Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

ചില രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍

(ജീവിതാക്ഷരങ്ങള്‍-14 / ഒ. അബ്ദുര്‍റഹ്മാന്‍)

മുസ്‌ലിംലീഗിലെ പിളര്‍പ്പില്‍ ഇടപെട്ട ചില അനുഭവങ്ങള്‍ കൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്. മുസ്‌ലിംലീഗിലെ ഒന്നാമത്തെ പിളര്‍പ്പ് എഴുപതുകളുടെ തുടക്കത്തില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി പൊട്ടിപ്പുറപ്പെട്ടതാണല്ലോ. അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ മരുമകന്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെ തഴഞ്ഞ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് പാണക്കാട് പൂക്കോയ തങ്ങളെ മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആയി അവരോധിച്ചത് ഇഷ്ടപ്പെടാതിരുന്ന എം.കെ ഹാജി, സി.പി ചെറിയ മമ്മുക്കേയി, പി.എം അബൂബക്കര്‍, മൊയ്തീന്‍ കുട്ടി എന്ന ബാവ ഹാജി, ഇ.ടി മുഹമ്മദ് ബഷീര്‍ മുതല്‍ പേര്‍ പാര്‍ട്ടി വിട്ട് അഖിലേന്ത്യാ മുസ്‌ലിം ലീഗ് രൂപവത്കരിച്ചതോടെ പിളര്‍പ്പ് പൂര്‍ണമായി. തുടര്‍ന്ന് അരങ്ങേറിയ 'യുദ്ധം' സഭ്യതയുടെയും മാന്യതയുടെയും സകല സീമകളും ലംഘിക്കുന്നതായിരുന്നു. അക്കാലത്ത് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന മുഹമ്മദ് യൂസുഫ് സാഹിബ് കേരളത്തില്‍ വന്ന് ഇരുവിഭാഗം ലീഗ് നേതാക്കളെയും സന്ദര്‍ശിച്ച് സവിസ്തരമായ ചര്‍ച്ചകള്‍ നടത്തി അനുരഞ്ജന സാധ്യതകള്‍ ആരായുകയുണ്ടായി. പക്ഷേ, ഫലം നാസ്തി. ഐ.യു.എം.എല്‍ യു.ഡി.എഫിലും എ.ഐ.എം.എല്‍, എല്‍.ഡി.എഫിലും ഘടകങ്ങളായത് പുനഃസംയോജനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. 1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് മുസ്‌ലിം ലീഗിന്റെ ഊട്ടി പ്രമേയപ്രകാരമാണെന്ന് യൂനിയന്‍ ലീഗ് നേതാവ് ഇ. അഹമ്മദ് അവകാശപ്പെട്ടുവെന്ന് മാത്രമല്ല, അഖിലേന്ത്യ ലീഗിന്റെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യിക്കാനും ലീഗ് ഉദ്യുക്തമായി. '77-ലെ പൊതുതെരഞ്ഞെടുപ്പില്‍ ആരെയും ലോക്‌സഭയിലേക്കയക്കാന്‍ അഖിേലന്ത്യാ ലീഗിന് സാധിച്ചില്ലെങ്കിലും പിന്നീട്  നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നു, നാലംഗ അഖിലേന്ത്യാ ലീഗ് അസംബ്ലി പാര്‍ട്ടി നേതാവ് പി.എം അബൂബക്കര്‍ പൊതുമരാമത്ത് മന്ത്രിയുമായി. 1987-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് രാഷ്ട്രീയ ലക്ഷ്യത്തോടെ അഴിച്ചുവിട്ട ശരീഅത്ത്‌വിരുദ്ധ കാമ്പയിന്‍ വേണ്ടിവന്നു മുസ്‌ലിംലീഗുകളുടെ പുനരേകീകരണത്തിന്. നിരുപാധികമായിരുന്നു ലീഗുകാരുടെ ലയനം.  

1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായിരുന്നു മുസ്‌ലിംലീഗിലെ രണ്ടാം പിളര്‍പ്പ്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ കുറ്റകരമായ അനാസ്ഥയും കൃത്യവിലോപവുമാണ് ഇന്ത്യന്‍ സെക്യുലരിസത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ക്കാന്‍ ഇടവരുത്തിയതെന്ന സത്യം മുന്‍നിര്‍ത്തി കേരളം ഭരിച്ചിരുന്ന യു.ഡി.എഫുമായുള്ള മുസ്‌ലിം ലീഗിന്റെ ബന്ധം വിഛേദിക്കണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് ഇബ്‌റാഹീം സുലൈമാന്‍ സേട്ട് ആവശ്യപ്പെട്ടത് ചെവിക്കൊള്ളാന്‍ സംസ്ഥാന ഘടകം തയാറായില്ല. ഗുരുവായൂര്‍ മണ്ഡലത്തില്‍നിന്നുള്ള മുസ്‌ലിംലീഗ് എം.എല്‍.എ പി.എം അബൂബക്കര്‍ സേട്ടുവിന്റെ ഒപ്പംനിന്ന് നിയമസഭാംഗത്വം രാജിവെച്ചതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പിന് കളമൊരുങ്ങി. കോണ്‍ഗ്രസ് കാട്ടിയ നന്ദികേടിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് എന്ന നിലയിലെങ്കിലും മുസ്‌ലിംലീഗ് യു.ഡി.എഫ് വിടണമെന്ന വികാരത്തോടൊപ്പമായിരുന്നു മാധ്യമവും. മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് എന്നതുകൊണ്ട് അണികളില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പം നിന്നു. ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി അബ്ദുസ്സമദ് സമദാനിയെ തോല്‍പിച്ച് സി.പി.എം സ്വതന്ത്രന്‍ പി.ടി കുഞ്ഞുമുഹമ്മദ് നിയമസഭാംഗമായെങ്കിലും തീരുമാനം പുനഃപരിശോധിക്കാന്‍ ലീഗ് നേതൃത്വം ഒരുക്കമായിരുന്നില്ല. മാത്രമല്ല, സേട്ട് സാഹിബിനെ ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനാണ് പാര്‍ട്ടിയില്‍ കരുനീക്കം നടന്നത്. അന്ന് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ഗുലാം മുഹമ്മദ് ബനാത്ത് വാലയെ വശത്താക്കി നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് വിളിച്ചുചേര്‍ക്കാനും അദ്ദേഹത്തെ പ്രസിഡന്റാക്കാനുമാണ് പി.കെ കുഞ്ഞാലിക്കുട്ടി, കൊരമ്പയില്‍ അഹമ്മദ് ഹാജി എന്നിവര്‍ സഫലയത്‌നം നടത്തിയത്. ദല്‍ഹിയില്‍ ചേര്‍ന്ന നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സേട്ടിനെതിരായ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിരോധത്തെ സേട്ട് സാഹിബ് എതിര്‍ത്തു എന്നതായിരുന്നു ആരോപണങ്ങളില്‍ ഒന്ന്. കുറ്റപത്രം അംഗീകരിക്കപ്പെട്ടു. സേട്ട് സാഹിബിനെ പ്രസിഡന്റ് പദവിയില്‍നിന്ന് നീക്കി. പകരം ബനാത്ത്‌വാല പ്രസിഡന്റുമായി. എന്നാല്‍, സേട്ടിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയില്ല. അദ്ദേഹത്തെ രക്ഷാധികാരിയായി നിലനിര്‍ത്താനായിരുന്നു നീക്കം. അത് സ്വീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍, പി.എം അബൂബക്കറിന്റെ സമ്മര്‍ദംമൂലം സേട്ട് പിന്മാറി. എന്നാല്‍, സേട്ട് സാഹിബിനെ മുസ്‌ലിംലീഗില്‍നിന്ന് പുറത്തുചാടിച്ചത് മാധ്യമവും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന് വ്യാപകമായ പ്രചാരണം നടന്നു. സത്യത്തില്‍ മാധ്യമത്തിനോ ജമാഅത്തിനോ അതിലൊരു പങ്കും ഇല്ലായിരുന്നു. അദ്ദേഹം മുസ്‌ലിംലീഗില്‍ നിന്നു കൊണ്ടുതന്നെ വിശാല സമുദായതാല്‍പര്യങ്ങള്‍ക്കുവേണ്ടി പൊരുതണമെന്ന ഞങ്ങളുടെ അഭിപ്രായം യഥാസമയം അദ്ദേഹത്തെ അറിയിച്ചിരുന്നതാണ്.

മുസ്‌ലിം ലീഗ് പിളര്‍ന്നു. ഇബ്‌റാഹീം സുലൈമാന്‍ സേട്ട് അഖിലേന്ത്യാ പ്രസിഡന്റും പി.എം അബൂബക്കര്‍, എന്‍.എ നെല്ലിക്കുന്ന്, ചെറിയ മമ്മുക്കേയിയുടെ സീമന്ത പുത്രന്‍ എസ്.എ പുതിയവളപ്പില്‍, പി.എം.എ സലാം മുതലായവര്‍ ഭാരവാഹികളുമായി ഇന്ത്യന്‍ നാഷ്‌നല്‍ ലീഗ് നിലവില്‍ വന്നു. അതുമായി ധാരണയിലേര്‍പ്പെടാന്‍ സി.പി.എം തയാറായെങ്കിലും എല്‍.ഡി.എഫിന്റെ ഘടകമാക്കാന്‍ മടിച്ചു. അവരുടെ നിര്‍ദേശപ്രകാരമായിരുന്നു പേരില്‍ മുസ്‌ലിം ചേര്‍ക്കാത്ത മറ്റൊരു ലീഗ് രൂപീകൃതമായതുതന്നെ. പൂര്‍ണമായും മതേതര സ്വഭാവത്തോടു കൂടിയ ഭരണഘടനയാണ് ഐ.എന്‍.എല്‍ അംഗീകരിച്ചതും. ഒരു ഘട്ടത്തില്‍ ഇ.എം.എസ് 'ചിന്ത'യിലെ തന്റെ കോളത്തില്‍, ഗാന്ധിജിയും സേട്ടിനെ പോലുള്ള മതമൗലികവാദി ആയിരുന്നെന്ന് എഴുതിയത് പാര്‍ട്ടിക്കകത്തും പുറത്തും അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമായി. ഇടക്ക് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലിലെ പി.എം.എ സലാം സ്വതന്ത്ര സ്ഥാനാര്‍ഥിയായി സി.പി.എം പിന്തുണയോടെ ജയിച്ചുവെങ്കിലും പിന്നീട് മുസ്‌ലിംലീഗ്-ഐ.എന്‍.എല്‍ ലയനത്തോടെ അദ്ദേഹവും എന്‍.എ നെല്ലിക്കുന്ന് മുതല്‍ പേരും മാതൃസംഘടനയിലേക്ക് തിരിച്ചുപോയി. പിന്നെയും ബാക്കിയായവരാണ് ഇടതുമുന്നണിയില്‍ ഏറെ വൈകി ഇപ്പോള്‍ പ്രവേശനം നേടിയിരിക്കുന്നത്. സേട്ട് സാഹിബ് ജീവിച്ചിരിക്കുേമ്പാള്‍ തന്നെ മുസ്‌ലിംലീഗിലേക്ക് തിരിച്ചുപോകാനുള്ള സാധ്യത തെളിഞ്ഞിരുന്നതാണ്. ജമാഅത്തെ ഇസ്‌ലാമി ലീഗ് നേതൃത്വവുമായി കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകളില്‍ ഐ.എന്‍.എല്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന ഉറപ്പിന് ടി.കെ അബ്ദുല്ല സാഹിബ്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവരോടൊപ്പം ഞാനുമടങ്ങിയ സംഘം പരമാവധി സമ്മര്‍ദം ചെലുത്തി. പി.കെ കുഞ്ഞാലിക്കുട്ടി, കൊരമ്പയില്‍ അഹമ്മദ് ഹാജി, അബ്ദുസ്സമദ് സമദാനി മുതല്‍ പേരാണ് മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ചത്. മുസ്‌ലിം ലീഗിന് താമസിയാതെ ലഭിക്കാനിടയുള്ള രാജ്യസഭ സീറ്റ് സേട്ടുവിന് നല്‍കാമെന്ന് സമ്മതിച്ചാല്‍ ബാക്കിയൊക്കെ ലളിതമായി പരിഹരിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുഞ്ഞാലിക്കുട്ടി ഉടനെ അതിനോട് യോജിച്ചു. എന്നാല്‍, 'അങ്ങനെയൊന്നും ഉറപ്പുനല്‍കാന്‍ ഇപ്പോള്‍ പറ്റില്ല കുഞ്ഞാലിക്കുട്ടീ' എന്ന കൊരമ്പയിലിന്റെ പ്രതികരണം ചര്‍ച്ച വഴിമുട്ടിച്ചു. പിന്നെ കാണാം എന്നും പറഞ്ഞ് ഞങ്ങള്‍ ഇറങ്ങിപ്പോരുമ്പോള്‍ ഞാന്‍ ടി.കെയോട് ചോദിച്ചു; 'അഹമ്മദാജി പറഞ്ഞതിന്റെ പൊരുള്‍ താങ്കള്‍ക്ക് പിടികിട്ടിയോ?' ടി.കെ പറഞ്ഞു: 'ഇല്ല, എന്താണത്?' 'എന്നുവെച്ചാല്‍ അടുത്ത രാജ്യസഭ എം.പി അദ്ദേഹമായിരിക്കും എന്ന്.' അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു. 

തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴൊക്കെ സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണക്കായി സമീപിക്കാറുണ്ടെന്ന് പ്രത്യക്ഷത്തില്‍ എത്ര നിഷേധിച്ചാലും അനിഷേധ്യവസ്തുതയാണ്. പലപ്പോഴും ഉത്തരവാദപ്പെട്ടവര്‍ എന്നെയാണ് വിളിക്കുക. 'മാധ്യമ'ത്തിന്റെ എഡിറ്ററായതുകൊണ്ടാവാം അത്. ഞാന്‍ ജമാഅത്ത് നേതൃത്വവുമായി ബന്ധപ്പെടുകയും നേതാക്കളുമായി സംവദിക്കാനുള്ള സ്ഥലവും തീയതിയും സമയവും നിശ്ചയിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്യും. കോണ്‍ഗ്രസ്സില്‍നിന്ന് എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, എം.ഐ ഷാനവാസ് എന്നിവരും മുസ്‌ലിംലീഗില്‍നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ്, കെ.പി.എ മജീദ്, അബ്ദുസ്സമദ് സമദാനി തുടങ്ങിയവരുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുക. ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് അതത് കാലത്തെ കേരള ഘടകം അമീറുമാരും ടി.കെ അബ്ദുല്ല, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവരും പിന്നെ ഞാനുമുണ്ടാവും. സി.പി.എമ്മില്‍നിന്ന് സി.പി ബാലന്‍ വൈദ്യരാണ് പ്രാരംഭ സംഭാഷണങ്ങള്‍ക്ക് വരുക. പിന്നീട് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, എളമരം കരീം തുടങ്ങിയവരുമുണ്ടാകും. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ എസ്.ക്യു.ആര്‍ ഇല്യാസ്, സിദ്ദീഖ് ഹസന്‍ എന്നിവരോടൊപ്പം ഞാനും ദല്‍ഹിയിലെ എ.കെ.ജി സെന്ററില്‍ വെച്ച് സി.പി.എമ്മിന്റെ ദേശീയ നേതാക്കളില്‍ എസ്. രാമചന്ദ്രന്‍ പിള്ളയടക്കം ചിലരുമായി സുദീര്‍ഘ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫാഷിസ്റ്റ് മുന്നണിയെ തോല്‍പിക്കാനുള്ള തന്ത്രങ്ങളായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം. കൂട്ടത്തില്‍ കേരളത്തില്‍ ചില മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതിനെക്കുറിച്ചും ആശയവിനിമയം നടത്തി. ഈ ചര്‍ച്ചകളുടെയെല്ലാം സംക്ഷിപ്ത റിപ്പോര്‍ട്ട് ജമാഅത്ത് ശൂറയുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുകയും അന്തിമതീരുമാനങ്ങളില്‍ അനുകൂലമോ പ്രതികൂലമോ ആയ സ്വാധീനം ചെലുത്തുകയും ചെയ്യും. വോട്ട്ബാങ്ക് എന്ന ഒന്ന് ജമാഅത്തിനില്ല, അഥവാ വളരെ പരിമിതമാണ്. പരിമിത സ്വാധീനം ജമാഅത്ത് പിന്തുണക്കുന്ന പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ വേണ്ടി കാമ്പയിനിലൂെട വര്‍ധിപ്പിക്കാനും സംഘടന മെനക്കെടാറില്ല. എന്നിട്ടും ജമാഅത്തിന്റെ പിന്തുണക്കുവേണ്ടി പാര്‍ട്ടികള്‍ നേതൃത്വത്തെ സമീപിക്കാറ് അതിന്റെ ധാര്‍മിക ശക്തി മുന്‍നിര്‍ത്തിയാണ്. 'മാധ്യമ'ത്തിന്റെ പിന്തുണ ഏറെ വിലെപ്പട്ടതായി കരുതപ്പെടാറുണ്ടെങ്കിലും തെരഞ്ഞെടുപ്പുകളില്‍ തീര്‍ത്തും നിഷ്പക്ഷമായിരിക്കണം പത്രത്തിന്റെ നിലപാടെന്നത് സുചിന്തിത നയമാണ്. കഴിഞ്ഞേടത്തോളം അത് സത്യസന്ധമായി പാലിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, സംഘ് പരിവാറിനെ പരാജയപ്പെടുത്തുക എന്നതും നയത്തിന്റെ ഭാഗമായതുെകാണ്ട് വാര്‍ത്തയിലെ നിഷ്പക്ഷത കൈയൊഴിക്കാതെത്തെന്ന, മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവന്നിട്ടുണ്ട്.

ആശയപരമായും വീക്ഷണപരമായും നിലപാടുപരമായും സംഘ് പരിവാറിനോടുള്ള മൗലിക വിയോജനം നിലനില്‍ക്കെ അവരില്‍ ചിലരുമായി വ്യക്തിപരമായ അടുപ്പം നിലനിര്‍ത്തിവന്നിട്ടുണ്ട്. മാധ്യമം ആരംഭിച്ച കാലത്ത് കെ.ജി മാരാരായിരുന്നു ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍. അദ്ദേഹം ഇടക്കിടെ ഡസ്‌കില്‍ വരികയും നര്‍മോക്തി കലര്‍ന്ന സംഭാഷണങ്ങളിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ വ്യക്തിപരമായി കൂടുതല്‍ അടുപ്പം ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി രണ്ടാമതും നിയുക്തനായ പി.എസ് ശ്രീധരന്‍പിള്ളയുമായി തന്നെ. താന്‍ അടിയുറച്ച സംഘ് പ്രവര്‍ത്തകനാണെന്ന് തുറന്നുപറയുന്ന പിള്ളക്ക് പക്ഷേ, പരിഭവം ആര്‍.എസ്.എസിലെ ചില കര്‍ക്കശവാദികള്‍  അദ്ദേഹത്തിന്റെ മുസ്‌ലിം-ക്രിസ്ത്യന്‍ സുഹൃദ്ബന്ധങ്ങളെ സംശയിക്കുന്നതിലാണ്. ഒട്ടു വളരെയവസരങ്ങളില്‍ ഞങ്ങള്‍ രാഷ്ട്രീയം, മതം, മനുഷ്യാവകാശങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചെല്ലാം വിവരങ്ങളും വീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഒരേസമയം, പ്രഗത്ഭനായ അഭിഭാഷകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമാണല്ലോ ശ്രീധരന്‍പിള്ള. മുസ്‌ലിം സമൂഹത്തില്‍പോലും സ്വീകാര്യത പരിമിതമായ ഒരു സംഘടനയുടെ പിന്‍ബലമാണ് 'മാധ്യമ'ത്തിനുള്ളതെങ്കിലും അത് ഇത്രയേറെ സ്വാധീനം നേടിയതിന്റെ രസതന്ത്രമാണ് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കുന്ന വിഷയങ്ങളിലൊന്ന്. പലപ്പോഴും 'മാധ്യമ'ത്തിന്റെ നിലപാടു പേജില്‍ എഴുതിയ അദ്ദേഹത്തിന് പക്ഷേ, പത്രം തുടക്കത്തില്‍ കാണിച്ച ആര്‍ജവം പില്‍ക്കാലത്ത് നഷ്ടപ്പെട്ടു എന്ന അഭിപ്രായമുണ്ട്. മീഡിയവണ്‍ ചാനല്‍ താരതമ്യേന നിഷ്പക്ഷത പുലര്‍ത്തുന്നു എന്ന അഭിപ്രായം പല ബി.ജെ.പി നേതാക്കളും പങ്കുവെക്കുന്നു. ശ്രീധരന്‍പിള്ളയുടെ 'വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ്' എന്ന വേദി പല ചര്‍ച്ചകള്‍ക്കും എന്നെ ക്ഷണിക്കുകയും എന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അവസരം അനുവദിക്കുകയും ചെയ്തത് ഓര്‍ക്കുന്നു. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ കൊടിയത്തൂരില്‍ നടത്തിവരുന്ന വാദിറഹ്മ അല്‍ ഇസ്‌ലാഹ് അനാഥശാലയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറിലേക്ക് ഒരിക്കല്‍ ശ്രീധരന്‍പിള്ള ക്ഷണിക്കപ്പെട്ടിരുന്നു. സ്ഥാപനത്തെക്കുറിച്ച് വേണ്ടത്ര ചോദിച്ചറിഞ്ഞതിനുശേഷം മതിേപ്പാടെയാണ് അേദ്ദഹം മടങ്ങിയത്. പിന്നീടൊരിക്കല്‍ താന്‍ പ്രതിമാസം ഒരു തുക മറ്റൊരാളുടെ പേരില്‍ അനാഥശാലക്ക് അയച്ചുകൊണ്ടിരുന്നതായി പിള്ള എന്നോട് പറയുകയുണ്ടായി. പക്ഷേ, മിതവാദിയും മതേതരനുമായറിയപ്പെട്ട എ.ബി വാജ്‌പേയിയെപ്പോലും നിശ്ശബ്ദനാക്കാന്‍ സാധിച്ച സംഘ് പരിവാറിന് ശ്രീധരന്‍പിള്ളയെപ്പോലുള്ളവരെ ഹിന്ദുത്വ മുഖ്യധാരയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സാധിച്ചു എന്നതാണ് ഏറ്റവും ഒടുവിലത്തെ അനുഭവം.

ഞാന്‍ പത്രപ്രവര്‍ത്തനരംഗത്തേക്ക് കാല്‍വെച്ചതിന്റെ അമ്പതാം വാര്‍ഷികത്തില്‍ (2014) നാട്ടുകാര്‍ ഒരു പൗരസ്വീകരണം ഒരുക്കിയിരുന്നു. ആശയപരമായി ഞാന്‍ നിരന്തരം ഏറ്റുമുട്ടി വന്നവരായിരുന്നു അനുമോദകരില്‍ മുഖ്യാതിഥികള്‍ എന്നതായിരുന്നു ചടങ്ങിന്റെ പ്രസക്തി. ഹമീദ് ചേന്ദമംഗല്ലൂര്‍, എം.എന്‍ കാരശ്ശേരി, പി.എസ് ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ എടുത്തുപറയണം. ഒ. അബ്ദുല്ല, ടി.പി.ചെറൂപ്പ എന്നിവരും ആശംസകളര്‍പ്പിക്കാന്‍ എത്തിയിരുന്നു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍