Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

ചെറിയ മരണങ്ങളെക്കുറിച്ച് വലിയ പുസ്തകം

മുഹമ്മദ് കോമത്ത്, ദാറുല്‍ ഹുദാ

യാത്രകളുടെ കുട്ടിവെപ്പാണ് ജീവിതമെന്ന് പറയാം. ജീവിതത്തിന്റെ അര്‍ഥങ്ങള്‍ തേടിയുള്ള യാത്രകള്‍ മനുഷ്യനെയും മനുഷ്യമനസ്സിനെയും ജീവിതത്തെയും അഴകുള്ളതാക്കി മാറ്റുന്നു. ഒടുവില്‍ മരണമെത്തുമ്പോള്‍ ആ യാത്ര കഴിഞ്ഞുവെന്ന് നമുക്ക് തോന്നാമെങ്കിലും അവ ചെറിയ ചെറിയ മരണങ്ങള്‍ മാത്രമാണെന്നും അവിടെ നിന്നാണ് അതിഗംഭീരമായ യഥാര്‍ഥ യാത്രയുടെ തുടക്കമെന്നും പറഞ്ഞുതുടങ്ങുന്നിടത്ത് 'മൗത്തുന്‍ സഗീര്‍' എന്ന നോവല്‍ അവസാനിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ ഇബ്‌നുല്‍ അറബിയും അദ്ദേഹത്തിന്റെ സൂഫി ദര്‍ശനവും അക്കാദമിക രംഗത്ത് സജീവ ചര്‍ച്ചയാണ്. എറിക് വിംഗിള്‍, മെക്കല്‍ ചേക്‌സി വിക്‌സ്, വില്യം സി. ചിറ്റിക്ക്, സ്റ്റീഫന്‍ ഹിര്‍സ്‌റ്റൈന്‍, ഇയാന്‍ ആല്‍മണ്ട് തുടങ്ങി അനേകം അക്കാദമിക വിദഗ്ധരുടെ നിര തന്നെയുണ്ട് ഈ മേഖലയില്‍. ജലാലുദ്ദീന്‍ റൂമി പ്രണയത്തിന്റെയും ഇബ്‌നുല്‍ അറബി ദാര്‍ശനിക സൂഫിസത്തിന്റെയും പ്രതീകങ്ങളായി മാറിത്തീര്‍ന്നിട്ടുണ്ട്. 

അക്കാദമിക വ്യവഹാരങ്ങളില്‍ സജീവമാണെങ്കിലും ഇവരുടെ ജീവിതങ്ങളെ ഫിക്ഷനിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. മുസ്ലിം ചരിത്രത്തിലെ യോദ്ധാക്കളെ കുറിച്ച് മാത്രമാണ് ബയോഗ്രഫി ഫിക്ഷനുകള്‍ ഉണ്ടായിട്ടുള്ളത്. ഒരു സൂഫിയെ കുറിച്ച ആദ്യത്തെ ബയോഗ്രഫി ഫിക്ഷന്‍ തുര്‍ക്കി നോവലിസ്റ്റ് എലിഫ് ശഫാഖിന്റേതായിരിക്കും. 'പ്രണയത്തിന്റെ 40 നിയമങ്ങള്‍' എന്ന അവരുടെ നോവലിലെ ഇതിവൃത്തം ജലാലുദ്ദീന്‍ റൂമിയുടെ ആത്മീയ സഞ്ചാരമാണ്. എന്നാല്‍ പൂര്‍ണാര്‍ഥത്തിലുള്ള ഒരു ബയോഗ്രഫി ഫിക്ഷന്‍ അല്ല അത്. സുഊദി നോവലിസ്റ്റായ ഹസന്‍ അല്‍വാനാണ് 'മൗത്തുന്‍ സഗീര്‍' എന്ന തന്റെ നോവലിലൂടെ ഈ മേഖലയിലേക്ക് ആദ്യമായി ധീരമായ ചുവടുവെപ്പുകള്‍ നടത്തിയത്. 

ഇബ്‌നുല്‍ അറബിയുടെ ജീവിതത്തെ നോവലിലേക്ക് പരിഭാഷപ്പെടുത്തുകയെന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. 'മൗത്തുന്‍ സഗീര്‍' എന്ന നോവലില്‍ ഹസന്‍ അല്‍വാന്‍ അത് ഏറക്കുറെ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. 2016-ല്‍ ഈ കൃതിക്കാണ് അറബി ബുക്കര്‍ പ്രൈസ് ലഭിച്ചത്.

ഫിക്ഷനുകളില്‍, പ്രശസ്ത തുര്‍ക്കിഷ് സീരിയലായ ദിരിലിസ് എര്‍ തുഗ്‌റുലിലാണ് ഒരു സുപ്രധാന  കഥാപാത്രമായി ഇബ്‌നുല്‍ അറബി ആദ്യമായി കടന്നുവരുന്നത്. ശിഥിലമായ മുസ്‌ലിം ഭരണകൂടങ്ങള്‍, വഞ്ചകരായ അമീറുമാര്‍, പടിഞ്ഞാറു നിന്നുള്ള ബൈസാന്റിയന്‍ ആക്രമണങ്ങള്‍, ബഗ്ദാദിനെ തരിപ്പണമാക്കി മുന്നേറുന്ന മംഗോളിയന്‍ നരനായാട്ട് എന്നിങ്ങനെ അനവധി പ്രശ്‌നങ്ങളും ദുരന്തങ്ങളും നേരിട്ട തീക്ഷ്ണവും സംഘര്‍ഷഭരിതവുമായ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ രണ്ട് ശോഭന മുഖങ്ങളായി സീരിയല്‍ അവതരിപ്പിക്കുന്നത് പോരാളിയും ഭരണാധിപനുമായ എര്‍ തുഗ്‌റുലിനെയും പണ്ഡിതനും സൂഫിയുമായ ഇബ്‌നുല്‍ അറബിയെയുമാണ്. നാലു സീസണ്‍ വരേക്കും മികവുറ്റ കഥാപാത്രമായും നിഗൂഢതളെ പരിണയിച്ചും ഇബ്‌നുല്‍ അറബി അതില്‍ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്.

നോവലിലേക്കു വരാം. നോവലിനെ 12 സൂഫി സഞ്ചാരങ്ങളായാണ് അടുക്കിയിരിക്കുന്നത്. സൂഫി യാത്രകള്‍ എന്നതിനുപുറമെ 12 പശ്ചാത്തലങ്ങളിലേക്കുള്ള ആലോചന കൂടിയാണ് ആ യാത്രകള്‍. മുര്‍സിയയില്‍നിന്ന് തുടങ്ങുന്ന സഞ്ചാരം മുവഹ്ഹിദുകള്‍, മുറാബിത്തുകള്‍, അബ്ബാസികള്‍, സല്‍ജൂഖികള്‍, ബൈസന്റിയക്കാര്‍, കുരിശു പടയാളികള്‍, മംഗോളിയര്‍ എന്നിങ്ങനെ വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥകളെ അനുഭവിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ സഞ്ചാരം കൂടിയായി മാറുന്നു.

അന്തലുസിലെ മുര്‍സിയയില്‍  പിറന്നുവീണ ഇബ്‌നുല്‍ അറബിക്ക് വളര്‍ത്തു മാതാവ്  കൊര്‍ദോവക്കാരിയായ ഫാത്വിമ നല്‍കുന്ന ആദ്യത്തെ ഉപദേശം സദാ ഹൃദയം വിശുദ്ധമാക്കി വെക്കുക എന്നതായിരുന്നു. ആ വിശുദ്ധി തേടിയുള്ള യാത്ര അസര്‍ബൈജാന്‍, മൊറോക്കോ, ഈജിപ്ത്, ഹിജാസ്, ശാം, ഇറാഖ്, തുര്‍ക്കി എന്നിങ്ങനെ അനേകം സാമൂഹികവ്യവസ്ഥകളിലൂടെയും അനവധി പണ്ഡിതര്‍, സൂഫീവര്യര്‍, ദാര്‍ശനികര്‍ എന്നിവരുമായുള്ള ബന്ധങ്ങളിലൂടെയും വികസിക്കുന്നു. ഇടയില്‍ വിവാഹവും മകളുടെ വേര്‍പാടിന്റെ ദുഃഖങ്ങളും പ്രണയവും കാവ്യസല്ലാപങ്ങളുമൊക്കെ കടന്നുവരുന്നു.

1212-ല്‍ അസര്‍ബൈജാനിലെ ഒരു കൂരയിലിരുന്ന് ഇബ്‌നുല്‍ അറബി എഴുതി തുടങ്ങുന്ന സ്വന്തം ആത്മകഥയും ഈ പന്ത്രണ്ട് സഞ്ചാര ഘട്ടങ്ങളും കടന്ന് ഒടുവില്‍ 2012-ല്‍ സിറിയക്കാരനായ ഒരു അഭയാര്‍ഥിയുടെ കൈയിലെത്തുന്നതുവരെ എണ്ണൂറ് വര്‍ഷങ്ങളുടെ സഞ്ചാരം പൂര്‍ത്തിയാക്കുന്നുണ്ട്.

നോവലിന് ഇബ്‌നു അറബിയെ ആഴത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനമുണ്ട്. ഫിക്ഷന്റെ ആകര്‍ഷകത്വം നഷ്ടപ്പെടുമോ എന്ന് ഭയന്ന് അദ്ദേഹം ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതായി വായനക്കാരന് അനുഭവപ്പെടും. അതേസമയം, ഇസ്‌ലാമിക ചരിത്രത്തിലെ വളരെ സങ്കീര്‍ണവും കലുഷവുമായ പതിമൂന്നാം നൂറ്റാണ്ടിലെ സാമൂഹികവും രാഷ്ട്രീയവും ആധ്യാത്മികവുമായ ചരിത്രം പുനരവതരിപ്പിക്കാനുള്ള ശ്രമം നമുക്ക് ഈ നോവലില്‍ കാണാം.  

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്