Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

കെ.എം അബ്ദുല്‍കരീം മൗലാന

പ്രഭാഷകനും എഴുത്തുകാരനും മുദര്‍രിസുമായിരുന്ന കെ.എം അബ്ദുല്‍ കരീം മൗലാന നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു. വിനയം, വിശാല വീക്ഷണം, ആതിഥ്യമര്യാദ, ആഴമേറിയ വിജ്ഞാനം ഇതൊക്കെ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി. തൊടുപുഴ ഇടവെട്ടി സ്വദേശിയായ അദ്ദേഹം ഏകദേശം അരനൂറ്റാണ്ട് മുദര്‍രിസായി സേവനമനുഷ്ഠിക്കുകയുണ്ടായി. ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട് പ്രഗത്ഭനായ ഈ ഹനഫി പണ്ഡിതന്.

ഹദീസ് വിജ്ഞാനത്തില്‍ അഗാധ പാണ്ഡിത്യമായിരുന്നു മൗലാനക്ക്. സ്‌കൂളില്‍ പോയിട്ടില്ലെങ്കിലും പൊതുവിജ്ഞാനം സ്വയം വായനയിലൂടെ സ്വായത്തമാക്കി. മതപഠനം ഈരാറ്റുപേട്ട, ബംഗളൂരു സബീലുര്‍റശാദ്, ദാറുല്‍ ഉലൂം ദയൂബന്ദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു. അപാരമായ ഓര്‍മശക്തിയുടെ ഉടമയായിരുന്നു. 1968-ല്‍ 7 മാസംകൊണ്ട് അദ്ദേഹം ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കി. മരണം വരെ തബ്‌ലീഗ് പ്രവര്‍ത്തനത്തിന്റെ കേരള അമീര്‍ കൂടിയായിരുന്നു.

മുസ്‌ലിം ഐക്യത്തിന് തന്നാല്‍ കഴിയുന്ന ശ്രമങ്ങള്‍ നടത്തിപ്പോന്നിരുന്നു. ഒരു സംഘടനക്കും അദ്ദേഹം അയിത്തം കല്‍പ്പിച്ചിരുന്നില്ല. ആള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മൗലാന. മുസ്‌ലിം കൈരളിക്ക് കഴിവുള്ള കൗസരി, കശ്ശാഫി പണ്ഡിതന്മാരെ സമ്മാനിക്കുന്നതില്‍ മൗലാനയുടെ പങ്കും പരിശ്രമവും വിലമതിക്കാനാവാത്തതാണ്. 40 വര്‍ഷത്തോളം സ്വഹീഹുല്‍ ബുഖാരി ക്ലാസ് എടുത്തിരുന്നു.

മരണപ്പെടുമ്പോള്‍ 74 വയസ്സായിരുന്നു. ഭാര്യമാര്‍: മര്‍ഹൂമ ഹലീമ ബീവി, റൈഹാനത്ത്. മക്കള്‍: യൂസുഫ് അല്‍ കൗസരി, അബ്ദുര്‍റശീദ് അല്‍ കൗസരി, സ്വാലിഹ, ഷമീമ, സംഅ സഊദ്.

എ.പി ശിഫാര്‍ അല്‍ കൗസരി

ജന. സെക്രട്ടറി അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

 

 

 

ഉമ്മര്‍ ബാവ താനൂര്‍

താനൂര്‍ കുമ്പളപറമ്പില്‍ ഉമ്മര്‍ ബാവ (56) അല്ലാഹുവിങ്കലേക്ക് യാത്രയായി. ജോലിയാവശ്യാര്‍ഥം ദീര്‍ഘകാലമായി ഒമാനില്‍ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു. 

ശാന്തപുരം ഇസ്ലാമിയ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം താനൂര്‍ ഇസ്ലാമിക് സെന്ററിലും തിരൂര്‍ ടി.ഐ.സി. സ്‌കൂളിലും  അധ്യാപകനായി ജോലി ചെയ്തു. താനൂര്‍ ബസ്സ്റ്റാന്റ് മസ്ജിദില്‍ അദ്ദേഹം ഖുത്വ്ബ നടത്തിയിരുന്നു.

പണ്ഡിതനും പ്രഭാഷകനും നല്ലൊരു കലാകാരനുമായിരുന്നു ഉമ്മര്‍ ബാവ. ഒമാനിലെ കേരളാ ഇസ്ലാമിക് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും യൂനിറ്റ് ഭാരവാഹിയുമായിരുന്നു.  ഇസ്ലാമിക പ്രസ്ഥാനത്തെ നെഞ്ചേറ്റിയ അദ്ദേഹത്തിന് അമീറുമായുള്ള കൂടിക്കാഴ്ച മാത്രമായിരുന്നു പ്രസ്ഥാനത്തില്‍ അംഗത്വം നേടാന്‍ ബാക്കിയുണ്ടായിരുന്നത്. വായനയും വിജ്ഞാന സമ്പാദനവും ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്നു.

ഭാര്യയും മൂന്നു പെണ്‍മക്കളും രണ്ടു ആണ്‍കുട്ടികളും അടങ്ങിയതാണ് കുടുംബം.   

ബന്ധപ്പെട്ടവര്‍ക്കെല്ലാം നല്ല അനുഭവങ്ങള്‍ പകര്‍ന്നുനല്‍കി അദ്ദേഹം നാഥനിലേക്ക് യാത്രയായപ്പോള്‍ ഹര്‍ത്താല്‍ ദിനമായിരുന്നിട്ടും ബന്ധുക്കളും നാട്ടിലെയും പ്രവാസ ലോകത്തെയും സുഹൃത്തുക്കളുമടക്കം വന്‍ ജനാവലി താനൂര്‍ നടക്കാവ് ജുമാ മസ്ജിദില്‍ നടന്ന ഖബ്‌റടക്കത്തില്‍ സംബന്ധിച്ചു.

വി.എം അബ്ദുര്‍റഹീം, കൊടുങ്ങല്ലൂര്‍ 

 

 

 

കക്കടവില്‍ (ചാരുമ്മല്‍) മൊയ്തു

മാതൃകാ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു കക്കടവില്‍ ചാരുമ്മല്‍ മൊയ്തു സാഹിബ്. 1977-ല്‍ പ്രവാസിയായി. ഖത്തറിലായിരുന്ന അദ്ദേഹം, തന്റെ മഹല്ലായ കുറ്റിയാടി ചെറിയ കുമ്പളം മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടു നടക്കുന്ന ഒട്ടേറെ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സഹകാരിയായി. 'ഖത്തര്‍ ചെറിയ കുമ്പളം മഹല്ല് കമ്മിറ്റി പ്രസിഡന്റ്' പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ജോലി സംബന്ധമായ സമയക്കുറവുകള്‍ക്കിടയിലും പ്രസ്ഥാനത്തിന്റെ അഭ്യുദയ കാംക്ഷിയാവുകയും പരിമിതികളില്‍നിന്ന്‌കൊണ്ട് പ്രസ്ഥാന വളര്‍ച്ചക്ക് സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. 

കുറ്റിയാടി ചാരുമ്മല്‍ കേളോത് കുടുംബാംഗമായിരുന്നു അദ്ദേഹം. ഭാര്യയും നാല് മക്കളും മരുമക്കളും അടങ്ങിയതാണ് കുടുംബം. സോളിഡാരിറ്റി കുറ്റിയാടി ഏരിയ സെക്രട്ടറിയും സജീവ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഉബൈദ് കക്കടവില്‍ അദ്ദേഹത്തിന്റെ മകനാണ്.

സുല്‍ത്താന്‍ പാലേരി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്