Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

ജാവിദലി

ടി. നാസര്‍, ചുള്ളിപ്പാറ

തിരൂരങ്ങാടി ചുള്ളിപ്പാറ  പ്രാദേശിക ജമാഅത്തിലെ എസ്.ഐ.ഒ മുന്‍ ജില്ലാസമിതിയംഗം കെ.കെ കോയക്കുട്ടിയുടെയും മുന്‍ വനിതാ ഹല്‍ഖാ നാസിമത്ത് സൈനബയുടെയും ഏകമകന്‍ ജാവിദലി അല്ലാഹുവിങ്കലേക്ക് യാത്രയായി. തിരുവനന്തപുരത്ത് ബിസിനസ് നടത്തുന്ന ജാവിദലി അവിടേക്കുള്ള യാത്രാമധ്യേ കാറപകടത്തിലാണ് മരണപ്പെട്ടത്. 29 വയസ്സായിരുന്നു. എസ്.ഐ.ഒ രണ്ടാം മീഖാത്തില്‍, ഈയിടെ മരണപ്പെട്ട അശ്ഫാഖ് അഹ്മദ് പ്രസിഡന്റും ജാവിദലി സെക്രട്ടറിയുമായിരുന്നപ്പോള്‍ തങ്ങള്‍ക്ക് ജനിച്ച മകന് ആ കുടുംബം 'ജാവിദലി' എന്ന് പേരിടുകയായിരുന്നു. പഠനത്തിനു ശേഷം വിദേശത്ത് പോയ ജാവിദലി അടുത്തകാലത്ത് നാട്ടില്‍ തിരിച്ചെത്തി പിതാവിനോടൊപ്പം ബിസിനസ്സില്‍ സഹായിച്ചു വരികയായിരുന്നു.

നാട്ടിലുള്ളപ്പോള്‍ എസ്.ഐ.ഒവിന്റെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. എല്ലാ വിഭാഗത്തിലുംപെട്ട യുവാക്കളുമായി സൗഹൃദം പുലര്‍ത്തി. പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയുണ്ടായിരുന്ന ജാവിദലിക്ക് രണ്ടര വയസ്സുള്ള മകളുണ്ട്. ഭാര്യ ഫഹീമ പൊന്മുണ്ടം പ്രാദേശിക ജമാഅത്ത് അമീര്‍ കുഞ്ഞിമൊയ്തീന്‍കുട്ടിയുടെ മകളാണ്. ജെയ്‌സിയ ബാനു ഏക സഹോദരി.

 

 

മുഹമ്മദ് സാദിഖ്

എറണാകുളം ജില്ലയിലെ ചെറായി മഹല്ല് നിവാസികളായ ഞങ്ങള്‍ എട്ട് പേരടങ്ങുന്ന സുഹൃദ് വലയത്തിലെ പ്രധാനിയായിരുന്നു മുഹമ്മദ് സാദിഖ്(18). പ്രായത്തിന്റെതായ ദൗര്‍ബല്യങ്ങളില്ലാത്ത പ്രിയസുഹൃത്ത് പെരുമാറ്റത്തില്‍ പ്രായത്തില്‍ കവിഞ്ഞ പക്വത കാണിച്ചിരുന്നു. പള്ളിയില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ കൃത്യനിഷ്ട പാലിച്ചിരുന്ന അവന്‍ ഞങ്ങളെ എല്ലാവരെയും പള്ളിയിലേക്ക് വിളിച്ചു കൊണ്ട് പോകുമായിരുന്നു; പ്രത്യേകിച്ച് സുബ്ഹി നമസ്‌കാരത്തിന്. നമസ്‌കാരശേഷം അല്പം ഖുര്‍ആന്‍ ഓതാതെ പുറത്തേക്ക് വരുമായിരുന്നില്ല അവന്‍. മുതിര്‍ന്നവരെ ഏറെ ബഹുമാനിച്ചിരുന്ന സാദിഖ് വീട്ടില്‍ വാപ്പയും ഉമ്മയും വല്ല്യുമ്മയും സഹോദരിയുമടങ്ങുന്ന എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഞങ്ങളുടെ വീടുകളില്‍ നിത്യ സന്ദര്‍ശകനായ അവന്‍ ഹൃദ്യമായ പെരുമാറ്റത്തിലൂടെ ഞങ്ങളുടെ വീട്ടുകാരുടെ പോലും ഹൃദയം കീഴടക്കിയിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖം. അനാവശ്യ വര്‍ത്തമാനങ്ങളോ പ്രവൃത്തികളോ ഇതുവരെ അനുഭവിക്കേണ്ടിവന്നിട്ടില്ല. ചെറായിലെ എസ്.ഐ.ഒ പ്രവര്‍ത്തനങ്ങളില്‍ സാദിഖ് സജീവ സാന്നിധ്യമായിരുന്നു. ചെറായി മഹല്ല് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് സാദിഖിന്റെ നന്മകളും ഓര്‍മകളും മഹല്ലിലെ ഓരോരുത്തരിലും തേങ്ങലോടെ എന്നെന്നും നിലനില്‍ക്കും. ചെറായി കടവില്‍ വീട് സലീമിന്റെയും ഫസീലയുടെയും മകനും കളമശ്ശേരി ഐ.ടി.ഐ അവസാന വര്‍ഷ വിദ്യാര്‍ഥിയുമായിരുന്ന സാദിഖ് കോളേജിലെ കൂട്ടുകാരൊത്ത് അതിരപ്പിള്ളിയില്‍ വിനോദയാത്രക്ക് പോയതായിരുന്നു. വെറ്റിലപ്പാറയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു. സഅ്ദിയ ഏക സഹോദരിയാണ്. 

പി.എല്‍ സഫര്‍ 

 

 

 

പി.കെ സിദ്ദീഖ്

ചേന്ദമംഗലം ജമാഅത്ത് ഘടകത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു പി.കെ സിദ്ദീഖ് സാഹിബ് (85). പ്രായത്തിന് തളര്‍ത്താനാവാത്ത ആത്മവിശ്വാസത്തിന്റെയും കര്‍മോത്സുകതയുടെയും ഉടമ. വര്‍ഷങ്ങള്‍ക്കുമുമ്പ് ഹാരിസണ്‍ മലയാളം കമ്പനിയിലെ ജോലിക്കിടെ സംഭവിച്ച അപകടത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തപ്പോള്‍ കമ്പനിക്കെതിരെ കേസ് കൊടുത്ത് പെന്‍ഷന്‍ ഉത്തരവ് നേടിയെടുത്തിട്ടുണ്ട് അദ്ദേഹം. 'റബ്ബ് രക്ഷിക്കും' എന്ന രണ്ട് വാക്കില്‍ ഏതു പ്രശ്‌നത്തെയും നേരിടാനുള്ള ആര്‍ജവമുണ്ടായിരുന്നു.

പ്രസ്ഥാനം അദ്ദേഹത്തിന് ആവേശമായിരുന്നു. യാത്രാപ്രിയനായ അദ്ദേഹം എവിടെ യാത്രപോയാലും പ്രാദേശിക നേതൃത്വത്തെ അറിയിക്കും. തന്റെ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ പരിപാടികളിലും പ്രസ്ഥാനപ്രവര്‍ത്തകരുടെ സാന്നിധ്യം അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഈ പ്രായത്തിലും മൂന്ന് കിലോമീറ്ററിലധികം നടന്നാണ് പലപ്പോഴും ഹല്‍ഖാ യോഗത്തില്‍ എത്തിയിരുന്നത്. ചെറുപ്പക്കാര്‍ പോലും വായനയെ അവഗണിക്കുമ്പോള്‍ പ്രബോധനവും മാധ്യമവും ദേശാഭിമാനിയും അദ്ദേഹത്തിന്റെ വായനാലോകമായിരുന്നു. അദ്ദേഹത്തിന്റെ ജനാസ സന്ദര്‍ശിക്കാനും നമസ്‌കാരത്തില്‍ പങ്കെടുക്കാനും ജാതി, മത, രാഷ്ട്രീയ പരിഗണനക്ക് അതീതമായി വലിയൊരു ജനാവലി എത്തിച്ചേര്‍ന്നു.

ഭാര്യ: റുഖിയ. മക്കള്‍: അന്‍വര്‍, ഉമര്‍, ഹുസൈന്‍. മരുമക്കള്‍: റംല, ഷഹ്‌നാസ്, ഷാനി.

വി.കെ അബ്ദുല്‍ജബ്ബാര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍