Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 01

3091

1440 ജമാദുല്‍ ആഖിര്‍ 0223

പ്രസ്ഥാനം, ഭാഷ: ചില ലളിത വിചാരങ്ങള്‍

യാസര്‍ ഖുത്വ്ബ്

പ്രഫസര്‍ ക്ലാസ്സെടുക്കുന്നത് ചില സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാവുകയില്ല. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക്  മനസ്സിലാകുന്നില്ല എന്ന കാര്യം പ്രഫസറിനു തിരിയുകയുമില്ല. തന്റെ അതേ നിലവാരത്തിലാണ് വിദ്യാര്‍ഥികളുടെ ബുദ്ധിശക്തിയും ചിന്തകളും എന്ന തെറ്റിദ്ധാരണയിലാണ് ഇവിടെ അധ്യാപകന്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നത്. അറിവിന്റെ പ്രതലത്തിലുള്ള വ്യത്യാസമാണ് ഇവിടെ ആശയവിനിമയത്തില്‍ വിടവ് സൃഷ്ടിക്കുന്നത്. പൊതുജനം എന്ന വലിയ ഒരു കൂട്ടത്തോടു സംവദിക്കുമ്പോള്‍ ഈ പ്രശ്‌നം കൂടുതല്‍ അനുഭവപ്പെടും. പല വിഭാഗത്തിലും പെട്ട മനുഷ്യരായിരിക്കും അതില്‍ ഉള്‍പ്പെടുക. എല്ലാവരും സ്വന്തം അനുഭവപ്രതലത്തില്‍നിന്നുകൊണ്ടാണ് ആശയങ്ങളും നയങ്ങളും രൂപീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുക.  അതിനനുസരിച്ചാണ് വ്യത്യസ്ത കാര്യങ്ങളെ അവര്‍  വായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക. ഒരു പ്രശ്‌നത്തെ ജനസഞ്ചയം വ്യത്യസ്ത രീതികളിലായിരിക്കും നോക്കിക്കാണുന്നത്. അവയെ ഏകോപിപ്പിച്ച് രൂപകല്‍പന നടത്തുന്നതും  ഇക്കാലത്ത്  സോഷ്യല്‍ എഞ്ചിനീയറിംഗും മാനേജ്‌മെന്റ് തിയറികളുമാണ്.

ഇതൊരു അന്വേഷണമാണ്. ഭാഷ, പ്രയോഗങ്ങള്‍, ആശയവിനിമയം, പ്രവര്‍ത്തനരീതി തുടങ്ങിയവയുടെ ബഹുജന സ്വീകാര്യതയിലും കാര്യക്ഷമതയിലും ഊന്നിയ പുതിയകാല സോഷ്യല്‍ എഞ്ചിനീയറിംഗും സമകാലിക വ്യവഹാര സൂത്രങ്ങളും മുന്നില്‍ വെച്ചുള്ള ചില വിചാരങ്ങള്‍. സാധാരണക്കാരുമായും പൊതു സമൂഹവുമായുള്ള  സംവേദനരീതി ലളിതമാണോ, അത് അവര്‍ക്ക് മനസ്സിലാകുന്നുണ്ടോ, ആശയപ്രകാശനത്തിലും പ്രവര്‍ത്തനത്തിലും വിടവുകളും വീഴ്ചകളും സംഭവിക്കുന്നുണ്ടോ, പുതിയകാലത്ത്  ഇവ കാര്യക്ഷമമാക്കുന്നതിനുള്ള വഴികള്‍ എന്താണ്, അതെങ്ങനെ നടപ്പില്‍ വരുത്താം തുടങ്ങിയ ആലോചനകളാണ് ഈ ലേഖനം. 

മൗലിക വായനകളുടെ പഠനമോ നിരാസമോ അല്ല  ഇവിടെ ഉദ്ദേശിക്കുന്നത്. പ്രായോഗിക നിര്‍വഹണമാണ് ഈ ലേഖനം ലക്ഷ്യം വെക്കുന്നത്. അഥവാ പ്രായോഗികതയുടെ വിജയ രീതിശാസ്ത്രങ്ങളെ കുറിച്ച ഒരു ലളിത വായന; സമകാലിക സാങ്കേതിക വിദ്യകളുടെയും മാനേജ്‌മെന്റിന്റെയും പരിസരത്തു നിന്നുകൊ്.

മനുഷ്യര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതും പ്രതികരിക്കുന്നതും സംവദിക്കുന്നതും രണ്ട് തരത്തിലാണ്; ഒന്ന് ബോധമനസ്സ് (Conscious mind) ഉപയോഗിച്ചും മറ്റൊന്ന് ഉപബോധ മനസ്സ്  Subconscious mind) ഉപയോഗിച്ചും. കൂടുതല്‍ ധിഷണയും ചിന്തയും ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് ബോധമനസ്സിന്റേത്. വൈകാരികതകളുമായും ഹൃദയവുമായും ബന്ധപ്പെട്ടതാണ് ഉപബോധമനസ്സ്. അബോധ മനസ്സും (Unconscious mind) ഉപബോധമനസ്സും ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്നും സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.

ഉപബോധമനസ്സ് വളരെ ശക്തിയുള്ളതാണ്. ബോധമനസ്സിനേക്കാള്‍ 10 ലക്ഷം ഇരട്ടി പവര്‍ ഉള്ളതാണ് ഉപബോധമനസ്സ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ 95 മുതല്‍ 99 ശതമാനം വരെ കാര്യങ്ങളും പ്രവര്‍ത്തിക്കുന്നത് ഉപബോധ മനസ്സിന്റെ നിര്‍ദേശങ്ങള്‍ (Subconscious programs) അനുസരിച്ചാണ്. ഇതിന്റെ വേഗത വളരെ കൂടിയതാണ്. പെട്ടെന്നുള്ള എല്ലാ പ്രതികരണങ്ങളും സംഭവിക്കുന്നത് ഇവിടെ നിന്നാണ്. ശേഖരിച്ചുവെക്കപ്പെട്ട നമ്മുടെ മുന്‍ അനുഭവങ്ങളുമായി താരതമ്യം ചെയ്ത് പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുകയാണ് ഉപബോധമനസ്സ് ചെയ്യുന്നത്. പിന്നീട് പലപ്പോഴും അവ ബോധമനസ്സില്‍ കൂടി കൊത്തിവെക്കപ്പെടുന്നു.

ഒരു ചോദ്യത്തെയോ ചിത്രത്തെയോ കുറിച്ച് നമ്മുടെ മനസ്സില്‍ സങ്കല്‍പങ്ങളും അനുഭവങ്ങളും പതിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ പിന്നീട് അതേ ചോദ്യം, അല്ലെങ്കില്‍ അതേ ഫോട്ടോ വീണ്ടും കാണുമ്പോള്‍, നമ്മുടെ മനസ്സ് ഇതുമായി താരതമ്യം ചെയ്ത് നമുക്കൊരു ഉത്തരം തരുന്നു. നമ്മുടെ മനസ്സില്‍ മുന്‍ അനുഭവത്തിന്റെ ഫലം ഓടിയെത്തുന്നു. അതിനനുസരിച്ച് പ്രതികരണവും ഉണ്ടാകും.  മൊബൈല്‍ ഫോണിനു രണ്ടുതരം മെമ്മറികള്‍ ഉള്ളത് നമുക്കറിയാം. ഡാറ്റ സൂക്ഷിക്കുന്ന ഒരു വലിയ മെമ്മറിയും, മറ്റൊന്ന് പെട്ടെന്ന് കാര്യങ്ങള്‍ നടത്തുന്നതിനുള്ള RAM. ഫോണ്‍ വാങ്ങുമ്പോള്‍, അതിന്റെ സ്‌പെസിഫിക്കേഷനുകളിള്‍,  RAM അളവ് എത്രയാണെന്ന് ശ്രദ്ധിക്കാറുണ്ട്.  ഇത് കൂടുന്നതിനുസരിച്ച് സ്പീഡ് കൂടുന്നു എന്നും നാം മനസ്സിലാക്കുന്നു.  ഇവിടെ പ്രധാന മെമ്മറിയില്‍ പ്രവേശിക്കാതെ ഈ റാമില്‍ വെച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വളരെ പെട്ടെന്ന്  പ്രോസസ്സുകള്‍ നടക്കാന്‍ ഇത് ഉപയോഗിക്കുന്നു എന്നര്‍ഥം. ഇവിടെ നടക്കുന്ന റാമിന്റെ പ്രവര്‍ത്തനം നമ്മുടെ ഉപബോധ മനസ്സിന് തുല്യമാണ് എന്ന് ചുരുക്കം. 

ചിത്രം, ശബ്ദം, വീഡിയോ എന്നിവയെല്ലാം ഇങ്ങനെ ഉപബോധമനസ്സുമായി കൂടുതല്‍ എളുപ്പത്തില്‍ സംവദിക്കുന്നവയാണ്. ഒരു വസ്തുവിനെ കുറിച്ച് ഒരുപാട് വിവരിക്കുന്നതിനേക്കാള്‍ വളരെ പെട്ടെന്ന് അതിന്റെ ഒരു ഫോട്ടോ കാണിച്ചാല്‍ ആളുകള്‍ക്ക് മനസ്സിലാകും. പ്രസംഗങ്ങള്‍ക്കും വീഡിയോകള്‍ക്കും എഴുത്തിനേക്കാള്‍ ഈ കഴിവ് കൂടുതലുണ്ട്.

പ്രസംഗങ്ങള്‍ക്ക് ഇടയില്‍ കഥകള്‍ പറയുക, അല്ലെങ്കില്‍ ഒരു ചോദ്യം തന്നെ വീണ്ടും വീണ്ടും ചോദിക്കുക, ഒരു കാര്യം  മുമ്പേ പറഞ്ഞ മറ്റു വസ്തുതകളുമായി താരതമ്യപ്പെടുത്തുക എന്നിങ്ങനെ ചെയ്താല്‍ ആശയം ശ്രോതാക്കളുടെ മനസ്സില്‍ കൂടുതല്‍ പതിയുന്നു. ഒരുപക്ഷേ  കേട്ടും കണ്ടും ഇരിക്കുന്നവര്‍ മുഖ്യവിഷയം മറന്നുപോയാല്‍ പോലും ആ കഥകളും ചോദ്യങ്ങളും മനസ്സില്‍ തങ്ങിനില്‍ക്കും. ഇതൊരു ശാസ്ത്രീയ സത്യം കൂടിയാണ്.  ചാനലുകളിലെ ചര്‍ച്ചകളിലും  മറ്റും പലരും ഇതാണ് ഉപയോഗപ്പെടുത്തുന്നത്.

പരസ്യങ്ങള്‍ എപ്പോഴും Sub conscious മനസ്സുമായാണ് സംവദിക്കുന്നത്. അവ ഒരിക്കലും ബുദ്ധിപരമായി സംവദിക്കരുത് എന്ന അലിഖിത നിയമം കൂടിയുണ്ട്. ഭൂരിപക്ഷം പരസ്യങ്ങളും അങ്ങനെ തന്നെ. അതിനാണ് ഏറ്റവും കൂടുതല്‍  വിപണന മൂല്യവും സംവേദനക്ഷമതയും ഉള്ളത്.  ഇത്തരം പരിപാടികളാണ് വിജയിക്കുക എന്ന് ആധുനിക  മാനേജ്മെന്റ് ഗുരുക്കള്‍ പറയുന്നു. എന്റര്‍ടെയ്ന്‍മെന്റുകളും മീഡിയാ പ്രവര്‍ത്തനങ്ങളും ആ ഗണത്തില്‍ പെടുന്നു. ബഹുജനത്തോട് സംസാരിക്കുമ്പോഴും ഇത്തരം ഭാഷയാണ് വിജയിക്കുക എന്നാണ് ട്രെയ്‌നിംഗ് വിദഗ്ധര്‍ പറയുന്നത്. ഇതൊരു 'മാസ്' സൈക്കോളജി കൂടി ആണ്. അതുകൊണ്ടാണ് മൗലിക പഠനങ്ങള്‍ പലപ്പോഴും ബഹുജനങ്ങളില്‍ ഏല്‍ക്കാത്തത്. അവിടങ്ങളില്‍ ചിലത്  ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് പറയുന്നതും അതുകൊാണ്. ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുക. അതിനു കഴിയില്ലെങ്കില്‍ അത് ചെയ്യാതിരിക്കുക.  അതാണ് പ്രവാചകന്മാരുടെ 'ലിസാനുല്‍ ഖൗമി'ന്റെയും ഒരു താല്‍പര്യം. ഖുര്‍ആനിലെ രണ്ടുതരം ആയത്തുകളെ കുറിച്ച് പറഞ്ഞിട്ടുള്ളതും ഈ സങ്കീര്‍ണതയെയും ലാളിത്യത്തെയും സൂചിപ്പിക്കാനാണ്.

ബോധമനസ്സിനെ മസ്തിഷ്‌കത്തോടും അഥവാ ബുദ്ധിയോടും ഉപബോധ പ്രവര്‍ത്തനങ്ങളെ ഹൃദയത്തോടും അഥവാ വികാരങ്ങളോടും  ചേര്‍ത്തുവെക്കാം.  ഇവ തലതിരിഞ്ഞു വിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ ഫലവത്താവുകയില്ല. വൈകാരിക വിഷയങ്ങളില്‍ ബുദ്ധിയാണ് പ്രധാനമായി പ്രതികരിക്കുന്നതെങ്കില്‍ ഉടനടിയുള്ള വിജയ സാധ്യത കുറയും.  മീഡിയയില്‍ വൈറല്‍ ആകുന്ന സംഭവങ്ങള്‍ ശ്രദ്ധിക്കുക. ആളുകളുടെ സ്‌നേഹം, ത്യാഗം, സഹായം തുടങ്ങിയ വികാരങ്ങള്‍ പങ്കുവെക്കുന്ന കൊച്ചുകൊച്ചു സംഭവങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും കഥകള്‍ക്കും വലിയ പ്രചാരം ലഭിക്കുന്നു. ഇത് ഉപബോധമനസ്സിന്റെ പ്രതികരണത്തിന്റെ ഒരു ആഘോഷം കൂടിയാണ്. കഥകളും കവിതകളും നോവലുകളും സിനിമകളും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന അനുഭവമാകുന്നതും ഈ വൈകാരികതയുടെ പരിസരത്താണ്. അവ കൂടുതല്‍ കാലം മനസ്സില്‍ ഓളം തീര്‍ക്കുന്നു. വസ്തുതകള്‍ വിവരിക്കുന്ന ലേഖനങ്ങളേക്കാള്‍, കഥകളും സിനിമകളും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നത് ഇതുകൊണ്ടുകൂടിയാണ്.

മൗലിക ചിന്തകളും അടിസ്ഥാന പഠനങ്ങളും പലപ്പോഴും പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ നേര്‍വിപരീതവുമായിരിക്കും. ഒന്ന് മറ്റൊന്നിന്റെ നിരാസം അല്ല, ലക്ഷ്യത്തിലേക്കുള്ള കാലികമായ ആവിഷ്‌കാരങ്ങളാണ്. 

ഒരു പ്രശ്‌നത്തിനുള്ള (1) രാഷ്ട്രീയപരമായ ഉത്തരം, (2) ബഹുജനങ്ങള്‍ക്കുള്ള വിശദീകരണം, (3) അതിന്മേലുള്ള 'തെരഞ്ഞെടുപ്പ് രാഷ്ട്രീയ നിലപാട്' എന്നിവ മൂന്നും വ്യത്യസ്ത നിലയിലാണ് ചിലപ്പോള്‍ രൂപീകരിക്കേണ്ടിവരിക. അതായത് ഒരേ ഉത്തരവും സമീപനങ്ങളും മതിയാകില്ല എന്നര്‍ഥം. പ്രശ്‌നങ്ങളെ രാഷ്ട്രീയ ശരികളില്‍ നേരിടുക എന്നത് അതിന്റെ മെറിറ്റും ഡാറ്റയും വെച്ച് അത് യുക്തമായിരിക്കും. അത് ഒരു ബൗദ്ധികമായ സംവാദവും  മറുപടിയും ആണ്.

പക്ഷേ പലപ്പോഴും അത് സാധാരണക്കാര്‍ക്ക് തിരിയാതെ പോയേക്കാം. ഹൃദയത്തില്‍ തൊടുന്ന സംവാദമാണ് പൊതുജനത്തിന് സ്വീകാര്യമാവുക. വിഷയങ്ങളെ ആ രീതിയിലാണ് ഇത്തരക്കാരോട് ഇടപെടുമ്പോള്‍ സമീപിക്കേണ്ടത്. അല്ലാത്തപക്ഷം നെഗറ്റീവ്  റിസല്‍ട്ടുകളും അകല്‍ച്ചയും ഏറ്റുമുട്ടലുകളും വരെ ഉണ്ടാകാം.  ഉദാഹരണത്തിന് വൈകാരികവും വര്‍ഗീയവുമായ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അതിന് അതേ രീതിയില്‍ തന്നെ മറുപടി കൊടുക്കുന്ന സന്ദര്‍ഭത്തില്‍, ഒരുപക്ഷേ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയാണെങ്കില്‍ പോലും, വിപരീത ഫലം സൃഷ്ടിക്കാം. ചിലത് സൗഹൃദാന്തരീക്ഷം തന്നെ തകര്‍ക്കും. പലയിടങ്ങളിലും, രാഷ്ട്രീയ മറുപടികളും ചരിത്രപരവും സത്താപരവുമായ(Ontological) പഠനങ്ങളും അക്കാദമികമായ പറച്ചിലുകളും മതിയാകാതെ വരുന്നു. അവ ജനകീയ ഭാഷക്ക് അപ്പുറമുള്ള പരിസരമാണ്. ഇവിടെ, ലളിതമായ വിശദീകരണവും ഹൃദയങ്ങള്‍ തമ്മില്‍ ഉള്ളറിയുന്ന അനുഭവങ്ങള്‍ പങ്കുവെക്കലുമൊക്കെയാണ് ഉണ്ടാവേത്. ഉദാഹരണത്തിന് ഇസ്‌ലാമോഫോബിയ അതിന്റെ സത്താപരമായ കാരണങ്ങള്‍ നിരത്തി രാഷ്ട്രീയമായി നേരിടുന്നതിനേക്കാള്‍ ചിലപ്പോള്‍ ആളുകളില്‍ കൂടുതല്‍ ഫലം ഉണ്ടാക്കുക മുസ്‌ലിം അനുഭവങ്ങളില്‍നിന്നുമായിരിക്കും. ഇസ്‌ലാമോഫോബിയക്കെതിരെയുള്ള സിനിമകളും ആവിഷ്‌കാരങ്ങളും  ആളുകളെ കൂടുതല്‍ സ്വാധീനിച്ചേക്കാം. 'പൊളിറ്റിക്കല്‍ പഠനങ്ങളും മറുപടികളും' ഇലക്ഷന്‍ രാഷ്ട്രീയത്തെയും ചില സമയങ്ങളില്‍ സ്വാധീനിക്കണമെന്നില്ല. ബുദ്ധിയുമായുള്ള ഇത്തരം സംവാദങ്ങള്‍, മുമ്പു സൂചിപ്പിച്ചപോലെ ഒരുവേള പ്രതികൂലമായും ബാധിച്ചേക്കാം. ബഹുജനങ്ങളുടെ എണ്ണം ആണല്ലോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രധാനം. ഹൃദയങ്ങളുമായുള്ള സംവാദം ആണ് ഇവിടെയും കൂടുതല്‍ വിജയിക്കുക. 'തെരഞ്ഞെടുപ്പ് രാഷ്ട്രീയ'ത്തില്‍  പ്രായോഗിക വിന്യാസങ്ങള്‍ അഥവാ തന്ത്രങ്ങളാണ് വിജയം നിര്‍ണയിക്കുക.

ഒരു ബൗദ്ധിക പ്രസ്ഥാനത്തെ സംബന്ധിച്ച് അധീശ ഭാഷയും അതിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളും വളരെ ആഴത്തിലുള്ള പഠനം അര്‍ഹിക്കുന്നു. അതിലെ ന്യൂനതകള്‍ പരിഹരിച്ച് പുതിയവ പുനര്‍നിര്‍മിക്കുക എന്നത് സംഘത്തിന്റെ ബാധ്യതയുമാണ്. സാംസ്‌കാരിക നിര്‍മിതിയിലും അത് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ മണ്ണിലിറങ്ങി പണിയെടുക്കുന്ന പ്രായോഗിക സംഘം എന്ന നിലക്ക്  ഇവയിലുള്ള അക്കാദമിക ചര്‍ച്ചകള്‍ മാത്രമാകരുത് ഒരു പ്രസ്ഥാനത്തിന്റെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍. സംവാദങ്ങളും സംവേദനങ്ങളും  ഹൃദയങ്ങളെ അഭിസംബോധന ചെയ്യുന്നതു കൂടിയാവണം. ഗ്രൗണ്ട് റിയാലിറ്റികള്‍ മനസ്സിലാക്കണം. മൗലികതയും പ്രായോഗികതയും തമ്മില്‍ തന്നെ പലപ്പോഴും ഏറ്റുമുട്ടലുകള്‍ ഉണ്ടായേക്കാം. അതിനാല്‍ പഠനങ്ങളിലും മനനങ്ങളിലും ഉത്ഭവിക്കുന്ന പദങ്ങളിലും പ്രയോഗങ്ങളിലും തട്ടി അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ അടഞ്ഞുപോകരുത്. ഉദാഹരണത്തിന് ദേശരാഷ്ട്രങ്ങളെ  കുറിച്ച് നാം സംസാരിക്കുന്നു. വാഇല്‍ ഹല്ലാഖും തലാല്‍  അസദും മൗദൂദിയുടെ 'ഇസ്‌ലാമിക് സ്റ്റേറ്റ്' എന്ന പദപ്രയോഗത്തെ വിമര്‍ശിക്കുന്നു. 'ഇസ്‌ലാമിക ഭരണം' എന്ന പ്രയോഗമാണ് കൂടുതല്‍ നല്ലതെന്നു പറയുന്നു. ഇവ വിശാലമായ അര്‍ഥതലത്തിലുള്ള ഇസ്‌ലാമിന്റെ മൗലിക പഠനവും ജ്ഞാനശാസ്ത്രത്തിന്റെ ഭാഗവുമാണ്. മൗദൂദിയന്‍ വീക്ഷണങ്ങള്‍ക്ക്  ആ കാലത്തിന്റെയും പരിസരത്തിന്റെയും സ്വാധീനം ഉണ്ടായിരുന്നു എന്നും അനുമാനിക്കാം. എന്നാല്‍ സമകാലിക ഭൂമികയില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ദേശരാഷ്ട്രം എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനാല്‍ മൗദൂദിയന്‍ സങ്കല്‍പത്തേക്കാള്‍ 'വിദൂരത'യില്‍ ഉള്ളതാണ് വാഇല്‍ ഹല്ലാഖും തലാല്‍ അസദും പറയുന്നത് എന്നു പ്രയോഗ തലത്തില്‍ വരുന്നു. ഒന്ന് ശരി, മറ്റൊന്ന് കൂടുതല്‍ ശരി എന്ന അര്‍ഥത്തില്‍ നിര്‍ധാരണം ചെയ്യുക ഇവിടെ ലക്ഷ്യം അല്ല. സല്‍മാന്‍ സയ്യിദ് മാത്രമല്ല അതിനു മുമ്പേ ഉള്ളവരും ജ്ഞാന വ്യവഹാരങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. 

ചര്‍ച്ച ജ്ഞാനപരിസരങ്ങളില്‍ ഒതുങ്ങാതെ, അത് Implementation & Operational തലങ്ങളിലേക്ക് നീങ്ങണം. മണ്ണില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എപ്പോഴും പ്രായോഗിക നിര്‍ദേശങ്ങളും പ്രവര്‍ത്തന പദ്ധതികളും  ആവശ്യമാണ്. അവ കൂടിയാണ് വിപ്ലവങ്ങള്‍ക്ക് ഊടും പാവും തീര്‍ക്കുക.  ഗവേഷകരുടെയും നവോത്ഥാന നായകരുടെയും  സ്വപ്‌നങ്ങളും ചിന്തകളും ദീര്‍ഘ ദര്‍ശനങ്ങളുമാണവ.  പഠനം എന്ന നിലക്ക് അവ വികസിക്കട്ടെ. അതേസമയം പ്രായോഗിക പദ്ധതികളും നിര്‍ദേശങ്ങളും കൂടിയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവൃത്തിപഥം. 

പണ്ട് ഭാഷാ അധ്യാപകരും കവികളുമൊക്കെയാണ് സാംസ്‌കാരിക നായകര്‍.  അവരാണ് സമൂഹത്തെ പുനര്‍നിര്‍മിക്കുന്നത് എന്ന് അതിനൊരു അര്‍ഥമുണ്ട്. കവികള്‍ക്കും തത്ത്വചിന്തകര്‍ക്കും പണ്ട് ഇക്കാണുന്നതില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. തര്‍ക്കശാസ്ത്രത്തിനും തത്ത്വചിന്തക്കും സാമൂഹികശാസ്ത്ര പരിസരത്ത് വലിയ സ്ഥാനം ഉണ്ടായിരുന്നതും അതുകൊുതന്നെ. പക്ഷേ ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു.  ചിന്തകളില്‍ അഭിരമിക്കുന്നതിനു പകരം  സോഷ്യല്‍ എഞ്ചിനീയറിംഗും സോഷ്യല്‍ ഓണ്‍ട്രപൊണര്‍ഷിപ്പും, എക്കണോമിക്‌സിനു പകരം ഫിനാന്‍സ് മാനേജ്‌മെന്റും അടങ്ങുന്ന പ്രായോഗിക നിലപാടുകളാണ് സാമൂഹിക പരിവര്‍ത്തന വാദികള്‍ സ്വീകരിക്കുന്നതും പ്രവൃത്തിപഥത്തില്‍ കൊുവരുന്നതും. ഇത്തരം മാറ്റങ്ങള്‍ തിരിച്ചറിയുകയും ഗൗരവത്തില്‍ പ്രവര്‍ത്തനപഥത്തില്‍ കൊുവരികയും ചെയ്ത സംഘങ്ങളാണ് ഇന്ത്യയില്‍ ബി.ജെ.പി, ആം ആദ്മി പാര്‍ട്ടികള്‍. ആശയങ്ങള്‍ സംവേദനം ചെയ്യപ്പെടുമ്പോള്‍ വളരെ ലളിതമായിരിക്കുക എന്നത് ഇക്കാലത്ത് ഏറെ പ്രധാനമാണ്.

വേഗതയേറിയ ഈ കാലത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് വസ്തുതകള്‍ അവതരിപ്പിക്കുന്നതാണ്  അഭിലഷണീയം. ദീര്‍ഘമായ ടെക്സ്റ്റുകള്‍ ആളുകള്‍ വായിക്കാറില്ല, പ്രത്യേകിച്ചും മൊബൈല്‍ പോലുള്ള ഗാഡ്ജറ്റുകളില്‍. അതിനാല്‍ ഭാഷ, എഴുത്തുകള്‍ തുടങ്ങിയവ എപ്പോഴും ചുരുങ്ങിയതും ലളിതവും കാണുമ്പോള്‍ തന്നെ ആകര്‍ഷകവും യൂസര്‍ ഫ്രണ്ട്ലി (Graphical user friendly)യും ആയിരിക്കുക എന്നത്  പ്രത്യേകം ശ്രദ്ധിക്കണം. പണ്ട് ക്ലാസിക്കല്‍ ഭാഷയായിരുന്നു പത്രക്കാര്‍ക്കും മറ്റും പ്രിയങ്കരം.  എങ്കില്‍ ഇപ്പോള്‍  പ്രാദേശികമായ Naughty ലാംഗ്വേജ് ആണ് കൂടുതല്‍ ഉപയോഗിക്കുന്നത്.  പ്രചാരത്തില്‍ മുന്നിലുള്ള  ഇംഗ്ലീഷ് പത്രങ്ങളും പ്രാദേശിക പത്രങ്ങളും ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. തലക്കെട്ടുകളില്‍ വരെ ഇവ പ്രകടമാണ്. ഈ ദശകത്തില്‍ ഇറങ്ങിയ ദേശീയവും അന്തര്‍ദേശീയവുമായ കൂടുതല്‍ വില്‍പ്പന നടത്തിയ പുസ്തകങ്ങള്‍ പരിശോധിച്ചാലും ഭാഷയിലെ ലാളിത്യം മനസ്സിലാകും. നൊബേല്‍ പ്രൈസുകള്‍ ലഭിച്ച പുസ്തകങ്ങള്‍ മുതല്‍ ഇന്ത്യയിലെ ചേതന്‍ ഭഗത്തിന്റെ കൃതികള്‍ വരെ വിശകലനം ചെയ്താല്‍ ഈ ലാളിത്യം മനസ്സിലാകും.  അതൊരു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി കൂടിയാണ് എന്നത് മറ്റൊരു കാര്യമാണെങ്കിലും. ഗ്ലോബലൈസേഷന്‍ വന്നതോടുകൂടി കൂടുതല്‍ ലോക്കലൈസേഷന്‍ (പ്രാദേശികവത്കരണം) സംഭവിച്ചു എന്നതാണ്  ഒരു ഗുണവശം. ഭാഷ മുതല്‍ ഭക്ഷണം വരെ ഈ പ്രാദേശികത പ്രകടമാണ്.  പ്രാദേശിക ഭാഷകള്‍ക്ക് എഴുതാനും പ്രകാശനം ചെയ്യാനും കൂടുതല്‍ ടൂളുകള്‍ (Tools) ലഭ്യമായതോടെ  സാധാരണക്കാര്‍ ഇവ ഉപയോഗിക്കാന്‍ കൂടുതലായി രംഗത്തു വരുന്നു. പ്രാദേശിക പ്രയോഗങ്ങളും ലളിത വാക്കുകളും ഭാഷയിലേക്ക് കൂടുതല്‍ കടന്നുവരുന്നു.  

അങ്ങനെ ഭാഷ പുതിയ മാനത്തില്‍  എത്തിയ കാലമാണിത്. പണ്ട് എഴുത്തുഭാഷയും സംസാര ഭാഷയും വ്യത്യസ്തമായിരുന്നു. ഇന്ന് പ്രാദേശിക സംസാരഭാഷയിലെ കൂടുതല്‍ വാക്കുകള്‍  എഴുത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു. ഇവ ഏറ്റവും പ്രകടമാകുന്നത് ഇംഗ്ലീഷിലാണ്. മലയാളവും ആ രീതിയില്‍ മാറിവരുന്നു. വീഡിയോകള്‍ക്കും ഇക്കാലത്ത്  സാങ്കേതികമായി തന്നെ കൂടുതല്‍ പ്രാധാന്യമുണ്ട്.  വീഡിയോകളെ ആണ് ടെക്സ്റ്റുകളേക്കാള്‍  സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പൊതു മാധ്യമങ്ങള്‍  പ്രമോട്ട് ചെയ്യുന്നത്. ആശയവിനിമയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടി നിര്‍മിക്കുന്ന വീഡിയോകളും വളരെ നീളം കുറഞ്ഞതായിരിക്കാന്‍  ശ്രദ്ധിക്കണം. വളരെ വലിയ വീഡിയോകള്‍ ആണെങ്കില്‍ കൈമാറ്റം ചെയ്യപ്പെടുക (Transfer), ഡൗണ്‍ലോഡ് ചെയ്യുക, ആളുകള്‍ കാണുക തുടങ്ങിയവക്ക് സാധ്യത കുറവാണ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഫെയ്‌സ്ബുക്ക് അടക്കമുള്ളവയുടെ ഉപഭോക്താക്കള്‍ പ്രത്യേകിച്ചും യുവാക്കള്‍ വലിയ അളവില്‍ കുറഞ്ഞുവരുന്നതായും ഇന്‍സ്റ്റഗ്രാം പോലുള്ളവ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നതായും ഇപ്പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങള്‍ മനസ്സിലാക്കി എപ്പോഴും സ്ട്രാറ്റജികള്‍ മാറ്റിക്കൊണ്ടിരിക്കണം. 

നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യം  (Transparent)  ആയിരിക്കുക എന്നത് കാലഘട്ടത്തിലെ ഏറ്റവും അടിയന്തരമായ ഒരു സംഗതിയാണ്. എല്ലാ പ്രവര്‍ത്തനങ്ങളും, പ്രത്യേകിച്ചും സാമ്പത്തിക വിനിമയങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ കള്ളത്തരങ്ങളില്ലെന്ന് എല്ലാവരെയും ബോധ്യമാക്കുക എന്നതു കൂടിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്വാളിറ്റി കണക്കാക്കുന്നതു പോലും  ക്വാിറ്റി അളന്നാണ് എന്നതിനാല്‍ കണക്കുകള്‍ക്കും വസ്തുതകള്‍ക്കും ഇക്കാലത്ത് വമ്പിച്ച പ്രാധാന്യം ഉണ്ട്. നമ്മള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പാരിമാണിക‑(Quantitative)മായി നമുക്ക് വിശദീകരിക്കാന്‍ കഴിയുക എന്നതാണ് സമകാലിക പൊതു ഇടങ്ങളിലെ താല്‍പര്യവും  കീഴ്‌വഴക്കവും. ഞങ്ങള്‍ ഒരുപാട് പേരുടെ കണ്ണീരൊപ്പി, താങ്ങും തണലുമായി എന്നെല്ലാം പറയുന്നത് ഒരു ഗുണസംബന്ധിയായ (Qualitative) പ്രതികരണമാണ്. അതേസമയം എത്രപേര്‍ക്ക്, എത്ര പണം ചെലവഴിച്ചു, ആര്‍ക്കെല്ലാം പണം ചെലവഴിച്ചു എന്ന് പറയുകയാണ്  ആവശ്യം. അത് വെച്ചു കൂടിയാണ് സംഘത്തിന്റെ വിശ്വാസ്യത ഇക്കാലത്ത് അളക്കുന്നത്. 

സുതാര്യത പോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇക്കാലത്ത് വേഗതയും. അന്വേഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പെട്ടെന്ന് മറുപടി നല്‍കുക. വിഷയങ്ങളെ ദ്രുതഗതിയില്‍ അഡ്രസ് ചെയ്യുക തുടങ്ങിയവ. ഗവണ്‍മെന്റ് തലത്തില്‍ പോലും സേവനങ്ങള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കണം എന്ന നിയമം ഉള്ള ഇക്കാലത്ത്, ഇസ്‌ലാമിക പ്രവര്‍ത്തകരും സംഘങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ശുഷ്‌കാന്തി കാണിക്കണം. അല്ലാത്തപക്ഷം അവര്‍ ചരിത്രത്തിന്റെ പിന്നോട്ട് തള്ളിമാറ്റപ്പെടും. തീരുമാനങ്ങള്‍ വന്നു കഴിയുമ്പോഴേക്കും പ്രസ്തുത വിഷയം തന്നെ അപ്രസക്തമായിട്ടുാവും.

പ്രവര്‍ത്തനങ്ങളുടെ പ്രതികരണം,  പ്രതിഫലനം, ഫീഡ് ബാക്കുകള്‍ എന്നിവ നിരന്തരം നിരീക്ഷണവിധേയമാക്കണം. ഫീഡ് ബാക്കുകള്‍ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കണം. എന്നാല്‍ മാത്രമേ തിരുത്തുകള്‍ സംഭവിക്കൂ. സ്ഖലിതങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഏറ്റുപറയുകയും തിരുത്തുകയും  ചെയ്യുക  എന്നത് വളരെ ഗുണാത്മകമായ പ്രവര്‍ത്തനമാണ്. തെറ്റുകളെ വ്യാഖ്യാനിക്കുകയും ന്യായങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്നതിനേക്കാള്‍ മാന്യതയും പോസിറ്റീവ് എനര്‍ജിയും പ്രദാനം ചെയ്യുന്ന പ്രവര്‍ത്തനം കൂടിയാണ് തിരുത്തല്‍ എന്നത്. പൊതു സമൂഹവും തിരുത്തലുകളെ സ്വാഗതം ചെയ്യുന്ന മാനസികാവസ്ഥയിലാണ്. അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘങ്ങളുടെ ഇമേജ് വര്‍ധിപ്പിക്കുകയേയുള്ളൂ. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച പാകപ്പിഴകളെ കുറിച്ച് അതിന്റെ നേതാക്കള്‍ പുസ്തകങ്ങള്‍ ഇറക്കുന്ന കാലം കൂടിയാണല്ലോ ഇത്. 

സമകാലിക ശാസ്ത്രവും മാനേജ്‌മെന്റും അനുസരിച്ച് പുതിയ മെത്തഡോളജിയെ സ്‌ക്രം(Scrum) എന്ന് വിളിക്കുന്നു. ചെറിയ കാലത്തേക്ക് പ്ലാനുകള്‍ ഉണ്ടാക്കുകയും അവ Implement ചെയ്യുകയും തുടര്‍ന്ന് നിരന്തരം ഫീഡ് ബാക്കുകള്‍ എടുത്ത് മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പ്രയാണം നടത്തുകയും ചെയ്യുന്നതിനെയാണ് സ്‌ക്രം എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.

സ്വന്തത്തെ കുറിച്ച ആത്മാഭിമാനവും അനുബന്ധ പ്രവൃത്തികളുമാണ് ഈ ലേഖനം മുന്നോട്ടുവെക്കുന്ന ചിന്തകളില്‍ അവസാനത്തെ ഇനം. പ്രസ്ഥാനം നടത്തുന്ന വിപുലമായ പരിപാടികളെ കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കണം. സമൂഹത്തില്‍ നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി പൊതുസമൂഹം മനസ്സിലാക്കുകയും അതിന് അംഗീകാരം ലഭിക്കുകയും വേണം.

അത് വേണ്ടവിധം സമൂഹത്തെ അറിയിച്ചാലേ (Brand it & Celebrate) പൊതുസ്വീകാര്യത ലഭിക്കൂ. എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ ഇട്ടു തരുന്ന അജണ്ടകളിലും ചര്‍ച്ചകളിലും കുരുങ്ങി കാലം കഴിക്കരുത്. ഇന്ത്യന്‍ മുസ്ലിംകളോട് സ്ഥിരമായി ചോദിക്കുന്ന പന്ത്രണ്ടോളം ചോദ്യങ്ങള്‍ മുമ്പ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള മുസ്ലിംകളും സ്ഥിരമായി ചര്‍ച്ച ചെയ്യുന്ന ഇത്തരം ചില ചോദ്യങ്ങളുണ്ട്. അവക്ക് ഉത്തരം നല്‍കാന്‍ ഒരു ചെറുസംഘം, അല്ലെങ്കില്‍ ഉത്തരങ്ങള്‍ ഒരിക്കല്‍ മാത്രം നല്‍കുക/ഒറ്റത്തവണ തയാറാക്കി സൂക്ഷിക്കുക എന്നതായിരിക്കണം നമ്മുടെ സ്ട്രാറ്റജി. എല്ലാ കാലത്തും അതിനു പിന്നില്‍ ഒരു ജീവനുള്ള പ്രസ്ഥാനം സഞ്ചരിക്കരുത്. വാര്‍ത്തകളുടെ പിമ്പേ പറക്കുന്ന സംഘമായിത്തീരരുത്. അവ അവഗണിച്ച് വാര്‍ത്തകളും നരേറ്റീവുകളും ഉല്‍പാദിപ്പിക്കുന്ന സംഘമായി മുന്നില്‍ നടക്കണം. പ്ലാനുകളും പദ്ധതികളുമായി മുന്നേ ഗമിച്ച് ചരിത്രത്തിന്റെ സ്രഷ്ടാക്കളാവണം. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (01-05)
എ.വൈ.ആര്‍

ഹദീസ്‌

നനവുള്ളതാകട്ടെ ഓരോ ഹൃദയവും
അനീസ് റഹ്മാന്‍ പത്തനാപുരം