Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 01

3091

1440 ജമാദുല്‍ ആഖിര്‍ 0223

'ഇബ്‌നുസ്സബീല്‍' കേവല വഴിയാത്രികനോ?

അഡ്വ. അബ്ദുല്‍ കബീര്‍

അഭയാര്‍ഥികള്‍, സ്വന്തം രാജ്യത്തു തന്നെ പല കാരണങ്ങളാല്‍ താമസിക്കുന്നിടത്തുനിന്ന് വേരറുക്കപ്പെട്ടവര്‍, സാമ്പത്തിക കാരണങ്ങളാല്‍ കുടിയേറുന്നവര്‍ തുടങ്ങി പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നവര്‍ ഇന്ന് ലോകത്ത് ധാരാളമാണ്. ആഗോളതലത്തില്‍ വളരെ സങ്കീര്‍ണമായ രാഷ്ട്രീയ - സാമൂഹിക പ്രശ്നമാണത്. മധ്യ അമേരിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റപ്രവാഹം  തടയാനായി യു.എസ് - മെക്സിക്കന്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ കെട്ടാനുള്ള ഡെണോള്‍ഡ് ട്രംപിന്റെ പദ്ധതി വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണല്ലോ. കുടിയേറ്റത്തിന് അനുബന്ധമായി മനുഷ്യക്കടത്ത്, അടിമത്തസമാനമായ തൊഴില്‍ സാഹചര്യങ്ങള്‍, ലൈംഗിക വ്യാപാരം തുടങ്ങിയവയും ഇന്ന് ലോകം നേരിടുന്ന വന്‍ ഭീഷണികളാണ്.

 ഈയൊരു സാഹചര്യത്തില്‍ പണ്ഡിതശ്രദ്ധ വേണ്ടത്ര ലഭിക്കാതെപോയ ചില ഇസ്‌ലാമിക സംജ്ഞകളെക്കുറിച്ചാണ് ഈ കുറിപ്പ്. ഇസ്‌ലാമികപ്രമാണങ്ങളില്‍  ഹിജ്‌റക്കും മുഹാജിറിനും വളരെയധികം പ്രാധാന്യമുണ്ട്. മുസ്‌ലിംകള്‍ ആദ്യമായി ഹിജ്‌റ പോയത് നജ്ജാശിയുടെ (നേഗസ്) അബ്‌സീനിയ (ഇന്നത്തെ എരിത്രിയ, എത്യോപ്യ) യിലേക്കാണ്. അഭയാര്‍ഥി പ്രശ്‌നം ഇന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ ചൂടേറിയ വിഷയമായതിനാല്‍ ഇസ്‌ലാമികപ്രമാണങ്ങളിലെ ഹിജ്‌റ, മുഹാജിര്‍, ഇബ്‌നുസ്സബീല്‍, രിഖാബ്, അംന് എന്നീ സംജ്ഞകളെ നിലവിലെ അഭയാര്‍ഥി പ്രശ്‌നത്തെ നേരിടാന്‍ തക്ക വ്യവഹാരങ്ങളായി രൂപപ്പെടുത്താന്‍ ആഗോള മുസ്‌ലിം നേതൃത്വങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.

 ഇബ്‌നുസ്സബീല്‍ എന്ന ഖുര്‍ആനിക പ്രയോഗത്തിന് 'വഴിയാത്രക്കാരന്‍' എന്ന കേവല വായനയാണ് പൊതുവെ കാണാന്‍ കഴിയുക. യുദ്ധം, പ്രകൃതിക്ഷോഭം, ആഭ്യന്തര സംഘര്‍ഷം, ഭരണകൂടത്തിന്റെ സമീപനങ്ങള്‍ തുടങ്ങി തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ജന്മദേശത്തു നിന്ന് യാത്ര തിരിച്ചവര്‍ എന്തുകൊണ്ടും കേവല യാത്രികരേക്കാള്‍ ഇബ്‌നുസ്സബീല്‍ എന്ന  കാറ്റഗറിയുടെ ആനുകൂല്യം ലഭിക്കേണ്ടവരാണ്. മുഹാജിറിനെയും ഉള്‍ക്കൊള്ളുന്ന വിശാലമായ പദമാണ് ഇബ്‌നുസ്സബീല്‍. മുഹാജിര്‍ എന്ന് ഖുര്‍ആന്‍ പ്രയോഗിക്കുന്നിടത്ത് വിശ്വാസവും വിശ്വസിച്ചതുമൂലമുള്ള പീഡനവും (Persecution)  പ്രധാന ഘടകങ്ങളാണ്. വിശ്വസിച്ചതുമൂലമുള്ള വിവേചനങ്ങളും മര്‍ദനങ്ങളും ശക്തിപ്പെട്ട ഒരിടത്തു നിന്ന് ഹിജ്റ ചെയ്യല്‍ വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയായാണ് ഖുര്‍ആന്‍ പറയുന്നത്. ഇസ്‌ലാമിക ജീവിതം പ്രയാസകരമായ ഒരിടത്ത് ജീവിക്കുന്നത്,  സ്വന്തത്തോടു ചെയ്യുന്ന അക്രമമായി ഖുര്‍ആന്‍  വിശേഷിപ്പിക്കുന്നു്: ''തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ചവരുണ്ടല്ലോ. അവരുടെ ജീവന്‍ പിടിച്ചെടുക്കുമ്പോള്‍ മലക്കുകള്‍ ചോദിക്കും; 'നിങ്ങള്‍ എന്തവസ്ഥയിലായിരുന്നു...?' അവര്‍ മറുപടി പറയും; 'ഭൂമിയില്‍ ഞങ്ങള്‍ അവശരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്നു.' മലക്കുകള്‍ പറയും; അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ...നിങ്ങള്‍ക്ക് സ്വദേശം വെടിഞ്ഞ് പലായനം ചെയ്തുകൂടായിരുന്നുവോ. ഇവര്‍ നരകം താവളമായിട്ടുള്ളവര്‍തന്നെയാകുന്നു. അത് എത്രയും വഷളായ താവളം തന്നെ'' (4:97). അത്തരം സാഹചര്യങ്ങളില്‍ ഹിജ്‌റ ചെയ്തുവരുന്നവരെ സഹായിക്കുക എന്നതു മാത്രമല്ല മര്‍ദിതരായ ആളുകള്‍ ഹിജ്‌റ ചെയ്യല്‍ നിര്‍ബന്ധമാണ്  എന്നതും ഈ ആയത്തില്‍നിന്ന് മനസ്സിലാകുന്ന കാര്യമാണ്. സൂറഃ അന്നിസാഅ് 39-ാം സൂക്തത്തില്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ശിര്‍ക്ക് ചെയ്യരുത് എന്നിങ്ങനെയുള്ള കല്‍പ്പനകള്‍ക്കു ശേഷം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റും നന്മ ചെയ്യണം എന്നു പറഞ്ഞ കൂട്ടത്തില്‍ ഇബ്നുസ്സബീലിനെയും ഉള്‍പ്പെടുത്തിയതായി കാണാം. തുടര്‍ന്നുള്ള സൂക്തത്തില്‍, സ്വയം ലുബ്ധരാവുകയും  ആളുകളെ ലുബ്ധ് ഉപദേശിക്കുകയും ചെയ്യുന്നവരെയും അഹന്തയാല്‍ വഞ്ചിതരായി സ്വയം  നിഗളിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്നും പറയുന്നുണ്ട്. നന്മ ചെയ്യപ്പെടേണ്ട ആളുകളുടെ ഗണത്തിലാണ് ഖുര്‍ആന്‍ ഇബ്നുസ്സബീല്‍ എന്ന കാറ്റഗറിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ഈ ആയത്തിലെ 'സ്വയം ലുബ്ധരായി ആളുകളോട് ലുബ്ധ് ഉപദേശിക്കുകയും അല്ലാഹു തങ്ങള്‍ക്കേകിയ  അനുഗ്രഹങ്ങളെ പൂഴ്ത്തിവെക്കുകയും ചെയ്യുന്നവര്‍, അഹന്തയാല്‍ വഞ്ചിതരായി നിഗളിക്കുന്നവര്‍' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. കുടിയേറി വരുന്നവരെ സഹായിക്കുന്നതില്‍ ലുബ്ധ് കാണിക്കുന്ന ഭരണാധികാരികള്‍, വ്യക്തികള്‍, സാമൂഹിക സ്ഥാപനങ്ങള്‍ മാത്രമല്ല, അത്തരത്തില്‍ ലുബ്ധ് ഉപദേശിക്കുന്ന നയനിര്‍മാണ വിദഗ്ധര്‍, കുടിയേറ്റക്കാര്‍ വന്നു കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട വിഭവങ്ങള്‍ നഷ്ടപ്പെടും എന്ന കുടിയേറ്റവിരുദ്ധ വികാരം ജ്വലിപ്പിക്കുന്ന പാര്‍ട്ടികള്‍ തുടങ്ങിയവരെല്ലാം ലുബ്ധ് ഉപദേശിക്കുന്നവര്‍ എന്ന ഇനത്തില്‍ പെടും. കുടിയേറ്റക്കാര്‍  തങ്ങളുടെ 'മഹത്തായ സംസ്‌കാര'ത്തെ  നശിപ്പിക്കുമെന്ന് വിശ്വസിക്കുന്ന വംശീയ-ദേശീയ ചിന്താഗതിയെയും പരദേശി സ്പര്‍ധ(Xenophobia)യെയുമെല്ലാം 'അഹന്തയാല്‍ നിഗളിക്കുന്നവര്‍' എന്ന ഖുര്‍ആനിക പ്രയോഗത്തിലൂടെ നോക്കിക്കാണാന്‍ കഴിയും. യൂറോപ്പിലെ വെള്ളവംശീയവാദികളും നമ്മുടെ നാട്ടിലെ സംഘ് പരിവാറുകാരുമെല്ലാം ഇത്തരത്തില്‍ വംശീയ- ദേശീയ മേല്‍ക്കോയ്മയില്‍ വിശ്വസിക്കുന്നവരും കുടിയേറ്റക്കാരോട്, അഭയാര്‍ഥികളോട്, 'ശുദ്ധതാവാദ'ത്തിന്റേതായ നിലപാട് സ്വീകരിക്കുന്നവരുമാണ്. 

നമ്മുടെ നാട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളെ മനുഷ്യരായി കാണാന്‍ കഴിയാത്ത ആളുകളില്ലേ? അവരെയെല്ലാം കുറ്റവാളികളായി കാണുന്ന പ്രവണത ഉണ്ടാക്കുന്നതില്‍ മീഡിയയുടെ സെന്‍സേഷണല്‍ സ്റ്റോറികള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തരത്തിലുള്ള അഹന്ത നമ്മെ അബോധത്തില്‍ പോലും ഭരിക്കാന്‍ പാടില്ലെന്നു മാത്രമല്ല, പൊതുസമൂഹത്തിന്റെ ഇത്തരം സമീപനങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ ഇസ്‌ലാമിക സമൂഹത്തിന് ബാധ്യതയുമുണ്ട്.      

'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക' എന്ന കാറ്റഗറിയിലും അവരുടെ പുനരധിവാസം  സകാത്തിനു കീഴില്‍ വരുന്നതാണ്. എന്നു മാത്രമല്ല, ഇസ്‌ലാമിക ഭരണകൂടത്തിന് മുഹാജിറുകളെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ട് എന്ന തരത്തിലുള്ള ഖുര്‍ആന്‍, ഹദീസ് വചനങ്ങള്‍ കാണാന്‍ കഴിയും. അവിശ്വാസികള്‍ക്കും അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. സൂറഃ അത്തൗബയിലെ ആറാം സൂക്തം പറയുന്നതിപ്രകാരമാണ്: ''ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയം തേടി വന്നാല്‍, ദൈവിക വചനം കേള്‍ക്കാന്‍ അവന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു കൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഇപ്രകാരം പ്രവര്‍ത്തിക്കേണ്ടത്.'' ഇസ്‌ലാമിക രാജ്യത്ത് അഭയം തേടി വന്ന അവിശ്വാസിക്കും അഭയം നല്‍കേണ്ടതുണ്ട് എന്നര്‍ഥം. അംന് (നിര്‍ഭയത്വം) എന്നത് മനുഷ്യജീവിതത്തിന് അങ്ങേയറ്റം അനിവാര്യമാണ്. ഖുറൈശികള്‍ക്ക് അല്ലാഹു കൊടുത്ത ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണത്. മക്കക്കുവേണ്ടിയുള്ള ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകളിലും മറ്റനേകം ഖുര്‍ആന്‍ പരാമര്‍ശങ്ങളിലും അംന് കടന്നുവരുന്നു്. 

മുഹാജിര്‍ എന്ന പദത്തേക്കാള്‍ വിശാലമാണ് ഇബ്‌നുസ്സബീല്‍ എന്ന പ്രയോഗമെന്ന് നേരത്തേ പറഞ്ഞുവല്ലോ. 1951-ലെ റെഫ്യൂജി കണ്‍വെന്‍ഷന്‍ അഭയാര്‍ഥികളെ നിര്‍വചിക്കുമ്പോള്‍ Well Founded Fear of Persecution എന്ന പ്രയോഗമാണ് നടത്തിയിരിക്കുന്നത്. മതത്തിന്റെയോ വംശത്തിന്റേയോ ദേശീയതയുടേയോ മറ്റേതെങ്കിലും സാമൂഹിക-രാഷ്ട്രീയ ഗ്രൂപ്പിന്റെയോ ഭാഗമായതിന്റെ പേരില്‍ പീഡനങ്ങള്‍ക്കിരയാക്കപ്പെടുമെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ന്യായമായും ഭയപ്പെടുന്ന, അതിനാല്‍ തന്റെ രാജ്യത്തിനു പുറത്ത് അഭയം തേടേിവരുന്ന ആളെയാണ് അഭയാര്‍ഥി എന്നു വിളിക്കുന്നത്. പീഡനത്തെക്കുറിച്ച് ഭയമില്ലാത്ത, എന്നാല്‍ മറ്റു പല കാരണങ്ങളാല്‍ കുടിയേറ്റം നടത്തുന്ന ആളുകള്‍ക്ക് അഭയാര്‍ഥി പരിഗണന കിട്ടുകയില്ല. ഇബ്നുസ്സബീല്‍ എന്ന ഖുര്‍ആനിക പ്രയോഗമാവട്ടെ എല്ലാ തരത്തിലുമുള്ള കുടിയേറ്റക്കാരെയും ഉള്‍ക്കൊള്ളുന്നുണ്ട്.  പ്രകൃതിക്ഷോഭം, ദാരിദ്ര്യം, അരക്ഷിതാവസ്ഥ, സാമ്പത്തിക അസ്ഥിരത തുടങ്ങിയ കാരണങ്ങളാല്‍ ഉാകുന്ന കുടിയേറ്റത്തെ മൊത്തത്തില്‍ സൂചിപ്പിക്കുന്ന സംജ്ഞയായി ഇബ്‌നുസ്സബീല്‍ എന്ന പ്രയോഗത്തെ വികസിപ്പിക്കേണ്ടതുണ്ട്. 

സകാത്തുമായി ബന്ധപ്പെട്ട ഇബ്‌നുസ്സബീല്‍ എന്ന ഈ വ്യവഹാരത്തെ കുടിയേറ്റത്തിന്റെ സങ്കീര്‍ണതകളുമായി  കണ്ണിചേര്‍ത്ത ഏറ്റവും മികച്ച ഉദാഹരണം നമുക്ക് ഇന്തോനേഷ്യയിലെ Dompet Dhuafa എന്ന ഇസ്‌ലാമിക ചാരിറ്റി സംഘടനയില്‍ കാണാന്‍ കഴിയും. ഇസ്‌ലാമിലെ സകാത്ത് സങ്കല്‍പ്പത്തെ ആധുനിക വികസന കാഴ്ചപ്പാടുമായും യു.എന്നിന്റെ മിലേനിയം വികസന പ്രോജക്ടുമായും സുസ്ഥിര വികസന ലക്ഷ്യവുമായും (Sustainable Development Goals) കൂട്ടിയോജിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇന്തോനേഷ്യന്‍ കുടിയേറ്റത്തൊഴിലാളികള്‍ ഗള്‍ഫിലും ഹോങ്കോംഗിലും മറ്റു പല രാജ്യങ്ങളിലും ജോലിയെടുക്കുന്നുണ്ട്. അണ്‍സ്‌കില്‍ഡ് ജോലിക്കാരാണ്  ഇവരില്‍ കൂടുതലും. കുടിയേറ്റം നടത്തുന്ന സ്ത്രീകളില്‍ ഏറിയ പങ്കും ഗാര്‍ഹിക ജോലിക്കായി വരുന്നവരാണ്. Dompet Dhuafa  ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് സകാത്തിനര്‍ഹരായ ഇബ്‌നുസ്സബീല്‍ എന്ന കാറ്റഗറിയെയാണ് സൈദ്ധാന്തികമായി ഉപയോഗിച്ചത്. 1993-ല്‍ കുറച്ച് പത്രപ്രവര്‍ത്തകരാല്‍ രൂപീകൃതമായ ഈ സംഘം ഹോങ്കോംഗിലും മറ്റുമുള്ള  കുടിയേറ്റ സമൂഹങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സെന്ററുകളും തുറക്കുകയുണ്ടായി. നമ്മുടെ നാട്ടിലെ ഇതര സംസ്ഥാനത്തൊഴിലാളികളിലും ഗള്‍ഫിലെ പ്രവാസികള്‍ക്കിടയിലും പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കാനുള്ള സൈദ്ധാന്തികശേഷി ഇബ്‌നുസ്സബീല്‍ എന്ന പദത്തിനുണ്ട്. ഗള്‍ഫില്‍ തൊഴില്‍ പീഡനങ്ങള്‍ക്കിരയാക്കപ്പെടുന്ന, നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികളെ അതതു രാജ്യത്തെ നിയമസംവിധാനങ്ങള്‍ വഴി രക്ഷപ്പെടുത്താന്‍ ഈ കാറ്റഗറിയുടെ പുനരാഖ്യാനത്തിലൂടെ സാധ്യമാവില്ലേ എന്ന് ആലോചിക്കണം.

നമ്മുടെ നാട്ടില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തൊഴിലാളികളില്‍ ഗണ്യമായ വിഭാഗം മുസ്‌ലിംകളാണ്. പൊതു സമൂഹത്തിന്റെ വിവേചനപൂര്‍ണമായ സമീപനം, വൃത്തിഹീനമായ താമസ സൗകര്യം, അപകടകരമായ തൊഴില്‍ സാഹചര്യം, പോലീസിന്റെയും മറ്റു ഭരണകൂട സ്ഥാപനങ്ങളുടെയും മുന്‍വിധിയോടെയുള്ള സമീപനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ അവര്‍ അനുഭവിക്കുന്നു്. അവര്‍ക്കിടയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും സകാത്തിന്റെ ഗുണഭോക്താക്കളായി അവരെ കാണാനും കഴിയേണ്ടതുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത്, ലൈംഗിക വ്യാപാരം, അടിമത്തം, നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കല്‍ തുടങ്ങി പലതരത്തിലുള്ള കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറു്. കുടിയേറുന്ന ആളുകളുടെ പരിചയക്കുറവ്, അജ്ഞത എന്നിവ മുതലെടുത്ത് ഇത്തരം അപകടങ്ങളിലേക്ക് അവരെ തള്ളിവിടാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ഖുര്‍ആനിലെ 'ഫിര്‍രിഖാബ്' എന്ന അടിമത്ത വിമോചനത്തെക്കുറിച്ച ആഹ്വാനങ്ങള്‍ ഇന്നും പ്രസക്തമാണെന്ന വസ്തുത പലരും വിസ്മരിച്ച മട്ടാണ്. കുടിയേറ്റത്തിന്റെ ഭാഗമല്ലാതെ തന്നെ, ജാതിവ്യവസ്ഥയുടെ ഭാഗമായി അടിമത്തം ഇന്ത്യയില്‍ ഇപ്പോഴുമുണ്ട്. ദേവദാസി സമ്പ്രദായം പോലുള്ള പല രീതിയിലുള്ള അനാചാരങ്ങള്‍ നിലനില്‍ക്കുന്നു. അടിമത്തം നിരോധിക്കപ്പെട്ടുവെങ്കിലും പ്രയോഗത്തില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് വാക്ഫ്രീ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍, അടിമത്തസമാനമായ ജോലിയെടുക്കുന്നവരുടെ  എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

സമകാലിക ആഗോള കുടിയേറ്റ പ്രതിസന്ധിയുടെ ഘട്ടത്തില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക സങ്കല്‍പ്പങ്ങളെ പുനരാലോചനക്കു വിധേയമാക്കണം. ഇസ്‌ലാമിക പരോപകാര തല്‍പരതയുടെ പുതിയ മാതൃകകള്‍ സൃഷ്ടിച്ച് മുന്നോട്ടുപോകാനുള്ള അന്വേഷണം തീര്‍ച്ചയായും നാം നടത്തേണ്ടതുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (01-05)
എ.വൈ.ആര്‍

ഹദീസ്‌

നനവുള്ളതാകട്ടെ ഓരോ ഹൃദയവും
അനീസ് റഹ്മാന്‍ പത്തനാപുരം