Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

പെരിയ ഇരട്ടക്കൊല സി.പി.എമ്മിനെ പഠിപ്പിക്കേണ്ടത്

എ.ആര്‍

''വീണ്ടുവിചാരമില്ലാതെ ചിലര്‍ നടത്തിയ കൊലപാതകം നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് അവസരമുണ്ടാക്കി. രണ്ട് കോണ്‍ഗ്രസ്സ് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവം ഹീനമാണ്. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല. അതുകൊണ്ടാണ് സംഭവം ഉണ്ടായ ഉടനെ പാര്‍ട്ടി സെക്രട്ടി കൊലപാതകത്തെ തള്ളിപ്പറഞ്ഞത്.'' ഇതിനകം സംസ്ഥാനത്താകമാനം കോളിളക്കമുണ്ടാക്കിയ കാസര്‍കോട് ജില്ലയിലെ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പൈശാചികമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമാണിത്. കാസര്‍കോട് ജില്ലാ സി.പി.എം ഓഫീസ് കെട്ടിടത്തിന് തറക്കല്ലിടവെ, വീണ്ടുവിചാരമില്ലാത്ത ഹീനപ്രവൃത്തിയുടെ പേരില്‍ ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു എന്നും അദ്ദേഹത്തിന്  പറയേണ്ടിവന്നു. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ടി.പി ചന്ദ്രശേഖരന്‍ 51 വെട്ടും കുത്തുമേറ്റ് മരിച്ചുവീണ പൈശാചിക സംഭവത്തില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ അഭിപ്രായപ്രകടനത്തില്‍നിന്ന് തികച്ചും ഭിന്നമാണ് ഇത്തവണത്തേത് എന്നതാണ് ശ്രദ്ധേയം. 'മാശാ അല്ലാഹ് എന്ന് എഴുതിപ്പതിച്ച വാനിലാണ് അക്രമികള്‍ വന്നെത്തിയത്. അതിനാല്‍ തീവ്രവാദി സംഘമാണ് കൊലക്കു പിന്നില്‍ എന്ന് സംശയിക്കണം' എന്നായിരുന്നല്ലോ സഖാവിന്റെ പ്രഥമ പ്രതികരണം. പിന്നീട് കേസന്വേഷണം പുരോഗമിക്കുകയും പിടികൂടപ്പെട്ട പ്രതികളെല്ലാം സി.പി.എം പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ ആണെന്ന് വ്യക്തമാവുകയും ചെയ്തപ്പോഴാണ് പിണറായി സ്വരം മാറ്റിയത്. കുപ്രസിദ്ധമായ കുലംകുത്തി പ്രയോഗം പിന്നെയും തുടര്‍ന്നു. ചന്ദ്രശേഖരന്‍ കൊലക്കേസിലെ ന്യായീകരണ നിലപാടില്‍നിന്ന് തുലോം വ്യത്യസ്തമാണ് പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരുടെ അറുകൊലയുടെ കാര്യത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഥമ പ്രതികരണത്തില്‍നിന്നു തന്നെ അത് വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് ആസന്നമാവുകയും ഇടതു മുന്നണിയുടെ കേരള രക്ഷാ യാത്ര കാസര്‍കോട്ട് ആരംഭിക്കുകയും ചെയ്ത ഘട്ടത്തില്‍തന്നെ അല്‍പമെങ്കിലും രാഷ്ട്രീയ ബോധവും പാര്‍ട്ടി സ്‌നേഹവുമുള്ള ആരെങ്കിലും ഇതു ചെയ്യുമോ  എന്നാണ് അദ്ദേഹം ചോദിച്ചത്. എന്തായാലും പതിവില്‍നിന്നു വ്യത്യസ്തമായി ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്കാരില്ലെന്ന് പിണറായിയോ കോടിയേരിയോ വാദിച്ചിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ ആണു താനും. ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയാണ് ശരതിനെയും കൃപേഷിനെയും വെട്ടിവീഴ്ത്തുന്നതില്‍ കലാശിച്ചതെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണത്തോട് മാത്രമാണ് സി.പി.എം നേതൃത്വത്തിന്റെ വിയോജനം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചതില്‍ തൃപ്തിപ്പെടാത്ത കോണ്‍ഗ്രസ്സുകാരും ഇരകളുടെ കുടുംബങ്ങളും സി.ബി.ഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നുറപ്പായിരിക്കെ സി.പി.എമ്മിന്റെ ആശങ്ക സ്ഥാനത്താണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐ കേസന്വേഷണം ഏറ്റെടുത്താല്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. എന്തും സംഭവിക്കാമെന്നാണ് അരിയില്‍ ശുകൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും പ്രതിചേര്‍ക്കപ്പെട്ടത് നല്‍കുന്ന സൂചന.

പെരിയ ഇരട്ടക്കൊലയെ ന്യായീകരിക്കാതെ തീര്‍ത്തും തള്ളിപ്പറഞ്ഞും തിരിച്ചടി കൊലപാതകങ്ങള്‍ക്കു പോലും പാര്‍ട്ടി മേലില്‍ തയാറല്ലെന്ന് പ്രഖ്യാപിച്ചും കാതലായ നയംമാറ്റത്തെ പറ്റിയുള്ള സൂചനകള്‍ നല്‍കിയുമാണ് സി.പി.എം നേതൃത്വം വെല്ലുവിളിയെ നേരിടുന്നത്. അതേസമയം കഴിഞ്ഞകാലത്ത് തങ്ങളുടെ പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകങ്ങളെല്ലാം പകരം നടത്തിയ കൃത്യങ്ങളായിരുന്നുവെന്നും തങ്ങളായിട്ട് ആരെയും ആക്രമിക്കാന്‍ മുന്‍കൈയെടുത്തിട്ടില്ലെന്നും അവര്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പ്രതിയോഗികളാകട്ടെ, ഏതു കൊലപാതകങ്ങളിലായാലും ഒരുപക്ഷത്ത് ബി.ജെ.പി, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളിലേതെങ്കിലുമൊന്നായിരുന്നാലും മറുപക്ഷത്ത് സി.പി.എം ആയിരിക്കും എന്ന് ചൂണ്ടിക്കാണിക്കുമ്പോഴാണ് മാര്‍ക്‌സിസ്റ്റ് പ്രതിരോധ ന്യായം ദുര്‍ബലമായിത്തീരുന്നത്. കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ്-ആര്‍.എസ്.എസ് കൊലപാതക പരമ്പരകള്‍ മാത്രമായിരിക്കും ഒരളവോളമെങ്കിലും അപവാദം. 

പ്രമാദമായ കൊലക്കേസുകളില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ പാര്‍ട്ടി ഇടപെട്ട് രക്ഷപ്പെടുത്തുകയും പകരം വ്യാജ പ്രതികളെ ഹാജരാക്കി കേസ് ദുര്‍ബലമാക്കുകയും ചെയ്യുന്ന പതിവും തുടങ്ങിവെച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. ശിക്ഷിക്കപ്പെടുന്നവര്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടവരായാല്‍  പോലും നിരന്തരം പരോള്‍ അനുവദിക്കപ്പെടുകയും ഒടുവില്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പേ നല്ല നടപ്പ് റെക്കോര്‍ഡില്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയക്കിടയില്‍ കുറ്റവാളികള്‍ മറ്റു കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുന്നതും അസാധാരണമല്ല. ജയിലിലായിരിക്കുമ്പോള്‍ മറ്റു പുള്ളികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് ലഭ്യമാവുന്നതും സാധാരണ സംഭവങ്ങള്‍ മാത്രം. യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോഴും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടാം. അതില്‍ ശരിയുണ്ടു താനും. പക്ഷേ അത് പഠിപ്പിച്ചുകൊടുത്തത് സി.പി.എം ആണെന്ന് പറയാതെ വയ്യ. സി.പി.എമ്മിനോളം 'ഭദ്രമായും കാര്യക്ഷമമായും' അവ്വിധമൊക്കെ ചെയ്യാന്‍ യു.ഡി.എഫിന് ആവില്ല താനും.

ഈ വിഷമവൃത്തത്തിന്റെ മൊത്തം പൊളിച്ചെഴുത്തിലൂടെയല്ലാതെ കൊലപാതക രാഷ്ട്രീയത്തിനോ രാഷ്ട്രീയ കൊലകള്‍ക്കോ കേരളത്തില്‍ അറുതിവരാന്‍ പോവുന്നില്ലെന്ന് തീര്‍ച്ച. തല്‍ക്കാലം തെരഞ്ഞെടുപ്പ് ആസന്നമായതുകൊാേ കേരളത്തിന്റെ പുനര്‍നിര്‍മാണം മുദ്രാവാക്യമായി എല്‍.ഡി.എഫ് കേരള സംരക്ഷണ യാത്ര നടത്തുന്ന സന്ദര്‍ഭത്തില്‍ ശകുനപ്പിഴയായതുകൊണ്ടോ രാഷ്ട്രീയ കൊലകളെ തള്ളിപ്പറയുന്നത് ക്രിയാത്മകമായ ഒരു ഫലവും ഉണ്ടാക്കാന്‍ പോകുന്നില്ല. ലോക്‌സഭാ ഇലക്ഷനില്‍ ഇടതുമുന്നണിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണെന്ന വായന അത്ര യുക്തിരഹിതമല്ല താനും. മാനവികതയുടെയും ജനാധിപത്യത്തിന്റെയും യഥാര്‍ഥ ചൈതന്യം ഉള്‍ക്കൊണ്ട്, ആശയസമരത്തിലൂടെയും പ്രത്യയശാസ്ത്രപരമായ സംവാദങ്ങളിലൂടെയും മനുഷ്യബുദ്ധിയെ അഡ്രസ് ചെയ്യുക എന്ന പുതിയൊരു സംസ്‌കാരം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കണ്ടെത്തുക തന്നെ വേണം. സാമ്രാജ്യത്വവും ഉദാര സാമ്പത്തിക നയവും രണ്ടിന്റെയും ഗുണഭോക്താക്കളായ ഫാഷിസവും തജ്ജന്യമായ ഹിംസാത്മക രാഷ്ട്രീയവുമാണ് രാജ്യം നേരിടുന്ന യഥാര്‍ഥ വെല്ലുവിളികളെന്ന് തിരിച്ചറിഞ്ഞ് അവക്കെതിരായ പോരാട്ടത്തിന് ഇടതുപക്ഷം മുന്നിട്ടിറങ്ങുന്ന പക്ഷം മതനിരപേക്ഷ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെയും മതന്യൂനപക്ഷങ്ങളുടെയും കലവറയില്ലാത്ത പിന്തുണ ഉറപ്പാക്കാനാവും. അതിനാദ്യമായി വേണ്ടത് പാര്‍ട്ടി അണികളെ ഈ ദിശയില്‍ വിദ്യാഭ്യാസം ചെയ്യിക്കുകയും ക്രിമിനലുകളെയും അവസരവാദികളെയും നിര്‍ദാക്ഷിണ്യം മാറ്റിനിര്‍ത്തുകയുമാണ്. പെരിയ കേസിലെ മുഖ്യപ്രതി പീതാംബരന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നിരിക്കെ അയാള്‍ക്കെങ്ങനെ പാര്‍ട്ടി അംഗത്വം ലഭിച്ചു, എങ്ങനെ നിലനിര്‍ത്താനായി എന്ന വലിയ ചോദ്യമുണ്ട്. ഒരേയൊരു പീതാംബരന്‍ മാത്രമല്ല നിരവധി നിരവധി സഖാക്കള്‍ ഇതേ പശ്ചാത്തലമുള്ളവരാണ്. അവരെയൊക്കെ നയംമാറ്റത്തെക്കുറിച്ച ഒരു സര്‍ക്കുലറിലൂടെ നിലക്കുനിര്‍ത്താനാവുമെന്ന കണക്കുകൂട്ടല്‍ ശുദ്ധ ഭോഷ്‌കാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. സൈ്വരജീവിതത്തിന് ഭീഷണിയും പാര്‍ട്ടിക്ക് ഭാരവുമാകുന്നവരെ എന്ത് നഷ്ടം സഹിച്ചും പിടിച്ചു പുറത്താക്കാന്‍ നേതൃത്വം ആര്‍ജവം കാട്ടിയില്ലെങ്കില്‍ പെരിയ സംഭവം അവസാനത്തേതാവില്ല, പാര്‍ട്ടിയുടെ പ്രതിഛായ നഷ്ടം അപരിഹാര്യവുമാവും. കൊലക്കേസ് പ്രതികള്‍ക്ക് നിയമസഹായം നല്‍കാനും അവരെ പരോക്ഷമായി രക്ഷിച്ചുനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാവുന്നത് ഉപര്യുക്ത തള്ളിപ്പറയലിനെ അങ്ങേയറ്റം സംശയാസ്പദമാക്കുകയും ചെയ്യും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍