Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

[ യേശുവിനെ സ്‌നേഹിച്ച് സ്‌നേഹിച്ച് .... 16]

അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്, ഇസ്‌ലാം സ്വീകരിക്കാന്‍ ഒരാളെയും നിര്‍ബന്ധിക്കരുത് എന്ന്. ഇതൊരു മൗലിക ഇസ്‌ലാമിക തത്ത്വം കൂടിയാണ്. ''മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോ

വില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും

അറിയുന്നവനുമാകുന്നു'' (ഖുര്‍ആന്‍ 2:256).

വീണ്ടും: ''പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ളതാകുന്നു. വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. അല്ലാത്തവര്‍ക്ക് അവിശ്വസിക്കാം'' (18:29). സംവാദമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആശയം. ജനങ്ങളുമായി സംവദിച്ച് വളരെ സയുക്തികമായി, ഗുണകാംക്ഷയോടെ ജനങ്ങളെ സത്യപാ

തയിലേക്ക് ക്ഷണിക്കുക: ''യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍'' (16:125).

പക്ഷേ കത്തോലിക്കാ ചര്‍ച്ച് ഇന്ന് അതിനുള്ള സ്ഥാനമൊക്കെ നേടിയെടുത്തത് നിരപരാധരായ ദശലക്ഷക്കണക്കിന് പേരുടെ രക്തം ചിന്തിയതിനു ശേഷമാണ്. നെതര്‍ലാന്റ്‌സ് എന്ന രാജ്യത്തിന്റെ മാത്രം ചരിത്രം പഠിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. കത്തോലിക്കാ ചര്‍ച്ചിന്റെ വിശ്വാസപ്രമാണങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്നതിന്റെ പേരില്‍ മൂന്ന് ദശലക്ഷം ആളുകളാണത്രെ അവിടെ കൂട്ടക്കുരുതിക്ക് ഇരയായത്. 

''1568 ഫെബ്രുവരി 16-ന് വിശുദ്ധ കാര്യാലയം (Holy Office) മുഴുവന്‍ നെതര്‍ലാന്റ്‌സ് നിവാസികളെയും ദൈവനിഷേധികളായി മുദ്രകുത്തി അവരെ വധശിക്ഷക്ക് വിധിച്ചു. ഇരുട്ട് നിറഞ്ഞ ഈ പൊതുവിധിയില്‍നിന്ന് പേരെടുത്ത് പറഞ്ഞ ചുരുക്കം ആളുകള്‍ മാത്രമേ ഒഴിവാക്കപ്പെട്ടിരുന്നുള്ളൂ. പത്തു ദിവസം കഴിഞ്ഞ് മതവിചാരണ(Inquisition)യുടെ ഈ വിധിപ്രസ്താവം അംഗീകരിച്ചതായി രാജശാസനയിറങ്ങി. പ്രായമോ ലിംഗമോ അവസ്ഥയോ ഒന്നും നോക്കാതെ വധശിക്ഷ നടപ്പാക്കാനായിരുന്നു ആജ്ഞ. ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും സംക്ഷിപ്തമായ മരണവാറണ്ട് ആയിരിക്കുമിത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന മൂന്ന് ദശലക്ഷം പേര്‍ തൂക്കുമരത്തട്ടിലേക്ക്, മൂന്ന് അണികളായി... പുതിയ തിട്ടൂരമനുസരിച്ച് ശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസമൊന്നുമുണ്ടായില്ല. സമൂഹത്തിലെ ഉയര്‍ന്ന പദവിയിലുള്ളവര്‍ മുതല്‍ ഏറ്റവും താഴെ തട്ടിലുള്ളവര്‍ വരെ കഴുമരത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ആല്‍വ, ഫിലിപ്പിന് എഴുതിയ കത്തില്‍ വിശുദ്ധ വാരം കഴിഞ്ഞ ഉടനെ നടപ്പാക്കപ്പെടുന്ന വധശിക്ഷകളുടെ എണ്ണം എണ്ണൂറ് ആയിരിക്കുമെന്ന് വളരെ ഉദാസീനമായി രേഖപ്പെടുത്തിവെക്കുന്നുണ്ട്.''1

നിക്കിയന്‍ കൗണ്‍സിലിന് ശേഷം അംഗീകൃതമല്ലാത്ത ഏതെങ്കിലുമൊരു സുവിശേഷം കൈവശം വെക്കുന്നതു പോലും വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായിരുന്നു. കൗണ്‍സിലിന്റെ ഈ തീരുമാനത്തിനു ശേഷം ഒരു മില്യന്‍ ആളുകളെങ്കിലും ശേഷമുള്ള വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടത്രെ. ക്രൈസ്തവരെ ഒന്നിപ്പിക്കാന്‍ അതനോഷ്യസ് (Athanosius) പുരോഹിതന്‍ സ്വീകരിച്ച രീതിയായിരുന്നു ഇത്. ഞാനാദ്യം കരുതിയിരുന്നത്, ദുഷ്ടലാക്കുള്ള വ്യക്തികളായിരിക്കും ഈ അതിക്രമങ്ങളൊക്കെ ചെയ്തിട്ടുണ്ടാവുക എന്നാണ്. പക്ഷേ ഇതിനുള്ള പ്രേരണ ബൈബിളില്‍നിന്ന് നേരിട്ട് ലഭിക്കുന്നുണ്ടെന്നു കണ്ട് ഞാന്‍ ഞെട്ടി. ബൈബിളിലെ ചില ഭാഗങ്ങള്‍ നടപ്പാക്കുക മാത്രമാണ് ഈ വ്യക്തികള്‍ ചെയ്തതെന്ന് ആര്‍ക്കും തോന്നിപ്പോകും. ''കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു....  അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18). ദൈവം പറഞ്ഞു: ''നഗരത്തില്‍ അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല്‍ 9:5-6). ''യേശുവാ ജനങ്ങളോട് പറഞ്ഞു: ആര്‍ത്തട്ടഹസിക്കുക. കാരണം കര്‍ത്താവ് നഗരം (കനാനികളുടെ) നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.... വെള്ളി, സ്വര്‍ണം, ഓട്ടുപാത്രങ്ങള്‍, ഇരുമ്പു പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും കര്‍ത്താവിന് വിശുദ്ധമാണ്. അവ കര്‍ത്താവിന്റെ ഭണ്ഡാകാരത്തില്‍ ചേരണം... അവര്‍ നഗരം കൈയടക്കി. ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും, അങ്ങനെ നഗരത്തില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവര്‍ വാളിന് ഇരയാക്കി''2 (യേശുവാ 6:16-21).

ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു: ''ഉടന്‍ പോയി അമോലികാനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (1 ശാമുവേല്‍ 15:3). ''അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16). ''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ  13:16)3

ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറാനും അനുവാദം നല്‍കുന്നുള്ളൂ. ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത്. ബൈബിള്‍ വചനങ്ങളില്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ കൈകടത്തിയിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം പരാമര്‍ശങ്ങള്‍. ദൈവത്തിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചിരിക്കുകയാണ്.4 അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: 

''സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: 'ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.' അവര്‍ തനിച്ചാകുമ്പോള്‍ പരസ്പരം പറയും: അല്ലാഹു നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ നിങ്ങള്‍ ഇക്കൂട്ടര്‍ക്ക് പറഞ്ഞുകൊടുക്കുകയോ? അതുവഴി നിങ്ങളുടെ നാഥങ്കല്‍ അവര്‍ നിങ്ങള്‍ക്കെതിരെ ന്യായവാദം നടത്താന്‍. നിങ്ങള്‍ തീരെ ആലോചിക്കുന്നില്ലേ?''(2:79)

മതത്തോട് ഒരു നിലക്കും ചേര്‍ന്നു നില്‍ക്കാത്തതാണ് നിര്‍ബന്ധം ചെലുത്തുക എന്നത്. കാരണം മതം എന്ന് പറയുന്നത് തന്നെ ഒരാളുടെ ദൃഢവിശ്വാസവും ദൃഢബോധ്യവുമാണ്. ബലാത്കാരത്തിനോ നിര്‍ബന്ധം ചെലുത്തുന്നതിനോ ഒരു വിശ്വാസക്രമത്തില്‍ യാതൊരു സ്ഥാനവുമില്ല. അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് തീര്‍ത്തും അര്‍ഥശൂന്യവുമാണ്. തങ്ങള്‍ തെരഞ്ഞെടുക്കുന്ന ഏതു മതം സ്വീകരിക്കാനും ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ടാവണം. യാതൊരു പക്ഷപാതിത്വവുമില്ലാതെ, സമ്മര്‍ദങ്ങളില്ലാതെ എല്ലാ വിശ്വാസക്രമങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കപ്പെടട്ടെ. ഗില്ലറ്റിനുകളും വടിവാളും മഴുവും തീക്കുണ്ഡാരവുമൊന്നും ആയിരിക്കരുത് കത്തോലിക്കാ ചര്‍ച്ച് അടിച്ചേല്‍പിച്ച വിശ്വാസക്രമങ്ങള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാത്തവരുടെ മുന്നിലുള്ള ഓപ്ഷനുകള്‍.

മയക്കുമരുന്ന് ഉപയോഗം, കൊലപാതകം, കളവ്, വ്യഭിചാരം, അഴിമതി, ബലാത്സംഗം, സ്വവര്‍ഗരതി തുടങ്ങിയ തിന്മകള്‍ വ്യാപകമാകുന്നതിന് ഇന്ന് നമ്മള്‍ സാക്ഷികളായിക്കൊണ്ടിരിക്കുന്നു. മനുഷ്യമനസ്സുകളില്‍ യഥാര്‍ഥ മതബോധം ഇല്ലാത്തതുകൊണ്ട് സംഭവിക്കുന്നതാണിത്. 2002-ല്‍ അമേരിക്കയിലെ കത്തോലിക്കാ ചര്‍ച്ചിലെ പുരോഹിതന്മാര്‍ നടത്തിയ ഞെട്ടിക്കുന്ന ബാലപീഡനകഥകള്‍ പുറത്തുവരികയുണ്ടായി. പക്ഷേ വത്തിക്കാനില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ ഈ ക്രൂരതകളോട് പ്രതികരിക്കാന്‍ തയാറായില്ല. പകരം ഇരകള്‍ക്ക് പണം നല്‍കി നിശ്ശബ്ദരാക്കാനും കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനുമാണ് അവര്‍ ശ്രമിച്ചത്. അതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ അമേരിക്കയിലെ പുരോഹിതന്മാരില്‍ അഞ്ച് ശതമാനത്തിലധികം ബാലപീഡകരാണെന്ന് വെളിപ്പെടുകയുണ്ടായി. പിന്നെയും കുറേ വര്‍ഷങ്ങളെടുത്തു, ഇതൊക്കെ മുഖ്യധാരാ ടി.വി ചാനലുകളില്‍ വാര്‍ത്തയായി വരാന്‍.

2004-ലെ മറ്റൊരു വാര്‍ത്തയും ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ അമ്പതു വര്‍ഷമായി നാലായിരത്തിലധികം പുരോഹിതന്മാര്‍ ബാലപീഡനത്തില്‍ കുറ്റക്കാരാണെന്നായിരുന്നു കണ്ടെത്തല്‍. കണക്കുകള്‍ ഞെട്ടിക്കുന്നതാണെങ്കിലും അങ്ങനെ സംഭവിക്കുന്നതില്‍ അത്ഭുതമില്ല. അധാര്‍മിക വൃത്തികള്‍ക്ക് പ്രേരണ നല്‍കുന്ന പരാമര്‍ശങ്ങള്‍ ബൈബിളില്‍ തന്നെ കാണാനാവും (എസെക്കിയേല്‍ 23:1 കാണുക). വ്യഭിചാരവും അഗമ്യഗമന(Incest)വും ചില പ്രവാചകന്മാരിലേക്കു പോലും തെറ്റായി ചേര്‍ത്തുപറഞ്ഞതു കാണാം. അത്തരം മ്ലേഛവൃത്തികളില്‍ ദൈവദൂതന്മാര്‍ ഏര്‍പ്പെടുകയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. 

ബൈബിള്‍ പൊതുവെ വിശുദ്ധ വേദമായി അംഗീകരിക്കപ്പെടുന്ന രാജ്യങ്ങളില്‍ താമസിക്കുന്ന ചില ക്രിസ്ത്യന്‍ സുഹൃത്തുക്കളോട് ഞാനൊരു ചോദ്യം ചോദിക്കാറുണ്ട്: ''കൊലപാതകം, ബലാത്സംഗം, കളവ്, മദ്യത്തിനടിപ്പെടല്‍,5 വ്യഭിചാരം, സ്വവര്‍ഗ ലൈംഗികത, അഗമ്യഗമനം, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളുടെ അളവ് ഖുര്‍ആന്‍ വിശുദ്ധ വേദമായി അംഗീകരിച്ച നാടുകളിലേതിനേക്കാള്‍ വളരെക്കൂടുതലാണല്ലോ നിങ്ങളുടെ നാട്ടില്‍. എന്താണ് കാരണം?'' പലരും ചോദ്യം കേട്ട് ഞെട്ടി. അങ്ങനെയൊരു താരതമ്യത്തെക്കുറിച്ച് അവര്‍ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല.

ഒരു അമേരിക്കക്കാരനുമായുള്ള സംവാദത്തില്‍ മദ്യത്തിനടിപ്പെട്ട് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത ഏഴു പേരെ സുഊദി അറേബ്യയില്‍ വധശിക്ഷക്ക് വിധിച്ച സംഭവം ഞാന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു നിയമം അതിന്റെ ഊക്കോടെ നടപ്പാക്കുമ്പോള്‍ മറ്റു നൂറുകണക്കിനാളുകള്‍ ക്രിമിനലുകളാകാന്‍ സാധ്യതയുള്ള അത്തരക്കാരില്‍നിന്ന് രക്ഷപ്പെടുകയാണെന്ന് ഞാന്‍ സമര്‍ഥിച്ചു.  അദ്ദേഹത്തിനത് സ്വീകാര്യമായില്ല. ആ നിയമം വളരെ ക്രൂരമാണെന്നും തന്റെ നാട്ടില്‍ നടപ്പാക്കാന്‍ പറ്റില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അപ്പോള്‍ ഞാന്‍ അമേരിക്ക ഔദ്യോഗികമായി പുറത്തുവിട്ട സ്ഥിതിവിവരക്കണക്ക് അദ്ദേഹത്തിന്റെ മുന്നില്‍ വെച്ചു. അതായത്, കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ അര മില്യന്‍ സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നത്. അതായത്, ദിവസം ശരാശരി 2000 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു! ആ കണക്ക് അയാളില്‍ ഞെട്ടലുളവാക്കി. ഇസ്‌ലാമിക നിയമം യഥാവിധി നടപ്പിലാക്കിയാല്‍ അത് വളരെ ഫലപ്രദമാവുമെന്ന് അദ്ദേഹം അംഗീകരിച്ചു. അദ്ദേഹവുമായി വീണ്ടും സംസാരിക്കാന്‍ അവസരം കിട്ടിയാല്‍, ചര്‍ച്ചിലെ പുരോഹിതന്മാര്‍ നടത്തുന്നതു പോലുള്ള ബാലപീഡനം പള്ളിയിലെ ഇമാം നടത്തിയാല്‍, അയാള്‍ക്കും താമസംവിനാ ഈ ശിക്ഷ ലഭിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറയുമായിരുന്നു. ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത് എന്നെ എത്രയേറെയാണ് ആഹ്ലാദിപ്പിക്കുന്നത്! മുസ്‌ലിമായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.  

(തുടരും)

 

 

കുറിപ്പുകള്‍

1. John Lothrop Motley എഴുതിയ The Rise of Dutch Republic എന്ന പുസ്തകം.

2. ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ചു എന്ന് പറഞ്ഞു നടക്കുന്ന ചിലയാളുകളുണ്ടല്ലോ. വാള്‍ (Sword) എന്ന വാക്ക് ബൈബിളില്‍ 406 തവണ വന്നിട്ടുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. വാളിനെ കുറിക്കുന്ന വാക്ക് ഖുര്‍ആനില്‍ ഒരിക്കല്‍ പോലും വന്നിട്ടുമില്ല. അപ്പോള്‍ വാളുകൊണ്ട് പ്രചരിച്ച മതം ഏതാണ്?

3. ദുര്‍ബലരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇസ്‌ലാം ജിഹാദിന് ആഹ്വാനം ചെയ്യുന്നത്; അല്ലാതെ അവരെ കൊല്ലാനോ നിലത്തടിച്ച് തെറിപ്പിക്കാനോ അല്ല. ''നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: ഞങ്ങളുടെ നാഥാ; മര്‍ദകരായ ജനം വിലസുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ'' (ഖുര്‍ആന്‍ 4:75). ജിഹാദ് പ്രതിരോധമാണ്, കടന്നാക്രമണമല്ല. അല്ലാഹു പറയുന്നു: ''നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (2:190). ജിഹാദ്, അഥവാ ദൈവമാര്‍ഗത്തിലുള്ള ധര്‍മസമരം എന്നത് സത്യപാതയിലേക്ക് ജനങ്ങളെ ക്ഷണിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി കൂടിയാണ്. യാതൊരു നിര്‍ബന്ധമോ സമ്മര്‍ദമോ ഇല്ലാതെയാണ് സത്യദീന്‍ അവര്‍ അംഗീകരിക്കുന്നതെങ്കില്‍ അതിനെ സ്വമനസ്സാലെ പുല്‍കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടാവണം. ''മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (2:256). അല്ലാഹു വീണ്ടും: ''പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. വിശ്വസിക്കാനുദ്ദേശിച്ചവര്‍ക്ക് വിശ്വസിക്കാം. നിഷേധിക്കാനുദ്ദേശിച്ചവര്‍ക്ക് നിഷേധിക്കാം; അക്രമികള്‍ക്കു നാം നരകത്തീ തയാറാക്കിവെച്ചിട്ടുണ്ട്. അതിന്റെ ജ്വാലകള്‍ അവരെ വലയം ചെയ്തുകഴിഞ്ഞു. അവിടെ അവര്‍ വെള്ളത്തിനു കേഴുകയാണെങ്കില്‍ അവര്‍ക്ക് കുടിക്കാന്‍ കിട്ടുക ഉരുകിയ ലോഹം പോലുള്ള പാനീയമായിരിക്കും. അതവരുടെ മുഖങ്ങളെ കരിച്ചുകളയും. അതൊരു നശിച്ച പാനീയം തന്നെ! അവിടം വളരെ ചീത്തയായ താവളമാണ്. (18:29).

4. ഇത്തരം പരാമര്‍ശങ്ങള്‍ ബൈബിളിന്റെ 'എഡിറ്റര്‍മാര്‍'ക്ക് വലിയ പൊല്ലാപ്പുണ്ടാക്കുന്നുണ്ട്. ബൈബിള്‍ ദൈവത്തിന്റെ വചനമാണെന്ന് പറയുമെങ്കിലും പലപ്പോഴും അവര്‍ ഇടപെടാന്‍ നിര്‍ബന്ധിതരാവും. മനുഷ്യനാല്‍ വിരചിക്കപ്പെട്ട ഏതൊരു പുസ്തകത്തെയും പോലെ മാത്രമേ അവര്‍ ബൈബിളിനെയും കാണുന്നുള്ളൂ. ചിലതൊക്കെ അവര്‍ കൂട്ടിച്ചേര്‍ക്കും. അനുയോജ്യമല്ലെന്ന് തോന്നുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കും. ഒരു ഉദാഹരണം കാണുക: ''കര്‍ത്താവിന്റെ പേടകത്തിലേക്ക് ഉറ്റുനോക്കിയതു കൊണ്ട് ബേത്‌ശെമെശിലെ  ജനങ്ങളില്‍ കുറേ പേരെ അവര്‍ വധിച്ചു; അവരില്‍ അമ്പതിനായിരത്തി എഴുപത് പേരെ അവന്‍ വധിച്ചു'' (1 ശാമുവേല്‍ 6:19). ബൈബിളിന്റെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, അറബിക് വിവര്‍ത്തകര്‍ ഇത് ദൈവകാരുണ്യവുമായി ഒത്തുപോവാത്ത പ്രവൃത്തിയാണെന്നു കണ്ട് കൊല്ലപ്പെട്ടവരുടെ എണ്ണം കേവലം എഴുപതായി ചുരുക്കി (മലയാളം പരിഭാഷയിലും എഴുപത് എന്നാണ് കാണാന്‍ കഴിഞ്ഞത്-വിവ.). കാരണം കര്‍ത്താവിന്റെ പേടകത്തിലേക്ക് ഒന്ന് 'നോക്കി'പ്പോയതിനാണ് വംശഹത്യക്ക് സമാനമായ ഈ ശിക്ഷ. അതൊരിക്കലും ദൈവമഹത്വത്തിന് ചേര്‍ന്നതല്ലെന്നു കണ്ടു തന്നെയാണ് എണ്ണത്തില്‍ മാറ്റം വരുത്തുന്നത്. ഇന്നും ബൈബിള്‍ പരിഭാഷകളിലും അവയുടെ മുദ്രണത്തിലുമൊക്കെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. പുരോഹിതന്മാര്‍ക്ക് മാത്രം ബൈബിള്‍ ലഭ്യമായിരുന്ന പഴയകാലത്ത് എന്തായിരിക്കും സ്ഥിതി എന്ന് ആരും അത്ഭുതപ്പെട്ടുപോകും.

5. ബൈബിളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയവര്‍ യേശുവിന്റെ വ്യക്തിത്വത്തിനെതിരെ ഉയര്‍ത്തുന്ന ഗുരുതരമായ ആരോപണം-മുസ്‌ലിംകള്‍ക്കത് സഹിക്കാനാവുകയില്ല- അദ്ദേഹത്തിന് കൊടുക്കുന്ന മദ്യപന്‍ (Winebibber)  എന്ന വിശേഷണമാണ്. ''മനുഷ്യപു

ത്രന്‍ തീനും കുടിയും ഉള്ളവനായി വന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു: ഇതാ ഒരു പെരുവയറന്‍! മദ്യപന്‍! ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതന്‍!'' (ലൂക്കോസ് 7:34). ഇതിലടങ്ങിയ വിരോധാഭാസം വ്യക്തമാവണമെങ്കില്‍ സുഭാഷിതങ്ങള്‍ (20:1) വായിച്ചുനോക്കിയാല്‍ മതി. ''വീഞ്ഞ് പരിഹാസിയാണ്; ലഹരിപാനീയം കലഹഹാരിയും. അതു നിമിത്തം വഴിപിഴച്ചുപോകുന്നവന്‍ വിജ്ഞാനിയല്ല.'' ഏറ്റവും മഹാന്മാരായ ദൈവപ്രവാചകരിലൊരാളായ യേശു മദ്യപനായിരുന്നു എന്ന് കരുതുന്ന മനുഷ്യരുടെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍