Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

റസൂലുല്ല നടന്ന വഴികളിലൂടെ നടക്കുന്നവര്‍

സി.ടി സുഹൈബ്

'എടുത്താല്‍ കൂലിയുള്ളതും ഉപേക്ഷിച്ചാല്‍ കുറ്റമില്ലാത്തതിനുമാണ് സുന്നത്ത് എന്നു പറയുക' - മദ്‌റസയില്‍നിന്ന് സുന്നത്തിനെ മനസ്സിലാക്കി തുടങ്ങുന്നത് ഈ നിര്‍വചനത്തില്‍നിന്നാണ്. സുന്നത്തായ അനുഷ്ഠാനങ്ങളോട് ലാഘവബുദ്ധി പുലര്‍ത്താന്‍ ഈ നിര്‍വചനം കാരണമായിത്തീരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഫിഖ്ഹിന്റെ ഭാഷയാണ്. ഫിഖ്ഹിന് വൈകാരികതയേക്കാള്‍ നിയമത്തിന്റെ ഭാഷയാണുണ്ടാവുക. റസൂലിലുള്ള വിശ്വാസത്തില്‍നിന്നും സ്‌നേഹത്തില്‍നിന്നും രൂപപ്പെടുന്ന, വൈകാരികമായി കൂടി സ്വാധീനിക്കുന്ന തലത്തിലേക്ക് സുന്നത്തുകളോടുള്ള സമീപനം മാറേണ്ടതുണ്ട്.

റസൂലില്‍ നിങ്ങള്‍ക്ക് മഹിതമായ മാതൃകയുണ്ടെന്ന് അല്ലാഹു പറയുമ്പോള്‍ വേണമെങ്കില്‍ സ്വീകരിച്ചുകൊള്ളൂ എന്നല്ലല്ലോ മനസ്സിലാക്കേണ്ടത്. മറിച്ച് റസൂല്‍ നടന്ന വഴികളിലൂടെ നടന്നാലേ അല്ലാഹുവിന്റെ പ്രീതിയിലേക്ക് എത്തിപ്പെടുകയുള്ളൂ എന്നാണല്ലോ അതിനര്‍ഥം.

നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കുമ്പോഴാണ് അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം സ്ഥാപിതമാവുന്നത്. ആ ബന്ധം വളരുന്നതും ശക്തിപ്പെടുന്നതും ഐഛിക കര്‍മങ്ങള്‍ കൊണ്ടാണ്. ചില സുഹൃത്തുക്കളുണ്ടാകും നമുക്ക്, കാണുമ്പോള്‍ പരിചയം പുതുക്കുകയും വിശേഷങ്ങള്‍ പങ്കിടുകയും ചെയ്യുന്നവര്‍. അടുത്ത കൂടിക്കാഴ്ചവരെ ആ സൗഹൃദം പ്രത്യേകിച്ചൊരു അനുഭവവുമുണ്ടാക്കാതെ കിടക്കും. എന്നാല്‍ മറ്റു ചില സൗഹൃദങ്ങളു്. പരസ്പരം കാണുമ്പോള്‍ മാത്രമല്ല, എപ്പോഴും അവര്‍ നമ്മോടൊപ്പമായിരിക്കും. നമ്മുടെ പദ്ധതികള്‍, ആലോചനകള്‍, ഇഷ്ടങ്ങള്‍ എല്ലാം തീരുമാനിക്കുന്നതില്‍ അവര്‍ കൂടി പങ്കാളികളായിരിക്കും. ഒരുമിച്ചുണ്ടാകുമ്പോള്‍ മാത്രമല്ല, വ്യത്യസ്ത ഇടങ്ങളിലായിരിക്കുമ്പോഴും പരസ്പരം അനുഭവപ്പെടുന്ന സൗഹൃദം. നിര്‍ബന്ധ ബാധ്യതകള്‍ മാത്രം നിര്‍വഹിക്കുന്നതിലൂടെ ആദ്യം പറഞ്ഞ സൗഹൃദമാണ് നമുക്ക് അല്ലാഹുവിനോടുണ്ടാവുക. സുന്നത്തുകള്‍ കൂടെ ചേരുമ്പോഴാണ് ജീവിതത്തിന്റെ ഓരോ നിമിഷത്തെയും സ്വാധീനിക്കുന്ന ബന്ധമായി അത് വളരുക. ഖുദ്‌സിയായ ഒരു ഹദീസില്‍ ആ ബന്ധത്തെ റസൂല്‍(സ) ഇങ്ങനെ വിവരിക്കുന്നു: ''നിര്‍ബന്ധ കര്‍മങ്ങളിലൂടെ എന്റെ ദാസന്‍ എന്നിലേക്ക് അടുക്കുന്നതിനേക്കാള്‍ പ്രിയങ്കരമായ കാര്യം വേറെ ഇല്ലതന്നെ. ഐഛിക കര്‍മങ്ങളിലൂടെ അവന്‍ എന്നിലേക്ക് അടുപ്പം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ഞാനവനെ സ്‌നേഹിച്ചു തുടങ്ങും. ഞാന്‍ സ്‌നേഹിച്ചാലോ പിന്നെ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനായിത്തീരും. അവന്‍ കാണുന്ന കാഴ്ച ഞാനായിത്തീരും. അവന്‍ നീട്ടുന്ന കരങ്ങളും അവന്‍ നടക്കുന്ന പാദങ്ങളും ഞാനാകും. അങ്ങനെയിരിക്കെ അവനെന്നോട് എന്ത് ചോദിച്ചാലും ഞാനത് നല്‍കും. അവന്‍ എന്നോട് രക്ഷ തേടുന്നുവോ, ഞാനവന് രക്ഷ നല്‍കും'' (ബുഖാരി).

സുന്നത്തായ കര്‍മങ്ങളിലൂടെ അല്ലാഹുവുമായി രൂപപ്പെടുന്ന ബന്ധത്തെ എത്ര മനോഹരമായാണിവിടെ വര്‍ണിക്കുന്നത്. കേള്‍വിയും കാഴ്ചയും കൈകാലുകളും അവനായിത്തീരും എന്ന് പറയുമ്പോള്‍ കേള്‍ക്കുന്നതും കാണുന്നതും ചെയ്യുന്നതുമെല്ലാം അവനിഷ്ടപ്പെട്ടതാകും എന്ന് അതിനെ വിശദീകരിച്ചാല്‍ പോലും ആ പറഞ്ഞതിനോളം വരില്ല നമ്മുടെ വിശദീകരണങ്ങളൊന്നും.

നാം ചെയ്യുന്ന നിര്‍ബന്ധ കര്‍മങ്ങള്‍ ന്യൂനതകളൊന്നുമില്ലാത്തതാണെന്നും അല്ലാഹു അതെല്ലാം സ്വീകരിക്കുമെന്നും നമുക്കാര്‍ക്കും ഉറപ്പു പറയാനാകില്ല. നിര്‍ബന്ധ നമസ്‌കാരങ്ങളെക്കുറിച്ചൊന്ന് ആലോചിച്ചാല്‍ തന്നെ ധാരാളം വീഴ്ചകള്‍ സംഭവിച്ചതായി നമുക്ക് കാണാം. എത്ര നമസ്‌കാരങ്ങള്‍ അല്ലാഹുവിനെ മാത്രം മുന്നില്‍ കണ്ട് പൂര്‍ണ മനസ്സാന്നിധ്യത്തോടെ നിര്‍വഹിച്ചിട്ടുണ്ട്? എത്ര നമസ്‌കാരങ്ങളില്‍ പലവിധ ചിന്തകളാല്‍ മനസ്സ് ചിതറിപ്പോയിട്ടുണ്ട്? നോമ്പുകാലത്ത് ഭക്ഷണ നിയന്ത്രണത്തോടൊപ്പം നോക്കും നാക്കുമെല്ലാം എത്രത്തോളം നിയന്ത്രിക്കാനായിട്ടുണ്ട്. ഇതൊക്കെ ആലോചിക്കുമ്പോഴാണ് അത്ര സൂക്ഷ്മത ഉണ്ടായിട്ടില്ലല്ലോ എന്ന് ബോധ്യപ്പെടുക. ഈ ന്യൂനതകളെല്ലാം പരിഹരിക്കപ്പെട്ടാലല്ലേ അത് പൂര്‍ണാര്‍ഥത്തില്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുകയുള്ള! അതിനുള്ള പരിഹാരം കൂടിയാണ് ഐഛിക കര്‍മങ്ങള്‍. അബൂഹുറയ്‌റ(റ) യില്‍നിന്ന് നിവേദനം. റസൂലുല്ല(സ) പറയുന്നു: ''പരലോകത്ത് ഒരാളുടെ കര്‍മങ്ങളില്‍ ആദ്യം വിചാരണക്കെടുക്കുക നമസ്‌കാരമായിരിക്കും. അത് നന്നായിട്ടുണ്ടെങ്കില്‍ അയാള്‍ വിജയിച്ചു. അത് മോശമായിട്ടുണ്ടെങ്കില്‍ അയാള്‍ പരാജയപ്പെട്ടു. ഇനി നിര്‍ബന്ധ കര്‍മങ്ങള്‍ ചെയ്തതില്‍ ന്യൂനതകള്‍ വല്ലതും സംഭവിച്ചതാണെങ്കില്‍ അല്ലാഹു പറയും; ഈ ന്യൂനതകള്‍ പരിഹരിക്കാന്‍ ഐഛികമായ കര്‍മങ്ങള്‍ വല്ലതുമുണ്ടോ എന്ന് നോക്കൂ. ബാക്കി ബാധ്യതകളുടെ കാര്യത്തിലും ആ രൂപത്തിലാണ് പരിഹാരങ്ങളുണ്ടാവുക'' (തിര്‍മിദി).

റസൂല്‍(സ) തന്റെ ജീവിതത്തിലുടനീളം നമുക്ക് കാണിച്ചുതന്നിട്ടുണ്ടല്ലോ സുന്നത്തായ കര്‍മങ്ങള്‍! നമസ്‌കാരമായും നോമ്പായും ദിക്‌റായും ശുക്‌റായും സല്‍സ്വഭാവങ്ങളായുമെല്ലാം നമുക്കത് കണ്ടെടുക്കാനാകും. ഉപേക്ഷിച്ചാല്‍ കുറ്റമില്ലാത്തത് എന്ന ലാഘവത്തില്‍ നമുക്കെങ്ങനെ അതിനെ കാണാനാകും?

രാത്രി ഏറെ സമയം നിന്നു നമസ്‌കരിച്ച് കാലില്‍ നീരു വന്ന റസൂലിനെക്കുറിച്ച് നമുക്കറിയാം. ഒരാഴ്ച നമ്മുടെ ജീവിതത്തില്‍നിന്ന് കൊഴിഞ്ഞുപോകുമ്പോള്‍ ഒരു രാത്രിയെങ്കിലും എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിക്കാത്തതിനെ കുറിച്ച് നമ്മളാലോചിച്ചിട്ടുണ്ടോ? റസൂലുല്ലാഹി(സ) എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പെടുക്കാറുണ്ട്. അതോടൊപ്പം 'അയ്യാമുല്‍ ബീളി'(ഓരോ മാസത്തിലെയും 13,14,15 ദിവസങ്ങള്‍)ലും നോമ്പെടുക്കാറുണ്ട്. ഏകദേശം ഒരു മാസത്തില്‍ പത്തു ദിവസമെങ്കിലും ആ കണക്കില്‍ റസൂല്‍(സ) സുന്നത്ത് നോമ്പെടുത്തിരുന്നു. ഒരു നോമ്പുപോലും എടുക്കാത്ത എത്ര മാസങ്ങള്‍ നമ്മളില്‍നിന്ന് കഴിഞ്ഞുപോകുന്നു!

ഓരോ ദിനവും ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ വിവിധ സന്ദര്‍ഭങ്ങളിലായി പഠിപ്പിക്കപ്പെട്ട ദിക്‌റുകളും പ്രാര്‍ഥനകളും ഒന്ന് ശ്രദ്ധവെച്ചാല്‍ ശീലമാക്കിയെടുക്കാവുന്നതേയുള്ളൂ. ഇങ്ങനെ എത്ര വിലപ്പെട്ട അവസരങ്ങളാണ് നാം നഷ്ടപ്പെടുത്തുന്നത്! കഴിഞ്ഞ ഒരു ദിവസത്തെ കുറിച്ചൊന്ന് ആലോചിച്ചാല്‍ മതി. രാവിലെ എഴുന്നേറ്റപ്പോള്‍, ബാത്ത് റൂമില്‍ കയറിയപ്പോഴും ഇറങ്ങിയപ്പോഴും, ഭക്ഷണം കഴിച്ചപ്പോള്‍, വാഹനത്തില്‍ കയറിയപ്പോള്‍, വുദൂ എടുത്തപ്പോള്‍, വസ്ത്രം ധരിച്ചപ്പോള്‍, ഉറങ്ങാന്‍ കിടന്നപ്പോള്‍... ഒരൊറ്റ ദിവസത്തില്‍ നമ്മള്‍ മറന്നുപോയ സുന്നത്തുകള്‍, നഷ്ടപ്പെടുത്തിയ നന്മകള്‍ എത്ര! 'നന്മകളില്‍നിന്ന് ഒന്നിനെയും നിങ്ങള്‍ നിസ്സാരമായി കാണരുത്' എന്ന് ഉപദേശിച്ച റസൂല്‍(സ), 'ആഇശാ, ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും നീ നിന്നെ നരകത്തില്‍നിന്ന് കാക്കണം' എന്ന് പറയുമ്പോള്‍ നാളെ ചിലപ്പോള്‍ നമ്മള്‍ നമസ്‌കരിക്കാന്‍ വിട്ടുപോയ രണ്ട് റക്അത്ത് സുന്നത്ത് എത്ര വിലയേറിയതാണെന്ന് തിരിച്ചറിഞ്ഞേക്കാം.

റസൂലി(സ)നെ കഴിയാവുന്നതില്‍ പരമാവധി അനുധാവനം ചെയ്ത പുണ്യാത്മാക്കള്‍ ഒരുപാട് കടന്നുപോയിട്ടുണ്ട്. നാളെ പരലോകത്ത് നമ്മളെത്തുമ്പോള്‍ അവിടെ അങ്ങനെ ചില ആളുകളുണ്ടാകും. താഴ്ന്നു നിന്ന മരച്ചില്ലയില്‍ തലമുട്ടാതിരിക്കാന്‍ റസൂല്‍(സ) കുനിഞ്ഞു നടന്നിടത്ത് ആ മരവും ചില്ലയും ഇല്ലാതിരുന്നിട്ടുകൂടി അവിടെയെത്തുമ്പോള്‍ തല കുനിച്ചു നടന്നിരുന്ന അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഉണ്ടാകും അവിടെ! റസൂല്‍ നടന്നതുപോലെ നടക്കാനിഷ്ടപ്പെട്ടവര്‍, അദ്ദേഹത്തിന് പ്രിയപ്പെട്ട വസ്ത്രവും ഭക്ഷണവും സ്വന്തത്തിനായി ഇഷ്ടപ്പെട്ടവര്‍, ജീവിതത്തിന്റെ ഓരോ ചുവടിലും റസൂലിനെ ചേര്‍ത്തു വെച്ചവര്‍..... അവര്‍ക്കിടയില്‍ നമ്മളും ഉണ്ടാകും. നഷ്ടപ്പെടുത്തിയ സുന്നത്തുകള്‍ കൊണ്ടെങ്ങനെ നാം നമ്മുടെ പ്രിയ റസൂലിന്റെ ചാരത്തു ചെല്ലും! അവിടുത്തെ പേരു കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലാത്ത നാവുകള്‍ കൊണ്ടെങ്ങനെ അദ്ദേഹത്തോട് സലാം പറയും! ഒഴിവാക്കിയാല്‍ കുറ്റമില്ലാത്തത് എന്നല്ല, നഷ്ടപ്പെടുമ്പോള്‍ മനസ്സിനെ അസ്വസ്ഥമാക്കുന്നത് എന്ന തലത്തിലേക്ക് സുന്നത്തുകളോടുള്ള  സമീപനം മാറേണ്ടതുണ്ട്. ഒരു സുന്നത്ത് അനുഷ്ഠിക്കാന്‍  അവസരമുണ്ടായിട്ടും അതൊഴിവാക്കി നമ്മുടെ തിരക്കുകളിലേക്കിറങ്ങി പോകുമ്പോള്‍ 'നന്മകള്‍ അതെത്ര ചെറുതാണെങ്കിലും നിസ്സാരമാക്കരുത്' എന്ന അധ്യാപനം നമ്മെ തിരിച്ചുവിളിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍