Prabodhanm Weekly

Pages

Search

2019 ജനുവരി 25

3086

1440 ജമാദുല്‍ അവ്വല്‍ 18

ഖുര്‍ആനില്‍ അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും ഇഴയടുപ്പങ്ങള്‍

ഡോ. മുഹമ്മദ് പാണ്ടിക്കാട്

ജിന്നുകള്‍ പ്രഖ്യാപിച്ചു: ''വിസ്മയകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു'' (72:1). ഈ പ്രസ്താവനയെ സാധൂകരിക്കുന്ന അത്ഭുതങ്ങളാണ് വിശുദ്ധ ഖുര്‍ആനില്‍ വിചിന്തനം നടത്തുന്നവര്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. അദ്വിതീയമാണ് അതിന്റെ ഭാഷാ സൗന്ദര്യം. വചനങ്ങളെയും വാക്യങ്ങളെയും അത്യന്തം വിസ്മയകരമായ  രീതിയിലാണ് കോര്‍ത്തിണക്കിയിരിക്കുന്നത്. 114 അധ്യായങ്ങളുടെയും 6236 വാക്യങ്ങളുടെയും  ക്രമീകരണത്തില്‍ അമ്പരപ്പിക്കുന്ന യുക്തിയും സൂക്ഷ്മതയും ദര്‍ശിക്കാനാവും. ഭാഷാഭംഗി എന്നതിനപ്പുറം  ആശയ പ്രകാശനം എന്ന ഉദ്ദേശ്യവും ഈ ക്രമീകരണത്തിന്റെ പിന്നിലുണ്ടെന്ന് ഗ്രഹിക്കാനാവും. വ്യത്യസ്ത കാലങ്ങളിലും വിവിധ സന്ദര്‍ഭങ്ങളിലും അവതരിച്ച അധ്യായങ്ങളിലും സൂക്തങ്ങളിലും കാണപ്പെടുന്ന പരസ്പര ബന്ധങ്ങള്‍ അതിന്റെ അമാനുഷികത വിളിച്ചറിയിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ അവതരണം മാത്രമല്ല, അതിലെ ഓരോ അധ്യായവും സൂക്തവും ക്രമീകരിച്ചതും ക്രോഡീകരിച്ചതും അല്ലാഹു തന്നെ നേരിട്ട് നിര്‍വഹിച്ചതുകൊണ്ടാണിതെന്നാണ് പണ്ഡിതന്മാരുടെ വിലയിരുത്തല്‍.

'അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്' (75 :17) എന്ന് അല്ലാഹു തന്നെ പ്രഖ്യാപിച്ചതാണല്ലോ. ഉസ്മാന്‍ (റ) പറയുകയുണ്ടായി: 'ഓരോ വാക്യങ്ങള്‍ അവതരിപ്പിക്കുമ്പോഴും അല്ലാഹുവിന്റെ റസൂല്‍ ഖുര്‍ആന്‍ എഴുത്തുകാരോട് അവ എഴുതിവെക്കേണ്ട സ്ഥാനങ്ങള്‍ വ്യക്തമാക്കിക്കൊടുക്കാറുണ്ടായിരുന്നു' (അഹ്മദ്).

ഇമാം സര്‍ഖശി എഴുതി: ''ചിലര്‍ ചോദിക്കാറുണ്ട്. പല കാലത്തും പല സന്ദര്‍ഭങ്ങളിലുമായി അവതരിച്ച വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കും വാക്യങ്ങള്‍ക്കുമിടയില്‍ എങ്ങനെയാണ് ഇത്രയധികം പരസ്പരബന്ധമുാവുന്നത് എന്ന്. അവരറിയേണ്ടതുണ്ട്; ഖുര്‍ആന്റെ അവതരണം വളരെ ആസൂത്രിതമാണ്. അതിന്റെ ക്രമം വളരെ യുക്തിഭദ്രമാണ്. നമ്മുടെ കൈയിലുള്ള മുസ്വ്ഹഫ് ദൈവസന്നിധിയിലുള്ള സുരക്ഷിത ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ അതേ രൂപത്തിലാണ്. അതിലെ അധ്യായങ്ങളും വാക്യങ്ങളും ദൈവികമായിത്തന്നെ ക്രമീകരിച്ചതാണ്'' (അല്‍ ബുര്‍ഹാന്‍, പേജ് 31).

സൂറത്തുകളുടെയും ആയത്തുകളുടെയും  പരസ്പരബന്ധങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഒരു ശാസ്ത്രശാഖ തന്നെ ഇതിനായി ഇസ്ലാമിക പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരസ്പര ബന്ധശാസ്ത്രം (ഇല്‍മുല്‍ മുനാസബ) എന്നാണ് അതിന്റെ പേര്. ഇമാം സുയൂത്വി പറയുന്നു: ''പരസ്പര ബന്ധശാസ്ത്രം മഹത്തായ വിജ്ഞാനമാണ്. ആ അറിവ് സൂക്ഷ്മമാണ് എന്നതിനാല്‍ വളരെ കുറച്ച് വ്യാഖ്യാതാക്കളേ അത് പറയാറുള്ളൂ'' (മുഅ്തറകുല്‍ അഖ്‌റാനി ഫീ ഇഅ്ജാസില്‍ ഖുര്‍ആന്‍ 1/43).  ഇമാം റാസി പറഞ്ഞു: ''വിശുദ്ധ ഖുര്‍ആന്റെ സൗന്ദര്യമെല്ലാം കുടികൊള്ളുന്നത് അതിലെ വചനങ്ങളിലെ പരസ്പര ബന്ധങ്ങളിലും ക്രമീകരണത്തിലുമാണ്'' (തഫ്‌സീറുല്‍ കബീര്‍, 10/145). ഇമാം സര്‍ഖശി എഴുതി: ''അറിയുക, വിശുദ്ധ ഖുര്‍ആനിലെ സൂറത്തുകളും ആയത്തുകളും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ചുള്ള  ശാസ്ത്രം മഹത്തായ ഒരു വിജ്ഞാനമാണ്. അതുല്യമായ മഹത്വവും  അദ്വിതീയ  നിലവാരവുമുണ്ടതിന്'' (അല്‍ ബുര്‍ഹാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍ 1/35).

 

രചനകള്‍

ഈ വിഷയത്തില്‍ ധാരാളം ഗ്രന്ഥങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ: 1) അബൂ ജഅ്ഫറുബ്‌നു സുബൈര്‍ അല്‍ അന്തലുസി(മരണം: ഹി. 807)യുടെ 'അല്‍ ബുര്‍ഹാനു ഫീ മുനാസബതി തര്‍തീബി സുവരില്‍ ഖുര്‍ആന്‍.'

2) ഇമാം സുയൂത്വി(മരണം: ഹി. 911)യുടെ 'തനാസുഖുദ്ദുററി ഫീ തനാസുബിസ്സുവര്‍.'

3) അബ്ദുല്ലാ അല്‍ ഹുമാറിയുടെ ' ജവാഹിറുല്‍ ബയാനി ഫീ തനാസുബി സുവറില്‍ ഖുര്‍ആന്‍.'

4) ബുര്‍ഹാനുദ്ദീന്‍ അല്‍ബുഖാഇ(മരണം: ഹി. 885)യുടെ 'നദ്മുദ്ദുററി ഫീ തനാസുബില്‍ ആയാതി വസ്സുവര്‍.'

 ഇവ കൂടാതെ ഇമാം സര്‍ഖശി, ഇമാം സുയൂത്വി എന്നിവര്‍ അവരുടെ ഖുര്‍ആന്‍ വൈജ്ഞാനിക ഗ്രന്ഥങ്ങളില്‍ ഈ വിഷയം പ്രത്യേകം വിവരിക്കുന്നുണ്ട്. ഇമാം റാസിയും അബുസ്സഊദും സയ്യിദ് ഖുത്വ്ബും അവരുടെ തഫ്‌സീറുകളില്‍ പലയിടങ്ങളിലും ഈ വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്.

 

പ്രയോജനങ്ങള്‍

ഇല്‍മുല്‍ മുനാസബക്ക് ധാരാളം പ്രയോജനങ്ങളുന്നെ് പണ്ഡിതന്മാര്‍ വിശദമാക്കുന്നുണ്ട്:

1) ഖുര്‍ആനിലെ അധ്യായങ്ങളും വാക്യങ്ങളും പരസ്പര ബന്ധമില്ലാത്തതും പൊരുത്തപ്പെടാത്തതുമാണോ എന്ന സന്ദേഹം അകറ്റാന്‍ ഈ വിജ്ഞാനം സഹായകമാവുന്നു.

2) ഖുര്‍ആനിലുള്ള വിധിവിലക്കുകളിലെ യുക്തിയും പ്രായോഗികതയും ബോധ്യപ്പെടാന്‍ ഇത് സഹായിക്കുന്നു. ഉദാഹരണമായി, സൂറത്തുന്നൂറിലെ മുപ്പത്തിയാറാം വാക്യത്തില്‍ ദൃഷ്ടി താഴ്ത്തണമെന്നും ലൈംഗികാവയവം സൂക്ഷിക്കണമെന്നും അടുത്തടുത്ത് പറഞ്ഞത് ആദ്യത്തേത് രണ്ടാമത്തേതിന് ഹേതുവാകുന്നു എന്നു കൂടി സൂചിപ്പിക്കാനാണ്.

3) വാക്യത്തിന്റെ അര്‍ഥവും ആശയവും വ്യക്തമായി ബോധ്യപ്പെടാന്‍ സഹായിക്കുന്നു. ഉദാഹരണമായി അസ്സ്വാഫ്ഫാത്ത് അധ്യായത്തിന്റെ തുടക്കത്തില്‍ അല്ലാഹു പറഞ്ഞു: ''അണിയണിയായി നിരന്നുനില്‍ക്കുന്നവരാണ് സത്യം.'' ഇവിടെ അണിനിരക്കുന്നവര്‍ മലക്കുകളാണോ പക്ഷികളാണോ എന്ന അഭിപ്രായാന്തരമുണ്ട്. പക്ഷേ ഈ അധ്യായത്തിന്റെ അവസാനത്തിലുള്ള 'തീര്‍ച്ചയായും ഞങ്ങള്‍ സേവനത്തിനായി അണിനിരന്നവരാണ്' എന്ന മാലാഖമാരുടെ വര്‍ത്തമാനം തുടക്കത്തില്‍ പറഞ്ഞതിന്റെ ഉദ്ദേശ്യവും മലക്കുകള്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നു. 

4) വിശുദ്ധ ഖുര്‍ആനിലെ പല കഥകളും വീണ്ടും വീണ്ടും ആവര്‍ത്തിച്ചതിന്റെ രഹസ്യവും പൊരുളും ഗ്രഹിക്കാന്‍ ഈ വിജ്ഞാനം സഹായകമാവുന്നു. ആവര്‍ത്തിക്കപ്പെട്ട ഓരോ സന്ദര്‍ഭത്തിലും കഥകളുടെ അര്‍ഥങ്ങള്‍ക്കും ആശയങ്ങള്‍ക്കും മാറ്റം സംഭവിച്ചിട്ടുള്ളതായി ഇതിലൂടെ ബോധ്യപ്പെടും.

സയ്യിദ് ഖുത്വ്ബ് എഴുതി: ''വിശുദ്ധ ഖുര്‍ആനിലെ കഥകളില്‍ ആവര്‍ത്തനമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. ഒരു കഥ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കുന്നു. യഥാര്‍ഥത്തില്‍ കഥകളുടെ ഓരോ ആവര്‍ത്തനത്തിലും വ്യതിരിക്തവും പുതുമയുള്ളതുമായ അര്‍ഥങ്ങളുണ്ടെന്ന് അവയുടെ പശ്ചാത്തലങ്ങള്‍ വിശകലനം ചെയ്താല്‍ മനസ്സിലാവും'' (ഫീ ദിലാലില്‍ ഖുര്‍ആന്‍ 1/64 ).

 

അധ്യായങ്ങള്‍ക്കിടയിലെ പരസ്പര ബന്ധങ്ങള്‍

ഒരു അധ്യായത്തിന് തൊട്ടടുത്തുള്ളതിനോടുള്ള ബന്ധം പല രൂപത്തിലുമാവാം. ഒന്ന്: രണ്ടിലും ഒരേ വിഷയങ്ങള്‍ വിവരിക്കുക. ഉദാഹരണമായി ളുഹാ, ഇന്‍ശിറാഹ് അധ്യായങ്ങള്‍. രണ്ടിലും നബി(സ)ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളാണ് എടുത്തു പറയുന്നത്.

രണ്ട് : അധ്യായങ്ങളുടെ ആദ്യവും അവസാനവും തമ്മിലുള്ള പൊരുത്തം. സൂറതുല്‍ ഫാതിഹായുടെ അവസാനത്തില്‍ 'ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ...' എന്ന് പ്രാര്‍ഥിക്കുന്നു. തൊട്ടുടനെയുള്ള അല്‍ ബഖറയുടെ ആദ്യത്തില്‍ 'ഇതാ നേര്‍മാര്‍ഗം' എന്ന് ചൂിക്കാണിച്ചുകൊടുത്തു. 

''ഇതാണ് വേദപുസ്തകം. അതിലൊട്ടും സംശയമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കിത് വഴികാട്ടിയാണ്.'' ത്വൂര്‍ അധ്യായത്തിന്റെ അന്ത്യത്തിലും അന്നജ്മിന്റെ ആദ്യത്തിലും നക്ഷത്ര(നജ്മ്)ത്തെ പരാമര്‍ശിക്കുന്നുണ്ട്. സൂറത്തുല്‍  ഇസ്‌റാഇന്റെ അവസാന വാക്യത്തിലും തൊട്ടടുത്തുള്ള സൂറത്തുല്‍ കഹ്ഫിന്റെ ആദ്യവാക്യത്തിലും 'അല്‍ഹംദു ലില്ലാഹ്' എന്നു പറഞ്ഞ് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നുണ്ട്.

മൂന്ന്: ഒരേ സൂറത്തിന്റെ ആദ്യവും അവസാനവും തമ്മിലുള്ള ബന്ധം. സൂറത്തുല്‍ ബഖറയുടെ തുടക്കവും ഒടുക്കവും ശ്രദ്ധിക്കുക. ആദ്യത്തില്‍ വിശ്വാസികളുടെ സ്വഭാവങ്ങളില്‍ അദൃശ്യത്തിലുള്ള വിശ്വാസത്തെ എടുത്തു പറഞ്ഞു. അവസാനത്തില്‍ ഇതിന്റെ വിശദീകരണമെന്നോണം ഏതെല്ലാം കാര്യങ്ങളാണ് വിശ്വസിക്കേണ്ടതെന്ന് വിവരിച്ചു (2/285). അന്നഹ്ല്‍ അധ്യായത്തിന്റെ ആദ്യവും അവസാനവും തമ്മിലുള്ള യോജിപ്പും ഇതിനുദാഹരണമാണ്. തുടക്കത്തില്‍ അല്ലാഹുവിന്റെ ശിക്ഷക്കായി ധൃതി കാണിച്ച് അക്ഷമരാകരുതെന്നും,  അന്ത്യത്തില്‍ ക്ഷമയുടെയും ജിഹാദിന്റെയും പാത അവലംബിക്കണമെന്നും ആവശ്യപ്പെടുന്നു. 

ഒരു അധ്യായത്തിന്റെ ആദ്യവും അന്ത്യവും തമ്മിലുള്ള വിസ്മയകരമായ പാരസ്പര്യത്തിന്റെ സുന്ദര സാക്ഷ്യമാണ് സൂറത്തുല്‍ ഖാഫ്. ഈ അധ്യായം തുടങ്ങുന്നതിപ്രകാരമാണ്. 'ഖാഫ്. ഉത്കൃഷ്ടമായ ഖുര്‍ആന്‍ സാക്ഷി.' അവസാനിപ്പിക്കുന്നതിങ്ങനെ: 'അതിനാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ നീ ഈ ഖുര്‍ആന്‍ വഴി ഉദ്ബോധിപ്പിക്കുക.' രണ്ടിടത്തും ഖുര്‍ആനാണ് പരാമര്‍ശിക്കുന്നത്.

ഖാഫിലെ രണ്ടാമത്തെ വാക്യമിതാണ്: ''അങ്ങനെ സത്യനിഷേധികള്‍ പറഞ്ഞു: ഇതു വളരെ വിസ്മയകരമായ കാര്യം തന്നെ.''

ഇതിന് മറുപടിയെന്നോണം അവസാന വാചകത്തിന്റെ തൊട്ടു മുമ്പുള്ള വാചകമിതാണ്: 'അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നന്നായറിയുന്നു.'

ഖാഫിലെ മൂന്നാമത്തെ വാക്യമിങ്ങനെയാണ്: 'നാം മരിച്ചു മണ്ണായ ശേഷം മടങ്ങിവരികയോ? ആ മടക്കം അസാധ്യം തന്നെ.'

അവസാനത്തില്‍ ഇതേ ക്രമത്തില്‍ ഇതിനും മറുപടിയുണ്ട്: 'അവ്വിധം അവരെ ഒരുമിച്ചുകൂട്ടല്‍ നമുക്ക് വളരെ എളുപ്പമാണ്' (സൂക്തം 44).

ശേഷം തുടക്കത്തില്‍ പറഞ്ഞു: 'എന്നാല്‍ യാഥാര്‍ഥ്യം  വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു. അങ്ങനെ അവര്‍ ആശയക്കുഴപ്പത്തിലായി' (സൂക്തം 5).

ഇതിനും ഇതേ ക്രമത്തില്‍ അവസാനത്തില്‍ മറുപടിയുണ്ട്: 'ആ ഘോരനാദം ഒരു യാഥാര്‍ഥ്യമായി അവര്‍ കേട്ടനുഭവിക്കും ദിനം. ഖബ്‌റുകളില്‍നിന്നുള്ള പുറപ്പാടിന്റെ ദിനമത്രെ അത്' (സൂക്തം 42).

അതിനു ശേഷം ആദ്യത്തില്‍ അല്ലാഹു അരുളി: 'തങ്ങളുടെ മീതെയുള്ള മാനത്തെ അവര്‍ നോക്കിക്കാണുന്നില്ലേ? എങ്ങനെയാണ് നാമത് നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തതെന്ന്? അതിലൊരു വിടവുമില്ല' (സൂക്തം 6).

അവസാനത്തില്‍ ഇതേ ക്രമത്തില്‍ തന്നെ അല്ലാഹു ഈ ആശയത്തെ പിന്തുണച്ച് പറഞ്ഞു: 'ആകാശഭൂമികളെയും അവക്കിടയിലുള്ളവയെയും നാം ആറു നാളുകളിലായി സൃഷ്ടിച്ചു. അതുകൊണ്ടൊന്നും നമുക്കൊട്ടും ക്ഷീണം ബാധിച്ചിട്ടില്ല' (50/38).

പിന്നീട് അധ്യായത്തിന്റെ ആദ്യത്തില്‍ അല്ലാഹു പറഞ്ഞു: 'പശ്ചാത്തപിച്ചു മടങ്ങുന്ന ദാസന്മാര്‍ക്ക് ഉള്‍ക്കാഴ്ചയും ഉദ്ബോധനവും നല്‍കാനാണ് ഇതൊക്കെയും' (സൂക്തം 8).  ഈ പ്രസ്താവനയെ പിന്തുണച്ച്  നേരത്തേയുള്ള ക്രമത്തില്‍ തന്നെ അവസാനത്തില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: 'ഹൃദയമുള്ളവന്നും മനസ്സറിഞ്ഞ് കേക്കുന്നവന്നും ഇതില്‍ ഓര്‍ക്കാനേറെയുണ്ട്' (സൂക്തം 37).

സൂറത്ത് യൂസുഫിന്റെ ആദ്യ-അവസാനങ്ങള്‍ തമ്മില്‍  അത്ഭുതകരമായ ബന്ധങ്ങള്‍ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 തുടക്കത്തിലുള്ളതിന്റെ നേര്‍ വിപരീതം പറഞ്ഞ് അവസാനിപ്പിച്ച അധ്യായവുമുണ്ട്. സൂറത്തുല്‍ മുഅ്മിനൂന്‍ തുടങ്ങുന്നത് വിജയം വരിക്കുന്ന വിശ്വാസികളെ വിവരിച്ചുകൊണ്ടാണ്. അവസാനിപ്പിക്കുന്നത് നിഷേധികള്‍ വിജയിക്കുകയില്ല എന്ന പ്രഖ്യാപനത്തോടെയും.

 

ആയത്തുകള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍

ഒന്ന്: വാക്യങ്ങളുടെ ആദ്യവും അവസാനവും തമ്മിലുള്ള ബന്ധം. ഒരു ആയത്തിന്റെ തന്നെ ആദ്യവാക്യത്തിനും അവസാനവാക്യത്തിനുമിടയില്‍ പരസ്പരബന്ധങ്ങള്‍ കാണാന്‍ സാധിക്കും. ഉദാഹരണമായി സൂറത്തുന്നൂറില്‍ അല്ലാഹു പറഞ്ഞു: ''കട്ടവന്റെയും കട്ടവളുടെയും കൈകള്‍ മുറിച്ചുകളയുക. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്; അല്ലാഹുവില്‍നിന്നുള്ള മാതൃകാപരമായ ശിക്ഷയും. അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു'' (5/38).

ഇവിടെ 'കട്ടവന്റെയും കട്ടവളുടെയും കൈകള്‍ മുറിച്ചുകളയുക' എന്ന് ആരംഭിക്കുന്ന  വാക്യം അവസാനിക്കുന്നത് 'അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു' എന്ന വാചകം കൊണ്ടാണ്. ഒരു ശിക്ഷാ നിയമത്തിന്റെ സമാപന വാക്യത്തിന് ഏറ്റവും അനുയോജ്യമായതാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു കഥ തഫ്‌സീറുകളില്‍ ഇപ്രകാരം വന്നിട്ടുണ്ട് : ''അസ്മഅ് (റ) പറയുന്നു: ഞാന്‍ എന്റെയരികില്‍ ഒരു ഗ്രാമീണനിരിക്കെ സൂറഃ അല്‍മാഇദ പാരായണം ചെയ്യുകയായിരുന്നു. ഈ വാക്യത്തിന്റെ അവസാനം അറിയാതെ ഞാനോതിയത് -ല്‍ എന്നായിരുന്നു. അപ്പോള്‍ ഗ്രാമീണന്‍ എന്നോട് ചോദിച്ചു: 'ഇത് ആരുടെ വാക്യങ്ങളണ്?' 'അല്ലാഹുവിന്റെ' ഞാന്‍ മറുപടി പറഞ്ഞു.'എങ്കില്‍ ഒന്ന് കൂടി ആവര്‍ത്തിക്കുക?'

ഞാന്‍ വീണ്ടും   എന്നോതി. പക്ഷേ, ഉടനെ എനിക്ക് തെറ്റ് ബോധ്യപ്പെട്ടു. ഞാന്‍ യഥാര്‍ഥത്തില്‍ ഉള്ളതു പോലെ  എന്ന് തിരുത്തി. ഗ്രാമീണന്‍ പറഞ്ഞു: 'ഇപ്പോഴാണ് ശരിയായത്.'

'അതെങ്ങനെയാണ് മനസ്സിലായത്?'

'പ്രതാപിയായി. അപ്രകാരം വിധിച്ചു; കട്ടവന്റെ കൈ വെട്ടണമെന്ന്. പൊറുക്കുകയും കാരുണ്യം ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ കൈ വെട്ടാന്‍ കല്‍പ്പിക്കുകയില്ലല്ലോ?'' (തഫ്‌സീറുല്‍ കബീര്‍).

 രണ്ട് : അടുത്തടുത്ത വാക്യങ്ങള്‍ തമ്മിലുള്ള ബന്ധം

സൂറത്തുല്‍ ഫാതിഹയിലെ 'ഇയ്യാക നഅ്ബ്ദു'വരെയുള്ളതും അതിന് ശേഷമുള്ളതും ഇതിനുദാഹരണമാണ്. അതുവരെ പറഞ്ഞ എല്ലാ വിശേഷണങ്ങള്‍ക്കും ഉടമയായ അല്ലാഹു ഇബാദത്ത് ചെയ്യപ്പെടാനും പ്രാര്‍ഥിക്കപ്പെടാനും അര്‍ഹനാണ് എന്ന് ഈ ക്രമത്തിലൂടെ സൂചിപ്പിക്കുന്നു.

 

പേരും പ്രതിപാദ്യവും

ചില അധ്യായങ്ങളുടെ പേരും അതിലെ പ്രതിപാദ്യവിഷയങ്ങളും തമ്മില്‍ പരോക്ഷമായ  ബന്ധമുണ്ടെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി അധ്യായം അല്‍കഹ്ഫും അതിലെ പരാമര്‍ശ വിഷയങ്ങളും. മനുഷ്യര്‍ കടന്നുപോവുന്ന പല പ്രശ്‌നങ്ങളെക്കുറിച്ചും സൂറത്തില്‍ സൂചിപ്പിക്കുന്നു. യുവാക്കളുടെ കഥയില്‍ മതപരമായതും, രണ്ട് തോട്ടമുടമകളുടെ കഥയില്‍ സാമ്പത്തികമായതും, മൂസാ- ഖിദ്ര്‍ സംഭവത്തില്‍ വൈജ്ഞാനികമായതും, ദുല്‍ഖര്‍നൈന്‍ കഥയില്‍ അധികാരസംബന്ധമായതുമായ  പരീക്ഷണങ്ങള്‍ വിവരിക്കുന്നു. ഇത്തരം പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള സങ്കേത(കഹ്ഫ്)മാണ് ഈ സൂറയുടെ ഉള്ളടക്കം എന്ന ഒരു വ്യാഖ്യാനമുണ്ട്.  ഇതിന് ഉപോദ്ബലകമായി ഒരു ഹദീസും ഉദ്ധരിക്കപ്പെടുന്നു. 'സൂറത്തുല്‍ കഹ്ഫിലെ ആദ്യ പത്ത് വാക്യങ്ങള്‍ മനഃപാഠമാക്കിയാല്‍ ദജ്ജാലില്‍നിന്നും സംരക്ഷണം ലഭിക്കും' (മുസ്‌ലിം).

വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കും സൂക്തങ്ങള്‍ക്കുമിടയിലുള്ള  പരസ്പര ബന്ധങ്ങളെക്കുറിച്ച പഠനം വളരെ താല്‍പര്യജനകമാണ്. വിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയും ഭാഷാ സൗന്ദര്യവും അത് ബോധ്യപ്പെടുത്തിത്തരും.

ശൈഖ് നൈസാബുരി എഴുതി: ''ഖുര്‍ആന്റെ അമാനുഷികത യഥാര്‍ഥത്തില്‍ അതിലെ ആയത്തുകള്‍ക്കും സൂറത്തുകള്‍ക്കുമിടയില്‍ ഒളിഞ്ഞുകിടക്കുന്ന ശക്തമായ ഇഴയടുപ്പത്തിലാണ്് കുടികൊള്ളുന്നത്. ഇത് മനസ്സിലാക്കാനായാല്‍ ഖുര്‍ആന്‍ മുഴുവനും ഒരു ഏകവചനത്തെപ്പോലെയാണെന്നും അതിന്റെ ഘടനാസൗന്ദര്യം വിസ്മയിപ്പിക്കുന്നതാണെന്നും ഏവര്‍ക്കും ബോധ്യപ്പെടും'' (അല്‍ഫസ്‌ലു വല്‍ വസ്‌ലു, പേ:39). 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (37-40)
എ.വൈ.ആര്‍

ഹദീസ്‌

സ്വയം സംസ്‌കരണത്തിന്റെ പാതയില്‍
കെ.സി ജലീല്‍ പുളിക്കല്‍