Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

മരുഭൂമിയിലെ നീരുറവ

എം.ജി.എസ് നാരായണന്‍

നുഷ്യസമുദായത്തില്‍ ശക്തിയുടെ ഉറവകളന്വേഷിച്ചു പോകുന്നവര്‍ക്ക് ചിലപ്പോള്‍ വരണ്ട മണലാരണ്യത്തിലെ ശുദ്ധ ശൂന്യതയെ അഭിമുഖീകരിക്കേണ്ടിവരും. അവിടെ നിന്ന് അത്ഭുതകരമായ ജലവാഹിനികളുത്ഭവിച്ചു താരതമ്യേന ഫലഭൂയിഷ്ടമായ മറ്റു ദേശങ്ങളെ സമ്പല്‍സമൃദ്ധമാക്കുന്ന കാഴ്ച അവരെ അമ്പരപ്പിക്കും. അത്തരത്തിലൊന്നാണ് ഇസ്‌ലാം- 'മരുഭൂമിയിലെ മഹാത്ഭുതം' എന്ന പേര്‍ അതിനു തികച്ചും യോജിച്ചതുതന്നെ.
ചരിത്രത്തിന്റെ പകല്‍ വെളിച്ചത്തിലാണ് ഇസ്‌ലാം ജനിച്ചുവളര്‍ന്നതെന്ന് പറയാറുണ്ട്. അതേറ്റവും പ്രായക്കുറവുള്ള മതമാണല്ലോ. എങ്കിലും യാഥാര്‍ഥ്യമാരായുമ്പോള്‍ പരിതസ്ഥിതികളുടെ ചില്ലറ പ്രേരണകളും വമ്പിച്ച തോതിലുള്ള അനന്തരഫലങ്ങളും തമ്മിലുള്ള അന്തരം നമ്മുടെ കാരണബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ഒരായിരം സിദ്ധാന്തങ്ങള്‍ അതിനെക്കുറിച്ചുണ്ട്. മുഹമ്മദിന്റെ ജീവചരിത്രം എഴുതാന്‍ ധൈര്യപ്പെട്ടവര്‍ ഓരോരുത്തരും ഓരോ സിദ്ധാന്തത്തിന്റെ ജനയിതാക്കളാണ്. ഒരു ബാധോപദ്രവക്കാരനായും സാമൂഹിക പരിഷ്‌കര്‍ത്താവായും ഋഷിയായും മന്ത്രവാദിയായും മുഹമ്മദ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം കഴിച്ചാലും അദ്ദേഹത്തിന്റെ ജീവിത വിജയത്തെപ്പറ്റിയുള്ള അത്ഭുതരഹസ്യം ബാക്കിയാവുന്നു.

ആരാണ് കിറുക്കന്മാര്‍?
സമുദായത്തിന്റെ ജൈത്രയാത്രയില്‍ ആത്മീയ മഹാ പ്രസ്ഥാനങ്ങള്‍ ആരംഭിച്ച നേതാക്കളധികവും സാധാരണക്കാരുടെ അളവുകോലനുസരിച്ച് ഭ്രാന്തന്മാരായിരുന്നു എന്നതാണ് മറ്റൊരു രസകരമായ സത്യം. അന്നു മാത്രമല്ല, ഇന്നും. ഗാന്ധി, ലിങ്കണ്‍, മുഹമ്മദ്, ക്രിസ്തു, ബുദ്ധന്‍ എന്നിവരാരും ഈ നിയമത്തിന്നപവാദങ്ങളല്ല. ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിതമൂല്യങ്ങളില്‍ പലതിനെയും തൃണവല്‍ഗണിച്ച കൂട്ടരാണവര്‍. മാത്രമല്ല, യുക്തിചിന്തയുടെ മേഖലക്കതീതമായ ഏതോ വെളിപാടുള്ള പോലെതോന്നും അവരുടെ ജീവിതയാത്രയില്‍.
കഷ്ടം, മറ്റുള്ളവര്‍ ആ നല്ല നേതാക്കളെ മനസ്സിലാക്കാതെ ഹിംസിച്ചല്ലോ. അവര്‍ക്ക് ഭ്രാന്തുണ്ടായിരുന്നോ എന്ന് നിങ്ങള്‍ ഖേദിക്കേണ്ട. കാരണം തലക്കു ചുറ്റും കാലം വരച്ചുചേര്‍ത്ത പരിവേഷം കൂടാതെ അവരിലാരെയെങ്കിലും നിങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നാല്‍ ദേവദത്തനെപ്പോലെ നിങ്ങള്‍ പരിഹസിച്ചെന്നുവരും; യൂദാസിനെപ്പോലെ വഞ്ചിച്ചേക്കും; മക്കയിലെ ഖുറൈശിമാരെപ്പോലെ കല്ലെറിഞ്ഞെന്നും ഗോഡ്‌സേയെപ്പോലെ തോക്കുകളേന്തിയെന്നും വരും. ഈ ഒടുക്കം പറഞ്ഞ കൂട്ടരൊന്നും അസാധാരണ മനുഷ്യരായിരുന്നില്ല. അവര്‍ക്ക് ഭ്രാന്തുണ്ടായിരുന്നില്ല. നമ്മുടെ സ്വയം സംതൃപ്തമായ അജ്ഞത മാത്രമാണ് അവരെ പിശാചുക്കളായി ചിത്രീകരിക്കുന്നത്. യഥാര്‍ഥത്തില്‍ അസാധാരണത്വം- അത് തെറ്റാണെങ്കില്‍ തെറ്റ്, ഭ്രാന്താണെങ്കില്‍ ഭ്രാന്ത്- അവരുടെ വിദ്വേഷപാത്രവും നമ്മുടെ ആരാധനാ പാത്രവും ആയ മഹാന്മാരിലായിരുന്നു.

പരിഷ്‌കാരത്തിന്റെയും
പാപത്തിന്റെയും വര്‍ധന
അബ്രഹാമിന് സാറയെന്നും ഹാഗര്‍ എന്നും രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. രണ്ട് പേര്‍ക്കും ഓരോ ആണ്‍ മക്കളും ഉണ്ടായിരുന്നു. ഹാഗറിന്റെ മകനാണ് ഇസ്മാഈല്‍. ഇസ്മാഈല്‍ സന്തതികളെന്നു സ്വയം വിളിക്കുന്ന അറബികള്‍ ഇസ്‌ലാമിന് മുമ്പ് മക്ക പട്ടണത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വസിച്ചുവന്നു.
അറബികളുടെ മതം, മറ്റു മരുഭൂനിവാസികളുടെയെന്നപോലെ, ഒരുതരം പ്രകൃത്യാരാധനയായിരുന്നു. അവര്‍ നക്ഷത്രം നോക്കി ജാതകം ഗണിച്ചു. പേര്‍ഷ്യയുടെയും ഇന്ത്യയുടെയും സ്വാധീനത കൊണ്ടായിരിക്കാം, സൂര്യചന്ദ്രാദികളെ ആരാധിച്ചു. തങ്ങളുടെ പിതാമഹന്മാരെയും കഅ്ബയിലെ കല്ലിനെയും പൂജിച്ചു. കൃത്യം പറഞ്ഞാല്‍ അവരുടെ കൊല്ലത്തിന്റെ ഓരോ ദിവസത്തിനും ഓരോ ദേവതക്കണക്കിലുണ്ടായിരുന്നു (അറബി വര്‍ഷത്തിന്റെ ദിനസംഖ്യ 360 ആണ്). അവര്‍ക്കൊക്കെ ബിംബങ്ങളും. ഹാബാള്‍ എന്ന മനുഷ്യാകൃതിയിലുള്ള ദേവതയാണ് അതില്‍ പ്രധാനി. ഒരുതരം ചെങ്കല്ലുകൊണ്ട് കൊത്തിയുണ്ടാക്കിയ അതിന്റെ ബിംബത്തില്‍ ഒരു കൈ മാത്രം സ്വര്‍ണമയമായിരുന്നു.
ഇടക്കൊന്നോര്‍മിക്കണം. പ്രകൃതി ദൈവങ്ങളെ ആരാധിക്കുന്ന ഈ സമുദായം അത്ര പ്രാകൃതമൊന്നുമായിരുന്നില്ല. ഭൂപടത്തിലേക്കൊന്നു കണ്ണോടിക്കൂ. പുരാതന സംസ്‌കാര കേന്ദ്രങ്ങളുടെയെല്ലാം ഇടക്കു പെട്ട ഒരു മരുഭൂമിയാണ് അറേബ്യയെന്ന് കാണാം. അത്തരം കിടപ്പുകൊണ്ട് ഇസ്‌ലാമിന് മുമ്പ് ലോകചരിത്രത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തീട്ടില്ലെങ്കിലും മറ്റു സ്വാധീനതകള്‍ക്കെല്ലാം അത് വിധേയമായിരുന്നു. സംസ്‌കാരവിദ്യകള്‍ പലതും അവിടെ സമ്മേളിച്ചു. കിഴക്ക് അലക്‌സാണ്ട്രിയയും ഏതന്‍സും റോമും ഫലസ്ത്വീനും തൊട്ട് വടക്ക് യൂഫ്രട്ടീസ് ടൈഗ്രീസ് നദീതീരത്തിലെ നഗരസംസ്‌കാരങ്ങള്‍ ചേര്‍ന്ന പേര്‍ഷ്യ, പടിഞ്ഞാറ് ഭാഗത്താണെങ്കില്‍ മഹത്തായ ചീനാസാമ്രാജ്യം, ഇന്ത്യയിലെ ഉജ്വല പുരാതന പരിഷ്‌കാരങ്ങള്‍, ഇവയുടെ എല്ലാം പൊതുവതിര്‍ത്തിയില്‍ ഇവര്‍ക്കാക്കാര്‍ക്കും വേണ്ടാതെ അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞുകൂടിയ അറേബ്യ ഒരു പുതിയ ജീവിതത്തിന് പാകപ്പെട്ടിരിക്കണം. ഈ രാജ്യങ്ങളിലെല്ലാം കച്ചവടാര്‍ഥം ചുറ്റിയടിച്ച അറബികള്‍ അന്നുമുതല്‍ ഒരന്താരാഷ്ട്രീയ പാരമ്പര്യത്തിന്റെ ബീജാവാപം നടത്തിയിരിക്കണം.
ഏതായാലും ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മക്ക സാംസ്‌കാരികവും സാമ്പത്തികവുമായ അര്‍ഥത്തില്‍ ഒരു വട്ടപ്പൂജ്യമായിരുന്നില്ല. മധ്യധരണ്യാഴിയും ഇന്ത്യാ സമുദ്രവും തമ്മിലുള്ള കച്ചവടത്തില്‍ ഏറിയ കൂറും സ്വായത്തമാക്കിയ ഒരു സമൃദ്ധി കേന്ദ്രമായിരുന്നു അത്.
ക്രമേണ അറബിയുടെ സഹജമായ ആര്‍ജവസ്വഭാവം പട്ടണപ്പരിഷ്‌കാരത്തിന്റെ പകിട്ടില്‍ പെട്ട് കലുഷമായി. മക്കാ പൗരന്മാര്‍ മറ്റു അറബിവര്‍ഗങ്ങളുടെ മേല്‍ ആധിപത്യം വഹിക്കാന്‍ തുടങ്ങി. ഇസ്‌ലാമില്‍ ഇന്നും മക്കയുടെ ആധിപത്യം വേറൊരു തരത്തില്‍ കാണാം, റോമായുടെ ആധിപത്യം കത്തോലിക്കാ മതത്തിലെന്ന പോലെ.
പരിഷ്‌കാരത്തോടൊപ്പം അഴിമതികളും അന്ധവിശ്വാസങ്ങളും വര്‍ധിച്ചുവന്നു. ധനിക ദരിദ്ര വ്യത്യാസം വളര്‍ന്നു. സ്വാര്‍ഥികളായ നഗരവണിക്കുകള്‍ തീര്‍ഥാടകരെ കബളിപ്പിച്ച് പണമുണ്ടാക്കാനുള്ള ഒരു ഉപകരണമായി കഅ്ബയെ കരുതി. ഇന്ന് രാമേശ്വരത്തോ കാശിയിലോ പോകുന്ന ഒരു ഹിന്ദുവിന് എളുപ്പം മനസ്സിലാക്കാവുന്ന ഒരു സ്ഥിതിവിശേഷമാണിത്. പതിനാറാം നൂറ്റാണ്ടില്‍ റോമിലെത്തിയ മാര്‍ട്ടിന്‍ ലൂഥറെ അരിശം കൊള്ളിച്ച അതേ പരിതസ്ഥിതിയുടെ പ്രതിഫലനമാണത്.
അവര്‍ തീര്‍ഥാടകരെ പ്രോത്സാഹിപ്പിച്ചു. അതേസമയം സംസം തീര്‍ഥമുള്ള, ഇസ്മാഈലിന്റെ കിണര്‍ സ്വകാര്യ സ്വത്താക്കി ആ ജലത്തിന്മേല്‍ ചുങ്കം ചുമത്തുകയും ചെയ്തു. കുടിയും കൂത്തും ജാതക പരിശോധനയും വര്‍ധിച്ചു. അന്ധവിശ്വാസത്തിന്റെ മറുതലയ്ക്കല്‍ കുറേശ്ശെ അവിശ്വാസവും വളര്‍ന്നുവന്നു.
ഇത്തരത്തില്‍ അനാചാരങ്ങളുടെ നേര്‍ക്കുള്ള ഒരെതിര്‍പ്പാണ് മുഹമ്മദ് കൊണ്ടുവന്ന മതമെന്ന് ഒരു കോണില്‍ കൂടി നോക്കിയാല്‍ കാണാം. അദ്ദേഹത്തിന്റെ ആവേശഭരിതമായ ദിവ്യഭാഷണങ്ങളില്‍ പലതിലും പുതിയൊരു സാമൂഹിക നീതി എത്തിപ്പിടിക്കാനുള്ള വെമ്പല്‍ പ്രകടമായിരുന്നു. പക്ഷേ, ഒന്നുണ്ട്, അതൊരു വിപ്ലവാഹ്വാനത്തിന്റെ വഴിക്കല്ല, മതപരമായ മാര്‍ഗത്തിലാണ് തിരിഞ്ഞത്. ജൂത മതത്തിലെ സെമിറ്റിക് പ്രവാചകന്മാരുടെ പ്രചോദനം കൊണ്ടാവാം, ചില മൗലികബോധങ്ങള്‍ അദ്ദേഹത്തില്‍ കടന്നുകൂടിയിരുന്നു. ദൈവനീതിയിലും താന്‍ ദൈവത്തിന്റെ തെരഞ്ഞെടുത്ത ദൂതനാണെന്നുള്ള ഉറച്ച വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു പരിഷ്‌കരണ പ്രസ്ഥാനമായിരുന്നു മുഹമ്മദിന്റേത്. ഹൃദയപരിവര്‍ത്തനവും ക്ഷമാ യാചനവും അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നവജീവിതത്തിന്റെ നാന്ദിയായി.
കുടിയിലും പാപത്തിലും മതിമറന്നു ജീവിച്ചിരുന്ന മക്കാ നഗരത്തില്‍ ഏതാണ്ട് എ.ഡി 570-നടുത്ത് ഒരു സാധാരണ ബാലന്‍ ജനിച്ചു. കാര്യത്തില്‍ കവിത കലര്‍ത്തിപ്പറയാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ആ മുഹൂര്‍ത്തത്തില്‍ ഭൂമിയിലുള്ള എല്ലാ വിഗ്രഹങ്ങളും വിറച്ചുവെന്നോ പെറ്റുവീണ ബാലന്‍ ഉടനടി 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നുറക്കെച്ചൊല്ലിയെന്നോ കൂട്ടിച്ചേര്‍ത്തോളും.
ആറാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചുപോയ ആ കുഞ്ഞിനെ അബൂത്വാലിബ് എന്ന ഒരമ്മാവന്‍ എടുത്തു വളര്‍ത്തി. ആടു മേയ്ക്കലായിരുന്നു പ്രവാചകന്റെ അന്നത്തെ ജോലി. അദ്ദേഹത്തിന് ആ വിശാലമായ മണലാരണ്യം ഒരു പാഠശാലയും അഗാധ നീലാകാശത്തിലെ നക്ഷത്രങ്ങള്‍ ഗുരുക്കളുമായിരുന്നിരിക്കണം. പിന്നീട് ഖുര്‍ആനിലൂടെ പ്രത്യക്ഷപ്പെട്ട ഒരു പ്രകൃതി സൗന്ദര്യാരാധകന്റെ പ്രത്യേകതകള്‍ ആ വ്യക്തിത്വത്തില്‍ അന്നലിഞ്ഞു ചേര്‍ന്നു.

ഇടയന്‍ കച്ചവടക്കാരനാവുന്നു
ആട്ടിടയന്‍ വലുതായപ്പോള്‍ ഒട്ടകത്തിന്റെ പാപ്പാനായി. ഈജിപ്ത്, സിറിയ, പേര്‍ഷ്യ മുതലായ രാജ്യങ്ങളിലെ കച്ചവട കേന്ദ്രങ്ങളില്‍ അദ്ദേഹം മറ്റുള്ളവരുടെ ആവശ്യാര്‍ഥം സഞ്ചരിച്ചു. ആയിടക്ക് ഒരു പുതിയ ലോകം സൃഷ്ടിക്കാനാഞ്ഞ മനുഷ്യന്‍ പഴയ ലോകത്തിന്റെ പാപമാര്‍ഗങ്ങള്‍ പലതും കണ്ടറിഞ്ഞിരിക്കണം.
വിവാഹ ജീവിതത്തിനാവശ്യമായ പണം കൂടാതെ വിഷമിച്ചപ്പോള്‍, പണവും വധുവും ഒന്നായി അദ്ദേഹത്തെ തെരഞ്ഞു ചെന്നു. മക്കയില്‍ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന പേരില്‍ അറിഞ്ഞുവന്ന മുഹമ്മദിന്റെ സത്യസന്ധതയും സ്വഭാവ ഗുണവുമാണ് ഖദീജയെ ആകര്‍ഷിച്ചത്. മറുവശത്തോ, സുന്ദരിയും സുശീലയുമായ ആ സമ്പന്ന വിധവ ഒരു സ്വര്‍ഗദൂതിയായി പ്രത്യക്ഷപ്പെട്ടിരിക്കണം.

കച്ചവടക്കാരന്‍
പ്രവാചകനാകുന്നു
വാസ്തവത്തില്‍ മക്കാ പൗരന്മാരുടെ യാഥാസ്ഥിതികത്വമോ ഭാവനാശൂന്യതയോ അല്ല, നിക്ഷിപ്ത താല്‍പര്യങ്ങളാണ് മുഹമ്മദിനെ കാര്യമായി അലട്ടിയിരുന്നത്.
ഇതദ്ദേഹത്തിന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമായി. അതുവരെ പരിഹാസപൂര്‍വം പൊറുത്തുപോന്ന ഒരു വ്യക്തിയെ അവരെതിര്‍ത്തു. ഏകദൈവവിശ്വാസം എത്രയായാലും അറബികള്‍ക്ക് പുത്തരിയല്ലായിരുന്നു. അതില്‍ മുഹമ്മദിന്റെ ദൗത്യം കൂടിക്കലര്‍ന്നാല്‍ അബദ്ധമായി; പക്ഷേ അപ്പോഴും സഹിക്കാവുന്ന ഒരു സാഹസം മാത്രമാണത്. എല്ലാം കഴിഞ്ഞു കഅ്ബയിലെ കച്ചവടത്തെ വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍- ആ, അത് കാര്യം വേറെ. ആജ്ഞകളും ഭീഷണികളും തുരുതുരെ വന്നു.
മുഹമ്മദ് ഉറച്ചു നിന്നു. അദ്ദേഹത്തിന്റെ ഉത്തരമിതാ: ''നിങ്ങള്‍ സൂര്യനെ എന്റെ വലത്തെ കൈയിലും ചന്ദ്രനെ എന്റെ ഇടത്തെ കൈയിലും എനിക്കെതിരായി നിര്‍ത്തിയാല്‍ പോലും ഈ ദൗത്യം ഞാനുപേക്ഷിക്കുകയില്ല.''
അതിനദ്ദേഹത്തെ പ്രേരിപ്പിച്ച ശക്തിയെന്തായിരിക്കണം? ആ ധൈര്യത്തിന്റെ ഉറവിടം? അത് സ്വന്തം വര്‍ഗതാല്‍പര്യങ്ങളല്ല; വ്യക്തിപരമായ ദുരാഗ്രഹങ്ങളുമാവാനിടയില്ല. അനിര്‍വചനീയമായ ഒരാവേശം.
അദ്ദേഹം വീണ്ടും വീണ്ടും പ്രസംഗിച്ചു. ആ വിശ്വാസം 'ഇസ്‌ലാം' ആയിരുന്നു. ദൈവത്തോടുള്ള വണക്കം. ദൈവത്തോടല്ലാതെ മറ്റാരോടുമല്ല; പ്രഭുക്കന്മാരോടല്ല.
അനുയായികള്‍ അധികമായി. അവരാണ് -മുസ്‌ലിംകള്‍- വിശ്വാസമുള്ളവര്‍. ആ പുതിയ വിശ്വാസമാണ് ഒരു പുതിയ സമുദായത്തെ സൃഷ്ടിക്കേണ്ടത്.

പ്രവാചകനും രാഷ്ട്രപിതാവും
മക്കയില്‍ എതിരാളികളുടെ ഉപദ്രവം സഹിക്കവയ്യാതായി. ജീവന്‍ പോലും അപകടത്തിലാണ്. രക്ഷപ്പെടാനും മറ്റൊരു ദിക്കില്‍ തന്റെ മതം പ്രചരിപ്പിക്കാനുമുള്ള പല പ്ലാനുകളും മുഹമ്മദിന്റെ മനസ്സില്‍ അവ്യക്തമായി രൂപം കൊണ്ടു.
അപ്പോഴാണ് മക്കയില്‍ നിന്ന് ഏതാണ്ട് 70 മൈല്‍ ദൂരെയുള്ള യസ്‌രിബില്‍ നിന്ന് ഏതാനും തീര്‍ഥയാത്രക്കാര്‍ മുഹമ്മദിനെ അങ്ങോട്ട് ക്ഷണിച്ചത്. ആ നഗരത്തിന്റെ വഴക്കുകള്‍ക്ക് മാധ്യസ്ഥം വഹിക്കാന്‍ അവര്‍ക്ക് സര്‍വസമ്മതനായ ഒരാളെ ആവശ്യമുണ്ടായിരുന്നു. മുഹമ്മദ് ആ ക്ഷണം സ്വീകരിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ക്രിസ്ത്വബ്ദം 622-ല്‍ അദ്ദേഹവും കൂട്ടുകാരും രഹസ്യമായി മക്കയില്‍ നിന്ന് രക്ഷപ്പെട്ട് പുതിയ തലസ്ഥാനത്ത് താവളമുറപ്പിച്ചു. ആ മഹാ പലായനം-ഹിജ്‌റ- മുഹമ്മദിന്റെയും ഇസ്‌ലാമിന്റെയും ജീവിതത്തില്‍ ഒരു വഴിത്തിരിവും ഒരു പുതിയ കൊല്ലക്കണക്കിന്റെ ആരംഭവും കുറിക്കുന്നു. മുസ്‌ലിംകള്‍ക്ക് പ്രവാചകന്റെ ജനനമോ മരണമോ അല്ല പ്രധാനം, മതസ്ഥാപനമാണ്.
പ്രവാചകന്‍ രാഷ്ട്രപിതാവായി. പുതിയ തലസ്ഥാനത്തിന്റെ -യസ്‌രിബിന്റെ- പേര്‍ മദീനത്തുന്നബി- (മദീനാ അല്ലെങ്കില്‍ പ്രവാചക നഗരം) എന്നുമായി.
തന്റെ സന്ദേശം വളരെ സരളമാണെന്ന് ഈ പുതിയ നേതാവ് മദീനക്കാരെ പഠിപ്പിച്ചു. ''അല്ലാഹു ഒരേയൊരു ദൈവമേയുള്ളൂ. മുഹമ്മദ് അവന്റെ പ്രവാചകനാണ്.
വിഗ്രഹങ്ങളെ ആരാധിക്കരുത്, കക്കരുത്, കളവ് പറയരുത്, അപവാദം പറഞ്ഞുണ്ടാക്കരുത്, ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്.''
ക്രിസ്തുമത ചരിത്രത്തില്‍ ആത്മീയവും രാഷ്ട്രീയവും പരസ്പരാശ്രയമുണ്ടെങ്കിലും രണ്ട് വ്യത്യസ്ത ഘടകങ്ങളായിട്ടാണ് ആദ്യം മുതല്‍ക്കേ നിലനിന്നത്. ഒരു പുതിയ സാമൂഹിക-ആത്മീയ-രാഷ്ട്രീയ വ്യവസ്ഥയുടെ മുഴുരൂപമാണ് മുഹമ്മദ് മദീനയില്‍ അവതരിപ്പിച്ചത്. അതിലദ്ദേഹം നിയമനിര്‍മാതാവും സൈനിക തലവനുമായി.

അവന്‍ വീണ്ടും വരുന്നു
അനേക യുദ്ധങ്ങള്‍ക്കു ശേഷം മക്ക മുസ്‌ലിംകളുടെ കീഴിലായി. അറേബ്യ ഏകീകരിക്കപ്പെട്ടു. ആദ്യകാലങ്ങളിലെ പരാജയം അല്‍പം ചിലരെ വാശിയോടെ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചുവെങ്കില്‍ പിന്നീടുള്ള വിജയങ്ങള്‍ ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനു വിളനിലമായി. അദ്ദേഹം തന്റെ പഞ്ചശീലങ്ങള്‍ എല്ലാ അറേബ്യക്കാര്‍ക്കുമായി വിളംബരപ്പെടുത്തി:-
''അല്ലാഹുവിലും അവന്റെ പ്രവാചകനായ മുഹമ്മദിലും വിശ്വസിക്കുക. അഞ്ചുതവണ പ്രാര്‍ഥിക്കുക. സാധുക്കളോട് അലിവുണ്ടായി ധര്‍മം കൊടുക്കുക. നോമ്പു കാലങ്ങളില്‍ അതാചരിക്കുക. വര്‍ഷത്തിലൊരിക്കല്‍ വിശുദ്ധ പട്ടണമായ മക്കയിലേക്ക് തീര്‍ഥ യാത്ര ചെയ്യുക.''
ഈ അവസാന നിയമം അദ്ദേഹത്തിന്റെ സാമുദായിക ദീര്‍ഘ ദര്‍ശിത്വത്തിനും പ്രായോഗിക ബുദ്ധിക്കും ഉത്തമോദാഹരണമാണ്. ഇന്നും ഭൂമുഖത്തിന്റെ പല ഭാഗത്തും ചിതറിക്കിടക്കുന്ന മുസ്‌ലിം സഹോദരങ്ങളെ അടുപ്പിച്ചു നിര്‍ത്തുന്ന ഒരദൃശ്യവലയത്തിന്റെ കേന്ദ്രം മക്കയാണല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം