Prabodhanm Weekly

Pages

Search

2019 ജനുവരി 25

3086

1440 ജമാദുല്‍ അവ്വല്‍ 18

മതപരിവര്‍ത്തനം: വൈവിധ്യങ്ങളെ അംഗീകരിക്കുന്ന സാമൂഹിക സാഹചര്യമുണ്ടാവണം

കെ.ഇ.എന്‍

വ്യത്യസ്ത ആശയങ്ങള്‍ കൈമാറപ്പെടുമ്പോഴാണ് വ്യക്തികളും സമൂഹങ്ങളും ചിന്തയുടെ ലോകത്തിലൂടെ വിമോചിതരാകുന്നത്. മതപരിവര്‍ത്തനമെന്നത് മുമ്പും ഇന്നും വളരെ വൈകാരികമായൊരു കാര്യമായാണ് നിലനില്‍ക്കുന്നത്. ആശയങ്ങളുടെ ലോകത്തേക്ക് നമുക്ക് പ്രവേശിക്കാനായാല്‍ ഈ വൈകാരികതകളുടെ വേലിയിറക്കമാരംഭിക്കും. എന്നാല്‍ ആശയങ്ങളുടെ ലോകത്തേക്ക് നമുക്ക് പ്രവേശിക്കാനായില്ലെങ്കില്‍ നമ്മള്‍പോലും കരുതാതെ വൈകാരികതയുടെ വേലിയേറ്റത്തില്‍ പൊങ്ങുതടിപോലെ നാം ഒഴുകിപ്പോകും. അതുകൊണ്ട് മതപരിവര്‍ത്തനത്തെ ഒരു വൈകാരിക വിഷയമായല്ല കാണേണ്ടത്. മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണ്. ആഴത്തിലുള്ളൊരു സ്വയംബോധ്യത്തിന്റെ ഭാഗമായി, സ്വാഭാവികമായി വികസിച്ചുവരേണ്ടതാണത്. നമ്മുടെ രക്തത്തിന്റെ രക്തമായി, മജ്ജയുടെ മജ്ജയായി, ശരീരം മൊത്തമായി, ഭൂമിയും ലോകവും എല്ലാമായി ആവിഷ്‌കൃതമാകേണ്ടതാണത്. പുറത്തുനിന്ന് അടിച്ചേല്‍പ്പിക്കാനാകുന്നതല്ല ഒരു വിശ്വാസവും.  എല്ലാതരം അടിച്ചമര്‍ത്തലുകളെയും അതിജീവിക്കുന്ന ഒരാളുടെ അസ്തിത്വത്തിന്റെ തന്നെ ആവിഷ്‌കാരമായാണ് അതിനെ പരിഗണിക്കേണ്ടത്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ വിശ്വാസം പരിഗണിക്കപ്പെടുന്നത് ഇവ്വിധമല്ല. 

അടുത്ത കാലത്ത് ചില പ്രശ്നങ്ങളുണ്ടെങ്കിലും കേരളത്തില്‍ പൊതുവെ സാമൂഹികമായ ഇടപാടുകളും കൊടുക്കല്‍വാങ്ങലുകളും ക്രിയാത്മകമാണെന്ന് ഒരുപരിധിവരെ പറയാം. എന്നാല്‍ മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ കേരളത്തിലും അസ്വസ്ഥതയുണ്ടാക്കുന്ന മാനസികാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് ആരെങ്കിലും പോകുമ്പോള്‍ ആ ആള്‍ വന്നുചേരുന്ന മതം ആഹ്ലാദിക്കുകയും ഏത് മതത്തില്‍നിന്നാണോ പോയത് ആ മതക്കാര്‍ ദുഃഖിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. അതായത് മതപരിവര്‍ത്തനമെന്നത് മതത്തിന്റെ അപമാനത്തിന്റെയും അഭിമാനത്തിന്റെയും കാര്യമായാണ് ഇന്ന് പരിഗണിക്കപ്പെടുന്നത്. അത് സൂക്ഷ്മാര്‍ഥത്തില്‍ ശരിയാണോ? വിശകലനം ചെയ്യപ്പെടേണ്ട ഒന്നാമത്തെ കാര്യമിതാണ്. മതംമാറ്റത്തെ ഒരു വരവ് ചെലവിന്റെ, അല്ലെങ്കില്‍ ലാഭനഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതും ശരിയല്ല. അത് വ്യക്തികളുടെ പൗരാവകാശത്തിന്റെ പ്രശ്നമാണ്. 

ഇക്കാര്യത്തെ കുറിച്ച് ഏറ്റവും സൂക്ഷ്മമായ അഭിപ്രായം കേരളീയ നവോത്ഥാനത്തിന്റെ കാലത്തുതന്നെ രൂപപ്പെട്ടിട്ടുണ്ട്. കേരളീയ നവോത്ഥാനത്തില്‍ പരിഗണിക്കേണ്ട രണ്ട് പ്രധാന സംഭാഷണങ്ങളാണ് 1925 മാര്‍ച്ചില്‍ ശ്രീനാരായണഗുരുവും ഗാന്ധിയും തമ്മില്‍ നടന്നതും 1925 ഒക്‌ടോബറില്‍ ശ്രീനാരായണഗുരുവും സി.വി കുഞ്ഞിരാമനും തമ്മില്‍ നടന്നതും. അല്‍പം ദീര്‍ഘമായ ഈ സംഭാഷണങ്ങളില്‍ മതപരിവര്‍ത്തനവും കടന്നുവരുന്നുണ്ട്. ആത്മീയമായ മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്നാണ് ഗാന്ധിജിയും ഗുരുവും പറയുന്നത്. അടിച്ചമര്‍ത്തലും അവഹേളനവും മറികടക്കാന്‍ ആളുകള്‍ മതപരിവര്‍ത്തനം നടത്താറുണ്ടെന്നും അതിനവര്‍ക്ക് അവകാശമുണ്ടെന്നുമുള്ള നിലപാടാണ് ഗുരു സ്വീകരിച്ചത്. ശ്രീനാരായണഗുരു കുറച്ചുകൂടി സൂക്ഷ്മമായാണ് അഭിപ്രായം പറയുന്നത്. മതപരിവര്‍ത്തനത്തിലൂടെയുള്ള മോക്ഷത്തെ കുറിച്ച് ഗാന്ധിയുടെ നിലപാട് പുലര്‍ത്തുമ്പോള്‍ തന്നെ ഗുരു ഒരാള്‍ക്ക് മതം മാറാന്‍ തോന്നിയാല്‍ ഉടനെ മാറണമെന്നാണ് പറയുന്നത്. കാരണം ഒരു മതത്തില്‍നിന്ന് മാറാന്‍ ആഗ്രഹിക്കുന്നൊരാള്‍ ആ മതത്തില്‍ തുടരുന്നത് പിന്നെ ആ വ്യക്തിക്കും ആ മതത്തിനും അപമാനവും ഭാരവുമാണെന്നാണ് ഗുരു പറയുന്നത്. 

മതപരിവര്‍ത്തനമെന്നത് വ്യത്യസ്ത തരത്തിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. അതിലൊന്ന് രാഷ്ട്രീയ വിലപേശലാണ്. കേരളീയ നവോത്ഥാന ചരിത്രത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. 1810-ലാണ് ശകുന്തളാ ദേവി യേശു അടിയാള്‍ എന്ന പേരില്‍ മതംമാറുന്നത്. ഊഴിയംവേല (കൂലിയില്ലാത്ത വേല) ചെയ്യില്ല എന്ന സമരത്തിന്റെ ഭാഗമായാണ് അവര്‍ ഇങ്ങനെ ചെയ്തത്. മുലക്കരത്തിനെതിരെ 1803-ലെ നങ്ങേലിയുടെ ആത്മാഹുതിക്കു ശേഷം മതംമാറ്റത്തിന്റെ പേരിലുണ്ടായ ആദ്യ രക്തസാക്ഷിയായിരുന്നു അവര്‍. 

1822 മുതല്‍ 1859 വരെ നടന്ന ചാന്നാര്‍ സ്ത്രീകളുടെ സമരം മറ്റൊരു ഐതിഹാസിക സമരമായിരുന്നു. മതംമാറിയ പൂതത്താന്‍കുട്ടി ചാന്നാനും എഷക്കി ചാന്നാട്ടിയും തങ്ങളുടെ യജമാനനായിരുന്ന മാടന്‍ പിള്ളയുടെ മുന്നില്‍ പോയി തങ്ങള്‍ക്ക് വസ്ത്രം ധരിക്കാനും ജീവിക്കാനുമുള്ള അവകാശത്തിനായി വാദിച്ചതാണ് ഈ സമരത്തിന്റെ തുടക്കം. മതംമാറിയതോടെയാണ് അവര്‍ക്ക് അതിനുള്ള ധൈര്യം ലഭിച്ചത്. മതം മാറാതെ അവര്‍ക്ക് തങ്ങളുടെ യജമാനന്റെ മുമ്പില്‍ എത്താന്‍ പോലും സാധിക്കില്ലായിരുന്നു. ഇങ്ങനെ കേരള നവോത്ഥാന ചരിത്രത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു മതപരിവര്‍ത്തനം. ഇങ്ങനെ മതപരിവര്‍ത്തനത്തെ കേരളത്തിന്റെ ജനാധിപത്യചരിത്രത്തിന്റെ ഭാഗമായി കാണണം. 

ഇത്തരം കാര്യങ്ങള്‍ ഇവിടെ ഇടതുപക്ഷ ജനാധിപത്യവാദികള്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തത് ഫാഷിസ്റ്റ് ശക്തികളായിരുന്നു. അങ്ങനെയാണ് ഒ.പി ത്യാഗിയെന്നൊരാള്‍ പാര്‍ലമെന്റില്‍ മതപരിവര്‍ത്തനം നിരോധിക്കണമെന്ന ആശയമുള്ള ബില്ല് അവതരിപ്പിക്കുന്നത്. ഒ.പി ത്യാഗിയെയും ബില്ലിനെയും ഇടതുപക്ഷ ജനാധിപത്യ വാദികള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഒ.പി ത്യാഗി ആര്‍.എസ്.എസുകാരനാണെന്ന് വ്യക്തമാക്കി തന്നെ ഇ.എം.എസ് അദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. 

സവര്‍ണ പ്രത്യയശാസ്ത്രമാണ് മതപരിവര്‍ത്തനത്തെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്. കാരണം അവര്‍ക്ക് എല്ലാറ്റിനെയും തിരസ്‌കരിക്കാനല്ലാതെ, ഒന്നിനെയും സ്വീകരിക്കാന്‍ സാധിക്കില്ല. അതാണ് സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ മൗലികമായ നിലപാട്. ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നൊരു സംഭവമായിരുന്നു പിച്ചനാട്ട് കുറുപ്പന്മാരുടെ അനുഭവം. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് ഈ സംഭവം നടന്നത്. പിച്ചനാട്ട് കുറുപ്പന്മാര്‍ക്കിടയിലെ പ്രമാണിയായിരുന്ന ജി. കൃഷ്ണന്‍ വൈദ്യര്‍ തന്റെ കുടുംബം ന്യൂനപക്ഷമായതോടെ അനുഭവിച്ച പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു. അതിനായി ക്രിസ്തുമതത്തില്‍ ചേരാനാണ് ആദ്യം തീരുമാനിച്ചത്. ഇതറിഞ്ഞ മൂലൂര്‍ കൃഷ്ണന്‍ വൈദ്യരുമായി സംസാരിച്ചു. നിങ്ങള്‍ക്ക് ഈഴവരായി മാറിയാല്‍പോരേ എന്ന് മൂലൂര്‍ ചോദിച്ചു. എന്നാല്‍ അതെങ്ങനെ സാധിക്കുമെന്ന് കൃഷ്ണന്‍ വൈദ്യര്‍ ചോദിച്ചു. കാരണം അത് ഒരിക്കലും സങ്കല്‍പിക്കാനാകില്ലായിരുന്നു. ശ്രീനാരായണഗുരു വന്നാല്‍ എല്ലാം നടക്കുമെന്ന് മൂലൂര്‍ പറഞ്ഞു. 

അങ്ങനെ ഗുരുവിനെ വിവരമറിയിച്ചു. ഗുരു വന്ന് പിച്ചനാട്ട് കുറുപ്പന്മാരെ ഈഴവരാക്കി. ഇത് കേരള ചരിത്രത്തില്‍ ഒറ്റപ്പെട്ട സംഭവമായിരുന്നു. കാരണം ജാതി മാറുകയെന്നത് ഒരിക്കലും സംഭവ്യമായിരുന്നില്ല. അങ്ങനെ കുറുപ്പന്മാര്‍ തിയ്യരായി മാറി. അവര്‍ അങ്ങനെയാണ് പിന്നീട് അറിയപ്പെട്ടത്. ഈ പ്രഖ്യാപനം ഗുരു നടത്തുകയും ചെയ്തു. പ്രഖ്യാപനശേഷം ഗുരു മൂലൂരിനോട് ഇത് ചരിത്ര സംഭവമാണെന്നും അതിനാല്‍ ഇത് പദ്യത്തില്‍ റിക്കാര്‍ഡാക്കണമെന്നും അത് ആലുവ അദൈ്വതാശ്രമത്തില്‍ സൂക്ഷിക്കണമെന്നും പറഞ്ഞു. പദ്യത്തില്‍ റിക്കാര്‍ഡാക്കണമെന്നു പറയാന്‍ കാരണം, അത് എല്ലാവരുടെയും ഓര്‍മയില്‍ നില്‍ക്കാന്‍ വേണ്ടിയാണ്. 

ഈ സംഭവത്തിന്റെ ഒരു അനുബന്ധമുണ്ട്. അതുകൂടി ചേരുമ്പോഴാണ് സംഭവം പൂര്‍ണമാകുന്നത്. കൃഷ്ണന്‍ വൈദ്യര്‍ പിന്നീട് ചങ്ങനാശ്ശേരിയിലേക്ക് താമസം മാറി. അവിടെ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് ഒരു ഈഴവന്റെ ഒഴിവുണ്ടായപ്പോള്‍ അതിലേക്ക് കൃഷ്ണന്‍ വൈദ്യരെ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ അവിടെയുണ്ടായിരുന്ന ഈഴവ പ്രമാണിമാര്‍ പ്രശ്നമുണ്ടാക്കി. അവരതിന് സമ്മതിച്ചില്ല. അദ്ദേഹം പിച്ചനാട്ട് കുറുപ്പാണ്, ഈഴവനല്ല എന്നാണ് കാരണം പറഞ്ഞത്. അവസാനം പ്രശ്നം ഹജൂര്‍ കച്ചേരിയിലെ അധികാരിയായിരുന്ന ഉള്ളൂരിന്റെ അടുത്തെത്തി. ഗുരുവിന്റെ കത്തുണ്ടെങ്കില്‍ കൃഷ്ണന്‍ വൈദ്യരുടെ വാദം അംഗീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ഗുരു ഒരു കത്ത് കൊടുത്തു. ഇവര്‍ പരിശുദ്ധ ഈഴവരാണ് എന്നാണ് ഗുരു കത്തിലെഴുതിയത്. ബ്രാക്കറ്റില്‍ ചെത്താത്തവര്‍ എന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. അങ്ങനെ അദ്ദേഹത്തെ ആ പദവിയില്‍ നിയമിച്ചു. 

ഈയൊരു സംഭവം മാത്രമാണ് ജാതി മാറിയതായി ചരിത്രത്തിലുള്ളത്. ഇവിടെ മറ്റൊരു പ്രശ്നം, ഈഴവരുടെ മുകളിലുള്ള ജാതിയായ കുറുപ്പുകളെയാണ് ഗുരു ഈഴവരാക്കിയത് എന്നതാണ്. താഴേക്കാണ് ഇവിടെ മാറിയതെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 

മറ്റൊരു സംഭവമുള്ളത് പോര്‍ച്ചുഗീസുകാരനായ പച്ചികോവിന്റേതാണ്. സാമൂതിരിയുടെ പട്ടാളം കൊച്ചി രാജാവ് ഓട് മേഞ്ഞാല്‍ ആക്രമണം നടത്തുമായിരുന്നു. കാരണം ആചാരപ്രകാരം കൊച്ചി രാജാവിന് അതിനുള്ള അവകാശമുണ്ടായിരുന്നില്ല. അങ്ങനെ ഒരിക്കല്‍ കൊച്ചി ആക്രമിച്ച സാമൂതിരിയുടെ നായര്‍പട്ടാളത്തെ വയലില്‍ വെച്ച് പുലയന്മാര്‍ ഓടിച്ചു വിട്ടു. ഇതുകണ്ട പച്ചിക്കോവ് പറഞ്ഞു; പുലയന്മാരൊക്കെ നായന്മാരായെന്ന്. പച്ചിക്കോവിന്റെ കണ്ണില്‍ ധീരമായി യുദ്ധം ചെയ്യുന്നവര്‍ പട്ടാളക്കാരാണ്, നായന്മാരാണ്. അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. തമ്പുരാന്‍ വിചാരിച്ചാലും ജാതി മാറ്റാന്‍ സാധിക്കില്ലെന്ന് അപ്പോള്‍ കണ്ടന്‍ കോരു എന്ന കൊച്ചിയിലെ മന്ത്രി പറഞ്ഞുപോലും. 

ഇടശ്ശേരി തന്റെ 'വരദാനം' എന്ന കവിതയിലൂടെയും ഇതേ ആശയം പറയുന്നുണ്ട്. കുന്നിനെ കുടയാക്കിയ, കൂനിയെ സുന്ദരിയാക്കിയ ദൈവത്തിനു പോലും കഴിഞ്ഞില്ല ദാസിയെ ദാസിയല്ലാതാക്കാന്‍ എന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്. ദൈവത്തിന് പോലും ജാതിപ്രശ്നത്തില്‍ ഇടപെടാനാകില്ലെന്നാണ് ഇടശ്ശേരി വ്യക്തമാക്കുന്നത്. ഇത് ചരിത്രത്തില്‍ മേല്‍പറഞ്ഞ സംഭവത്തില്‍ ശ്രീനാരായണഗുരുവിന് മാത്രമാണ് സാധിച്ചത്. പക്ഷേ അതും മുകളില്‍നിന്ന് താഴേക്കാണ് സാധിച്ചത്. 

ജാതിമേല്‍ക്കോയ്മ എന്നത് വളരെ സങ്കീര്‍ണമായ വ്യവസ്ഥയാണ്. അതിന് ആരെയും സ്വീകരിക്കാനാവില്ല, അകറ്റാനേ സാധിക്കൂ. അതിനായി വ്യത്യസ്ത തരത്തിലുള്ള സിദ്ധാന്തങ്ങള്‍ അതിനുണ്ട്. അതുകൊണ്ട് മതപരിവര്‍ത്തന ഭീതിയെന്നത് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാനമായ ജാതിവ്യവസ്ഥയുടെ അനിവാര്യഫലമാണ്. അത് ഇന്ത്യന്‍ ജനതയുടെ സ്വഭാവമല്ല. കാരണം ഇന്ത്യന്‍ ജനത പലതരം മതപരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരതിനോട് പൊരുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ ജനത ഒന്നായി അനുകൂലിച്ചാലും, ജനാധിപത്യ വ്യവസ്ഥ പിന്തുണച്ചാലും മതംമാറ്റത്തെ ഇന്ത്യയിലെ സവര്‍ണ മേല്‍ക്കോയ്മാ വ്യവസ്ഥക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. കാരണം, അത് ഏതെങ്കിലും മതത്തിന്റെ പ്രത്യേകതയല്ല. മറിച്ച് ഇന്ത്യന്‍ സാമൂഹിക ഘടനയുടെ അടിസ്ഥാനമായ മേല്‍ക്കോയ്മാ ജാതി വ്യവസ്ഥയുടെ പ്രശ്നമാണ്. 

ഇന്ത്യന്‍ ജാതി മേല്‍ക്കോയ്മാ സാമൂഹികാവസ്ഥയുടെ ഈ പരിമിതി മനസ്സിലാക്കിയെന്നതാണ് അംബേദ്കറുടെ പ്രസക്തി. ലോകംകണ്ട വേറിട്ട മതപരിവര്‍ത്തനം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഉണ്ടായത്. 1956 ഒകടോബര്‍ 14-ാം തീയതി ഞായറാഴ്ച അംബേദ്കറുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഹിന്ദുമതം ഉപേക്ഷിക്കുന്നത് ഈ തിരിച്ചറിവില്‍നിന്നാണ്. അത് ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ്. ഇവിടെ അംബേദ്കറുടേത് ആദര്‍ശാത്മക മതപരിവര്‍ത്തനമാണെന്നു പറയാം. എന്നാല്‍ ബാക്കിയുള്ള ലക്ഷക്കണക്കിനാളുകളുടേത് അനുകരണാത്മക മതപരിവര്‍ത്തനമാണെന്നേ പറയാനാകൂ. ഇന്ത്യന്‍ സാഹചര്യത്തില്‍ അനുകരണാത്മക മതപരിവര്‍ത്തനംപോലും വളരെ വലിയ പ്രക്ഷോഭമാണ്. ചാന്നാര്‍ സമരത്തിന്റെ പ്രശ്നം ആലോചിച്ചുനോക്കുക. വസ്ത്രം ധരിക്കരുത് എന്നതിലുപരി സവര്‍ണരെ പോലെ വസ്ത്രം ധരിക്കരുതെന്നതാണ് പ്രശ്നം. ഇവിടെ സവര്‍ണരെ അനുകരിക്കുന്നതുപോലും അംഗീകരിക്കാനാകില്ലെന്നാണ് വ്യക്തമാകുന്നത്. സവര്‍ണരാകരുതെന്നല്ല, സവര്‍ണരെപോലെയാകരുതെന്നു കൂടിയാണ് ജാതിവ്യവസ്ഥ പറയുന്നത്. ഇന്ത്യന്‍ സവര്‍ണ സാമൂഹിക ഘടനയുടെ ഉള്‍ക്കൊള്ളാനുള്ള കഴിവില്ലായ്മയും പരിമിതിയുമാണ് യഥാര്‍ഥത്തില്‍ മതപരിവര്‍ത്തനത്തെ ഇത്ര വലിയ പ്രശ്നമാക്കി മാറ്റിയത്. 

ഇനി നാം ആലോചിക്കുക. ഒരാള്‍ കുറേ കാലം ഒരു മതത്തില്‍, അതിന്റെ അനുഷ്ഠാനങ്ങളില്‍ കഴിയുന്നു. പിന്നെ പെട്ടെന്നൊരു നാള്‍ മതം മാറുന്നു, ആചാരങ്ങള്‍ മാറുന്നു. ഇവിടെ മാറുന്ന ആള്‍ക്ക് ഒരു പ്രശ്നവുമില്ല. പ്രശ്നമെല്ലാം മാറാത്ത ചുറ്റുമുള്ള മറ്റുള്ളവര്‍ക്കാണ്. അവരെല്ലാവരും മസിലു പിടിച്ച് വിട്ടുവീഴ്ചയില്ലാതെ മതംമാറ്റത്തെ ഒരു വലിയ പ്രശ്നമാക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ മതംമാറിയവര്‍ ഒരു പ്രശ്നവുമില്ലാതെ നില്‍ക്കുന്നു. ഇതില്‍ വൈരുധ്യമില്ലേ എന്ന് നാം ആലോചിക്കണം. ഒരു വ്യക്തിയുടെ പൗരാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രശ്നമാണിത്. ആത്മീയ-ഭൗതിക സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണിത്. ആ അര്‍ഥത്തിലതിനെ കണ്ടാല്‍ ഈ പ്രതിസന്ധിയില്‍നിന്ന് നമുക്ക് കരകയറാനാകും. 

ഒരേ വീട്ടിലും കുടുംബത്തിലും വ്യത്യസ്ത വിശ്വാസങ്ങളുള്ളവര്‍ക്കും ഒരു മതവിശ്വാസവുമില്ലാത്തവര്‍ക്കും ഒരേപോലെ ജീവിക്കാന്‍ സാധിക്കുന്ന അവസ്ഥയാണുണ്ടാകേണ്ടത്. ഇങ്ങനെയുള്ളൊരവസ്ഥയിലേക്ക് അടുക്കുന്നതിനനുസരിച്ച് ആ സമൂഹം ജനാധിപത്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇത്തരമൊരു മാനസികാവസ്ഥ വളരെ കുറവാണ്. മതമുള്ളവനും മതമില്ലാത്തവനുമെല്ലാം ഒന്നിച്ചുള്ളൊരു വീടിന്റെ സാധ്യതകളൊന്ന് ആലോചിച്ചുനോക്കുക. രാവിലെ മുതല്‍ തന്നെ അവിടെ സംവാദങ്ങള്‍ തുടങ്ങാം. അങ്ങനെ ആശയങ്ങളുടെ സംവാദം സാധ്യമാകുന്നൊരു സമൂഹമാണ് നമുക്കാവശ്യം. ഇങ്ങനെയവസരങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ നമ്മുടെ വീടുകളും കുടുംബങ്ങളും വികസിക്കുന്നത്. 

എല്ലാ മതങ്ങള്‍ക്കും അവരില്‍നിന്ന് കുറച്ചാളുകള്‍ പോകുമ്പോള്‍ പ്രയാസമുണ്ടാകാറുണ്ട്. അത് മാറ്റിയെടുക്കാനാകുമ്പോഴാണ് നമുക്ക് കൂടുതല്‍ ജനാധിപത്യത്തോട് അടുക്കാനാവുക. അതിന് സാധിക്കുന്ന രീതിയിലേക്ക് നമുക്ക് വികസിക്കാനാകണം. ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയാണെന്ന് എല്ലാ വിശ്വാസികളും പറയാറുണ്ട്. അപ്പോള്‍ എല്ലാ വാതിലുകളും അടഞ്ഞാലും തുറന്നുവെച്ച ഒരു വാതിലെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയാണല്ലോ ഇത് നല്‍കുന്നത്. ആ പ്രതീക്ഷ നിലനിര്‍ത്താന്‍ നമുക്ക് സാധിക്കണം. അത് ജനാധിപത്യബോധം വളര്‍ത്തുന്നതിലൂടെയാണ് സാധിക്കുക. കേരള നവോത്ഥാന ചരിത്രത്തില്‍ വിശ്വാസികളല്ലാത്ത ധാരാളം ആളുകള്‍ ക്ഷേത്രപ്രവേശനം പോലുള്ള വിഷയങ്ങളില്‍ സമരത്തിന് മുന്നില്‍നിന്നത് നമുക്ക് കാണാം. അതെല്ലാം ഈയൊരു ജനാധിപത്യബോധത്തിന്റെ ഫലമായിരുന്നു. മതപരിവര്‍ത്തനങ്ങളെ വൈകാരിക തലത്തിലേക്ക് കൊണ്ടുപോകാതെ വൈചാരിക തലത്തിലേക്ക് വളര്‍ത്തുകയാണ് ചെയ്യേണ്ടത്. 

മതപരിവര്‍ത്തനം നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന അക്രമമാണ്, അവര്‍ രാജ്യത്തുനിന്ന് പുറത്തുപോകണം തുടങ്ങിയ ആശയങ്ങള്‍ ഇന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് പഴയ യാഥാസ്ഥിതിക ആശയമല്ല, ഫാഷിസ്റ്റ് ആശയമാണ്. അതായത് ഒരു വ്യക്തിയുടെ മതംമാറാനും മതം ഉപേക്ഷിക്കാനുമുള്ള പൗരാവകാശത്തെ അയാളുടെ പൗരത്വം റദ്ദ് ചെയ്യുന്ന ഒരു പ്രശ്നമായി അവതരിപ്പിക്കുകയെന്നത് വലിയ അപകടമാണ്. ഇതാണ് സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന ആശയം. 

ഇവിടെ സവര്‍ണ പ്രത്യയശാസ്ത്രം ഭൂരിപക്ഷത്തോട് പറയുന്നത്; നിങ്ങളുടെ ഭക്ഷണം ശരിയല്ല, നിങ്ങളുടെ നിറം ശരിയല്ല, നിങ്ങളുടെ വസ്ത്രം ശരിയല്ല, നിങ്ങളുടെ വിശ്വാസം ശരിയല്ല, നിങ്ങള്‍ തന്നെ ഒരു മുഴുതെറ്റാണ് എന്നാണ്. ഇത് ഒരു ബീഫിന്റെയോ മതവിശ്വാസത്തിന്റെയോ മറ്റോ പ്രശ്നമല്ല. കറുപ്പെന്ന നിറത്തിന്റെ പ്രശ്നവുമല്ല. വ്യത്യസ്ത ആചാരങ്ങളുടെ പ്രശ്നമല്ല. മറിച്ച്, ഇത് ഭൂരിപക്ഷം വരുന്ന ജനങ്ങളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിക്കുന്ന ഒരു ജനവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ പ്രശ്നമാണ്. അതിനോട് സംവാദങ്ങള്‍ നടക്കണം. അതോടൊപ്പം ജനാധിപത്യവാദികള്‍ക്കിടയിലുള്ള വൈവിധ്യങ്ങളെ അംഗീകരിക്കുന്ന സംവാദങ്ങളും നടക്കേണ്ടതുണ്ട്. 

(2018 നവംബര്‍ 26-ന് 'ഹാദിയ: മുഖ്യധാരാ ഫെമിനിസവും മുസ്ലിംഭീതിയും' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന 'മതംമാറ്റം, ലൗ ജിഹാദ്, പുരോഗമന കേരളത്തിന്റെ ആകുലതകള്‍' എന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)

തയാറാക്കിയത്:ജസ കൊടിഞ്ഞി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (37-40)
എ.വൈ.ആര്‍

ഹദീസ്‌

സ്വയം സംസ്‌കരണത്തിന്റെ പാതയില്‍
കെ.സി ജലീല്‍ പുളിക്കല്‍