Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

ഖുര്‍ആന്‍ വ്യാഖ്യാനവും പണ്ഡിത ദൗത്യവും

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

മനുഷ്യര്‍ക്ക് പരിചയമുള്ള രചനകള്‍ക്ക് നിരവധി സവിശേഷതകളുണ്ടാവും. രചന കഥയോ കവിതയോ നോവലോ പഠനമോ ചരിത്രമോ ആകാം. വിഷയാധിഷ്ഠിതമായിരിക്കും ഉള്ളടക്കം. വിഷയക്രമീകരണത്തിനു സ്വന്തമായ രീതികളുണ്ടാവും. ഓരോ രചനക്കും വ്യതിരിക്തത നല്‍കുന്ന മാനദണ്ഡങ്ങളാണിവ. ഇത്തരം പരിഗണനകള്‍ സാഹിത്യത്തിലും രചനകളിലും ആഴത്തില്‍ വേരോടി നില്‍ക്കുന്ന കാലത്ത് തന്നെയാണ് വിശുദ്ധ ഖുര്‍ആന്റെ അവതരണം. വിഷയാധിഷ്ഠിതമായ ഉള്ളടക്കം എന്നതിനേക്കാളുപരി, ആകാശഭൂമികള്‍ക്കിടയിലെ ജീവിതഗന്ധിയായ സര്‍വതലങ്ങളെയും ഉള്ളടക്കമാക്കി സാഹിത്യലോകത്ത് വിസ്മയം തീര്‍ക്കുകയാണ് ഖുര്‍ആനെന്ന വേദഗ്രന്ഥം ചെയ്തത്. ഖുര്‍ആനിക വചനങ്ങളുടെ സാഹിതീയ സ്വഭാവം -ഗദ്യമാണോ പദ്യമാണോ പോലുള്ളവ- നിര്‍ണയിക്കുന്നതില്‍ വലീദു ബ്‌നു മുഗീറയെപ്പോലുള്ള സാഹിത്യപ്രതിഭകള്‍ പോലും പരാജയപ്പെട്ടുവെന്നതും, അതിനാല്‍തന്നെ പ്രസ്തുത വചനങ്ങളുമായി വന്ന ദൈവദൂതനില്‍ കവിത്വമാരോപിക്കുന്നതില്‍ അറേബ്യയിലെ പ്രതിയോഗികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായി എന്നതും മനുഷ്യരചനകള്‍ക്ക് അതീതമായ ഒരു തലം ഖുര്‍ആന് ഉണ്ടെന്നതിന് തെളിവാണ്. 

ഉള്ളടക്കത്തിന്റെ കനവും വായനക്കാരില്‍ അത് സൃഷ്ടിക്കുന്ന സ്വാധീനവുമാണ് ഏതൊരു കൃതിയുടെയും ആയുസ്സ് തീരുമാനിക്കുക. അല്‍പം ചില ഏറ്റവ്യത്യാസങ്ങളോടെയാണെങ്കിലും നൂറ്റാണ്ടുകളായി കാലത്തെ അതിജീവിച്ച് നില്‍ക്കുന്ന പല രചനകളുമുണ്ട് സാഹിത്യചരിത്രത്തില്‍. അവയുടെ സാഹിതീയമായ മേന്മയും പ്രസക്തിയും നിലനില്‍ക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്. അതിനാലായിരിക്കണം കവിതകള്‍ എഴുതുകയോ സൂക്ഷിച്ചുവെക്കുകയോ പതിവില്ലാതിരുന്ന ജാഹിലിയ്യാ അറബികള്‍ തങ്ങളുടെ ചില മനോഹരമായ കവിതകള്‍ ലിഖിതരൂപത്തിലാക്കി കഅ്ബാലയത്തിന്റെ ചുമരുകളില്‍ തൂക്കിയിടുകയും അവയെ 'ചുമരില്‍ തൂക്കിയിട്ടത്' എന്ന അര്‍ഥത്തില്‍ 'മുഅല്ലഖാത്ത്' എന്ന് പേരു വിളിക്കുകയും ചെയ്തത്. 

ഈയൊരു പശ്ചാത്തലത്തിലാണ് സര്‍വ സാഹിത്യ-രചനാ യത്‌നങ്ങളെയും കവച്ചുവെക്കുന്ന ശൈലിയിലും സ്വഭാവത്തിലും വിശുദ്ധ ഖുര്‍ആന്റെ അവതരണമുണ്ടാവുന്നത്. ആ ഖുര്‍ആനിക വചനങ്ങള്‍ അതിവേഗം സാഹിതീയ ഹൃദയങ്ങളെ കീഴടക്കുക തന്നെ ചെയ്തു. 

സ്ഥലകാല പരിഗണനകള്‍ക്ക് അതീതമായ വചനങ്ങള്‍ക്ക് നിരവധി സവിശേഷതകളുണ്ടായിരിക്കും. സ്ഥലകാല അതിരുകള്‍ക്കപ്പുറം സാര്‍വജനീനമെന്ന അലങ്കാരം കൂടി ഖുര്‍ആനിക വചനങ്ങള്‍ക്കുണ്ടാവും. ഓരോ മനുഷ്യന്റെയും സന്മാര്‍ഗലബ്ധിക്കു വേണ്ട വിഭവങ്ങള്‍ അതിലുണ്ടെന്നു സാരം. വൈവിധ്യമാര്‍ന്നതാണ് മനുഷ്യരുടെ അഭിരുചികള്‍. കല, സാഹിത്യം, ചരിത്രം, നിയമം, സൗന്ദര്യശാസ്ത്രം, വിവിധതരം ശാസ്ത്രങ്ങള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലായിരിക്കും ഓരോരുത്തര്‍ക്കും താല്‍പര്യം. സ്വാഭാവികമായും സര്‍വ മനുഷ്യര്‍ക്കും സന്മാര്‍ഗദര്‍ശനമായി അവതീര്‍ണമായ വിശുദ്ധ വചനങ്ങളില്‍ ഓരോ മനുഷ്യന്റെയും പ്രകൃതിപരമായ അഭിരുചിയോട് സംവദിക്കുന്ന സന്ദേശങ്ങള്‍ ലഭ്യമായിരിക്കണം. അതിനാലാണ് വിഷയാധിഷ്ഠിത ഉള്ളടക്കത്തിനു പകരം ജീവല്‍ഗന്ധിയായ സര്‍വ വികാരങ്ങളെയും ഖുര്‍ആന്‍ ഒരുമിച്ചുചേര്‍ത്തത്. 

ഹിദായത്ത് അഥവാ സന്മാര്‍ഗമാണ് വിശുദ്ധ ഖുര്‍ആന്റെ മൗലിക പ്രമേയം. മാനവരാശിയെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്ന സൂചനകളെ ഖുര്‍ആന്‍ 'ആയത്ത്' എന്നാണ് വിളിക്കുന്നത്. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍, ദൈവദൂതന്മാര്‍ക്ക് നല്‍കപ്പെട്ട അത്ഭുതസിദ്ധികള്‍, വേദഗ്രന്ഥങ്ങളിലെ വചനങ്ങള്‍ തുടങ്ങിയ അര്‍ഥങ്ങളിലാണ് ഖുര്‍ആന്‍ ഈ പദം പ്രയോഗിച്ചിട്ടുള്ളത്. അതായത് മനുഷ്യനെ ദൈവത്തിലേക്ക് വഴിനടത്തുന്ന എല്ലാ ചൂണ്ടുപലകയുമാണ് 'ആയത്ത്'.

വിശുദ്ധ ഖുര്‍ആന്‍ ഓരോ മനുഷ്യനും സന്മാര്‍ഗമാണെന്നു മാത്രമല്ല, അതിലെ ഓരോ വചനവും സന്മാര്‍ഗമാണ്. ഖുര്‍ആന്‍ മുഴുവനായി വായിക്കുകയോ പഠിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ സന്മാര്‍ഗലബ്ധിയുണ്ടാവൂ എന്ന് ധരിക്കരുത്. അതിലെ ഓരോ വാക്യവും മാര്‍ഗ ദീപങ്ങള്‍ തന്നെയാണ്. ഖുര്‍ആനിലെ ചില പ്രയോഗങ്ങളില്‍ അല്ലെങ്കില്‍ വാക്യങ്ങളില്‍ ആകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ച ലോകപ്രശസ്തരായ നിരവധി പ്രതിഭകളുടെ അനുഭവങ്ങള്‍ കഴിഞ്ഞ പതിനാല് നൂറ്റാണ്ടിനിടയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ കേള്‍ക്കാതിരിക്കാന്‍ ചെവി പഞ്ഞി വെച്ചടച്ച് മക്കയില്‍ പ്രവേശിച്ച തുഫൈലു ബ്‌നു അംറ് ദൗസിയും, ഖുര്‍ആന്‍ വായിച്ചതിന് സഹോദരിയുടെ കരണത്തടിച്ച ഉമറു ബ്‌നുല്‍ ഖത്ത്വാബും, ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ മോറിസ് ബുക്കായിയും, അമേരിക്കന്‍ പ്രഫസര്‍ ഡോ. പാല്‍മറുമെല്ലാം ഈ ചരടില്‍ കോര്‍ക്കപ്പെട്ട രത്‌നങ്ങളാണ്. 

സ്ഥലകാലങ്ങളെ അടയാളപ്പെടുത്തുന്ന അതിര്‍വരമ്പുകളെ ഖുര്‍ആനിക വചനങ്ങള്‍ പൊളിച്ചുകളഞ്ഞത് അവയുടെ ആശയപരവും ഘടനാപരവുമായ ഇലാസ്തികത കാരണമായിരുന്നു. ഖുര്‍ആനിക വചനങ്ങള്‍ക്ക് ഓരോ സ്ഥലത്തും കാലത്തും സവിശേഷമായ വ്യാഖ്യാനവും വിശദീകരണവുമുണ്ടായിരുന്നു. അവയില്‍ പ്രഥമമായ വ്യാഖ്യാനമാണ് -വ്യാഖ്യാന രീതിയുള്‍പ്പെടെ- മുഹമ്മദ് നബി(സ) നല്‍കിയത്. ഖുര്‍ആനെന്ന വിസ്മയം മനുഷ്യര്‍ക്ക് എത്തിച്ച ദൂതനു തന്നെയാണ് അതിന്റെ വ്യാഖ്യാനവും വ്യാഖ്യാനരീതിയും പഠിപ്പിക്കാനുള്ള അര്‍ഹതയും അവകാശവുമുള്ളത്. ഖുര്‍ആനിക വ്യാഖ്യാനം പ്രവാചകദൗത്യത്തിന്റെ ഭാഗമാണെന്ന് ഖുര്‍ആന്‍ പറയുന്നുമുണ്ടല്ലോ: ''ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍. അങ്ങനെ ജനം ചിന്തിച്ചുമനസ്സിലാക്കട്ടെ!'' (അന്നഹ്ല്‍: 44).

ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ രണ്ട് സമീപനങ്ങളാണ് സ്വീകരിക്കുന്നത്. വിശ്വാസം (അഖീദഃ), കര്‍മം (മുആമലാത്ത്) തുടങ്ങിയവയുടെ അടിസ്ഥാനങ്ങള്‍ (ഉസ്വൂല്‍) കൃത്യമായി അടയാളപ്പെടുത്തുന്ന നേര്‍വര (ഖത്വ്ഇയ്യാത്ത്) ആണ് അവയിലൊന്ന്. സ്ഥലകാലങ്ങളുടെ കുത്തൊഴുക്കില്‍ ഖുര്‍ആനിക വചനങ്ങളെ ആടിയുലയാതെ പിടിച്ചു നിര്‍ത്തുന്ന ആണിക്കല്ലുകളാണ് അവ. വിവിധ വായനകള്‍ക്ക് വകുപ്പില്ലാത്ത, വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലാത്ത ഭദ്രമായ അടിത്തറകള്‍. അതിനാല്‍തന്നെ അവ നിഷേധിക്കാനോ അവയില്‍ അഭിപ്രായാന്തരം പുലര്‍ത്താനോ പാടുള്ളതുമല്ല.

വിശ്വാസം, കര്‍മം തുടങ്ങിയവയുടെ വിശദാംശങ്ങളെ കുറിക്കുന്ന വിശാലമായ വൃത്തമാണ് (ളന്നിയ്യാത്ത്) രണ്ടാമത്തേത്. ഖുര്‍ആനിക ഉള്ളടക്കത്തിന്റെ സാര്‍വകാലികതയും സാര്‍വജനീനതയും കാത്തു സംരക്ഷിക്കുന്ന ഇലാസ്തിക സ്വഭാവമുള്ള വചനങ്ങളാണ് അവ. പണ്ഡിതന്മാര്‍ വിവിധ കാലങ്ങളില്‍ തങ്ങളുടെ സാഹചര്യങ്ങളില്‍നിന്നുകൊണ്ട് വിവിധ വായനകള്‍ നടത്തുകയും വൈവിധ്യമാര്‍ന്ന വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ഈയര്‍ഥത്തിലുള്ള വചനങ്ങള്‍ക്കാണ്. 

തഫ്‌സീറുല്‍ ഖുര്‍ആന്‍, അഥവാ ഖുര്‍ആന്‍ വ്യാഖ്യാനം എന്ന് അറിയപ്പെടുന്ന ചരിത്രത്തിലെ പ്രഗത്ഭരായ പണ്ഡിതന്മാര്‍ നിര്‍വഹിച്ച മഹാദൗത്യത്തിന്റെ യഥാര്‍ഥ മുഖമിതാണ്. ഖുര്‍ആനിലെ എല്ലാ വചനങ്ങള്‍ക്കും തനിമയാര്‍ന്ന വ്യാഖ്യാനമുള്ളതുകൊണ്ടല്ല പണ്ഡിതന്മാര്‍ വ്യാഖ്യാനഗ്രന്ഥങ്ങള്‍ രചിക്കുന്നത്. അവര്‍ ജീവിക്കുന്ന പശ്ചാത്തലവുമായി ബന്ധിപ്പിച്ച് ചില പ്രത്യേക മേഖലകളില്‍ സവിശേഷമായ ഊന്നല്‍ ആവശ്യമായിവരികയോ പുനര്‍വായന അനിവാര്യമാവുകയോ ചെയ്യുമ്പോഴാണ് ഈ ഉദ്യമത്തിന് അവര്‍ മുന്നിട്ടിറങ്ങുക. 

നബി(സ)ക്കു ശേഷം പ്രവാചക സഖാക്കള്‍ ചില ഖുര്‍ആനിക വചനങ്ങള്‍ക്ക് തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കിയിരുന്നുവെന്നും പ്രസ്തുത വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നുവെന്നും ചരിത്ര-കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. പ്രവാചക വിയോഗാനന്തരമുണ്ടായ ഇസ്‌ലാമിക ചരിത്രത്തിലെ സംഭവബഹുലമായ മതപരിത്യാഗ പ്രവണതയെ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഖലീഫ അബൂബക്‌റി(റ)നും ഉമറി(റ)നുമിടയില്‍ അഭിപ്രായാന്തരുമുണ്ടാവുന്നു. മതപരിത്യാഗികളോട് യുദ്ധം ചെയ്യണം എന്നായിരുന്നു ഖലീഫയുടെ നിലപാടെങ്കില്‍ ശഹാദത്ത് അംഗീകരിക്കുന്നവര്‍ക്കു നേരെ ആയുധമുയര്‍ത്താന്‍ പാടില്ലെന്നായിരുന്നു ഉമര്‍(റ) അഭിപ്രായപ്പെട്ടത്. ആ സന്ദര്‍ഭത്തില്‍ ഖലീഫ അബൂബക്ര്‍ (റ) 'അഥവാ, അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനു വിട്ടേക്കുക. സംശയം വേണ്ട; അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്' എന്ന അത്തൗബ അധ്യായത്തിലെ അഞ്ചാം വചനം ഉദ്ധരിച്ച് തന്റെ വീക്ഷണത്തിന്റെ അവലംബം ബോധ്യപ്പെടുത്തിയതോടെ ഉമര്‍(റ) പൂര്‍ണ സംതൃപ്തിയോടെ അദ്ദേഹത്തെ അംഗീകരിക്കുകയായിരുന്നു. 

രണ്ടാം ഖലീഫ ഉമറു ബ്‌നുല്‍ ഖത്ത്വാബും പല സന്ദര്‍ഭങ്ങളിലും വിവിധ ഖുര്‍ആനിക വായനകള്‍ നടത്തുകയും അതനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധാനന്തരം ഇറാഖിലെ ഭൂമി ഖുര്‍ആനിക നിയമമനുസരിച്ച് വീതം വെക്കാതെ അവിടത്തെ കര്‍ഷകര്‍ക്ക് പാട്ടത്തിന് കൊടുത്ത അദ്ദേഹം തന്റെ നയത്തിന് തെളിവായെടുത്തത്, 'ഈ യുദ്ധമുതല്‍ അവര്‍ക്കു ശേഷം വന്നെത്തിയവര്‍ക്കുമുള്ളതാണ്. അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണ്: ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ' എന്ന അല്‍ഹശ്‌റ് അധ്യായത്തിലെ പത്താം വചനമായിരുന്നു. 

പ്രവാചകനു ശേഷം സ്വഹാബികള്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയും തദടിസ്ഥാനത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നയനിലപാടുകള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. പ്രമുഖ സ്വഹാബികളായ ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ്, ഉബയ്യു ബ്‌നു കഅ്ബ്, സൈദു ബ്‌നു സാബിത്ത്, അബൂമൂസല്‍ അശ്അരി തുടങ്ങിയവരെല്ലാം ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പേരുകേട്ടവരായിരുന്നു. 

തിരുദൂതരില്‍നിന്ന് സ്വഹാബികള്‍ ഏറ്റെടുത്ത ഈ ദൗത്യത്തിന് താബിഉകളിലും അവര്‍ക്കു ശേഷം വന്ന തലമുറകളിലും പിന്തുടര്‍ച്ചയുണ്ടായിരുന്നു. പതിനാല് നൂറ്റാണ്ട് നീണ്ട ഖുര്‍ആനിക ചരിത്രത്തിനിടയില്‍ എണ്ണമറ്റ വ്യാഖ്യാന കൃതികള്‍ (തഫ്‌സീറുകള്‍) ഉണ്ടാവുകയും അവയെല്ലാം മഹത്തായ വിജ്ഞാനശേഖരമായി വിലയിരുത്തപ്പെടുകയും ചെയ്തു. 

ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അതത് കാലത്തിനും ദേശങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. അതിനാലാണ് ഒരേ കാലത്ത് തന്നെ വിവിധ നാടുകളില്‍ പലതരം തഫ്‌സീറുകള്‍ രചിക്കപ്പെടുന്നത്. സ്വാഭാവികമായും ഇവയുടെയെല്ലാം ഊന്നലുകള്‍ വ്യത്യസ്തമായിരിക്കും. പൗരാണിക മുഫസ്സിര്‍ ഇമാം റാസി(റ) തന്റെ വ്യാഖ്യാന ഗ്രന്ഥത്തില്‍ മുഅതസിലീ തത്ത്വശാസ്ത്രവും യുക്തിവാദവും വിശദമായി കൈകാര്യം ചെയ്യുന്നതും ആധുനിക പരിഷ്‌കര്‍ത്താവ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഹാകിമിയ്യത്തിന് മുഖ്യപരിഗണന നല്‍കി വ്യാഖ്യാനഗ്രന്ഥം രചിക്കുന്നതും ഈയടിസ്ഥാനത്തിലാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പഠനവും താല്‍പര്യവുമനുസരിച്ച് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ക്ക് സാഹിത്യം, കര്‍മശാസ്ത്രം, പ്രസ്ഥാനം, നിയമം, ശാസ്ത്രം തുടങ്ങിയ മാനങ്ങള്‍ കൈവരുന്നു. ആ വിശേഷണങ്ങളില്‍ അവ അറിയപ്പെടുന്നതിന്റെ കാരണവും ഇതുതന്നെയാണ്. 

പൗരാണിക തഫ്‌സീറുകള്‍ വളരെ ആധികാരികമായി അവതരിപ്പിക്കുന്നവരുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാന രീതികളെക്കുറിച്ച കൃത്യമായി അറിവില്ലാത്തതുകൊണ്ടാണിത്. പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളെ അവഗണിക്കണമെന്നല്ല പറയുന്നത്. ഖുര്‍ആന്‍ വ്യാഖ്യാന രീതി മനസ്സിലാക്കാനും ഗ്രഹിക്കാനും അവ സഹായകമാണ്. മാത്രമല്ല, മുസ്‌ലിം ഉമ്മത്ത് അതിജീവിച്ച വിവിധ ചരിത്രഘട്ടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നതിലും അതത് കാലത്തെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. ഉദാഹരണമായി ഇമാം റാസിയുടെ തഫ്‌സീര്‍ മുഅ്തസിലികളുടെ ബുദ്ധിപരമായ വാദങ്ങള്‍ക്ക് കൃത്യമായ മറുപടിയല്ലെങ്കില്‍പോലും, പ്രസ്തുത കാലത്ത് മുസ്‌ലിം ഉമ്മത്ത് നേരിട്ട പ്രതിസന്ധികള്‍ മനസ്സിലാക്കുന്നതിന് അത് നന്നായി പ്രയോജനപ്പെടുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിവിധ സാഹചര്യങ്ങളില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉരുത്തിരിച്ചെടുത്ത അഭിപ്രായങ്ങള്‍ തന്നെ മതി എന്ന് ശഠിക്കുന്നതിലെ അസാംഗത്യം സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. 

ഖുര്‍ആനിക വചനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന വായനകളുണ്ടെന്ന് മാത്രമല്ല, എല്ലാ കാലത്തും ആ വായനകള്‍ നടക്കുകയും വികസിക്കുകയും ചെയ്യേണ്ടതുമുണ്ട്. ഓരോ കാലത്തും ഖുര്‍ആന്‍ അതിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് വായിക്കപ്പെടണമെന്നത് കാലഘട്ടത്തിന്റെ അനിവാര്യ തേട്ടമാണ്. എന്നാല്‍ ആ വായനക്ക് ഉപാധികളും മാനദണ്ഡങ്ങളുമുണ്ട്. അതീവ ഗൗരവത്തോടെ, അങ്ങേയറ്റത്തെ ജാഗ്രതയോടെ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തമാണിത്. അതിനാലാണ് പണ്ഡിതന്മാര്‍ വര്‍ഷങ്ങള്‍ നീണ്ട ആലോചനകള്‍ക്കും, നല്ലത് തോന്നിക്കാന്‍ വേണ്ടിയുള്ള ഇസ്തിഖാറഃ പ്രാര്‍ഥനക്കും ശേഷം ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ തുനിഞ്ഞത്. ഇമാം ത്വബ്‌രിയുടെയും ഖുര്‍ത്വുബിയുടെയും ജീവചരിത്രങ്ങളില്‍നിന്ന് നമുക്കത് വായിച്ചെടുക്കാനാവും. കാലഘട്ടത്തിന് അനുസരിച്ച് ഖുര്‍ആന്‍ വായിക്കുന്നതിനു പകരം, ഖുര്‍ആനിക അടിത്തറയില്‍നിന്നുകൊണ്ട് കാലഘട്ടത്തെ വിലയിരുത്തുകയെന്നതാണ് ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പണ്ഡിതദൗത്യം.

 

പുതിയ തഫ്‌സീറുകള്‍

ഓരോ കാലഘട്ടവും അതിന്റേതായ സവിശേഷതകളും പുതുമകളും വഹിക്കുന്നുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ധാരാളം ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ക്ക് (കേവല നിഗമനങ്ങളെക്കുറിച്ചല്ല പറയുന്നത്) ലോകം സാക്ഷിയായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ നിരവധിയിടങ്ങളില്‍ നല്‍കിയിട്ടുള്ള, മുന്‍കാല പണ്ഡിതന്മാര്‍ക്ക് വ്യക്തമായ ധാരണ ലഭിക്കാത്ത പല ശാസ്ത്രീയ സൂചനകളെയും ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ സാധിച്ചേക്കും. 

 ഈയര്‍ഥത്തില്‍ പുതിയ കാലത്തിന്റെ സവിശേഷതകളും നാഡിമിടിപ്പുകളും തൊട്ടറിഞ്ഞ് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഉണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ മുസ്‌ലിം ലോകം പാശ്ചാത്യ അധിനിവേശത്തിനു കീഴിലായിരുന്നു. അതിനെ തുടര്‍ന്നുണ്ടായ സാംസ്‌കാരിക തകര്‍ച്ചയും അപകര്‍ഷ ബോധവും ധാര്‍മിക വൈകല്യവും കൈകാര്യം ചെയ്യുന്നവയായിരുന്നു അക്കാലത്ത് രചിക്കപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍. നാനാതലങ്ങളില്‍നിന്നുമുണ്ടായ വിവിധതരം അധിനിവേശ-കടന്നാക്രമണങ്ങളുടെ കുത്തൊഴുക്കില്‍ വേരറ്റുപോവുകയോ മങ്ങലേല്‍ക്കുകയോ ചെയ്ത ഇസ്‌ലാമിന്റെ ധാര്‍മിക-രാഷ്ട്രീയ-സാംസ്‌കാരിക തലങ്ങള്‍ വീണ്ടെടുക്കുക, ആധുനിക മുസ്‌ലിം ഉമ്മത്ത് നേരിടുന്ന കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അവ രചിക്കപ്പെട്ടത്. മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, ശഹീദ് സയ്യിദ് ഖുത്വ്ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍, സഈദ് ഹവായുടെ അല്‍അസാസു ഫിത്തഫ്‌സീര്‍, മുഹമ്മദ് അമീന്‍ ശന്‍ഖീത്വിയുടെ അദ്‌വാഉല്‍ ബയാന്‍, മുഹമ്മദ് ത്വാഹിര്‍ ബിന്‍ ആശൂറിന്റെ അത്തഹ്‌രീറു വത്തന്‍വീര്‍, മുഹമ്മദ് മുതവല്ലി ശഅ്‌റാവിയുടെ ഖവാത്വിറുശ്ശഅ്‌റാവി തുടങ്ങിയവ ഇവയില്‍ മികച്ചുനില്‍ക്കുന്നവയാണ്. 

കാലഘട്ടത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് രചിക്കപ്പെട്ട ഈ കൃതികളില്‍ മുസ്‌ലിം ലോകത്ത് അങ്ങേയറ്റം സ്വീകാര്യത ലഭിച്ചവയാണ് ഇബ്‌നു ആശൂറിന്റെയും ശഅ്‌റാവിയുടെയും വ്യാഖ്യാന ഗ്രന്ഥങ്ങള്‍. തുനീഷ്യയില്‍ ഫ്രഞ്ച് ആധിപത്യം മൂര്‍ധന്യാവസ്ഥയിലെത്തുകയും പാരമ്പര്യ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവയുടെ ദൗത്യനിര്‍വഹണത്തില്‍ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ശൈഖ് ഇബ്‌നു ആശൂര്‍ തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിലൂടെ പരിഷ്‌കരണത്തിന്റെ രീതിശാസ്ത്രം പകര്‍ന്നുനല്‍കുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ മഖാസ്വിദുകള്‍ (ഉദ്ദേശ്യലക്ഷ്യങ്ങള്‍) സാമൂഹിക നവോത്ഥാനത്തിനുള്ള ഉപകരണമായും വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ആണിക്കല്ലായും അവതരിപ്പിച്ച അദ്ദേഹം പ്രസ്തുത തലങ്ങളില്‍നിന്ന് ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയും പുതുകാല മുജദ്ദിദുകളുടെ മുമ്പെ നടക്കുകയും ചെയ്തു. 

പഴമയുടെ ആധികാരികതയും പുതുമയുടെ ആവിഷ്‌കാരവുമാണ് ശൈഖ് ശഅ്‌റാവിയുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തെ സവിശേഷമാക്കുന്നത്. മുസ്‌ലിം ലോകത്തിന്റെ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കിയ ശൈഖ് ശഅ്‌റാവി, ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെ/അഖീദയെ തര്‍ബിയത്തിന്റെ ഉപാധിയാ യി അവതരിപ്പിക്കുന്നതു കാണാം. കര്‍മശാസ്ത്രം, ഭാഷ തുടങ്ങിയവ പരിഗണിക്കുന്നതോടൊപ്പം തന്നെ സംസ്‌കരണത്തിന് പ്രേരകമാവുന്ന ഉദ്‌ബോധന ശൈലിയാണ് അദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനത്തിന് സ്വീകരിച്ചിരിക്കുന്നത്. ജീവല്‍ഗന്ധിയായ ഉദാഹരണങ്ങള്‍ നല്‍കിയും, ആധുനിക പരിസരത്തോട് ബ ന്ധപ്പെടുത്തിയും വളരെ ആകര്‍ഷകമായ വിധത്തില്‍, വൈജ്ഞാനിക ചര്‍ച്ചകളുടെ സങ്കീര്‍ണതകളില്ലാത്ത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം സമര്‍പ്പിക്കാന്‍ കഴിഞ്ഞുവെന്നതു തന്നെയാണ് അദ്ദേഹത്തിന്റെ നേട്ടം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍