Prabodhanm Weekly

Pages

Search

2019 ജനുവരി 18

3085

1440 ജമാദുല്‍ അവ്വല്‍ 11

മുഹമ്മദ് ഹാരിസ്

ഉമറുല്‍ ഫാറൂഖ്

ജിദ്ദയിലെ സണ്‍ടോപ്പ് ബിന്‍സാകര്‍ കൊറോ കമ്പനിയില്‍ ഉണ്ടായ ലിഫ്റ്റ് അപകടത്തിലാണ് മലപ്പുറം കന്മനം സ്വദേശിയായ വലിയപീടിക്കല്‍ സാദിഖ് അലി മകന്‍ മുഹമ്മദ് ഹാരിസ് ആകസ്മികമായി മരണപ്പെട്ടത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ കമ്പനിയില്‍ ഇലക്ട്രിക് ടെക്‌നീഷ്യനായി വര്‍ക്ക് ചെയ്യുകയായിരുന്നു.

ജിദ്ദയില്‍ യൂത്ത് ഇന്ത്യയുടെ രൂപീകരണ കാലം മുതലേ സജീവ പ്രവര്‍ത്തകനായിരുന്നു ഹാരിസ്. യൂത്ത് ഇന്ത്യ രൂപീകരിക്കുന്നതിനു മുമ്പ് തനിമയില്‍ സജീവമായിരുന്നു.

എല്ലാവരെയും പുഞ്ചിരിയോടെ അഭിമുഖീകരിക്കാനും ഭാഷാ ദേശ, വലുപ്പ-ചെറുപ്പവ്യത്യാസമില്ലാതെ എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാനും മിടുക്കനായിരുന്നു. 

ജോലിസ്ഥലത്തും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളിലുമുള്ള കൃത്യനിഷ്ഠ മാതൃകാപരമായിരുന്നു. മരുഭൂമിയില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ആട്ടിടയന്മാര്‍ക്കും നിര്‍ധനരായ ജോലിക്കാര്‍ക്കും വസ്ത്രവും ഭക്ഷണവും വിതരണം ചെയ്യുന്ന യൂത്ത് ഇന്ത്യയുടെ സംരംഭത്തില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചിരുന്നു. മിനയില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിലും ഹാരിസ് മുന്നില്‍ നിന്നു. ഏല്‍പിച്ച ഉത്തരവാദിത്തം പൂര്‍ണമായും ചെയ്തു തീര്‍ത്താണ് ഹജ്ജിന് വന്ന മാതാപിതാക്കള്‍ക്കുളള സേവനത്തിന് സമയം കണ്ടത്തിയത്. മഹ്ജര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ സ്ഥിരം പഠിതാവായിരുന്നു. 

ജീവിതത്തില്‍ പുലര്‍ത്തിയ നന്മകളാകണം രാത്രിയിലും ജിദ്ദയിലെ റുവൈസ് ഖബ്‌റിസ്ഥാനില്‍ ജനാസയില്‍ പങ്കെടുക്കാനെത്തിയ ജനബാഹുല്യത്തിന് കാരണം. 

 

 

 

കുന്നക്കാട്ട് ഫാത്വിമ

കന്മനം വനിതാ ഹല്‍ഖയിലെ പ്രവര്‍ത്തകയായിരുന്നു ഫാത്വിമ സാഹിബ. ജമാഅത്തംഗമായ കുന്നക്കാട്ട് ബീരാന്‍ കുട്ടി സാഹിബിന്റെ പത്‌നി. കന്മനം വനിതാ ഹല്‍ഖ രൂപീകരിച്ചതുമുതല്‍ സജീവ പ്രവര്‍ത്തകയായിരുന്നു അവര്‍. വാരാന്ത യോഗങ്ങളിലും പ്രസ്ഥാന പരിപാടികളിലും മുടക്കം കൂടാതെ പങ്കെടുത്തു.

പറവന്നൂര്‍ കേന്ദ്രമായി വനിതാ ഹല്‍ഖ രൂപീകരിച്ചപ്പോള്‍ അതിന്റെ നാസിമത്തായി. പിന്നീട് വനിതാ ഹല്‍ഖയില്‍ അംഗങ്ങള്‍ കുറഞ്ഞതു കാരണം നിര്‍ത്തിവെക്കേണ്ടതായി വന്നുവെങ്കിലും ഒറ്റക്ക് പഠന പാരായണങ്ങള്‍ മുറതെറ്റാതെ നടത്തിയിരുന്നു.

സുബൈദ റശീദ്, കന്മനം

 

 

 

വളപ്പില്‍ മുഹമ്മദ്

കന്മനം പ്രാദേശിക ജമാഅത്തിലെ പഴയകാല പ്രവര്‍ത്തകനായിരുന്നു വളപ്പില്‍ മുഹമ്മദ് സാഹിബ്. ചെറുപ്പകാലം മുതലേ കൂലിപ്പണിയും കല്ല് വെട്ടലും തൊഴിലായിരുന്ന അദ്ദേഹം, കന്മനം മമ്മി സാഹിബുമായുള്ള വ്യക്തിബന്ധത്തിലൂടെ പ്രസ്ഥാനത്തെ മനസ്സിലാക്കുകയും സജീവ പ്രവര്‍ത്തകനായി മാറുകയും ചെയ്തു.

സ്വപ്രയത്‌നത്തിലൂടെ ഖുര്‍ആന്‍ പഠിച്ചു. ഖുര്‍ആനിന്റെ നല്ലൊരു ഭാഗം മനഃപാഠമാക്കി. കോട്ടക്കല്‍ മസ്ജിദുല്‍ മനാര്‍, കന്മനം രണ്ടാല്‍ മസ്ജിദുല്‍ ഗസ്‌വ, പാറക്കല്‍ അങ്ങാടി പള്ളി എന്നിവിടങ്ങളില്‍ നമസ്‌കാരത്തിന് നേതൃത്വം കൊടുത്തിരുന്നു. ഇടക്ക് ഖുത്വ്ബകളും നിര്‍വഹിച്ചു.

പരന്ന വായനയുടെ ഉടമ കൂടിയായിരുന്നു മുഹമ്മദ് സാഹിബ്. പ്രസ്ഥാന പഠനത്തില്‍ പ്രത്യേകം താല്‍പര്യമെടുത്തു. സംശയങ്ങള്‍ക്ക് ആധികാരികമായി മറുപടി പറയാനും കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് യുക്തിദീക്ഷയോടുകൂടി മറുപടി പറയും.

ഭാര്യ ഫാത്വിമ. മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.

ടി. ഇബ്‌റാഹീം കുട്ടി, കന്മനം

 

 

 

അവറാന്‍ കുട്ടി ഹാജി

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ കാലം മുതല്‍ പ്രസ്ഥാനത്തോടൊപ്പം നടന്ന സജീവ സൗമ്യ സാന്നിധ്യമായിരുന്നു അവറാന്‍കുട്ടി ഹാജി. കോഴിക്കോട് ജില്ലയിലെ കാരയാട് കുരുടിവീട് മുക്കില്‍ ഹംദര്‍ദ് ഹല്‍ഖ തുടങ്ങിയ കാലം മുതല്‍ കൊളോക്കണ്ടി അവറാന്‍ കുട്ടി ഹാജിയും അതിന്റെ സഹയാത്രികനായി. അന്നുമുതല്‍ അവസാന നാളുകളില്‍ ശാരീരിക പ്രയാസമനുഭവിക്കുന്നതു വരെ ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും ഏത് പരിപാടികളിലും അവറാന്‍ കുട്ടി ഹാജിയുടെ സാന്നിധ്യമുാകുമായിരുന്നു. 

ആറു പേരില്‍ തുടങ്ങിയ ഹല്‍ഖയിലും പരിസരപ്രദേശങ്ങളിലെ ഹല്‍ഖകളിലുമായി ധാരാളം പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതില്‍ ഹാജിയുടെ പങ്ക്  വിസ്മരിക്കാന്‍ കഴിയാത്തതാണ്.  പരേതനായ കെ. മായന്‍ മൗലവിയും അവറാന്‍ കുട്ടി ഹാജിയുമായിരുന്നു കാരയാട്  പ്രദേശത്ത് പ്രസ്ഥാനത്തിന് വിത്തുപാകിയത്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണ കാലത്ത്  ഹാജി യാഥാസ്ഥിതിക വിഭാഗങ്ങളുടെയും കുടുംബത്തിന്റെയും എതിര്‍പ്പുകള്‍ അവഗണിച്ച് പ്രസ്ഥാനമാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.

ഹാജിയുടെയും സഹയാത്രികരായ മായന്‍ മൗലവി, കാങ്ങാട്ടുകണ്ടി മായിന്‍ സാഹിബ്, പരിപ്പുകണ്ടി മൂസ സാഹിബ്, നടക്കല്‍ അമ്മത് ഹാജി, എടച്ചേരി മീത്തല്‍ ഇബ്‌റാഹീം സാഹിബ് തുടങ്ങിയവരുടെയും അശ്രാന്തശ്രമഫലമായി പ്രദേശത്ത് 100-ല്‍ പരം കുടുംബങ്ങള്‍ ഒത്ത് ചേരുന്ന ഒരു പള്ളിയും രണ്ട് മദ്‌റസകളും സ്ഥാപിതമായി. ഇവ ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ദീര്‍ഘകാലം പ്രസിഡന്റായി മഹല്ലിനെ നയിച്ചതും അവറാന്‍ കുട്ടി ഹാജി തന്നെ. മകന്‍ കെ. ഇമ്പിച്ച്യാലി സാഹിബിനാണ് ഇപ്പോള്‍ മഹല്ലിന്റെ നേതൃത്വം.  മറ്റു മക്കളായ അമ്മത് കുട്ടി, അബ്ദുസ്സലാം, മന്‍സൂര്‍, ഖദീജ, മര്‍യം, സുബൈദ, ജമീല, ബീവി, റംല എന്നിവര്‍ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരോ സഹകാരികളോ ആണ്.

സൗമ്യമായ പുഞ്ചിരിയോടെ ആരെയും എതിരേല്‍ക്കുന്ന അവറാന്‍ കുട്ടി ഹാജി ഒരേ ഒരു കൂടിക്കാഴ്ച കൊണ്ട് തന്നെ ആരുടെയും ഹൃദയത്തിലിടം പിടിക്കും.  കുലീന കുടുംബത്തില്‍ ജനിച്ച അദ്ദേഹം വിനയം കൊണ്ട്  പ്രദേശത്തെ മുഴുവന്‍ മനുഷ്യരുടെയും അടുത്ത സുഹൃത്തായി മാറിയിരുന്നു. 

ലളിത ജീവിതം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.  വസ്ത്രം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളിലും ലാളിത്യം നിലനിര്‍ത്തുന്നതില്‍ വിജയിച്ച വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം.  

 വി.വി അബ്ദുല്‍ മജീദ്

 

 

 

റുഖിയ്യ ടീച്ചര്‍

കര്‍മനിരതയായിരിക്കെയാണ് മുട്ടാഞ്ചേരി പാലക്കുഴിയില്‍ റുഖിയ്യ ടീച്ചര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. സ്വന്തം പ്രശ്‌നങ്ങളെ മനസ്സിലൊതുക്കി മറ്റുള്ളവരുടെ സുഖദുഃഖങ്ങളില്‍ പങ്കു ചേര്‍ന്ന് നിസ്വാര്‍ഥ സേവനത്തില്‍ മുഴുകിയിരുന്ന മഹതിയായിരുന്നു റുഖിയ്യ ടീച്ചര്‍. മുട്ടാഞ്ചേരി ഹസനിയാ എ.യു.പി സ്‌കൂളില്‍ 33 വര്‍ഷം അറബി അധ്യാപികയായി ജോലി ചെയ്തിരുന്ന അവര്‍ പുത്തൂര്‍ മാനാമ്പറ്റ അഹമ്മദ് ഹാജിയുടെയും കുഞ്ഞിമറിയം ഹജ്ജുമ്മയുടെയും മകളായിരുന്നു. സുല്ലമുസ്സലാം അറബിക്കോളേജില്‍നിന്ന് അഫ്ദലുല്‍ ഉലമാ ബിരുദം നേടിയ ടീച്ചര്‍ പരേതനായ പി.കെ ഉബൈദുര്‍റഹ്മാന്‍ മാസ്റ്ററുടെ സഹധര്‍മിണിയായിരുന്നു. വിദ്യാര്‍ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ഉറ്റമിത്രമായിരുന്ന ടീച്ചര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇളയമകള്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞങ്ങളുടെ സഹോദരന്‍ മരണപ്പെട്ടത്. അനന്തരം കഠിനാധ്വാനത്തിലൂടെ മക്കളെയെല്ലാം പഠിപ്പിച്ച് ഉന്നത നിലയിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കുടുംബ ബന്ധം ചേര്‍ക്കുന്നതില്‍ സദാ വ്യാപൃതയായിരുന്നു. മുട്ടാഞ്ചേരി പ്രദേശത്തെ പാവപ്പെട്ടവരുടെ അത്താണിയായിരുന്ന ടീച്ചര്‍ നരിക്കുനി 'അത്താണി' പാലിയേറ്റീവ് വളന്റിയര്‍ കൂടിയായിരുന്നു.

ഊട്ടി ദൂരദര്‍ശനില്‍ എഞ്ചിനീയര്‍ പി.കെ അന്‍വര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡിയാട്രിക് അസി. പ്രഫ. പി.കെ അസ്‌ലം, കെ.എസ്.ഇ.ബിയില്‍ ജോലിചെയ്യുന്ന പി.കെ ബാസിമ, വിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്ക് പി.കെ ബരീറ എന്നിവര്‍ മക്കളാണ്. ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ എ. കുഞ്ഞാലി മാസ്റ്റര്‍, അബ്ദുര്‍റഹ്മാന്‍, ഇബ്‌റാഹീം, അബ്ദുല്‍ അസീസ്, അബ്ദുല്‍ മജീദ്, ഖദീജ, ജമീല ടീച്ചര്‍, സുബൈദ ടീച്ചര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

പി.കെ റംല ടീച്ചര്‍ കരുവമ്പൊയില്‍

Comments

Other Post

ഹദീസ്‌

വാര്‍ധക്യം എങ്ങനെ ഫലപ്രദമാക്കാം?
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (32-36)
എ.വൈ.ആര്‍