Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

അവസാനവിധിയുടെ അറിയിപ്പ്‌

സി. രാധാകൃഷ്ണന്‍

വിടെ ഈ ഭൂമിയില്‍ അവസാനവിധി പറയാന്‍ ആര്‍ക്കാണ് അധികാരം, അവകാശം?
ഈ ചോദ്യത്തിനുള്ള ഉത്തരവും അതിന്റെ വ്യാഖ്യാനവുമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നാണ് എനിക്കു തോന്നാറുള്ളത്. അവസാനവിധി സര്‍വശക്തനായ പരമകാരുണികന്റെ വരുതിയിലാണ് എന്നതാണ് ശരിയായ ഉത്തരം.
ആ അധികാരം തന്റെയാണ് എന്നു കരുതുന്നവര്‍ അനീതികളില്‍ അഭിരമിക്കുമ്പോള്‍ ലോകം ദുരിതപൂര്‍ണമാകുന്ന അവസ്ഥ വസ്തുതായാഥാര്‍ഥ്യമായി ഇന്നും നമ്മുടെ മുന്നില്‍ ഉണ്ട്. ബലം അനീതിയുടെ കൂട്ടാളിയായാല്‍ അതിനിരയാകുന്ന നിസ്സഹായനായ ബലഹീനന്‍ അനീതിയെ കൂട്ടുപിടിച്ചും ചെറുത്തു നില്‍ക്കാന്‍ നിര്‍ബന്ധിതനാവും. അതോടെ ലോകം അനീതിമയമാവും, ആയിരിക്കുന്നു.
തന്നെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചവരെ ഭൗതികമായിത്തന്നെ തോല്‍പിച്ച ദൈവദൂതനായ പ്രവാചകന്‍ തന്റെ എതിരാളികളുടെ ജീവനും സ്വത്തും അവര്‍ക്കു തിരികെ നല്‍കുകയായിരുന്നല്ലോ. അവരില്‍നിന്ന് സ്വയം രക്ഷിക്കാനല്ലാതെ അവര്‍ക്കുള്ള ശിക്ഷ വിധിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. ഈ മഹാമനസ്‌കത തന്നെ അവരില്‍ പലരെയും അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റിയെങ്കില്‍ എന്തത്ഭുതം?
യഥാര്‍ഥമായ 'തസ്‌കിയ' (ശുദ്ധീകരണം, ആത്മസംസ്‌കരണം) കറകളഞ്ഞ നീതിബോധത്തിന്റെ സംസ്ഥാപനമാണ്. ഓരോ പഥികന്റെയും യാത്രയും പാഥേയവും എത്രയോ നേരത്തെ നിശ്ചിതമാണ്. വിധി ഒരു അനുസ്യൂതിയാണ് എന്നര്‍ഥം, തുണ്ടുതുണ്ടായി വിഭജിക്കപ്പെട്ടതല്ല. 'ദൈവമറിയാതെ ഭൂമിയില്‍ ഒരു ഇലപോലും കൊഴിയുന്നില്ല.'
ദൈവനീതിയുടെ അവതരണത്തിനായി കാലാന്തരത്തില്‍ നിരവധി പ്രവാചകരുണ്ടായി. അവര്‍ ഓരോരുത്തരും അവരവരുടെ കാലങ്ങളില്‍ മനുഷ്യകുലത്തില്‍ നിലനിന്ന അവബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുമാറ് അറിവും നെറിവും പകര്‍ന്നു. ആ അവതരണങ്ങള്‍ കാലാന്തരത്തില്‍ കളങ്കപ്പെട്ടു. അങ്ങനെയാണ് അവസാനത്തെ പ്രവാചകന്‍ അനിവാര്യമായത്.
ചരിത്രത്തിന്റെ വഴി തിരുത്തിക്കുറിച്ച വരവായിരുന്നു അത്. ദൈവനീതിയുടെ വിട്ടുവീഴ്ചയില്ലായ്മ സംശയാതീതമായി പ്രഖ്യാപിക്കുകയും അതിനെ ധിക്കരിക്കുന്നവര്‍ക്കുള്ള താക്കീതുകള്‍ നല്‍കുകയും ചെയ്തു. 'ഏറ്റവും നല്ല മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട' മനുഷ്യനെ ചെകുത്താന്റെ പാതയില്‍നിന്ന് കരകയറ്റാന്‍ പുതുവഴി വെട്ടിത്തുറക്കപ്പെടുകയായിരുന്നു.
പിന്നീട് ലോകം കണ്ടത് അറിവിന്റെയും സംസ്‌കാരത്തിന്റെയും മഹാവിസ്‌ഫോടനങ്ങളാണ്. കലകളും വിദ്യകളും സയന്‍സും പിറക്കുകയും ലോകത്താകെ വ്യാപിക്കുകയും മോചനസന്ദേശവുമായി ദൂതന്മാര്‍ വിദൂരദേശങ്ങളില്‍ ചെല്ലുകയും ഉണ്ടായി. ലോകം ഒന്നാകുന്നതിന്റെ തുടക്കം അവിടന്നായിരുന്നു. ഇന്ത്യയില്‍നിന്ന് പൂജ്യവും ഉപനിഷത്തുകളും അക്കാലത്തെ മഹാപണ്ഡിതന്മാര്‍ കണ്ടെടുക്കുകയും അവയുടെ ഉപയോഗത്തിലൂടെ ഗണിതവും തത്ത്വചിന്തയും വികസിപ്പിക്കുകയും ചെയ്തു.
ചുരുക്കത്തില്‍, ഹിറാമലയിലെ വെളിപാടുകള്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ ലോകം ഇന്നു കാണുമ്പോലെ ആകുമായിരുന്നില്ല എന്ന് നിശ്ചയം. മരുഭൂമികളില്‍ ആ അറിവിന്റെ ഉറവ മരുപ്പച്ചകള്‍ സൃഷ്ടിക്കുന്നു, ഇപ്പോഴും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം