Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

മാല്‍കം എക്‌സ് നിഷേധത്തിന്റെ സാര്‍വലൗകികത

മുഹമ്മദ് ഷാ

മാല്‍കം എക്‌സിന്റെ രക്തസാക്ഷ്യത്തിന് ഫെബ്രുവരി 21-ന് 54 വര്‍ഷം പൂര്‍ത്തിയാവുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകളെക്കുറിച്ച്....

മാല്‍കം എക്സ് എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് എന്താണ് വരുന്നത്? ഹിംസാത്മക പ്രതിരോധത്തിന്റെ വക്താവായിരുന്ന, എന്നാല്‍ പിന്നീട് ഹജ്ജിന് പോയപ്പോള്‍ യഥാര്‍ഥ ഇസ്‌ലാമിന്റെ സമാധാനപാതയിലേക്ക് വന്ന മുസ്‌ലിം-ബ്ലാക്ക് നേതാവ് എന്നാവും. മാല്‍കം എക്സിനെക്കുറിച്ച് ഏതൊക്കെ സന്ദര്‍ഭത്തിലാണ് നമ്മള്‍ സംസാരിക്കുക? വര്‍ണാധിപത്യത്തെക്കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍, ജാതിയുടെ പ്രശ്നത്തില്‍ ഇടപെടുമ്പോള്‍ ഒക്കെ ആയിരിക്കും അത്. ഈ ലേഖകന്റെ അനുഭവം പറയുകയാണെങ്കില്‍, ഹൈദരാബാദ് സര്‍വകലാശാല പോലെ ജാതിവിരുദ്ധ രാഷ്ട്രീയം ശക്തമായി നിലനില്‍ക്കുന്ന ഇടങ്ങളില്‍ മുസ്‌ലിം രാഷ്ട്രീയം കരുത്തോടെ ഉന്നയിക്കപ്പെടുന്നത് മാല്‍കം എക്സിന്റെ വാചകങ്ങളോടൊപ്പമാണ്. അഥവാ, മാല്‍കം എക്സ് സവിശേഷമായ ഒരു രാഷ്ട്രീയപ്രമേയമായാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് (Canonized). 

ഈ കാനൊനൈസേഷന്‍ സാധ്യമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് മാല്‍കം എക്സിന്റെ മുപ്പത് ഭാഷകളിലായി വിവര്‍ത്തനം ചെയ്യപ്പെട്ട ജീവചരിത്രമാണ് എന്ന് മാല്‍കം എക്സ് ഗവേഷകനായ ഗാരെത് ഫെല്‍ബര്‍ പറയുന്നു. 1977-ല്‍ മാത്രം ആറു മില്യന്‍ കോപ്പി വിറ്റഴിഞ്ഞ ഈ പുസ്തകം അനന്തര തലമുറയുടെ രാഷ്ട്രീയബോധത്തെ പുനര്‍വാര്‍ത്തെടുക്കുന്നതില്‍ കനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ പുസ്തകം എഴുതിയ അലക്സ് ഹാലി മാല്‍കം എക്സിനോടുള്ള തന്റെ വിയോജിപ്പുകള്‍ തുറന്നു പറയുന്നുണ്ട്. പുസ്തകത്തിലെ പല ഭാഗങ്ങളും മാല്‍കം എക്സ് ആഗ്രഹിച്ച പോലെയല്ല രൂപപ്പെട്ടത്. എഴുത്തിന്റെ സമയത്ത് മാല്‍കം എക്സ് തന്നെ ഹാലിയെ, 'എനിക്ക് വേണ്ടത് ഒരു വ്യാഖ്യാതാവിനെയല്ല, പറഞ്ഞു തരുന്നത് അതേപടി എഴുതാന്‍ പറ്റുന്ന ഒരാളെയാണ്' എന്ന് പറഞ്ഞു ശകാരിക്കുന്നതു കാണാം. എന്തായാലും, ഫെല്‍ബര്‍ പറയുന്നത് ഹാലി ഈ പുസ്തകത്തില്‍ മാല്‍കം എക്സിന്റെ രാഷ്ട്രീയ തത്ത്വചിന്തയെ വിശകലനവിധേയമാക്കുന്നതിനു പകരം, അദ്ദേഹത്തെ ഒരു കള്‍ട്ട് ആയി അവതരിപ്പിച്ചു എന്നാണ്. മാല്‍കമിന്റെ രാഷ്ട്രീയ തത്ത്വചിന്തയോടുള്ള ഹാലിയുടെ വിയോജിപ്പാകാം അത്തരമൊരു സമീപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത് എന്ന് കരുതാവുന്നതാണ്. ജീവചരിത്രത്തിന്റെ  ആദ്യപതിപ്പുകളില്‍ ഹാലി വിട്ടുകളഞ്ഞ നീഗ്രോ എന്ന ശീര്‍ഷകമുള്ളതടക്കമുള്ള മൂന്ന് പ്രധാന അധ്യായങ്ങളടങ്ങുന്ന മാനുസ്‌ക്രിപ്റ്റും മാല്‍കമിന്റെ മറ്റു വസ്തുക്കളും രേഖകളുമൊക്കെ ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയുടെ ബ്ലാക്ക് കള്‍ച്ചര്‍ ഗവേഷണ വിഭാഗം ലേലത്തില്‍ പിടിച്ചിരുന്നു. 1992-ല്‍ ഹാലി വിറ്റ ഒരു സ്വകാര്യ വ്യക്തിയില്‍നിന്നാണ് ഇതൊക്കെ തിരിച്ചുപിടിച്ചത്. അതില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത അനവധി എഴുത്തുകളിലൊന്നാണ് നീഗ്രോ എന്ന പേരിലുള്ള ഈ അധ്യായം. പ്രസിദ്ധീകരിക്കപ്പെടാത്ത ഈ എഴുത്തുകള്‍ മാല്‍കമിന്റെ രാഷ്ട്രീയ തത്ത്വചിന്തയെ കൂടുതല്‍ വിശദീകരിക്കുന്നുണ്ടെന്ന് ഫെല്‍ബര്‍ പറയുന്നു. മാല്‍കം എക്സ് എന്ന കാനോനൈസേഷന്‍ സാധ്യമാക്കുന്നതിനായി കൊടുത്ത വിലയാണ് ഈ അധ്യായങ്ങള്‍ എന്നാണ് ഫെല്‍ബറിന്റെ പക്ഷം. 

പക്ഷേ, തുടക്കത്തില്‍ സൂചിപ്പിച്ചപോലെ, ഫെല്‍ബറും മാനിംഗ് മരാബിളും അടങ്ങുന്ന ബ്ലാക്ക് ചിന്തകര്‍ മാല്‍കം എക്സ് എന്ന പൊളിറ്റിക്കല്‍ കാനൊനൈസേഷനില്‍ തന്നെയാണ് തങ്ങളുടെ ആലോചനകള്‍ രൂപീകരിക്കുന്നത്. ഒന്നുകൂടി വിശദീകരിച്ചാല്‍, നമ്മളൊക്കെ മാല്‍കം എക്സിനെ കുറിച്ച് സംസാരിക്കുന്നത് സവിശേഷമായ ഒരു രാഷ്ട്രീയ പ്രമേയത്തിന്റെ സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും. ഒരു ബ്ലാക്ക് റാഡിക്കല്‍ പാരമ്പര്യത്തില്‍ മാത്രം പ്രസക്തമായ ഒരു ചിന്തകനാണോ മാല്‍കം എക്സ്?  എന്താണ് മാല്‍കം എക്സിന്റെ ചിന്താപരമായ സാര്‍വലൗകികത? 

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹിംസയെക്കുറിച്ച മാല്‍കം എക്സിന്റെ സമീപനങ്ങളിലൂടെ അദ്ദേഹത്തിന്റെ സാര്‍വലൗകികതയെക്കുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണ്. പലപ്പോഴും മാല്‍കം എക്സിനെക്കുറിച്ച നമ്മുടെ ചര്‍ച്ചകള്‍ വഴിമുട്ടുന്നതും ഈ പോയന്റിലാണ്. മാല്‍കം എക്സിന്റെ എതിര്‍വശത്ത് പ്രതിഷ്ഠിക്കപ്പെടാറുള്ള ബ്ലാക്ക് ആക്ടിവിസ്റ്റാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്. കിംഗിന്റെ പ്രത്യേകത, കറുത്തവരുടെ വിമോചനം (Black Liberation)  എന്ന സങ്കല്‍പത്തെ ഒരു സിവില്‍ ഡെമോക്രാറ്റിക് ഇടപാടായി വികസിപ്പിച്ചെടുത്തു എന്നതാണ്. അതിലൂടെ ബ്ലാക്ക് ലിബറേഷന്‍ എന്നതിനെ അമേരിക്കന്‍ ജനാധിപത്യ വികാസ ചരിത്രത്തില്‍ സ്ഥാപിക്കപ്പെട്ട ഒന്നാക്കി മാറ്റിയെടുത്തു. എന്നാല്‍ മാല്‍കമിനെ സംബന്ധിച്ചേടത്തോളം അമേരിക്കന്‍ ജനാധിപത്യമെന്നതിന് ബ്ലാക്ക് ലിബറേഷന്റെ ചരിത്രത്തില്‍ ഒന്നും ചെയ്യാനില്ല. അമേരിക്കന്‍ ജനാധിപത്യം അടിസ്ഥാനപരമായി ഒരു വെള്ള വര്‍ണാധിപത്യത്തില്‍ മാത്രം അര്‍ഥപൂര്‍ണമാകുന്ന ഒന്നാണ്. ലോകത്തെങ്ങുമുള്ള കറുത്തവരാണ് മാല്‍കമിന്റെ പരിഗണന. ബ്ലാക്ക് നാഷ്‌നലിസം എന്ന് അതറിയപ്പെട്ടു. അമേരിക്കന്‍ ജനാധിപത്യം എന്നത് സാര്‍വലൗകികമെന്ന് ധരിക്കപ്പട്ട ഒരു സന്ദര്‍ഭത്തില്‍ അതിനെ തുരങ്കം വെക്കുന്ന സങ്കുചിതവാദമായും ഇത് വിമര്‍ശിക്കപ്പെട്ടു. എന്നാല്‍, അമേരിക്കന്‍ ജനാധിപത്യം എന്ന സങ്കുചിത വാദത്തേക്കാള്‍ സാര്‍വലൗകികമാണ് മാല്‍കമിന്റെ ബ്ലാക്ക് നാഷ്‌നലിസം എന്നത് സാമാന്യയുക്തിയാണ്. ശരീരത്തിനും സമുദായത്തിനും മേലുള്ള അധികാരം ആര്‍ക്ക് എന്ന പരമാധികാരത്തെക്കുറിച്ച (Sovereignity) അടിസ്ഥാന ആശയമാണ് സിവില്‍ ഡെമോക്രസിക്കെതിരായ മാല്‍കമിന്റെ സമീപനത്തെ രൂപീകരിച്ചതെന്ന് കാണാനാവും. ആര്‍ക്കാണ് ശരീരത്തിനും സമുദായത്തിനും മേലുള്ള അധികാരം? ഈ അധികാരം വെള്ളക്കാര്‍ക്ക് എല്ലായ്പ്പോഴും ലഭ്യമായിരുന്ന ഘട്ടത്തില്‍ സിവില്‍ ഡെമോക്രസി വെച്ച പരിഹാരം ആ അധികാരത്തെ നിഷ്പക്ഷമായ ഒരു മൂന്നാം ഘടനയിലേക്ക് പുനഃസ്ഥാപിക്കുക എന്നതായിരുന്നു. 

ബ്ലാക്ക് എന്നതിനെ ഒന്നാം ഘടനയായും വൈറ്റ് എന്നതിനെ രണ്ടാം ഘടനയായും നമുക്ക് തല്‍ക്കാലം സങ്കല്‍പിക്കാം. അപ്പോള്‍ ഏതാവും മൂന്നാം ഘടന? സ്റ്റേറ്റാണ് അത്തരമൊരു മൂന്നാം ഘടനയായി ഭാവന ചെയ്യപ്പെട്ടത്. ഈ മൂന്നാം ഘടനയുടെ അധികാരം സ്ഥാപിക്കപ്പെടാന്‍ ആദ്യത്തെ രണ്ടു ഘടനകളും (മര്‍ദിതവും മര്‍ദകവും) ഉദ്ഗ്രഥിക്കപ്പെടുക അനിവാര്യമായിരുന്നു. ഇതാണ് സിവില്‍ റൈറ്റ് മൂവ്മെന്റിന്റെ ഉദ്ഗ്രഥന രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഒന്നുകൂടി വിശദമാക്കിയാല്‍, സ്റ്റേറ്റ് എന്ന മൂന്നാം ഘടനക്കാണ് ഹിംസയുടെ കൈവശാവകാശം. ആദ്യത്തെ രണ്ട് ഘടനകളും ഏറിയോ കുറഞ്ഞോ പ്രയോഗിക്കുന്ന ഈ അവകാശം മൂന്നാം ഘടനക്ക് വിട്ടുനല്‍കുക എന്ന പ്രക്രിയയുടെ പേരായിരുന്നു മാല്‍കം എക്‌സിന് ജനാധിപത്യം. അദ്ദേഹം ഈ പ്രക്രിയക്കെതിരായിരുന്നു. മൂന്നാം ഘടന എന്നത് യഥാര്‍ഥത്തില്‍ ആദ്യത്തെ രണ്ട് ഘടനകളും തമ്മിലുള്ള അധികാര അസന്തുലിതത്വത്തെ നിലനിര്‍ത്തുക മാത്രമേ ചെയ്യൂ എന്ന് മാല്‍കം പ്രഖ്യാപിച്ചു. ഈ അധികാര അസന്തുലിതത്വം മാത്രമാണോ മാല്‍കമിന്റെ പ്രശ്നം? അല്ല, ഈ മൂന്നാം ഘടന അവകാശപ്പെടുന്ന സാര്‍വലൗകികതയും മാല്‍കമിന് പ്രശ്നം തന്നെയായിരുന്നു. സ്റ്റേറ്റ് എന്ന മൂന്നാം ഘടന സാര്‍വലൗകികവും മറ്റു രണ്ടു ഘടനകളും ശകലങ്ങളും എന്ന അവസ്ഥയില്‍നിന്ന് ഭിന്നമായി, മാല്‍കം ഒന്നാം ഘടനയിലേക്ക് സാര്‍വലൗകികതയെ പുനഃപ്രതിഷ്ഠിച്ചു. അതിലൂടെ മറ്റു രണ്ട് ഘടനകളും ശകലങ്ങളായി. പക്ഷേ, ഇതൊരു അസാധ്യമായ പണി കൂടിയായിരുന്നു. ബ്ലാക്ക് സമുദായത്തിന് എങ്ങനെയാണ് സാര്‍വലൗകികമാകാന്‍ കഴിയുക? സ്വന്തം അധികാരത്തെ (വകവെച്ചു കൊടുക്കപ്പെടുന്ന അധികാരത്തെ അല്ല) അവകാശപ്പെടാന്‍ കഴിയുമ്പോള്‍. അഥവാ, ഹിംസയുടെ കൈവശാവകാശം നേടാന്‍ കഴിയുമ്പോള്‍. ഈ അവകാശം സ്ഥാപിക്കപ്പെടുന്നത് മര്‍ദിതം/അടിമത്തം എന്ന നൈതികവും രാഷ്ട്രീയവുമായ അവസ്ഥ കാരണമാണ്. എന്നാല്‍ എല്ലായിടത്തും മര്‍ദിതര്‍ ബ്ലാക്ക് സമുദായങ്ങളല്ലല്ലോ. അവിടങ്ങളിലൊക്കെ പരമാധികാരത്തെ സംബന്ധിച്ച റാഡിക്കലായ ഈ കാഴ്ചപ്പാടിനെ എങ്ങനെ നിലനിര്‍ത്താം എന്നും ആലോചിക്കണമല്ലോ. അതിന് മര്‍ദിതം എന്ന അവസ്ഥയെ സാര്‍വലൗകികമായി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരു വ്യവഹാരം അനിവാര്യമാണ്. മാല്‍കമിനെ സംബന്ധിച്ചേടത്തോളം ഇസ്‌ലാമാണ് ആ വ്യവഹാരം. അഥവാ, നിങ്ങള്‍ സായുധ പ്രതിരോധം നടത്തണമെന്നല്ല മാല്‍കം പറഞ്ഞത്, മറിച്ച് സമുദായത്തിനും ശരീരത്തിനും മേലുള്ള ഹിംസയുടെയും അഹിംസയുടെയും അധികാരം മര്‍ദക ഘടനകളില്‍നിന്ന് തിരികെപ്പിടിക്കണം എന്നാണ്. 

മാല്‍കമിന്റെ പേരിലെ എക്സ് സവിശേഷമാണ്. എക്സ് എന്നു പറയുന്നത് കറുത്ത വര്‍ഗക്കാരനെ സംബന്ധിച്ച് ഇതുവരെ ഉല്‍പാദിപ്പിക്കപ്പെട്ട അര്‍ഥങ്ങളുടെയും വിജ്ഞാനങ്ങളുടെയും നിഷേധമാണ്. ഈ നിഷേധം ഒരു പടി കൂടി കടന്ന് മാല്‍കം എക്സ് എന്ന കാനന്റെ (Canon) തന്നെ നിഷേധമായി മാറുന്നത് നമുക്ക് കാണാം.  മാല്‍കം എക്സ് എന്ന പേര് സവിശേഷമായ ഒരു രാഷ്ട്രീയ പ്രമേയത്തിനകത്ത് സവിശേഷവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മാല്‍കം എക്സ് ആ രാഷ്ട്രീയ പ്രമേയങ്ങള്‍ക്കൊക്കെ പുറത്തേക്ക് വളരുന്ന ഒരു സാര്‍വലൗകികതയാണ്. ആ സാര്‍വലൗകികത നിലനില്‍ക്കുന്ന ഇടമാണ് പരമാധികാരത്തെ കുറിച്ചുള്ള മാല്‍കമിന്റെ സങ്കല്‍പം. എക്സ് എന്ന വാക്കാണ് ആ സാര്‍വലൗകികതയെ പ്രതിനിധീകരിക്കുന്നത്. എക്സിന്റെ പ്രത്യേകത അര്‍ഥവിനിമയത്തെയും അതോടൊപ്പം കാനൊനൈസേഷനെയും എതിര്‍ക്കുന്നു എന്നതാണ്. ഹജ്ജിന് പോയപ്പോള്‍ മാല്‍കം പറഞ്ഞത് മുസ്‌ലിംകള്‍ എന്നെ പണ്ടെവിടെയോ നഷ്ടപ്പെട്ട സഹോദരന്റെ തിരിച്ചുവരവായി കണക്കാക്കി എന്നാണ്. അല്‍ഹാജ് അശ്ശഹബാസ് എന്ന പേര് സ്വീകരിച്ചിട്ടും മാല്‍കം പറഞ്ഞത് എന്റെ ജനതയുടെ അടിമത്താവസ്ഥ നിലനില്‍ക്കുവോളം ഞാന്‍ മാല്‍കം എക്സ് ആയി തുടരും എന്നുമാണ്. ലോകത്തെ നമ്മള്‍ മര്‍ദക ഇടമായി സങ്കല്‍പിച്ചാല്‍ മാല്‍കം എക്സിന് ഈ ലോകത്ത് എക്സായി, അഥവാ, നിഷേധത്തിന്റെ അടയാള ചിഹ്നമായി മാത്രമേ നിലനില്‍ക്കാനാവൂ. എക്സ് അടിമത്ത ചരിത്രത്തിന്റെ നിഷേധമാണ്, എക്സിനെ നിര്‍ണയിക്കാനുള്ള ശ്രമങ്ങളുടെയും നിഷേധമാണ്. വംശാധിപത്യത്തിനകത്തു മാത്രം നിലനില്‍ക്കുന്ന കറുത്ത വര്‍ഗത്തിന്റെ കൂടി നിഷേധമാണ്. അങ്ങനെയാണ് മാല്‍കം എക്സ് നിഷേധത്തിന്റെ സാര്‍വലൗകികതയായി മാറുന്നത്. 

നീഗ്രോ എന്ന പദം ഗ്രീക്ക് പശ്ചാത്തലത്തില്‍ 'ശവതുല്യന്‍' എന്ന അര്‍ഥം വിനിമയം ചെയ്യുന്നണ്ട്. മനുഷ്യന്‍ എന്ന സംസ്‌കാര-ചരിത്ര നിര്‍മിതിയിലേക്ക് യോഗ്യത നേടാത്ത വിഭാഗം ജനത എന്നാണ് ഈ പദം നിര്‍വഹിക്കുന്ന വ്യക്തമായ സൂചന. മാല്‍കം പറയുന്നത്, നിങ്ങള്‍ നീഗ്രോ ആവുകയാണ് എന്നതിനര്‍ഥം, നിങ്ങളെക്കുറിച്ചുള്ള വെള്ളക്കാരന്റെ സങ്കല്‍പങ്ങളെ നിങ്ങള്‍ സാധൂകരിക്കുക എന്നതു കൂടിയാണ് എന്നാണ്. ഇത് നീഗ്രോയുടെ അതിജീവനതന്ത്രം കൂടിയാണ് എന്നും മാല്‍കം എക്സ് പറയുന്നു. ഹാര്‍ലെം പളളിയില്‍ നടത്തിയ പ്രസംഗത്തില്‍ മാല്‍കം ഈ പദത്തെ ഇഴകീറുന്നുണ്ട്. ഉദ്ഗ്രഥന രാഷ്ട്രീയം (Integrationist Politics) ചെയ്യുന്നത് നീഗ്രോ എന്ന പദത്തിലൂടെ വെള്ളക്കാരനോടുള്ള കീഴാളത്തത്തെ ഉറപ്പിക്കുകയാണ്. ഈ കീഴാളത്തത്തിന്റെ നിലനില്‍പ്പാണ് ഉദ്ഗ്രഥന രാഷ്ട്രീയം സ്ഥാപിച്ചെടുക്കുന്നത്. മാല്‍കം ഹജ്ജിനു ശേഷം ഉദ്ഗ്രഥന രാഷ്ട്രീയത്തിലേക്ക് അടുക്കുന്നതായുളള വ്യാപകമായ പ്രചാരണങ്ങളുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ മര്‍ദിത ഘടനയുടെ സാര്‍വലൗകികതയാണ് ഹജ്ജിനു ശേഷം മാല്‍കം പ്രഭാഷിച്ചത്. അഥവാ, ഹജ്ജിനു മുമ്പുള്ളതിനേക്കാളും റാഡിക്കലായ മാല്‍കം ആയിരുന്നു ഹജ്ജിനു ശേഷം എന്നതാണ് യാഥാര്‍ഥ്യം. ഹജ്ജിനു മുന്നേ മര്‍ദകനെ സംബന്ധിച്ച മാല്‍കമിന്റെ സങ്കല്‍പം അമേരിക്കന്‍ വര്‍ണ-ജനാധിപത്യവുമായി മാത്രം ബന്ധപ്പെട്ടിട്ടുള്ളതാണെങ്കില്‍ ഹജ്ജിനു ശേഷം അത് വികസിക്കുകയും കറുത്ത ദേശീയത എന്നത് ഇസ്‌ലാമികമായ സമുദായ കാഴ്ചപ്പാടിലേക്ക് വളരുകയും ചെയ്തു. ഈ വളര്‍ച്ചയെ പലപ്പോഴും ഉദ്ഗ്രഥന രാഷ്ട്രീയത്തിലേക്കുള്ള മാല്‍കമിന്റെ അടുപ്പമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ തെറ്റിദ്ധാരണ വരുന്നത് രണ്ട് പ്രധാനപ്പെട്ട അബദ്ധ സങ്കല്‍പങ്ങളിലൂടെയാണ്. അതിലൊന്ന് ഉദ്ഗ്രഥന രാഷ്ട്രീയം സാര്‍വലൗകികവും സമാധാനപൂരിതവുമായ ഒന്നാണ് എന്നതാണ്. രണ്ടാമത്തേത്, ഇസ്‌ലാമിന്റെ സമുദായ കാഴ്ചപ്പാട് ഉദ്ഗ്രഥന രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് എന്നതും. ഉദ്ഗ്രഥന രാഷ്ട്രീയം മര്‍ദിത സാഹോദര്യത്തിനു പകരം ഭരണകൂട ദേശീയതയിലധിഷ്ഠിതമായ ധാര്‍മികതയെയാണ് മുന്നോട്ടു വെക്കുന്നത് എന്ന് സൂചിപ്പിച്ചുകഴിഞ്ഞല്ലോ. അതുകൊണ്ടുതന്നെ മാല്‍കം മുന്നോട്ട് വെച്ചത് ഉദ്ഗ്രഥന രാഷ്ട്രീയത്തിലധിഷ്ഠിതമായ സാര്‍വലൗകികതയല്ല. രണ്ടാമത്തെ കാര്യം, മാല്‍കം തന്നെ വിശദീകരിക്കുന്നതു പ്രകാരം, മക്കയില്‍ വെച്ച് കറുത്ത വര്‍ഗക്കാരല്ലാത്ത ജനവിഭാഗത്തിലെ ആളുകള്‍ തന്നോട് കാണിച്ച സാഹോദര്യത്തെക്കുറിച്ചുള്ള തിരിച്ചറിവുകളാണ്. ഒന്നുകൂടി വിശദീകരിച്ചാല്‍, വംശീയം എന്ന അര്‍ഥമണ്ഡലത്തിനു പുറത്ത് ഒരു കറുത്ത വര്‍ഗക്കാരന് ലഭിക്കാവുന്ന അസ്തിത്വത്തിന്റെ സാധ്യതകളാണ് മാല്‍കം മക്കയില്‍ ദര്‍ശിക്കുന്നത്. ആ അസ്തിത്വത്തെ മാല്‍കം ബഹുമാനിക്കുന്നത് മലിക് അശ്ശഹബാസ് എന്ന നാമധേയം സ്വീകരിച്ചുകൊണ്ടാണ്. എന്നാല്‍ അമേരിക്കയിലെത്തിയ മാല്‍കം പറഞ്ഞത് സ്വന്തം ജനതയുടെ വംശീയമായ മര്‍ദിതാവസ്ഥ തുടരുന്നിടത്തോളം താന്‍ മാല്‍കം എക്സ് ആയി നിലനില്‍ക്കുമെന്നുമാണ്. 

മക്കയില്‍ നിങ്ങളനുഭവിച്ച സാഹോദര്യം ഉദ്ഗ്രഥന രാഷ്ട്രീയത്തിലേക്കാണോ നിങ്ങളെ നയിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, അങ്ങനെയല്ലെന്നും ഭരണകൂടത്തിന് ഒരിക്കലും വംശീയതയെ ഉന്മൂലനം ചെയ്യാനാവില്ലെന്നും മാല്‍കം തുറന്നു പറഞ്ഞത് പ്രസിദ്ധമാണ്. ആഗോളമായ മര്‍ദിത രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ച മാല്‍കം യഥാര്‍ഥത്തില്‍ ഉദ്ഗ്രഥനവിരുദ്ധമായ സാര്‍വലൗകികതയെക്കുറിച്ചാണ് സംസാരിച്ചുകൊിരുന്നത്. മാല്‍കമിന്റെ സാര്‍വലൗകികതയിലേക്കുള്ള വളര്‍ച്ചയാണ് മാല്‍കമിന്റെ റാഡിക്കലിസം. മാല്‍കം എന്ന വ്യക്തിയുടെ കാനൊനൈസേഷനെ കുറിച്ചാണ് ഫെല്‍ബര്‍ പറഞ്ഞതെങ്കില്‍ മാല്‍കം എക്‌സ് സംസാരിച്ചത് കറുത്ത വര്‍ഗക്കാരന്റെ എല്ലാവിധ കാനൊനൈസേഷനും എതിരായാണ്. അതുതന്നെയാണ് നിഷേധത്തിന്റെ സാര്‍വലൗകികതയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്