Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 01

3091

1440 ജമാദുല്‍ ആഖിര്‍ 0223

ബന്ധങ്ങള്‍, സൗഹൃദങ്ങള്‍

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-16) 

അരനൂറ്റാണ്ട് നീണ്ട വിദ്യാഭ്യാസ, സാമൂഹിക, മാധ്യമ, പ്രാസ്ഥാനിക ജീവിതത്തില്‍ അനേകരുമായി ബന്ധം പുലര്‍ത്താനും സൗഹൃദം സ്ഥാപിക്കാനും ചര്‍ച്ചകളും സംവാദങ്ങളും നടത്താനും പൊതു പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇടപെടാനും സുലഭമായ അവസരങ്ങള്‍ കൈവന്നത് വലിയ സൗഭാഗ്യമായി ഞാന്‍ കരുതുന്നു. നേരുപറഞ്ഞാല്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും പുതുക്കുന്നതിലും പിശുക്കനാണ് ഞാന്‍. നിവൃത്തിയില്ലെങ്കില്‍ മാത്രമേ വ്യക്തികളുമായി ഇടപെടാറുള്ളൂ. ആവശ്യമുള്ളപ്പോള്‍ മാത്രം ബന്ധങ്ങള്‍ പുതുക്കുന്ന ദൗര്‍ബല്യവും നന്നായുണ്ട്. കുടുംബബന്ധങ്ങളുടെ കാര്യത്തില്‍പോലും ഞാന്‍ മാതൃകയല്ല. അതെനിക്ക് പൈതൃകമായി ലഭിച്ച സ്വഭാവവിശേഷവുമല്ല. നാട്ടിലെ പൊതുകാര്യങ്ങളില്‍ നിരന്തരം ഇടപെടുകയും മാധ്യസ്ഥത വഹിക്കുകയും കാളപ്പൂട്ടും നായാട്ടും തിരുതവേട്ടയുമൊക്കെയായി സോഷ്യല്‍ ജീവിതം നയിക്കുകയും ചെയ്തുവന്നതായിരുന്നു ബാപ്പയുടെ പ്രകൃതം. വ്യത്യസ്തതകളോടെ ആറ് ജ്യേഷ്ഠ സഹോദരന്മാരും അക്കാര്യത്തില്‍ മോശമായിരുന്നില്ല. വിശിഷ്യാ തൊട്ടടുത്ത ജ്യേഷ്ഠന്‍ അബ്ദുല്ല സാഹിബ് ഇക്കാര്യത്തില്‍ മിടുക്കനാണ്. ആരെയും കയറി പരിചയപ്പെടും, സൗഹൃദം പങ്കുവെക്കും. അധ്യാപകനായിരുന്നപ്പോള്‍ വിദ്യാര്‍ഥികളോട് വ്യക്തിപരമായ സൗഹൃദം സജീവമായി നിലനിര്‍ത്തി. മാധ്യമപ്രവര്‍ത്തകരോടും രാഷ്ട്രീയ നേതാക്കളോടുമൊക്കെ ബന്ധം സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്തു. ഇണക്കത്തോടൊപ്പം പിണക്കവും പതിവാണെന്നു മാത്രം.

അന്തര്‍മുഖന്‍ എന്ന് എെന്നപ്പറ്റി പറയാനാവില്ലെങ്കിലും നിയന്ത്രിതമാണ് ബന്ധങ്ങള്‍. പക്ഷേ, ആരോടും ദുര്‍മുഖം കാണിക്കുക പതിവില്ല. അറിയാവുന്ന വിവരങ്ങള്‍ പങ്കുവെക്കാനും മടിയില്ല. അപകടങ്ങളില്‍ ചെന്നു ചാടുമെന്ന് തോന്നുന്നവരെ പിന്തിരിപ്പിക്കാനും ശ്രമിക്കാറുണ്ട്. കുടുംബങ്ങളുമായോ പരിചിതരുമായോ പിണങ്ങാന്‍ താല്‍പര്യമില്ല. ജീവിത സായാഹ്നത്തിലെത്തി നില്‍ക്കുമ്പോള്‍ ആലോചിക്കാറുണ്ട്, പ്രകൃതിപരമായ സ്വഭാവ വൈകൃതങ്ങളുടെ പേരില്‍ ആരെയെങ്കിലും വെറുക്കുകയോ ആരുമായെങ്കിലും പിണങ്ങുകയോ ചെയ്യുന്നതില്‍ അര്‍ഥമുണ്ടോ എന്ന്. 'മനുഷ്യര്‍ ഖനിജങ്ങളാണ്. അവരില്‍ സന്മാര്‍ഗത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ ഉത്തമരാരോ അവര്‍ തന്നെയാവും ഇസ്‌ലാമില്‍ വന്ന ശേഷവും ഉത്തമന്മാര്‍, ആദര്‍ശത്തില്‍ അവര്‍ അഗാധമായ അറിവ് നേടിയാല്‍' എന്ന പ്രവാചകവചനം വിഖ്യാതമാണ്. അതായത്, ചെമ്പ് സംസ്‌കരിച്ച ശേഷവും ചെമ്പായും സ്വര്‍ണം സംസ്‌കരണത്തിനു മുമ്പും പിമ്പും സ്വര്‍ണമായും ഇരിക്കുന്നപോലെ. സ്വതേ പിശുക്കനായ മനുഷ്യന്‍ മതനിഷ്ഠ പുലര്‍ത്തിയാലും ഏറെയൊന്നും ഉദാരനാവാന്‍ വഴിയില്ല. സ്വതേ ഉദാരന്‍ ഇസ്‌ലാമില്‍ വന്നശേഷം കൂടുതല്‍ ഉദാരനാവും. മുന്‍കോപി മുസ്‌ലിമായി എന്നതുകൊണ്ടു മാത്രം അയാളുടെ മുന്‍കോപം ഇല്ലാതാവില്ല; നിയന്ത്രിക്കാനാവും എന്നേയുള്ളൂ. ഇതാണ് പ്രകൃതിപരമായ സത്യം എന്നിരിക്കെ അനിഷ്ടകരമായ പെരുമാറ്റത്തിന്റെയോ സ്വഭാവദൂഷ്യത്തിന്റെയോ പേരില്‍ ഒരാളെ സ്ഥിരമായി വെറുക്കുന്നതിന് നീതീകരണമുണ്ടോ? ന്യായമായ കാരണങ്ങളാല്‍ തന്നെ ചിലരോട് ചിലപ്പോള്‍ വെറുപ്പോ ദേഷ്യമോ തോന്നുമെങ്കിലും പിന്നീട് അക്കാര്യം മനസ്സില്‍നിന്ന് ഡിലീറ്റ് ചെയ്യപ്പെടുമെന്നതാണ് എന്റെ അവസ്ഥ. വിക്ടര്‍ യൂഗോ 'പാവങ്ങള്‍' എഴുതിയപ്പോള്‍ ഉദ്ദേശിച്ചത് മുഴുവന്‍ മനുഷ്യരെയുമാണെങ്കില്‍ അതല്ലേ ശരി എന്ന് പലപ്പോഴും തോന്നാറുണ്ട്. ഇക്കാരണത്താല്‍ കൊലപാതകികള്‍ക്ക് വധശിക്ഷ വിധിക്കുന്നതിലെ മനുഷ്യത്വം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ട്. കൊടുംപാതകികളില്‍നിന്ന് സമൂഹത്തിന് രക്ഷനേടണമെങ്കില്‍ ചിലപ്പോള്‍ പരമാവധി ശിക്ഷ നല്‍കേണ്ടിവരും. അത്തരക്കാരെ മുന്‍നിര്‍ത്തിയാവണം 'നിങ്ങള്‍ക്ക് പ്രതിക്രിയയില്‍ ജീവിതമുണ്ട്' എന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയതും.

ഇത്രയും മുഖവുരയായി എഴുതിയത് പ്രകൃതിപരമായ ദൗര്‍ബല്യം സമ്മതിച്ചുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ സുഹൃദ് വലയങ്ങള്‍ സൃഷ്ടിക്കാനും ചിലത് നിലനിര്‍ത്താനും ശക്തിപ്പെടുത്താനും നിര്‍ബന്ധിച്ചു എന്ന് ചൂണ്ടിക്കാണിക്കാനാണ്. 'അബ്ദുല്ലമാര്‍ എന്റെ ജീവിതത്തില്‍' എന്ന പേരില്‍ ഒരിക്കല്‍ ഞാനൊരു മാഗസിനില്‍ എഴുതിയിരുന്നു. അവരില്‍ പ്രഥമന്‍ എന്റെ ജ്യേഷ്ഠന്‍ അബ്ദുല്ല തന്നെ. എന്നേക്കാള്‍ രേണ്ടാ മൂന്നോ വയസ്സ് മൂത്ത അബ്ദുല്ലയും ഞാനും പ്രൈമറി സ്‌കൂളിലും മദ്‌റസയിലും കോളേജിലും (രണ്ടു വര്‍ഷം) ഒരേകാലത്ത് പഠിച്ചു. 'പ്രബോധനം' വാരികയില്‍ സഹപ്രവര്‍ത്തകരായി. ഖത്തറിലെ മഅ്ഹദുദ്ദീനിയില്‍ ക്ലാസ്‌മേറ്റുകളായി. 1974-'75 കാലത്ത് അദ്ദേഹം ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായി, പിന്‍ഗാമിയായി അടുത്ത വര്‍ഷം ഞാനും. '76-ല്‍ ഖത്തര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ലാന്‍ഗ്വേജ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജ്യേഷ്ഠനും മതകാര്യ വകുപ്പില്‍ അനിയനും ജോലി ചെയ്തു. 1980 അവസാനത്തില്‍ ഞാന്‍ ഖത്തറിനോട് വിട ചൊല്ലി ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ പ്രിന്‍സിപ്പലും അധ്യാപകനുമായി. 1982-ല്‍ ജ്യേഷ്ഠന്‍ ഖത്തര്‍ വിട്ട് ഇസ്‌ലാഹിയയില്‍ അധ്യാപകനായി ചേര്‍ന്നു. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയില്‍ രണ്ടു പേരും അംഗങ്ങളായി. 1987 ജൂണില്‍ 'മാധ്യമം' പത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ ഞാന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജായും അദ്ദേഹം അസോ. എഡിറ്ററായും നിയുക്തരായി. ഞങ്ങളുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന ചേന്ദമംഗല്ലൂര്‍ പുല്‍പറമ്പിലെ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ പ്രസിഡന്റ് ഞാനാണ്, അദ്ദേഹം വൈസ് പ്രസിഡന്റും! ലോകത്ത് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിതെന്ന് എനിക്ക് തോന്നുന്നു- ഇത്തരത്തിലാണ് ഞങ്ങളുടെ ബന്ധമെന്നതുകൊണ്ട്, ഒരു ജ്യേഷ്ഠന് വകവെച്ചുകൊടുക്കേണ്ട ആദരമോ മര്യാദയോ എല്ലായ്‌പ്പോഴും പാലിക്കുന്നതില്‍ ഈ അനിയന്‍ വിജയമായിരുന്നില്ല എന്നു സമ്മതിക്കാന്‍ മടിയില്ല. നടേ സൂചിപ്പിച്ച പ്രകൃതിപരമായ അന്തരം തന്നെയാവണം കാരണം. അതാവട്ടെ ഞങ്ങളുടെ കുടുംബത്തില്‍ സാമാന്യമായി കാണപ്പെടുന്ന ദൗര്‍ബല്യമാണുതാനും.

എന്റെ അപൂര്‍വം ഉറ്റ സുഹൃത്തുക്കളിലൊരാളായിരുന്നു അകാലത്തില്‍ വിട്ടുപിരിഞ്ഞ എറിയാടന്‍ വെള്ളാങ്ങര അബ്ദുല്ല എന്ന ഇ.വി അബ്ദു സാഹിബ്. 1958-ല്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ ചേര്‍ന്നപ്പോള്‍ എന്റെ സീനിയര്‍ ക്ലാസ് വിദ്യാര്‍ഥിയാണ് ഇ.വി അബ്ദു. സൂഫിവര്യനെന്ന നിലയില്‍ മലപ്പുറത്ത് പ്രസിദ്ധനായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ സഹോദര പുത്രനായിരുന്ന അബ്ദു പള്ളി ദര്‍സുകളില്‍നിന്ന് നന്നായി കിത്താബോതിയ ശേഷമാണ് ശാന്തപുരത്ത് ആറാം ക്ലാസില്‍ വന്നുചേര്‍ന്നത്. പക്ഷേ, അറബി സാഹിത്യത്തിലും മലയാള സാഹിത്യത്തിലുമായിരുന്നു മൂപ്പര്‍ക്ക് താല്‍പര്യം. മറ്റു പാഠ്യവിഷയങ്ങളിലൊന്നും ഏറെ തല്‍പരനായിരുന്നില്ല. കൂടാതെ വിടാത്ത വയറുവേദനയും. നന്നായി ബീഡിയും വലിക്കും. പരീക്ഷകളിലൊന്നും അറ്റന്റ് ചെയ്യാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പാണ് എപ്പോഴും കക്ഷത്തില്‍. പഠനം മുഴുമിച്ചശേഷം ചില സ്ഥാപനങ്ങളില്‍ അധ്യാപകനായി പോയെങ്കിലും ഒടുവില്‍ ചേര്‍ന്നത് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയയില്‍. കെ.സി അബ്ദുല്ല മൗലവിക്ക് ഏറെ ഇഷ്ടമായിരുന്നു അബ്ദുവിനെ. നന്നായി ക്ലാസ്സെടുക്കുന്നതുകൊണ്ട് വിദ്യാര്‍ഥികള്‍ക്കും സ്വീകാര്യന്‍. പ്രബോധനം വാരിക തുടങ്ങിയതില്‍ പിന്നെ ബാലപംക്തി ആരംഭിച്ചത് അേദ്ദഹമാണ്. ലളിത സുന്ദര ഭാഷയും ശൈലിയും കുട്ടികള്‍ക്ക് ഹൃദ്യമായി. വല്ലപ്പോഴുമേ ലേഖനം എഴുതൂ. അത് സൂഫിസത്തെക്കുറിച്ചോ ഖുര്‍ആനിന്റെ സൗന്ദര്യദര്‍ശനത്തെക്കുറിച്ചോ ആയിരിക്കും.

മലര്‍വാടി ബാല മാസികയുടെ പത്രാധിപത്യം അധികം താമസിയാതെ ഇ.വി അബ്ദു ഏറ്റെടുത്തതോടെ അതിന്റെ പുഷ്‌കല കാലം എന്ന് തുടര്‍ന്നുള്ള കാലഘട്ടത്തെ വിശേഷിപ്പിക്കാം. എം.ടി വാസുദേവന്‍ നായര്‍ മുതല്‍ക്കുള്ള മലയാള സാഹിത്യ ലോകത്തിലെ മഹാരഥന്മാരുമായി അബ്ദു സ്ഥാപിച്ചെടുത്ത ബന്ധം മലര്‍വാടിയെ കുട്ടികള്‍ക്ക് പ്രിയങ്കരമാക്കി. എം.ടിയുടെ 'ദയ എന്ന പെണ്‍കുട്ടി' ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച കാലത്ത് മാസികയുടെ സര്‍ക്കുലേഷന്‍ കുതിച്ചുയര്‍ന്നു. കുറ്റിയാടി ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകനായിരുന്നു അന്ന്. ഇ.വി ആഴ്ചയില്‍ രണ്ട് ദിവസം കോഴിേക്കാട്ടെ ഒരു ലോഡ്ജില്‍ താമസിച്ച് അവിടന്നാണ് മലര്‍വാടിയുടെ മാറ്ററുകള്‍ സമാഹരിച്ചതും എഡിറ്റ് ചെയ്തിരുന്നതും. എന്‍.പി മുഹമ്മദായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാരന്‍.

1972-'74 കാലത്ത് ഖത്തറില്‍ മഅ്ഹദുദ്ദീനിയില്‍ സഹപാഠികളായിരുന്നപ്പോഴാണ് ഞങ്ങള്‍ക്ക് കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം ലഭിച്ചത്. തണുത്തുറഞ്ഞ ഡിസംബര്‍-ഫെബ്രുവരി മാസങ്ങളില്‍ പുതച്ചു മൂടിയിരുന്ന് '15 നായയും പുലിയും' കളിക്കലായിരുന്നു ഞങ്ങളുടെ ഹോബി. അറബികളും ആഫ്രിക്കക്കാരുമായ സഹവിദ്യാര്‍ഥികള്‍ ചുറ്റും വന്നിരുന്ന്  ഇതെന്തു കളി എന്നു ചോദിക്കുേമ്പാള്‍ അബ്ദു അത് അറബിയില്‍ വിവരിച്ചുകൊടുക്കുന്നത് രസകരമായ അനുഭവമായിരുന്നു. അറബിയില്‍ കവിതകളെഴുതുന്ന അബ്ദു ഈജിപ്തുകാരും ഫലസ്ത്വീന്‍കാരുമായ ഞങ്ങളുടെ അധ്യാപകര്‍ക്ക് അത്ഭുതമായിരുന്നു. അവര്‍ അദ്ദേഹത്തെ 'ശാഇര്‍' (കവി) എന്ന് സ്‌നേഹപൂര്‍വം വിളിച്ചു. മഅ്ഹദിലെ സയന്‍സ്, മാത്‌സ് വിഷയങ്ങള്‍ ഞങ്ങള്‍ക്കെളുപ്പം വഴങ്ങുമായിരുന്നില്ല. പ്രത്യേകിച്ചും മീഡിയം അറബി ആയിരുന്നതുകൊണ്ട്. എങ്കിലും ഫൈനല്‍ പരീക്ഷയുടെ റിസള്‍റ്റ് വന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും രണ്ടാം റാങ്ക് പങ്കിട്ടു. ക്ലാസിലെ ഒരേയൊരു ഫലസ്ത്വീന്‍കാരനൊഴിച്ച് മറ്റെല്ലാ അറബി വിദ്യാര്‍ഥികളും പരാജിതരായപ്പോള്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളും വിജയികളായത് സ്ഥാപനത്തിലെ അധ്യാപകരിലും വിദ്യാര്‍ഥികളിലും അമ്പരപ്പ് സൃഷ്ടിച്ചു. പഠനവും പരീക്ഷയും കഴിഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ഇ.വി ഉള്‍പ്പെടെ നാലുപേരും ഖത്തറില്‍ തന്നെ ജോലിയില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചു. അബ്ദുവിന് മനസ്സിനിണങ്ങിയ ജോലി തന്നെ ലഭിച്ചു. ദോഹ പബ്ലിക് ലൈബ്രറിയില്‍ ക്ലര്‍ക്കായി നിയമിതനായ അദ്ദേഹം അറബി സാഹിത്യവുമായി അടുത്തബന്ധം പുലര്‍ത്താന്‍ അവസരമുപയോഗിച്ചു. 1979-ലാണ് അബ്ദു കുറ്റിയാടി ഇസ്‌ലാമിയ കോളേജില്‍ അധ്യാപകനായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡെപ്യൂേട്ടഷനില്‍ മടങ്ങിപ്പോന്നത്. അതിനിടയില്‍ ഒരിക്കലും അവധിയില്‍ നാട്ടിലോ വീട്ടിലോ അദ്ദേഹം എത്തിയിരുന്നില്ല. പിന്നീടാണ് മലര്‍വാടിയുടെ പത്രാധിപത്യം ഏറ്റെടുത്തത്. വിശുദ്ധ ഖുര്‍ആന്റെ സൗന്ദര്യശാസ്ത്രം ആയിരുന്നു അബ്ദുവിന്റെ ഇഷ്ടവിഷയം. സൂഫി സൗന്ദര്യശാസ്ത്രത്തോടും അദ്ദേഹം ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. എന്റേത് വ്യത്യസ്ത ലോകമായിരിക്കെ ഞങ്ങള്‍ കണ്ടുമുട്ടുേമ്പാഴൊക്കെ സാഹിത്യവും മീഡിയാ വിശേഷങ്ങളും വിദ്യാഭ്യാസ കാര്യങ്ങളും പങ്കുവെച്ചു. ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ അദ്ദേഹം എന്റെ വീട്ടിലെത്തും. ഉമ്മയോട് തമാശകള്‍ പറയും. ഉമ്മക്ക് ഇഷ്ടപ്പെട്ട അതിഥിയായിരുന്നു അബ്ദു. ഒരുനാള്‍ രാത്രി ഏതോ പരിപാടി കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയപ്പോഴാണ് കുറ്റിയാടി പാലേരിയില്‍നിന്ന് എന്റെ പ്രിയ സ്‌നേഹിതന്‍ വിടപറഞ്ഞ ദുഃഖവാര്‍ത്ത അറിയാനിടയായത്. ഹൃദ്രോഗമായിരുന്നു മരണകാരണമെന്ന് പിറ്റേന്ന് പുലര്‍ച്ചെ പാലേരിയിലെ വീട്ടിലെത്തിയപ്പോഴാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. മരണപ്പെട്ടവരില്‍ ആരെങ്കിലും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ ഇ.വി അബ്ദു സാഹിബിന്റെ പേരാണ് പറയുക എന്ന് അദ്ദേഹത്തിന്റെ സ്മരണികയില്‍ എഴുതിയത് തീര്‍ത്തും ശരിയാണ്. അത്രക്ക് ഊഷ്മളമായിരുന്നു ഞങ്ങളുടെ സുഹൃദ്്ബന്ധങ്ങള്‍. നാളെ കരുണാമയന്റെ സ്വര്‍ഗരാജ്യത്തില്‍ പുനഃസമാഗമിക്കാന്‍ അവന്‍ അവസരമൊരുക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയൂ.

കെ.സി അബ്ദുല്ല മൗലവിയും വി. അബ്ദുല്ല ഉമരിയും ടി.കെ അബ്ദുല്ല സാഹിബും ഖത്തര്‍ മതകാര്യ വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല ഇബ്‌റാഹീം അല്‍ അന്‍സാരിയുമാണ് ഞാന്‍ കടപ്പെട്ടിരിക്കുന്ന മറ്റു അബ്ദുല്ലമാര്‍. കെ.സി ഒരു പിതാവിന്റെ വാത്സല്യവും രക്ഷാകര്‍തൃത്വവും എനിക്ക് നല്‍കി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം എന്നെ 'പ്രബോധന'ത്തിലേക്കും തദ്വാരാ പത്രപ്രവര്‍ത്തന രംഗത്തേക്കും കൈപ്പിടിച്ച് നടത്തിയത് അദ്ദേഹം തന്നെ. ഖത്തറില്‍നിന്ന് തിരിച്ചുവരാന്‍ വഴിയൊരുക്കിയതും 1975-ല്‍ അദ്ദേഹം നടത്തിയ ഖത്തര്‍ സന്ദര്‍ശനമാണ്. 1980 അവസാനത്തോടെ എനിക്ക് നാട്ടില്‍ തിരിച്ചുവരാന്‍ വഴിയൊരുങ്ങി. ഇതിനു വേണ്ടതെല്ലാം ചെയ്ത ശൈഖ് അബ്ദുല്ല അന്‍സാരിയോട് എനിക്കുള്ള കടപ്പാടിന് വാക്കുകളില്ല. ഹൃദയവിശാലതയുടെ പര്യായമായിരുന്നു ആ വന്ദ്യവയോധികന്‍. ഒരിക്കല്‍ ഒരു വീട്ടു ജോലിക്കാരിയെ ഇന്ത്യയില്‍നിന്ന് കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം എന്നെയും കൂട്ടി ദോഹയിലെ ഇന്ത്യന്‍ എംബസിയിലേക്ക് പോകുമ്പോഴുണ്ടായ സംഭാഷണം മറക്കാനാവില്ല. ഇന്ത്യയില്‍ ഇന്ദിരാ ഗാന്ധിയുടെ ഭരണം അവസാനിച്ച് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാര്യം ഞാന്‍ ശൈഖിനെ അറിയിച്ചു. പുതിയ പ്രധാനമന്ത്രി എങ്ങനെയുള്ള ആളാണെന്ന് അദ്ദേഹം ആരാഞ്ഞപ്പോള്‍ മൊറാര്‍ജിയെക്കുറിച്ച് ഒരു ലഘുവിവരണം നല്‍കി. ഒടുവില്‍ അദ്ദേഹം രാവിലെ സ്വന്തം മൂത്രം കുടിക്കുന്ന വാര്‍ത്ത ഇന്ത്യയില്‍ ചര്‍ച്ചയായതും ഞാന്‍ ശൈഖിന്റെ ശ്രദ്ധയില്‍ പെടുത്തി. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം: ''നിങ്ങളുടെ പ്രധാനമന്ത്രിക്ക് അതിന് മതിയായ ന്യായീകരണം ഉണ്ടാവാം. പ്രവാചകന്റെ കാലത്ത് ഒരു കൂട്ടം ഗോത്രവര്‍ഗക്കാര്‍ തിരുമേനിയുടെ സന്നിധിയില്‍ വന്ന സംഭവം നീ വായിച്ചിട്ടില്ലേ? പട്ടിണിമൂലം കഷ്ടപ്പെട്ട അവര്‍ക്ക് ചൊറിയും ബാധിച്ചിരുന്നു. നബി അവര്‍ക്ക് ഒരുപറ്റം ഒട്ടകങ്ങളെ നല്‍കിക്കൊണ്ട് പറഞ്ഞു; 'നിങ്ങളതിന്റെ പാല്‍ കുടിച്ച് വിശപ്പ് മാറ്റിക്കോളൂ. മൂത്രം കുടിച്ച് ചൊറിയും മാറ്റാം.' തിരുമേനി മൂത്രം കുടിക്കാന്‍ ഉപദേശിച്ചത്, ഒട്ടകം തിന്നുന്ന ചിലയിനം ചെടികളില്‍ ഔഷധവീര്യം ഉള്ളതിനാലായിരുന്നു. 'നിങ്ങളുടെ പ്രധാനമന്ത്രി വെജിേറ്ററിയനല്ലേ?' തികഞ്ഞ വെജിറ്റേറിയനാണെന്ന് ഞാന്‍ പറഞ്ഞേപ്പാള്‍ ശൈഖ് തുടര്‍ന്നു: അപ്പോള്‍ തിന്നുന്ന പച്ചക്കറികളില്‍ ചിലതിന് ഔഷധമുണ്ടാവും. അത് മൂത്രത്തില്‍ പ്രതിഫലിച്ചെന്നുവരാം.'' ഇത്ര നന്നായി മൂത്രപാനത്തെ ന്യായീകരിക്കാന്‍ ഒരുവേള സാക്ഷാല്‍ മൊറാര്‍ജിക്ക് പോലും കഴിഞ്ഞെന്നു വരില്ല!

1979 സെപ്റ്റംബര്‍ 22-ന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി അമേരിക്കയിലെ ബെഫലോ ഹോസ്പിറ്റലില്‍ നിര്യാതനായപ്പോള്‍ ഞാന്‍ ഖത്തര്‍ മതകാര്യ വകുപ്പിലെ ജോലിയിലായിരുന്നു. മൗദൂദിയോട് അങ്ങേയറ്റത്തെ സ്‌നേഹവും ബഹുമാനവുമായിരുന്നു ശൈഖ് അന്‍സാരിക്ക്. ആ വര്‍ഷം അദ്ദേഹം സംഘടിപ്പിച്ച ഇന്റര്‍നാഷ്‌നല്‍ സീറ കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ച ലോക പണ്ഡിതന്മാരില്‍ മൗദൂദിയും ഉള്‍പ്പെട്ടിരുന്നു. അസുഖം കാരണം അദ്ദേഹത്തിന് പെങ്കടുക്കാന്‍ സാധിച്ചില്ല. പകരം സന്ദേശം അയച്ചുകൊടുത്തു. അതിന് രണ്ടു വര്‍ഷം മുമ്പ് മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കാന്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അറബി രചനാ വിഭാഗം തലവന്‍ ഖലീല്‍ ഹാമിദിയോട് ശൈഖ് അന്‍സാരി ആവശ്യപ്പെടുകയും അതിനാവശ്യമായ ചെലവുകള്‍ക്ക് ആദ്യ ഗഡു അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഖലീല്‍ ഹാമിദിക്ക് തന്റെ വാഗ്ദാനം നിറവേറ്റാനായില്ല. അദ്ദേഹം ഒരപകടത്തില്‍ മരണപ്പെടുകയും ചെയ്തു. മൗദൂദിയുടെ ചരമവാര്‍ത്ത അറിഞ്ഞ ഉടനെ മയ്യിത്ത് നമസ്‌കാരത്തില്‍ പെങ്കടുക്കാന്‍ ലാഹോറിലേക്ക് പോവാനൊരുങ്ങിയ ശൈഖ് അന്‍സാരി, കൂടെ വരുന്നോ എന്ന് എന്നോടന്വേഷിച്ചേപ്പാള്‍ എനിക്കുണ്ടായ ആഹ്ലാദത്തിന് അതിരില്ല. ജീവിച്ചിരിക്കെ മൗദൂദിയെ സന്ദര്‍ശിക്കാന്‍ ഭാഗ്യമില്ലാതെ പോയ എനിക്ക് ആ മഹാന്റെ ഭൗതിക ശരീരമെങ്കിലും കാണാമല്ലോ എന്ന ചിന്തയായിരുന്നു. പക്ഷേ, ശൈഖിന്റെ പാസ്‌പോര്‍ട്ടിന്റെ കൂടെ എന്റെ പാസ്‌പോര്‍ട്ട് കൂടി വിസയടിക്കാന്‍ ദോഹയിലെ പാക് എംബസിയിലേക്കയച്ചുവെങ്കിലും അദ്ദേഹത്തിന്റേതില്‍ മാത്രം വിസയടിച്ചു, എന്റേത് മടക്കി. ഞാന്‍ ഇന്ത്യക്കാരനായതാണു കാരണം. എന്റെ ദുഃഖവും അമര്‍ഷവും ഞാന്‍ ശൈഖുമായി പങ്കിട്ടപ്പോള്‍ അദ്ദേഹം ഒരു ഖത്തര്‍ ട്രാവല്‍ ഡോക്യുമെന്റ് പെട്ടെന്ന് തയാറാക്കിത്തരാമെന്നറിയിച്ചു. ഒറ്റത്തവണ യാത്ര ചെയ്യാന്‍ അനുമതി. പക്ഷേ, ശൈഖിന്റെ ഓഫര്‍ ഞാന്‍ നന്ദിപൂര്‍വം നിരസിച്ചു. ഒരിന്ത്യക്കാരനായ എന്നെ അംഗീകരിക്കാന്‍ സന്മനസ്സില്ലാത്തവരുടെ നാട്ടിലേക്ക് ഞാനില്ലെന്ന് തീര്‍ത്തുപറയുകയും ചെയ്തു. ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്നു ദോഹയിലെ പാക് അംബാസഡര്‍ എന്നതാവാം കര്‍ക്കശ നിലപാടിന് ഒരു കാരണം. മൗദൂദിയുടെ നിര്യാണവാര്‍ത്ത ഇന്ത്യയില്‍ അറിയുേമ്പാള്‍ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കള്‍ ദല്‍ഹിയിലെ ആസ്ഥാനത്ത്  ഒരു യോഗത്തില്‍ പെങ്കടുക്കുകയായിരുന്നു. അമീര്‍ കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല സാഹിബ് എന്നിവരുള്‍പ്പെടെയുള്ളവര്‍ അന്ത്യകര്‍മങ്ങളില്‍ പെങ്കടുക്കാന്‍ ലാഹോറിലേക്ക് പോകാന്‍ ആഗ്രഹിച്ചുവെങ്കിലും ആരുടെ പക്കലും പാസ്‌പോര്‍ട്ടില്ല. അന്നത്തെ ജനതാ പാര്‍ട്ടി സര്‍ക്കാറിലെ സിവില്‍ ഏവിയേഷന്‍ മന്ത്രി മുഹമ്മദ് ശഫീ ഖുറൈശിയോട് ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം വളരെ പെട്ടെന്ന് പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ ഏര്‍പ്പാട് ചെയ്തു. പാക് എംബസിയില്‍നിന്ന് വിസ സ്റ്റാമ്പ് ചെയ്യിച്ച് അവരൊക്കെയും യഥാസമയം ലാഹോറിലെത്തുകയും ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നു അധികാരത്തിലെങ്കില്‍ അങ്ങനെയൊരു സൗമനസ്യം ചിന്തിക്കാനേ കഴിയുമായിരുന്നില്ല. 1981-ല്‍ ഹൈദരാബാദില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട വിദേശ പണ്ഡിതന്മാരില്‍ ഒരാള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വിസ അനുവദിക്കുകയുണ്ടായില്ലല്ലോ.

ശൈഖ് അബ്ദുല്ല ഇബ്‌റാഹീമുല്‍ അന്‍സാരിയുടെ രണ്ടാമത്തെ പുത്രന്‍ അബ്ദുല്‍ അസീസ് അല്‍മഅ്ഹദുദ്ദീനിയില്‍ ഞങ്ങളുടെ ക്ലാസ്‌മേറ്റായിരുന്നു. ഇംഗ്ലീഷായിരുന്നു അയാളുടെ കടമ്പ. ഫൈനല്‍ പരീക്ഷാ ഹാളിലേക്ക് കടക്കുമ്പോള്‍ അസീസിന്റെ ആവശ്യം: തന്റെ പേര്‍ ഇംഗ്ലീഷില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിക്കാണിക്കണം! എക്‌സാമിനര്‍മാരുടെ കണ്ണുവെട്ടിച്ച് അത് ചെയ്യാന്‍ എനിക്ക് പേടി തോന്നിയതിനാല്‍ ഞാനതിന് മുതിര്‍ന്നില്ല. പുറത്തിറങ്ങിയപ്പോള്‍ അസീസ് എന്നെ ശകാരിച്ചു. പക്ഷേ, പിന്നീടദ്ദേഹം അമേരിക്കയില്‍ എഞ്ചിനീയറിംഗ് പഠനത്തിന് പോയി. പഠനം കഴിഞ്ഞു തിരിച്ചുവന്ന് സൈന്യത്തില്‍ ചേര്‍ന്നു. ഇപ്പോള്‍ ഉയര്‍ന്ന റാങ്കില്‍ സമര്‍ഥനായ മിലിട്ടറി എഞ്ചിനീയര്‍ ആണ് അബ്ദുല്‍ അസീസ്.

ലോക ഇസ്‌ലാമിക പണ്ഡിതസഭയുടെ സാരഥിയും വിഖ്യാത പണ്ഡിതനുമായ ഡോ. യൂസുഫുല്‍ ഖറദാവി ഡയറക്ടറായിരുന്നപ്പോഴാണ് ഞങ്ങള്‍ അല്‍ മഅ്ഹദുദ്ദീനിയില്‍ തുടര്‍പഠനത്തിന് ചേര്‍ന്നത് എന്ന് മുമ്പ് സൂചിപ്പിച്ചതാണല്ലോ. അദ്ദേഹവുമായുള്ള ബന്ധവും അന്നു തൊട്ടേ ആരംഭിച്ചിരുന്നു. പക്ഷേ, തിരക്കേറിയ ആ മഹാ വ്യക്തിത്വത്തെ വല്ലപ്പോഴും ചെന്നു കാണാനേ അവസരം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍, ഖത്തറില്‍ കഴിഞ്ഞ എട്ടുവര്‍ഷവും റമദാനില്‍ അദ്ദേഹം നേതൃത്വം നല്‍കിയ രാത്രി നമസ്‌കാരത്തില്‍ സംബന്ധിക്കാന്‍ സൗഭാഗ്യമുണ്ടായി. അതുപോലെ അദ്ദേഹത്തിന്റെ സാരവത്തായ ജുമുഅ പ്രസംഗങ്ങള്‍ ശ്രവിക്കാന്‍ ലഭിച്ച അവസരവും പാഴാക്കിയില്ല. പിന്നീടും നാട്ടില്‍നിന്ന് വരുന്ന ഉന്നത വ്യക്തിത്വങ്ങളോടൊപ്പം അദ്ദേഹവുമായി സംഗമിക്കാന്‍ ധാരാളം അവസരമുണ്ടായി. 1998-ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഹിറാ നഗര്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ശരീഅത്ത് ഫാക്കല്‍റ്റി ഡീനായിരുന്ന ഡോ. അലി ഖറദാഗി. സമ്മേളനം കഴിഞ്ഞ് ദോഹയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ അനുഭവ വിവരണ സമ്മേളനത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവിയും അവിചാരിതമായി ദോഹയിലെത്തിയ ഞാനും പ്രസംഗകരായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ സ്വീകരിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി കാട്ടുന്ന വിമുഖത ഖറദാവിയുടെ വിമര്‍ശനത്തിന് വിധേയമായി. എന്റെ സംസാരത്തില്‍ ഞാനതിന്റെ പശ്ചാത്തലം വിവരിച്ചശേഷം പതിറ്റാണ്ടുകളായി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി തിരുത്തിയ നയമായിരുന്നു അതെന്നും വിശദീകരിക്കുകയുണ്ടായി.

'ദ സാത്താനിക് വേഴ്‌സസ്' എഴുതിയ സല്‍മാന്‍ റുഷ്ദിക്കെതിരെ ഖുമൈനി പുറപ്പെടുവിച്ച വധശിക്ഷയെ ഖറദാവി അനുകൂലിച്ചത് എന്റെ എളിയ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. പ്രവാചകനെ നിന്ദിക്കുകവഴി അദ്ദേഹം മതഭ്രഷ്ടനായതിനാല്‍ വധശിക്ഷക്കര്‍ഹനാണ് എന്നതായിരുന്നു ഖുമൈനിയുടെ ഫത്‌വ. ശൈഖ് ഖറദാവിയെ പോലുള്ള ഉന്നതശീര്‍ഷനായ ഒരു പണ്ഡിതന്‍ അതിനെ അനുകൂലിക്കേണ്ടിയിരുന്നില്ല എന്നു തോന്നി. താന്‍ മുസ്‌ലിമാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്ത, ഇസ്‌ലാമിനെ തള്ളിപ്പറയുക കൂടി ചെയ്ത ഒരു നാസ്തികന്‍ മതഭ്രഷ്ടനെന്ന കുറ്റാരോപണത്തിന് ശരവ്യനാവുന്നതിന്റെ രസതന്ത്രം പിടികിട്ടുന്നില്ല. മാത്രമല്ല മതഭ്രഷ്ടനാണെങ്കില്‍ തെന്ന വധശിക്ഷ വിധിക്കപ്പെടുന്നത് ഇസ്‌ലാമിന്റെ വിശാല വീക്ഷണത്തിനും നീതിക്കും നിരക്കുന്നതല്ല എന്ന് ആധുനിക പണ്ഡിതന്മാരില്‍ പലരും ചൂണ്ടിക്കാട്ടിയുള്ളതാണ്. (ജോസഫ് ഇടമറുകിന്റെ 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്ന കൃതിക്കുള്ള എന്റെ മറുപടിയില്‍ - യുക്തിവാദികളും ഇസ്‌ലാമും- മതഭ്രഷ്ടന്റെ വധശിക്ഷയെ വിശകലനം ചെയ്യവെ പൂര്‍വകാല ഇമാമുകളുടെയും പണ്ഡിതന്മാരുടെയും അഭിപ്രായത്തെയാണ് അവലംബിച്ചത് എന്നത് ശരിയാണ്. പക്ഷേ, ആധുനിക പണ്ഡിതനായ ജമാല്‍ ബന്നായുടെ വിയോജനവും അടിക്കുറിപ്പായി കൊടുത്തിട്ടുണ്ട്. പില്‍ക്കാലത്താണ് തദ്വിഷയകമായ കൂടുതല്‍ പഠന ഗവേഷണങ്ങള്‍ നടന്നത്). കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി മുസ്‌ലിംകളില്‍ പൊട്ടിമുളച്ച തീവ്രവാദ പ്രതിഭാസത്തെ പ്രാമാണികമായും യുക്തിഭദ്രമായും വിശകലനം ചെയ്ത്, തീര്‍ത്തും നിരാകരിച്ച ചിന്തകനാണ് ശൈഖ് ഖറദാവി. എന്നിട്ടും അദ്ദേഹത്തെ 'പൊളിറ്റിക്കല്‍ ഇസ്‌ലാമി'ന്റെ തലതൊട്ടപ്പനായും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവനായും മുദ്രകുത്തി പിടികൂടാനും തൂക്കിലേറ്റാനും തുനിഞ്ഞിറങ്ങിയ ഈജിപ്ഷ്യന്‍ സൈനിക ഭരണമേധാവി അബ്ദുല്‍ ഫത്താഹ് സീസിയും അതിന് കൂട്ടുനില്‍ക്കുന്ന ചിലരും സയണിസ്റ്റുകളുടെ കൈകളിലെ പാവകള്‍ മാത്രമാണ്. അവരെ കണ്ണുംചിമ്മി പിന്തുണക്കുന്ന നമ്മുടെ നാട്ടിലെ സ്വൂഫിനാട്യക്കാരും ലിബറല്‍ സെക്യുലറിസ്റ്റുകളും ഒരുപോലെ ഹിപ്പോക്രസിയുടെ ആള്‍രൂപങ്ങളും. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (01-05)
എ.വൈ.ആര്‍

ഹദീസ്‌

നനവുള്ളതാകട്ടെ ഓരോ ഹൃദയവും
അനീസ് റഹ്മാന്‍ പത്തനാപുരം