Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 15

3093

1440 റജബ് 07

എന്താണ് റബ്ബാനിയ്യ, ആരാണ് റബ്ബാനികള്‍?

അബ്ദുല്‍ഹമീദ് ബിലാലി

ഭൂമിയിലെ ആദ്യപ്രവാചകന്‍ മുതല്‍ അതില്‍ അവസാനമായി ജീവിക്കുന്ന മനുഷ്യന്‍ വരെയുള്ള മുഴുവന്‍ തലമുറകളിലും യഥാര്‍ഥ ജീവിതലക്ഷ്യം എന്താണെന്ന് തിരിച്ചറിഞ്ഞ ഒരു വിഭാഗമാളുകള്‍ ഉണ്ടാകാതിരിക്കില്ല. ജീവിതദൗത്യവും അവര്‍ നന്നായി മനസ്സിലാക്കിയിരിക്കും. നേരിടാനിരിക്കുന്ന വെല്ലുവിളികളുടെ വ്യാപ്തിയെക്കുറിച്ചും അവര്‍ ബോധവാന്മാരായിരിക്കും. ജീവിതലക്ഷ്യം എന്താണെന്ന് വ്യക്തമാണ്. 'ഇബാദത്ത് സാക്ഷാല്‍ക്കരിക്കുക' എന്നതാണത്. അഥവാ ജീവിതം മുഴുവന്‍ ദൈവിക കല്‍പനകള്‍ക്ക് വഴിപ്പെടുത്തുക. ഈ ലക്ഷ്യം അവര്‍ സ്വയം മനസ്സിലാക്കുക മാത്രമല്ല, മറ്റുള്ളവരെ പഠിപ്പിക്കുകയും നിരന്തരം അവരെയത് ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനു മുമ്പില്‍ ശത്രുക്കള്‍ നിരന്തരം തടസ്സങ്ങള്‍ വലിച്ചിട്ടുകൊണ്ടിരിക്കും. പക്ഷേ, അതിനെയൊക്കെ നിഷ്പ്രയാസം തട്ടിനീക്കാന്‍ കെല്‍പ്പുറ്റ ആയുധവുമായാണ് വിശ്വാസികളുടെ ഈ കൂട്ടം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്ന് ഈ ശത്രുക്കളുണ്ടോ അറിയുന്നു! ആ ആയുധത്തിന്റെ പേരാണ് 'അല്‍ ഇഅ്തിസ്വാം ബില്ലാഹ്;' ദൈവാജ്ഞകള്‍ മുറുകെ പിടിക്കുക എന്നത്. ദൈവാജ്ഞകള്‍ മുറുകെ പിടിക്കുന്നതും അനുധാവനം ചെയ്യുന്നതും പല രീതികളിലൂടെയാവാം. നിര്‍ബന്ധ അനുഷ്ഠാനങ്ങള്‍ കൃത്യമായി നിര്‍വഹിക്കുക, അവയുടെ പൂര്‍ണതക്കു വേണ്ടി ഐഛിക അനുഷ്ഠാനങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയൊക്കെ ആ രീതികൡപെടും. ഇതെല്ലാം വേണ്ട പോലെ നിര്‍വഹിക്കുമ്പോള്‍ വിശ്വാസിയുടെ മനസ്സില്‍ രൂപപ്പെടുന്ന ഒരു ഈമാനിക പരിചയുണ്ട്; സത്യത്തിന്റെ ശത്രുക്കളുടെയും ഇബ്‌ലീസിന്റെ സൈന്യത്തിന്റെയും ഏത് ആയുധവും ആ പരിചക്കു മുമ്പില്‍ നിഷ്ഫലമാവും. മനസ്സിനെ ബലപ്പെടുത്തുന്ന ഈ പരിശീലന രീതിയാണ് 'റബ്ബാനിയ്യ' എന്ന അറബി പ്രയോഗം കൊണ്ട് അര്‍ഥമാക്കുന്നത്. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരെ നമുക്ക് 'റബ്ബാനികള്‍' എന്നും വിളിക്കും. ഇവരെക്കുറിച്ചാണ് പ്രവാചകന്‍ പറഞ്ഞത്: ''ദൈവാജ്ഞകള്‍ ശിരസ്സാവഹിച്ചുകൊണ്ട് ഒരു വിഭാഗം എപ്പോഴും എന്റെ സമൂഹത്തില്‍ നിലകൊള്ളുന്നുണ്ടാവും. തങ്ങളെ നിന്ദിക്കുന്നതോ എതിര്‍ക്കുന്നതോ അവര്‍ക്കൊരു ക്ഷതവുമേല്‍പിക്കില്ല. അങ്ങനെ അല്ലാഹുവിന്റെ തീരുമാനമെത്തും, അവര്‍ സമൂഹത്തില്‍ വിജയക്കൊടി നാട്ടും'' (മുസ്‌ലിം, കിതാബുല്‍ ഇമാറ -1037).

ഈ വിഭാഗം വഴിയല്ലാതെ മുസ്‌ലിം സമൂഹത്തിന് സഹായമെത്തുകയില്ല. ഇവരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് വിജയം ഈ ഉമ്മത്തിന്റെ കൂടപ്പിറപ്പായി മാറും. അവര്‍ എണ്ണത്തില്‍ കുറഞ്ഞാലോ? വിജയാനന്തരമുള്ള പ്രതാപമൊക്കെ ക്ഷയിക്കുകയായി. അപ്പോള്‍ റബ്ബാനിയ്യ എന്ന ആശയവും റബ്ബാനികള്‍ എന്ന വിഭാഗവും മര്‍മപ്രധാനമാണ്. അതു സംബന്ധമായ ചില കാര്യങ്ങളാണ് പറയാന്‍ പോകുന്നത്. ഈ രണ്ട് സംജ്ഞകളുടെയും ശരിയായ അര്‍ഥം പിടികിട്ടണമെങ്കില്‍ ആദ്യം നമ്മുടെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനിലേക്ക് തിരിയണം. 'റബ്ബാനിയ്യൂന്‍' (റബ്ബാനികള്‍) എന്ന പ്രയോഗം ഖുര്‍ആനില്‍ നാലിടത്ത് വന്നിരിക്കുന്നു. രണ്ടു തവണ ആലുഇംറാന്‍ അധ്യായത്തിലും രണ്ടു തവണ അല്‍മാഇദ അധ്യായത്തിലും.

 

ഒന്നാം സൂക്തം

''ഒരാള്‍ക്ക് അല്ലാഹു വേദപുസ്തകവും യുക്തിജ്ഞാനവും പ്രവാചകത്വവും നല്‍കുക; എന്നിട്ട് അയാള്‍ ജനങ്ങളോട് 'നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനുപകരം എന്റെ അടിമകളാവുക' എന്ന് പറയുക; ഇത് ഒരു മനുഷ്യനില്‍നിന്ന് ഒരിക്കലും സംഭവിക്കാവതല്ല. മറിച്ച് അയാള്‍ പറയുക 'നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കളങ്കമേശാത്ത ദൈവഭക്തര്‍(റബ്ബാനിയ്യൂന്‍)ആവുക' എന്നായിരിക്കും'' (3:79).

ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇമാം ഖുര്‍ത്വുബി എഴുതുന്നു: ''ഒരു നബിക്ക് നുബുവ്വത്ത് (പ്രവാചകത്വം) ലഭിക്കുക, എന്നിട്ട് ദൈവത്തിനല്ല എനിക്കാണ് നിങ്ങള്‍ വഴിപ്പെടേണ്ടത് എന്ന് അദ്ദേഹം ജനങ്ങളോട് പറയുക എന്നീ രണ്ട് കാര്യങ്ങള്‍ ഒരിക്കലും ഒരുമിച്ചു സംഭവിക്കുകയില്ല. അവര്‍ ജനങ്ങളോട് പറയുക, 'നിങ്ങള്‍ റബ്ബാനികളാവൂ' എന്നായിരിക്കും. 'റബ്ബാനികള്‍' എന്നതിന്റെ ഏക വചനമാണ് 'റബ്ബാനീ.' റബ്ബ് (വളര്‍ത്തി സംരക്ഷിക്കുന്നവന്‍) എന്ന വാക്കിലേക്കാണ് ഇത് ചേര്‍ന്നുനില്‍ക്കുന്നത്. അപ്പോള്‍ 'റബ്ബാനീ' എന്നാല്‍, 'വലിയ ജ്ഞാന'ത്തിനു മുമ്പ് 'ചെറിയ ജ്ഞാനം' നല്‍കി ജനങ്ങളെ ശിക്ഷണം ചെയ്ത് വളര്‍ത്തിയെടുക്കുന്നവന്‍. കാര്യങ്ങള്‍ എളുപ്പമാക്കുന്നതില്‍ സര്‍വലോക രക്ഷിതാവായ 'റബ്ബി'നെ അവന്‍ മാതൃകയാക്കുന്ന പോലെ തോന്നുകയും ചെയ്യും'' (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 2/1364, ദാറുസ്സഖാഫ, ബൈറൂത്ത്).

ഇമാം മുബര്‍ദ് പറയുന്നു: ''റബ്ബാനികള്‍ എന്ന് പറഞ്ഞാല്‍ അറിവിന്റെ ഉടമകളാണ്. റബ്ബാന്‍ എന്നാണ് അതിന്റെ ഏകവചനം. റബ്ബാനിയുടെ അര്‍ഥം, റബ്ബിന്റെ ദീനിനെക്കുറിച്ച് അറിവുള്ളവന്‍ (ആലിം), ആ അറിവനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്‍. അറിവിനനുസരിച്ച് പ്രവര്‍ത്തിക്കാത്തവനെ 'ആലിം' എന്ന് പറയുകയില്ലല്ലോ'' (അതേ കൃതി).

വിവിധ പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്‌നു ഹജര്‍ 'ഫത്ഹുല്‍ ബാരി'യില്‍ എഴുതുന്നത് ഇങ്ങനെയാണ്: ''ഇബ്‌നു അബ്ബാസ് (റ) 'റബ്ബാനീ'യെ അഗാധജ്ഞാനമുള്ള വിവേകി എന്ന് നിര്‍വചിച്ചിരിക്കുന്നു. ഇബ്‌നു മസ്ഊദും ഇതിനോടു യോജിക്കുന്നു. അസ്മഈയും ഇസ്മാഈലിയും പറയുന്നത്, റബ്ബാനീ എന്നത് റബ്ബിലേക്ക് ചേര്‍ക്കപ്പെടുന്ന പദമാണെന്നാണ്. റബ്ബ് എന്താണോ കല്‍പ്പിച്ചത് അതാണ് ഉദ്ദേശ്യം. ആ വിവക്ഷയില്‍ അറിവും അതനുസരിച്ചുള്ള കര്‍മവും പെടും. സഅ്‌ലബ് പറയുന്നത്, അറിവിനെ വളര്‍ത്തുന്നതുകൊണ്ടാണ് അവര്‍ക്ക് ആ പേരു വന്നത് എന്നാണ്. ചുരുക്കം പറഞ്ഞാല്‍, റബ്ബിലേക്കാണോ തര്‍ബിയത്തിലേക്കാണോ ഈ വാക്കിനെ ചേര്‍ക്കേണ്ടത് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. 'ചെറിയ ജ്ഞാനം' (സ്വിഗാറുല്‍  ഇല്‍മ്), 'വലിയ ജ്ഞാനം' (കിബാറുല്‍ ഇല്‍മ്) എന്നിവ എന്താണെന്നു കൂടി വിശദീകരിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും സുവ്യക്തമായ അറിവുകളാണ് സ്വിഗാറുല്‍ ഇല്‍മ്. സൂക്ഷ്മമായ അറിവുകളാണ് കിബാറുല്‍ ഇല്‍മ്. ഇബ്‌നുല്‍ അറബി പറയുന്നത്, ജ്ഞാനിയും ഗുരുവും നിതാന്ത കര്‍മിയുമാകാതെ ഒരാളെയും റബ്ബാനീ എന്ന് വിളിക്കരുതെന്നാണ്'' (ഫത്ഹുല്‍ ബാരി 1/161-162).

ഇമാം റാസി തന്റെ തഫ്‌സീറില്‍ സീബവൈഹിയെ ഉദ്ധരിക്കുന്നുണ്ട്. പറയുന്നത് ഇതാണ്: ''റബ്ബാനീ റബ്ബിനോട് ചേര്‍ന്നുവരുന്ന പദമാണ്. അറിയുക എന്നും ആ അറിവനുസരിച്ച് അനുസരിക്കുക എന്നും അര്‍ഥം. അല്ലാഹുവിനെ അറിഞ്ഞ് അവന് നിഷ്‌കര്‍ഷമായി കീഴ്‌പ്പെടുന്നവനെ 'ഇലാഹിയായ മനുഷ്യന്‍' (റജുലുന്‍ ഇലാഹി) എന്ന് പറയാറുണ്ട്. ഈ പദത്തിന്റെ ഒടുവില്‍ ചേര്‍ന്നു വരുന്ന അലിഫ്, നൂന്‍ അക്ഷരങ്ങള്‍ ആ ഗുണത്തിന്റെ പരിപൂര്‍ണതയെ കുറിക്കുന്നു'' (റാസിയുടെ അത്തഫ്‌സീറുല്‍ കബീര്‍ 8/111).

ശൈഖ് അബ്ദുല്‍ ഹമീദ് കശ്ക് ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ മേല്‍പ്പറഞ്ഞ ആശയങ്ങളെല്ലാം ഉള്‍പ്പെടുത്തി ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു: ''ദിവ്യഗ്രന്ഥം നല്‍കി അതിമഹത്തായ അനുഗ്രഹം ചൊരിയുക, അവതരിച്ചുകിട്ടിയ സൂക്തങ്ങളൊക്കെയും യഥാവിധം മനസ്സിലാക്കാന്‍ അവസരമുണ്ടാവുക, ഒപ്പം രിസാലത്തും നുബുവ്വത്തും നല്‍കുക, ഇതൊക്കെ ലഭ്യമായ ഒരു വ്യക്തി നിങ്ങള്‍ എനിക്ക് വഴിപ്പെടൂ, അല്ലാഹുവിനു വഴിപ്പെടേണ്ട എന്നൊരിക്കലും പറയില്ല. പകരം അദ്ദേഹം പറയുക ഇങ്ങനെയായിരിക്കും: ജനങ്ങളേ, നിങ്ങള്‍ റബ്ബാനികളായി ദീനിനെ മുറുകെ പിടിക്കുക. പൂര്‍ണതയോടെ അല്ലാഹുവിനെ അനുസരിക്കുക. കാരണം ഈ ഗ്രന്ഥം മറ്റുള്ളവരെ പഠിപ്പിക്കുന്നവരാണല്ലോ നിങ്ങള്‍. നിങ്ങള്‍ സ്വയം അത് പഠിച്ചുകൊണ്ടിരിക്കുന്നവരുമാണ്'' (കശ്ക് - ഫീ രിഹാബിത്തഫ്‌സീര്‍).

 

രണ്ടാം സൂക്തം

അല്ലാഹു പറയുന്നു: ''എത്രയോ പ്രവാചകന്മാരാണ്; അവരോടൊപ്പം നിരവധി ദൈവഭക്തന്മാര്‍ (രിബ്ബിയ്യൂന്‍)പോരാടിയിട്ടുള്ളത്! എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍ കൊണ്ടൊന്നും അവര്‍ തളര്‍ന്നില്ല. അവര്‍ ദുര്‍ബലരാവുകയോ കീഴടങ്ങുകയോ ചെയ്തില്ല. ക്ഷമാശീലരെ അല്ലാഹു ഇഷ്ടപ്പെടുന്നു. അവരുടെ പ്രാര്‍ഥന ഇതുമാത്രമായിരുന്നു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുപോയ അതിരുകവിച്ചിലുകളും ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തേണമേ. സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ സഹായിക്കേണമേ!'' (3: 146-147).

ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി എഴുതുന്നു: ''വിശ്വാസികള്‍ക്ക് ആവേശം പകരുകയാണിവിടെ. മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ മാതൃക നിങ്ങള്‍ പിന്‍പറ്റണം. ആ പ്രവാചകന്മാര്‍ക്കൊപ്പം നിന്ന ധാരാളം ദൈവദാസന്മാര്‍ (രിബ്ബിയ്യൂന്‍) വധിക്കപ്പെട്ടിട്ടുണ്ട്'' (ഖുര്‍ത്വുബി- അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 2/1471).

മറ്റൊരിടത്ത് അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''ഇവിടെ രിബ്ബിയ്യൂന്‍ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. 'റ' എന്ന അക്ഷരത്തിന് 'കസ്‌റ്' ആണുള്ളത്. അങ്ങനെ വന്നാല്‍ ആ പദത്തിന് 'വലിയ സംഘം' എന്ന അര്‍ഥം കിട്ടും. സുജാജ് പറയുന്നു: ഇവിടെ രണ്ട് വായനയുണ്ട്. ചിലര്‍ റാഇന് 'ളമ്മ്' (ഉകാരം) നല്‍കി 'റുബ്ബിയ്യൂന്‍' എന്ന് വായിക്കുന്നു. മറ്റു ചിലര്‍, റാഇന് കസ്‌റ് (ഇകാരം) നല്‍കി 'രിബ്ബിയ്യൂന്‍' എന്നും വായിക്കുന്നു. ഉകാരം നല്‍കി വായിച്ചാല്‍ വലിയ സംഘങ്ങള്‍ എന്ന അര്‍ഥം കിട്ടും; പതിനായിരമൊക്കെ എണ്ണമുള്ള. ഇമാം മാവര്‍ദി പറയുന്നു: രിബ്ബിയ്യൂന്‍ എന്ന പദത്തിന് വന്ന വ്യാഖ്യാനങ്ങളെ നാലായി സംഗ്രഹിക്കാം. ഒന്ന്, രക്ഷിതാവിന് പൂര്‍ണമായി വഴിപ്പെടുന്നവര്‍, രിബ്ബി എന്നാണ് അതിന്റെ ഏകവചനം. രണ്ട്, വലിയ സംഘങ്ങള്‍. മൂന്ന്, ധാരാളം പണ്ഡിതന്മാര്‍. നാല്, അനുയായികള്‍'' (തഫ്‌സീറുല്‍ മാവര്‍ദി 1/347).

ഈ സൂക്തത്തിന്റെ പൊതുവായ അര്‍ഥം ഇമാം റാസി വിശദീകരിക്കുന്നത് ഇങ്ങനെ: ''ഉഹുദ് യുദ്ധവേളയില്‍ പരാജയമടഞ്ഞപ്പോള്‍ ശിക്ഷണത്തിന്റെ ഭാഗമായി പറയുകയാണ്; നിങ്ങള്‍ക്ക് മുന്‍കഴിഞ്ഞുപോയ പ്രവാചകന്മാരിലും അവരുടെ അനുയായികളിലും മഹത്തായ മാതൃകയുണ്ട്. മുന്‍ പ്രവാചകന്മാരുടെ അനുയായികള്‍ ദൈവമാര്‍ഗത്തിലുള്ള സമരത്തില്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. അവര്‍ പിന്തിരിഞ്ഞോടുകയുണ്ടായില്ല. പിന്നെ പിന്തിരിഞ്ഞോടുന്നത് നിങ്ങള്‍ക്ക് എങ്ങനെ ചേരും?'' (റാസി - അത്തഫ്‌സീറുല്‍ കബീര്‍ 9/25).

 

മൂന്നാം സൂക്തം

അല്ലാഹു പറയുന്നു: ''നാം തന്നെയാണ് തൗറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടു ജീവിച്ച പ്രവാചകന്മാര്‍ യഹൂദര്‍ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും (റബ്ബാനിയ്യൂന്‍) പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍'' (അല്‍ മാഇദ: 44).

റബ്ബാനിയ്യൂന്‍, അഹ്ബാര്‍ എന്നീ പദങ്ങളെ വിശദീകരിച്ചുകൊണ്ട് ഖസീം സഅ്ദി എഴുതുന്നു: ''തൗറാത്തനുസരിച്ച് വിധിക്കുന്ന മതനേതാക്കളെയാണ് ഇവിടെ റബ്ബാനികള്‍ എന്ന് പറഞ്ഞിരിക്കുന്നത്. അവര്‍ പണ്ഡിതന്മാരും ഗുരുക്കന്മാരും കര്‍മനിരതരുമാണ്. അവര്‍ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ ശിക്ഷണം നല്‍കുന്നു. അങ്ങനെ തങ്ങളുടെ ജനങ്ങളെ ഒപ്പം കൂട്ടി പ്രവാചകന്മാരുടെ പാതയില്‍ സഞ്ചരിക്കുന്നു'' (തയ്‌സീറുല്‍ കരീം 1/487, ദാറുല്‍ മദനി, ജിദ്ദ).

 

നാലാമത്തെ സൂക്തം

അല്‍ മാഇദ അധ്യായത്തില്‍ തന്നെ വീണ്ടും: ''അവരുടെ പാപഭാഷണങ്ങളെയും നിഷിദ്ധ ഭോജനത്തെയും പുണ്യവാളന്മാരും പണ്ഡിതന്മാരും തടയാത്തതെന്ത്? അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ'' (5:63).

ഇമാം ഖുര്‍ത്വുബി ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ എഴുതുന്നു: ''നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന ദൗത്യത്തില്‍നിന്ന് പിന്തിരിഞ്ഞ പണ്ഡിതന്മാരെ ശകാരിക്കുകയാണ് ഇവിടെ'' (ഖുര്‍ത്വുബി - ജാമിഉല്‍ അഹ്കാം 4/2234).

മറ്റൊരു വ്യാഖ്യാനം ഇങ്ങനെ: ''തിന്മയും അതിക്രമവും അന്യായമായത് ഭക്ഷിക്കലും വ്യാപകമാവുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്ന റബ്ബാനികളുടെയും മതാധ്യക്ഷന്മാരുടെയും ശ്രദ്ധക്ഷണിക്കുകയാണിവിടെ. അവര്‍ ദൈവിക ഗ്രന്ഥത്തില്‍നിന്ന് ഉള്‍ക്കൊണ്ട സത്യം പ്രയോഗവത്കരിക്കാന്‍ ശ്രമിക്കുന്നില്ല. മുഴുവന്‍ ദീനീവക്താക്കള്‍ക്കുമുള്ള മുന്നറിയിപ്പാണിത്. അപ്പോള്‍ സമൂഹം നന്നാകുന്നതും കേടുവരുന്നതുമൊക്കെ ദൈവിക ദീനിന്റെ വക്താക്കള്‍ നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക എന്ന തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (08-11)
എ.വൈ.ആര്‍

ഹദീസ്‌

ഇഹ്‌സാന്‍
ടി.എം ഇസാം