Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 01

3091

1440 ജമാദുല്‍ ആഖിര്‍ 0223

പുല്‍വാമയിലെ ഭീകരാക്രമണം

ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ല യില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിനു നേരെ ഫെബ്രുവരി 14-ന് നടന്ന ഭീകരാക്രമണത്തില്‍ നാല്‍പതിലധികം ജവാന്മാര്‍ക്കാണ് ജീവഹാനി നേരിട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയും പ്രഹരശേഷിയുള്ള ഒരാക്രമണം ഇതാദ്യമായാണ്. ജയ്‌ശെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും അവര്‍ സ്വന്തമായി അത് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ആരും കരുതുന്നില്ല. പാകിസ്താനാണ് ഈ ഭീകരാക്രമണത്തിനു പിന്നിലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുകയും തക്ക സമയത്ത് തിരിച്ചടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ആക്രമണം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം അതിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്നയാളെ ഇന്ത്യന്‍ സേന ഏറ്റുമുട്ടലിലൂടെ വധിക്കുകയും ചെയ്തു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനാകട്ടെ വളരെ വൈകിയാണ് ഇതിനോട് പ്രതികരിച്ചത്. തങ്ങള്‍ക്ക് പങ്കില്ലെന്ന പതിവു പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തവരെ പിടികൂടാനോ വിചാരണ ചെയ്യാനോ പാക് ഭരണകൂടങ്ങളൊന്നും ഇന്നേവരെ തയാറാകാത്ത സാഹചര്യത്തില്‍ അത്തരം പ്രസ്താവനകളൊന്നും ആരും മുഖവിലക്കെടുക്കുകയില്ല. തന്റേത് ഒരു 'നയാ പാകിസ്താന്‍' ആയിരിക്കുമെന്നായിരുന്നു ഇംറാന്‍ ഖാന്റെ പ്രഖ്യാപനം. കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്നും പറഞ്ഞിരുന്നു. പക്ഷേ അതൊക്കെ ജലരേഖകളായി പരിണമിച്ചിരിക്കുന്നു. ചര്‍ച്ചയുടെ കാലം കഴിഞ്ഞെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞ സ്ഥിതിക്ക്, ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്നുറപ്പ്. 

ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ജമ്മു-കശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തതിനു ശേഷം സംസ്ഥാനത്ത് ക്രമസമാധാന നില കൂടുതല്‍ മോശമാവുകയാണുണ്ടായത്. സംഘ് പരിവാറിന്റെ കശ്മീര്‍ നയമാണ് അതിന് പ്രധാന കാരണമെന്ന് കണ്ടെത്താനും പ്രയാസമില്ല. കശ്മീരികളെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ പരിഹാരമാണ് കുരുക്കഴിക്കാനുള്ള പോംവഴിയെന്ന് സംഘ് പരിവാര്‍ ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളൊക്കെ സമ്മതിക്കും. പക്ഷേ ആ നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ കഴിഞ്ഞ കാലത്ത് പരാജയപ്പെടുകയാണുണ്ടായത്. ഈ പൊതു നയത്തില്‍നിന്ന് വ്യത്യസ്തമായി കശ്മീരികളെ അകറ്റിനിര്‍ത്തുകയും പ്രശ്‌നപരിഹാരത്തിന് വാജ്‌പേയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തുടങ്ങിവെച്ച സംരംഭങ്ങളെ അട്ടിമറിക്കുകയുമാണ് നരേന്ദ്ര മോദി ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് കശ്മീരികള്‍ പലതരം കൈയേറ്റങ്ങള്‍ക്ക് വിധേയമായപ്പോള്‍ ചില സംഘ് പരിവാര്‍ സംഘങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനകള്‍ നടത്തിയത് ഇതിന് തെളിവാണ്. കേന്ദ്ര ഗവണ്‍മെന്റാകട്ടെ ഈ കൈയേറ്റങ്ങളെക്കുറിച്ച് മൗനമവലംബിക്കുകയും ചെയ്തു.

തീര്‍ച്ചയായും പുല്‍വാമയില്‍ നടന്നത് ദേശസുരക്ഷക്ക് നേരെയുള്ള കടന്നാക്രമണം തന്നെയാണ്. അതേസമയം വന്‍ സുരക്ഷാ വീഴ്ചയാണ്  അത്തരമൊരു ആക്രമണത്തിന് വഴിതുറന്നത് എന്നതും കാണാതിരുന്നു കൂടാ. 78 വാഹനങ്ങളിലായി 2500 സി.ആര്‍.പി.എഫ് ജവാന്മാര്‍ യാത്ര ചെയ്തിരുന്ന വ്യൂഹത്തിനു നേരെയാണ് 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം ചാവേര്‍ ഇടിച്ചു കയറ്റിയത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഇതെങ്ങനെ സംഭവിച്ചു എന്നത് ദുരൂഹമാണ്. അതിന് തൃപ്തികരമായ ഉത്തരം ഇതേവരെ ലഭിച്ചിട്ടുമില്ല.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (01-05)
എ.വൈ.ആര്‍

ഹദീസ്‌

നനവുള്ളതാകട്ടെ ഓരോ ഹൃദയവും
അനീസ് റഹ്മാന്‍ പത്തനാപുരം