Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

ഹെവന്‍സ് ഖുര്‍ആനിക് പ്രീ -സ്‌കൂള്‍ നേട്ടം അഭിമാനകരം

കെ.സി മൊയ്തീന്‍ കോയ

കെ.ജി പ്രീ-പ്രൈമറി പഠനരീതി കേരളത്തില്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തോളമായി. എല്ലാ മുക്കുമൂലയിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ മുളച്ചുപൊന്തിയ കാലം. കളിയിലും പഠനത്തിലും സര്‍വ സജ്ജീകരണങ്ങളുമൊരുക്കിയിരുന്ന ഇത്തരം സ്‌കൂളുകള്‍ സ്വാഭാവികമായും കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിച്ചു. ആ സ്ഥാപനങ്ങളില്‍ മക്കളെ പഠിപ്പിക്കല്‍ ഒരു പദവി അടയാളമായി. ഭാരിച്ച ചെലവുകളൊന്നും രക്ഷിതാക്കള്‍ക്ക് പ്രശ്‌നമായില്ല.

കെ.ജി പ്രീ-പ്രൈമറി ഘട്ടത്തില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച കുട്ടി മതപഠനം തുടങ്ങുക സാധാരണ മദ്‌റസയിലെ ഒന്നാം തരത്തിലാവും. അര നൂറ്റാണ്ടായി നമ്മുടെ മദ്‌റസാ പഠനം ഒരു മാറ്റവുമില്ലാത്ത പരമ്പരാഗത രീതിയില്‍ തുടര്‍ന്നുവരികയാണ്. താരതമ്യേന കഴിവും വിവരവും കുറഞ്ഞവരും, ഒരുവിധ പരിശീലനവും ലഭിക്കാത്തവരുമാണ് മിക്കപ്പോഴും അധ്യാപകര്‍. സ്വാഭാവികമായും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച കുട്ടികളെ അതൊട്ടും ആകര്‍ഷിച്ചില്ല. 'മദ്‌റസയില്‍ പോയിട്ടെന്താ കുട്ടി ഖുര്‍ആന്‍ ഓതാന്‍ പോലും പഠിക്കുന്നില്ല' എന്ന പരാതി മാത്രം ബാക്കി. 'ഏഴാം ക്ലാസ് വരെ മദ്‌റസയില്‍ പഠിച്ചിട്ടും ഖുര്‍ആന്‍ തെറ്റാതെ നാലുവരി നോക്കി ഓതാന്‍ പോലും പഠിച്ചിട്ടില്ല. അതുകൊണ്ട് ഇനി മദ്‌റസയില്‍ പോയി ആ സമയവും കൂടി കളയേണ്ടതില്ല' എന്ന തീരുമാനത്തില്‍ പല രക്ഷിതാക്കളും എത്തിച്ചേരുന്നു. തജ്‌വീദ് നിയമം പാലിച്ച് ഓതാനറിയുന്നവരെ അധ്യാപകരാകാന്‍ കിട്ടുന്നില്ല എന്നതും, കുരുന്നുകളുടെ കൊഴിഞ്ഞുപോക്കും സ്‌കൂളുകളുടെ സമയമാറ്റവും ട്യൂഷന്‍ സെന്ററുകളുടെ സമ്മര്‍ദവും കൊണ്ടൊക്കെ ചക്രശ്വാസം വലിച്ച് സ്വാഭാവിക മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു നമ്മുടെ മദ്‌റസകള്‍. എന്നാല്‍, സ്‌കൂളില്‍ പത്തുകൊല്ലം പഠിച്ച് പത്താം തരം കഴിഞ്ഞിട്ടും സ്വന്തം പേരു പോലും എഴുതാന്‍ അറിയാത്ത കുട്ടികള്‍ സുലഭമാണു താനും. പക്ഷേ അതിന്റെ പേരില്‍ ഒരു രക്ഷിതാവും മകന്റെയോ മകളുടെയോ സ്‌കൂള്‍ പഠനം നിര്‍ത്തിയത് കേട്ടിട്ടില്ല.

ഇങ്ങനെ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പോലും പഠിക്കാതെ ആറിലും ഏഴിലും മദ്‌റസാ പഠനം അവസാനിപ്പിക്കുന്ന കുട്ടികള്‍ പിന്നീട് എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്ലസ്‌വണ്ണില്‍ ഇസ്‌ലാമിയ/അറബിക് കോളേജില്‍ അഡ്മിഷന്‍ തേടിയെത്തുന്നു. അഡ്മിഷന്‍ തരപ്പെടുന്നു. പഠിപ്പിക്കേണ്ടത് ഇവരെ കൂടി ആയതുകൊണ്ട് ഇവര്‍ക്കു കൂടി പറ്റിയ തരത്തില്‍ സിലബസ് ലഘൂകരിക്കുന്നു. ലഘു സിലബസ് പഠിച്ചു പുറത്തുവരുന്ന വിദ്യാര്‍ഥിയുടെ നിലവാരം അളക്കുന്ന സ്ഥാപന ഭാരവാഹികള്‍ ഇതോടെ സംഘര്‍ഷത്തിലാകുന്നു. ഇത്തരക്കാരെ ഉല്‍പാദിപ്പിക്കാന്‍ പാടുപെട്ട് കടം വാങ്ങി കോളേജ് നടത്തേണ്ടതില്ല എന്ന് തീരുമാനിക്കുന്നു; സ്ഥാപനം പൂട്ടുന്നു.

ഈയൊരു ചുറ്റുപാടിലാണ് 2012-ല്‍ ഖുര്‍ആനിലൂടെ ഏറ്റവും എളുപ്പത്തില്‍ അറബിഭാഷ പഠിക്കുന്ന, ഖുര്‍ആനും അറബിഭാഷയും ഒപ്പത്തിനൊപ്പം ഗ്രഹിക്കുന്ന നൂതന രീതിയുമായി മോങ്ങം അബ്ദുസ്സലാം മൗലവി കേരളത്തിലേക്ക് കടന്നുവരുന്നത്. സവിശേഷമായ ഈ പഠനപദ്ധതി ഏറ്റെടുക്കാന്‍ മലബാറിലെ ഒന്നാമത്തെ ഹിഫഌല്‍ ഖുര്‍ആന്‍ സ്ഥാപനമായ 'അഞ്ചുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍' സന്തോഷത്തോടെ മുന്നോട്ടുവന്നു. ഇന്ന് പുതിയ ഈ പഠനരീതിക്ക് കേരളത്തിനകത്തും പുറത്തും നല്ല പ്രചാരമുണ്ട്. കക്ഷിപക്ഷഭേദമന്യേ ഈ രീതിയെ നെഞ്ചേറ്റി, അല്‍പസ്വല്‍പം ഭേദഗതികളോടെ ഇന്നത് നടന്നുവരുന്നു. സ്വീകരിക്കപ്പെട്ടതിനേക്കാള്‍ വേഗതയില്‍ അതില്‍ പരിഷ്‌കരണം നടക്കുന്നുമുണ്ട്. ആറോളം ബ്രാന്റുകളിലാണ് ഇന്ന് ഈ പഠനപദ്ധതി അറിയപ്പെടുന്നത്.

കേരളത്തിലെ പ്രീ-പ്രൈമറി പഠന കുടുംബത്തിലേക്ക് അവസാനമായി കടന്നുവന്നതാണ് ഹെവന്‍സ് ഖുര്‍ആനിക് പ്രീ-സ്‌കൂള്‍. മണ്ണിന്റെ മണമറിഞ്ഞ്, കൂടുതല്‍ ശിശുസൗഹൃദമാക്കി ഇന്നത് വളരെയധികം സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു. ഓതിപ്പഠിച്ചതു മാത്രം ഓതാന്‍ പ്രാപ്തരാക്കുന്ന പൊതുരീതിയില്‍നിന്ന് വ്യത്യസ്തമായി, വായനയുടെ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കി എല്ലാ ഭാഗവും വായിക്കാന്‍ ശീലിക്കുന്നു എന്നതാണ് ഈ രീതിയുടെ സവിശേഷത. ഓരോ അക്ഷരത്തിന്റെയും ഘടനയും സംയോജന രീതിയും പാരായണവുമാണ് വിദ്യാര്‍ഥി പഠിക്കുന്നത്.

പാരായണം ചെയ്യേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കപ്പെട്ട ഏകവേദം ഖുര്‍ആനാണ്. തജ്‌വീദ്, തിലാവത്ത്, തര്‍ത്തീല്‍ ഈ ജ്ഞാനശാഖയില്‍തന്നെ ഒരുപാട് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ എന്ന പേരിനു തന്നെ പാരായണം എന്നാണ് അര്‍ഥം. ഖുര്‍ആന്‍ പാരായണം നിയമപ്രകാരം പഠിച്ച കുട്ടിക്ക് മനഃപാഠം വളരെ എളുപ്പമാകുന്നു എന്നത് അനുഭവം. ഹെവന്‍സ് പ്രീ-സ്‌കൂള്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ കുട്ടി തുടര്‍ന്ന് ഏഴാം തരം പൂര്‍ത്തിയാകുമ്പോഴേക്ക് ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കാന്‍ കഴിയുന്ന വിധമുള്ള കരിക്കുലമാണ് സംവിധാനിക്കപ്പെടുന്നത്.

ഹെവന്‍സില്‍ വെറും വിവരകൈമാറ്റമല്ല സംഭവിക്കുന്നത്. വിവരത്തെ ദൃഢവിശ്വാസമാക്കി, വിശ്വാസത്തെ അനുഭവമാക്കി, അനുഭവബോധ്യമാക്കിയാണ് ഗ്രൂപ്പ് ടീച്ചിംഗ് മെത്തേഡിലൂടെ കുരുന്നുകളിലേക്ക് കൈമാറുന്നത്. ആക്ടിവിറ്റി ഓറിയന്റഡായ പ്രവൃത്തി പരിചയ പഠനമാണ് നടക്കുന്നത്. രണ്ട് ടീച്ചര്‍മാരും ഒരു ആയയും 20 കുട്ടികളും അടങ്ങുന്നതാണ് ഹെവന്‍സിലെ ഒരു ക്ലാസ്. അറബി/ഇസ്‌ലാമിക് ബിരുദമുള്ള ഒരു ടീച്ചറും ഇംഗ്ലീഷ്/ അടിസ്ഥാന ഗണിതങ്ങളില്‍ ബിരുദമുള്ള കൂട്ടുകാരിയും. രണ്ടു പേരും ബി.എഡ്, ടി.ടി.സി, പി.പി.ടി.ടി.സി മോണ്ടിസോറി തുടങ്ങി ഏതെങ്കിലും ഒരു ട്രെയ്‌നിംഗ് കഴിഞ്ഞിരിക്കണം. 100 മണിക്കൂര്‍ നിരന്തരം പരിശീലനവും മാസം തോറും മുഴുദിന ക്ലസ്റ്ററുകളിലൂടെ നല്‍കുന്ന ഇന്‍ സര്‍വീസ് കോഴ്‌സുകളും ടീച്ചര്‍മാരെ ഹെവന്‍സ് സ്‌കൂളിലേക്ക് പ്രത്യേകം പ്രാപ്തരാക്കുന്നു. മലയാളം ഭാഷ പഠിക്കുമെങ്കിലും അറബി/ഇംഗ്ലീഷ് ഭാഷകളാണ് പഠനമാധ്യമം.

ആറാം വയസ്സില്‍ സ്‌കൂളില്‍ ചേരുന്നതിനു മുമ്പുതന്നെ ഖുര്‍ആന്‍ മുഴുവനായി തജ്‌വീദ് നിയമമനുസരിച്ച് ഓതാനും ഒരു ജുസ്അ് മനഃപാഠമാക്കാനും നിത്യജീവിത സംബന്ധിയായ പ്രാര്‍ഥനകളും സ്തുതിവചനങ്ങളും ആശയമറിഞ്ഞ് ഹൃദിസ്ഥമാക്കാനും അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ വായിക്കാനും കുട്ടിയെ പ്രാപ്തമാക്കുന്ന വിധത്തിലാണ് ഇതിന്റെ കരിക്കുലം ക്രമീകരിച്ചിരിക്കുന്നത്.

അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടിയോട് ഖുര്‍ആനിലെ ഏതെങ്കിലുമൊരു ഭാഗം കാണിച്ച് ഓതാന്‍ ആവശ്യപ്പെട്ടാല്‍ 'അത് എടുത്തിട്ടില്ല, ഞാന്‍ പഠിച്ചിട്ടില്ല' എന്നു പറഞ്ഞ് ഒഴിയുന്നിടത്താണ്, പിഞ്ചുമക്കള്‍ നിങ്ങള്‍ കാണിക്കുന്ന ഏതു ഭാഗവും ഓതാന്‍ തയാറായി മുന്നോട്ടുവരുന്നത്. ഇതൊരു അവകാശവാദമല്ല, കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഏത് ഹെവന്‍സ് സ്‌കൂള്‍ പരിശോധിച്ചാലും നേരിട്ടനുഭവിച്ചറിയാവുന്നതാണ്. കേരളത്തില്‍ ഹെവന്‍സ് തുടങ്ങുമ്പോള്‍ സ്വന്തമായുണ്ടായിരുന്നത് ആകാംക്ഷാനിര്‍ഭരമായ പ്രതീക്ഷ മാത്രമായിരുന്നു. അന്ന് ഹെവന്‍സില്‍ അലിഫ് പാടിയ കുരുന്നുകള്‍ സര്‍വശക്തന്റെ അനുഗ്രഹാശിസ്സുകൊണ്ടും അധ്യാപികമാരുടെ സമര്‍പ്പിത അധ്യയനം കൊണ്ടും അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു.

 

 

നാമൊരുപാട് ജാഗരൂകരാകേണ്ടിയിരിക്കുന്നു

കേരള പോലീസ് സംഘ്‌വല്‍ക്കരിക്കപ്പെടുന്നു എന്നത് മുഖ്യമന്ത്രി പോലും സമ്മതിച്ച ഒരു ദുഃഖ സത്യമാണ്. മത ജാതി സംഘടനകള്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും ബലാബലത്തില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്തു സംഭവിക്കുന്ന ഇത്തരമൊരു സ്ഥിതി വിശേഷം സൃഷ്ടിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വസ്തുനിഷ്ഠമായിത്തന്നെ വിലയിരുത്തപ്പെടേണ്ടതായിട്ടുണ്ട്. 

കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി, ഫഹദ് തുടങ്ങിയവരുടെ അതിനിഷ്ഠുരമായ കൊലപാതകങ്ങള്‍, തൃപ്പൂണിത്തുറ യോഗ സെന്റര്‍ കേസ് തുടങ്ങി സമീപകാലത്തു നടന്ന പല സംഭവങ്ങളിലും പോലീസ് സ്വീകരിച്ച പക്ഷപാതപരമായ നിലപാടുകള്‍, സെന്‍കുമാര്‍ എന്ന മുന്‍ പോലീസ് മേധാവി സര്‍വീസില്‍നിന്ന് പിരിഞ്ഞതിന് ശേഷം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍, അദ്ദേഹം പോലീസിനെ നയിച്ചിരുന്ന കാലത്ത് പോലീസിനെ ആക്രമിച്ചതടക്കമുള്ള സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ എഴുതിത്തള്ളിയത് തുടങ്ങി പലതും പറഞ്ഞു വെക്കുന്ന ഒരു സത്യമെന്തെന്നാല്‍ മതേതര ഭരണകൂടങ്ങളെ പോലും പ്രഛന്ന ഫാഷിസം ബന്ദിയാക്കുന്നു എന്നതാണ്. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ പൊതു സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. 

ഇസ്മാഈല്‍, പതിയാരക്കര

 

 

 

ഒരു വരിയില്‍ ഒതുക്കേണ്ടിയിരുന്നില്ല

ഒ. അബ്ദുര്‍റഹ്മാന്റെ ആത്മകഥ ഏറെ താല്‍പര്യത്തോടെ വായിക്കുന്നു. കാരണം, അത് ഒരു വ്യക്തിയുടെ ചരിത്രമല്ല, ഒരു നാടിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ചരിത്രമാണ്. പുതുതലമുറക്ക് അജ്ഞാതമായ ധാരാളം ചരിത്ര സംഭവങ്ങള്‍ അനാവരണം ചെയ്യുന്നു് ആ ജീവിതാക്ഷരങ്ങളില്‍.

'ഇസ്‌ലാഹിയയിലെ നാളുകള്‍' എന്ന അധ്യായത്തില്‍ (ലക്കം 3084) ഇസ്‌ലാഹിയാ സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച നിരവധി വ്യക്തിത്വങ്ങളെ വിശദമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും തന്റെ സഹോദരന്‍ ഒ. അബ്ദുല്ലയെ ഒരൊറ്റ വരിയില്‍ ഒതുക്കിയത് അനീതിയാണെന്ന് അഭിപ്രായമുള്ള ഒരു ചേന്ദമംഗല്ലൂകാരനാണ് ഈ കുറിപ്പുകാരന്‍ (സഹോദരനെ കുറിച്ച് കൂടുതല്‍ മദ്ഹ് പറയുന്നതിലെ അനൗചിത്യം കണക്കിലെടുത്തായിരിക്കും അങ്ങനെ ചെയ്തത് എന്ന് കരുതുന്നു). സ്വദേശത്തും വിദേശത്തുമുള്ള പല ഉന്നത വ്യക്തികളെയും സ്ഥാപനവുമായി ബന്ധപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച, അധ്യാപകനെന്ന നിലയില്‍ സ്തുത്യഹര്‍മായ സേവനമനുഷ്ഠിച്ച അദ്ദേഹത്തെ അവഗണിക്കുന്ന ഇസ്‌ലാഹിയയുടെ ചരിത്രം അപൂര്‍ണമായിരിക്കും.

അബൂറമീസ് ചേന്ദമംഗല്ലൂര്‍

 

 

 

പടിഞ്ഞാറിന്റെ മൂല്യങ്ങള്‍

ബ്രിട്ടനിലെ ഇസ്‌ലാമിക ചലനങ്ങളെയും പടിഞ്ഞാറ് മുറുകെപ്പിടിക്കുന്ന മൂല്യങ്ങളെയും പരിചയപ്പെടുത്തി ഡോ. അബ്ദുസ്സലാം അഹ്മദ് എഴുതിയ യാത്രാ വിവരണം ഹൃദ്യമായി. സാധാരണ യാത്രാവിവരണങ്ങളില്‍ കാണാറുള്ളതുപോലെ, യാത്രികന്റെ അനുഭവങ്ങള്‍ പൊലിപ്പിച്ചുകാണിക്കുന്നതിനു പകരം പാശ്ചാത്യ നാടുകളെക്കുറിച്ച് ഏകദേശരൂപം നല്‍കാന്‍ വിവരണത്തിനായി. പടിഞ്ഞാറിന് ഒരു മൂല്യവുമില്ലെന്നും അവിടെനിന്ന് വരുന്നതൊക്കെ എതിര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുബോധമാണ് ലേഖനത്തിലൂടെ തിരുത്തപ്പെടുന്നത്. ബ്രിട്ടനിലെ ഇസ്‌ലാമിക പ്രസ്ഥാനം രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന വിവേചനാധികാരം ഇന്ത്യയിലും പ്രസക്തമല്ലേ എന്ന് ആലോചിക്കാന്‍ പ്രസ്തുത ലേഖനം നിമിത്തമായി.

മായിന്‍കുട്ടി അണ്ടത്തോട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍