Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

ബന്ധങ്ങള്‍, സൗഹൃദങ്ങള്‍ -2

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-17 )

ചേന്ദമംഗല്ലൂരിലെ കഴിഞ്ഞ തലമുറകളില്‍ എന്റെ പ്രായത്തിലുള്ളവരൊക്കെ ഏറെ ഇഷ്ടപ്പെടുകയും സുദൃഢ  ബന്ധം പുലര്‍ത്തുകയും ചെയ്ത വ്യക്തി ആരായിരുന്നു എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ കാണൂ. ഒരു കാലഘട്ടത്തിലെ മഹല്ല് ഖാദിയായിരുന്ന, എല്ലാ പരിഷ്‌കരണ സംരംഭങ്ങളെയും ഒന്നാമതായി സ്വാഗതം ചെയ്യുകയും മലബാര്‍ കലാപം മുതല്‍ക്കുള്ള സംഭവങ്ങളെ അപ്പടി ഓര്‍ക്കുകയും ചെയ്തിരുന്ന പി.സി മുഹമ്മദ് സഗീര്‍ മൗലവി. ദേശത്തിന്റെ കഥാകാരന്‍ എന്നദ്ദേഹത്തെ വിശേഷിപ്പിച്ചാലും തെറ്റാവില്ല. ഒതയമംഗലം പള്ളി 1900-മാണ്ടില്‍ നിര്‍മിതമായപ്പോള്‍ പ്രഥമ ഖാദിയായി മാവൂരില്‍നിന്ന് കൊണ്ടുവന്ന പടിഞ്ഞാറെതൊടി കുഞ്ഞാലി മുസ്‌ലിയാരുടെ ദ്വിതീയ പുത്രനായി പിറന്ന മുഹമ്മദ് സഗീര്‍, പരേതനായ ചാലിലകത്ത് കുഞ്ഞമ്മദാജി സ്ഥാപിച്ച വാഴക്കാട് ദാറുല്‍ ഉലൂമിലും തുടര്‍ന്ന് കൊടിയത്തൂരിലെ എം.സി.സി ഹസന്‍ മൗലവിയുടെ ദര്‍സിലും മതപഠനം നടത്തിയ ശേഷം പിതാവിനെ പിന്തുടര്‍ന്ന് ചേന്ദമംഗല്ലൂരിലെ ഖാദിയായി. അക്കാലത്താണ് വഹാബി പ്രസ്ഥാനം എന്നറിയപ്പെടുന്ന സംസ്‌കരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായത്. അധികം താമസിയാതെ ജമാഅത്തെ ഇസ്‌ലാമി ഗ്രാമത്തില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അതുമായും അദ്ദേഹം ബന്ധം പുലര്‍ത്തി. കെ.സി അബ്ദുുല്ല മൗലവി ചേന്ദമംഗല്ലൂരില്‍ സ്ഥിര താമസമാക്കിയ ശേഷം രണ്ടു പേരും ചേര്‍ന്ന കൂട്ടുകെട്ട് ജീവിതാവസാനം വരെ തുടര്‍ന്നു. ഇസ്‌ലാഹിയാ അസോസിയേഷന്റെ സെക്രട്ടറിയും അദ്ദേഹമായിരുന്നു. ഏതു പ്രായക്കാരോടും അടുത്തിടപഴകാനും സംവദിക്കാനുമുള്ള സഗീര്‍ മൗലവിയുടെ കഴിവ് അസൂയാര്‍ഹമായിരുന്നു. ആദ്യകാല മുജാഹിദ് കേന്ദ്രമായിരുന്ന ചേന്ദമംഗല്ലൂരില്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, എ. അലവി മൗലവി, ശൈഖ് മുഹമ്മദ് മൗലവി, കെ. ഉമര്‍ മൗലവി, കെ.സി അലവി മൗലവി തുടങ്ങിയവരൊക്കെ ഇടക്കിടെ സന്ദര്‍ശിക്കാന്‍ കാരണക്കാരനായിരുന്നത് സഗീര്‍ മൗലവിയാണ്. സ്വാതന്ത്ര്യസമര നായകന്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് 1945-ല്‍ കൊടിയത്തൂരില്‍ വന്ന് പ്രസംഗിച്ചതും തിരിച്ചുപോവുമ്പോള്‍ ചേന്ദമംഗല്ലൂരിന്റെ അതിര്‍ത്തി ഗ്രാമമായ പൊറ്റശ്ശേരിയില്‍ വെച്ച് കുഴഞ്ഞുവീണ് അന്ത്യശ്വാസം വലിച്ചതുമൊക്കെ ദൃക്‌സാക്ഷിയെപ്പോലെയാണ് സഗീര്‍ മൗലവി ഞങ്ങള്‍ക്ക് വിവരിച്ചുതന്നത്. ഏതു സംഭവം വിവരിക്കുമ്പോഴും പഞ്ചതന്ത്രത്തിലേതു പോലെ ഒരുപകഥാ ഉദാഹരണം അദ്ദേഹത്തിന് ഓര്‍മ വരും. എല്ലാം സരസമായിരിക്കുകയും ചെയ്യും.

1969-ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനം ഏതാണ്ട് പൂര്‍ണമായിരുന്ന കാലത്ത് ചേന്ദമംഗല്ലൂരില്‍, പരിസരങ്ങളിലെ 40 സുന്നി മഹല്ലുകള്‍ ചേര്‍ന്ന് ഒമ്പതു ദിവസം നീണ്ട ജമാഅത്ത് വിരുദ്ധ പ്രസംഗ പരമ്പര സംഘടിപ്പിച്ചിരുന്നു. നാട്ടുകാരെ സംബന്ധിച്ചേടത്തോളം വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ മുതലായവരുടെ അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങള്‍ അസഹനീയമായിരുന്നു. എങ്കിലും കെ.സിയുടെ ശക്തമായ താക്കീതിനെത്തുടര്‍ന്ന് എല്ലാവരും സംയമനം പാലിക്കുകയായിരുന്നു. പരമ്പര അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ സഗീര്‍ മൗലവി തീര്‍ത്തും അസ്വസ്ഥനായി. ഒരു രാത്രിയെങ്കിലും മറുപടി പറഞ്ഞേ പറ്റൂ എന്നദ്ദേഹം ജ്യേഷ്ഠന്‍ അബ്ദുല്ലയെയും എന്നെയും വിളിച്ചു പറഞ്ഞു. കെ.സി സമ്മതിക്കാതെ നമുക്കെന്ത് ചെയ്യാന്‍ പറ്റും എന്ന് ഞങ്ങള്‍ കൈമലര്‍ത്തിയപ്പോള്‍ 'സമ്മതമൊക്കെ പിന്നീട് വാങ്ങാം. ഇപ്പോള്‍ മറുപടി പറയും എന്ന് നോട്ടീസടിച്ചു വിതരണം ചെയ്യാം' എന്നായിരുന്നു മൂപ്പരുടെ നിര്‍ദേശം! ഞങ്ങള്‍ നോട്ടീസ് തയാറാക്കി. പ്രസംഗ പരമ്പര സമാപിച്ച രണ്ടാം നാള്‍ സമസ്ത വിമര്‍ശനങ്ങള്‍ക്ക് കെ.സി അബ്ദുല്ല മൗലവിയും ടി.കെ അബ്ദുല്ല സാഹിബും അക്കമിട്ട് മറുപടി പറയും എന്ന നോട്ടീസ് 'പി.സി മുഹമ്മദ് സഗീര്‍ മൗലവി, സെക്രട്ടറി, ഇസ്‌ലാമിക് സ്റ്റഡീസ് സര്‍ക്ക്ള്‍ ചേന്ദമംഗല്ലൂര്‍' എന്ന പേരില്‍ അച്ചടിച്ചു. സുന്നി സമാപന സമ്മേളനത്തില്‍ ഞങ്ങള്‍ വിതരണം ചെയ്തു. നാട്ടുകാര്‍ക്ക് അത്യാവേശം. പിറ്റേന്ന് നോട്ടീസ് കണ്ട കെ.സി ക്ഷുഭിതനായി ഞങ്ങളെ വിളിച്ചു ചോദിച്ചു: 'ആരു പറഞ്ഞിട്ടാണ് നിങ്ങളീ നോട്ടീസിറക്കിയത്?' 'അത് നോട്ടീസിന്റെ അടിയിലുണ്ടല്ലോ?' - ഞങ്ങളുടെ മറുപടി. 'സഗീറല്ലേ? അവന്‍ അതിലപ്പുറവും ചെയ്യും.' കെ.സി, ടി.കെയെ വിളിച്ചു. ഇനി എന്തു ചെയ്യണമെന്ന് അന്വേഷിച്ചു. 'നോട്ടീസ് വിതരണം ചെയ്ത സ്ഥിതിക്ക് മറുപടി പറയാതിരുന്നാല്‍ നാണക്കേടാവും' എന്ന് ടി.കെ പ്രതികരിച്ചപ്പോള്‍ ഞങ്ങളുടെ ആഹ്ലാദത്തിന് അതിരുകളില്ല. ജമാഅത്ത് സഹയാത്രികനായ മുക്കം ആനയാംകുന്നിലെ കുട്ടിമാന്‍ എന്ന വി.എന്‍ കുഞ്ഞാലി ഹാജി വിട്ടുതന്ന ജീപ്പില്‍ ഞങ്ങളും കൂട്ടുകാരന്‍ എന്‍.എ ശുകൂറും ചേര്‍ന്ന് പരിസര പ്രദേശങ്ങളില്‍ സന്ധ്യ മയങ്ങുവോളം മൈക്ക് പ്രചാരണം നടത്തി. മറുപടി പ്രസംഗം ശ്രവിക്കാന്‍ ജനം വരില്ലെന്നുറപ്പുണ്ടായിരുന്ന കേന്ദ്രങ്ങളില്‍ ഞങ്ങള്‍ തന്നെ മറുപടി പ്രസംഗവും ചെയ്തു. പിറ്റേന്ന് വൈകീട്ട് ഇസ്‌ലാഹിയാ കോളേജ് കെട്ടിടത്തിന്റെ മുന്നിലെ ഗ്രൗണ്ടില്‍ തടിച്ചുകൂടിയ ഗംഭീര ജനാവലിയെ സാക്ഷിനിര്‍ത്തി ജമാഅത്തെ ഇസ്‌ലാമിയുടെ മതപരമായ നിലപാടും സാധുതയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിച്ചുകൊണ്ട് കെ.സി പ്രസംഗിച്ചു. തുടര്‍ന്ന് ടി.കെ ചെയ്ത മൂന്നര മണിക്കൂര്‍ നീണ്ട യഥാര്‍ഥ മറുപടി പ്രസംഗം അദ്ദേഹത്തിന്റെ തന്നെ മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത്ര സരസവും ഉജ്ജ്വലവുമായിരുന്നു. സദസ്സ് ആദ്യമായി കൈയടിച്ച ജമാഅത്ത് പൊതുയോഗവും ഒരുപക്ഷേ അതായിരിക്കണം.

കേരളം ഭരിച്ച മിക്ക മുഖ്യമന്ത്രിമാരെയും സന്ദര്‍ശിക്കാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് ഭരണത്തിലിരുന്ന കാലത്ത് ഞാന്‍ വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ 28 മാസം പിന്നിട്ടപ്പോള്‍ എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭനും ക്രൈസ്തവ സഭകളും പിന്നെ പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും പി.എസ്.പിയുമെല്ലാം ചേര്‍ന്ന് നയിച്ച വിമോചന സമരം കേരളത്തെ ഇളക്കിമറിച്ചതിനും സാക്ഷിയായി.  ജനാധിപത്യത്തോട് മറ്റെല്ലാവരേക്കാളും പ്രതിബദ്ധത പുലര്‍ത്തിയ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിപദത്തിലിരിക്കെ മകളും കോണ്‍ഗ്രസ് അധ്യക്ഷയുമായ ഇന്ദിരാ ഗാന്ധിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ നിഷ്‌കാസനം ചെയ്തത് നല്ല കാര്യമായി തോന്നിയില്ല. വിശിഷ്യാ, വിമോചന സമരത്തില്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ പങ്ക് അനിഷേധ്യമായിരിക്കെ. പില്‍ക്കാലത്ത് കേന്ദ്ര സര്‍ക്കാറുകള്‍ തങ്ങള്‍ക്ക് അഹിതകരമായ സംസ്ഥാന സര്‍ക്കാറുകളെ ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിച്ച് പിരിച്ചുവിടുന്ന കീഴ്‌വഴക്കത്തിന് ഇത് വഴിയൊരുക്കുകയും ചെയ്തു. വിമോചന സമരത്തെ തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെപ്പില്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, പി.എസ്.പി എന്നീ പാര്‍ട്ടികളടങ്ങിയ ഐക്യമുന്നണി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതും മുഖ്യമന്ത്രിയായി പി.എസ്.പി നേതാവ് പട്ടം താണുപിള്ള സ്ഥാനമേറ്റതും ഏറെക്കാലം പട്ടത്തിന്റെ ആഢ്യത്വം പൊറുപ്പിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് അദ്ദേഹത്തെ പഞ്ചാബ് ഗവര്‍ണറാക്കി 'ഉയര്‍ത്തി' മാറ്റാന്‍ ചരടു വലിച്ചതും പകരം പ്രഗത്ഭനായ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായതുമൊക്കെ ഇന്നലെ കഴിഞ്ഞ സംഭവങ്ങള്‍ പോലെ ഓര്‍മയിലുണ്ട്. ശങ്കറിന്റെ കാലത്ത് ഞങ്ങളുടെ ഗ്രാമമായ ചേന്ദമംഗല്ലൂരില്‍ കെ.സി അബ്ദുുല്ല മൗലവിയുടെ ശ്രമഫലമായി അദ്ദേഹം നേതൃത്വം നല്‍കിയ എജുക്കേഷന്‍ കമ്മിറ്റിക്ക് (ഈ കമ്മിറ്റി പിന്നീട് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷനില്‍ ലയിച്ചു) ഹൈസ്‌കൂള്‍ അനുവദിച്ചത് കൃതജ്ഞതയോടെ സ്മരിക്കുന്നു. അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് ടി.ഒ ബാവ സാഹിബാണ് ഇതിനായി പണിയെടുത്തത്. ബാവ സാഹിബിന്റെ മകന്‍ ഹാശിം ഇപ്പോള്‍ ആലുവയിലെ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനാണ് (നിയമസഭ സമ്മേളിക്കുമ്പോള്‍ മുണ്ട് നിലത്തു വിരിച്ചിട്ട് നമസ്‌കരിച്ച മാതൃക ടി.ഒ ബാവയുടേതാണ്). ഭരണപങ്കാളിത്തം നിഷേധിച്ച കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് ഭൂരിഭാഗം ക്രിസ്ത്യന്‍ എം.എല്‍.എമാരുമടങ്ങുന്ന ഒരു ഗ്രൂപ്പ് വിഘടിച്ചതോടെ ആര്‍. ശങ്കറിന് കാലാവധി പൂര്‍ത്തീകരിക്കാനായില്ല. രണ്ടര വര്‍ഷത്തോളം രാഷ്ട്രപതി ഭരണത്തിലായി കേരളം. 1965-ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പും പിന്നീട് കേരള കോണ്‍ഗ്രസ്സിന്റെ രൂപവത്കരണവും കാരണമായി ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 1967-ല്‍ പക്ഷേ ഇ.എം.എസ്  ഉണ്ടാക്കിയ സപ്ത കക്ഷി മുന്നണിയില്‍ മുസ്‌ലിം ലീഗും ചേര്‍ന്നതോടെ വന്‍ ഭൂരിപക്ഷത്തോടെ അവര്‍ അധികാരത്തില്‍ വന്നു. 120 അംഗ നിയമസഭയില്‍ വെറും ഒമ്പതംഗ ഗ്രൂപ്പായി കോണ്‍ഗ്രസ് ഒതുങ്ങുകയും ചെയ്തു. അന്നാണ് കെ. കരുണാകരന് ലീഡര്‍ കരുണാകരന്‍ എന്ന പേര്‍ വീണത് (മുമ്പ് അദ്ദേഹം കരിങ്കാലി കരുണാകരനായിരുന്നു; എതിരാളികളുടെ ദൃഷ്ടിയില്‍). വിമോചന സമരത്തെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ വോട്ട് ചെയ്യാത്തതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം സമൂഹത്തില്‍നിന്നു തന്നെ പുറത്തായതായി ഫത്‌വ നല്‍കിയ മതപണ്ഡിതന്മാര്‍, കമ്യൂണിസ്റ്റ് നിയന്ത്രിത മുന്നണിയുടെ ഭാഗമായി മുസ്‌ലിം ലീഗ് മാറിയപ്പോള്‍ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചത് ഓര്‍ത്തുപോവുന്നു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് കൈക്കൊണ്ട ഈ നിര്‍ണായക തീരുമാനം രാഷ്ട്രീയമായി തികച്ചും ബുദ്ധിപൂര്‍വമായിരിന്നു എന്ന് സമ്മതിക്കണം. കോഴിക്കോട് ജില്ല വിഭജിച്ച് മലപ്പുറം ജില്ല രൂപവത്കൃതമായത് ഇ.എം.എസ് നേതൃത്വം നല്‍കിയ സപ്ത കക്ഷി സര്‍ക്കാറിന്റെ കാലത്താണ്. അന്നതിനെ നഖശിഖാന്തം എതിര്‍ത്തത് കോണ്‍ഗ്രസ്സും ഭാരതീയ ജനസംഘവും മാതൃഭൂമി പത്രവുമാണ്. മിനി പാകിസ്താന്‍ നിലവില്‍ വരുന്നു എന്നായിരുന്നു പ്രചാരണം. വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ് കോയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്ഥാപിച്ചപ്പോഴുമുണ്ടായി വലതു പക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ്. 'കാലിക്കറ്റ് എന്ന നാമം കാലിക്കൂത്ത് എന്ന അറബി പദത്തിന്റെ തത്ഭവമാവാം' എന്നുവരെ മുഖപ്രസംഗത്തില്‍ എഴുതിക്കളഞ്ഞു മാതൃഭൂമി!

കെ. കരുണാകരന്‍, ഇ.കെ നായനാര്‍, എ.കെ ആന്റണി, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍ എന്നീ മുഖ്യമന്ത്രിമാരെ പല സന്ദര്‍ഭങ്ങളിലായി നേരില്‍ കാണാനും സംവദിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. 'ന്യൂനപക്ഷാവകാശങ്ങള്‍ക്കു വേി സംഘടിക്കുന്നതും ശബ്ദമുയര്‍ത്തുന്നതും തെറ്റല്ല. എന്നാല്‍ ഇതര സമുദായങ്ങളെ പ്രകോപിപ്പിക്കാതെ വേണം അത് ചെയ്യാന്‍' എന്ന് കരുണാകരന്‍ ഒരിക്കല്‍ ഓര്‍മിപ്പിച്ചത് വിവേകപൂര്‍വമായ ഉപദേശമായി തോന്നി. മുഖ്യമന്ത്രിയായിരിക്കെ ഒരിക്കല്‍ ക്ലിഫ് ഹൗസില്‍ വി.എസ്സിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മേശപ്പുറത്തിരിക്കുന്ന 'മാധ്യമ'ത്തിന്റെ അവസാന പേജില്‍ ചേര്‍ത്ത ചിത്രത്തിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'പ്രായം കുറച്ചായല്ലോ. രാത്രി ചിലപ്പോള്‍ വേണ്ടത്ര ഉറങ്ങാന്‍ സാധിക്കാറില്ല. അതിനാല്‍ പകലിലെ യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ചിലപ്പോള്‍ കണ്ണ് അടഞ്ഞെന്നു വരും. അതൊന്നും കാമറയില്‍ പകര്‍ത്താതിരിക്കുന്നതാണ് ഭംഗി.' ഞാന്‍ വല്ലാതായി. ആളൊഴിഞ്ഞ ഒരു യോഗത്തിന്റെ വേദിയില്‍ വി.എസ് കണ്ണടച്ചിരിക്കുന്നതായിരുന്നു ചിത്രം. മേലില്‍ ശ്രദ്ധിക്കാമെന്ന ഉറപ്പു കൊടുത്ത് ഞാന്‍ മടങ്ങി. 'മാധ്യമം' ഫോട്ടോഗ്രാഫറെ ഞാന്‍ കണക്കിന് ശകാരിക്കുകയും ചെയ്തു.

ഗള്‍ഫ് മാധ്യമം 2019 ഫെബ്രുവരിയില്‍ ഷാര്‍ജയില്‍ സംഘടിപ്പിച്ച 'കമോണ്‍ കേരള' നിക്ഷേപ വ്യാപാര പരിപാടിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ ഔദ്യോഗിക വസതിയിലെത്തിയപ്പോഴായിരുന്നു പിണറായി വിജയനെ ഏറ്റവും ഒടുവില്‍ കണ്ടത്. മുമ്പും പലപ്പോഴും അദ്ദേഹത്തെ നേരില്‍ കണ്ടിരുന്നെങ്കിലും ഇത്തവണ മാധ്യമം മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ റഫീഖ്, ജുനൈസ്, ഡെപ്യൂട്ടി എഡിറ്റര്‍ ബാബുരാജ് ടീമിനോടൊപ്പം ക്ലിഫ് ഹൗസില്‍ പ്രാതലിന് മുഖ്യമന്ത്രിയുടെ അതിഥികളായിട്ടായിരുന്നു കൂടിക്കാഴ്ച. ആളും തിരക്കും ഒഴിഞ്ഞ നേരത്ത് പിണറായി പതിവില്ലാത്ത വിധം ഔപചാരികതകളൊന്നുമില്ലാതെ ഉള്ളുതുറന്നു സംസാരിച്ചു. ശബരിമല സ്ത്രീസാന്നിധ്യ പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ നിലപാടിന് മാധ്യമവും മീഡിയാ വണ്ണും ശക്തമായ പിന്തുണ നല്‍കിയതില്‍ സന്തുഷ്ടനായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി കാട്ടിയ നിശ്ചയദാര്‍ഢ്യം തീവ്ര വലതുപക്ഷത്തിന്റെ നിഗൂഢ അജണ്ട പരാജയപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് ഞങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. സത്യത്തില്‍ പന്തളം കൊട്ടാരത്തെയും തന്ത്രി കുടുംബത്തെയും എന്‍.എസ്.എസ്സിനെയും ഉപയോഗിച്ച് ശബരിമലയെ വരുതിയില്‍ കൊണ്ടുവരാന്‍ ആര്‍.എസ്.എസ് ഒരുക്കിയ കെണിയാണ് ശബരിമലയിലെ പൊട്ടിത്തെറിക്കു പിന്നില്‍ എന്നാണെന്റെ വിലയിരുത്തല്‍. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആര്‍ജവമുള്ള നിലപാടില്‍നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് വഴുതി ചഞ്ചല സമീപനം സ്വീകരിച്ചത് യു.ഡി.എഫിന് നഷ്ടക്കച്ചവടമായി.

വ്യക്തിപരമായി ഞാന്‍ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രിമാരില്‍ പ്രഥമ സ്ഥാനത്ത് എ.കെ ആന്റണി തന്നെ. പതിറ്റാണ്ടുകളായി പുലര്‍ത്തുന്ന സുഹൃദ്ബന്ധം മാത്രമല്ല കാരണം. അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വവും ലളിത ജീവിതവും ചില നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച സൗമനസ്യവുമാണ് സൗഹൃദം ഊഷ്മളമാകാന്‍ വഴിയൊരുക്കിയത്. കോണ്‍ഗ്രസ് നേതാക്കളില്‍ വി.എം സുധീരന്‍, പരേതനായ എം.ഐ ഷാനവാസ്, രമേശ് ചെന്നിത്തല എന്നിവരുമായും അടുത്തിടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ബി.ജെ.പിയില്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായി മാത്രമേ അത്തരത്തിലുള്ള ബന്ധം സാധ്യമായിട്ടുള്ളൂ. മുസ്‌ലിം ലീഗിന്റെ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ നേതാക്കളില്‍ മിക്കവരുമായി അടുത്ത ബന്ധം പുലര്‍ത്താനും ആശയവിനിമയം നടത്താനും പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍