Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 15

3093

1440 റജബ് 07

ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധം

മുജീബ്

''ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. രാജ്യവിരുദ്ധ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നിരോധനമെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിനു ശേഷം ആഭ്യന്തര മന്ത്രാലയമാണ്, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം.

വിഘടനവാദ സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ പറയുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ വിഘടനവാദ സംഘടനകള്‍ക്കെതിരെ സുരക്ഷാ സേന നടപടി ആരംഭിച്ചിരുന്നു. തുടര്‍ന്ന് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലുമായിരുന്നു.'' (മീഡിയ വണ്‍ ഓണ്‍ലൈന്‍, മാര്‍ച്ച് 01, 2019)

നിരോധത്തോടുള്ള മുജീബിന്റെ പ്രതികരണം? ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ടാണ് കശ്മീരില്‍ ഘടകം രൂപീകരിക്കാത്തത്?

അന്‍വര്‍ ഷാ മലപ്പുറം

 

ഏഴു പതിറ്റാണ്ടിലധികമായി ജമ്മു-കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി. 1941-ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമി വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയിലും പാകിസ്താനിലും വെവ്വേറെ സംഘടനകളായിട്ടാണ് പ്രവര്‍ത്തിച്ചുവരുന്നത്. അടിസ്ഥാനാദര്‍ശങ്ങളില്‍ സമാനത പുലര്‍ത്തുന്നതോടൊപ്പം ഭിന്നസാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യത്യസ്ത നയപരിപാടികളാണ് രണ്ട് സംഘടനകളും പിന്തുടരുന്നത്. രണ്ടും തമ്മില്‍ സംഘടനാപരമായ ബന്ധങ്ങളില്ല. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയാകട്ടെ ഇന്ത്യയിലെയോ പാകിസ്താനിലെയോ ജമാഅത്തുമായി ബന്ധമില്ലാതെ സ്വന്തമായ നയപരിപാടികളുമായി പ്രവര്‍ത്തിച്ചുവരികയാണ്.

ജമ്മു-കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അവിടെ ഇന്ത്യയും പാകിസ്താനും അംഗീകരിച്ച 1949 ജനുവരി അഞ്ചിലെ യു.എന്‍ പ്രമേയമനുസരിച്ച് ഹിതപരിശോധന നടക്കേണ്ടതാണെന്നും അതുവരെ ഇന്ത്യയോടുള്ള ലയനത്തെ താല്‍ക്കാലികമായി അംഗീകരിക്കാമെന്നുമാണ് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. 1987 വരെ ആ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന പ്രകാരം നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. നേതാവ് സയ്യിദ് അലിഷാ ഗീലാനി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. '87-ലെ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടക്കുകയും ഫലങ്ങള്‍ അട്ടിമറിക്കുകയും ചെയ്തപ്പോഴാണ് ഗീലാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മേലില്‍ ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അന്ന് ശ്രീനഗറില്‍ സ്ഥാനാര്‍ഥിയായിരുന്ന വ്യക്തിയാണ് പിന്നീട് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്ററായി പ്രത്യക്ഷപ്പെട്ട സലാഹുദ്ദീന്‍. അന്നു മുതല്‍ ഹിസ്ബുല്‍ മുജാഹിദീനും അല്ലാഹ് ടൈഗേഴ്‌സുമൊക്കെ സായുധ സമരത്തിന്റെ പാതയിലാണ്. ഗീലാനി മാത്രമാണ് അവരുടെ ലൈന്‍ അംഗീകരിച്ചത്. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി എല്ലാ തീവ്രവാദി ഗ്രൂപ്പുകളെയും തള്ളിപ്പറഞ്ഞു. സായുധ സമരത്തെയും നിരാകരിച്ചു. അവരിപ്പോഴും അതേ നിലപാടില്‍തന്നെ. എന്നാല്‍, സയ്യിദ് അലിഷാ ഗീലാനി ആള്‍ പാര്‍ട്ടീസ് ഹുര്‍രിയത്ത് കോണ്‍ഫറന്‍സിനെ പിളര്‍ത്തി ഹിതപരിശോധനാ വാദവുമായി വേറിട്ടുനില്‍ക്കുകയായിരുന്നു; കുറേകാലം വരെ. ഒടുവില്‍ അദ്ദേഹവും ഹിസ്ബുല്‍ മുജാഹീദിനെ തള്ളിപ്പറഞ്ഞു. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിരവധി സ്‌കൂളുകളും സ്ഥാപനങ്ങളും നടത്തുന്ന, നിയമാനുസൃത മത-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനയായി പ്രവര്‍ത്തിക്കുന്നു.

വി.പി സിംഗ് സര്‍ക്കാറില്‍ കാബിനറ്റംഗമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് കശ്മീര്‍ കാര്യങ്ങളുടെ ചുമതല കൂടി ഏറ്റെടുത്തപ്പോള്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. തദ്‌സംബന്ധമായി അദ്ദേഹം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സൗമനസ്യം തേടുകയും സംഘടന അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീടത് സ്തംഭിച്ചു. വി.പി സിംഗ് സര്‍ക്കാര്‍ തന്നെ നിലംപതിച്ചു. ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചേടത്തോളം ഭരണഘടനയില്‍ ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളൊക്കെ ഇന്ത്യയുടെ ഭാഗം തന്നെ. കാലാകാലങ്ങളില്‍ ഇന്ത്യ ഭരിച്ച സര്‍ക്കാറുകളെല്ലാം കശ്മീര്‍ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്ന്മായി ഗണിച്ചു അതേപറ്റി പാകിസ്താനുമായി ചര്‍ച്ചകള്‍ നടത്തിയതാണ് അനുഭവം. പ്രശ്‌നം രമ്യമായി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും കാഴ്ചപ്പാട്.

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഘടകങ്ങളില്ലാത്ത പോലെ ജമ്മു-കശ്മീരിലും ഘടകങ്ങളില്ല. ആരെയെങ്കിലും നിര്‍ബന്ധിച്ച് സംഘടനയില്‍ ചേര്‍ക്കുന്ന പതിവും ജമാഅത്തിനില്ല.

ഏഴു ലക്ഷം സൈനികരെ പ്രത്യേകാധികാരങ്ങളോടെ വിന്യസിപ്പിച്ച ജമ്മു-കശ്മീരില്‍ കടുത്ത സുരക്ഷാ വീഴ്ചകളുടെ ഫലമായി സംഭവിച്ച പുല്‍വാമ ഭീകരാക്രമണം മുന്‍കൂട്ടി കാണാനോ പ്രതിരോധിക്കാനോ കഴിയാതിരുന്നത് കേന്ദ്ര സര്‍ക്കാറിന്റെ പരാജയമാണ്. ജമ്മു-കശ്മീരിലിപ്പോള്‍ ഗവര്‍ണര്‍ ഭരണമാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിലവിലില്ല. പുതിയ തെരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. അതിനാല്‍ പുല്‍വാമ ഭീകരാക്രമണം കണ്ടുപിടിക്കപ്പെടാതെ പോയതിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാര്‍ വഹിക്കണം. ഈ പരാജയം മറച്ചുവെക്കാന്‍ ചെയ്തുകൂട്ടുന്ന ജനാധിപത്യവിരുദ്ധമായ നടപടികളുടെ ഭാഗമാണ് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന, വിഘടനവാദത്തെയും സായുധപോരാട്ടങ്ങളെയും തള്ളിപ്പറയുന്ന ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധവും. നിരോധത്തെത്തുടര്‍ന്ന് യു.എ.പി.എ എന്ന കരിനിയമമുപയോഗിച്ച് കടുത്ത പ്രതികാര നടപടികളാണ് സുരക്ഷാ സേനയുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും അടച്ചുപൂട്ടി മുദ്രവെച്ചു. കേന്ദ്ര സര്‍ക്കാര്‍ നിരോധത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാപനങ്ങളും സ്വത്തും മുദ്രവെക്കണമെന്ന് വിവിധ മജിസ്‌ട്രേറ്റുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്ക് സംഘടനക്ക് ഏര്‍പ്പെടുത്തിയ നിരോധത്തെത്തുടര്‍ന്ന് 200-ലധികം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ഭീകരഗ്രൂപ്പുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ജമ്മു-കശ്മീരിലെ വിഘടനവാദ പ്രസ്ഥാനത്തെ പിന്തുണക്കുന്നുവെന്നും ആരോപിച്ചാണ് യു.എ.പി.എ പ്രകാരം സംഘടനയെ നിരോധിച്ചത്. ജമ്മു-കശ്മീരിലെ രണ്ട് മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളായ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും നാഷ്‌നല്‍ കോണ്‍ഫറന്‍സും നിരോധനത്തിനെതിരെ രംഗത്തുവന്നു.

തെറ്റിദ്ധാരണകള്‍ പരത്തി അന്തരീക്ഷം വഷളാക്കാന്‍ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കുമ്പോഴാണ് കശ്മീരികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ നിരോധിച്ചിരിക്കുന്നതെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.

എതിരായ രാഷ്ട്രീയ ചിന്താഗതികള്‍ക്കും ഇടം നല്‍കുകയാണ് ജനാധിപത്യം. ജമ്മു-കശ്മീരിലെ രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പേശീബലം ഉപയോഗിച്ച് നേരിടുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. ബി.ജെ.പി വിരുദ്ധനാണെങ്കില്‍ ദേശവിരുദ്ധനാണെന്നാണോ കേന്ദ്രം പറയുന്നതെന്നും മെഹ്ബൂബ ചോദിച്ചു. ജമ്മു-കശ്മീരിലെ അനുരഞ്ജന പ്രക്രിയക്ക് വിലങ്ങുതടിയാകുന്ന നിരോധനം എടുത്തുകളയണമെന്ന് നാഷ്‌നല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാറിന് ഒന്നും കിട്ടാനില്ലെന്നും എന്നാല്‍ സംഘടനക്ക് വിമത പരിവേഷത്തിന്റെ ആകര്‍ഷണീയത കിട്ടുമെന്നും സാഗര്‍ തുടര്‍ന്നു.

നിരോധനവും നേതാക്കളുടെ അറസ്റ്റും കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായതും ബുദ്ധിശൂന്യവുമായ നിലപാടാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തുകയുായി. ജമ്മു-കശ്മീര്‍ ജമാഅത്ത് താഴ്‌വരയില്‍ വിദ്യാഭ്യാസ, സാമൂഹിക, സംസ്‌കരണ, ക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഘടനയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (08-11)
എ.വൈ.ആര്‍

ഹദീസ്‌

ഇഹ്‌സാന്‍
ടി.എം ഇസാം