Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

വിപണി പിടിക്കുന്ന അന്ധവിശ്വാസങ്ങള്‍

അബ്ദുല്‍ അസീസ് പൊന്മുണ്ടം

മനുഷ്യജീവിതത്തെ ജീവസ്സുറ്റതാക്കുന്ന ചൈതന്യമാണ് ആത്മീയത. വലിയൊരു സാമൂഹിക ലക്ഷ്യത്തിനുവേണ്ടി മനുഷ്യനെ ആന്തരികമായും ബാഹ്യമായും ശുദ്ധീകരിക്കുന്ന, ഭക്തിയും ജീവിതവിശുദ്ധിയും ഇഹ-പര മോക്ഷവും പ്രദാനം ചെയ്യുന്ന പ്രക്രിയ. പ്രവാചകന്മാര്‍ പഠിപ്പിച്ച ഈ ആത്മീയതയില്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടക്കണ്ണികളില്ല, പൗരോഹിത്യത്തിന് സ്ഥാനമില്ല. 'ഇസ്ലാമില്‍ പൗരോഹിത്യമില്ല' എന്ന് പ്രവാചകന്‍ പറഞ്ഞിട്ടു്. ദൈവിക ദീനില്‍ പൗരോഹിത്യത്തിന് പകരമുള്ളത് ആദരിക്കപ്പെടേണ്ട പാണ്ഡിത്യമാണ്. എന്നാല്‍ ആ ആദരവ് പോലും ആരാധനയോളമെത്തുകയും ഏതോ അര്‍ഥത്തിലുള്ള ദിവ്യത്വം അവര്‍ക്കുണ്ടെന്ന സങ്കല്‍പം വളരുകയും അവര്‍ പറയുന്നത് പ്രാമാണികമാണോ എന്നുപോലും പരിശോധിക്കാതെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന 'ഫാന്‍സുകള്‍' മുസ്ലിം സമൂഹത്തിലും വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ചയാണിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ പണ്ഡിതന്മാര്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി സമൂഹത്തെ ബോധവല്‍ക്കരിക്കുന്നുണ്ടെങ്കിലും ആത്മീയ പരിവേഷത്തിന്റെ സുഖസൗകര്യങ്ങള്‍ അനുഭവിച്ച് സമൂഹത്തിന്റെ അജ്ഞതയെയും ചിന്താശൂന്യതയെയും മുതലെടുത്ത് ജീവിക്കുന്ന പുരോഹിതന്മാരുടെ എണ്ണം വളരെക്കൂടുതലാണ്. സമൂഹത്തില്‍ ആത്മീയ ചൂഷണം തഴച്ചുവളരുന്നത് ഇവരിലൂടെയാണ്.

ദൈവിക വിജ്ഞാനങ്ങള്‍ പഠിക്കുകയും അതുള്‍ക്കൊണ്ട് ലാഭേഛകളില്ലാതെ ജീവിക്കുകയും ചെയ്യേണ്ടവരാണ് ഇസ്ലാമിലെ പണ്ഡിതന്മാര്‍. സാധാരണക്കാരില്‍നിന്ന് വ്യത്യസ്തമായ വേഷഭൂഷാദികളോ സാധാരണക്കാരുടെ ജീവിതത്തില്‍നിന്ന് മാറിനിന്നുള്ള ജീവിതമോ അവര്‍ക്ക് ഇസ്‌ലാം നിര്‍ദേശിച്ചിട്ടില്ല. ജനങ്ങളുമായി ഇടപഴകിയായിരിക്കും അവരുടെ ജീവിതം. പൊതുജനത്തിന്റെ പണം മോഹിച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി പണ്ഡിതന്മാര്‍ മതവിധികള്‍ നല്‍കില്ല; പ്രമാണങ്ങളില്‍ മായം ചേര്‍ക്കുകയുമില്ല. മതവിഷയങ്ങളില്‍ സത്യസന്ധമായിരിക്കും അവരുടെ നിലപാടുകള്‍.

ഇതേക്കുറിച്ച് വിശ്വാസികള്‍ പൊതുവെ അശ്രദ്ധരും അജ്ഞരുമാകുമ്പോഴാണ് ഇസ്ലാമിന്റെ ലേബലില്‍ പോലും പൗരോഹിത്യം രംഗപ്രവേശം ചെയ്യുന്നതും വിശ്വാസത്തിന്റെ സ്ഥാനം അന്ധവിശ്വാസങ്ങള്‍ കൈയടക്കുന്നതും. മതം പഠിപ്പിക്കുന്ന ആത്മീയ വിജ്ഞാനങ്ങളെ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുകയും തങ്ങളുടെ ഹിതമനുസരിച്ചും ഭൗതിക താല്‍പര്യങ്ങള്‍ക്കനുസരിച്ചും അവയെ വിശദീകരിക്കുകയും ചെയ്യുന്നതോടെ പൗരോഹിത്യത്തിന്റെ സഹായമില്ലാതെ മതപരമായ വിശ്വാസങ്ങള്‍ സ്വീകരിക്കാനും കര്‍മങ്ങള്‍ അനുഷ്ഠിക്കാനും സാധിക്കാതെ വരും. മതത്തിലെ ശരിതെറ്റുകള്‍ ദൈവികപ്രമാണങ്ങള്‍ക്കനുസരിച്ചല്ല, പുരോഹിതന്മാര്‍ നിശ്ചയിക്കുന്നതനുസരിച്ചാണ് എന്ന അവസ്ഥ സംജാതമാവും. ഖുര്‍ആന്‍ പറയുന്നു: ''അല്ലയോ വിശ്വസിച്ചവരേ, മിക്ക പണ്ഡിതന്മാരും പുരോഹിതന്മാരും ജനത്തിന്റെ മുതലുകള്‍ നിഷിദ്ധ മാര്‍ഗങ്ങളിലൂടെ തിന്നുകയും അവരെ ദൈവികസരണിയില്‍നിന്ന് തടയുകയുമത്രെ ചെയ്തുകൊണ്ടിരിക്കുന്നത്'' (അത്തൗബ 34). അവസരങ്ങള്‍ മുതലെടുത്ത് സ്വാഭീഷ്ടപ്രകാരം ഫത്വകള്‍ നല്‍കലും കൈക്കൂലി വാങ്ങലും വഴിപാടുകള്‍ കവരലും മോക്ഷം വില്‍ക്കുന്ന മതാചാരങ്ങള്‍ കെട്ടിച്ചമക്കലും ആളുകളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തീരുമാനിക്കാനുള്ള കുത്തക കൈക്കലാക്കലുമെല്ലാം പൗരോഹിത്യത്തിന്റെ രീതികളായേ കാണാന്‍ കഴിയൂ. സാധാരണക്കാരുടെ ജനന-മരണങ്ങളും വിവാഹാഘോഷങ്ങളും മറ്റു സുഖ-ദുഃഖ സന്ദര്‍ഭങ്ങളും ഈ പുരോഹിതര്‍ക്ക് ഉദരപൂരണത്തിനുള്ള ഉപകരണങ്ങളായിരിക്കും. സ്വന്തം കാര്യസിദ്ധിക്കായി ബഹുജനങ്ങളെ ദുര്‍മാര്‍ഗത്തിലും അജ്ഞതയിലും തളച്ചിടുന്ന ഇക്കൂട്ടര്‍, വല്ലവരും സത്യപ്രബോധനവുമായി രംഗത്തുവന്നാല്‍ പാണ്ഡിത്യവേഷം കെട്ടി കുതന്ത്രങ്ങളുമായി അവര്‍ക്കെതിരെ കച്ചകെട്ടിയിറങ്ങുകയും ചെയ്യും. 

ആത്മീയത ചിലര്‍ക്കിപ്പോള്‍ ഏറെ ലാഭകരമായ കച്ചവടമാണ്. കാര്യമായ മുതല്‍മുടക്കില്ലാതെ വന്‍ലാഭം കൊയ്യുന്ന ബിസിനസ്. അതിന്റെ വിപണന സാധ്യത തിരിച്ചറിഞ്ഞ് രംഗപ്രവേശം ചെയ്യുന്ന ചൂഷകരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതിനു വേണ്ടി പുതിയ വിശ്വാസരീതികളും ആരാധനാ രൂപങ്ങളും ആവിഷ്‌കരിച്ചുകൊണ്ടിക്കുന്നു. ചരിത്രത്തിലെ ചില പ്രത്യേക ഘട്ടങ്ങളില്‍ പിറവിയെടുത്ത ആത്മീയ സരണികളെ പൊടിതട്ടിയെടുത്ത് തേച്ചുമിനുക്കി ആധുനികതയുടെ വാര്‍ണിഷിട്ട് അവതരിപ്പിക്കുന്നവരെയും കാണാം. ഇന്നിപ്പോള്‍ ആള്‍ദൈവങ്ങളും കള്‍ട്ടുകളും ആത്മീയ സരണികളുമെല്ലാം ചേര്‍ന്ന ഒരു വന്‍ വാണിജ്യ ശൃംഖല തന്നെ രൂപപ്പെട്ടിരിക്കുന്നു. ആത്മീയ ഫാക്ടറികളിലേക്കുള്ള ക്യൂവിന്റെ നീളവും അവിടങ്ങളിലെ സദസ്സുകളുടെ സാന്ദ്രതയും വര്‍ധിക്കുന്നതിനനുസരിച്ച് ബാങ്ക് ബാലന്‍സ് ഗ്രാഫുകളും കുത്തനെ ഉയരുന്നു. 

അന്ധവിശ്വാസത്തിലധിഷ്ഠിതമെങ്കിലും പലപ്പോഴും ആത്മാര്‍ഥമായിട്ടായിരിക്കും സാധാരണക്കാര്‍ ഇത്തരം ആള്‍ദൈവങ്ങളിലേക്ക് ആകൃഷ്ടരാവുക. എന്നാല്‍ മറ്റൊരു വലിയ വിഭാഗം ഭൗതിക മോഹങ്ങളോടെയാണ് കള്‍ട്ടുകളെ സമീപിക്കുന്നതും അവരുടെ പ്രചാരകന്മാരാകുന്നതും. ഭരണാധികാരികളിലും രാഷ്ട്രീയക്കാരിലും നിയമപാലകരിലും പെട്ടവര്‍ തന്നെ ആള്‍ദൈവങ്ങളുടെ സഹായം പറ്റുന്നവരോ ഭക്തരോ അവരുടെ ചൂഷണങ്ങള്‍ക്ക് തണല്‍ വിരിക്കുന്നവരോ ആയി ഉെന്ന കാര്യം പരസ്യമായ രഹസ്യമാണല്ലോ. പൂര്‍ണ നഗ്നരായ ആള്‍ദൈവങ്ങളുടെ മുന്നില്‍ കമഴ്ന്നടിച്ച് വീഴുന്ന പ്രധാനമന്ത്രിമാരും, തന്റെ ആത്മീയ പരിവേഷം ഉപയോഗിച്ച് മുഖ്യമന്ത്രി പദം തന്നെ നേടിയെടുത്ത യോഗിമാരും, മുസ്ലിംകള്‍ക്കിടയിലെ ആത്മീയ നേതാക്കളായറിയപ്പെടുന്നവരില്‍നിന്ന് അനുഗ്രഹം വാങ്ങുന്ന തനി ഭൗതികരായ രാഷ്ട്രീയക്കാരും ജീവിക്കുന്ന ലോകത്ത് കപട ഭക്തിക്കാരും ആള്‍ദൈവങ്ങളും കള്‍ട്ടുകളും അധികരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

മാനസിക ക്ലേശങ്ങളുടെ ലഘൂകരണത്തിനും ആഗ്രഹപൂര്‍ത്തീകരണത്തിനും കപട ആത്മീയാലയങ്ങള്‍ കയറിയിറങ്ങുന്നതിനുപകരം സ്രഷ്ടാവിലേക്കുള്ള മടക്കവും സമര്‍പ്പണവുമാണ് മനുഷ്യനു വേണ്ടത്. ഇസ്ലാമിക വീക്ഷണത്തില്‍, ചൂഷണമുക്തമായ ഒരു ആത്മീയ സമൂഹത്തിന്റെ നിര്‍മിതിക്ക് പ്രഥമവും പ്രധാനവുമായി വേണ്ടത് സ്രഷ്ടാവിനെക്കുറിച്ചുള്ള ശരിയായ ബോധവും സ്മരണയുമാണ്. ''അറിയുക; ദൈവസ്മരണകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്'' (ഖുര്‍ആന്‍ 13:28). അല്ലാഹുവില്‍ തവക്കുലാക്കാനും അവനെയല്ലാതെ ആശ്രയിക്കാതിരിക്കാനുമുള്ള ഈമാനികമായ കരുത്ത് നേടിയെടുത്ത ഒരു സമൂഹത്തില്‍ പൗരോഹിത്യത്തിനോ അന്ധവിശ്വാസങ്ങള്‍ക്കോ വളരാനാകില്ല. 

 

വൈകിയെത്തുന്ന നിര്‍മിത കറാമത്തുകള്‍

നേതാക്കളെ കുറിച്ച് അണികള്‍ പലതും പെരുപ്പിച്ചു പറയാറു്. അണികള്‍ ഇല്ലാത്തത് പറഞ്ഞാല്‍ അത് തിരുത്തുകയാണ് നേതാക്കള്‍ വേത്. യഥാര്‍ഥ ആത്മീയത വഴിതെറ്റാനുള്ള എല്ലാ സാധ്യതകളും ഇസ്ലാം കൊട്ടിയടക്കുകയാണ് ചെയ്തിട്ടുള്ളത്.   പ്രവാചക പുത്രന്‍ ഇബ്‌റാഹീം മരണപ്പെട്ട ദിവസം സൂര്യഗ്രഹണമുണ്ടായി. പ്രഗത്ഭരുടെ ജനനവും മരണവുമായി ബന്ധപ്പെട്ടാണ് ഗ്രഹണമുണ്ടാവുക എന്ന ജാഹിലിയ്യാ വിശ്വാസം കൈവിടാതിരുന്ന ചിലര്‍ അന്നേരം പറഞ്ഞു; പ്രവാചക പുത്രന്റെ മരണത്തില്‍ ആകാശലോകം പോലും വിറങ്ങലിച്ചു നില്‍ക്കുന്നു, അതുകൊാണീ ഗ്രഹണം എന്ന്. അതറിഞ്ഞ പ്രവാചകന്‍ ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: ''സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. ആരുടെയെങ്കിലും മരണം കൊണ്ടോ ജനനം കൊണ്ടോ അവക്ക് ഗ്രഹണം ബാധിക്കില്ല'' (ബുഖാരി). ഈ പാരമ്പര്യമാണ് സ്വഹാബികളും പിന്തുടര്‍ന്നത്. ബൈഅത്തുര്‍രിദ്വാന്‍ എന്ന ഉടമ്പടി നടന്ന മരച്ചുവട്ടിലേക്ക് ചിലര്‍ പുണ്യം തേടി യാത്ര  പോകുന്നു എന്ന വിവരം കിട്ടിയപ്പോള്‍ രണ്ടാം ഖലീഫ ഉമര്‍ (റ) ആ മരം മുറിച്ചുകളയാന്‍ കല്‍പ്പിക്കുകയാണുണ്ടായത്. നേതാവിനോടോ അദ്ദേഹവുമായി ഏതോ നിലക്ക് ബന്ധപ്പെട്ട വസ്തുക്കളോടോ ഉള്ള വൈകാരികബന്ധം ആരാധനയായി മാറാന്‍ അവര്‍ ഒരിക്കലും അനുവദിച്ചില്ല. ഈ പാതയാണ് പണ്ഡിതന്മാര്‍ പിന്‍പറ്റേണ്ടത്. ഖുര്‍ആനും ഹദീസുമാണ് പിന്‍പറ്റാനായി നബി(സ) അവശേഷിപ്പിച്ചിരിക്കുന്നത്; അല്ലാതെ തന്റെ ഏതെങ്കിലും ഭൗതിക തിരുശേഷിപ്പുകളല്ല. എന്നിട്ടും ചിലര്‍ പ്രവാചകന്റെ മുടിയെന്നു പറഞ്ഞ് വ്യാജ തിരുകേശവുമായി വന്ന് സമുദായത്തെ പിന്നോട്ടു വലിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഇസ്ലാമിന്റെ യഥാര്‍ഥ ആത്മീയതയെ വികൃതമാക്കാനുള്ള ശ്രമമാണിത്. ഇത് പണ്ഡിത ദൗത്യമല്ല, മറിച്ച് പൗരോഹിത്യ പാരമ്പര്യമാണ്. 

അല്ലാഹുവിന്റെ ഔലിയാക്കളെയോ അവരുടെ മഹത്വത്തെയോ തള്ളിപ്പറയുന്നതിനോട് നമുക്കൊരിക്കലും യോജിക്കുക വയ്യ. വിശുദ്ധ ഖുര്‍ആന്റെ വ്യക്തമായ വിവരണം പോലെ അല്ലാഹുവിനെ യഥാവിധി മനസ്സില്‍ ഉള്‍ക്കൊണ്ട് കര്‍മപഥം ക്രമപ്പെടുത്തിയ ഏതൊരാളും അല്ലാഹുവിന്റെ വലിയ്യ് ആണ്. അതിന് തറവാടോ കുലമഹിമയോ സമ്പത്തോ സൗന്ദര്യമോ ആരോഗ്യമോ വിജ്ഞാനമോ ഒന്നും തന്നെ പരിഗണനീയമല്ല. എന്നാല്‍ സ്വന്തം മഹത്വം ഘോഷിച്ചു നടക്കാതെ ദൈവഭക്തരായി ജീവിക്കുന്നതിനു പകരം തങ്ങള്‍ക്ക് കറാമത്തുന്നെു പറഞ്ഞ് അത് വിറ്റ് കാശാക്കുന്ന, അതിനായി സ്വന്തം അനുയായികളെ ശട്ടംകെട്ടുന്നവരോടാണ് നമ്മുടെ വിയോജിപ്പ്. 'വലിയ്യ് തന്നിലൂടെ പ്രത്യക്ഷമാകുന്ന കറാമത്തിനെ മറച്ചുവെക്കുന്നവനാണ്, സ്ത്രീ തനിക്കുണ്ടാകുന്ന ആര്‍ത്തവത്തെ മറച്ചുവെക്കുന്നപോലെ' എന്നതാണ് അഹ്‌ലുസ്സുന്നയുടെ തദ്വിഷയകമായ നിലപാട്. അതേസമയം, ഉണ്ടായിട്ടില്ലാത്ത കറാമത്തിനെ തങ്ങളിലേക്ക് ചേര്‍ത്തു വെക്കാന്‍ ഇഷ്ടപ്പെടുന്നവരും അത് വിറ്റ് കാശാക്കുന്നവരും അങ്ങനെയൊക്കെ കൊട്ടിപ്പാടാന്‍ അനുയായികള്‍ക്ക് ലൈസന്‍സ് നല്‍കുന്നവരുമാണ് ഇന്നത്തെ പല സയ്യിദന്മാരും ശൈഖുനമാരും ഉസ്താദുമാരും എന്നതുതന്നെ മതി, അവര്‍ പ്രവാചകന്മാരുടെ പിന്‍ഗാമികളായ പണ്ഡിതന്മാരല്ല, പണത്തിന്റെ പിന്നാലെപ്പോകുന്ന പുരോഹിതന്മാരാണ് എന്നതിന് തെളിവായി. 

'പറയുക: ഞാന്‍ എനിക്കുവേണ്ടിപ്പോലും ഒരു ഗുണത്തിനോ ദോഷത്തിനോ അധികാരമില്ലാത്തവനാകുന്നു. അല്ലാഹു എന്തിഛിക്കുന്നുവോ അതുമാത്രം സംഭവിക്കുന്നു. ഞാന്‍ അതിഭൗതികജ്ഞാനമുള്ളവനായിരുന്നെങ്കില്‍ ധാരാളം ഐശ്വര്യം എനിക്കുവേണ്ടി നേടുമായിരുന്നു. എനിക്കൊരിക്കലും ദോഷമേല്‍ക്കുകയുമില്ല. എന്നാല്‍ ഞാനോ, എന്റെ സന്ദേശം അംഗീകരിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പുകാരനും സുവിശേഷകനും മാത്രമാകുന്നു' (അല്‍അഅ്‌റാഫ് 188),  'അദൃശ്യമറിയുന്നവന്‍ അവനാകുന്നു. അവന്‍ തന്റെ രഹസ്യങ്ങള്‍ ആര്‍ക്കും വെളിപ്പെടുത്തുന്നില്ല; അവന്‍ ഇഷ്ടപ്പെട്ട ദൂതന്നൊഴിച്ച്' (അല്‍ജിന്ന് 27, 28) എന്നു പ്രഖ്യാപിക്കാനാണ് പ്രവാചകനോടു പോലും അല്ലാഹു കല്‍പിച്ചിട്ടുള്ളത്. എന്നിട്ടും സ്വന്തം നേതാക്കളെ അദൃശ്യമറിയുന്നവരും ഭാവി പ്രവചിക്കാന്‍ കഴിവുള്ളവരുമായി പരിചയപ്പെടുത്തുകയും അമാനുഷരും ദിവ്യത്വമുള്ളവരുമായി ചിത്രീകരിക്കുകയും ചെയ്യുന്ന കാഴ്ച ഇന്ന് വ്യാപകമായിരിക്കുന്നു.

 

കള്‍ട്ടുകള്‍ രൂപപ്പെടുന്ന വിധം

നോട്ട് പുസ്തകങ്ങളില്‍ 'വിരിയാന്‍' വെച്ച മയില്‍പീലി ഇടക്കിടെ തുറന്നുനോക്കിയതും വിരിഞ്ഞില്ലെന്നു ക് നിരാശയോടെ എന്നാല്‍ പ്രതീക്ഷയോടെ വീണ്ടും പൂട്ടിവെച്ചതും കുട്ടിക്കാലത്തെ പലരുടെയും തമാശ നിറഞ്ഞ അനുഭവമായിരിക്കും. എന്നാലിതാ അതിനെയെല്ലാം കവച്ചുവെക്കുന്ന മറ്റൊരു ഗമണ്ടന്‍ വിരിയല്‍ കഥ. മയില്‍പീലിക്കു പകരം 'ശഅറെ മുബാറക്' ആണിവിടെ വിരിഞ്ഞിരിക്കുന്നത്. പറയുന്നത് ഏതെങ്കിലും 

സ്‌കൂള്‍ പിള്ളേരല്ല, കേരളത്തിലെ ഒരു പ്രമുഖ മതസംഘടനാ ഗ്രൂപ്പിന്റെ പരമോന്നത നേതാവാണ്! കാരന്തൂര്‍ മര്‍കസില്‍ ഉള്ള 'ശഅറെ മുബാറക്' എന്ന് ഈ ഗ്രൂപ്പുകാര്‍ വാദിക്കുന്ന മുടി ഒരു മഹാന് കാണിച്ചുകൊടുക്കാനായി തുറന്നുനോക്കിയപ്പോള്‍ വിരിഞ്ഞതായി കണ്ടത്രെ! ഇതൊന്നും ഖുറാഫാത്തല്ലെന്ന് പറഞ്ഞ് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ആയിരക്കണക്കിന് അനുയായികള്‍ തക്ബീര്‍ മുഴക്കി വരവേല്‍ക്കുന്നത് കാണേ കാഴ്ച തന്നെയാണ്!

കേരള മുസ്ലിംകള്‍ക്കിടയില്‍ സ്വന്തം അനുയായികളാല്‍ ദിവ്യപരിവേഷമുള്ളവരായി ചിത്രീകരിക്കപ്പെടുന്നവര്‍ നിരവധിയാണ്. മമ്പുറം സയ്യിദ് അലവി തങ്ങള്‍, വെളിയങ്കോട് ഉമര്‍ ഖാദി, പാണക്കാട്- ബാഫഖി തങ്ങന്മാര്‍, സി.എം മടവൂര്‍, കണ്ണിയത്ത്  അഹ്മദ് മുസ്ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, ഉള്ളാള്‍ തങ്ങള്‍, വൈലത്തൂര്‍ തങ്ങള്‍, കുണ്ടൂര്‍ - അത്തിപ്പറ്റ ഉസ്താദുമാര്‍, കളന്‍തോട് കരീം മുസ്‌ലിയാര്‍ തുടങ്ങി എണ്ണമറ്റ 'ഉസ്താദു'മാരിലും 'സാദാത്തീ'ങ്ങളിലും  'ഔലിയാ'ക്കളിലുമെല്ലാം മരണാനന്തരം ചാര്‍ത്തപ്പെട്ട കറാമത്തുകള്‍ നിരവധിയാണ്. മരണപ്പെട്ട തന്റെ ഭാര്യക്ക് വീും ജീവന്‍ കൊടുക്കുക മാത്രമല്ല, അവരോടൊത്ത് പിന്നീട് ദീര്‍ഘകാലം ദാമ്പത്യ ജീവിതം നയിക്കുകയും അവരില്‍ കുഞ്ഞ് ജനിക്കുകയും ചെയ്തിട്ടുത്രെ മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്ക്! മദീനയില്‍ ചെന്ന് നബി(സ)ക്ക് സലാം പറയുകയും പ്രേമകാവ്യം ആലപിക്കുകയും ചെയ്തപ്പോള്‍ നബിതിരുമേനി തന്റെ കൈകള്‍ ഖബ്‌റില്‍നിന്ന് പുറത്തേക്കിട്ട് ഹസ്തദാനം ചെയ്തുവത്രെ ഉമര്‍ ഖാദിയെ! രണ്ടു വര്‍ഷം മുമ്പ് പുഴയില്‍ മുങ്ങി മരിച്ച മകനെ ജീവനോട് കൂടി വെള്ളത്തില്‍നിന്ന് പുറത്തെടുത്ത് സങ്കടപ്പെടുന്ന ഉമ്മാക്ക് തിരിച്ചുകൊടുത്തു പാണക്കാട് പൂക്കോയ തങ്ങള്‍! ഖബ്‌റില്‍ വെച്ച് ഞാന്‍ പരിശുദ്ധനാണ് എന്നു പറഞ്ഞ് മുന്‍കര്‍ നകീറിന് പിടിത്തം കൊടുക്കാതെ രക്ഷപ്പെട്ടു ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍! ഹജ്ജിന്റെ വേളയില്‍ തണുപ്പുകൊണ്ട് ഹാജിമാര്‍ പ്രയാസപ്പെട്ടപ്പോള്‍, 'ക്ലൈമറ്റ് ഞാന്‍ ചെയ്ഞ്ച് ചെയ്യും' എന്നു പറഞ്ഞ് നിമിഷനേരംകൊണ്ട് കൊടുംതണുപ്പിനെ ഇല്ലായ്മ ചെയ്തു വൈലത്തൂര്‍ യൂസുഫുല്‍ ജീലാനി തങ്ങള്‍!  കാന്‍സര്‍ സുഖപ്പെടുത്തിയതും വന്ധ്യതക്കും അംഗവൈകല്യങ്ങള്‍ക്കും മാനസിക രോഗങ്ങള്‍ക്കും പരിഹാരം കണ്ടതും 'സ്വപ്‌ന ഓപ്പറേഷന്‍' നടത്തിയതുമായ എന്തെല്ലാം കഥകള്‍! വടി പാമ്പാക്കിയ, ചെങ്കടല്‍ പിളര്‍ത്തിയ മൂസാ(അ)യുടെയും, മരിച്ചവരെ ജീവിപ്പിച്ച, വെള്ളപ്പാണ്ട് രോഗിയെ സുഖപ്പെടുത്തിയ ഈസാ(അ)യുടെയുമൊക്കെ മുഅ്ജിസത്തുകളെപ്പോലും വെല്ലുന്ന 'കറാമത്തുകള്‍' 'മരണാനന്തര ബഹുമതി'യായി അവരില്‍ ആരോപിക്കപ്പെടുന്നു.

തന്റെ മരണത്തെപ്പോലും മുന്‍കൂട്ടി പ്രവചിച്ച മഹാന്‍ എന്നതായിരുന്നു 2018 ഒക്‌ടോബര്‍ 23-ന് മരണപ്പെട്ട കോഴിക്കോട് കളന്‍തോട് അബ്ദുല്‍ കരീം മുസ്ലിയാരുടെ പേരില്‍ ആരോപിക്കപ്പെട്ട വമ്പന്‍ കറാമത്ത്! അതിന്റെ നിമിത്തമാണ് ഏറെ രസകരം.  ആത്മീയ ചികിത്സകന്‍ എന്ന നിലക്ക് അറിയപ്പെട്ടിരുന്ന കരീം മുസ്‌ലിയാരുടെ മരണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ 'ആത്മീയ ചികിത്സാലയ'ത്തിനു പുറത്ത് എഴുതിവെച്ച ബോര്‍ഡിലുണ്ടായിരുന്നത് ഇങ്ങനെ: '5/10/2018 മുതല്‍ 22/10/2018 വരെ ഉസ്താദ് ഉണ്ടായിരിക്കുന്നതല്ല.' ഇത് വായിക്കുന്ന മലയാളമറിയുന്ന, വിശേഷബുദ്ധിയുള്ള ഏതൊരാളും മനസ്സിലാക്കുക, മേല്‍പറഞ്ഞ തീയതികളില്‍ കരീം മുസ്‌ലിയാരുടെ ആത്മീയ ചികിത്സ ഉണ്ടായിരിക്കുന്നതല്ല, ചികിത്സക്ക് വരുന്നവര്‍  അതിനു ശേഷമുള്ള ദിവസങ്ങളില്‍ വരിക, എങ്കില്‍ അദ്ദേഹത്തെ ജീവനോടെ കണ്ട് അനുഗ്രഹവും ആത്മീയ മരുന്നും വാങ്ങാം എന്നാണല്ലോ. പക്ഷേ 22-ാം തീയതി കഴിഞ്ഞപ്പോഴേക്ക് 'ഉസ്താദ്' ഈ ദുന്‍യാവില്‍നിന്നു തന്നെ ഇല്ലാതായി. അഥവാ, ഏത് ദിവസം മുതലാണോ ഇനി 'ഉസ്താദ്' ഉണ്ടാവുക എന്ന് ബോര്‍ഡ് വെച്ചത്, അന്നു മുതല്‍ എന്നന്നേക്കുമായി 'ഉസ്താദ്' ഇല്ലാതായി. ഒരു കറാമത്തും ഇവിടെ ഉണ്ടായില്ലെന്നു മാത്രമല്ല, മരണത്തിനു മുന്നില്‍ 'അത്ഭുതസിദ്ധിയുള്ള' 'ഉസ്താദി'നും നിസ്സഹായനായി കീഴടങ്ങേണ്ടിവന്നു. 'അദൃശ്യങ്ങള്‍ പറഞ്ഞ് അനുയായികളെ അമ്പരിപ്പിച്ച' 'ഉസ്താദി'ന് പക്ഷേ തന്റെ മരണം എപ്പോള്‍, എവിടെവെച്ച് സംഭവിക്കും എന്ന് മനസ്സിലാക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് ചുരുക്കം.

എന്നാല്‍ പരസ്യബോര്‍ഡിലെ മേല്‍വാചകങ്ങളെ പോലും തലകീഴായി വ്യാഖ്യാനിച്ച് ഒന്നാന്തരം കറാമത്തായി അവതരിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ 'ഉസ്താദി'ന്റെ ആത്മീയ ബിസിനസ്സിലെ ഒരു ഷെയര്‍ ഹോള്‍ഡറുടെ  സംസാരമിങ്ങനെയായിരുന്നു: ''മഹാനായ കളന്‍തോട് കരീം ഉസ്താദിന്റെ വഫാത്ത് വലിയ അത്ഭുതം നിറഞ്ഞതാണ്. വഫാത്തിന്റെ വിവരങ്ങളൊക്കെ മുന്‍കൂട്ടി പറയുകയും മറവ് ചെയ്യേണ്ട സ്ഥലം കാണിക്കുകയും അതിലേറെ, ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മുതല്‍ ഇനി ചികിത്സക്ക് ആരും വരേണ്ടതില്ല എന്നും എല്ലാവരും ഇരുപത്തിമൂന്നാം തീയതി എന്റെ വീട്ടില്‍ വന്നാല്‍ മതി എന്നും ഉസ്താദ് ബോര്‍ഡ് വെച്ചിരുന്നു അവിടെ! (ഉസ്താദ് മരിച്ച) ഇന്ന് ആ ഇരുപത്തിമൂന്നാം തീയതിയാണ്; ഉസ്താദ് എല്ലാവരോടും വരാന്‍ വേണ്ടി പറഞ്ഞ ദിവസം.'' 'മരണം മുന്‍കൂട്ടി കണ്ട് ഒരുങ്ങിയ മഹാന്‍'  തുടങ്ങിയ ഭക്ത ഫാന്‍സുകളുടെ പോസ്റ്ററുകള്‍ വേറെയും കാണാമായിരുന്നു! ഇത്രയും കൂളായി പറ്റിക്കാന്‍ തക്ക അന്ധവിശ്വാസികളായി 'ഖൗം' ഉള്ളേടത്തോളം കാലം / 'ഖൗമി'നെ മാറ്റുന്നേടത്തോളം കാലം ഇത്തരം ആത്മീയ ചൂഷണങ്ങള്‍ വര്‍ധിക്കുകയേയുള്ളൂ (വിമത സുന്നി ഗ്രൂപ്പിന്റെ പരമോന്നത നേതാവിന്റെ സ്വന്തക്കാരനാണത്രെ കളന്‍തോട് കരീം മുസ്ലിയാര്‍! ഈ വിഷയത്തില്‍ വന്ന നേതാവിന്റെ എഫ്.ബി പോസ്റ്റും അതിനു താഴെ ഓരോരുത്തരും എഴുതിവിടുന്ന ഹൈടെക് കറാമത്ത് കഥകളും പാമരന്മാരുടെ മനസ്സില്‍ പാറ പോലെ പൂണ്ടുപോയ അന്ധവിശ്വാസങ്ങളുടെ ആഴം അനാവരണം ചെയ്യുന്നതാണ്).

ഇത്തരം സയ്യിദന്മാരും ശൈഖുനമാരും മരണപ്പെടുകയേ വേണ്ടൂ, അതോടെ, ആയിരങ്ങള്‍ ചെലവഴിച്ച് ജാറം കെട്ടിപ്പൊക്കലായി. ആണ്ടോടാണ്ട് നേര്‍ച്ചകളും ഉറൂസുകളും സ്വലാത്തുകളും വേറെയും. പതിനായിരങ്ങള്‍ ദൈനംദിന വരുമാനമുള്ള വന്‍ ബിസിനസായി അത് മാറുകയായി. ഏതു സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ പിടിച്ചുനില്‍ക്കാന്‍ കെല്‍പുള്ള കിടിലന്‍ ആത്മീയ ബിസിനസ്!  ജീവിത കാലത്തു തന്നെ അനുയായികളാല്‍ നടത്തപ്പെടുന്ന കറാമത്ത് കഥകളുടെ പ്രചാരണം അതിനുള്ള മണ്ണൊരുക്കല്‍ മാത്രം. സ്വന്തമായി കറാമത്ത് ഉണ്ടാക്കി, ആരെയും പറ്റിക്കുന്ന പരസ്യങ്ങളിലൂടെ അത് വിറ്റു കാശാക്കാന്‍ ഇത്തരക്കാരെ കഴിച്ചേ ഏത് കോര്‍പ്പറേറ്റ് ഭീമന്മാരും വരൂ! ചെറുതും വലുതുമായ കറാമത്തുകള്‍ 'ഉസ്താദു'മാരിലും നേതാക്കളിലും ആരോപിച്ച് ആത്മീയ വ്യവസായങ്ങള്‍ക്ക് തറക്കല്ലിടലും അതിലൂടെ അന്ധവിശ്വാസികളോ പാമരന്മാരോ ആയ അനുയായികളുടെ പണം പിടുങ്ങലുമാണിപ്പോള്‍ പലരുടെയും മുഖ്യ പരിപാടി. 

മരിച്ചുപോയവരിലെന്ന പോലെ തന്നെ ജീവിച്ചിരിക്കുന്ന 'സാദാത്തു'ക്കളിലും 'ശൈഖുന'മാരിലും ആരോപിക്കപ്പെടുന്ന കറാമത്തുകളും ഒട്ടും കുറവല്ല. കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തപ്പോള്‍ അവിടം സന്ദര്‍ശിച്ച സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ ഒരിടത്തേക്ക് ചൂണ്ടി, 'ഇവിടെ കുഴിക്കൂ' എന്ന് പറഞ്ഞ സ്ഥലത്തുനിന്നാണ് പിന്നീട് 5 പേരുടെ മൃതദേഹങ്ങള്‍  കണ്ടെടുക്കപ്പെട്ടത് എന്നു പറഞ്ഞ് വമ്പന്‍ കറാമത്ത് കഥ പ്രചരിപ്പിക്കപ്പെട്ടത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. വസ്തുത അതായിരുന്നില്ല എന്ന് അവിടെ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വളന്റിയര്‍മാര്‍ തന്നെ വ്യക്തമാക്കുന്നതുവരെ മാത്രമായിരുന്നു ആ കറാമത്ത് തള്ള്!

പാമരന്മാരെ വീഴ്ത്തുന്ന വേഷഭൂഷകളും ഹാവഭാവങ്ങളും നീണ്ട പ്രാര്‍ഥനയും ഭക്തന്മാരാല്‍ നടത്തപ്പെടുന്ന ഇല്ലാത്ത കറാമത്തുകളുടെ പ്രചാരണവുമാണ് എല്ലാവരുടെയും മുഖ്യ മൂലധനം. ചികിത്സ കൂടാതെ കാന്‍സര്‍ ഭേദമാകാന്‍ നിശ്ചിതയെണ്ണം പ്രത്യേക സ്വലാത്തുകളും ദിക്‌റുകളും നിര്‍ദേശിച്ചുകൊടുക്കും. കാര്യങ്ങള്‍ പ്രവചിക്കുന്നതിലും നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിലും പ്രാഗത്ഭ്യം തെളിയിച്ച മഹാന്മാരാണെന്ന് പ്രചാരണം നടത്തും. ഇവര്‍ നടത്തുന്ന സ്വലാത്ത് വാര്‍ഷികങ്ങളും പണം നിറഞ്ഞൊഴുകുന്ന  വേദികളാണ്. ഭക്തരെ പിഴിഞ്ഞ് കൊട്ടാരസമാനമായ വീടും വിലപിടിപ്പുള്ള വാഹനവും ഈ ഹൈടെക് തങ്ങന്മാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഭൗതിക വിരക്തിയും ലളിത ജീവിതവുമെല്ലാം ഇവര്‍ക്ക് ആളുകളെ പറ്റിക്കാനുള്ള പ്രഭാഷണവിഷയം മാത്രം.

സമസ്ത വിമത ഗ്രൂപ്പിന്റെ നായകനില്‍ എത്രയോ വ്യാജ കറാമത്തുകള്‍ ഇതിനകം അദ്ദേഹത്തിന്റെ ആശീര്‍വാദത്തോടെ തന്നെ അനുയായികള്‍ കെട്ടിവെച്ചുകഴിഞ്ഞു. 'ശൈഖുന'യെന്ന് കേട്ടാല്‍ രക്തം തിളക്കുകയും വിവേകം നഷ്ടപ്പെട്ടും വികാരത്തിനടിപ്പെട്ടും തക്ബീര്‍ മുഴക്കുകയും ചെയ്യുന്ന ഫാന്‍സുകള്‍ക്കു മുന്നില്‍ എന്ത് അസംബന്ധവും വിളിച്ചുപറയാന്‍ മടിയില്ലാത്ത വിധം ഈ ഗ്രൂപ്പിലെ പ്രഭാഷകരില്‍ ചിലര്‍ തരംതാഴുന്നു.

'വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം മുന്‍കൂട്ടി അറിയാന്‍ ഉസ്താദിനു കഴിഞ്ഞതിനാല്‍ അദ്ദേഹം തലേന്നാള്‍ അമേരിക്കയില്‍നിന്ന് വിമാനം കയറി' എന്ന് ഒരു അനുയായി പ്രസംഗിച്ചത് ഈയിടെ ഏറെ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. ഇത് വെറുമൊരു തള്ളായി മാത്രം കാണേണ്ട. ഇതിലും വലിയ 'കറാമത്തുകള്‍' നിരന്തരം കൂലി പ്രസംഗകരെക്കൊണ്ട് പറയിപ്പിച്ചാണ് അദ്ദേഹം ഈ കണ്ട സാമ്രാജ്യമൊക്കെ കെട്ടിപ്പടുത്തത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകുമെന്ന്  തോന്നുന്നില്ല. സ്വന്തം നാട്ടില്‍ ദുരന്തമായി ഒഴുകിയെത്തിയ മഹാ പ്രളയം പ്രവചിക്കാന്‍ കഴിയാത്ത 'ശൈഖുന'യാണ് അങ്ങകലെ അമേരിക്കയില്‍ ദുരന്തം വരുന്നത് മുന്‍കൂട്ടി അറിഞ്ഞ് തടി സലാമത്താക്കിയത്! സ്വന്തത്തേക്കാള്‍ മറ്റുള്ളവരെ പരിഗണിക്കുക എന്നതാണ് ഇസ്ലാമിക ധര്‍മം. സ്വന്തത്തിന് ആവശ്യമുള്ള സമയത്ത് മറ്റുള്ളവരെ പരിഗണിക്കുക എന്നതാണ് നല്ല വിശ്വാസികളുടെ സ്വഭാവമായി ഖുര്‍ആന്‍ എടുത്തു പറയുന്നത്. അതിനാല്‍തന്നെ അനുയായികളുടെ ഈ അവകാശവാദത്തെ അംഗീകരിക്കുകയാണെങ്കില്‍, ഒരു വലിയ ദുരന്തം അറിഞ്ഞിട്ടും വേണ്ടപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച് സ്വയം രക്ഷപ്പെട്ട നേതാവാണ് അദ്ദേഹം എന്നാണ് വന്നുപെടുക! ഇത്തരമൊരു നേതാവില്‍നിന്ന് എന്ത് മാതൃകയാണ് നാം പകര്‍ത്തേണ്ടത്?!

ഇവ്വിധം മറ്റുള്ളവര്‍ക്കില്ലാത്ത ഒരു ദിവ്യ പരിവേഷം അന്ധവിശ്വാസികളായ അനുയായികള്‍ക്കിടയില്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുത്തതുകൊണ്ടാണ് അദ്ദേഹം തുപ്പിയ വെള്ളം കുടിക്കാന്‍ പോലും ആളുകള്‍ ക്യൂ നില്‍ക്കുന്നതും, 'ശഅ്‌റെ മുബാറക്' എന്ന പേരില്‍ ആരുടെയോ മുടി മുക്കിയ വെള്ളം കൊണ്ട് അവരില്‍നിന്ന് കോടികള്‍ തട്ടാന്‍ കഴിയുന്നതും! (വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ തലേനാള്‍ ഈ 'ആത്മീയ പുരുഷന്‍' അമേരിക്കയില്‍ ഉണ്ടായിരുന്നു എന്ന് പ്രസംഗിച്ചത് ഒരു സഖാഫിയായിരുന്നെങ്കില്‍, 1998-നു ശേഷം അദ്ദേഹം അമേരിക്കയില്‍ പോയിട്ടേയില്ല എന്ന് സാക്ഷ്യപ്പെടുത്തിയതും സഖാഫിയായ മറ്റൊരു ശിഷ്യന്‍ തന്നെയായിരുന്നു എന്ന രസകരമായ വസ്തുത കൂടി ഇതിനോട് ചേര്‍ത്തു വായിക്കുക. പിന്നെങ്ങനെ 2001 സെപ്റ്റംബര്‍ 11-ന് നടക്കാന്‍ പോകുന്ന ആക്രമണം മുന്‍കൂട്ടി മനസ്സിലാക്കി സെപ്റ്റംബര്‍ 9-ന് അദ്ദേഹം അമേരിക്കയില്‍നിന്ന് തിരിക്കുമെന്ന ചോദ്യം പ്രസക്തമാണെങ്കിലും ഇത്തരം കറാമത്ത് കഥകളെ കുറിച്ച് ചോദ്യമരുതല്ലോ!).

പാവങ്ങളുടെ പണം പിടുങ്ങുന്നതിനുമുണ്ട് അനുയായികളുടെ വക 'ശൈഖുന'യുടെ കറാമത്തിന്റെ കൂട്ട്! ഏതോ ഒരു പള്ളിക്കു വേണ്ടി പിരിച്ച ലക്ഷങ്ങള്‍ സൂക്ഷിച്ചേടത്തു നിന്ന് കാണാതായത്രെ. മോഷ്ടാവിനെ പിടികൂടാനുള്ള ഏര്‍പ്പാട് ചെയ്യുന്നതിനു പകരം, അതിനെപ്പോലും കറാമത്താക്കി മാറ്റുന്ന 'ശൈഖുന'യുടെ ഇഷ്ടതോഴന്‍, കറാമത്തുകളുടെ മാര്‍ക്കറ്റിംഗ് ഏജന്റിന്റെ പ്രഭാഷണം മൂക്കത്ത് വിരല്‍വെക്കാതെ കേട്ടിരിക്കാന്‍ കഴിയില്ല. 'ഈ പണം ഉപകാരപ്പെടില്ല എന്ന് മുമ്പേ ഉസ്താദ് പറഞ്ഞിരുന്നു, അതാണിവിടെ സംഭവിച്ചത്. ഉസ്താദ് ഒരു കാര്യം പറഞ്ഞാല്‍ അത് സംഭവിക്കാതിരിക്കില്ല' എന്നാണ് കണ്ടുപിടിത്തം. ഈ 'മോഷണക്കറാമത്ത്' തള്ള് തള്ളുന്നത് പൊതുജനമധ്യേ 'ഉസ്താദി'ന്റെ സാന്നിധ്യത്തിലാണ് എന്നതും എന്നിട്ടും അദ്ദേഹം അതിനെതിരെ കമ എന്നൊരക്ഷരം ഉരിയാടിയില്ല എന്നതും എന്തുമാത്രം ജുഗുപ്‌സാവഹമല്ല?! 

ഈ 'ഉസ്താദി'ലേക്ക് ചേര്‍ത്തു പറയപ്പെടുന്ന മറ്റു ചിലത് കൂടി കാണുക: ഉസ്താദ് അറിയാതെ അല്ലാഹു ഇവിടെ എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ല. ഉസ്താദും റസൂലുല്ലയും ഒന്നിച്ചിരിക്കുന്നത് കുണ്ടൂര്‍ ഉസ്താദ് നേരിട്ട് കണ്ടു. റസൂല്‍ (സ) കുണ്ടൂര്‍ ഉസ്താദിനെ വിളിച്ചു തന്നേക്കാള്‍ താങ്കള്‍ക്ക് വേണ്ടപ്പെട്ട ഒരാളെ കാണിച്ചുതരാം എന്നു പറഞ്ഞു ഈ ഉസ്താദിനെ കാണിച്ചു കൊടുത്തു... ഉസ്താദിന്റെ കൈമുത്തുന്നതും ഹജറുല്‍ അസ്‌വദ് മുത്തുന്നതും ഒരുപോലെ... ദല്‍ഹിയില്‍ ആം ആദ്മിയുടെ വിജയത്തിനു പിന്നില്‍ ഉസ്താദിന്റെ കരങ്ങളായിരുന്നു... തന്റെ കൈയിലുള്ള കേശം കേരളക്കരയിലെ കാന്തപുരത്തിന് കൊടുക്കണം എന്ന് അഹ്മദ് ഖസ്‌റജിയോട് റസൂല്‍ പറഞ്ഞു... ശൈഖുനാ ദീനിന്റെ ഒരു നെടുംതൂണ്‍ ആണെന്ന് ഖബ്‌റില്‍ കിടക്കുന്ന അജ്മീര്‍ ഖോജ പറഞ്ഞു... ഉസ്താദിന്റെ ശബ്ദഗാംഭീര്യം കാരണം ഏഴ് സൗണ്ട് ബോക്‌സുകള്‍ കരിഞ്ഞുപോയി... അബൂബക്ര്‍ സിദ്ദീഖിന്റെ മഹത്വം പറയുന്ന ഹദീസുകള്‍ ഇന്ന് യോജിച്ചത് ഉസ്താദിനാണ്... റസൂലുല്ലയെ കാണാനുള്ള ടിക്കറ്റ്  ഉസ്താദ് മുറിച്ചുകൊടുക്കുന്നത് ഇ.കെ വിഭാഗത്തില്‍ പെട്ട ഒരു മുസ്‌ലിയാര്‍ കണ്ടതിനെ തുടര്‍ന്ന് അദ്ദേഹം ഇ.കെ ഗ്രൂപ്പ് വിട്ട് ഉസ്താദിന്റെ ഗ്രൂപ്പിലേക്ക് മാറി... ഉസ്താദിന്റെ കൈയിലുള്ള മുടി മൗലിദും സ്വലാത്തും ചൊല്ലുമ്പോള്‍ ജീവനുള്ളതുപോലെ ഇളകി കളിക്കും... ഉസ്താദ് ഒരു കാര്യം പറഞ്ഞാല്‍ അത് ഇന്നേവരെ നടക്കാതെ പോയിട്ടില്ല... ഇങ്ങനെ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കറാമത്ത് സംഭവങ്ങളുടെ ഒരു കലവറ തന്നെ ഈ ഗ്രൂപ്പിലെ പ്രമുഖരായ പ്രസംഗകരുടെ ശേഖരങ്ങളിലുണ്ട്.

ഇവ്വിധം അത്യന്തം അപകടകരവും ഇസ്ലാമില്‍നിന്ന് പുറത്തുപോകുന്നതുമായ കാര്യങ്ങള്‍ വരെ തങ്ങളിലേക്ക് ചേര്‍ത്തുകൊണ്ട് ശിഷ്യന്മാര്‍ നാടുനീളെ പ്രസംഗിച്ചുനടക്കുമ്പോഴും അതിനെതിരെ ഒരു ചെറുവിരല്‍ പോലുംഅനക്കാതെ പുകഴ്ത്തലുകള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഇത്തരം 'ശൈഖുന'മാരെ വിശ്വാസികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 'ഉസ്താദ്' അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ലെന്നു പറയുന്നത് അല്ലാഹുവിനേക്കാള്‍ ഉയരത്തില്‍ അവന്റെ സൃഷ്ടി മാത്രമായ ഒരാളെ കാണുന്നതിന് തുല്യമാണ്. അല്ലാഹുവിനു തുല്യരായി വേറെ ആരെയെങ്കിലും കാണുന്നത് പോലും ദീനില്‍നിന്ന് പുറത്തുപോകുന്ന സാഹചര്യം സൃഷ്ടിക്കുമെന്നാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. സ്വന്തം മാതാപിതാക്കളേക്കാളും ഭാര്യാസന്താനങ്ങളേക്കാളും മറ്റെന്തിനേക്കാളും അധികം സത്യവിശ്വാസികള്‍ക്ക് വേണ്ടപ്പെട്ടവന്‍ മുഹമ്മദ് നബി(സ)യാകുന്നു എന്നതാണ് ഇസ്ലാമികാധ്യാപനം. 

ജീവിച്ചിരിക്കുമ്പോള്‍ ഇമ്മട്ടില്‍ കറാമത്തും ദിവ്യജ്ഞാനവും അനുയായികളാല്‍ ആരോപിക്കപ്പെടുന്ന വ്യക്തികള്‍ മരണപ്പെടുകയാണെങ്കില്‍ നബി(സ) യേക്കാള്‍ പദവിയുള്ള പുണ്യപുരുഷന്മാക്കപ്പെടില്ലെന്നും, ഒന്നാന്തരം തള്ളുകാരായ അനുയായികള്‍ അവരുടെ ഓരോ മുടിനാരിഴയും ശേഖരിച്ച് നാടിന്റെ വിവിധ ഭാഗങ്ങളില്‍ 'ശഅ്‌റെ ഖമര്‍' മസ്ജിദുകള്‍ സ്ഥാപിക്കില്ലെന്നും, വരുമാനത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ നിലവിലുള്ള ജാറങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഹൈ ലെവല്‍ ജാറം തന്നെ സ്ഥാപിക്കില്ലെന്നും ആരു കണ്ടു?! അല്ലാഹു കാക്കട്ടെ. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്