Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

ബോകോ ഹറാമിനെ പേടിക്കാത്ത ഹംസത്ത് അല്ലമീന്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ഹംസത്ത് അല്ലമീന്‍. നൈജീരിയന്‍ ഭരണകൂടത്തിനും ബോകോ ഹറാം തീവ്രവാദികള്‍ക്കുമിടയില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ധീര വനിത. 'ഞങ്ങളുടെ പെണ്‍മക്കളെ തിരിച്ചുതരൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി  നൈജീരിയയിലെ സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളിലൊന്നിനെ  നയിക്കുന്ന സാമൂഹിക പ്രവര്‍ത്തക. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും ശാക്തീകരണവുമാണ് അവര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. നൈജീരിയയിലെ ഫെഡറേഷന്‍ ഓഫ് മുസ്ലിം വിമന്‍സ് അസോസിയേഷന്‍സിന്റെ നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് അംഗമായ ഹംസത്ത്, നൈജീരിയ സ്റ്റെബിലിറ്റി ആന്റ് റികണ്‍സിലിയേഷന്റെ പ്രാദേശിക ചുമതലക്കാരിയും കൂടിയാണ്. സംഘര്‍ഷഭരിതമായ വടക്കുകിഴക്കന്‍ പ്രദേശത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ബോകോ ഹറാം എന്ന പേരില്‍ കുപ്രസിദ്ധമായ ജമാഅത്തു അഹ്‌ലിസ്സുന്ന ലിദ്ദഅ്‌വത്തി വല്‍ ജിഹാദിന്റെ ആക്രമണത്തെ ചെറുക്കാന്‍ തയ്യാറായ ഹംസത്ത് ഈ ഗ്രൂപ്പില്‍ സജീവമായ യുവാക്കളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും അവരെ പ്രതിലോമപ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ക്രിസ്ത്യന്‍-മുസ്ലിം സംഘര്‍ഷങ്ങള്‍ സാധാരണയായ നൈജീരിയയില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനായി അവര്‍ ഇന്റര്‍ഫെയ്ത് മീഡിയേഷന്‍ സെന്റര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ബോകോ ഹറാമിന്റെ സാന്നിധ്യമുള്ള ബോര്‍നോ, യോബ് സംസ്ഥാനങ്ങളില്‍ നെറ്റ്വര്‍ക്ക് ഓഫ് സിവില്‍ ഓര്‍ഗനൈസഷന്‍സ് ഫോര്‍ പീസ് രൂപികരിച്ചു. 2014-ല്‍ ചിബോകിലെ 300 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോകോ ഹറാം തട്ടിക്കൊണ്ടുപോയപ്പോള്‍ ആൃശിഴ ആമരസ ഛൗൃ ഏശൃഹ െഎന്ന കാമ്പയിനിലൂടെ ലക്ഷ്യം കൈവരിക്കാനും സാധിച്ചു. ബോര്‍നോയിലെ ഇസ്‌ലാമിക്  സ്‌കൂളുകളില്‍  സമാധാന ശ്രമങ്ങള്‍ക്ക് സഹായകമാവുംവിധം സിലബസ് തയാറാക്കുന്നതില്‍ അധ്യാപികയായ ഹംസത്ത് അല്ലമീന്‍ നേതൃത്വം നല്‍കി. അന്താരാഷ്ട്ര സിവില്‍ സൊസൈറ്റി ആക്ഷന്‍ നെറ്റ്വര്‍ക്കിന്റെ നൈജീരിയന്‍ പ്രതിനിധികൂടിയാണ് ഈ മഹതി. ആധുനിക മുസ്ലിം സമൂഹത്തില്‍ സ്ത്രീകളുടെ സാമൂഹിക പ്രതിനിധാനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഹംസത്ത് അല്ലമീന്‍. 

 

 

 

ബഹുഭാര്യത്വത്തിന് നിയമസാധുത തേടി

ബഹുഭാര്യത്വത്തിനു നിയമസാധുത ആവശ്യപ്പെട്ടുകൊണ്ട് തുനീഷ്യയില്‍ ഒരു വിഭാഗം വനിതകള്‍ രംഗത്ത്. നിലവിലെ ഭരണഘടനയിലെ  ആര്‍ട്ടിക്ക്ള്‍ 18 പ്രകാരം ബഹുഭാര്യത്വം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. തുനീഷ്യയിലെ ഫോറം ഓഫ് ഫ്രീഡം ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ പ്രസിഡന്റ് ഫത്ഹി അല്‍ സഗല്‍ ഈ ആവശ്യത്തെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനയിറക്കിയിരുന്നു. രാജ്യത്തിലെ അവിവാഹിതരായ വൃദ്ധകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ഇതിന് പിറകിലില്ലെന്നും  മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ തുനീഷ്യയില്‍ ബഹുഭാര്യത്വം അനുവദിക്കാത്തതിനെതിരെയുള്ള സ്ത്രീകളുടെ രോഷപ്രകടനമാണിതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മന്ത്രാലയം പ്രസിദ്ധീകരിച്ച 2017-ലെ പുതിയ കണക്ക് പ്രകാരം അവിവാഹിതരുടെ എണ്ണം വളരെക്കൂടുതലാണ് തുനീഷ്യയില്‍. മറ്റു അറബ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് അത് 60 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ടത്രെ. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് അന്നഹ്ദ പാര്‍ട്ടിയുടെ പ്രതിഛായ വികൃതമാക്കാനും വോട്ടര്‍മാര്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനുമുള്ള ശ്രമമാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. സെക്യുലര്‍ പാര്‍ട്ടിയായ നിദാ തുനിസിന്റെ അനുയായികള്‍ ഈ നീക്കത്തെ അനുകൂലിക്കുന്നത് ചൂണ്ടിക്കാട്ടിയ അന്നഹ്ദ നേതൃത്വം തുനീഷ്യന്‍ ജനത ഈ കെണിയില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്‍കി. 

 

 

 

 

ലംയാഅ് അല്‍ ഗൈലാനിക്ക് വിട

ആധുനിക ഇറാഖിന്റെ സാംസ്‌കാരിക  വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പുരാവസ്തു ഗവേഷക ലംയാഅ് അല്‍ ഗൈലാനി അന്തരിച്ചു. അമേരിക്കയുടെ അധിനിവേശാനന്തരം തകര്‍ന്നടിഞ്ഞ ഇറാഖി ദേശീയ മ്യൂസിയത്തിന്റെ  പുനര്‍നിര്‍മാണമായിരുന്നു അവരുടെ മുഖ്യ ദൗത്യങ്ങളിലൊന്ന്. ഇറാഖില്‍ പുരാവസ്തു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ആദ്യ വനിതകളിലൊരാളുമാണ്. 1938-ല്‍ ബഗ്ദാദില്‍ ജനിച്ച ലംയാഅ് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലാണ് പഠിച്ചത്. 1960-ല്‍ ഇറാഖ് ദേശീയ മ്യൂസിയത്തില്‍ സേവനമനുഷ്ഠിച്ചെങ്കിലും 1970-ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി ബ്രിട്ടനിലേക്ക് മടങ്ങി. 1999-ല്‍,  ആറാം നൂറ്റാണ്ട് മുതല്‍ ഒമ്പതാം നൂറ്റാണ്ട് വരെയുള്ള മെസപ്പൊട്ടോമിയയുടെ ചരിത്രം അന്വേഷിക്കുന്ന The First Arastb എന്ന ഗ്രന്ഥം, ഇറാഖി ഗവേഷകനായ സലീം അല്‍ ആലൂസിയുമായി ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. വിദേശത്ത് താമസിക്കുമ്പോഴും ഇറാഖിലെ പുരാവസ്തു ഗവേഷകരുമായി നിരന്തര ബന്ധം പുലര്‍ത്തി. ഇറാഖ് അധിനിവേശാനന്തരം മ്യൂസിയത്തില്‍നിന്ന് കടത്തപ്പെട്ട സ്മാരക ചിഹ്നങ്ങള്‍ വീണ്ടെടുക്കുന്നതിലും 2016-ല്‍  ബസ്വറയിലെ പുതിയ മ്യൂസിയം തുറക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. ബി.ബി.സി ചാനല്‍ നടത്തിയ അഭിമുഖത്തില്‍  ഐ.എസിന്റെ ആക്രമണത്തില്‍ തകര്‍ന്ന മൂസ്വിലിലെ  പുരാവസ്തു ശേഖരത്തെക്കുറിച്ച് വേദനയോടെ അവര്‍ അനുസ്മരിക്കുകയുായി. പുരാതന മെസപ്പൊട്ടോമിയന്‍ ചരിത്രത്തെക്കുറിച്ച് അവര്‍ ശേഖരിച്ച ധാരാളം രേഖകള്‍ ഇറാഖ് ദേശീയ  മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 

 

 

 

'കുല്ലുനാ മര്‍യം'

ജനുവരി 28-ന് ഫലസ്ത്വീനിയന്‍ വനിതകള്‍  ആരംഭിച്ച 'കുല്ലുനാ മര്‍യം' (നമ്മെളെല്ലാം മറിയം) കാമ്പയിന്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ഇസ്രയേലിന്റെ ഫലസ്ത്വീന്‍ അധിനിവേശവും അതിക്രമങ്ങളും ലോകശ്രദ്ധയില്‍ കൊണ്ടുവരികയാണ് കാമ്പയിന്റെ ലക്ഷ്യം. ഈസാ(അ)യുടെ മാതാവ് മര്‍യമിന്റെ പേരില്‍ തുടങ്ങിയ ഈ കാമ്പയിനു മതഭേദമന്യേ  സോഷ്യല്‍ മീഡിയയില്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നവര്‍ നിരവധിയാണ്. ഇസ്രയേല്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകള്‍ കൈവശം ഇല്ലാത്തതിനാല്‍  വിവാഹബന്ധങ്ങള്‍ പോലും തടയുന്നത് പതിവുസംഭവങ്ങളായി മാറിയ പശ്ചാത്തലത്തിലാണ് കാമ്പയിന്‍. സ്ത്രീകളാണ് കൂടുതലായി ഇതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേിവരുന്നത്. അന്താരാഷ്ട്ര കാമ്പയിന്റെ ഭാഗമായി തുര്‍ക്കിയിലെ ഇസ്തംബുളില്‍ അവര്‍ പത്രസമ്മേളനം വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു. അദ്ദമീര്‍ പ്രിസനര്‍ സപ്പോര്‍ട്ട് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ എന്ന എന്‍.ജി.ഒ യുടെ കണക്കു പ്രകാരം 2015 മുതല്‍ ഇസ്രയേല്‍ 516 ഫലസ്ത്വീന്‍ സ്ത്രീകളെയാണ് തടവറയിലിട്ടിരിക്കുന്നത്. ഇസ്രയേലിന്റെ ക്രൂരതകള്‍ ലോകത്തിനു മുന്നില്‍ തുറന്നുവെക്കാന്‍ ഈ കാമ്പയിന്‍ കൊണ്ട് സാധിക്കുമെന്ന് അതിന്റെ വക്താക്കള്‍ കരുതുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍