഹായകമാകും പുതിയ പ്രതിഛായ സൃഷ്ടിക്കാനും കാരണമാകും. മുസ്‌ലിംകളും ഇസ്ലാമിക പ്രസ്ഥാനവും ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളും മറ്റും ബ്രാന്റ് ചെയ്ത് മാര്‍ക്കറ്റ് ചെയ്യാത്തതിനാല്‍, ഇതൊന്നും പൊതു സമൂഹം അറിയുന്നു പോലുമില്ല. വിഷന്‍ 2016-2026 വലിയ കാര്യങ്ങള്‍ ചെയ്തുവെങ്കിലും അത് രാജ്യനിവാസികളോ പൊതു സമൂഹമോ അധികമൊന്നും അറിഞ്ഞിട്ടില്ല. 

പി. അബ്ദുര്‍റശീദ്, ദുബൈ

 

 

 

കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ ഹനിക്കുന്നതാവരുത

ഫൗസിയ ശംസ് എഴുതിയ 'വനിതാ ദിനത്തില്‍ മുസ്‌ലിം നേതൃത്വം ആലോചിക്കേത്' എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. ലേഖനത്തിലെ ആദ്യ വാചകത്തില്‍ 'ഇസ്‌ലാം സ്ത്രീയെ മാതാവ്, മകള്‍, സഹോദരി, ഇണ എന്നീ തലങ്ങളിലൂടെയാണ് കാണുന്നത്' എന്ന് എഴുതുന്നതിനു പകരം 'ഈ തലങ്ങളിലൂടെയും കാണുന്നുണ്ട്' എന്ന് പറയുന്നതായിരുന്നു ഉചിതം. ഇസ്‌ലാം ഓരോ മനുഷ്യന്റെയും ജീവിത തത്ത്വശാസ്ത്രമായതിനാല്‍ അതിന്റെ ശൈലി എന്നും മധ്യമമായിരിക്കും. സ്ത്രീ സ്വന്തം കുഞ്ഞിനു ഭക്ഷണം കൊടുക്കേണ്ടതും സമൂഹത്തില്‍ അനീതിയുടെ ഫലമായി പട്ടിണി കിടന്നിരുന്ന കുഞ്ഞിനു ഭക്ഷണം കൊടുക്കേണ്ടതും ഒരുമിച്ച് ചെയ്യേണ്ടതാണ്. കാരണം സ്വന്തം കുഞ്ഞിനെ പരിഷ്‌കരണ പ്രവര്‍ത്തകനാക്കേണ്ടത് ഓരോ മാതാവിന്റെയും കര്‍ത്തവ്യമാണെന്നത് പോലെ സ്വയം ഒരു സാമൂഹിക പരിഷ്‌കര്‍ത്താവാകേണ്ടതും ഉയര്‍ന്ന തലത്തില്‍ വിജ്ഞാനം നേടേണ്ടതും നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് കുടുംബത്തില്‍ ചെയ്തുതീര്‍ക്കേണ്ട കര്‍ത്തവ്യങ്ങളും സമൂഹത്തില്‍ ചെയ്തുതീര്‍ക്കേണ്ട കര്‍ത്തവ്യങ്ങളും പൂര്‍ത്തീകരിക്കേണ്ട സ്ത്രീകള്‍ക്ക് സ്രഷ്ടാവ് നല്‍കിയ ഇളവുകളെയാണ് ഒരു കൂട്ടര്‍ അശുദ്ധി, ചട്ടക്കൂട്... എന്നെല്ലാം കളിയാക്കുന്നത്. ലോകത്തുള്ളവര്‍ക്കെല്ലാം വ്യക്തമായ മാതൃകയായി അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത ഫിര്‍ഔന്റെ പത്‌നിയുടെ പോരാട്ടം 'ഭര്‍ത്താവിന്' എതിരെയുള്ളതായിരുന്നില്ല. ലേഖനത്തില്‍ പിന്നീട് സൂചിപ്പിച്ചതു പോലെ തന്നെ കൊടിയ അക്രമിയായ, വംശീയ, വര്‍ഗീയ വ്യവസ്ഥയെ കൊണ്ടാടിയ ഫിര്‍ഔനെതിരെയായിരുന്നു. ഇസ്‌ലാമിക വീക്ഷണത്തില്‍ സ്ത്രീയുടെ സാമൂഹിക പങ്കാളിത്തം ഒരിക്കലും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളെ ഹനിക്കുന്നതല്ല. നമ്മള്‍ ഗൗരവത്തിലെടുക്കേണ്ട കാര്യം, സ്ത്രീകളിലെ വിജ്ഞാനം എവിടെ നില്‍ക്കുന്നു എന്നതാണ്. ഖുര്‍ആനിലെയും സുന്നത്തിലെയും പാഠങ്ങള്‍ (നസ്സ്വ്) വെച്ച് ഇന്നത്തെ കാലത്ത് പ്രായോഗികമാകുന്ന നിയമങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ മാത്രം കെല്‍പുള്ളവര്‍ പറ്റേ കുറവാണ്. പക്ഷേ, ഇമാം ശാഫിഈയുടെ മാതാവ് നഫീസത്ത് ബീവിയും മര്‍യം ജമീലയുമൊക്കെ ഇസ്‌ലാമിന്റെ സൗന്ദര്യവും നിയമങ്ങളും ചേര്‍ന്ന് കൊത്തിയെടുത്ത മാണിക്യക്കല്ലുകളാണ്. അതുകൊണ്ട് ആദ്യം സൂചിപ്പിച്ചതുപോലെ സമൂഹത്തിലും കുടുംബത്തിലും വൈജ്ഞാനിക മേഖലയിലും രാഷ്ട്രീയത്തിലും സാംസ്‌കാരിക മേഖലയിലും അതിലുപരി ആത്മീയതയിലും റബ്ബിന്റെ വര്‍ണത്തില്‍ പൊതിഞ്ഞ മുദ്ര പതിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.

നസ്‌റിന്‍ ഹംസ, അല്‍ജാമിഅ ശാന്തപുരം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍