Prabodhanm Weekly

Pages

Search

2019 ജനുവരി 18

3085

1440 ജമാദുല്‍ അവ്വല്‍ 11

ഒരു ബൈക്കപകടത്തിന്റെ ബാക്കിപത്രം

ഹൈദറലി ശാന്തപുരം

2016 സെപ്റ്റംബര്‍ 24. എന്റെ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ദിനം. അന്നാണ് ഒരു ബൈക്കിടിച്ച് പരിക്കേറ്റ് ഞാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ശാന്തപുരം ചുങ്കത്തെ മസ്ജിദ് സല്‍മാനുല്‍ ഫാരിസിയില്‍നിന്ന് മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീടിനു സമീപത്തെ റോഡ് മുറിച്ചുകടക്കുമ്പോള്‍ അതിവേഗത്തില്‍ വന്ന ബൈക്ക് എന്നെ ഇടിച്ചു വീഴ്ത്തുകയും ഏതാനും മീറ്റര്‍ ദൂരം തള്ളിക്കൊണ്ടുപോവുകയും ചെയ്തു.

ബൈക്ക് ഇടിച്ചത് ഇടതുഭാഗത്തായിരുന്നതിനാല്‍ ശരീരത്തിന്റെ ഇടതുവശത്താണ് സാരമായ പരിക്കുണ്ടായിരുന്നത്. ഇടത്തെ ചെവി കീറിപ്പോവുകയും ഇടത്തെ കവിളിന് മുറിവ് പറ്റുകയും ഇടത്തെ ചുമലിന് ചതവ് പറ്റുകയും ഇടത്തേ ഇടുപ്പെല്ലിന്റെ ഒരു ഭാഗം പൊട്ടുകയും ഇടത്തെ ഞെരിയാണിക്കു ചുറ്റുമുള്ള മാംസവും തൊലിയും കീറി തൂങ്ങുകയും ചെയ്തിരുന്നു. പ്രാഥമികമായി കീറിയ ചെവി കൂട്ടിത്തുന്നുകയും കവിളില്‍ മരുന്നു പുരട്ടുകയും ചുമലിന് ഹാന്റ് സ്‌ലിംഗിടുകയും ഇടുപ്പെല്ല് ഓപറേഷന്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ അതിന് വെയ്റ്റിടുകയും കാലിലെ മുറിവുകള്‍ തുന്നിക്കൂട്ടി മരുന്നിടുകയും ചെയ്തു. ശരീരം ഒട്ടും ഇളക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. ഭക്ഷണം വായയില്‍ വെച്ച് തരേണ്ടിയിരുന്നു. മൂത്രത്തിന് ട്യൂബ് ഇട്ടിരുന്നു, മനസ്സുകൊണ്ടേ നമസ്‌കരിക്കാന്‍ സാധിച്ചിരുന്നുള്ളൂ.

പത്തൊമ്പത് ദിവസമാണ് ആ പ്രാവശ്യം ആശുപത്രിയില്‍ കിടന്നത്. അതിനിടയില്‍ വിവിധതരം സ്‌കാനിംഗുകള്‍, എക്‌സ്‌റേ, രക്തപരിശോധന തുടങ്ങി രോഗനിര്‍ണയത്തിനും രോഗശമനത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകള്‍ നടന്നുകൊണ്ടിരുന്നു. ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ന്യൂറോളജി, യൂറോളജി, ഡെന്റല്‍, ഗാസ്‌ട്രോ എന്റോളജി മുതലായ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ നിരന്തരം പരിശോധിച്ചുകൊണ്ടിരുന്നു. രോഗശമനത്തില്‍ ക്രമപ്രവൃദ്ധമായ പുരോഗതിയുണ്ടായി. സ്ട്രച്ചറില്‍ കിടത്തി ആംബുലന്‍സിലാണ് ആദ്യഘട്ടത്തില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നത്. പിന്നീട് വീല്‍ ചെയറില്‍ ഇരിക്കാറായി. തുടര്‍ന്ന് വാക്കറില്‍ പിടിച്ചും വാക്കിംഗ് സ്റ്റിക്കില്‍ ഊന്നിയുമായി നടത്തം. ഏതാനും മാസങ്ങള്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ സഹായമുണ്ടായിരുന്നു. ഒന്നര വര്‍ഷമെടുത്തു കാര്യങ്ങള്‍ ഏറക്കുറെ സാധാരണ ഗതിയിലാവാന്‍.

രക്തത്തില്‍ സോഡിയത്തിന്റെ അനുപാതം കുറയുകയും പൊട്ടാസ്യത്തിന്റെയും ക്രിയാറ്റിനിന്റെയും അളവ് കൂടുകയും മൂത്രത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവുകയും പനിപിടിക്കുകയും ചെയ്തതിനാല്‍ ഇടക്ക് മറ്റൊരിക്കല്‍ കൂടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകേണ്ടി വന്നു. പത്തു ദിവസത്തോളമെടുത്തു ഡിസ്ചാര്‍ജ് ആവാന്‍.

അപകടം സംഭവിച്ച് രണ്ടു വര്‍ഷത്തിലധികം കഴിഞ്ഞ ഈ സന്ദര്‍ഭത്തില്‍, നടന്ന സംഭവങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ചില വസ്തുതകള്‍ മുമ്പില്‍ തെളിയുന്നു:

* അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം സുദൃഢമാകാന്‍ ഈ അപകടം സഹായകമായി. നമ്മുടെ സൂക്ഷ്മതകൊണ്ട് മാത്രം അല്ലാഹുവിന്റെ വിധിയെ മറികടക്കാന്‍ സാധ്യമല്ല എന്ന പാഠവും അത് നല്‍കി. റോഡ് മുറിച്ചുകടക്കുമ്പോള്‍ ഏറെ സൂക്ഷ്മത പുലര്‍ത്തുന്ന പ്രകൃതമാണ് എന്റേത്. എല്ലാ ഭാഗത്തേക്കും നന്നായി നോക്കിയ ശേഷമേ റോഡ് മുറിച്ചുകടക്കാറുള്ളൂ. അപകടം സംഭവിച്ച ദിവസവും അങ്ങനെത്തന്നെയാണ് ഞാന്‍ ചെയ്തത്. പച്ചക്കറിക്കടക്ക് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പെട്ടെന്നെടുത്ത് അതിവേഗത്തില്‍ ഓടിച്ചതാണ് അപകട കാരണമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അല്ലാഹു നമുക്ക് വിധിച്ചതേ നമ്മെ ബാധിക്കുകയുള്ളൂ എന്നാണല്ലോ സത്യവിശ്വാസികളുടെ പ്രഖ്യാപനമായി അല്ലാഹു എടുത്തുദ്ധരിക്കുന്നത്.

* ആരെയും വകവെക്കാതെ സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ ചെത്തി നടക്കുന്ന നവ തലമുറയുടെ പ്രതിനിധിയായിരുന്നു ബൈക്കോടിച്ചിരുന്ന ചെറുപ്പക്കാരന്‍. മുമ്പും ഒന്നിലധികം അപകടങ്ങള്‍ വരുത്തിവെച്ച ആളാണെന്ന് പിന്നീടറിഞ്ഞു. പിതാവ് കൂലിവേല ചെയ്ത് ചെലവു നടത്തുന്ന ദരിദ്ര കുടുംബത്തില്‍പെട്ട ആളാണെങ്കിലും ചെത്തി നടക്കാനുള്ള മോഹമാണ് ബൈക്ക് സംഘടിപ്പിച്ച് അഭ്യാസങ്ങള്‍ കാണിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. അപകടം സംഭവിച്ച് മൂന്നോ നാലോ നാള്‍ കഴിഞ്ഞ് അയാള്‍ ഒരു ബന്ധുവിനോടൊപ്പം എന്നെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ വന്നു. എന്നോട് ചോദിച്ചു: 'ഞാനെന്തു വേണം?' 'ഇനി ആരുടെയും മേല്‍ നിന്റെ ബൈക്ക് കയറ്റരുത്' എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. 'ഞാന്‍ റോഡ് മുറിച്ചുകടക്കുന്നത് നിനക്ക് കാണാമായിരുന്നില്ലേ' എന്ന് ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണയാള്‍ നല്‍കിയത്. 'നിങ്ങള്‍ വണ്ടി കാണുമ്പോള്‍ ഓടുമെന്നാണ് ഞാന്‍ കരുതിയത്' എന്നായിരുന്നു മറുപടി. എത്ര നിരുത്തരവാദപരമാണ് ഈ മറുപടി! ചെറുപ്പക്കാരുടെ ബൈക്ക് കാണുമ്പോള്‍ വൃദ്ധന്മാര്‍ ഓടി രക്ഷപ്പെടണമെന്ന്!

* മനുഷ്യന് തന്റെ നിസ്സഹായാവസ്ഥ പൂര്‍ണമായി ബോധ്യപ്പെടുക അപകടത്തില്‍ പെടുമ്പോഴോ രോഗിയാവുമ്പോഴോ ഒക്കെയാണ്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും പരസഹായം ആവശ്യമായി വരും. ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും കഴിയാതെ, ഭക്ഷണം വായയില്‍ വെച്ചു തരേണ്ട നിലയിലായിരുന്നു ആദ്യ നാളുകളില്‍. ഒരേ കിടപ്പു കിടന്ന് മുതുകിലെ തൊലി പൊട്ടിപ്പോകുമോ എന്ന് ഡോക്ടര്‍മാര്‍ പോലും ആശങ്കപ്പെട്ടു. കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ മനസ്സുകൊണ്ട് നമസ്‌കരിച്ച ദിവസങ്ങള്‍. വിവിധ തരം പരിശോധനകള്‍ക്കുവേണ്ടി സ്ട്രച്ചറില്‍ കിടത്തി കൊണ്ടുപോവുകയാണ്. 'മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടത്' എന്ന ദൈവിക വചനം ഓര്‍ത്തുപോയി. ഇനിയൊരിക്കലും പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുപോകലുണ്ടാവില്ല എന്ന തോന്നല്‍ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.

അല്ലാഹുവിന്റെ കാരുണ്യാതിരേകത്താല്‍ എന്നാല്‍, ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. സ്ട്രച്ചറില്‍നിന്ന് വീല്‍ചെയറിലേക്കും വീല്‍ചെയറില്‍നിന്ന് വാക്കറിലേക്കും വാക്കറില്‍നിന്ന് വാക്കിംഗ് സ്റ്റിക്കിലേക്കുമുള്ള അനുക്രമമായ മാറ്റം. ആശുപത്രിയില്‍ സന്ദര്‍ശിച്ച പലരും ഈയടുത്ത് നേരില്‍ കണ്ടപ്പോള്‍ പറഞ്ഞു: 'താങ്കള്‍ ഒരിക്കലും ഈ അവസ്ഥയിലേക്ക് തിരിച്ചുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.'

 

* രോഗാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ആശ്വാസം പകരുന്നതാണ് സ്‌നേഹ ജനങ്ങളുടെ സന്ദര്‍ശനം. അതിനാലാണ് രോഗി സന്ദര്‍ശനം മുസ്‌ലിംകളുടെ ബാധ്യതയാണെന്ന് നബി(സ) ഒന്നിലധികം വചനങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നു. കുടുംബാംഗങ്ങള്‍, പ്രസ്ഥാന പ്രവര്‍ത്തകര്‍, നാട്ടുകാര്‍, പരിചിതര്‍ തുടങ്ങി എല്ലാവരുടെയും സന്ദര്‍ശനം ആശ്വാസവും സന്തോഷവും പകരുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം നിരന്തരം സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരുന്നു. ഹോസ്പിറ്റലിലും വീട്ടിലും ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്തിയത് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബാണ്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി ശാന്തപുരത്ത് വന്നപ്പോള്‍ ടി.കെ അബ്ദുല്ല സാഹിബിന്റെ കൂടെ എന്നെ സന്ദര്‍ശിച്ചു.

* ആരോഗ്യാവസ്ഥയില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരിക്കുമ്പോള്‍ അത് മനസ്സിന് പ്രയാസമുണ്ടാക്കും. ശാന്തപുരം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ്, മജ്‌ലിസുല്‍ ജാമിഅ, മജ്‌ലിസുല്‍ ഇദാറ, ശാന്തപുരം മഹല്ല് കമ്മറ്റി, വാര്‍ഡ് കമ്മിറ്റി, പത്തിരിപ്പാല മൗണ്ട് സീനാ ട്രസ്റ്റ്, പ്രാദേശിക ജമാഅത്ത്, പ്രാദേശിക പ്രവര്‍ത്തക സംഗമം എന്നിവയുടെ യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് മാനസികമായ വിഷമമുണ്ടാക്കി. ഏറെ താല്‍പര്യപൂര്‍വം പങ്കെടുക്കാറുള്ള മജ്‌ലിസെ നുമാഇന്ദഗാന്റെ (കേന്ദ്ര പ്രതിനിധിസഭ) രണ്ടു യോഗങ്ങളില്‍ സംബന്ധിക്കാന്‍ സാധിച്ചില്ല. സാധാരണ നിര്‍വഹിക്കാറുള്ള ഏതെങ്കിലും പുണ്യകര്‍മങ്ങള്‍ രോഗമോ മറ്റു ന്യായമായ കാരണങ്ങളോ ഹേതുവായി നിര്‍വഹിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ഉദ്ദേശ്യശുദ്ധിയനുസരിച്ച് അല്ലാഹു അതിന് പ്രതിഫലം നല്‍കുമെന്ന പ്രവാചക വചനമാണ് ഏറെ ആശ്വാസം പകരുന്നത്.

* മനുഷ്യശരീരത്തില്‍ അല്ലാഹു നിക്ഷേപിച്ചിട്ടുള്ള ധാതുക്കളുടെ അനുപാതത്തില്‍ അല്‍പം പോലും ഏറ്റക്കുറവ് സംഭവിച്ചാല്‍ അത് വലിയ അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവെക്കുമെന്ന് ബോധ്യപ്പെട്ടു. സോഡിയത്തിന്റെ അളവ് അല്‍പം കുറഞ്ഞപ്പോള്‍ ശാരീരികമായും മാനസികമായും അത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. ശരീരത്തിന്റെ ബാലന്‍സും മനസ്സിന്റെ സമനിലയും തെറ്റാന്‍ അതുമതി. മറവി, ഓര്‍മക്കുറവ്, നാക്കുപിഴവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ വേറെയും. സോഡിയം, ക്രിയാറ്റിന്‍ എന്നിവയുടെ അളവ് വര്‍ധിച്ചതും പ്രശ്‌നമുണ്ടാക്കി. സ്രഷ്ടാവിന്റെ സൃഷ്ടിപ്പിന് ഏതെങ്കിലും തരത്തില്‍ വൈകല്യം സംഭവിക്കുമ്പോള്‍ അതെത്ര പ്രശ്‌നസങ്കീര്‍ണമാവുമെന്ന് ബോധ്യമായി.

 

* പ്രാര്‍ഥന സത്യവിശ്വാസിയുടെ ആയുധമാണ് എന്ന പ്രവാചക വചനം അന്വര്‍ഥമാക്കുന്നതായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തെ അനുഭവങ്ങള്‍. സ്വന്തം പ്രാര്‍ഥന പോലെ അല്ലാഹു വിലമതിക്കുന്നതാണ് മറ്റുള്ളവരുടെ പ്രാര്‍ഥനകളും. ആവശ്യമുള്ള ചികിത്സയോടൊപ്പം സ്‌നേഹജനങ്ങളുടെ പ്രാര്‍ഥനകളും രോഗശമനത്തില്‍ പങ്കു വഹിച്ചുവെന്നതാണ് അനുഭവം.

* ഒരപകടത്തില്‍പെട്ടുവെങ്കിലും അല്ലാഹു മഹത്തായ അനുഗ്രഹമാണ് നല്‍കിയതെന്ന് ബോധ്യപ്പെട്ടു. ബൈക്കപകടങ്ങളില്‍ പലപ്പോഴും ജീവഹാനി സംഭവിക്കാറുണ്ട്, തലക്കും നട്ടെല്ലിനും പരിക്കു പറ്റി വര്‍ഷങ്ങളോളം ശയ്യാവലംബിയായി കഴിയേണ്ടി വരാറുണ്ട്. അതില്‍നിന്നെല്ലാം അല്ലാഹു കാത്തു. അവന്‍ നല്‍കിയ വലിയ അനുഗ്രഹമായി അതിനെ കാണുന്നു.

ആപത്തുകള്‍ സത്യവിശ്വാസിയുടെ പാപമുക്തിക്ക് സഹായകമാകുമെന്ന നബിവചനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. നബി (സ) പറഞ്ഞു: 'സത്യ വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ! അവന്റെ എല്ലാ കാര്യവും അവന് ഗുണമായിരിക്കുന്നു. അത് സത്യവിശ്വാസിക്ക് മാത്രമുള്ളതാണ്. അവന് സന്തോഷദായകമായ വല്ലതും സംഭവിക്കുകയാണെങ്കില്‍ അവന്‍ നന്ദി കാണിക്കുന്നു അപ്പോള്‍ അവന്നത് ഗുണകരമായിരിക്കും. അവന് വിഷമകരമായ വല്ലതും സംഭവിക്കുകയാണെങ്കിലോ അവന്‍ ക്ഷമ കൈക്കൊള്ളും. അപ്പോള്‍ അവന് അതും ഗുണകരമായിരിക്കും.' 

Comments

Other Post

ഹദീസ്‌

വാര്‍ധക്യം എങ്ങനെ ഫലപ്രദമാക്കാം?
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (32-36)
എ.വൈ.ആര്‍