Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 01

3087

1440 ജമാദുല്‍ അവ്വല്‍ 25

മിന്റനാവോയില്‍ പുതിയ പ്രഭാതം

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

തെക്കന്‍ ഫിലിപ്പീന്‍സിലെ മുസ്‌ലിം സമൂഹം സ്വയം ഭരണാധികാര മേഖലക്കു വേണ്ടി നടത്തിയ ഹിതപരിശോധനയില്‍ വോട്ടു രേഖപ്പെടുത്തി. 1969-ല്‍ യൂനിവേഴ്‌സിറ്റി അധ്യാപകനായ നൂര്‍ മിസ്അരിയുടെ നേതൃത്വത്തില്‍  സ്ഥാപിച്ച മോറോ നാഷ്‌നല്‍ ലിബറേഷന്‍ ഫ്രന്റ് (MNLF ) സ്വതന്ത്ര രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ടാണ് സായുധ പോരാട്ടം ആരംഭിച്ചത്. 2014-ല്‍ മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രന്റുമായി ഗവണ്‍മെന്റ് നടത്തിയ സന്ധിസംഭാഷണങ്ങളില്‍ സ്വയംഭരണം മതിയെന്ന ധാരണയില്‍ എത്തുകയായിരുന്നു.  അതു പ്രകാരമാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വര്‍ഷം ഈ ധാരണക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഐ.എസ് ബന്ധം ആരോപിക്കപ്പെടുന്ന സായുധ സംഘം മാറാവി നഗരം പിടിച്ചെടുത്തതും ബോംബാക്രമണങ്ങള്‍ വര്‍ധിച്ചതും സന്ധി വൈകുന്നതിനു കാരണമായിട്ടുണ്ട്. മിന്റനാവോ നഗരത്തില്‍  സമാധാനാന്തരീക്ഷത്തിനു ഭീഷണി സൃഷ്ടിക്കുന്ന തീവ്രവാദി വിഭാഗങ്ങളെ നിലക്ക് നിര്‍ത്താന്‍ ഈ സന്ധിയിലൂടെ സാധിക്കുമെന്ന്  മോറോ ലിബറേഷന്‍ ഫ്രന്റ് നേതാവ് മുറാദ് ഇബ്‌റാഹീം പ്രത്യാശ പ്രകടിപ്പിച്ചു. 

ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതര്‍തെ  കഴിഞ്ഞ ജൂലൈയില്‍ ബാംഗ്സമോറോ എന്ന പേരില്‍ പുതിയ മേഖല രൂപീകരിക്കുന്ന നിയമത്തില്‍ ഒപ്പു വെച്ചിരുന്നു. കരാര്‍ പ്രകാരം ബാംഗ്സമോറോയില്‍ ശരീഅത്ത് അടിസ്ഥാനമാക്കി നീതിന്യായ വ്യവസ്ഥയും പാര്‍ലമെന്റും നിലവില്‍വരും. പ്രാദേശിക വരുമാനത്തില്‍നിന്ന് 75 ശതമാനവും ദേശീയ ഗവണ്‍മെന്റില്‍നിന്ന് വാര്‍ഷിക സഹായധനമായി അഞ്ചു ശതമാനവും അവര്‍ക്ക് ലഭിക്കും. സന്ധി അംഗീകരിച്ചതോടെ എം.എന്‍.എല്‍.എഫ് സ്വതന്ത്ര രാഷ്ട്രം എന്ന ലക്ഷ്യം ഉപേക്ഷിച്ചു. 40000-ത്തോളം വരുന്ന സായുധ പോരാളികളെ ഇനി  പിരിച്ചുവിടും. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഗവണ്‍മെന്റ് വിരുദ്ധ പോരാട്ടം നടത്തിയ വിഭാഗങ്ങളിലൊന്നാണ് മോറോകള്‍. 

സ്പാനിഷ് -അമേരിക്കന്‍ അധിനിവേശങ്ങള്‍ക്കു ശേഷം  ഫിലിപ്പീനോ ക്രിസ്ത്യന്‍ കൈയേറ്റം കാരണം മിന്റനാവോയിലെ മുസ്‌ലിംകള്‍ നിരവധി പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അവര്‍ നടത്തിയ പ്രക്ഷോഭങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയായിരുന്നു. ഇത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കി. പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷം സമ്പന്നമായ ഈ മേഖലയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. ജനസംഖ്യയുടെ പകുതിയിലധികവും ദാരിദ്ര്യ രേഖക്കു താഴെയാണുള്ളത്.

തെരഞ്ഞെടുപ്പു ഫലം ഉടന്‍ പ്രഖ്യാപിക്കും. വ്യവസ്ഥകള്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ഡവാദാ ഡെല്‍ നോര്‍തെ, കോത ബത്തോ എന്നിവിടങ്ങളില്‍ ഫെബ്രുവരി ആറിന് പുതിയ സ്വയംഭരണ മേഖലയോടുള്ള അവരുടെ ഹിതമറിയാന്‍ റഫറണ്ടം നടത്തും. 

 

 

 

മംബീജില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഉര്‍ദുഗാന്‍

മംബീജ് മേഖലയെ അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് കൈമാറുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ്  ഉര്‍ദുഗാന്‍. സിറിയയുടെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുമെന്ന് പറഞ്ഞ അദ്ദേഹം ആരുടെയും ഭൂമി സ്വന്തമാക്കില്ലെന്നും അത് തുര്‍ക്കിയുടെ ലക്ഷ്യമല്ലെന്നും അങ്കാറയില്‍ നടന്ന സാമ്പത്തിക സമ്മേളനത്തില്‍ ഉറപ്പു നല്‍കി. ഐ.എസ്, പി.കെ.കെയുടെ സഖ്യകക്ഷികളായ വൈ.പി.ജി, പി.വൈ.ഡി എന്നീ ഗ്രൂപ്പുകള്‍ക്ക് ശക്തമായ മുന്നറിയിപ്പും അദ്ദേഹം നല്‍കി.  സിറിയന്‍ പ്രശ്‌നം കൈകാര്യം ചെയ്യാനായി റഷ്യയിലേക്ക് പോകാനൊരുങ്ങുകയാണ് ഉര്‍ദുഗാന്‍. യു.എസ്, റഷ്യ, മറ്റു മേഖലാ ശക്തികള്‍ എന്നിവയുമായി ചര്‍ച്ചയിലൂടെ സമവായത്തിലെത്താനാവുമെന്ന് തുര്‍ക്കി പ്രതീക്ഷിക്കുന്നു. 2016 മുതല്‍ മംബീജ് മേഖല വൈ.പി.ജിക്ക് ആധിപത്യമുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ അധികാരപരിധിയിലാണ്. വൈ.പി.ജിയുടെ സാമീപ്യം  ദേശീയ സുരക്ഷക്ക് ഭീഷണിയായി കരുതുന്നതിനാല്‍ സൈനികമായി അവരെ തുരത്തണമെന്നാണ് തുര്‍ക്കിയുടെ തീരുമാനം. അതേസമയം ഇറാനും ഇസ്രയേലും സിറിയന്‍ വിഷയത്തില്‍ കൂടുതല്‍ ഇടഞ്ഞതും ഗോലാന്‍ കുന്നുകളിലെ ഇറാനിയന്‍ സൈനികര്‍ക്കെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയതും മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണെന്ന ഇറാന്‍ കമാന്റര്‍ അസീസ് നസീര്‍സാദയുടെ പ്രസ്താവന ഇസ്രയേലിനെ പ്രകോപിപ്പിച്ചിരുന്നു. 

 

 

 

ഛാഡുമായി ഇസ്രയേല്‍ നയതന്ത്രബന്ധം

ഇസ്രയേലും ആഫ്രിക്കന്‍ മുസ്‌ലിം  രാഷ്ട്രമായ ഛാഡും തമ്മില്‍  നയതന്ത്രബന്ധം പുതുക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവും ഛാഡ് പ്രസിഡന്റ് ഇദ്‌രീസ് ദേബിയും സംയുക്ത പ്രസ്താവന നടത്തുകയും ചെയ്തു.  അറബ്-ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് 1972-ലാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മുറിഞ്ഞത്. ചരിത്രനിമിഷം എന്ന് വിശേഷിപ്പിച്ച നെതന്യാഹു ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഫലപ്രദമായ  സഹകരണത്തിനു വഴിയൊരുക്കുമെന്ന് പ്രസ്താവിച്ചു. അറബ്- മുസ്‌ലിം രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധത്തിനുള്ള ശ്രമങ്ങള്‍ നടത്തുകയാണിപ്പോള്‍ ഇസ്രയേല്‍. മറ്റു മുസ്‌ലിം രാഷ്ട്രങ്ങളും സന്ദര്‍ശിക്കുമെന്ന് നെതന്യാഹു പറഞ്ഞു. അറബ് -മുസ്‌ലിം ലോകത്ത് വരുത്താനാഗ്രഹിക്കുന്ന നാടകീയ മാറ്റങ്ങളുടെ ഭാഗമാണ് ഛാഡ് സന്ദര്‍ശനം എന്ന നെതന്യാഹുവിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ ഇസ്രയേല്‍ തങ്ങളുടെ പങ്കാളിയാണെന്ന് ഇദ്‌രീസ് ദേബി പറഞ്ഞിരുന്നു. ഛാഡ് സുരക്ഷാ സൈന്യം രാജ്യത്തെ വിമതരെ നേരിടാന്‍ ഇസ്രയേലിന്റെ  ആയുധങ്ങള്‍  ഉപയോഗിക്കുന്നുണ്ടെന്ന് തുര്‍ക്കിഷ് പത്രം  ഡെയ്‌ലി സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലുമായി നയതന്ത്രബന്ധം ഫലസ്ത്വീന്‍ പ്രശ്‌നം ഇല്ലാതാക്കുന്നില്ലെന്ന് പറഞ്ഞ ഇദ്‌രീസ് ദേബി ഇസ്രയേല്‍-ഫലസ്ത്വീന്‍ സമാധാനപ്രക്രിയ അനിവാര്യമാണ് എന്നും പറഞ്ഞു. 

ലോകത്തിലെ 30 ദരിദ്ര രാഷ്ട്രങ്ങളിലൊന്നായ ഛാഡ്,  സുഡാനില്‍നിന്നും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍നിന്നുമുള്ള അഭയാര്‍ഥികളുടെ ലക്ഷ്യസ്ഥാനം കൂടിയാണ്. 15.8 മില്യന്‍ ജനതയില്‍ 52 ശതമാനം മുസ്‌ലിംകളാണ്. ആംനസ്റ്റി ഇന്റര്‍നാഷ്‌നലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഛാഡ് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും അന്യായമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. പൗരാവകാശ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി തടയുന്നുണ്ട്. 1990 മുതല്‍ ഛാഡ് ഭരിക്കുന്ന ഇദ്‌രീസ് ദേബി മൂന്നാം തവണയും അധികാരത്തിലിരിക്കാനായി ഭരണഘടനയില്‍ തന്നെ മാറ്റം വരുത്തിയിരുന്നു. 

 

 

 

അഭയാര്‍ഥികള്‍ കൂടുതുലുള്ളത് മുസ്‌ലിം രാഷ്ട്രങ്ങളില്‍

ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍, ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് താമസസൗകര്യമൊരുക്കി  കൊടുക്കുന്നത് മുസ്‌ലിം രാഷ്ട്രങ്ങളാണെന്ന് കണ്ടെത്തിയിരിക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും കുടിയേറ്റവിരുദ്ധതയുടെയും അഭയാര്‍ഥികളെക്കുറിച്ച ഭയത്തിന്റെയും പശ്ചാത്തലത്തില്‍ ഈ സ്ഥിതിവിവരക്കണക്കിന് പ്രാധാന്യമേറെയാണ്. 'ലോകത്ത് 193 രാഷ്ട്രങ്ങളും 21 മില്യന്‍ അഭയാര്‍ഥികളുമുണ്ട്. അതില്‍ 12 മില്യന്‍ അഭയാര്‍ഥികളും ജീവിക്കുന്നത് 10 രാഷ്ട്രങ്ങളിലാണ്'  എന്ന് ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ജോര്‍ദാനിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളുള്ളത് (2.7 മില്യന്‍). രണ്ടാം സ്ഥാനം തുര്‍ക്കിക്കാണ് (2.5 മില്യന്‍). പാകിസ്താന്‍ (1.6 മില്യന്‍), ലബനാന്‍ (1.5 മില്യന്‍),  ഇറാന്‍ (979,400) എന്നിവയാണ്  പിന്നെ പട്ടികയിലുള്ളത്. സിറിയയില്‍നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ 5 മില്യന്‍ ജനങ്ങള്‍ അഭയാര്‍ഥികളായി. അവരിലധികവും തുര്‍ക്കി,  ലബനാന്‍,  ജോര്‍ദാന്‍,  ഇറാഖ്,  ഈജിപ്ത് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. മുസ്ലിം രാഷ്ട്രങ്ങളുടെ അഭയാര്‍ഥികളോടുള്ള അനുഭാവം  വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെന്ന് ആംനസ്റ്റി അഭിപ്രായപ്പെടുന്നു. യൂറോപ്പിലും  അമേരിക്കയിലും ഉയര്‍ന്നുവരുന്ന കുടിയേറ്റവിരുദ്ധതയെ വിമര്‍ശിക്കുന്ന ആംനസ്റ്റി അഭയാര്‍ഥിപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സമ്പന്നരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തം ഊന്നിപ്പറയുന്നുണ്ട്.

Comments

Other Post

ഹദീസ്‌

മക്കളുടെ പ്രാര്‍ഥന
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (41-42)
എ.വൈ.ആര്‍