Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

ക്ലാസിക്കായി മാറുന്ന ഖുര്‍ആന്‍ വ്യാഖ്യാനം

അശ്കര്‍ കബീര്‍

ആറാം നൂറ്റാണ്ടില്‍തന്നെ ഇസ്‌ലാം കേരളത്തിലെത്തിയെങ്കിലും വിശുദ്ധ ഖുര്‍ആന്‍ മലയാളത്തിലേക്കെത്തിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നതേയുള്ളൂ. 1918-ലായിരുന്നു 'സ്വദേശാഭിമാനി' സ്ഥാപകനായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അമ്മ ജുസ്അ് പരിഭാഷ പുറത്തുവന്നത്. സ്വദേശാഭിമാനി പത്രത്തിന്റെ  അതേ പ്രസ്സില്‍നിന്നായിരുന്നു പരിഭാഷയും അച്ചടിച്ചിരുന്നത്. പത്രപ്രവര്‍ത്തനത്തോടൊപ്പം ഖുര്‍ആന്‍ പരിഭാഷയെയും കേരളീയ നവോത്ഥാന മണ്ഡലത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു മൗലവി. പ്രസ്സ് സര്‍ക്കാര്‍ കണ്ടുകെട്ടിയതിനാല്‍ പരിഭാഷയുടെ തുടര്‍ ഭാഗങ്ങളുടെ പ്രസിദ്ധീകരണം നിലക്കുകയായിരുന്നു.  1870-ല്‍ അറക്കല്‍ രാജകുടുംബാംഗമായ  മായന്‍കുട്ടി എളയ തയാറാക്കിയ അറബി മലയാള ഖുര്‍ആന്‍ പരിഭാഷയാകട്ടെ  പൗരോഹിത്യത്തിന്റെ   കടന്നാക്രമണങ്ങളാല്‍ ചരമമടയുകയും ചെയ്തു.

അറബികളുമായി ആഴത്തിലുള്ള കൊടുക്കല്‍വാങ്ങലുകളിലൂടെ രൂപപ്പെട്ട അറബി മലയാളം ഒരു ജനതയുടെ മത-സാഹിത്യ വ്യവഹാരങ്ങളില്‍ നൂറ്റാണ്ടുകളായി അധീശത്വം പുലര്‍ത്തി. എന്നാല്‍ 15-ാം നൂറ്റാണ്ടില്‍ മാത്രമാണ് അറബി മലയാളത്തിലെ ആദ്യകാവ്യമായ ഖാദി മുഹമ്മദിന്റെ 'മുഹ്‌യിദ്ദീന്‍ മാല' പിറക്കുന്നത്. 

അറബി മലയാളം രൂപംകൊണ്ടതെന്നാണെന്ന് അവ്യക്തമാണെങ്കിലും ഏഴാം നൂറ്റാണ്ടില്‍ തന്നെ തമിഴ്‌നാട്ടിലെ നാഗൂര്‍, കായല്‍ പട്ടണം, തേങ്ങാപ്പട്ടണം തുടങ്ങിയ തീരദേശങ്ങളില്‍ അറബിത്തമിഴ് ഉദയം ചെയ്തിരുന്നു. മുഹ്‌യിദ്ദീന്‍ മാലക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പ്  അറബിത്തമിഴിലുണ്ടായ  കാവ്യ സാഹിത്യത്തെക്കുറിച്ച്  തമിഴ് സാഹിത്യകാരനായ തോപ്പില്‍ മുഹമ്മദ് മീരാന്റെ പഠനങ്ങളുണ്ട്. എന്നാല്‍ 1871-ല്‍ മാത്രമാണ് അറബിത്തമിഴില്‍ ശ്രീലങ്കന്‍ സ്വദേശി ശൈഖ് മുസ്ത്വഫയുടെ  ആദ്യ ഖുര്‍ആന്‍  പരിഭാഷ വരുന്നത്. തമിഴിലെ ആദ്യ ഖുര്‍ആന്‍ പരിഭാഷയാകട്ടെ 1929-ലും; അല്ലാമാ ശൈഖ് ഹമീദ് ബാഖവിയുടേതായിരുന്നു ആ പരിഭാഷ.

മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ സി.എന്‍ അഹ്മദ് മൗലവിയുടേതാണെന്ന പൊതുബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വക്കം മൗലവിയുടെ ശിഷ്യനായിരുന്ന വക്കം മുഹമ്മദ് മൈതീന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ  പരിഭാഷ ഇന്നും മുഖ്യധാരക്ക് പുറത്താണ്. 1954-ല്‍തന്നെ മൈതീന്‍ പരിഭാഷ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും പൂര്‍ണമായി അച്ചടിമഷി പുരണ്ടത് 2008-ല്‍ മാത്രമാണ്. കേരള സര്‍വകലാശാലയായിരുന്നു പ്രസാധകര്‍. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിള്ള പച്ചക്കുതിര മാസികയിലെ പ്രതിമാസ കോളത്തില്‍ ലക്ഷണമൊത്ത ആദ്യ മലയാള പരിഭാഷയെന്നാണ് ആ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് സി.എന്‍ അഹ്മദ് മൗലവി, മുട്ടാണിശ്ശേരി കോയാകുട്ടി മൗലവി, അമാനി മൗലവി,  ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്-കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, അബ്ദുര്‍റഹ്മാന്‍ മഖ്ദൂമി, വെളിയങ്കോട് ഉമര്‍ മൗലവി, പ്രഫ. വി. മുഹമ്മദ്, ശൈഖ് മുഹമ്മദ് കാരകുന്ന്-വാണിദാസ് എളയാവൂര്‍, ടി.കെ ഉബൈദ് തുടങ്ങിയവരൊക്കെ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളുമായി എത്തുകയും ചെയ്തു.

മലയാളത്തിലെ ഖുര്‍ആന്‍ പരിഭാഷകള്‍ മൂന്ന് തരത്തിലാണ്. സൂക്തങ്ങളുടെ പരിഭാഷകള്‍, ബൃഹദ് വ്യാഖ്യാനങ്ങള്‍, അറബി-ഉര്‍ദു ഭാഷകളില്‍നിന്നുള്ള വിവര്‍ത്തനങ്ങള്‍ എന്നിങ്ങനെ. അധികവും  സൂക്തങ്ങളുടെ കേവല പരിഭാഷകളാണ്. ഇതര ഭാഷാവ്യാഖ്യാനങ്ങളില്‍ ഉര്‍ദുവില്‍നിന്ന് അബുല്‍ അഅ്‌ലാ മൗദൂദിയുടെ  വിഖ്യാതമായ തഫ്ഹീമുല്‍ ഖുര്‍ആനാണ് ആദ്യമായി മലയാളത്തിലെത്തുന്നത്. 1957-ല്‍ പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ തഫ്ഹീമുല്‍ ഖുര്‍ആന്റെ ഒന്നാം ഭാഗം 1972-ല്‍ തന്നെ പുറത്തുവന്നു. രണ്ടായിരാമാണ്ടോടെ ആറു വാള്യങ്ങളും മലയാളത്തിലെത്തി. അബുല്‍ കലാം ആസാദിന്റെ തര്‍ജുമാനില്‍ ഖുര്‍ആനിന്റെ ഫാതിഹ വ്യാഖ്യാനവും അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ തദബ്ബുറെ ഖുര്‍ആന്റെ ഒമ്പതാം ഭാഗവുമാണ് ഉര്‍ദുവില്‍നിന്ന് മലയാളത്തിലെത്തിയ മറ്റു പ്രമുഖ വ്യാഖ്യാനങ്ങള്‍. അറബിയില്‍നിന്നാകട്ടെ തഫ്‌സീറുല്‍  ജലാലൈനി, തഫ്‌സീറു റാസി, തഫ്‌സീറു ഇബ്‌നു കസീര്‍, ഫീ ളിലാലില്‍ ഖുര്‍ആന്‍ എന്നീ വ്യാഖ്യാനങ്ങളാണ്  ഭാഗികമായോ പൂര്‍ണമായോ  മലയാളത്തിലെത്തിയത്.

മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണവും (4 വാള്യങ്ങള്‍) കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആനും (6 വാള്യങ്ങള്‍) മുസ്ത്വഫല്‍ ഫൈസിയുടെ അല്‍അന്‍ആം വരെയുള്ള വ്യാഖ്യാനവും (7 വാള്യങ്ങള്‍) ടി.കെ ഉബൈദിന്റെ 'ഖുര്‍ആന്‍ ബോധന'വുമാണ് മലയാള വ്യാഖ്യാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇവ കൂടാതെ ഖുര്‍ആന്‍ പരിഭാഷ പൂര്‍ണമായി കാവ്യത്തിലാക്കിയ കെ.ജി രാഘവന്‍ നായരുടെ അമൃതവാണിയും മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്. 

ഇവയില്‍ വേറിട്ടതും വിസ്മയിപ്പിക്കുന്നതുമായ വ്യാഖ്യാനമാണ്   ടി.കെ ഉബൈദിന്റെ ഖുര്‍ആന്‍ ബോധനം. കോഴിക്കോട്ടു നിന്ന് പി.പി ഉമര്‍കോയയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന അന്‍സാരി മാസികയില്‍ സി.എന്നിന്റെയും അല്‍ മനാറില്‍ അമാനി മൗലവിയുടെയും പരിഭാഷകളുടെ ചില ഭാഗങ്ങള്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും, 20 വര്‍ഷമായി തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭാഷകളിലെതന്നെ ഏക ഖുര്‍ആന്‍ പരിഭാഷയാണ് ഖുര്‍ആന്‍ ബോധനം. പ്രബോധനത്തില്‍ 1999 ജനുവരി 16-ന് ആരംഭിച്ച പംക്തി ആയിരം ലക്കങ്ങളിലെത്തി നില്‍ക്കുന്നു. മാത്രമല്ല, ഇതുവരെയായി ഗ്രന്ഥരൂപത്തില്‍ 8 വാള്യങ്ങളും (27 സൂറകള്‍) പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 1973 മുതല്‍ 1998 വരെ പ്രബോധനത്തില്‍ തുടര്‍ന്ന ഗ്രന്ഥകാരന്റെ തഫ്ഹീം വിവര്‍ത്തന പംക്തിയുടെ  പരിസമാപ്തിയില്‍നിന്നാണ് ഖുര്‍ആന്‍ ബോധനത്തിന്റെ തുടക്കം.

മൗലികത, കാലികത, കാവ്യാത്മകത, അഭിപ്രായങ്ങളിലെ സുബദ്ധതയും വിശാലതയും, മണ്ണിന്റെ മണം തുടങ്ങിയ സവിശേഷതകളാണ് ഖുര്‍ആന്‍ ബോധനത്തെ വ്യതിരിക്തമാക്കുന്നത്. ഗ്രന്ഥകാരന്‍ ആമുഖത്തില്‍ കുറിച്ചതിങ്ങനെ:

''പൂര്‍വസൂരികള്‍ രചിച്ച തഫ്‌സീറുകളിലധികവും ചില പ്രത്യേക അധിഷ്ഠാനങ്ങളില്‍ ഊന്നിയതായി കാണാം. ചിലര്‍ സുന്നത്തിനെ മാത്രം അവലംബിച്ചു. ചിലര്‍ കര്‍മശാസ്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചിലര്‍ ദൈവശാസ്ത്രത്തില്‍ ഊന്നിനിന്നു. ചിലര്‍ ഭാഷാശാസ്ത്രത്തില്‍, ചിലര്‍ യുക്തിചിന്തയില്‍, ചിലര്‍ തത്ത്വശാസ്ത്രത്തില്‍, ചിലര്‍ തസ്വവ്വുഫില്‍. ഇപ്പറഞ്ഞ ആധാരങ്ങളെല്ലാം സമഞ്ജസമായി സംയോജിപ്പിച്ച് ഖുര്‍ആന്റെ ദര്‍പ്പണത്തില്‍ പ്രപഞ്ചത്തെത്തെയും ജീവിതത്തെയും സമഗ്രമായി ദര്‍ശിക്കുന്ന തഫ്‌സീറുകളിലധികവും വെളിച്ചം കണ്ടത് പില്‍ക്കാലത്താണ്. ഈ പില്‍ക്കാലപാതയാണ് ഖുര്‍ആന്‍ ബോധനം പിന്തുടാന്‍ ശ്രമിച്ചിട്ടുള്ളത്....

ഖുര്‍ആന്‍ ബോധനം അവതരിപ്പിക്കുന്ന വ്യാഖ്യാനങ്ങളേറെയും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പൂര്‍വസൂരികള്‍ നേരത്തേ അവതരിപ്പിച്ചിട്ടുള്ളതു തന്നെയോ അവയുടെ കാലാനുസാരമായ വികാസമോ പരിണാമമോ ആകുന്നു. വിവിധ പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളോട് ഖുര്‍ആന്‍ ബോധനത്തിന്റെ സമീപനം നിഷ്പക്ഷമാണ്. എന്നാല്‍ അവയെ വിലയിരുത്തേണ്ടി വരുമ്പോള്‍ ബലാബലങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. പൂര്‍വിക മഹാന്മാരുടെ വീക്ഷണങ്ങളോടുള്ള ആദരവും ഖുര്‍ആനോടുള്ള പ്രതിബദ്ധതയും ഇണങ്ങാതെ വരുമ്പോള്‍ ഖുര്‍ആനോടുള്ള പ്രതിബദ്ധതയാണ് ഞാന്‍ തെരഞ്ഞെടുക്കാറ്. അതുകൊണ്ട് അപൂര്‍വം ചിലയിടങ്ങളില്‍ സ്വന്തം ചിന്തയില്‍നിന്ന് രൂപം കൊണ്ട വീക്ഷണങ്ങളും കാണും. അവയുടെ ന്യായങ്ങളും പ്രമാണങ്ങളും  അതതിടങ്ങളില്‍തന്നെ പരാമശിച്ചിട്ടുണ്ട്. അത് വിലയിരുത്തി വായനക്കാര്‍ക്ക് അവ തള്ളുകയോ കൊള്ളുകയോ ചെയ്യാം.''

ആമുഖം, സൂക്തങ്ങളുടെ അര്‍ഥം, വാക്കര്‍ഥം, വ്യാഖ്യാനം എന്നീ ഘടനയിലാണ് വ്യാഖ്യാനം മുന്നേറുന്നത്. എന്നാല്‍ തുടര്‍ന്നുള്ള വാക്കുകളുടെ ആവര്‍ത്തനം സൂക്താര്‍ഥങ്ങളിലേക്ക് നീങ്ങുന്നുമുണ്ട്. സാങ്കേതിക പദങ്ങളുടെ വിവിധ  അര്‍ഥങ്ങള്‍ നല്‍കുന്നതോടൊപ്പം അവയുടെ വിവിധ സന്ദര്‍ങ്ങളിലെ ഖുര്‍ആനിക പ്രയോഗരീതിയും അര്‍ഥതലങ്ങളും വിശദമാക്കുന്നു. ഉദാഹരണമായി, അല്‍ബഖറയിലെ  രണ്ടാം സൂക്തത്തിലെ വ്യാഖ്യാനത്തില്‍  ഇങ്ങനെ കാണം: ഹുദാ എന്ന പദത്തിന് വിശാലമായ അര്‍ഥതലങ്ങള്‍ കാണാം. അവയെ നാലായി തിരിക്കാം: 1. മനസ്സിന്റെ തെളിച്ചവും ഉള്‍ക്കാഴ്ചയും. സൂറഃ മുഹമ്മദിലെ 17-ാം സൂക്തത്തില്‍ ഹുദാ ഈ അര്‍ഥത്തില്‍ ഉപയോഗിച്ചതായി കാണാം. 2. തെളിവ്, പ്രമാണം, വഴിയടയാളം. ത്വാഹ 10-ാം സൂക്തത്തില്‍ ഈ പദം ഉപയോഗിച്ചിട്ടുള്ളത് ഈ അര്‍ഥങ്ങളിലാണ്. 3 നേര്‍വഴി, സന്മാര്‍ഗം. സൂറഃ ഹജ്ജിലെ 67-ാം സൂക്തത്തിലെ ഹുദാ ഈ അര്‍ഥങ്ങളിലുള്ളതാണ്. 4. മാര്‍ഗദര്‍ശനം. ഈ സൂറഃയിലെ തന്നെ 272-ാം സൂക്തത്തില്‍ ഹുദാക്ക് ഈ അര്‍ഥമാണുള്ളത്....

വിശുദ്ധ ഖുര്‍ആന്റെ വിശേഷണമായി ഈ സൂക്തത്തില്‍ ഉപയോഗിച്ച ഹുദാ ഈ നാലര്‍ഥങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. അതായത്, മനുഷ്യമനസ്സിനെ ഉദ്ബുദ്ധവും ചൈതന്യവത്തുമാക്കുകയും അവന് സത്യത്തിന്റെയും ധര്‍മത്തിന്റെയും തെളിവുകളും പ്രമാണങ്ങളും പഠിപ്പിക്കുകയും ശരിയായ ജീവിത പാത കാണിച്ചു കൊടുക്കുകയും അതിലേക്ക് നയിക്കുകയും ചെയ്യുന്ന വേദമാണ് ഖുര്‍ആന്‍'' (ഭാഗം 1, പേജ് 36,37). മറ്റൊരു സാങ്കേതികപദമായ തഖ്‌വയെ അതിമനോഹരമായി രണ്ടാം അധ്യായത്തിലെ 21-ാം സൂക്തവ്യാഖ്യാനത്തില്‍ ഹൃദയത്തില്‍ കോറിയിടുന്നതിങ്ങനെ: ''ഭൗതികജീവിതത്തില്‍ പൈശാചിക ഭാവങ്ങളെ ക്ഷയിപ്പിച്ചും ഉദാത്തവും വിശുദ്ധവുമായ സത്ഭാവങ്ങളെ പോഷിപ്പിച്ചും മനുഷ്യന്‍ സന്മാര്‍ഗ നിരതനും സത്യധര്‍മാദികളില്‍ തല്‍പരനും ദൈവഭക്തനുമായി വളര്‍ന്ന് ആത്മീയവും മാനസികവുമായ ഔന്നത്യങ്ങളിലേക്കുയര്‍ന്ന് അടുത്ത ജീവിതത്തില്‍ ശാശ്വതമായ വിജയസൗഭാഗ്യങ്ങള്‍ക്കര്‍ഹനാവുക - ഇതാണ് തഖ്വ.'' 

അതുപോലെ ഇബാദത്ത്, റബ്ബ്, ഇലാഹ്, ഈമാന്‍, ദീന്‍ തുടങ്ങിയ സാങ്കേതിക പദങ്ങളും ലളിതമായും ജീവിതഗന്ധിയായുമാണ് വായനക്കാരുടെ ഹൃദയങ്ങളിലേക്ക് ഖുര്‍ആന്‍ ബോധനം ആഴത്തില്‍ പതിപ്പിക്കുന്നത്.

പദങ്ങളുടെ സൂക്ഷ്മാര്‍ഥതലങ്ങള്‍ വിശദീകരിക്കുമ്പോഴാകട്ടെ ചില വാക്കുകള്‍ കുളിര്‍മഴയായി മാറുന്നു. 'അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടരുത്' (സൂറഃ യൂസുഫ് 87)  എന്ന സൂക്തത്തില്‍  കാരുണ്യമെന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിരിക്കുന്ന പദമാണ്  റൗഹ്. സൂക്തവ്യാഖ്യാനത്തില്‍ റൂഹ് (ആത്മാവ്), രീഹ് ( കാറ്റ്), റാഇഹത്ത് (സുഗന്ധം) എന്നീ സാമ്യപദങ്ങള്‍ സമ്മേളിപ്പിച്ചുകൊണ്ട്, ഇളംകാറ്റ് പോലെ മൃദുലസാന്ത്വനമായി അനുഭവപ്പെടുന്ന കനിവെന്നാണ് റൗഹിനെ വിശദീകരിക്കുന്നത്.

സിഹ്ര്‍, നസ്ഖ്, മുര്‍തദ്ദിനെ വധിക്കല്‍ തുടങ്ങിയ വിവാദ വിഷയങ്ങളോടുള്ള ഖുര്‍ആന്‍ ബോധനത്തിന്റെ സമീപനം കെട്ടിക്കുടുക്കുകളില്ലാത്തതും  സുതാര്യവുമാണ്. പ്രസ്തുത വിഷയങ്ങളിലെ പ്രാമാണിക വ്യാഖ്യാനങ്ങള്‍ ഉദ്ധരിക്കുന്നതോടൊപ്പം സമകാലിക പശ്ചാത്തലത്തോട് വിളക്കിച്ചേര്‍ത്താണ് അത്തരം വിഷയങ്ങളിലെ ചര്‍ച്ചകളൊക്കെ. വിഷയത്തിന്റെ  സങ്കീര്‍ണത ലളിതമായ  ഉദാഹരണങ്ങളിലൂടെ ഇഴപിരിക്കുന്ന രീതിയാണ് ബോധനത്തിന്റേത്. അതോടൊപ്പം ഓരോ സൂക്തത്തിലൂടെ കടന്നുപോകുമ്പോഴും സാധാരണക്കാരനിലുണ്ടാകുന്ന സംശയങ്ങളും ചര്‍ച്ചക്കെടുക്കുന്നു.

അറബി ഭാഷയില്‍ പ്രാഥമികജ്ഞാനം മാത്രം നേടിയ സാധാരണക്കാരനെ മുന്‍നിര്‍ത്തിയാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. സൂക്തങ്ങളെ മറ്റു സൂക്തങ്ങള്‍ വ്യാഖ്യാനിക്കുന്നിടങ്ങളില്‍ മിക്കപ്പോഴും സമാന ആയത്തുകളുടെ ടെക്സ്റ്റ് ഒഴിവാക്കി പരിഭാഷയാണ് നല്‍കിയിരിക്കുന്നത്. വായനയുടെ ഒഴുക്കിനും പാരായണക്ഷമതക്കും ഇതേറെ സഹായകമായിത്തീരുന്നു. തഫ്‌സീറുകളില്‍നിന്നുള്ള ഉദ്ധരണികള്‍ പോലും വ്യാഖ്യാനത്തോട് ഇഴുകിച്ചേര്‍ന്നാണ് പോകുന്നത്. പൗരാണികനോ ആധുനികനോ ആയ ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവിനോടും പക്ഷപാതമില്ലാത്ത സമീപനമാണ് ബോധനത്തിന്റേത്. അതിലൂടെ വ്യാഖ്യാനം കൂടുതല്‍ മൗലികമായിത്തീരുന്നു.

അനന്തരാവകാശം, ത്വലാഖ്, സകാത്ത് തുടങ്ങിയ വിഷയങ്ങളുടെ വിവിധ വശങ്ങളെ സമകാലിക ചര്‍ച്ചക്കു വിധേയമാക്കുന്നുണ്ട് ഖുര്‍ആന്‍ ബോധനം. പ്രാമാണികതയിലൂന്നിക്കൊുതന്നെ കാലിക പ്രസക്തിയെക്കുറിച്ച അന്വേഷണമാണ് ചര്‍ച്ചകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. സകാത്തിനെയും സ്വദഖയെയും കുറിച്ച ചര്‍ച്ച കേരളീയ സമൂഹത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ദിശാ സൂചികയായി മാറുകയും ചെയ്യുന്നു. 

ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തിലെ കിടയറ്റ സംഭാവനയാണ് ടി.കെ ഉബൈദിന്റെ ഖുര്‍ആന്‍ ബോധനം. ഓരോ വായനയിലും പുതിയ ലോകങ്ങള്‍ തുറന്നിടുന്ന ഗ്രന്ഥങ്ങള്‍ക്കാണ് ക്ലാസിക്കുകളെന്ന് പറയുന്നതെങ്കില്‍, നിസ്സംശയം നമ്മുടെ കാലത്തെ ഒരു ക്ലാസിക് തന്നെയാണ് ഖുര്‍ആന്‍ ബോധനം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍