Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 22

3090

1440 റബീഉല്‍ ആഖിര്‍ 16

തൗഹീദിലൂടെ വഴി നടത്തലാണ് ഇസ്‌ലാഹിന്റെ ചരിത്ര ദൗത്യം

ഖാലിദ് മൂസാ നദ്‌വി

മുസ്‌ലിം സമൂഹത്തിന്റെ രൂപീകരണ പ്രഖ്യാപനം നിര്‍വഹിച്ചത് അല്ലാഹുവാണ്. ആദം നബി(അ)യുടെ നിയോഗത്തോടെ അതിന് തുടക്കം കുറിച്ചു. മുഹമ്മദ് നബി(സ)യുടെ നിയോഗം അതിന് ഘടനാപരവും ആശയപരവുമായ പൂര്‍ണത നല്‍കി. മുഹമ്മദ് നബി(സ)യുടെ വിയോഗശേഷം ഇസ്‌ലാമിക സമൂഹത്തെ നയിക്കുന്നത് പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളുമാണ്. അവര്‍ എങ്ങനെ ഈ സമൂഹത്തെ മുന്നോട്ടു നയിക്കണം എന്ന് അല്ലാഹുവും അവന്റെ ഒടുവിലത്തെ റസൂലായ മുഹമ്മദ് നബി(സ)യും വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.

അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശം ഇങ്ങനെ വായിക്കാം: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. അല്ലാഹുവിന്റെ ദൂതനെയും നിങ്ങളില്‍നിന്നുള്ള ഉലുല്‍ അംറിനെയും (ദീനീകാര്യങ്ങള്‍ ഏറ്റെടുത്ത് ചുമതല നിര്‍വഹിക്കുന്നവര്‍) അനുസരിക്കുക. വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ അല്ലാഹുവിലേക്കും ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അതാണ് ഉത്തമവും ഏറ്റവും നല്ല പര്യവസാനത്തിന് സഹായകവും'' (ഖുര്‍ആന്‍ 4:59). ഇവിടെ സംശയത്തിന് വകയില്ലാതെ അല്ലാഹു പ്രഖ്യാപിക്കുന്നത് 'ഖുര്‍ആനും നബിചര്യ'യുമാണ് ഇസ്‌ലാമിക പ്രമാണങ്ങളെന്നാണ്. ഉലുല്‍ അംറിനെയും അനുസരിക്കണമെന്ന പ്രഖ്യാപനം വഴി ഖുര്‍ആനും നബിചര്യയും മുന്‍നിര്‍ത്തി ഒരു നേതാവിനു കീഴില്‍ മുന്നോട്ടുനീങ്ങുന്ന ഘടനയും അല്ലാഹു തന്നെ കൃത്യപ്പെടുത്തിയിരിക്കുന്നു. അതായത് ഒരു നേതാവിനു കീഴില്‍ ഇസ്‌ലാമിക സമൂഹം മുന്നോട്ടുചലിക്കണം; ഖുര്‍ആനും നബിചര്യയും മുന്‍നിര്‍ത്തി. മുഹമ്മദ് നബി (സ) ഒടുവില്‍ നടത്തിയ പ്രഭാഷണത്തില്‍ (അറഫാ പ്രഭാഷണം) അക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇമാം മാലികില്‍നിന്ന്: നബി (സ) പറഞ്ഞു: ''രണ്ടു കാര്യങ്ങള്‍ നിങ്ങളില്‍ വിട്ടേച്ചുകൊണ്ടാണ് ഞാന്‍ പോകുന്നത്. അവ രണ്ടും മുറുകെ പിടിച്ച് ജീവിച്ചാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോവുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ നബിയുടെ സുന്നത്തുമാണത്'' (മുവത്വഅ്: ഹദീസ് നമ്പര്‍ 2829).

ഖുര്‍ആന്റെ പൂര്‍ത്തീകരണത്തിനും മുഹമ്മദ് നബിയുടെ വിയോഗത്തിനും ശേഷം ഇസ്‌ലാമിക സമൂഹത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള വ്യതിചലനങ്ങളിലേക്ക് ഖുര്‍ആന്‍ തന്നെ പ്രവചനാത്മക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ''അല്ലയോ സത്യവിശ്വാസികളായവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്ന് പിന്മാറിപ്പോകുന്നുവെങ്കില്‍ അല്ലാഹുവിന് അതുകൊണ്ട് ഒരു ദോഷവുമില്ല. അവന്‍ സ്‌നേഹിക്കുന്നവരും അവനെ സ്‌നേഹിക്കുന്നവരുമായ മറ്റൊരു ജനത്തെ അല്ലാഹു ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു. അവരോ? സത്യവിശ്വാസികള്‍ക്ക് വഴങ്ങുന്നവരും സത്യനിഷേധികള്‍ക്ക് വഴങ്ങാത്തവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും യാതൊരു ആക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും. അല്ലാഹു അവനിഛിക്കുന്നവര്‍ക്ക് നല്‍കുന്ന അനുഗ്രഹമാകുന്നു അത്. അല്ലാഹു വിശാലനും എല്ലാം അറിയുന്നവനുമാണ്'' (ഖുര്‍ആന്‍ 5: 54). ഇസ്‌ലാമിനു പുറത്തുള്ള പൂര്‍ണ ശിര്‍ക്ക്-കുഫ്‌റ്-ജാഹിലീ സംഘങ്ങളെക്കുറിച്ചല്ല ഈ സൂക്തം സംസാരിക്കുന്നത്. ഇസ്‌ലാമിന്റെ മേല്‍വിലാസത്തില്‍ നിലനില്‍ക്കാന്‍ ശ്രമിക്കുന്ന വിഭാഗങ്ങളെക്കുറിച്ചാണ്. ചിലര്‍ തൗഹീദില്‍ മായം ചേര്‍ക്കും. വേറെ ചിലര്‍ രിസാലത്തില്‍ മായം ചേര്‍ക്കും. മറ്റു ചിലര്‍ ഇബാദത്തിനെ ദുര്‍വ്യാഖ്യാനിക്കും; ഹാകിമിയ്യത്തിനെ തള്ളിപ്പറയും. മറ്റു ചിലര്‍ ഹദീസ് നിഷേധികളായി രംഗത്തു വരും. വേറെ ചിലര്‍ സര്‍വമത സത്യവാദത്തിന് ഇസ്‌ലാമിന്റെ കുപ്പായം തുന്നും. ഇത്തരം സംഘങ്ങള്‍ക്കെല്ലാമെതിരിലുള്ള ജാഗ്രതാ നിര്‍ദേശമാണ് ഈ സൂക്തം. അത്തരം സംഘങ്ങളെ നേരിടുന്ന ആഭ്യന്തരയത്‌നങ്ങള്‍ ഇസ്‌ലാമിക സമൂഹത്തിനകത്ത് രൂപപ്പെടല്‍ ചരിത്രപരമായ അനിവാര്യതയാണെന്ന സന്ദേശവും പ്രസ്തുത സൂക്തം നല്‍കുന്നുണ്ട്.

പില്‍ക്കാല വ്യതിചലനങ്ങളെക്കുറിച്ച വേറൊരു മുന്നറിയിപ്പ് ഖുര്‍ആനില്‍ വന്നത് ഇങ്ങനെ വായിക്കാം: ''സത്യവിശ്വാസി സമൂഹത്തിന് ഇനിയും നേരമായില്ലേ? സത്യവേദവും ദിക്‌റുല്ലയും മുന്‍നിര്‍ത്തി ഭയഭക്തി പുലര്‍ത്താന്‍! കാലദൈര്‍ഘ്യത്താല്‍ ഹൃദയം കടുത്തുപോയ വേദക്കാരെ പോലെ ആവാതിരിക്കാന്‍! കാലമേറെ കഴിഞ്ഞപ്പോള്‍ അവരിലധികവും ഫാസിഖുകളായി മാറിക്കഴിഞ്ഞിരുന്നു'' (57:16).

സത്യവിശ്വാസി സമൂഹത്തില്‍ വേദസമൂഹത്തിന് സമാനമായ വ്യതിചലനങ്ങള്‍ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ഈ സൂക്തം നല്‍കുന്നത്. അതുവഴി മുസ്‌ലിംകളില്‍ ഫാസിഖുകളുടെ എണ്ണം പെരുകുമെന്ന പ്രവചനവും ഈ സൂക്തത്തിലുണ്ട്. ആ ഒരു സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ മുന്‍നിര്‍ത്തി സംസ്‌കരണ-പരിഷ്‌കരണ യത്‌നങ്ങള്‍ നടത്തണമെന്നും ദിക്‌റുല്ലായിലേക്ക് സമുദായത്തെ മടക്കിക്കൊണ്ടുവരാന്‍ യത്‌നിക്കണമെന്നും ഈ സൂക്തം ആഹ്വാനം ചെയ്യുന്നുണ്ട്.

വേദസമൂഹത്തിന്റെ ശൈലിയിലുള്ള വ്യതിചലനം എന്താണെന്ന് ഖുര്‍ആനിലൂടെ തന്നെ സഞ്ചരിച്ചാല്‍ വ്യക്തതയോടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. വേദസമൂഹത്തിന്റെ ഹൃദയകാഠിന്യം എന്ന ലക്ഷണക്കേടിനെക്കുറിച്ച് പറഞ്ഞതിനു (ഖുര്‍ആന്‍ 2:74) ശേഷം അല്ലാഹു തുടര്‍ന്ന് പറയുന്നത് കാണുക: 

1. അല്ലാഹുവിന്റെ വചനം കേള്‍ക്കുകയും പിന്നീടതില്‍ തഹ്‌രീഫ് (മാറ്റിമറിക്കല്‍, ഭേദഗതി) വരുത്തുകയും ചെയ്യുന്ന വേദക്കാര്‍.

2. അവരിലെ, ഗ്രന്ഥത്തെക്കുറിച്ച് നിരക്ഷരരായവര്‍ ഊഹങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ്.

3. അവരിലെ പ്രാപ്തിയുള്ളവര്‍ സ്വകരങ്ങളാല്‍ എഴുതിയുണ്ടാക്കുന്ന 'കിത്താബി'നെ അല്ലാഹുവിന്റെ കിത്താബ് എന്ന വിധത്തില്‍ പ്രാമാണിക വേഷം നല്‍കി അവതരിപ്പിക്കുന്നവരാണ്.

4. നരകവിമുക്തിയെ സാമുദായിക-വംശീയ അവകാശമായി അവര്‍ അവതരിപ്പിക്കുന്നു.

വേദക്കാര്‍ക്ക് പിടിപെട്ട ഈ നാല് ദോഷങ്ങള്‍ അല്‍ബഖറ അധ്യായത്തിലെ 74 മുതല്‍ 80 വരെ സൂക്തങ്ങളിലൂടെ അല്ലാഹു വെളിപ്പെടുത്തുന്നുണ്ട്. 

കേരളീയ മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന മതനിര്‍മിതികളെ ഈ നിരൂപണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ നമുക്ക് എളുപ്പം തെളിഞ്ഞുകിട്ടും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബിദ്അത്തുകളും ശിര്‍ക്ക് കലര്‍ന്ന നടപടികളും ഇസ്‌ലാമിന്റെ മേല്‍വിലാസത്തില്‍ അവതരിപ്പിക്കാനു ള്ള  ശ്രമങ്ങള്‍ കേരളത്തില്‍ ഇന്നും തുടരുന്നുണ്ട്. പ്രവാചകചര്യക്കു മീതെ പൗരോഹിത്യത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് അതിന്റെ കാതല്‍. ഗ്രന്ഥത്തെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പണ്ഡിതന്മാര്‍ക്ക് ചുമതലയുണ്ട്. പക്ഷേ അത് നബി (സ) നല്‍കിയ വ്യാഖ്യാനത്തിന്റെ വെളിച്ചത്തില്‍ മാത്രമാണ്. അതിനപ്പുറം പണ്ഡിതന്‍ സഞ്ചരിച്ചാല്‍ അതുള്‍പ്പെടുക അല്ലാഹു ആക്ഷേപിച്ച പൗരോഹിത്യവൃത്തിയിലാണ്. അല്ലാഹു പറയുന്നു: ''വിശ്വാസിസമൂഹമേ, പണ്ഡിത-പുരോഹിതന്മാരില്‍ (അഹ്ബാര്‍, റുഹ്ബാന്‍) അധികവും ജനങ്ങളുടെ പണം അന്യായമായി തിന്നുന്നവരാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്നവരുമാണ്'' (9:34). ഇത്തരം പുരോഹിതവര്‍ഗത്തിനു വഴങ്ങി വിധേയപ്പെട്ട് ജീവിക്കുന്നവര്‍ അവരെ 'റബ്ബുകളാ'യി സ്വീകരിക്കുന്നവരാണെന്നും ഖുര്‍ആന്‍ ആക്ഷേപിച്ചിട്ടുണ്ട് (9:31).

തൗറാത്തിലും ഇഞ്ചീലിലും കളിച്ച പുരോഹിതന്മാരുടെ ചരിത്രം ഖുര്‍ആന്‍ വെളിപ്പെടുത്തിയത്, ഖുര്‍ആനില്‍ കളിക്കുന്ന/കളിക്കാന്‍ ശ്രമിക്കുന്ന 'പുരോഹിത-മൗലവി-മുസ്‌ലിയാക്കന്മാര്‍ക്കുള്ള' താക്കീതായിട്ടു തന്നെയാണ്. അത് തിരിച്ചറിയലും അതിന്റെ കെണിയില്‍നിന്ന് മുസ്‌ലിം ഉമ്മത്തിനെ രക്ഷിച്ചെടുക്കലും യഥാര്‍ഥ പണ്ഡിതന്മാരുടെയും മുജദ്ദിദുകളുടെയും ആ വഴിയില്‍ എഴുന്നേറ്റുനില്‍ക്കുന്ന സംഘടനകളുടെയും ചുമതലയാണ്. മൗനം ഇവിടെ അപകടകരമാണ്.

തൗഹീദില്‍ തന്നെയാണ് കേരളീയ മുസ്‌ലിം സമൂഹത്തിലെ വലിയൊരു വിഭാഗത്തില്‍ ഇന്നും പിഴവ് തുടരുന്നത്. ഇസ്തിഗാസയാണ് അതിന്റെ വ്യക്തതയുള്ള മൂര്‍ത്ത രൂപം. 'പ്രാര്‍ഥന അല്ലാഹുവിനോട് മാത്രം' എന്ന തൗഹീദീതലം ആദം (അ) മുതല്‍ മുഹമ്മദ് നബി (സ) വരെയുള്ള പ്രവാചകന്മാര്‍ വഴി അല്ലാഹു ഭൂമിയിലെ മനുഷ്യരെ അറിയിച്ച തെളിഞ്ഞ സത്യമാണ്. ഈ തെളിമയാര്‍ന്ന സത്യത്തെ തര്‍ക്കശാസ്ത്രത്തിന്റെ ന്യായവാദങ്ങളില്‍ കുരുക്കിയിട്ട് സങ്കീര്‍ണവത്കരിക്കുന്ന പുരോഹിതതന്ത്രമാണ് കേരളത്തിലെ ഇസ്തിഗാസ പക്ഷം പയറ്റിക്കൊണ്ടിരിക്കുന്നത്. അങ്ങനെ തൗഹീദിന്റെ കുപ്പിയില്‍ ശിര്‍ക്കിനെ തിരുകിക്കയറ്റുന്ന സാഹസിക പ്രവര്‍ത്തനത്തിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പ്രാര്‍ഥനയെക്കുറിച്ച് പ്രമുഖ മുഫസ്സിറും മുജ്തഹിദുമായ ഇമാം അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: 

''അല്ലാഹുവിനു പകരം മറ്റു പങ്കുകാരെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍, കേവലം ഊഹത്തെയാണ് പിന്‍പറ്റുന്നത്. അവര്‍ അനുമാനിക്കുക മാത്രമാകുന്നു'' (ഖുര്‍ആന്‍ 10:66). ''അല്ലാഹുവിനെ കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയുണ്ടല്ലോ, അവ യാതൊന്നും സൃഷ്ടിക്കുകയില്ല. അവ തന്നെ സൃഷ്ടിക്കപ്പെട്ടവയാകുന്നു. അവര്‍ മൃതിയടഞ്ഞവയാണ്. ജീവിച്ചിരിക്കുന്നവയല്ല. തങ്ങള്‍ പുനരെഴുന്നേല്‍പിക്കപ്പെടുന്നതെപ്പോഴാണെന്ന് അവര്‍ക്കറിയുകയുമില്ല. നിങ്ങളുടെ ഇലാഹോ ഏകനായ ഇലാഹ് ആകുന്നു'' (ഖുര്‍ആന്‍ 16:20-22).

മുകളിലുദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ ഏതാനും വസ്തുതകളിലേക്ക് വെളിച്ചം വീശുന്നു:

ഒന്ന്: ജാഹിലീ ജനങ്ങള്‍ തങ്ങളുടെ ഇലാഹുകളായി അംഗീകരിച്ചിരുന്നവയെ പ്രയാസങ്ങള്‍ ദൂരീകരിക്കാനും ആവശ്യങ്ങള്‍ നിര്‍വഹിക്കാനും വിളിച്ചിരുന്നു; അഥവാ അവയോട് പ്രാര്‍ഥിച്ചിരുന്നു.

രണ്ട്: അവരുടെ ഈ ഇലാഹുകള്‍ വെറും ജിന്നുകളോ ദേവതകളോ വിഗ്രഹങ്ങളോ മാത്രമായിരുന്നില്ല. പ്രത്യുത, മരിച്ച് മണ്‍മറഞ്ഞ മനുഷ്യരും അവരുടെ ഇലാഹുകളായിരുന്നു. 'അവര്‍ മൃതിയടഞ്ഞവയാണ്; ജീവിച്ചിരിക്കുന്നവയല്ല, തങ്ങള്‍ പുനരെഴുന്നേല്‍പിക്കപ്പെടുന്നതെപ്പോഴാണെന്ന് അവര്‍ക്കറിയുകയുമില്ല' എന്ന വാക്യത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാവുന്നു. മൂന്ന്: പ്രസ്തുത ഇലാഹുകള്‍ തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കഴിവുള്ളവരാണെന്നും അവര്‍ വിശ്വസിച്ചിരുന്നു.

ഇവിടെ പ്രാര്‍ഥന (ദുആ) എന്നതിന്റെ ആശയവും ഇലാഹില്‍നിന്ന് മനുഷ്യന്‍ പ്രതീക്ഷിക്കുന്ന സഹായത്തിന്റെ സ്വഭാവവും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എനിക്ക് ദാഹിക്കുമ്പോള്‍ വെള്ളം കൊണ്ടുവരാന്‍ ഞാനെന്റെ ഭൃത്യനെ വിളിക്കുന്നു. അല്ലെങ്കില്‍ എനിക്ക് രോഗം ബാധിക്കുകയും ചികിത്സക്കായി ഭിഷ്വഗ്വരനെ സമീപിക്കുകയും ചെയ്യുന്നു, ഇതിനൊന്നും പ്രാര്‍ഥന (ദുആ) എന്ന് പറയുകയില്ല. ഭൃത്യനെയോ ഭിഷഗ്വരനെയോ ദൈവമാക്കിയെന്ന് അതിനര്‍ഥവുമില്ല. കാരണം, ഇതെല്ലാം കാര്യകാരണ വ്യവസ്ഥക്ക് വിധേയമാകുന്നു; അതിന്നതീതമല്ല. എന്നാല്‍, എനിക്ക് ദാഹിക്കുമ്പോഴോ രോഗം ബാധിക്കുമ്പോഴോ ഞാന്‍ ഭൃത്യനെയോ വൈദ്യനെയോ വിളിക്കുന്നതിനു പകരം ഏതെങ്കിലും വലിയ്യിനെയോ ദേവതയെയോ ആണ് വിളിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത് അവരെ ഇലാഹാക്കലും അവരോട് പ്രാര്‍ഥിക്കലുമാകുന്നു. എന്തുകൊണ്ടെന്നാല്‍, ഞാന്‍ വിൡുന്ന വലിയ്യ് എന്നില്‍നിന്നും ശതക്കണക്കിന് നാഴിക അകലെയുള്ള ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുകയാണെന്നിരിക്കെ അദ്ദേഹത്തെ വിളിക്കുന്നതിനര്‍ഥം അദ്ദേഹം എല്ലാം കേള്‍ക്കുന്നവനും (സമീഅ്) എല്ലാം കാണുന്നവനും (ബസ്വീര്‍) ആണെന്ന് ഞാന്‍ കരുതുന്നു എന്നാണ്. കാര്യകാരണ വ്യവസ്ഥയുടെ ലോകത്തിനു മേല്‍ അദ്ദേഹം ആധിപത്യം ചെലുത്തുന്നുണ്ടെന്നും അതുകൊണ്ട് എനിക്ക് വെള്ളം എത്തിച്ചുതരാനും അഥവാ എന്റെ രോഗം സുഖപ്പെടുത്താനും അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നുമാകുന്നു. ഈ അടിസ്ഥാനത്തില്‍ ഇത്തരം ഘട്ടങ്ങളില്‍ ഏതെങ്കിലും ദേവതയെ വിളിക്കുന്നതിനര്‍ഥം ഇതാണ്: ജലത്തിന്മേലോ ആരോഗ്യത്തിന്മേലോ രോഗത്തിന്മേലോ ആ ദേവതക്ക് ആധിപത്യമുണ്ട്. എന്റെ ആവശ്യം പൂര്‍ത്തീകരിച്ചുതരേണ്ടതിന് പ്രകൃത്യാതീത മാര്‍ഗങ്ങളിലൂടെ ആവശ്യമായ നടപടികള്‍ എടുക്കാനും അതിനു കഴിവുണ്ട്. ആകയാല്‍ പ്രാര്‍ഥനയുടെ അടിസ്ഥാനമായ ദൈവസങ്കല്‍പം, പ്രാര്‍ഥിക്കപ്പെടുന്ന ശക്തി പ്രകൃത്യാതീതനായ അധികാരിയും പ്രകൃത്യാതീത ശക്തികളുടെ ഉടമസ്ഥനും ആയിരിക്കുക എന്നതാണെന്നതില്‍ സംശയമില്ല'' (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, പേജ് 21,22, രാം പതിപ്പ് 1996).

മേല്‍വിവരിച്ച രീതിയിലുള്ള പ്രാര്‍ഥന അഥവാ സഹായാര്‍ഥനയാണ് 'മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ', 'മമ്പുറം തങ്ങളേ രക്ഷിക്കണേ' എന്ന വിളി. ആ വിളിയെ ന്യായീകരിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ഉലമ ഖുര്‍ആന്‍ ആക്ഷേപിച്ച 'അഹ്ബാര്‍-റുഹ്ബാന്‍' ഇനത്തില്‍പെട്ടവരാണ്. അവരുടെ ആഹ്വാനം കേട്ട് അമല്‍ (കര്‍മം) ചെയ്യുന്ന ഒരു വിഭാഗം അനുയായികള്‍ 'കിത്താബി'(ഗ്രന്ഥം)ന്റെ  കാര്യത്തില്‍ ഉമ്മിയ്യുകളായ (നിരക്ഷരര്‍) പാവങ്ങളും.

ഇസ്തിഗാസയെന്ന മേല്‍വിലാസം നല്‍കപ്പെട്ട അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥന ശിര്‍ക്ക് തന്നെയാണ്; തൗഹീദിന്റെ കള്ളിക്കകത്ത് അതിനെ ചേര്‍ക്കാനുള്ള ശ്രമം തൗഹീദില്‍ മായം ചേര്‍ക്കലും ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്യലുമാണ്. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ അവരോട് പ്രാര്‍ഥിച്ചാല്‍ നിങ്ങളുടെ പ്രാര്‍ഥന അവര്‍ കേള്‍ക്കുകയില്ല; ഇനി നിങ്ങള്‍ ജല്‍പിക്കും പോലെ അത് അവര്‍ കേട്ടാല്‍ തന്നെ നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. നിങ്ങള്‍ ചെയ്ത ഈ പ്രാര്‍ഥനയാകുന്ന ശിര്‍ക്കിനെ അവര്‍ അന്ത്യദിനത്തില്‍ നിഷേധിക്കുകയും ചെയ്യും'' (ഖുര്‍ആന്‍ 35:14).

ഗുണം ആര്‍ജിക്കുക, ഭാഗ്യം നേടുക, മറ്റൊരാള്‍ക്ക് ഉപദ്രവം വരുത്തുക, ദൗര്‍ഭാഗ്യം വരുത്തുക, ശല്യം നീക്കുക, മറ്റൊരാളെ ശല്യപ്പെടുത്തുക ഇതൊക്കെയാണ് പൊതുവില്‍ ദേവതകളെ, വിഗ്രഹങ്ങളെ, വലിയ്യുകളെ, മഖ്ബറകളെ, സിദ്ധന്മാരെ, ജ്യോത്സ്യന്മാരെ സമീപിക്കുന്നവരുടെ ലക്ഷ്യം. അത്തരം ലക്ഷ്യങ്ങളെ പൊട്ടത്തരമായി കാണുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ഈ ഖുര്‍ആന്‍ കൈയിലിരിക്കെ അത്തരം പൊട്ടത്തരങ്ങളില്‍ ചെന്നു വീഴുന്നവരാണ് ഇസ്തിഗാസക്കാര്‍. ഇസ്തിഗാസ വരുമാന സ്രോതസ്സായതിനാലാണ് മദ്‌റസ, ജാമിഅ, മസ്ജിദ് മാനേജ്‌മെന്റുകള്‍ അതിന്റെ പക്ഷം ചേരുന്നത്. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ 'ഇസ്തിഗാസ'യെ ശര്‍ഇയായി നിലനിര്‍ത്തലല്ലാതെ അവര്‍ക്ക് വേറെ വഴിയില്ല. 'അന്യായമായ പണം പിടുങ്ങല്‍' (9:34) എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയ പൗരോഹിത്യ അജണ്ട തന്നെയാണ് ഇസ്തിഗാസക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്തിഗാസക്ക് നേതൃത്വം നല്‍കുന്നവരുടെ ഈ സാമ്പത്തിക ലക്ഷ്യമല്ലാതെ അതിനിരയാവുന്ന ഉമ്മിയ്യുകളുടെ ആത്മീയ ലക്ഷ്യം നിറവേറാന്‍ പോകുന്നില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''നബിയേ, പ്രഖ്യാപിക്കണം. അല്ലാഹുവിനെ മാറ്റിനിര്‍ത്തി നിങ്ങള്‍ ആരോടാണോ പ്രാര്‍ഥിക്കുന്നത്, അവയെ പറ്റി നിങ്ങള്‍ ആലോചിച്ചിരുന്നോ? വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആ ഉപദ്രവം തടയാന്‍ അവക്ക് സാധിക്കുമോ? വല്ല അനുഗ്രഹവും നല്‍കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആ അനുഗ്രഹം വിലക്കാന്‍ അവക്ക് സാധിക്കുമോ? നബിയേ പ്രഖ്യാപിക്കുവിന്‍: എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുന്നവരൊക്കെ അവന്റെ മേല്‍ ഭരമേല്‍പിക്കട്ടെ'' (39:38).

'എനിക്ക് അല്ലാഹു മതി, ഭരമേല്‍പിക്കുന്നവര്‍ അവനില്‍ ഭരമേല്‍പിക്കട്ടെ' എന്ന് പ്രഖ്യാപിക്കാനാണ് അല്ലാഹു മുഹമ്മദ് നബിയോട് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഹമ്മദ് നബിക്കു ശേഷം ഇസ്‌ലാമിന്റെ പ്രബോധന ദൗത്യമേറ്റെടുത്ത് യാത്ര തുടരുന്ന പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളും ആവര്‍ത്തിക്കേണ്ട ആഹ്വാനമാണിത്. തെളിമയാര്‍ന്ന തൗഹീദീ ആഹ്വാനം. ഈ ആഹ്വാനം നടത്താന്‍ മടികാണിക്കുന്നവരുടെ പ്രചോദനം എന്താണ്? 'മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ, മമ്പുറം തങ്ങളേ രക്ഷിക്കണേ' എന്നല്ല വിളിക്കേണ്ടത്, 'അല്ലാഹുവേ കാക്കണേ, രക്ഷിക്കണേ' എന്നാണ് വിളിക്കേണ്ടത് എന്ന് ഏതു സാധാരണ മുസ്‌ലിമിനോടും പറഞ്ഞു കൊടുക്കേണ്ടവര്‍ ആ ബാധ്യത നിര്‍വഹിക്കാതിരിക്കുന്നത് അപരാധം തന്നെയാണ്. ഖുര്‍ആനില്‍നിന്ന്, ഖുര്‍ആന്‍ പഠിപ്പിച്ച പ്രാര്‍ഥനാ ശൈലിയില്‍നിന്ന്, സുന്നത്തില്‍നിന്ന്, സുന്നത്തില്‍ സ്ഥിരപ്പെട്ട പ്രാര്‍ഥനാ ശൈലിയില്‍നിന്ന് മനസ്സിലാവുന്ന സരളവും സുവ്യക്തവുമായ ഈ തൗഹീദീ ആശയത്തെ ശക്തമായി പ്രബോധനം ചെയ്യലും മായം കലരാത്ത തൗഹീദീ ആരാധനാരീതി മലയാളി മുസ്‌ലിംകളെ ശീലിപ്പിക്കലും കാലം തേടുന്ന ഇസ്‌ലാഹീ ദൗത്യമാണ്. 

തൗഹീദില്‍ മായം കലര്‍ത്തിയ പുരോഹിത വിഭാഗം രിസാലത്തിലും മായം കലര്‍ത്തിയിരിക്കുന്നു. ക്രൈസ്തവര്‍ ഈസാ നബിയുടെ രിസാലത്തില്‍ മായം കലര്‍ത്തിയതാണ് 'ദൈവപുത്രവാദം'. മുഹമ്മദ് നബി(സ)യെ അല്ലാഹുവിന്റെ അടിമയും മനുഷ്യനുമായി മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നത് ക്രിസ്ത്യാനികള്‍ ചെയ്ത തെറ്റ് മുസ്‌ലിംകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ്. അല്ലാഹുവില്‍നിന്ന് ദിവ്യബോധനം ലഭിക്കുന്നതു കാരണം മനുഷ്യനല്ലാതാവുന്നു എന്നല്ല, 'നിങ്ങളെപ്പോലൊരു മനുഷ്യന്‍ തന്നെ' (18:110) എന്നു പറയാനാണ് അല്ലാഹു മുഹമ്മദ് നബിയെ ഖുര്‍ആനിലൂടെ ആഹ്വാനം ചെയ്തത്. മക്കാ സമൂഹം ഞെട്ടുകയും അത്ഭുതപ്പെടുകയും ചെയ്ത ഇസ്രാഅ്-മിഅ്‌റാജ് സംഭവം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മുഹമ്മദ് നബിയെ പരിചയപ്പെടുത്താന്‍ ഖുര്‍ആന്‍ ഉപയോഗിച്ചത് 'അബ്ദ്' (അടിമ) എന്ന പദമാണ്. ഏഴാകാശം താണ്ടിക്കടന്നാലും അര്‍ശിന്റെ പരിസരത്ത് എത്തിച്ചേര്‍ന്നാലും ശജറത്തുല്‍ മുന്‍തഹാ വരെ സഞ്ചരിച്ചാലും മുഹമ്മദ് (സ) എന്ന മനുഷ്യന്‍ അല്ലാഹുവിന്റെ അടിമ തന്നെ; ദിവ്യത്വത്തിന്റെ ഒരംശവും മുഹമ്മദിന് ചാര്‍ത്തിനല്‍കാന്‍ പാടില്ലെന്ന സന്ദേശമാണ് അല്ലാഹു പ്രക്ഷേപണം ചെയ്യുന്നത്. ഇസ്രാഅ്-മിഅ്‌റാജ് സംഭവം വിവരിക്കുന്നേടത്ത് അതുവഴി മുഹമ്മദിന്റെ മഹത്വം ഉയര്‍ന്നുവെന്നല്ല; അടിമയായ മുഹമ്മദിന് ആ യാത്രക്ക് അവസരം സൃഷ്ടിച്ച് അല്ലാഹു പരിശുദ്ധനായി (സുബ്ഹാനല്ലദീ അസ്‌റാ ബി അബ്ദിഹി) എന്ന തൗഹീദീ പ്രഖ്യാപനമാണ് അല്ലാഹു നടത്തിയത് (ഖുര്‍ആന്‍ 17:1).

ഖുര്‍ആനിലെ 17-ാം അധ്യായം സൂറ ഇസ്‌റാഇല്‍ 90 മുതല്‍ 93  വരെയുള്ള സൂക്തങ്ങളില്‍ നാം കാണുന്നത്, മുഹമ്മദ് നബിയോട് അത്ഭുതങ്ങള്‍ കാണിക്കാന്‍ മക്കയിലെ ബഹുദൈവവാദികള്‍ ആവശ്യപ്പെടുന്ന രംഗമാണ്. ഭൂമിയില്‍നിന്ന് അരുവി ഒഴുക്കിത്തരണം, ഇടയിലൂടെ അരുവികള്‍ ഒഴുകുന്ന ഈത്തപ്പനകളും മുന്തിരിവള്ളികളും നിറഞ്ഞ ഒരു തോട്ടം നിനക്കുാവണം, ആകാശത്തു നിന്ന് ഒരു കഷ്ണം അടര്‍ത്തി വീഴ്ത്തണം, അല്ലാഹുവും മലക്കുകളും ഒരു സംഘമായി മുന്നില്‍ പ്രത്യക്ഷപ്പെടണം, അല്ലെങ്കില്‍ നിനക്ക് ഒരു പളുങ്ക് കൊട്ടാരമുണ്ടാവണം, അല്ലെങ്കില്‍ ഞങ്ങള്‍ നോക്കിനില്‍ക്കെ നീ ആകാശത്തിലക്ക് കയറിപ്പോയി ഞങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന ഒരു പുസ്തകവുമായി ഇറങ്ങി വരണം; ഇതൊക്കെയായിരുന്നു മക്കാ മുശ്‌രിക്കുകള്‍ മുഹമ്മദ് നബി(സ)ക്ക് മുന്നില്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍. ഇതിനെല്ലാം കൂടി ഒരൊറ്റ മറുപടി പറയാനാണ് അല്ലാഹു മുഹമ്മദ് നബി(സ)യെ പഠിപ്പിച്ചത്. അതിപ്രകാരമാണ്: ''എന്റെ റബ്ബ് പരിശുദ്ധന്‍, ഞാനൊരു മനുഷ്യനായ ദൂതനല്ലയോ?'' (ഖുര്‍ആന്‍ 17:93).

ഇത്രയും തെളിഞ്ഞ യാഥാര്‍ഥ്യമാണ് മുഹമ്മദ് നബി (സ) മനുഷ്യനാണ്, അല്ലാഹുവിന്റെ അടിമയാണ് എന്ന സത്യം. ഈ മനുഷ്യനായ പ്രവാചകനെ മണ്ണിന്റെ സൃഷ്ടിയല്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തിലും തുടക്കം കുറിച്ചിട്ടുണ്ട്. നബിദിനത്തിന്റെയും റബീഉല്‍ അവ്വല്‍ ആഘോഷങ്ങളുടെയും പഞ്ച് കൂട്ടാന്‍ വേണ്ടിയാണ് ചിലര്‍ നബി പ്രകാശത്തിന്റെ സൃഷ്ടിയാണെന്നും മണ്ണിന്റെ സൃഷ്ടിയല്ലെന്നും തട്ടിവിടുന്നത്. ഖുര്‍ആനിന്റെ പിന്‍ബലമില്ലാത്ത, സ്വഹീഹായ ഹദീസുകളുടെ പിന്‍ബലമില്ലാത്ത, സച്ചരിതരായ ഖലീഫമാരുടെയും സ്വഹാബത്തിന്റെയും കാലത്ത് കേട്ടുകേള്‍വിയില്ലാത്ത വാദമാണ് നബിദിന പ്രഭാഷണവേദികളില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഒട്ടും ഭയക്കാതെ, നബിയുടെ പേരില്‍ കള്ളം പറയുന്നതിന്റെ ഭയാനകതയെ കുറിച്ച് തീരെ ആലോചിക്കാതെ, ഇവര്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഹ്മദ് റസാഖാന്‍ ബറേല്‍വി എന്ന 'ബറേല്‍വിസ'ത്തിന്റെ സ്ഥാപകനും ആ തെളിഞ്ഞ നവീനവാദിയുടെ  (മുബ്തദിഅ്) അനുയായികളും കെട്ടിച്ചമച്ചുാക്കിയ കഥകളും വാദഗതികളും കേരളത്തിലേക്ക് പറിച്ചുനട്ട് മുഹമ്മദ് നബി(സ)യെ ദിവ്യത്വത്തിലേക്ക് ഉയര്‍ത്തുന്ന ഒരു 'നവ മതം' പുരോഹിതന്മാരുടെ അടുക്കളകളില്‍ വേവുന്നുണ്ട്. ഖുര്‍ആന്‍ പ്രകാരം ആദ്യമായി അല്ലാഹു സൃഷ്ടിച്ചത് ആദം നബി(അ)യെയാണ്. ഈ നവ മതത്തില്‍ ആദ്യസൃഷ്ടി 'റസൂലിന്റെ ഒളി'യാണ്. റസൂലിന്റെ 'ഒളി' സൃഷ്ടിച്ചതു കാരണമാണ് ബാക്കി പ്രപഞ്ചമായ പ്രപഞ്ചങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടത്. അല്ലാഹു പഠിപ്പിക്കുന്ന ദീനുല്‍ ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ ഖുര്‍ആനിനെ അരിക്കാക്കിക്കൊണ്ടാണ് ഈ നവീനാശയങ്ങള്‍ 'അഹ്‌ലുസ്സുന്ന'യുടെ വ്യാജമേല്‍വിലാസത്തില്‍ പ്രചരിപ്പിക്കുന്നത്. ഖുര്‍ആനിലെ രണ്ടാം അധ്യായമായ അല്‍ബഖറയില്‍ 29-ാം സൂക്തം ഭൂമിയുടെയും ആകാശത്തിന്റെയും സൃഷ്ടിപ്പിനെക്കുറിച്ച് പറയുന്നുണ്ട്. ആകാശത്തെ ഏഴായി വിന്യസിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. ശേഷം 30-ാം സൂക്തം മനുഷ്യസൃഷ്ടിപ്പിന്റെ ആരംഭത്തെക്കുറിച്ചാണ്. ആ മനുഷ്യന്റെ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് ഏഴാം അധ്യായമായ സൂറ അല്‍അഅ്‌റാഫിലെ 12-ാം സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഖുര്‍ആനിക ആശയങ്ങളെ നിഷേധിച്ചുകൊണ്ടാണ് എല്ലാറ്റിനും മുമ്പ് മുഹമ്മദ് നബി(സ)യുടെ 'ഒളി'യെ പടച്ചെന്നും അക്കാരണത്താല്‍ പ്രപഞ്ചം പടച്ചെന്നും മുഹമ്മദ് നബി(സ)യുടെ ഉത്ഭവം മണ്ണില്‍നിന്നല്ലെന്നും കേരള ബറേല്‍വികളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് പ്രവാചകസ്‌നേഹ പ്രകടനമല്ല, മറിച്ച് പ്രവാചകന്റെ പേരിലുള്ള വ്യാജ പ്രചാരണമാണ്; അതുകൊണ്ടുതന്നെ പ്രവാചക നിന്ദയുമാണ്.

2018 നവംബര്‍ 7-ന് കോഴിക്കോട് കുറ്റിച്ചിറയില്‍ 'ഖാദിമുസ്സുന്ന' സംഘടിപ്പിച്ച 'സുന്നി' സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ പറയുന്നത് 'അമ്പിയാക്കളും ഔലിയാക്കളും മനുഷ്യരൂപത്തിലുള്ളവരാണെങ്കിലും മനുഷ്യപ്രകൃതിയിലുള്ളവരേയല്ല' എന്നാണ്. ഈ പ്രസ്താവന ബിദ്ഈയായ 'നവ മതരൂപത്തിന്' ചേരുമെങ്കിലും ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട ദീനുല്‍ ഇസ്‌ലാമിന് ഒട്ടുമേ ചേരില്ല. ഇത്തരം പ്രചാരകരെ വിളിക്കേണ്ടത് 'ഖാദിമുല്‍ ബിദ്അ' (ബിദ്അത്ത് സേവകര്‍) എന്നും 'ഖാദിഉസ്സുന്ന' (സുന്നത്തിനെ പറ്റിക്കുന്നവര്‍) എന്നുമാണെന്ന് പറയാതെ വയ്യ.

പ്രവാചകന്മാരുടെ മനുഷ്യപ്രകൃതം ഖുര്‍ആന്‍ ആവര്‍ത്തിച്ചുറപ്പിച്ച ദീനിന്റെ മൗലിക പ്രഖ്യാപനമാണ്. ഒടുവിലത്തെ റസൂലായ മുഹമ്മദ് നബി (സ) ഉള്‍പ്പെടെ എല്ലാ നബിമാരുടെയും മനുഷ്യപ്രകൃതത്തെ ഖുര്‍ആന്‍ അടിക്കടി എടുത്തു പറയുന്നുണ്ട്. ഇസ്രാഅ് അധ്യായത്തിലെ 94-ാം വചനത്തില്‍ അല്ലാഹു പറയുന്നത്, മനുഷ്യനാണെന്ന കാരണം പറഞ്ഞാണ് എതിരാളികള്‍ പ്രവാചകനെ തള്ളിപ്പറഞ്ഞത് എന്നാണ്. മനുഷ്യനല്ലായിരുന്നെങ്കില്‍ വിശ്വസിക്കാമായിരുന്നുവെന്ന്. ഞങ്ങളെപ്പോലുള്ള രണ്ട് മനുഷ്യരില്‍ വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്ന നിലപാടാണ് ഫിര്‍ഔനും കൂട്ടരും സ്വീകരിച്ചതെന്ന് മൂസാ-ഹാറൂന്‍ (അ) ചരിത്രം പറയുന്നിടത്ത് സൂറഃ അല്‍മുഅ്മിനൂന്‍ 47-ാം സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കുന്നുണ്ട്. സൂറഃ അല്‍അമ്പിയാഅ് 7-ാം സൂക്തത്തില്‍ 'മനുഷ്യപ്രകൃതം' പ്രവാചകന്മാരുടെ പൊതു പ്രകൃതമാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും വ്യക്തമായ ഖുര്‍ആനികാശയത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഈസാ നബി(അ)യെ ദൈവപുത്രനാക്കി അവതരിപ്പിച്ച നസാറാക്കളുടെ പിറകെ പോയി മുഹമ്മദ് നബി(സ)യെ 'അല്ലാഹുവിന്റെ പ്രകാശമാക്കി' അവതരിപ്പിക്കുന്ന കടുത്ത ബിദ്അത്ത് കേരളത്തിലും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ ആശയം ഇസ്‌ലാമല്ല എന്ന് ഉറക്കെ പറയാന്‍ ഇനിയും സമയം വൈകിക്കൂടാ.

മുഹമ്മദ് നബിയെ മുന്‍നിര്‍ത്തിയുള്ള ഈ പുതിയ മതനിര്‍മിതിക്ക് ഇനിയുമുണ്ട് ചേരുവകള്‍. ആ മതത്തില്‍, ഖുര്‍ആന്‍ ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാവ് എന്ന് പരിചയപ്പെടുത്തിയ ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ പവിത്രതയുള്ളത് ഖുര്‍ആനോ സുന്നത്തോ പരിചയപ്പെടുത്താത്ത 'ലൈലത്തു മീലാദിന്നബി'ക്കാണ്. സംസം വെള്ളത്തേക്കാള്‍ പോരിശയുള്ളത് മുഹമ്മദ് നബിയുടെ വിരലുകള്‍ക്കിടയിലൂടെ നിര്‍ഗളിച്ച, ഇപ്പോള്‍ ലഭ്യമേയല്ലാത്ത ജലത്തുള്ളികള്‍ക്കാണ്.

ഖുര്‍ആനിക പ്രഖ്യാപനത്തിലൂടെയും സ്വഹീഹായ ഹദീസുകളിലൂടെയും സ്ഥിരപ്പെട്ട ദീനീ നിലപാടാണ് മക്കയെന്ന ദേശവും, കഅ്ബ ഉള്‍പ്പെടുന്ന 'മസ്ജിദുല്‍ ഹറാമു'മാണ് ഭൂമിയിലെ ഏറ്റവും പുണ്യവും പവിത്രതയും നിറഞ്ഞ ഇടമെന്ന സത്യം. ബിദ്ഈ മതത്തിന്റെ സൃഷ്ടികര്‍ത്താക്കള്‍ അവയൊക്കെയും അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. പകര മുഹമ്മദ് അഹ്‌സനി എന്ന 'ബിദ്ഈ മത'ത്തിന്റെ പ്രചാരകരിലൊരാള്‍ ഈയിടെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച പ്രഭാഷണത്തിലെ വരികള്‍ ഇങ്ങനെയാണ്: ''ഇന്ന് ഭൂമിക്ക്  മുകളിലുള്ളതില്‍ ഏറ്റവും ബഹുമാന്യമായത് ഏതാ? കഅ്ബാലയമോ ശഅ്‌റെ മുബാറക്കോ? എവിടെയും നീ ഉറപ്പു പറഞ്ഞോളൂ; മുത്ത് നബിയുടെ ശഅ്‌റ് മുബാറക് കഅ്ബയേക്കാള്‍ വലിയതാണ്. ഇതില്‍ മുസ്‌ലിം തര്‍ക്കിച്ചാല്‍ അവന്‍ ഇസ്‌ലാമില്‍നിന്ന് പുറത്താണ്. അല്ലാഹുവിന്റെ റസൂലിന്റെ ശരീരം ലോകത്ത് എല്ലാറ്റിലും വലിയതാണ്. ശരീരം മാത്രമല്ല, ആ ശരീരം തട്ടിക്കിടക്കുന്ന ഖബ്‌റും. ആ ഖബ്ര്‍ കഅ്ബയേക്കാള്‍ മഹത്തായതാണ്, ലൗഹുല്‍ മഹ്ഫൂളിനേക്കാളും ബൈത്തുല്‍ മഅ്മൂറിനേക്കാളും ഖലമിനേക്കാളും മഹത്തായത് മുഹമ്മദ് നബിയുടെ ശരീരം തട്ടിക്കിടക്കുന്ന ഖബ്‌റിടമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഇല്ല; ഇജ്മാഉള്ള വിഷയമാണിത്.'' 

ദീനുല്‍ ഇസ്‌ലാമിന്റെ മുന്‍ഗണനാ ക്രമങ്ങളെയും ഖുര്‍ആന്‍ കൊണ്ടും സുന്നത്ത് കൊണ്ടും സ്ഥിരപ്പെട്ട പുണ്യത്തെക്കുറിച്ച കാഴ്ചപ്പാടുകളെയും അപ്പാടെ തള്ളിപ്പറയുന്ന ഈ മുബ്തദിഅ്, താന്‍ തട്ടിവിട്ട ബിദ്അത്തിന് ഇസ്‌ലാമിക സമൂഹത്തിന്റെ ഇജ്മാഅ് (സുസമ്മത സത്യം) ഉണ്ടെന്ന് പറയാനും ധൈര്യം കാണിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഇത്തരം വ്യതിചലനങ്ങളെ ദീനിലെ അഭിപ്രായ ഭിന്നതയുടെ ആനുകൂല്യത്തില്‍ അവഗണിച്ചാല്‍ ദീനിന്റെ നേര്‍പാതയില്‍നിന്ന് വ്യതിചലിച്ച ഒരു സംഘത്തെ തയാറാക്കാനുള്ള ശത്രുതന്ത്രമാണ് വിജയം വരിക്കുക, ജാഗ്രത പാലിച്ചേ മതിയാവൂ.

റസൂലിനെ ചാരിയുള്ള ഈ അട്ടിമറി ഇഹലോകത്ത് തീരുന്നതല്ല; പരലോകത്തേക്ക് കൂടി നീളുന്നതാണ്. പരലോക വിചാരണയെ തന്നെ അട്ടിമറിക്കുന്നതാണ്. നബിദിന രാവിനെ ബഹുമാനിച്ചും നബിദിന പകലില്‍ ബിരിയാണി  വെച്ചു വിളമ്പിയും മദീനയിലേക്ക് സ്വലാത്തുകള്‍ പാര്‍സലാക്കിയും റബീഉല്‍ അവ്വല്‍ മാസത്തില്‍ പാട്ടുപാടിയും മുടിയിട്ട വെള്ളം കുടിച്ചും മുഹമ്മദ് നബിയുടെ ഇഷ്ടക്കാരായി മാറാന്‍ കഴിയുമെന്നതും, അതുവഴി നബിയുടെ ശഫാഅത്തിന് (ശിപാര്‍ശ) അര്‍ഹത നേടി സ്വര്‍ഗത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കാമെന്നതും ഈ നിര്‍മിത നവ മതത്തിന്റെ പ്രചാരണത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.

കര്‍മങ്ങളില്‍ നിഷ്ഠയില്ലാത്ത ഒരു വിഭാഗം ഇങ്ങനെ ജന്മമെടുക്കുന്നുണ്ട്. ശരീഅത്ത് നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ഒട്ടും ഉത്സുകരല്ല. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരം പോലും അവര്‍ക്ക് പ്രധാനമല്ല. സകാത്ത് അവരുടെ ആലോചനയിലേ ഇല്ല. ധാര്‍മിക, സദാചാര വിശുദ്ധിയില്‍ അവര്‍ക്ക് താല്‍പര്യമില്ല. ലഹരിപാനം അവര്‍ക്ക് ഗുരുതരമേയല്ല. വിവാഹത്തിലെ ദീനീസംസ്‌കാരം അവര്‍ക്കത്ര ഗൗരവപ്പെട്ടതല്ല. ഏത് തിന്മക്കും അത്യാചാരത്തിനും അതിര്‍ലംഘനത്തിനും പരിഹാരമായി ശഫാഅത്ത് എന്ന ഒറ്റമൂലിയാണ് ഈ 'ബിദ്ഈ മതം' മുന്നോട്ടുവെക്കുന്നത്.

ചുരുക്കത്തില്‍, ഇസ്‌ലാമികമായ കാഴ്ചപ്പാട് തൗഹീദിലും രിസാലത്തിലും ആഖിറത്തിലും അട്ടിമറിക്കുന്ന ഇബ്‌ലീസിന്റെ വന്‍ പദ്ധതി തന്നെയാണ് കേരള ബറേല്‍വികളിലൂടെ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

'വിശ്വാസത്തിലേക്ക് വീണ്ടും' (ഇലല്‍ ഈമാനി മിന്‍ ജദീദ്) എന്ന മുദ്രാവാക്യമുയര്‍ത്തി വിപുലമായ ഒരു ഇസ്‌ലാഹി-തജ്ദീദി മുന്നേറ്റം തന്നെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉയര്‍ന്നുവരാന്‍ സമയം വൈകിയിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (56-60)
എ.വൈ.ആര്‍

ഹദീസ്‌

ഹദീസ് പഠിക്കുക, പ്രചരിപ്പിക്കുക
ബിലാലുബ്‌നു അബ്ദുല്ല, കരിയാട്