Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 15

3089

1440 റബീഉല്‍ ആഖിര്‍ 09

പുതുരക്തങ്ങള്‍ വരട്ടെ

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്

'സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഭരണത്തിനും വികാസത്തിനും വയോജന നേതൃത്വം ഒരു മുഖ്യ തടസ്സമാണെന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍'- മാധ്യമം-മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്റേതാണ് ഈ വരികള്‍. 'ജീവിതാക്ഷരങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചുവരുന്ന ആത്മകഥയിലെ ഒമ്പതാം അധ്യായത്തില്‍നിന്നാണിത് (ലക്കം 3084 - 2018 ജനുവരി 11). ആയിരക്കണക്കിന് വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അവരില്‍ ഒരാളുടെയും മുഴു സമയ സേവനങ്ങള്‍ ലഭിക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടുന്നതിനിടയിലാണ് ഈ പരാമര്‍ശം അദ്ദേഹം നടത്തുന്നത്.

പലയിടങ്ങളിലും വയോജന നേതൃത്വം വിഷമകരവും സങ്കീര്‍ണവുമായ പ്രതിസന്ധികളാണ് സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രമെടുത്ത് പരിശോധിച്ചാല്‍ സംഗതി അനായാസം മനസ്സിലാക്കാന്‍ സാധിക്കും. പുതിയ ചിന്തയും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ഇത്തരക്കാര്‍ക്ക് കഴിയാതെ പോകുന്നു എന്നതാണ് ഒന്നാമത്തെ പ്രശ്‌നം.

എന്തൊക്കെ മാറ്റങ്ങളാണ് സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതിനു വേണ്ട ശ്രമവും ഉണ്ടാകുന്നില്ല. അനുയോജ്യരും യോഗ്യരുമായ പിന്‍തലമുറക്കാരെ സ്ഥാപന ഭരണമേല്‍പിക്കുന്നതില്‍ വയോജന വിഭാഗം പൊതുവെ വിമുഖരാണ്. യുവത്വവും പ്രസരിപ്പുമുണ്ടായിരുന്ന കാലത്ത് സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞവര്‍ക്ക് ഇപ്പോള്‍ അതിനുള്ള കഴിവ് ചോര്‍ന്നുപോയെന്ന യാഥാര്‍ഥ്യം സ്വയം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമായ ഇമേജ് സൃഷ്ടിച്ചെടുക്കാന്‍ ആവശ്യമായ പുതിയ ചിന്ത പലര്‍ക്കും ഇല്ല. ഇത്തരം നേതൃത്വത്തോട് ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പുതുതലമുറ വിമുഖത കാണിക്കുകയും ചെയ്യുന്നു. സൃഷ്ടിപരമായ വിമര്‍ശനങ്ങള്‍ പോലും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പലരും സ്ഥാപനങ്ങളുടെ ഭരണമേധാവികളായി ഇരിക്കുന്നുണ്ട്. സ്ഥാപന നടത്തിപ്പിന്റെ ഓരോ മേഖലയിലും പുതുരക്തത്തിന് അവസരം കൊടുക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ രംഗത്ത് അപവാദമായി ചിലരൊക്കെ ഉണ്ടെന്നുള്ള വസ്തുതയും നിഷേധിക്കുന്നില്ല. സ്ഥാപനങ്ങളില്‍ ജോലി തേടിയെത്തുന്ന ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ നടത്താന്‍ പ്രാഗത്ഭ്യമുള്ള ഇന്റര്‍വ്യൂ ബോര്‍ഡിനെ ചുമതലപ്പെടുത്താന്‍ പോലും വൈമുഖ്യം കാണിക്കുന്ന സ്ഥാപന മേധാവികളെ കാണാം. മുന്‍കാല സേവനത്തിന്റെ അവകാശവാദത്തിലാണ് പലരും സ്ഥാപനങ്ങളില്‍ തുടരുന്നത്. തങ്ങളുടെ മുന്‍കാല സേവനങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും അംഗീകാരം കിട്ടണമെങ്കില്‍ യോഗ്യരായ പുതുരക്തങ്ങളെ കണ്ടെത്തി സ്ഥാപനം അവരെ ഏല്‍പിക്കലാണ് അഭികാമ്യമെന്ന് പലരും ചിന്തിക്കുന്നില്ല. സ്ഥാനമാനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് സേവനപാതയില്‍നിന്ന് ഒഴിഞ്ഞുപോക്കല്ല എന്ന് മനസ്സിലാക്കാനുള്ള വിശാല മനഃസ്ഥിതി അവര്‍ക്കുണ്ടാകണം. യുവജന പങ്കാളിത്തം നല്‍കപ്പെട്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശാവഹമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു എന്ന വസ്തുതയും കാണാതിരുന്നുകൂടാ.

യോഗ്യരും കര്‍മകുശലരുമായ യുവജന നിരയെ സ്ഥാപന ഭരണത്തിലേക്ക് കൊണ്ടുവരാന്‍ നിലവിലുള്ള ഭരണസമിതികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നയപരവും തന്ത്രപരവുമായ നീക്കങ്ങള്‍ കൂടി ഇതിനാവശ്യമാണ്.  വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചേടത്തോളം ഗുണമേന്മാ വിദ്യാഭ്യാസമാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പം മൂല്യബോധവും സംസ്‌കാര സദാചാരബോധവും സൃഷ്ടിക്കുകയും വേണം. ഇതിനെല്ലാം അനുയോജ്യരായവരെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്ന കാര്യത്തില്‍ ഇനിയും അമാന്തം പാടില്ല.

 

 

 

 

വിവാഹത്തിലെ ജീര്‍ണത അപമാനകരം

'വിവാഹം, ജീര്‍ണതയുടെ കോമാളിവേഷം കെട്ടിയാടുന്ന ഉത്തമ സമുദായം' എന്ന ശീര്‍ഷകത്തില്‍ എഴുതിയ കുറിപ്പ് (11-01-2019) വായിച്ചപ്പോള്‍ പ്രളയദുരന്തത്തിന് ഒരു വര്‍ഷം തികയുന്നതിന് മുമ്പുതന്നെ അതില്‍നിന്നൊന്നും പാഠം പഠിക്കാതെ കല്യാണം അടിപൊളിയാക്കാന്‍ തുനിയുകയും ഉത്തമ സമുദായത്തിന് ദുഷ്‌പേരുണ്ടാക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു.

'ധൂര്‍ത്തന്മാര്‍ പിശാചുക്കളെ സഹോദരന്മാരാക്കിയവരെ'ന്നാണ് ഖുര്‍ആന്‍ പറയുന്നത്. ചെലവു കുറഞ്ഞ കല്യാണത്തെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് മാതൃകയായിത്തീരേണ്ട ഉത്തമ സമുദായം ഇതില്‍നിന്ന് വ്യതിചലിച്ചാല്‍ ഖുര്‍ആനും സുന്നത്തും അംഗീകരിക്കാത്തവരായിത്തീരില്ലേ? എല്ലാ വിഭാഗം മുസ്‌ലിം പണ്ഡിതന്മാരും ഒരു മേശക്ക് ചുറ്റുമിരുന്ന് ഇത്തരം ദുഷ്പ്രവണതകള്‍ക്ക് കടിഞ്ഞാണിടാന്‍ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. കുറേയൊക്കെ വിജയിക്കാതിരിക്കില്ല.

എം.എ അഹ്മദ് തൃക്കരിപ്പൂര്‍

 

 

 

 

 

'ഉത്തമ സമുദായ'ത്തെ കോലക്കേടാക്കുന്നു

'വിവാഹം, ജീര്‍ണതയുടെ കോമാളിവേഷം കെട്ടിയാടുന്ന ഉത്തമ സമുദായം' എന്ന തലക്കെട്ടില്‍ സുനീര്‍ കെ. വടകര എഴുതിയ കത്ത് (2019 ജ നുവരി 11) വായിച്ചപ്പോള്‍ മനസ്സില്‍ വന്ന ചില കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

വിവാഹാഘോഷത്തോടനുബന്ധിച്ച ജീര്‍ണതകള്‍ക്കെതിരെയാണ് സുനീര്‍ എഴുതിയത്. അദ്ദേഹത്തിന്റെ വിവരണത്തില്‍ ചിലത് അതിശയോക്തിയായി തോന്നിയെങ്കിലും ഉദ്ദേശ്യശുദ്ധിയെ മാനിക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായ ധാരാളം പേര്‍ വിവാഹാഘോഷത്തിന് ക്ഷണിക്കപ്പെടാറുണ്ടല്ലോ. ക്ഷണിക്കപ്പെട്ടാല്‍ അത് സ്വീകരിക്കുന്നതാണ് മര്യാദ. നികാഹ് കര്‍മത്തിന് സാക്ഷ്യം വഹിക്കാനല്ല അധികമാളുകളും ക്ഷണിക്കപ്പെടുന്നത്, വിവാഹസദ്യ ഉണ്ണുന്നതിനാണ്. ആയിരത്തോളമോ അതിലധികം പേരോ ആണ് മിക്ക കല്യാണങ്ങളിലും ക്ഷണിക്കപ്പെടാറ്. ഇത് വളരെ കൂടുതലാണ് എന്ന് പറയാതെ വയ്യ. ആളുകള്‍ക്ക് ആഹാരം കൊടുക്കലല്ലേ, എത്രയും ആയിക്കൂടേ എന്ന് പറയുന്നത് ശരിയല്ല. ഏതു കാര്യത്തിലും മിതത്വത്തെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. പരിമിത വരുമാനക്കാരായ ഇടത്തരക്കാരെ സംബന്ധിച്ചേടത്തോളം വലിയ കടബാധ്യതയില്‍ പെട്ടുപോകാന്‍ ഇടയാക്കുന്നുണ്ട് ഭീമമായ ചെലവുണ്ടാക്കുന്ന കല്യാണങ്ങള്‍.

പ്രപഞ്ചനാഥന്‍, തന്റെ സൃഷ്ടികളില്‍ വിശേഷബുദ്ധിയുള്ള മനുഷ്യര്‍ക്ക് നല്‍കിയ ജീവിതദര്‍ശനമാണല്ലോ ഇസ്‌ലാം. ആ ഇസ്‌ലാമിനെ ജീവിതാദര്‍ശമായി സ്വീകരിച്ചവരാണ് മുസ്‌ലിംകള്‍. അവര്‍ ഖുര്‍ആനിലൂടെയും പ്രവാചക ജീവിതത്തിലൂടെയും ഇസ്‌ലാമിനെ മനസ്സിലാക്കണം. അതിനനുസരിച്ച് രൂപപ്പെടുത്തണം അവരുടെ ചിന്തയെയും വാക്കുകളെയും പ്രവൃത്തികളെയും. ഇതാണ് 'ഉത്തമ സമുദായം' എന്ന് അല്ലാഹു വിശേഷിപ്പിച്ച മുസ്‌ലിം സമുദായത്തിന്റെ സാമാന്യ സ്വഭാവം. ഈ സ്വഭാവമുള്ള സമുദായത്തില്‍ ധൂര്‍ത്തും ദുര്‍വ്യയവുമുണ്ടാവുകയില്ല. വിവാഹം പോലുള്ള സന്തോഷാവസരങ്ങളില്‍ ബന്ധുമിത്രാദികളെ ക്ഷണിച്ച് മിതമായ നിലയില്‍ ഭക്ഷണം നല്‍കുന്നതില്‍ തെറ്റില്ല. തഖ്‌വാ ബോധത്തിന് നിരക്കാത്ത ആഡംബരങ്ങളോ പൊങ്ങച്ചപ്രകടനങ്ങളോ പേക്കൂത്തുകളോ ഉത്തമ സമുദായത്തിന്റെ ആഘോഷങ്ങളിലുണ്ടാവുകയില്ല.

എന്നാല്‍ ഇന്നത്തെ മുസ്‌ലിം സമുദായത്തെ വിലയിരുത്തിയാല്‍ ഉത്തമ സമുദായം എന്ന വിശേഷണത്തിന് അര്‍ഹരല്ലാത്തവര്‍ എന്നല്ലേ പറയാന്‍ കഴിയൂ. മുസ്‌ലിമിന്റെ പ്രഥമ ചിഹ്നമായ നമസ്‌കാരം ശരിയാംവിധം നിര്‍വഹിക്കാത്തവര്‍ ധാരാളം. അധാര്‍മികവൃത്തികളിലേര്‍പ്പെടുന്നവരും തഥാ. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമായ തൗഹീദിന്റെ കാര്യത്തില്‍ പോലും സാമാന്യജനത്തിന് ശരിയായ ധാരണയില്ല. ഇസ്‌ലാമിക മൂല്യങ്ങളെക്കുറിച്ച് അറിവും ബോധവുമുണ്ടാക്കാന്‍ ബാധ്യതപ്പെട്ട പണ്ഡിതന്മാര്‍ ആ ബാധ്യത നിര്‍വഹിക്കുന്നില്ല എന്നതാണ് ജനത്തിന്റെ അജ്ഞതക്ക് കാരണം. അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുകയില്ല എന്ന് പറഞ്ഞിട്ടുള്ള ഏറ്റവും കഠിന കുറ്റമായ ശിര്‍ക്കിനെ മതനേതൃത്വം നല്‍കുന്ന പണ്ഡിതന്മാര്‍ തന്നെ ഗൗരവത്തിലെടുക്കുന്നില്ല. ഗൗരവത്തിലെടുത്തിരുന്നുവെങ്കില്‍, വെളിച്ചത്തും ഇരുട്ടത്തും സംഘമായി മുഹ്‌യിദ്ദീന്‍ ശൈഖിനെ ഉച്ചത്തില്‍ വിളിച്ച് പ്രാര്‍ഥിക്കുക എന്ന ഏര്‍പ്പാട് മതനേതാക്കളുടെ നേതൃത്വത്തില്‍ നടക്കുമായിരുന്നില്ലല്ലോ. നബി വിരോധിച്ചിട്ടുള്ള പുതിയ മതാനുഷ്ഠാനങ്ങളെ (ബിദ്അത്തുകളെ) പ്രചരിപ്പിക്കാനാണ് മതനേതാക്കള്‍ ശ്രമിക്കുന്നത്. മയ്യിത്തിനു വേണ്ടി ജുമുഅ നമസ്‌കാരാനന്തരം പല പള്ളികളില്‍ വെച്ചും ഇപ്പോള്‍ നടത്തപ്പെടുന്ന 'ദിക്ര്‍' ഏകദേശം നാല്‍പത് കൊല്ലം മുമ്പുണ്ടായിരുന്നില്ല എന്ന് പ്രായം ചെന്നവര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. മയ്യിത്തിന് വളരെ ഗുണം കിട്ടുന്ന 'സല്‍ക്കര്‍മ'ങ്ങളാണ് ഇതൊക്കെ എന്നാണ് ജനത്തെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്.

അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ജീവിത ദര്‍ശനമാണല്ലോ ഇസ്‌ലാം. അതിനെ ജീവിത ദര്‍ശനമായി സ്വീകരിച്ചവരാണ് മുസ്‌ലിംകള്‍. അവര്‍ ഖുര്‍ആനിലൂടെയും ഹദീസിലൂടെയും ഇസ്‌ലാമിനെ മനസ്സിലാക്കണം.അതിനനുസരിച്ച് അവരുടെ ചിന്തയെയും വാക്കുകളെയും കര്‍മങ്ങളെയും രൂപപ്പെടുത്തണം. ഇത്തരത്തിലുള്ള മുസ്‌ലിം സമൂഹത്തെയാണ് ഉത്തമ സമുദായം എന്ന് പറയുന്നത്. അവര്‍ സമൂഹത്തില്‍ നന്മ വളര്‍ത്താനും തിന്മ ഇല്ലാതാക്കാനും ശ്രമിക്കും. ആഡംബരഭ്രമം, ധൂര്‍ത്ത്, ദുര്‍വ്യയം, പൊങ്ങച്ച പ്രകടനം എന്നിവയില്‍നിന്ന് മുക്തമായിരിക്കും അവര്‍. ഇത്തരത്തിലുള്ള ഉത്തമ സമുദായത്തിന്റെ നിര്‍മിതിക്കാണ് വിവേകമുള്ള ജനങ്ങളും ചുമതലാബോധമുള്ള പണ്ഡിതന്മാരും പരിശ്രമിക്കേണ്ടത്.

മൊയ്തു മാസ്റ്റര്‍ പെരിമ്പലം

 

 

 

 

ഇസ്‌ലാമിന്റെ സംഭാവനകള്‍

'സമകാലിക ഇന്ത്യയോട് ഇസ്‌ലാമിന് പറയാനുള്ളത്' - സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ പ്രഭാഷണം (2019 ജനുവരി 11) വായിച്ചു. ഇസ്‌ലാമും ഇന്ത്യയും തമ്മിലുള്ള ബന്ധം അഭേദ്യമാണ് എന്ന് പ്രമുഖ ചരിത്രകാരന്മാര്‍ തെളിവുകള്‍ ഉദ്ധരിച്ച് സമര്‍ഥിച്ചിട്ടുണ്ട്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കാരുണ്യം, സാഹോദര്യം, സഹവര്‍ത്തിത്വം തുടങ്ങിയവ ഇന്ത്യയുടെ സാമൂഹിക പരിവര്‍ത്തനത്തിന് വലിയ മുതല്‍ക്കൂട്ടായിരുന്നു. പുതിയ തലമുറയെ പഠിപ്പിക്കാന്‍ ഇതെല്ലാം വീണ്ടും ഉറക്കെ പറയേണ്ട കാലമാണിത്.

പി.വി മുഹമ്മദ്, ഈസ്റ്റ് മലയമ്മ

 

 

 

 

ആയത്തും സൂറത്തും

ഖുര്‍ആനെക്കുറിച്ച് ഡോ. മുഹമ്മദ് പാണ്ടിക്കാട് എഴുതിയ ലേഖനം വൈജ്ഞാനിക നിലവാരമുള്ളതായിരുന്നു. ലേഖനത്തില്‍ (പേജ് 23 ഒന്നാം കോളം) സൂറത്തുന്നൂറിലെ ആയത്ത് എന്ന പേരില്‍ ചേര്‍ത്തത്, ആയത്തിനു ശേഷം കൊടുത്തതുപോലെ അല്‍മാഇദയിലെ (5/38) സൂക്തമാണ്.

എം. നൗഫല്‍ വേങ്ങര

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (52-55)
എ.വൈ.ആര്‍

ഹദീസ്‌

അതിശക്തമായ താക്കീത്
കെ.സി ജലീല്‍ പുളിക്കല്‍