Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

ആദ്യകാല വ്യാഖ്യാതാക്കളുടെ ആവിഷ്‌കാര വൈവിധ്യങ്ങള്‍

അബ്ദുര്‍റഹ്മാന്‍ മങ്ങാട്

തഫ്‌സീര്‍ എന്ന പദത്തിന്റെ വാക്കര്‍ഥം വിശദീകരണം, വ്യക്തമാക്കല്‍ എന്നൊക്കെയാണ്. ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍, പൊരുള്‍, വിധികള്‍, അവയില്‍ അന്തര്‍ലീനമായ യുക്തികള്‍, തത്ത്വങ്ങള്‍, ഗുണപാഠങ്ങള്‍ എന്നിവ വിശദീകരിക്കുന്ന വിജ്ഞാനശാഖയാണ് സാങ്കേതികമായി തഫ്‌സീര്‍. ഖുര്‍ആനിനെയും ഖുര്‍ആനിന്റെ ഉള്ളടക്കത്തെയും മനസ്സിലാക്കാനും  വിശദീകരിക്കാനും സഹായിക്കുന്ന വിജ്ഞാന ശാഖയെന്നും നിര്‍വചിക്കാം. ഈ വിജ്ഞാനശാഖ കൈകാര്യം ചെയ്യുന്നവരെ മുഫസ്സിറുകള്‍ എന്നു വിളിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട രീതിശാസ്ത്രത്തെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ എഴുതുന്നു: ''ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത് ഖുര്‍ആന്‍ കൊണ്ടുതന്നെയാണ്. അഥവാ ഖുര്‍ആനിന്റെ പ്രഥമ തഫ്‌സീര്‍ ഖുര്‍ആന്‍ തന്നെയാണ്. ഖുര്‍ആനിലെ ചില കാര്യങ്ങള്‍ ചില സ്ഥലത്ത് ചുരുക്കിപ്പറഞ്ഞിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ അവ വിശദീകരിച്ചിട്ടുമുണ്ട്. അവ രണ്ടും സംയോജിപ്പിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഖുര്‍ആനിന്റെ രണ്ടാമത്തെ വ്യാഖ്യാനം സുന്നത്താണ്. ഒരു ആയത്തിന്റെ ആശയം മനസ്സിലാക്കാന്‍ ഖുര്‍ആനില്‍നിന്ന് സാധിച്ചില്ലെങ്കില്‍ പിന്നെ ആശ്രയിക്കേണ്ടത് സുന്നത്തിനെയാണ്. കാരണം ഖുര്‍ആന്‍ വിവരിച്ചുകൊടുക്കാനുള്ള ചുമതല നബിയെയാണ് ഖുര്‍ആന്‍ ഏല്‍പിച്ചിരിക്കുന്നത് (അന്നഹ്ല്‍ 44).''

ശൈഖുല്‍ ഇസ്‌ലാം തുടരുന്നു: ''നീ അന്വേഷിക്കുന്ന ആയത്തിന്റെ വ്യാഖ്യാനം ഖുര്‍ആനിലും സുന്നത്തിലും കാണുന്നില്ലെങ്കില്‍ പിന്നെ സ്വഹാബിമാരുടെ വാക്കുകളിലേക്ക് മടങ്ങണം. കാരണം അവര്‍ ഖുര്‍ആന്‍ അവതരണത്തിന് സാക്ഷ്യം വഹിച്ചവരാണ്. അത് പഠനവിധേയമാക്കിയവരുമാണ്. തിരുമുഖത്തുനിന്ന് ഖുര്‍ആന്‍ കൂടുതലായി മനസ്സിലാക്കിയവരും അറിയുന്നവരും അവരാണ്. പ്രത്യേകിച്ചും അവരിലെ ഉന്നതരും പണ്ഡിതന്മാരുമായ നാലു ഖുലഫാഉര്‍റാശിദുകളും അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു അബ്ബാസ് മുതലായവരും.''

ഖുര്‍ആനും സുന്നത്തും കഴിഞ്ഞാല്‍ സ്വഹാബികളുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പക്ഷേ, അവരുടെ അഭിപ്രായങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ യഥാര്‍ഥത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ തന്നെയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇവിടെയാണ് നാം സനദ് പരിശോധിക്കുന്നത്. റിപ്പോര്‍ട്ടര്‍മാരുടെ സത്യസന്ധത, സൂക്ഷ്മത, ഓര്‍മശക്തി, വിശ്വാസങ്ങള്‍ എന്നിവ പരിശോധിച്ച് തൃപ്തികരമാണെങ്കില്‍ മാത്രമേ സ്വീകരിക്കാന്‍ പറ്റുകയുള്ളൂ. നബിയില്‍നിന്നല്ലാതെ മറ്റു നിലക്ക് കിട്ടിയ അറിവുകള്‍ ഖുര്‍ആന്റെ വ്യാഖ്യാനമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരുടെ എണ്ണം ഒന്നാം നൂറ്റാണ്ടില്‍ തന്നെ ധാരാളമായിരുന്നു. മറ്റു ചിലര്‍ സത്യമെന്തന്നറിയാതെ കേട്ടതെല്ലാം റിപ്പോര്‍ട്ട്‌ചെയ്തു. ഇസ്രാഈലീ കഥകള്‍ സത്യമെന്ന് വിശ്വസിച്ചു. അല്ലാതെയും പലരും റിപ്പോര്‍ട്ട് ചെയ്തു. ഇതെല്ലാം തഫ്‌സീറുകളിലും കടന്നുകൂടിയിട്ടു്.

സ്വഹാബികളിലെ പ്രസിദ്ധരായ മുഫസ്സിറുകള്‍/ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പത്തു പേരാണ്. ഇവരില്‍ ഖുലഫാഉര്‍റാശിദുകളായ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) എന്നിവരും അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ), സൈദുബ്‌നു സാബിത്ത്(റ), അബൂമൂസല്‍ അശ്അരി(റ), അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) എന്നിവരും ഉള്‍പ്പെടുന്നു.

 

താബിഉകളുടെ കാലഘട്ടം

ഖുര്‍ആനും സുന്നത്തും പഠിച്ച രണ്ടാം തലമുറക്കാരാണ് താബിഉകള്‍. ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ്, ഉബയ്യുബ്‌നു കഅ്ബ്, അലിയ്യുബ്‌നു അബീത്വാലിബ് മുതലായവരില്‍നിന്നാണ് അവര്‍ തഫ്‌സീര്‍ സ്വീകരിച്ചത്. ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളായി അന്ന് മുസ്‌ലിം ലോകത്തുണ്ടായിരുന്നത് പ്രധാനമായും മക്ക, മദീന, കൂഫ എന്നിവിടങ്ങളായിരുന്നു. ഇബ്‌നു അബ്ബാസിന്റെ (റ) താമസം മക്കയിലായിരുന്നതുകൊണ്ട് അദ്ദേഹത്തില്‍നിന്ന് പല പ്രമുഖരും തഫ്‌സീര്‍ സ്വായത്തമാക്കി. അവരില്‍ പ്രമുഖര്‍ സഈദുബ്‌നു ജുബൈര്‍, മുജാഹിദുബ്‌നു ജബര്‍, ഇക്‌രിമ മൗല ഇബ്‌നു അബ്ബാസ്, ത്വാഊസുബ്‌നു കൈസാന്‍, അത്വാഉ ബ്‌നു അബീറബാഹ് തുടങ്ങിയവരാണ്. തന്റെ യൗവനത്തില്‍തന്നെ ഇബ്‌നു അബ്ബാസിന്റെ ശിഷ്യത്വം സ്വീകരിച്ചയാളാണ് സഈദുബ്‌നു ജുബൈര്‍. വിശുദ്ധ ഖുര്‍ആനിന്റെ വിവിധ പാരായണ രീതികള്‍ പഠിപ്പിച്ച് തഫ്‌സീറില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തത് അദ്ദേഹമാണ്. ഇസ്മാഈലുബ്‌നു അബ്ദുല്‍ മലിക് പറയുന്നു: ''സഈദുബ്‌നു ജുബൈര്‍ റമദാനില്‍ ഞങ്ങള്‍ക്ക് ഇമാമത്ത് നില്‍ക്കാറുണ്ടായിരുന്നു. ഒരു രാത്രി ഇബ്‌നു മസ്ഊദിന്റെ പാരായണ രീതിയാണ് അദ്ദേഹം സ്വീകരിച്ചതെങ്കില്‍ അടുത്ത രാത്രി സൈദുബ്‌നു സാബിത്തിന്റെ പാരായണ രീതിയിലായിരിക്കും അദ്ദേഹം ഖുര്‍ആന്‍ ഓതുക.'' ഈ വ്യത്യസ്ത പാരായണരീതികള്‍ അദ്ദേഹത്തിന്റെ ആഴത്തെ കുറിക്കുന്നുവെന്ന് പല സമകാലികരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗുരുവായ ഇബ്‌നു അബ്ബാസിന് സഈദിനെ കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു. പ്രശ്‌നപരിഹാരത്തിനായി കൂഫയില്‍നിന്ന് വല്ലവരും ഇബ്‌നു അബ്ബാസിനെ സമീപിച്ചാല്‍ അദ്ദേഹം ഇങ്ങനെ ചോദിക്കുമായിരുന്നു: ''ഇബ്‌നു ഉമ്മിദ്ദഹ്മാഅ് (സഈദു ബ്‌നു ജുബൈര്‍) നിങ്ങളില്‍ ജീവിച്ചിരിക്കെ നിങ്ങള്‍ എന്തിന് ഇങ്ങോട്ടു പോന്നു?''

വിവാഹ-വിവാഹമോചന നിയമങ്ങളിലെ വിദഗ്ധന്‍ സഈദുബ്‌നുല്‍ മുസയ്യബും, ഹജ്ജിനെകുറിച്ച വിഷയങ്ങളിലെ ഏറ്റവും വലിയ പണ്ഡിതന്‍ അത്വാഉം, ഹലാല്‍-ഹറാമുകളില്‍ ഏറ്റവും അറിവുള്ള വ്യക്തി ത്വാഊസും, തഫ്‌സീറില്‍ അഗ്രഗണ്യന്‍ മുജാഹിദുബ്‌നു ജബറും, സര്‍വ വിജ്ഞാനങ്ങളിലും ഒരേസമയം സമഗ്രമായ അറിവ് നേടിയ വ്യക്തി സഈദുബ്‌നു ജുബൈറുമാണെന്ന് ഖസ്വീഫ് രേഖപ്പെടുത്തിയട്ടുണ്ട്. സഈദുബ്‌നു ജുബൈര്‍ തന്റെ 49- ാം വയസ്സില്‍ (ഹിജ്‌റ 94) കൊല്ലപ്പെട്ടു. ഹജ്ജാജു ബ്‌നു യൂസുഫാണ് അദ്ദേഹത്തെ കൊന്നുകളഞ്ഞത്.

മറ്റൊരു പ്രസിദ്ധ മുഫസ്സിറായ താബിഈ മുജാഹിദുബ്‌നു ജബര്‍ ആണ്. ഹിജ്‌റ 21-ല്‍ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് ജനിച്ചു. ഹിജ്‌റ 104-ല്‍ 83-ാം വയസ്സില്‍ സുജൂദിലായിരിക്കെ മക്കയില്‍ വെച്ച് മരണപ്പെട്ടു. അദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഒരു ദൃഷ്ടാന്തം തന്നെയാകുന്നു. മുഹമ്മദുബ്‌നു ഇസ്ഹാഖ് പറഞ്ഞതുപോലെ മുസ്വ്ഹഫിന്റെ അവസാനം വരെ ഓരോ ആയത്തിലും നിറുത്തി അതിനെപ്പറ്റി ചോദിച്ചറിഞ്ഞുകൊണ്ട് ഇബ്‌നു അബ്ബാസിന്റെ അടുക്കല്‍നിന്ന് മൂന്ന് പ്രാവശ്യം ഖുര്‍ആന്‍ പരിശോധന നടത്തിയ ആളാണ് മുജാഹിദ്. ഇബ്‌നു അബ്ബാസില്‍നിന്ന് അദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനം എഴുതിയെടുത്തിരുന്നതായി ഇബ്‌നു അബീ മുലൈകയും പ്രസ്താവിച്ചിട്ടുണ്ട്. മുജാഹിദില്‍നിന്ന് തഫ്‌സീര്‍ ലഭിച്ചാല്‍ നിനക്ക് അതു തന്നെ മതിയെന്ന് സുഫ്‌യാനുസ്സൗരി പറയാറുണ്ടായിരുന്നത് ത്വബരി രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബുഖാരിയുടെ ജാമിഇലെ കിതാബുത്തഫ്‌സീര്‍ എന്ന അധ്യായത്തില്‍ മുജാഹിദില്‍നിന്നാണ് ധാരാളമായി തഫ്‌സീറുകള്‍ ഉദ്ധരിക്കുന്നത്. ബുഖാരിക്ക് മുജാഹിദിലുള്ള വിശ്വാസത്തിന്റെ നിദര്‍ശനമായി ഇതിനെ കാണാവുന്നതാണ്. ഇക്‌രിമ, ത്വാഊസു ബ്‌നു കൈസാന്‍, അത്വാഉബ്‌നു അബീറബാഹ് തുടങ്ങിയവരാണ് മക്കയിലെ മറ്റു പ്രമുഖ മുഫസ്സിറുകള്‍.

മദീനയിലെ തഫ്‌സീര്‍ പഠനം പ്രധാനമായും ഉബയ്യുബ്‌നു കഅ്ബിനെ കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. മദീനയില്‍ ധാരാളം സ്വഹാബിമാര്‍ ഉായിരുന്നു. മദീന വിട്ടുപോകാന്‍ അവരില്‍ അധിക പേര്‍ക്കും താല്‍പര്യമില്ലായിരുന്നു. അങ്ങനെയാണ് മദീനയില്‍ തഫ്‌സീര്‍ പഠനം ഉബയ്യുബ്‌നു കഅ്ബില്‍ കേന്ദ്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ സൈദുബ്‌നു അസ്‌ലം, അബുല്‍ ആലിയ, മുഹമ്മദുബ്‌നു കഅ്ബ് തുടങ്ങിയവര്‍ നേരിട്ടുള്ള ശിഷ്യത്വം സ്വീകരിച്ചവരാണ്. ഉമറി(റ)ന്റെ മൗലയായിരുന്ന സൈദുബ്‌നു അസ്‌ലമാണ് അവരില്‍ പ്രമുഖന്‍. ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍ തന്റേതായ അഭിപ്രായം അദ്ദേഹം പറയുമായിരുന്നു. നബിയില്‍നിന്ന് വ്യക്തമായ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ പിന്നെ നമുക്ക് തന്നെ ഖുര്‍ആന്‍ ഭാഷാ വിജ്ഞാനവും മറ്റും മുമ്പില്‍വെച്ച് വ്യാഖ്യാനിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഇറാഖിലെ തഫ്‌സീര്‍ പഠനം പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ലാണ്. മറ്റു സ്വഹാബികളും കൂഫയില്‍ ഉണ്ടായിരുന്നെങ്കിലും പ്രഥമ ഗുരുവായി കണക്കാക്കുന്നത് ഇബ്‌നു മസ്ഊദിനെയാണ്. അല്‍ഖമതുബ്‌നു ഖൈസ്, മസ്‌റൂഖ്, അസ്‌വദു ബ്‌നു യസീദ്, ഹസന്‍ ബസ്വരി, ആമിറുശ്ശഅ്ബി തുടങ്ങിയവരാണ് പ്രമുഖ ശിഷ്യര്‍. നാലു ഖലീഫമാര്‍, ഇബ്‌നു മസ്ഊദ്, ഉബയ്യ്ബ്‌നു കഅ്ബ് തുടങ്ങിയവരില്‍നിന്ന് മസ്‌റൂഖ് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തഫ്‌സീറില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ആറ് ഹദീസിന്റെ ഇമാമുകള്‍ (ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്, നസാഈ, അഹ്മദ്) മസ്‌റൂഖിന്റെ തഫ്‌സീര്‍ റിപ്പോര്‍ട്ടുകള്‍ തങ്ങളുടെ കിത്താബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ 63-ല്‍ അദ്ദേഹം അന്തരിച്ചു.

ഹിജ്‌റ 22-ല്‍ ജനിച്ച് ഹി. 110-ല്‍ അന്തരിച്ച പ്രമുഖ താബിഈ ആയ ഹസന്‍ ബസ്വരിയാണ് മറ്റൊരു ശിഷ്യന്‍.

ഇബ്‌നു മസ്ഊദിന്റെ മറ്റൊരു പ്രമുഖ ശിഷ്യനാണ് ആമിറുശ്ശഅ്ബി. ഹി. 20-ല്‍ ജനിച്ച് 109-ാം വയസ്സില്‍ മരണപ്പെട്ട അദ്ദേഹം 49 സ്വഹാബിമാരില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം സ്വഹാബിമാരെ കണ്ടിട്ടുമുണ്ട്. തഫ്‌സീറിന്റെ കാര്യത്തില്‍ രിവായത്തുകള്‍ മാത്രമേ ശഅ്ബി പരിഗണിക്കാറുള്ളൂ.

സ്വഹാബത്തിനും താബിഉകള്‍ക്കും ശേഷം ഹദീസുകള്‍ ശേഖരിച്ച കൂട്ടത്തില്‍ തഫ്‌സീര്‍ രിവായത്തുകളും ശേഖരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. പക്ഷേ അവയെല്ലാം ഹദീസ് ഗ്രന്ഥങ്ങളില്‍ തഫ്‌സീറിന്റെ അധ്യായങ്ങളില്‍ മാത്രം ഒതുങ്ങിനിന്നു. സ്വതന്ത്രമായ ഒരു തഫ്‌സീര്‍ ഗ്രന്ഥവും ഇക്കാലഘട്ടത്തില്‍ ഉണ്ടായില്ല. അമവി ഭരണകാലത്തിന്റെ മധ്യത്തില്‍ അങ്ങനെ ചില ശ്രമങ്ങള്‍ നടന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഹിജ്‌റ 85-ല്‍ അബ്ദുല്‍ മലികുബ്‌നു മര്‍വാന്റെ നിര്‍ദേശാനുസരണം സഈദു ബ്‌നു ജുബൈര്‍ ഒരു തഫ്‌സീര്‍ എഴുതിയതായി റിപ്പോര്‍ട്ടുണ്ട്. പ്രസിദ്ധ ഭാഷാപണ്ഡിതനായ അല്‍ഫര്‍റാഅ് ഹി. 200-ല്‍ ഒരു തഫ്‌സീര്‍ എഴുതിയതായി ഇബ്‌നുന്നദീമിന്റെ ഗ്രന്ഥസൂചികയില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതിന്റെ കോപ്പി കണ്ടെടുക്കപ്പെടുകയും സൂറഃ യൂനുസ് വരെയുള്ള തഫ്‌സീര്‍ 1956-ല്‍ ഈജിപ്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയുമുായി.

ഹദീസ് ഗ്രന്ഥങ്ങളുടെ ചില അധ്യായങ്ങളില്‍ ഒതുങ്ങിക്കൂടിയിരുന്ന തഫ്‌സീര്‍ സ്വതന്ത്രമായ ഒരു വിജ്ഞാനശാഖയായി പരിണമിക്കാന്‍ തുടങ്ങിയത് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലാണ്. വ്യവസ്ഥാപിതമായി ഖുര്‍ആനിലെ എല്ലാ ആയത്തുകള്‍ക്കും സൂറത്തുകള്‍ തിരിച്ച് തഫ്‌സീര്‍ ശേഖരിച്ച് ഗ്രന്ഥരൂപം നല്‍കിയവര്‍ നിരവധിയുണ്ട്. വിശുദ്ധ ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടും സുന്നത്ത്‌കൊണ്ടും സ്വഹാബിമാരുടെയും താബിഉകളുടെയും വിശദീകരണങ്ങള്‍കൊണ്ടും വ്യാഖ്യാനിക്കുകയാണ് അവരുടെ രീതി. ഇങ്ങനെയുള്ള വ്യാഖ്യാനത്തിന് അത്തഫ്‌സീര്‍ ബില്‍ മഅ്‌സൂര്‍ എന്ന് പറയുന്നു. പൗരാണിക തഫ്‌സീറുകളില്‍ മിക്കവയും ഈ ഗണത്തില്‍പെട്ടവയാണ്. മുസ്‌ലിം സമൂഹം സര്‍വാംഗീകൃതമായി അംഗീകരിച്ചുപോന്ന ഈ ഗണത്തില്‍പെട്ട തഫ്‌സീറാണ് ഇമാം അബൂജഅ്ഫര്‍ മുഹമ്മദുബ്‌നു ജരീര്‍ അത്ത്വബരി (224/839-310/923)യുടെ ജാമിഉല്‍ ബയാന്‍ ഫീ തഅ്‌വീലില്‍ ഖുര്‍ആന്‍. തഫ്‌സീറുത്ത്വബരി, തഫ്‌സീര്‍ ഇബ്‌നു ജരീര്‍, അത്തഫ്‌സീറുല്‍ കബീര്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മുപ്പത് വലിയ വാള്യങ്ങളുണ്ട്. ഹിജ്‌റ 224-ല്‍ ത്വബരിസ്താനിലാണ് അദ്ദേഹത്തിന്റെ ജനനം. ഈജിപ്ത്, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന് വിദ്യയഭ്യസിച്ചു. ബഗ്ദാദില്‍ സ്ഥിര താമസമാക്കി. തഫ്‌സീര്‍, ഹദീസ്, ഖിറാഅത്ത്, ഫിഖ്ഹ്, ചരിത്രം, നഹ്‌വ് തുടങ്ങിയ ഒട്ടനവധി വിഷയങ്ങളില്‍ അഗാധപണ്ഡിതനായ അദ്ദേഹം ഈ വിഷയങ്ങളിലെല്ലാം ഗ്രന്ഥരചനയും നടത്തിയിട്ടുണ്ട്. പക്ഷേ, ജാമിഉല്‍ ബയാന്‍ എന്ന തഫ്‌സീറും താരീഖുത്ത്വബരി എന്ന പേരില്‍ അറിയപ്പെടുന്ന താരീഖുല്‍ ഉമമി വല്‍ മുലൂക് എന്ന ചരിത്ര കൃതിയുമാണ് അദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കിയത്.

സവിശേഷമായ ഒരു വ്യാഖ്യാന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ആദ്യം ഖുര്‍ആന്‍ സൂക്തം കൊടുത്ത ശേഷം അതിന്റെ വ്യാഖ്യാനം ഇന്നതാണെന്ന് പറയുക, തുടര്‍ന്ന് അതിന് തെളിവായി സ്വഹാബികള്‍, താബിഉകള്‍ തുടങ്ങി പൂര്‍വികരുടെ പ്രസ്താവങ്ങള്‍ നിവേദക പരമ്പര(സനദ്) യോടുകൂടി ഉദ്ധരിക്കുക, വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവയെ വിശകലനം ചെയ്ത് ഓരോന്നിന്റെയും ബലാബലങ്ങള്‍ വ്യക്തമാക്കുക- ഇതാണ് അദ്ദേഹത്തിന്റെ രീതി. അതോടൊപ്പം പ്രസ്തുത ആയത്തില്‍നിന്ന് വ്യക്തമാകുന്ന നിയമങ്ങള്‍ നിര്‍ധാരണം ചെയ്യുകയും അവക്ക് ഉപോദ്ബലകമായി പൂര്‍വികരുടെ വചനങ്ങള്‍ ഉദ്ധരിച്ച് അവയെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. കേവലം യുക്തിയുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനെ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തോട് ത്വബരിക്ക് യോജിപ്പില്ല.

 

മആലിമുത്തന്‍സീല്‍

ഹുസൈനുബ്‌നു മസ്ഊദു ബ്‌നു മുഹമ്മദുല്‍ ബഗവിയുടെ ഖുര്‍ആന്‍ വ്യാഖ്യാന കൃതിയാണ് മആലിമുത്തന്‍സീല്‍. ഖുറാസാനിലെ ബഗയില്‍ ഹി. അഞ്ചാം നൂറ്റാണ്ടിലാണ് അദ്ദേഹം  ജനിച്ചത്. ഹി. 510-ല്‍ 80-ാം വയസ്സില്‍ അന്തരിച്ചു. ശാഫിഈ ഫിഖ്ഹിലും ഹദീസ്, തഫ്‌സീര്‍ എന്നിവയിലും അഗാധ പണ്ഡിതനായിരുന്ന അദ്ദേഹം മുഹ്‌യിസ്സുന്ന, റുക്‌നുദ്ദീന്‍ എന്നീ സ്ഥാനപ്പേരുകളില്‍ അറിയപ്പെട്ടു.

ഖുര്‍ആനിനോടും സുന്നത്തിനോടും ഏറ്റവും യോജിച്ച തഫ്‌സീര്‍ ഏതാണ്, സമഖ്ശരിയുടേതോ ഖുര്‍ത്വുബിയുടേതോ ബഗവിയുടേതോ മറ്റു വല്ലവരുടേതുമോ എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: ''ഈ മൂന്ന് തഫ്‌സീറുകളില്‍ ബിദ്അത്തുകളില്‍നിന്നും കെട്ടിച്ചമച്ച ഹദീസുകളില്‍നിന്നും സുരക്ഷിതമായത് തഫ്‌സീര്‍ ബഗവിയാണ്. പക്ഷേ, അത് സഅ്‌ലബിയുടെ തഫ്‌സീറിന്റെ സംഗ്രഹമാണ്. അവയിലുള്ള കെട്ടുകഥകളും ബിദ്അത്തുകളും അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്.''

 

തഫ്‌സീര്‍ ഇബ്‌നു കസീര്‍

ഇസ്‌ലാമിക ലോകത്ത് പരക്കെ അറിയപ്പെടുകയും സര്‍വ സ്വീകാര്യത നേടുകയും ചെയ്ത ഗ്രന്ഥമാണിത്. അല്ലാമാ അബുല്‍ ഫിദാഅ് ഇമാമുദ്ദീന്‍ ഇസ്മാഈലുബ്‌നു ഉമറുബ്‌നു കസീര്‍ (700/1300-774/1373) ആണ് രചയിതാവ്. ബസ്വറയിലാണ് ജനിച്ചതെങ്കിലും കുടുംബസമേതം ദമസ്‌കസില്‍ താമസമാക്കി. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ ശിഷ്യനായ അദ്ദേഹം പ്രമുഖ പണ്ഡിതനായിരുന്ന ജമാലുദ്ദീന്‍ മിസ്സിയുടെ മകളെയാണ് വിവാഹം ചെയ്തത്.

ഖുര്‍ആന്‍, ഹദീസ്, സ്വഹാബത്തിന്റെ അഭിപ്രായങ്ങള്‍ എന്നിവയോടൊപ്പം അറബി ഭാഷാ ശൈലികള്‍, സനദ്, പാരായണ ഭേദങ്ങള്‍, അവതരണ പശ്ചാത്തലം എന്നിങ്ങനെ ഒരു സമഗ്ര ഖുര്‍ആന്‍ വ്യാഖ്യാനത്തിന് വേണ്ടതെല്ലാം ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നു. ജനകീയതിലും പ്രചാരത്തിലും മുസ്‌ലിം ലോകത്ത് മുന്നിട്ടു നില്‍ക്കുന്ന തഫ്‌സീറാണ് തഫ്‌സീറു ഇബ്‌നു കസീര്‍.

 

അല്‍ജവാഹിറുല്‍ ഹിസാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍

അബ്ദുര്‍റഹ്മാനുബ്‌നു മുഹമ്മദുബ്‌നു മഖ്‌ലൂഫ് സആലബിയാണ് കര്‍ത്താവ്. ഹിജ്‌റ 787-ല്‍ അള്‍ജീരിയയില്‍ ജനിച്ച ഇദ്ദേഹം ഹിജ്‌റ 876-ല്‍ തന്റെ 90-ാം വയസ്സില്‍ അന്തരിച്ചു. മുന്‍ഗാമികളുടെ ഉദ്ധരണികളും ശൈലികളും മുഖ്യാവലംബമാക്കിയാണ് ഈ തഫ്‌സീര്‍ രചിച്ചിരിക്കുന്നത്.

 

അദ്ദുര്‍റുല്‍ മന്‍സൂര്‍

അല്‍ ഹാഫിള് ജലാലുദ്ദീന്‍ അബ്ദുര്‍റഹ്മാനുബ്‌നു ബിന്‍ അബീബക്ര്‍ ഇബ്‌നു മുഹമ്മദ് അസ്സുയൂത്വിയുടെ തഫ്‌സീര്‍. അദ്ദേഹം ഹിജ്‌റ 849-ല്‍ ജനിച്ചു. ഹി. 911-ല്‍ അന്തരിച്ചു. അഞ്ഞൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം വിശുദ്ധ ഖുര്‍ആനിനെകുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ഹദീസ് ഗ്രന്ഥങ്ങളില്‍ ചിതറിക്കിടക്കുന്ന നിരവധി തഫ്‌സീര്‍ രിവായത്തുകള്‍ ഒരുമിച്ചുകൂട്ടിയതാണ് ഈ ഗ്രന്ഥം. ഹദീസുകളും അസറുകളും അല്ലാതെ മറ്റൊന്നും തന്നെയില്ല എന്ന്  പറയാന്‍ കഴിയും വിധം അവയാല്‍ നിബിഡമാണ് ദുര്‍റുല്‍ മന്‍സൂര്‍. ദൈര്‍ഘ്യം ഭയന്ന് സനദുകള്‍ ഒഴിവാക്കിയാണ് അവ ഉദ്ധരിച്ചിരിക്കുന്നത്.

തഫ്‌സീറുസ്സമര്‍ഖന്ദി (നസ്വ്‌റുബ്‌നു മുഹമ്മദുസ്സമര്‍ഖന്ദി- മരണം 373), തഫ്‌സീറുസ്സഅ്‌ലബി (അഹ്മദു ബ്‌നു ഇബ്‌റാഹീമുസ്സഅ്‌ലബി - മരണം 427), സാദുല്‍ മസീര്‍ ഫീ ഇല്‍മിത്തഫ്‌സീര്‍ (ഇമാം ഇബ്‌നുല്‍ ജൗസി -മരണം ഹി. 597) തുടങ്ങിയ നിരവധി തഫ്‌സീറുകള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

അത്തഫ്‌സീറു ബിര്‍റഅ്‌യ്

യുക്തിക്കും ബുദ്ധിക്കും ഊന്നല്‍ നല്‍കിക്കൊണ്ട് രചിക്കപ്പെട്ടതാണ് അത്തഫ്‌സീറു ബിര്‍റഅ്‌യ്. അവയില്‍ പ്രഥമസ്ഥാനം നല്‍കപ്പെടുന്നത് അല്‍ മുഹര്‍ററുല്‍ വജീസ് ഫീ തഫ്‌സീരില്‍ കിതാബില്‍ അസീസ് എന്ന കൃതിക്കാണ് തഫ്‌സീര്‍ ഇബ്‌നി അത്വിയ്യ എന്ന പേരില്‍ അറിയപ്പെടുന്നു. അബൂമുഹമ്മദ് അബ്ദുല്‍ ഹഖ് ഇബ്‌നു ഗാലിബു ബ്‌നു അത്വിയ്യ അല്‍ ഗര്‍നാത്വി(മരണം 541)യാണ് രചയിതാവ്. അറബി ഭാഷാ വിജ്ഞാനീയങ്ങളും കര്‍മശാസ്ത്ര തത്ത്വങ്ങളും മുന്‍ഗാമികളുടെ വിശദീകരണങ്ങളും ഉള്‍പ്പെടുത്തി രചിക്കപ്പെട്ടതാണിത്. ഇമാം ഇബ്‌നുതൈമിയ്യ പറഞ്ഞു: ''അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളോട് ഏറ്റവും കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുന്ന തഫ്‌സീറാണിത്. സമഖ്ശരിയുടെ തഫ്‌സീറില്‍നിന്ന് ഭിന്നമായി ബിദ്അത്തുകളില്‍നിന്ന് ഏറെ മുക്തമാണ് ഈ തഫ്‌സീര്‍.''

അന്‍വാറുത്തന്‍സീല്‍ വ അസ്‌റാറുത്തഅ്‌വീല്‍ ആണ് മറ്റൊന്ന്. തഫ്‌സീറുല്‍ ബൈദാവി എന്നും അറിയപ്പെടുന്നു. നാസ്വിറുദ്ദീന്‍ അബ്ദുല്ലാഹിബ്‌നു ഉമറുബ്‌നു മുഹമ്മദില്‍ ബൈദാവി (മരണം ഹി. 685)യുടെ രചന. പിന്‍ഗാമികളായ പലരുടെയും അഭിപ്രായങ്ങളില്‍നിന്ന് തനിക്ക് അനുയോജ്യമെന്ന് തോന്നിയവ സ്വീകരിക്കുകയും സ്വന്തം വീക്ഷണം പ്രകടിപ്പിക്കുകയും ചെയ്യുന്ന രചനയില്‍ ഭാഷാ വിശകലനങ്ങളും കര്‍മശാസ്ത്ര നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ നമ്മുടെ പള്ളി ദര്‍സുകളില്‍ ഈ തഫ്‌സീര്‍ പഠിപ്പിക്കാറു്.

മറ്റൊരു തഫ്‌സീറാണ് അല്‍ ബഹറുല്‍ മുഹീത്വ്. ഇമാം അബൂഹയ്യാന്‍ മുഹമ്മദുബ്‌നു യൂസുഫുബ്‌നു അലീ അല്‍ഗര്‍നാത്വി(മരണം 745)യാണ് ഗ്രന്ഥകാരന്‍. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ കൂട്ടത്തില്‍ വിജ്ഞാനകോശമാണ് ഈ തഫ്‌സീര്‍. വ്യത്യസ്ത വീക്ഷണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് നിഗമനത്തിലെത്തുക എന്ന ശ്രമകരമായ ജോലിയാണ് അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത്.

ഈ ഗണത്തില്‍ പരിഗണിക്കപ്പെടുന്ന മറ്റു പ്രമുഖ തഫ്‌സീറുകള്‍ ഇമാം റാസിയുടെ (മരണം 606) മഫാതീഹുല്‍ ഗൈബ്, സമഖ്ശരിയുടെ അല്‍ കശ്ശാഫ് അന്‍ ഹഖാഇഖിത്തന്‍സീല്‍, തഫ്‌സീറുല്‍ ഖാസിന്‍ എന്ന പേരില്‍ പ്രശസ്തമായ ലുബാബുത്തഅ്‌വീല്‍ ഫീ മആനിത്തന്‍സീല്‍, അബ്ദുല്ലാഹിബ്‌നു അഹ്മദുന്നസഫിയുടെ (മരണം 701) മദാരികുത്തന്‍സീല്‍ വഹഖാഇഖുത്തഅ്‌വീല്‍, നിളാമുദ്ദീന്‍ അല്‍ഹസന്‍ മുഹമ്മദ് അന്നൈസാബൂരി(മരണം 728)യുടെ ഗറാഇബുല്‍ ഖുര്‍ആന്‍ വ റഗാഇബുല്‍ ഫുര്‍ഖാന്‍, മുഹമ്മദുബ്‌നു മുസ്ത്വഫ ത്വഹാവി(മ. 952)യുടെ ഇര്‍ശാദുല്‍ അഖ്‌ലിസ്സലീം അഥവാ തഫ്‌സീര്‍ അബിസ്സുഊദ്, ശിഹാബുദ്ദീന്‍ മുഹമ്മദ് അല്‍ ആലൂസിയുടെ (1270)യുടെ റൂഹുല്‍ മആനി, മുഹമ്മദുശ്ശര്‍ബീനിയുടെ അസ്സിറാജുല്‍ മുനീര്‍ തുടങ്ങിയ തഫ്‌സീറുകള്‍ ഖുര്‍ആന്‍ പഠിതാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്.

 

ഫിഖ്ഹീ തഫ്‌സീറുകള്‍

ഖുര്‍ആനിലെ വിധിവിലക്കുകളെ കേന്ദ്രീകരിച്ച് രചിക്കപ്പെട്ട തഫ്‌സീറുകളാണിവ. വിധിവിലക്കുകളില്ലാത്ത ആയത്തുകളും ഇത്തരം തഫ്‌സീറുകളില്‍ വിഷയീഭവിച്ചിട്ടുണ്ടെങ്കിലും അവ മുഖ്യ ഉന്നമല്ല. ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍ ചിലതു മാത്രം ഒഴിവാക്കുന്നത് സംഗതമല്ലാത്തതിനാല്‍ അവ കൂടി ഉള്‍പ്പെടുത്തിയെന്നു മാത്രം.

ഹിജ്‌റ 370-ല്‍ മരിച്ച അഹ്മദുബ്‌നു അലിയ്യുര്‍റാസി അല്‍ ജസ്സാസ് (ഹനഫി) രചിച്ച അഹ്കാമുല്‍ ഖുര്‍ആന്‍, ഹി. 504-ല്‍ അന്തരിച്ച അലിയ്യുബ്‌നു മുഹമ്മദുത്ത്വബരി രചിച്ച അഹ്കാമുല്‍ ഖുര്‍ആന്‍ (ശാഫിഈ), ഹി. 911-ല്‍ അന്തരിച്ച ജലാലുദ്ദീനുസ്സുയൂത്വി രചിച്ച അല്‍ ഇക്‌ലീല്‍ ഫീ ഇസ്തിന്‍ബാത്വി ത്തന്‍സീല്‍ (ശാഫിഈ), ഹി. 543-ല്‍ മരണപ്പെട്ട മുഹമ്മദുബ്‌നു അബ്ദുല്ലാഹില്‍ ഉന്‍ദുലുസി(മാലികി) രചിച്ച തഫ്‌സീര്‍ ഇബ്‌നുല്‍ അറബി എന്ന പേരിലറിയപ്പെടുന്ന അഹ്കാമുല്‍ ഖുര്‍ആന്‍, ഹി. 671-ല്‍ അന്തരിച്ച മുഹമ്മദുബ്‌നു അഹ്മദുബ്‌നു ഫറഹില്‍ ഖുര്‍ത്വുബി (മാലികി) രചിച്ച തഫ്‌സീറുല്‍ ഖുര്‍ത്വുബി എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ തുടങ്ങിയ തഫ്‌സീറുകള്‍ വിവിധ കര്‍മശാസ്ത്ര വീക്ഷണങ്ങളെ പിന്തുണച്ചുകൊണ്ടും ശക്തിപ്പെടുത്തിക്കൊണ്ടും വിരചിതമായവയാണ്.

 

1. ഇസ്‌ലാമിക വിജ്ഞാനകോശം വാള്യം 12. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്

2. അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍. ഡോ. മുഹമ്മദ് ഹുസൈന്‍ ദഹബി

3. മബാഹിസുന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍ - മന്നാഉല്‍ ഖത്താന്‍

4. അത്തിബ്‌യാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍ - മുഹമ്മദലി സ്വാബൂനി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍