Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

മുസ്‌ലിം ലീഗിലെ പിളര്‍പ്പ്

കെ. മുസ്തഫാ കമാല്‍, മുന്നിയൂര്‍

ഒ. അബ്ദുര്‍റഹ്മാന്റെ 'ജീവിതാക്ഷരങ്ങള്‍',  ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ചരിത്രവും വര്‍ത്തമാനവും മാത്രമല്ല, വൈപുല്യവും ബോധ്യപ്പെടുത്തുന്നു. മത, രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനം കടന്നു ചെന്നപ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചത് കേരളീയ സമൂഹം മൊത്തത്തിലായിരുന്നു. ഇത് ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പ്. കാരണം, ജമാഅത്തിന്റെ ഇടപെടലുകള്‍ വ്യക്തി താല്‍പര്യത്തിന്നോ സങ്കുചിത സംഘടനാ താല്‍പര്യം മുന്‍നിര്‍ത്തിയോ അല്ലെന്ന് ഇതഃപര്യന്തം ഇടപെട്ട സാമൂഹിക വിഷയങ്ങള്‍ നിരീക്ഷിച്ചാല്‍ ബോധ്യമാവും.

'ജീവിതാക്ഷരങ്ങള്‍' - 14-ല്‍  'ചില രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍,  മുസ്‌ലിം ലീഗിലെ ആദ്യ പിളര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നുണ്ട്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പിളര്‍പ്പിന് ഹേതുവെന്നാണ് ലേഖകന്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, 1970-ല്‍ അധികാരമേറ്റ ഐക്യ ജനാധിപത്യ മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ്സുമായി മുസ്‌ലിം ലീഗിനുായ അഭിപ്രായവ്യത്യാസമാണ് പിളര്‍പ്പിന് ഹേതുവെന്നാണ് മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ കാണുന്നത്.

കോണ്‍ഗ്രസ്സില്‍നിന്ന്  മുസ്‌ലിം ലീഗിന്  നീതി കിട്ടുന്നില്ല എന്നായിരുന്നു ഒരു കൂട്ടം ലീഗ് നേതാക്കളുടെ പരാതി. അതോടൊപ്പം  മന്ത്രിസഭയിലെ ലീഗ് പ്രതിനിധികളുടെ പ്രവര്‍ത്തന ശൈലിയില്‍  തലമുതിര്‍ന്ന നേതാക്കളില്‍ നീരസം പ്രകടമായതും പിളര്‍പ്പിന് ആക്കം കൂട്ടിയതായി പറയപ്പെടുന്നു. ഇതിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍  മാവിലോട്ട് മഹ്മൂദ് എന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വധിച്ചതും പ്രതിയെ പിടികൂടാന്‍ കാലതാമസം നേരിട്ടതും മുന്‍നിര്‍ത്തി ചെറിയ മമ്മുക്കേയി കോണ്‍ഗ്രസ്സിനെതിരെ പരസ്യ പ്രസ്താവന ഇറക്കി. കോണ്‍ഗ്രസ് നിലപാടുകള്‍ ചോദ്യം ചെയ്ത്  മുസ്‌ലിം ലീഗ് എം.എല്‍.എ.  ബി.എം അബ്ദുര്‍റഹ്മാന്‍ പ്രസംഗിക്കുകയും ചെയ്തു. ഇതോടെ കക്ഷിവഴക്ക് പ്രകടമായി.

ഇതിനിടെ 1975 മാര്‍ച്ച് 31-ന് ലീഗിലെ ആറ് എം.എല്‍.എമാര്‍,  ഉമ്മര്‍ ബാഫഖി തങ്ങള്‍, പി.എം അബൂബക്കര്‍, എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി,  കെ.പി രാമന്‍,  മുസ്ത്വഫാ പൂക്കോയ തങ്ങള്‍,  ബി.എം. അബ്ദുര്‍റഹ്മാന്‍ എന്നിവര്‍  രാജിവെച്ചു. നിയമസഭയിലെ ചില നടപടി പ്രശ്‌നങ്ങളുടെ പേരില്‍ സ്പീക്കര്‍ പദവിയിലിരുന്ന കെ. മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജിയും രാജിവെച്ചു.

തുടര്‍ന്ന് 1975 മെയ് 10-ന്  തലശ്ശേരിയില്‍ എം.കെ. ഹാജി പ്രസിഡന്റായി അഖിലേന്ത്യാ മുസ്‌ലിംലീഗ് രൂപീകൃതമായി. മുസ്‌ലിം ലീഗിലെ ആദ്യ പിളര്‍പ്പിന് മേല്‍പറഞ്ഞ സംഭവങ്ങള്‍ കാരണമായതായി ലീഗ് ചരിത്രത്തില്‍ വായിക്കാം.

 

 

ഖുര്‍ആന്‍ ബോധനം വെബ്‌പോര്‍ട്ടല്‍

ഖുര്‍ആന്‍ ബോധനത്തെക്കുറിച്ച ലേഖനങ്ങള്‍ സന്ദര്‍ഭോചിതമായി. 'ഖുര്‍ആനിക ദര്‍പ്പണത്തില്‍ ജീവിതം വായിക്കാനുള്ള ശ്രമം' എന്ന ടി.കെ ഉബൈദിന്റെ ലേഖനവും ഡോ. കെ. അഹ്മദ് അന്‍വറിന്റെ 'അതുല്യം ഈ പ്രയത്‌നം' എന്ന നിരൂപണാത്മക ലേഖനവും ഹൃദയസ്പൃക്കായിരുന്നു. ഈ മഹത്തായ ദൗത്യം പൂര്‍ത്തീകരിക്കാന്‍ അല്ലാഹു ടി.കെ ഉബൈദിന് തൗഫീഖ് നല്‍കട്ടെ. 

ഖുര്‍ആന്‍ ബോധനം പ്രബോധനത്തില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചത് പ്രവാസ ജീവിതത്തിനിടയില്‍ വായിക്കാറുണ്ടായിരുന്നു. ആ വായനയുടെ അനുഭൂതി കൂടെ താമസിക്കുന്ന ചില സുഹൃത്തുക്കളുമായി പങ്ക് വെച്ചപ്പോള്‍, നമുക്ക് എന്തുകൊണ്ട് എല്ലാ ദിവസവും രാവിലെ അല്‍പസമയം ഖുര്‍ആന്‍ ബോധനം കൂട്ടായി വായിക്കാന്‍ നീക്കിവെച്ചുകൂടാ എന്ന രീതിയില്‍ ചര്‍ച്ച നടന്നു. അതിന്റെ അടിസ്ഥാനത്തില്‍, ഞങ്ങള്‍ താമസിക്കുന്ന വില്ലയില്‍ 8.8.2013-നു ഖുര്‍ആന്‍ ബോധനം വായന ആരംഭിക്കുകയുണ്ടായി. ആ വായന തീരുമ്പോള്‍ ആറു വാള്യങ്ങളായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. വിവിധ ചിന്താഗതിക്കാരും അഭിപ്രായക്കാരുമൊക്കെയാണ് പഠിതാക്കളെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ഖുര്‍ആന്‍ ബോധനത്തിന് സാധിച്ചുവെന്നതാണ് അനുഭവം. 

ഞങ്ങളുടെ കൂട്ട വായനില്‍ ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ഖുര്‍ആന്‍ ബോധനത്തിന് ഒരു ഇംഗ്ലീഷ് പരിഭാഷ ഉണ്ടാവുന്നത് എത്രയും പ്രസക്തമാണെന്നതാണ് അതിലൊന്ന്. വ്യത്യസ്ത അഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ച് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കേണ്ടതില്ല. ഒന്നുകില്‍ ഗ്രന്ഥകര്‍ത്താവിന് ഉചിതമെന്ന് തോന്നുന്ന ഒരു അഭിപ്രായം നിര്‍ദേശിക്കാം. അല്ലെങ്കില്‍ നാട്ടില്‍ പ്രചാരത്തിലുള്ള ഏതെങ്കിലും ഒരു അഭിപ്രായത്തിലേക്ക് വായനക്കാരെ ക്ഷണിക്കാം. ഏതായാലും ഇംഗ്ലീഷ് പരിഭാഷയില്‍ അത്തരം വിശദാംശങ്ങളെല്ലാം ഒഴിവാക്കി പ്രസിദ്ധീകരിക്കുന്നതായിരിക്കും ഉചിതം. ഐ.പി.എച്ച് തന്നെ ഈ ദൗത്യം ഏറ്റെടുത്താല്‍ അതൊരു ചരിത്രനിയോഗമായിരിക്കും. 

മറ്റൊരഭിപ്രായം, ഖുര്‍ആന്‍ ബോധനത്തിന് ഒരു വെബ്‌പോര്‍ട്ടല്‍ ഉണ്ടാവുന്നത് ഉചിതമാവും എന്നതാണ്. ഉപജീവനത്തിനായി ദേശാടനം ചെയ്യുന്ന മലയാളികള്‍ ഈ ബൃഹത്തായ ഗ്രന്ഥം ചുമന്നുകൊണ്ട് പല ദേശങ്ങളിലേക്ക് കുടിയേറി പാര്‍ക്കേണ്ടി വരുന്ന അവസ്ഥ അത്ര സുഖകരമല്ലല്ലോ. ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും ഇന്ന് എല്ലാവരുടെയും കൈപ്പിടിയിലമര്‍ന്നിരിക്കെ, ഖുര്‍ആന്‍ ബോധനത്തിന് അധികം വൈകാതെ തന്നെ ഇതുവരെ പ്രസിദ്ധീകരിച്ച മുഴുവന്‍ വാള്യങ്ങളും ചേര്‍ത്ത് പുതിയ രീതിയിലും ഭാവത്തിലും ഒരു വെബ്‌പോര്‍ട്ടല്‍ ഉണ്ടാവുന്നത് വലിയ സൗകര്യമായിരിക്കും, അത് റഫറന്‍സ് എളുപ്പ മാക്കുകയും ചെയ്യും.

ഇബ്‌റാഹീം ശംനാട്

 

 

 

ഇര്‍ശാദ് ഹുസൈന്‍ വിടവാങ്ങി

മരത്തടിയില്‍ കലിഗ്രഫി വിസ്മയം തീര്‍ത്ത് പ്രശസ്തനായ ഇര്‍ശാദ് ഹുസൈന്‍ ഫാറൂഖി അല്ലാഹുവിങ്കലേക്ക് യാത്രയായിരിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ച ഒരു കുറിപ്പ് പ്രബോധനം (ഫെബ്രുവരി 22) പ്രസിദ്ധപ്പെടുത്തിയിരുന്നു.അദ്ദേഹത്തെ നേരില്‍ കണ്ട് തയാറാക്കിയ കുറിപ്പ് വെളിച്ചം കാണുന്നതിനു മുമ്പേ, ജനുവരി 30-ന് ഹൃദയസ്തംഭനം മൂലമാണ് ആ കലാകാരന്‍ വിടവാങ്ങിയത്. തന്റെ പ്രതിഭ ദൈവമാര്‍ഗത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി വിടപറഞ്ഞ അദ്ദേഹത്തിന്റെ പരലോക ജീവിതം അല്ലാഹു വിജയകരമാക്കിക്കൊടുക്കട്ടെ- ആമീന്‍

സബാഹ് ആലുവ

 

 

 

ദാരിദ്ര്യത്തിന്റെ അടിവേരറുക്കാന്‍

'വിശപ്പു മാറാത്ത ഇന്ത്യ' (ലക്കം 37) ഫസല്‍ കാതിക്കോടിന്റെ കവര്‍ സ്റ്റോറി മനസ്സാക്ഷി മരവിക്കാത്തവരെ ചിന്തിപ്പിക്കുന്നതാണ്. എല്ലാവിധ വിഭവങ്ങളും സുലഭമായി ലഭിക്കുന്ന ഒരു കാര്‍ഷിക രാജ്യമായിട്ടുപോലും ജനസംഖ്യയുടെ 28 ശതമാനത്തോളം ആളുകള്‍ പട്ടിണിയിലാണെന്ന വസ്തുത ദന്തഗോപുര വാസികളായ ഭരണാധികാരികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. മുംബൈ, കൊല്‍ക്കത്ത പോലുമുള്ള മഹാനഗരങ്ങളിലെ ഹോട്ടല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്ന തൊട്ടികളില്‍ പശി അടക്കാന്‍ മനുഷ്യന് പട്ടിയോടു പോരാടേണ്ടി വരുന്നു എന്നത് അതിശയോക്തിയല്ല, നേരനുഭവമാണല്ലോ. പാശ്ചാത്യ സംസ്‌കാരത്തിന്റെ വാഹകരായ അമേരിക്കയും യൂറോപ്പും മാത്രമല്ല, ധൂര്‍ത്തിനെയും ദുര്‍വ്യയത്തെയും ശക്തമായി താക്കീതു ചെയ്യുന്ന വിശുദ്ധ വേദഗ്രന്ഥത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്ന ഗള്‍ഫു നാടുകള്‍ പോലും നാല്‍പതു ശതമാനത്തിലധികം ഭക്ഷണ സാധനങ്ങള്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുന്നതായി രണ്ടുവര്‍ഷം മുമ്പു ഒരു സംഘം വിദഗ്ധരുടെ പഠന റിപ്പോര്‍ട്ട് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഒരു വലിയ രാജ്യത്ത് മാത്രം പ്രതിവര്‍ഷം 14 ലക്ഷം ടണ്‍ ഭക്ഷ്യ പദാര്‍ഥങ്ങള്‍ നശിപ്പിക്കുന്നുവെന്നാണ് ഏകദേശകണക്ക്. 500 കോടി റിയാലാണ് ഇതിനു കണക്കാക്കുന്നത് (9,500 കോടി രൂപ). ഒരു ദരിദ്രരാജ്യത്തിന്റെ പട്ടിണി മാറാന്‍ ഈ തുക എത്രയോ അധികം. പോഷകാഹാരമില്ലാതെ മരണപ്പെടുന്നവരേക്കാള്‍ ഭീതിദമായ അവസ്ഥയില്‍ രോഗത്തോട് മല്ലടിക്കുന്ന ഹതഭാഗ്യര്‍ക്ക് ആഹാരം നല്‍കിയില്ലെങ്കിലും മില്യന്‍ കണക്കിന് ഡോളറുകളുടെ ബോംബുകള്‍ വര്‍ഷിച്ചു ദുരിതം ശതഗുണീഭവിപ്പിക്കാന്‍ ആയുധ ദല്ലാളന്മാരായ ഭരണാധികാരികള്‍ക്കു കഴിയുന്നുണ്ടല്ലോ. മനുഷ്യനു ഒരാവശ്യവുമില്ലാത്ത മദ്യം എത്രകോടി രൂപയുടേതാണ് ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ കുടിച്ചു തുലക്കുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം പതിനയ്യായിരം കോടിയുടെ മദ്യം മലയാളി മക്കള്‍ കുടിച്ചു തുലക്കുന്നതായാണ് കണക്ക്. അതിനു വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നമ്മുടെ സര്‍ക്കാര്‍ ഭാഗത്തുനിന്നും നിര്‍ലോഭം ലഭിക്കുന്നു. നാട്ടിന്‍പുറങ്ങളിലെ ചെറുകടകളില്‍ ചുറ്റിക്കറങ്ങേണ്ട തൊഴിലാളിയുടെ അധ്വാനഫലം മദ്യമുതലാളിമാരിലും കോടീശ്വരന്മാരിലും ചെന്നു ചേരുന്നതും നാട് പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്താനുള്ള പ്രധാന കാരണമെന്ന്, ഇരകളെങ്കിലും എത്രയും വേഗം മനസ്സിലാക്കുന്നുവോ അത്രയും നന്ന്.

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

 

 

 

മാല്‍ക്കം എക്‌സിനെക്കുറിച്ച്

മാല്‍കം എക്‌സിനെക്കുറിച്ച ലേഖനം കുറച്ചുകൂടി ലളിതമായി എഴുതാമായിരുന്നു.  അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതവും പ്രതിപാദിക്കുന്ന ഒരു ലേഖനം പ്രബോധനത്തില്‍ പ്രതീക്ഷിക്കുന്നു.

യൂസുഫ് ഉസ്മാന്‍, ദുബൈ

 

 

 

സ്വലാഹിനെ ഉയര്‍ത്തി കാണിക്കുന്നവരോട്

ഈജിപ്ഷ്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് സ്വലാഹിനെക്കുറിച്ച് മുദ്രകളിലും (ജനുവരി 5) കത്തുകളിലും എഴുതിയത് വായിച്ചു. ഇസ്‌ലാമിക പ്രതിനിധാനമായി സ്വലാഹിനെ കൊണ്ടാടുന്നത് എത്രമാത്രം വസ്തുതാപരമാണെന്ന് പുനരാലോചിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കളിമികവും വ്യക്തിത്വവും കളിക്കളത്തിലെ പെരുമാറ്റവുമെല്ലാം ഉയര്‍ന്ന മാന്യത പുലര്‍ത്തുന്നു എന്നത് ശരിയായിരിക്കെത്തന്നെ എന്തുകൊണ്ട് സ്വലാഹിന് കളിക്കളത്തിനകത്തും മുഹമ്മദ് അബൂതരീകയെന്ന ഈജിപ്ഷ്യന്‍ ഫുട്‌ബോളര്‍ക്ക് ജയിലിനകത്തും കഴിയേണ്ടിവരുന്നു എന്നൊരു വായനകൂടി നടത്തേണ്ടതുണ്ട്. യൂറോപ്യന്‍ ക്ലബുകള്‍ നോട്ടമിട്ടിരുന്നെങ്കിലും ഇഖ്‌വാനെ സഹായിച്ചു എന്ന കുറ്റത്തിന് ജയിലിനകത്താണ് അബൂതരീക. അതായത്, വ്യക്തമായ അവകാശ ലംഘനങ്ങള്‍ നടക്കുന്ന ഈജിപ്തില്‍ രാഷ്ട്രീയ നിലപാടുകള്‍ പറയാതെയും സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളോട് മൗനം പാലിച്ചും മാത്രം മുന്നോട്ടു പോകുന്ന ഒരാള്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനാകൂ എന്ന യാഥാര്‍ഥ്യം മുന്നില്‍ വെച്ചേ സ്വലാഹിനെ വിലയിരുത്താനാകൂ.

അര്‍ശദ് ചെറുവാടി

 

 

 

'ജീവിതാക്ഷരങ്ങ'ളില്‍ കുടുംബവും വരണം

പ്രബോധനം വാരിക കൈയില്‍ കിട്ടിയാല്‍ ആദ്യം വായിക്കുന്നത് ഒ. അബ്ദുര്‍റഹ്മാന്റെ ജീവിതാക്ഷരങ്ങളാണ്. കടന്നുവന്ന വഴിയിലെ പല വിഷയങ്ങളും അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും സ്വന്തം കുടുംബത്തെക്കുറിച്ച് ഇതുവരെ കാര്യമായൊന്നും പറഞ്ഞുകണ്ടില്ല. വൈജ്ഞാനിക-പത്രപ്രവര്‍ത്തന രംഗങ്ങളില്‍ തിരക്കിട്ട ജീവിതം നയിക്കുമ്പോള്‍, ഭാര്യയും കുട്ടികളും എങ്ങനെ പിന്തുണക്കുകയും സഹകരിക്കുകയും ചെയ്യുന്നുവെന്നും കുടുംബ ജീവിതത്തിനായി എങ്ങനെ സമയം ക്രമീകരിക്കുന്നുവെന്നും അറിഞ്ഞാല്‍ പ്രയോജനകരമാകും. അദ്ദേഹത്തിന്റെ കുടുംബ ഫോട്ടോയും പ്രസിദ്ധീകരിക്കുമല്ലോ.

സുമയ്യാ സത്താര്‍, തിരൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍