Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

അപകടകരമായേക്കാവുന്ന സ്ട്രാറ്റജികള്‍

പി.പി അബ്ദുര്‍റസാഖ്

മിക്കവാറും 2019 ഏപ്രില്‍-മെയ് മാസത്തില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു സംഘ് പരിവാര്‍ ശക്തികള്‍ ഇപ്പോഴേ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 9-ന്  ന്യൂ ദല്‍ഹിയില്‍ നടന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ 2019 ലോക്‌സഭാ ഇലക്ഷന്‍ ബി.ജെ.പി ജയിച്ചാല്‍ അടുത്ത 50 വര്‍ഷം ഇന്ത്യ ഭരിക്കുക ബി.ജെ.പി തന്നെയായിരിക്കുമെന്ന് പറയുകയുണ്ടായി. വാജ്പേയി മന്ത്രിസഭയില്‍ ഡിസിന്‍വെസ്റ്റ്‌മെന്റ് മന്ത്രിയും ബി.ജെ.പിയുടെ സഹയാത്രികനും ഇന്ത്യന്‍ എക്‌സ്പ്രസ്സ് എഡിറ്ററുമായിരുന്ന അരുണ്‍ ഷൂരി 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അവസാന ബസ് ആയിരിക്കുമെന്നാണ് താക്കീതു ചെയ്തിരിക്കുന്നത്. 2019-ലെ ലോക്‌സഭാ ഇലക്ഷന്‍ സംഘ് പരിവാര്‍ ശക്തികള്‍ ജയിക്കാനിടയായാല്‍ അത് ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ അന്ത്യമായിരിക്കുമെന്നു  വലിയൊരു വിഭാഗം ജനങ്ങളും ഭയപ്പെടുന്നു.

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ലാത്ത അടുത്ത തെരഞ്ഞെടുപ്പില്‍ പരമാവധി സഖ്യ കക്ഷികളെ നിലനിര്‍ത്തി പ്രീ-പോള്‍ അലയന്‍സ് ഉണ്ടാക്കി ഏറ്റവും  വലിയ ഒറ്റ കക്ഷിയാവുക എന്നതാണ് ബി.ജെ.പി ഇപ്പോള്‍ ലക്ഷ്യംവെക്കുന്നത്. അതുകൊണ്ടാണ് പരമാവധി വിട്ടുവീഴ്ച ചെയ്ത് നിതീഷിനെയും പാസ്വാനെയും നിലനിര്‍ത്തിയത്.  മഹാരാഷ്ട്രയില്‍ ശിവസേനയുടെയും യു.പിയില്‍ അപ്‌നാ ദളിന്റെയും ആവശ്യങ്ങള്‍ക്ക് ബി.ജെ.പി അവസാന നിമിഷം വഴങ്ങാനാണ് സാധ്യത. അവരാകട്ടെ സമ്മര്‍ദം ചെലുത്തുന്നത് തങ്ങളുടെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. ഇതോടൊപ്പം കോണ്‍ഗ്രസ് ശക്തമായ ഒരു പ്രീ-പോള്‍ സഖ്യം ഉണ്ടാക്കാതിരിക്കാനുള്ള വഴികളും ബി.ജെ.പി നോക്കുന്നുണ്ട്. കഴിഞ്ഞ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍  നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റെങ്കിലും ബി.ജെ.പിയുടെ മുഖം രക്ഷിച്ചത് കോണ്‍ഗ്രസിന് പ്രീ-പോള്‍ സഖ്യം ഉണ്ടാക്കാന്‍ സാധിക്കാതെ പോയതാണ്.  അതിലെ, കോണ്‍ഗ്രസിന്റെ പരാജയം കൂടിയാണ് യു.പിയില്‍ മായാവതിയും അഖിലേഷും കോണ്‍ഗ്രസിനെ മഹാ സഖ്യത്തില്‍നിന്നും അകറ്റിനിര്‍ത്താന്‍ കാരണമായത്. 

മോദി വിദേശ യാത്രകള്‍ നിര്‍ത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍  റാലികളിലും ഉദ്ഘാടന ചടങ്ങുകളിലും തറക്കല്ലിടലുകളിലും വ്യാപൃതനാവാന്‍ തുടങ്ങിയിരിക്കുന്നു.  അമിത്ഷായും യോഗിയും സാധ്വിയും നിത്യവും റാലികളെ അഭിസംബോധന ചെയ്യുന്നു. എ.എന്‍.ഐ പോലുള്ള ചാനല്‍ ഏജന്‍സികള്‍ക്കു മുന്‍കൂട്ടി തയാറാക്കിയ സുഖിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു മാത്രം ഉത്തരം നല്‍കി മറു ചോദ്യങ്ങള്‍ ചോദിക്കരുതെന്ന ഉപാധിയോടെ മോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കഴിഞ്ഞ മാസം അഭിമുഖവും  നല്‍കി.  ഇതുവരെ ഇങ്ങോട്ടൊന്നും കേള്‍ക്കാതെ അങ്ങോട്ടു മാത്രം സംസാരിച്ചിരുന്ന മോദി വിവിധ സംസ്ഥാനങ്ങളിലെ പതിനഞ്ചു ഇടങ്ങളില്‍ സംഘ് പരിവാര്‍ സംഘടിപ്പിക്കുന്ന സദസ്സിനെ കേള്‍ക്കുന്നു. റമദാനിനും ഈദിനും വരെ ആശംസയര്‍പ്പിക്കാതിരിക്കാന്‍ മാത്രം സങ്കുചിതമായിരുന്ന മോദിയുടെ മനസ്സ് മുഹര്‍റം മാസത്തില്‍ ഇമാം ഹുസൈനെ അനുസ്മരിച്ച് ഇന്‍ഡോറിലെ ബോഹ്‌റകളുടെ സൈഫി മസ്ജിദില്‍ പ്രസംഗിക്കാന്‍ മാത്രം 'വിശാല'മായിരിക്കുന്നു. അസാധുവായി കണക്കാക്കുന്ന വിവാഹമോചനത്തിന്റെ പേരില്‍ മുസ്‌ലിം പുരുഷന്മാരെ മൂന്നു വര്‍ഷം  ജയിലിലിട്ട് മുസ്‌ലിം സ്ത്രീകളെ ദുരിതത്തിലാഴ്ത്തുന്ന  മുത്ത്വലാഖ് ബില്ല് ചുട്ടെടുക്കാന്‍ ശ്രമിക്കുന്നതു പോലും ഭൂരിപക്ഷ വിഭാഗത്തിലെ വര്‍ഗീയവാദികളെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. രാമജന്മഭൂമി വിഷയത്തില്‍ ഒന്നും ചെയ്യാത്തതിന് പ്രായശ്ചിത്തമായി 50 ശതമാനം സംവരണത്തിന് മുകളില്‍ ഭരണഘടനാവിരുദ്ധമായ രൂപത്തില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു  10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ പാര്‍ലമെന്റില്‍ പൊടുന്നനെ ബില്ല് അവതരിപ്പിച്ചതും പാസ്സാക്കിയതും സവര്‍ണ വോട്ടുകള്‍ ഉറപ്പിക്കാനും പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കാനും തന്നെ. റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണത്തില്‍നിന്ന് വലിയൊരു ഭാഗം ഈ ഭരണത്തിന്റെ അവസാന കാലത്ത് കേന്ദ്ര ട്രഷറിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.  അതിനു സന്നദ്ധനല്ലാത്ത ഗവര്‍ണറെ പുകച്ച് പുറത്തുചാടിച്ച് 'ഹിസ് മാസ്റ്റേഴ്‌സ് വോയ്സി'നെ ചുമതലയേല്‍പ്പിക്കുന്നു. വിദേശത്തെ കള്ളപ്പണം പിടിച്ചെടുത്തല്ലെങ്കിലും പാവപ്പെട്ട കര്‍ഷകരെയും മറ്റും സുഖിപ്പിക്കാന്‍ 2014-ലെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പാലനമെന്നോണവും അങ്ങനെ തന്നെ  അവകാശപ്പെട്ടും  ജന്‍ധന്‍ അക്കൗണ്ടിലേക്ക് അഞ്ചോ പത്തോ ആയിരം രൂപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് ട്രാന്‍സ്ഫര്‍ ചെയ്ത് പ്രതിപക്ഷകക്ഷികളെ ഞെട്ടിച്ചേക്കാനും മതി.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള ന്യൂനപക്ഷവിരുദ്ധ കലാപങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഫെയിക് എന്‍കൗണ്ടറുകളും അറസ്റ്റു ചെയ്യപ്പെട്ടവര്‍ കാണാതാവലും, തട്ടിക്കൊണ്ടുപോയി വധിക്കലും, പശുവിന്റെയും പോത്തിന്റെയും പേരിലുള്ള ആള്‍ക്കൂട്ട കൊലകളും ലിഞ്ചിംഗും കൂടിക്കൊണ്ടേയിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള സംഘ് പരിവാര്‍ ഫെയ്ക് ന്യൂസുകള്‍ മലവെള്ളം പോലെ ഒഴുകിവരാന്‍ തുടങ്ങി. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള പെയ്ഡ് ന്യൂസുകളും ടൈലര്‍ ചെയ്യപ്പെട്ട സര്‍വേകളും വെറും മോദി ടൈംസും പരിവാര്‍ എക്‌സ്പ്രസ്സുകളുമായി മാറിയ ഏറാന്‍ മൂളി പത്രങ്ങളും മറ്റും പ്രചരിപ്പിച്ചു തുടങ്ങി. ഭരണത്തെ സംബന്ധിച്ച എതിര്‍ വീക്ഷണങ്ങളെ അടിച്ചമര്‍ത്തുന്നതിന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ അക്കാദമിക്കുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സ്വതന്ത്ര പത്രപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും വ്യാപകമായി അറസ്റ്റ് ചെയ്തുകൊിരിക്കുന്നു. അടുത്ത ഘട്ടത്തില്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്നതിന്റെയും ഭയപ്പെടുത്തി കീഴടക്കുന്നതിന്റെയും ഭാഗമായി, അന്വേഷണ ഏജന്‍സികളെയും പോലീസിനെയും ദുരുപയോഗം ചെയ്ത് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ഉള്ളതും ഇല്ലാത്തതുമായ കേസുകളില്‍ കുടുക്കിയിടാനും തുടങ്ങിയിട്ടു്. കശ്മീരില്‍ നിയമസഭ സസ്പെന്റ് ചെയ്ത് ഗവര്‍ണറെ മാറ്റി സംഘര്‍ഷം മൂര്‍ഛിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചുകഴിഞ്ഞു. ഇന്ത്യന്‍ മുജാഹിദീന്റെ കാറ്റ് പോയപ്പോള്‍ ഹര്‍കത്തെ ഹര്‍ബെ ഹിന്ദ് എന്ന പുതിയ സംഘത്തെ എന്‍.ഐ.എ പരിചയപ്പെടുത്തിയിരിക്കുന്നു. അതിന്റെ പേരില്‍ കുറേയാളുകളെ അറസ്റ്റു ചെയ്തിരിക്കുന്നു. മുസ്‌ലിം പേരിലുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി വര്‍ഗീയ മനസ്സിനെ വിജ്രംഭിപ്പിക്കാനും തൃപ്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. 

അധികാരം നിലനിര്‍ത്തുന്നതിനു സംഘ് പരിവാര്‍ ഏതറ്റംവരെയും പോകും. അധികാരം നഷ്ടപ്പെട്ടാല്‍ സംഘ് പരിവാര്‍ നേതൃത്വത്തിലെ പലരും രാജ്യത്തോടും ജനങ്ങളോടും ചെയ്ത കൊടും പാതകങ്ങള്‍ക്കു ജയിലില്‍ പോകേണ്ടിവരുമോ എന്ന് ഭയപ്പെടുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും. കഴിഞ്ഞ വര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകരെയും  അക്കാദമീഷ്യന്മാരെയും പത്രപ്രവര്‍ത്തകരെയും കവികളെയുമൊക്കെ ഇന്ത്യയുടെ പല ഭാഗത്തു നിന്നായി അറസ്റ്റ് ചെയ്തപ്പോള്‍ പറഞ്ഞ ആരോപണങ്ങളില്‍ ഒന്ന് മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു. ഭരണതലത്തില്‍ ഭൂലോക പരാജയമായി മാറിയ മോദി ഇനി വെറും രാഷ്ട്രീയ ബാധ്യത മാത്രമായിരിക്കുമെന്ന് കരുതുന്നവര്‍ ബി.ജെ.പിയിലും  ഇതര സംഘ് പരിവാര്‍ സംഘടനകളിലും നിരവധിയാണ്. സംഘ് പരിവാറില്‍ തന്നെ പ്രധാനമന്ത്രി സ്ഥാനം കൊതിക്കുന്നവര്‍ ധാരാളമുണ്ട്. നിതിന്‍ ഗഡ്കരിയെ വാജ്പേയി മോഡല്‍ മിതവാദിയാക്കി അവതരിപ്പിക്കാനുള്ള തകൃതിയായ ശ്രമം ഒരു ഭാഗത്തു നടക്കുന്നുണ്ട്.  'നിഷ്‌കളങ്ക പൂവിനെ പോലെ തോന്നിപ്പിക്കുക; എന്നാല്‍ അതിനു കീഴെ ഒരു വിഷസര്‍പ്പമായിരിക്കുകയും ചെയ്യുക' എന്ന മാക്ബത്തിനോട് ലേഡി മാക്ബത്ത് പറഞ്ഞ കാര്യമാണ് ആര്‍.എസ്.എസ് ഈ വിഷയത്തില്‍ ഗഡ്കരിക്ക് നല്‍കിയ ഉപദേശമെന്നു തോന്നുന്നു. എന്‍.ഡി.എക്കു ഭൂരിപക്ഷം കിട്ടാത്ത പശ്ചാത്തലത്തില്‍ നിതിന്‍ ഗഡ്കരിയെ വെച്ച് തെരഞ്ഞെടുപ്പാനന്തരം കൂടുതല്‍ സഖ്യകക്ഷികളെ പ്രതിപക്ഷത്തുനിന്ന് ആകര്‍ഷിക്കാനുള്ള ആര്‍.എസ്.എസ് ആസൂത്രണത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോദിയെ മുന്നില്‍വെച്ച് 2019 ലോക്‌സഭാ ഇലക്ഷനില്‍ മത്സരിച്ചാല്‍ വിജയിക്കില്ല എന്ന് ഉറപ്പിക്കുന്ന സംഘ് പരിവാറിലെ അധികാരമോഹികള്‍ ഒരു സഹതാപ തരംഗം  ഉണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ വല്ല കടുംകൈയും ചെയ്തു മാവോയിസ്റ്റുകളുടെയോ ഏതെങ്കിലും അറബി പേരിലുള്ള ഇമെയില്‍ സംഘടനയുടെയോ പേരില്‍ ആരോപിക്കുമോ?  അതല്ലെങ്കില്‍, മോദി തന്നെയും തന്റെ ഭരണപരമായ പരാജയങ്ങള്‍  മറച്ചുപിടിക്കാന്‍  ജനങ്ങളെ ഭരണകൂടത്തിനു പിന്നില്‍ വൈകാരികമായി നിലകൊള്ളുന്നതിന് നിര്‍ബന്ധിതമാക്കുന്ന രൂപത്തില്‍ കാര്‍ഗില്‍ മോഡല്‍ നീക്കങ്ങള്‍ തെരഞ്ഞെടുപ്പിനു മുമ്പ് നടത്തുമോ? ചുരുങ്ങിയത് അജ്ഞാത കത്തുകള്‍, ഇമെയില്‍ സന്ദേശങ്ങള്‍, പാക്ഭീകരര്‍ തുടങ്ങിയ കാര്യങ്ങള്‍ മുറപോലെ ഇനിയും പ്രത്യക്ഷപ്പെടുമെന്നു പ്രതീക്ഷിക്കുക. ദല്‍ഹിയിലെ ഐസിസ് മൊഡ്യൂള്‍ ആയി എന്‍.ഐ.എ  കണ്ടെത്തിയ ഹര്‍കത്തെ ഹര്‍ബ് ചീറ്റിപ്പോയെങ്കിലും അതൊരു തുടക്കം മാത്രമാണെന്നാണ് മനസ്സിലാക്കേണ്ടത്. മോദിയും അമിത്ഷായുമൊക്കെ അധികാരത്തിലെത്താന്‍ സ്വീകരിച്ച വഴികളെയും ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രി ഹിരണ്‍ പാണ്ഡ്യയെ കൊന്നു വിചിത്രമായ രീതിയില്‍ മുഫ്തി സുഫ്യാനെ പ്രതിയാക്കിയതിനെയും ഇപ്പോഴത്തെ ഭരണക്രമത്തെയും കുറിച്ച് ആലോചിക്കുമ്പോള്‍ നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നതിനെ സംബന്ധിച്ച ഭയവും ആശങ്കയും ചരിത്രബോധമുള്ള  ഏതൊരു നിരീക്ഷകനെയും വിട്ടുമാറുകയില്ല. രാജ്യം മുഴുക്കെ വര്‍ഗീയകലാപം സൃഷ്ടിച്ച് ഭിന്ന സമുദായങ്ങളെ ഭൂരിപക്ഷ-ന്യൂനപക്ഷാടിസ്ഥാനത്തില്‍ ഇനിയും ഏറെ ആഴത്തില്‍ ധ്രുവീകരിക്കുന്നതിനും സഹതാപതരംഗം സൃഷ്ടിക്കുന്നതിനും മറക്കു പിന്നിലെ അധികാരത്തിനു വേണ്ടിയുള്ള കിടമത്സരം മറച്ചു പിടിക്കുന്നതിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത വര്‍ഗീയ ഫാഷിസം ഇനിയെന്തൊക്കെ ചെയ്തുകൂടാ? പിന്‍ഗാമിയാകാനുള്ള യോഗിക്കും സാക്ഷിക്കും ഗഡ്കരിക്കും  അമിത് ഷാക്കുമിടയിലെ കിടമത്സരം രാജ്യത്തെ എവിടെ കൊണ്ടെത്തിക്കും? ഹിരണ്‍ പാണ്ഡ്യമാര്‍ സംഘ് പരിവാറില്‍ ഇനിയും ഉണ്ടാകുമോ? ചരിത്രം ഭാവിയുടെ ദിശാസൂചിക കൂടിയാണല്ലോ? 

മോദി ഭരണം തുടങ്ങുമ്പോള്‍ സാഹചര്യം എന്തുമാത്രം അനുകൂലമായിരുന്നു. മൂന്നു ദശാബ്ദങ്ങള്‍ക്കു ശേഷം ആദ്യമായി  സ്വന്തമായി ഭൂരിപക്ഷമുള്ള ഭരണകൂടം. സഖ്യകക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്കൊന്നും  വഴങ്ങാതെ ഭരിക്കാം. 340 ബില്യന്‍ ഡോളറിലേറെ ഫോറെക്‌സ് റിസര്‍വ് ഉണ്ടായിരുന്നു. നല്ല നിക്ഷേപസൗഹൃദ രാജ്യമായിരുന്നതിനാല്‍ 2014-ലെ ഇക്കണോമിക് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 750 ബില്യന്‍ ഡോളറിനും ഒരു ട്രില്യന്‍ ഡോളറിനുമിടയിലെ ഫോറെക്‌സ് റിസര്‍വിന് സാധ്യതയുള്ള രാജ്യമായിരുന്നു ഇന്ത്യ. കരുതല്‍ നിക്ഷേപം വേണ്ടത്രയുണ്ടായിരുന്നു.  ഭരണത്തിന്റെ ആദ്യ കാലങ്ങളില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഓയില്‍ വില ബാരലിനു 40 ഡോളര്‍ വരെ എത്തിയിട്ടുണ്ടായിരുന്നു.  അതുകൊണ്ടുതന്നെ കറന്റ് അക്കൗണ്ടില്‍ വലിയ കമ്മി ഉണ്ടാവേണ്ടിയിരുന്നില്ല.  പിന്നെ ആ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൊടുക്കാതിരിക്കാന്‍ മോദി സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി പെട്രോളിന് 200-ലേറെ ശതമാനവും ഡീസലിന്  400-ലേറെ ശതമാനവും വര്‍ധിപ്പിച്ചിരുന്നു. എണ്ണയുല്‍പന്നങ്ങളില്‍നിന്നും ഇത്രയധികം നികുതി പിരിച്ചെടുക്കുന്ന സ്ഥിതിക്ക് ധനക്കമ്മിയും നിയന്ത്രിതമാവേണ്ടതായിരുന്നു. 

നിര്‍ഭാഗ്യമെന്നു പറയട്ടെ, അധികാരത്തിലെത്താന്‍ ഉപയോഗിച്ച രക്തപങ്കിലമായ വഴി അധികാരത്തിലേറിയ ശേഷവും  ഉപേക്ഷിക്കാന്‍ സാധിച്ചില്ല. കലാപങ്ങള്‍ക്ക് പത്തു വര്‍ഷത്തേക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ച് അണികളെ ഭരണത്തിന്റെ ആദ്യ മാസങ്ങളില്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, ദുഷിച്ച സങ്കുചിത വര്‍ഗീയ വികാരത്തിന്റെ ഭൂതത്തെ തുറന്നുവിട്ടവര്‍ക്ക് അതിനെ അവര്‍ ഉദ്ദേശിക്കുമ്പോള്‍ കുടത്തിലടക്കാന്‍ സാധിക്കില്ലല്ലോ.  സ്വാഭാവികമായും  ആയുധം കൊടുത്ത നേതാക്കള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് പറയുമ്പോള്‍ വര്‍ഗീയ വിഷം ശ്വസിച്ചും കുടിച്ചും കഴിച്ചും വളര്‍ന്ന ഈ ആസുരസംഘം ആയുധം താഴെ വെക്കാത്തവരായിത്തീര്‍ന്നു. പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുവേളകളില്‍ നേതൃത്വത്തിനു തന്നെയും തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദര്‍ഭങ്ങളില്‍ ഗുജറാത്ത് മോഡല്‍ അല്ലെങ്കിലും മീഡിയം സ്‌കെയിലില്‍ ഇത്തരം കലാപങ്ങളും ആള്‍ക്കൂട്ട കൊലകളും ആവശ്യമായിരുന്നു.  അങ്ങനെയാണ് നമ്മുടെ  ഹിന്ദുസ്ഥാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ലിഞ്ചിസ്ഥാന്‍ ആയി അറിയപ്പെട്ടുതുടങ്ങിയതും ഡെമോക്രസിയുടെ സ്ഥാനം മോബോക്രസി ഏറ്റെടുത്തതും.  അധികാരത്തിലെത്താന്‍ വംശഹത്യകളും വ്യാജ ഏറ്റുമുട്ടലുകളും ആവശ്യമായവര്‍ക്ക് ഷേക്‌സ്പിയര്‍ മാക്‌ബെത്തില്‍ പറഞ്ഞതുപോലെ, രക്തപ്പുഴ ഒഴുക്കി അധികാരത്തില്‍ വന്നവര്‍ക്കു മുന്നോട്ടു പോകാനും തിരിഞ്ഞു നടക്കാനും അതേപോലെതന്നെ രക്തപ്പുഴ കൂടിയേ തീരൂ.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍