Prabodhanm Weekly

Pages

Search

2019 ജനുവരി 18

3085

1440 ജമാദുല്‍ അവ്വല്‍ 11

'മാധ്യമ' ജീവിതം

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-10 )

1964 ജൂണില്‍ പ്രബോധനം പാക്ഷികത്തിലൂടെയാണ് മാധ്യമ രംഗത്തേക്കുള്ള എന്റെ ചുവടുവെപ്പ് എന്ന് നടേ അനുസ്മരിച്ചല്ലോ. അക്കാലം മുതല്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിനിധീകരിക്കുന്ന, എന്നാല്‍ പൊതുസമൂഹത്തെ കൃത്യമായി അഡ്രസ് ചെയ്യുന്ന ശക്തമായ ഒരു ദിനപത്രം എന്ന പൂതി മനസ്സില്‍ കൊണ്ടുനടന്നിരുന്നു. മാതൃഭൂമിയും മലയാള മനോരമയും കേരള കൗമുദിയും ദേശാഭിമാനിയുമടക്കമുള്ള മലയാള പത്രങ്ങള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് പുലര്‍ത്തുന്ന അജ്ഞതയും മുന്‍ധാരണാപരമായ സമീപനവും ഒരുവശത്ത്; മറുവശത്ത് മുസ്‌ലിം സമുദായത്തിന്റെ എന്നതിനേക്കാള്‍ മുസ്‌ലിം ലീഗിന്റെ ജിഹ്വയായ ചന്ദ്രികയുടെ സാരമായ പരിമിതിയും കാലോചിത മാറ്റത്തിന്റെ നേരെ കാണിച്ച വിമുഖതയും. അറുപതുകളുടെ ഒടുവിലാണെന്നാണ് ഓര്‍മ, എന്റെ വികാരവും വിചാരവും വ്യക്തമാക്കുന്ന ഒരു ലേഖനം ശാന്തപുരം ഇസ്‌ലാമിയ കോളേജിന്റെ സുവനീറില്‍ ഞാന്‍ എഴുതുകയുണ്ടായി. പില്‍ക്കാലത്ത് എരഞ്ഞിപ്പാലത്തെ 'നഫീസത്തി'ല്‍ താമസിക്കെ കേരളത്തിന്റെ പ്രഥമ ചീഫ് എഞ്ചിനീയറും സമുദായസ്‌നേഹിയുമായ കുട്ട്യമ്മു സാഹിബ് ആ ലേഖനത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് അദ്ദേഹം പിരിഞ്ഞ സമയമായിരുന്നു അത്. 'താങ്കള്‍ സൂചിപ്പിച്ച ശൂന്യത നികത്തപ്പെടണം' എന്നദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

എണ്‍പതുകളില്‍ ഖത്തറില്‍നിന്ന് തിരിച്ചെത്തി ഇസ്‌ലാഹിയാ കോളേജിന്റെ പ്രിന്‍സിപ്പല്‍ ചുമതല ഏറ്റെടുത്ത ശേഷവും മനസ്സില്‍ ദിനപത്രമെന്ന സ്വപ്‌നം പൊലിയാതെ നിന്നു. പക്ഷേ,  ഇസ്‌ലാമിക പ്രസ്ഥാനം അത്തരമൊരു സാഹസത്തിന് ഒരുെമ്പടാതെ സ്വപ്‌നം പൂവണിയാന്‍ ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. പ്രസ്ഥാനമാകെട്ട മുമ്പ് പലതവണ ആലോചിച്ച് ഉേപക്ഷിച്ചതാണ് ഐഡിയ. ബാധ്യതകളും സാധ്യതകളും കൂട്ടിക്കിഴിച്ചാല്‍ ബാക്കിയാവുന്നത് നെഗറ്റീവ് ബാലന്‍സാണെന്നതാണ് കാരണം. എന്തുമാവെട്ട ഒരിക്കല്‍കൂടി ശ്രമം പുനരാരംഭിക്കണമെന്നായി മനസ്സ്. അപ്പോഴാണ് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അറബിക് പ്രഫസറായ കെ.എ സിദ്ദീഖ് ഹസന്‍ പത്ര പ്രോജക്ടുമായി രംഗത്തിറങ്ങുന്നത്. ജമാഅത്ത് നേതാക്കളില്‍ പലരുടെയും പിന്തുണ അദ്ദേഹം ഉറപ്പാക്കി. ദിനപത്രത്തിന്റെ അതിജീവന സാധ്യത സാധൂകരിക്കുന്ന റിപ്പോര്‍ട്ടും അദ്ദേഹം തരപ്പെടുത്തി. ജമാഅത്തിന്റെ കേരള ഘടകത്തിന്റെ അമീര്‍ കെ.സി അബ്ദുല്ല മൗലവിയുമായി സംസാരിക്കാന്‍ അദ്ദേഹം എന്നെയാണ് ചുമതലപ്പെടുത്തിയത്. ഞാനേദ്ദഹത്തിന്റെ മുന്നില്‍ സംഗതി അവതരിപ്പിച്ചപ്പോള്‍ ആദ്യത്തെ ചോദ്യം: 'നമുക്കത് വേണോ? അതിനു മാത്രം നാം വളര്‍ന്നോ?' 'നമുക്കൊരു മുഖപത്രമോ സമുദായത്തിനൊരു ദിനപത്രമോ വേണ്ട. പക്ഷേ, പൊതുസമൂഹത്തിലേക്ക് നമുക്കൊരു പാലം പണിയണം. താങ്കള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രബോധന രംഗത്താണല്ലോ. അത് കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാനും അമുസ്‌ലിം ബുദ്ധിജീവികളുമായി ബന്ധം സ്ഥാപിക്കാനും മികച്ച മാധ്യമമാവും ആ രീതിയിലുള്ള ദിനപത്രം. ഒപ്പം ഇപ്പോള്‍ നടക്കുന്ന ശരീഅത്ത് വിവാദം താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. തീര്‍ത്തും ഏകപക്ഷീയമാണ് മാധ്യമങ്ങളുടെ നിലപാട്. ഇസ്‌ലാമിനെയും ശരീഅത്തിനെയും പ്രതിക്കൂട്ടില്‍ കയറ്റാന്‍ പത്രങ്ങള്‍ പരസ്പരം മത്സരിക്കുകയാണ്. ഇത് നേരിടാനും ദിനപത്രം കൂടിയേ തീരൂ.' ഞാന്‍ വിശദീകരിച്ചതിന്റെ രത്‌നച്ചുരുക്കം ഇതായിരുന്നു.

അദ്ദേഹത്തിന് സംഗതിയുടെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെട്ടതായി തോന്നി. 'എങ്കില്‍ അല്ലാഹുവില്‍ തവക്കുലാക്കി ഇറങ്ങുക തന്നെ, വരുംപോലെ വരെട്ട' എന്നായിരുന്നു പ്രതികരണം. പിന്നെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അല്‍മദീന ചാരിറ്റബ്ള്‍ ട്രസ്റ്റും പത്ര പ്രസിദ്ധീകരണത്തിന് ഐഡിയല്‍ പബ്ലി

േക്കഷന്‍സ് ട്രസ്റ്റും രജിസ്റ്റര്‍ ചെയ്തു. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പൗരപ്രധാനികളുടെ സംഗമങ്ങള്‍ വിളിച്ചുചേര്‍ത്ത് സഹായ സഹകരണങ്ങള്‍ തേടി. കെ.സി തന്നെയാണ് നേതൃത്വം നല്‍കിയത്. വി.കെ ഹംസ അബ്ബാസിനെയും കൂട്ടി കെ.സി ഗള്‍ഫ് സന്ദര്‍ശനത്തിനിറങ്ങി. ജി.സി.സി രാജ്യങ്ങളില്‍ മുഴുക്കെ പര്യടനം നടത്തി. ആവേശകരമായ പ്രതികരണമായിരുന്നു എല്ലായിടത്തും. വെള്ളിമാടുകുന്നില്‍ നേരത്തേ പെരിങ്ങാടിയിലെ കെ.എം രിയാലു പത്രപ്രസിദ്ധീകരണം ലക്ഷ്യമിട്ട് സ്ഥാപിച്ച റോഷ്‌നി പ്രിന്റിംഗ് പ്രസും അതോടനുബന്ധിച്ച് ലക്കി മുഹമ്മദ് കോയ ഹാജി(മൂഴിക്കല്‍)യുടെ ഉടമസ്ഥതയിലുള്ള 45 സെന്റ് ഭൂമിയും വിലയ്‌ക്കെടുത്തു. ഹാജി വാങ്ങിയ വിലയ്ക്കാണ് സ്ഥലം കച്ചവടം ചെയ്തത്. റോഷ്‌നി പ്രസ് ദിനപത്രം അച്ചടിക്കാന്‍ പര്യാപ്തമായിരുന്നില്ല. 12 പേജ് ബ്ലാക് ആന്റ് വൈറ്റ് പത്രമടിക്കാവുന്ന ബന്ദു മെഷീന് ദല്‍ഹിയില്‍ ഓര്‍ഡര്‍ കൊടുത്തു. ഒരു കോടിയാണ് മൊത്തം ലക്ഷ്യമിട്ടതെങ്കിലും 80 ലക്ഷമേ സമാഹരിക്കാനായുള്ളൂ. എങ്കിലും തുടങ്ങിയിട്ട് മതി ബാക്കി എന്ന് തീരുമാനിച്ചു. 'വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു വഴിത്തിരിവ്' എന്ന തലക്കെട്ടോടെ പോസ്റ്റര്‍ ഇറക്കി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ പുറത്ത് ഒട്ടിച്ചിട്ടു. ഡി.ടി.പിയുടെ മുന്‍ഗാമിയായ പി.ടി.എസ് നാലെണ്ണത്തിന് ലണ്ടനില്‍ ഓര്‍ഡര്‍ കൊടുത്തു. ഒന്ന് എത്തിയപാടേ കേടുവന്നു. ബാക്കി മൂന്നെണ്ണവുമായിട്ടായിരുന്നു പടപ്പുറപ്പാട്. ഓപറേറ്റര്‍മാരുടെ പരിചയക്കുറവും മെക്കാനിക്കുകളുടെ പിടിപ്പുകേടും പുത്തരിയില്‍ കല്ലുകടിക്ക് കാരണമായെങ്കിലും കേരളം മുഴുക്കെയും ബാംഗ്ലൂരും ചെന്നൈയും  ബോംബെയും അറേബ്യന്‍ ഗള്‍ഫും വിതരണ ശൃംഖലയില്‍ വരുന്ന  ഒരു പത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനവും തികച്ചും അപര്യാപ്തമായിരുന്നെങ്കിലും വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു വഴിത്തിരിവ് സൃഷ്ടിക്കാനുള്ള അതിസാഹസത്തിന്റെ മുന്നില്‍ തടസ്സങ്ങള്‍ വഴിമാറുക തന്നെ ചെയ്തു. 

കോരിച്ചൊരിയുന്ന മഴയത്ത് 1987 മെയ് 31-ന് വെള്ളിമാടുകുന്നില്‍ കെട്ടിയുണ്ടാക്കിയ ടാര്‍പോളിന്‍ പന്തലില്‍ കെ.സി അബ്ദുല്ല മൗലവിയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും പി.കെ ബാലകൃഷ്ണന്റെയും സുകുമാര്‍ അഴീക്കോടിന്റെയും തിങ്ങിനിറഞ്ഞ അഭ്യുദയകാംക്ഷികളുടെയും  സാന്നിധ്യത്തില്‍ രാജ്യത്തെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ പ്രകാശനം ചെയ്ത 'മാധ്യമം' ദിനപത്രം അതിന്റേതായ ഇടം കണ്ടെത്താന്‍ അധികനാള്‍ വേണ്ടിവന്നില്ല. 'വര്‍ഗീയവാദികളും മതമൗലികവാദികളും അറബിപ്പണം കൊണ്ട് പണിതുയര്‍ത്തിയ ഈ ചീട്ടുകൊട്ടാരം' താമസിയാതെ നിലംപൊത്തുമെന്ന് പകല്‍കിനാവ് കണ്ടവര്‍ ഏറെ. പി.കെ ബാലകൃഷ്ണനെ തലപ്പത്ത് പ്രതിഷ്ഠിച്ച് മലയാളികളെ വിഡ്ഢികളാക്കുന്ന ഇക്കളിയുടെ മുഖംമൂടി ഉടന്‍ അഴിഞ്ഞുവീഴുമെന്ന് പ്രവചിച്ച മേതതര ചാവേറുകളുടെ മനോരാജ്യം ഒരുവശത്ത്. 'മൗദൂധ്യമ'ത്തിന് മുസ്‌ലിം സമുദായത്തെ കബളിപ്പിക്കാനാവില്ലെന്ന് വിധിയെഴുതിയവര്‍ വേറൊരു വശത്തും. കേരളത്തിലെ നൂറുകണക്കിന് പള്ളി മിമ്പറുകളിലെ ജുമുഅ പ്രസംഗങ്ങളില്‍ രൂക്ഷമായ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങാന്‍ സൗഭാഗ്യമുണ്ടായ ഒരേയൊരു പത്രവും മാധ്യമമായിരിക്കും. ശരി ആരുടെ പക്ഷത്തായാലും കലവറയില്ലാതെ പിന്തുണക്കുകയും തെറ്റ് ആരുടേതാണെങ്കിലും തുറന്നെതിര്‍ക്കുകയും ചെയ്യുകയെന്ന നിലപാടാണ് പലര്‍ക്കും രസിക്കാതെ പോയത്. ചിലരുടെ അസൂയയും കണ്ണുകടിയും എതിര്‍പ്പിന്റെ പിന്നിലുണ്ടായിരുന്നെന്ന് പറയാതെവയ്യ.

മലയാളികളില്‍ നല്ലൊരു വിഭാഗം മാധ്യമത്തിന്റെ വരിക്കാരും വായനക്കാരുമായതോടൊപ്പം, പരസ്യങ്ങള്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തിയ തത്ത്വദീക്ഷയും പുതിയൊരു പത്രത്തിന് പരസ്യങ്ങള്‍ ലഭിക്കുന്നതിലുള്ള പ്രയാസവും വരവു-ചെലവുകളുടെ ക്രമീകരണത്തില്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ കമ്മിയുമെല്ലാം ചേര്‍ന്ന്, ഒന്നുരണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴേക്ക് സാമ്പത്തിക പ്രതിസന്ധി അപരിഹാര്യമായ പതനത്തിലെത്തിയതായി തോന്നി. ജ്യേഷ്ഠന്‍ അബ്ദുല്ലയെയോ എന്നെയോ കൂടെക്കൂട്ടിയും അല്ലാതെയും സിദ്ദീഖ് ഹസന്‍ സാഹിബ് മുട്ടിയ വാതിലുകള്‍ പിന്നെ പിന്നെ തുറക്കാതെയായി. ന്യൂസ് പ്രിന്റ് ലഭ്യത പലപ്പോഴും തടസ്സപ്പെട്ടപ്പോള്‍ സഹജീവികളുടെ സഹകരണം തേടേണ്ടിവന്നു. അപ്പോഴും ഒരു മാസം പോലും ശമ്പളം വൈകിയില്ലെന്ന വസ്തുത ജീവനക്കാരുടെ പിന്തുണയും സഹകരണവും ഉറപ്പാക്കി. പക്ഷേ, കടബാധ്യത കണക്കിലധികം വര്‍ധിച്ചാല്‍ പിടിച്ചുനില്‍ക്കുക പ്രയാസകരമാവുമെന്ന ആശങ്ക ഐ.പി.ടിയെ കുഴക്കിയപ്പോള്‍ കെ.സി അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തിന് 'മാധ്യമം' നിര്‍ത്തിക്കളയാനുള്ള തീരുമാനത്തിലേക്കാണ് പോവേണ്ടിവന്നത്. തദവസരത്തില്‍ സിദ്ദീഖ് ഹസന്‍ സാഹിബും വി.കെ ഹംസ സാഹിബും ഞാനും ചേര്‍ന്ന് മൂന്നു മാസത്തെ അവധി ചോദിച്ചുവാങ്ങുകയായിരുന്നു. സിദ്ദീഖ് ഹസന്‍ സാഹിബ് കേരളത്തിലും ഹംസ സാഹിബും ഞാനും ഗള്‍ഫിലും ധനസമാഹരണത്തിനിറങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടാന്‍ പോവുകയാണെന്ന ദുഃഖവാര്‍ത്തയറിയിച്ചപ്പോള്‍ മുന്നോട്ടുവെച്ച കാല്‍ ഒരു കാരണവശാലും പിന്നോട്ട് വലിക്കരുതെന്നായിരുന്നു പ്രസ്ഥാന ബന്ധുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഏകകണ്ഠമായ പ്രതികരണം. അങ്ങനെ രണ്ടാമത്തെ വിഭവസമാഹരണ യത്‌നവും സഫലമായി. കടബാധ്യതയില്‍നിന്ന് മുക്തമായതോടെ പത്രം തുടര്‍ന്നു നടത്താന്‍ മാത്രമല്ല കൂടുതല്‍ പേജുകളോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍നിന്ന് പതിപ്പുകളിറക്കാനുമുള്ള ആത്മവിശ്വാസം കൈവന്നു. കൊച്ചി (1993), തിരുവനന്തപുരം (1996), കണ്ണൂര്‍ (1999), മലപ്പുറം (2002) , കോട്ടയം (2005), തൃശൂര്‍ (2009)  എന്നീ എഡിഷനുകള്‍ക്കു പുറമെ അേറബ്യന്‍ ഗള്‍ഫില്‍നിന്ന് ആദ്യമായി പതിപ്പിറക്കിയ ഇന്ത്യന്‍ പത്രം മാധ്യമമാണ്. ഗള്‍ഫിലേക്ക് അതത് ദിവസത്തെ പത്രമെത്തിക്കാന്‍ മുംബൈ എഡിഷന്റെ സാധ്യതകള്‍ പഠിക്കാന്‍ പോയ വി.കെ ഹംസ അബ്ബാസ് ചെന്നിറങ്ങിയത് ബഹ്‌റൈനില്‍. ദിനേന വ്യോമമാര്‍ഗം ബഹ്‌റൈനിലെത്തുന്ന പത്രം അവിടെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വിതരണം ചെയ്യാനുള്ള സാധ്യതാപഠനം അദ്ദേഹത്തെ എത്തിച്ചത് ബഹ്‌റൈനില്‍നിന്നുതന്നെ മാധ്യമം എന്തുകൊണ്ട് അച്ചടിച്ച് വിതരണം ചെയ്തുകൂടാ എന്ന ആലോചനയിലാണ്. ബഹ്‌റൈനിലെ സമാദരണീയ പണ്ഡിതനായ നിളാം യഅ്ഖൂബിയാണ് അദ്ദേഹത്തോട് ആ ചോദ്യം എടുത്തിട്ടത്. രണ്ടുപേരും ചേര്‍ന്ന് തുടര്‍ന്നു നടത്തിയ ഓപറേഷനില്‍ അല്‍ അയ്യാം എന്ന പ്രാദേശിക പത്രം അച്ചടിക്കുന്ന പ്രസില്‍നിന്ന് മാധ്യമത്തിന്റെ പതിപ്പ് പുറത്തിറക്കാന്‍ വഴിയൊരുങ്ങി. അപ്രകാരം ബഹ്‌റൈന്‍ (1999), ദുബൈ (2002), ദോഹ (2003), കുവൈത്ത് (2006), ജിദ്ദ (2007), രിയാദ് (2007), ദമ്മാം (2007), ഒമാന്‍ (2010) എന്നീ പതിപ്പുകളും യാഥാര്‍ഥ്യമായി. ഇവയെല്ലാം ഗള്‍ഫ് മാധ്യമം എന്ന പേരിലാണ് പുറത്തിറങ്ങിയത്. ഹംസ അബ്ബാസാണ് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍. മാധ്യമം യാഥാര്‍ഥ്യമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പ്രവാസി മലയാളികളുടെ നിസ്വാര്‍ഥമായ സഹകരണം മൂലം ഹ്രസ്വകാലത്തിനകം ഗള്‍ഫ് മാധ്യമം വന്‍ വിജയമായി. പ്രവാസികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്കുമിടയിലെ പാലമായി വര്‍ത്തിച്ചതോടൊപ്പം അവരുടെ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനും പത്രത്തിന് കഴിഞ്ഞു. 2013-ല്‍ സംപ്രേഷണമാരംഭിച്ച മീഡിയവണ്‍ ചാനലിന് കളമൊരുക്കിയതിലും ഗള്‍ഫ് മാധ്യമത്തിന് അനിേഷധ്യ പങ്കുണ്ട്. മാധ്യമത്തെ തുടര്‍ന്ന് മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി, ചന്ദ്രിക, സിറാജ്, വര്‍ത്തമാനം, തേജസ് എന്നീ മലയാള പത്രങ്ങള്‍ കൂടി വിവിധ ഗള്‍ഫ് നാടുകളില്‍നിന്ന് പതിപ്പുകളിറക്കിത്തുടങ്ങിയെങ്കിലും മുഴുവന്‍ ജി.സി.സിയെയും ശൃംഖലയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് മാധ്യമത്തിന് മാത്രമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലെയും വാര്‍ത്തകള്‍ ഉള്‍ക്കൊള്ളാന്‍ ഗള്‍ഫ് മാധ്യമത്തിന് സാധിച്ചതാണ് അതിന്റെ സ്വീകാര്യതക്കൊരു പ്രധാന കാരണം.

രാജ്യത്ത് മലയാളം ക്ലാസിക് ഭാഷാ പദവി നേടിയെടുത്ത ചരിത്ര സന്ദര്‍ഭത്തില്‍ ദുബൈയില്‍ മാധ്യമം സംഘടിപ്പിച്ച 'മധുരമെന്‍ മലയാളം' എന്ന സവിശേഷ പരിപാടി അവിസ്മരണീയ സംഭവമായിരുന്നു. നാനാജീവിതതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി മഹാരഥന്മാരെ അഭൂതപൂര്‍വമായ ജനാവലിയെ സാക്ഷിനിര്‍ത്തി ആദരിച്ച ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍, സുഗതകുമാരി, സച്ചിദാനന്ദന്‍, ഡോ. ഗംഗാധരന്‍ (ഒാേങ്കാളജിസ്റ്റ്), മമ്മൂട്ടി, മോഹന്‍ലാല്‍, യേശുദാസ്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, വി.എം കുട്ടി എന്നിവരാണ് ആദരിക്കപ്പെട്ടത്. പിന്നീടും വിവിധ നാടുകളില്‍ ഗള്‍ഫ് മാധ്യമത്തിന്റെ ആഭിമുഖ്യത്തില്‍ ജാതിമതഭേദം കൂടാതെ പതിനായിരങ്ങളെ ആകര്‍ഷിച്ച ആേഘാഷങ്ങള്‍ അരങ്ങേറി. 2017 മാര്‍ച്ചില്‍ തുഞ്ചന്‍പറമ്പില്‍ 'മാധ്യമം' സംഘടിപ്പിച്ച സാഹിത്യോത്സവമാണ് എടുത്തുപറേയണ്ട മറ്റൊരു സംഭവം. ഗാന്ധിജിയുടെ പൗത്രന്‍ രാജ്‌മോഹന്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത സാഹിത്യോത്സവത്തില്‍ സാഹിത്യവും കലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ സക്കറിയ, സി. രാധാകൃഷ്ണന്‍, കെ.പി രാമനുണ്ണി, ടി. പത്മനാഭന്‍, സച്ചിദാനന്ദന്‍, പെരുമ്പടവം ശ്രീധരന്‍ മുതലായവരും സിനിമയില്‍നിന്ന് ജോയ് മാത്യു, മഞ്ജു വാരിയര്‍, ഭാഗ്യലക്ഷ്മി എന്നിവരും പങ്കെടുത്തു. സാഹിത്യ കലാ കുതുകികളായ യുവാക്കളുടെ നിറഞ്ഞ പങ്കാളിത്തമായിരുന്നു ഉത്സവത്തെ ഏറ്റവും ശ്രദ്ധേയമാക്കിയത്.

സി.എ. കരീം, ഇബ്‌റാഹീം കോട്ടക്കല്‍, വി.എം ഇബ്‌റാഹീം, കാസിം ഇരിക്കൂര്‍, ഫിറോസ് ഖാന്‍ തുടങ്ങിയ മുതിര്‍ന്ന സ്റ്റാഫംഗങ്ങള്‍ വിവിധ ഗള്‍ഫ് ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. അതേസമയം, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിലും പത്രം പ്രസ്താവ്യ പങ്കാണ് വഹിച്ചത്. 1980-ല്‍ ഖത്തറിനോട് വിടപറഞ്ഞതില്‍പിന്നെ പലപ്പോഴും ജി.സി.സി രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ എനിക്കവസരം ലഭിച്ചിരുന്നെങ്കിലും ഗള്‍ഫ് മാധ്യമത്തിന്റെ രംഗപ്രവേശനത്തോടെയാണ് അത് പൂര്‍വാധികം വര്‍ധിച്ചത്. ഈ യാത്രകളില്‍ ഒട്ടേറെ അറബി പ്രമുഖരുമായും പണ്ഡിതന്മാരുമായും പ്രവാസി മലയാളി നേതാക്കളുമായും സംവദിക്കാന്‍ സന്ദര്‍ഭം ലഭിച്ചത് ചിന്തയെയും കര്‍മ മണ്ഡലത്തെയും വികസിപ്പിക്കുന്നതിന് ഏറെ പ്രയോജനപ്പെട്ടുവെന്ന് കൃതജ്ഞതാപൂര്‍വം സ്മരിക്കുകയാണ്. 2013-ല്‍ യു.എ.ഇയിലെ ഇന്ത്യ പ്രസ് ഫോറം പ്രത്യേകാദരവിനായി തെരഞ്ഞെടുത്ത തലമുതിര്‍ന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകരില്‍ ടി.വി.ആര്‍ ഷേണായി, കെ.എം റോയ്, വിവേകാനന്ദന്‍ എന്നിവരോടൊപ്പം ഞാനും ഉള്‍പ്പെട്ടിരുന്നു. തദവസരത്തിലെ സ്വകാര്യ സംഭാഷണത്തില്‍, ഇന്ത്യയിലെ മുന്‍നിര പത്രപ്രവര്‍ത്തകനും വലതുപക്ഷ വീക്ഷണക്കാരനുമായ ടി.വി.ആര്‍ ഷേണായി മാധ്യമത്തെക്കുറിച്ച് ഞാനുമായി പങ്കുവെച്ച അഭിപ്രായങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. തുടക്കം മുതല്‍ താന്‍ താല്‍പര്യപൂര്‍വം ശ്രദ്ധിക്കുന്ന മാധ്യമം മലയാള മാധ്യമരംഗത്ത് വേറിട്ട ഒരനുഭവം തന്നെയാണെന്ന് വിലയിരുത്തിയ അദ്ദേഹം പരസ്യങ്ങള്‍ സ്വീകരിക്കുന്നതിനു പോലും പുലര്‍ത്തുന്ന തത്ത്വദീക്ഷ ഉദാഹരണമില്ലാത്തതാണെന്ന് അഭിപ്രായപ്പെട്ടു. എന്നിട്ടും മാധ്യമത്തിന് അതിജീവനം സാധ്യമാവുന്നതിലെ രസതന്ത്രം പിടികിട്ടാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അഭിപ്രായം രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗങ്ങളിലെ പല പ്രമുഖരും നേരിട്ട് പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഒരിക്കല്‍ തിരുവനന്തപുരത്ത് മാധ്യമം സംഘടിപ്പിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ ഒരു സംവാദ സദസ്സില്‍ പങ്കെടുത്തവരെല്ലാം ഇതേപ്പറ്റിയുള്ള ജിജ്ഞാസ പങ്കുവെക്കുകയുണ്ടായി. ചര്‍ച്ചക്ക് മറുപടി പറഞ്ഞ  ഞാന്‍, നിങ്ങള്‍ വിചാരിക്കുന്ന മായാജാലമൊന്നും മാധ്യമത്തിന്റെ വിജയത്തിന്റെ പിന്നിലില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തൊഴിലാളി-മുതലാളി ഏറ്റുമുട്ടലുകളോ സംഘര്‍ഷങ്ങളോ ഇല്ലാതെ മാനേജ്‌മെന്റും ജീവനക്കാരും, സന്തോഷവും ദുഃഖവും പ്രശ്‌നങ്ങളും പ്രയാസങ്ങളും തുല്യമായി പങ്കിടുന്ന ഭരണരീതി, ഭിന്നാഭിപ്രായങ്ങളെ പരമാവധി മാനിക്കാനുള്ള തുറന്ന മനസ്സ്, വ്യക്തിഹത്യയും തത്ത്വദീക്ഷയില്ലാത്ത വിമര്‍ശനവും ഒഴിവാക്കാനുള്ള സംയമനം തുടങ്ങിയ മൂല്യങ്ങള്‍ പുലര്‍ത്താന്‍ ഞങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു എന്നതാവാം അതിജീവന രഹസ്യം എന്നും ഞാന്‍ പറഞ്ഞു. ഈ മൂല്യങ്ങളത്രയും പത്രം തുടങ്ങാനുദ്ദേശിച്ചപ്പോഴേ പ്രസ്ഥാനം രൂപപ്പെടുത്തിയ നയങ്ങളുടെ ഫലങ്ങളാണുതാനും.

മാധ്യമം ശക്തമായി വിമര്‍ശിക്കപ്പെട്ട രണ്ട് സന്ദര്‍ഭങ്ങള്‍ കൂടി ഇവിടെ ഓര്‍ക്കുന്നതാണ് ശരി. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായിരിക്കുേമ്പാള്‍ ഐസ്‌ക്രീം പാര്‍ലര്‍ അപവാദത്തില്‍ കുരുങ്ങിയതാണ് ഒന്നാമത്തേത്. അതാദ്യമായി പുറത്തുകൊണ്ടുവന്നത് മുസ്‌ലിം ലീഗ് യുവ നേതാവ് എം.കെ മുനീറിന്റെ ഇന്ത്യാ വിഷനായിരുന്നു. ഏതാണ്ടെല്ലാ പത്രങ്ങളും ചാനലുകളും സംഭവം പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ മാധ്യമം അകത്തെ പേജില്‍ അപ്രധാനമായാണ് വാര്‍ത്ത വിന്യസിച്ചിരുന്നത്. പില്‍ക്കാലത്ത് സംഭവം വീണ്ടും ഒച്ചപ്പാടായപ്പോള്‍ 'മാധ്യമ'വും അത് സംബന്ധിച്ച പ്രതികരണങ്ങളും അഭിപ്രായ പ്രകടനങ്ങളും വിശദമായിത്തന്നെ പ്രസിദ്ധീകരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിപദവിയില്‍നിന്നുള്ള രാജിയില്‍ വരെ കലാശിച്ചതാണല്ലോ സംഭവം. വിശുദ്ധ മക്കയില്‍നിന്ന് ഉംറ കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടിയെ യൂത്ത് ലീഗുകാര്‍ ഗംഭീരമായി സ്വീകരിച്ചതും എം.കെ മുനീറിനെ കൈകാര്യം ചെയ്തതും അത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ ലേഖകരെ കഠിനമായി മര്‍ദിച്ചതും സ്ഥിതിഗതികള്‍ വഷളാക്കി. മാധ്യമങ്ങള്‍ ഇറങ്ങിക്കളിക്കാനുണ്ടായ പ്രകോപനവും അതുതന്നെ. എങ്കിലും വ്യക്തിഹത്യ മാധ്യമത്തിന്റെ നയത്തിന് വിരുദ്ധമായതുകൊണ്ട് ഇതര പത്രങ്ങളുടെ നിലപാട് മാധ്യമവും പിന്തുടരാന്‍ പാടില്ലായിരുന്നുവെന്ന് ഉത്തരവാദപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. തദടിസ്ഥാനത്തില്‍ ഡെസ്‌കിന്റെയും പ്രധാന ബ്യൂറോകളുടെ ചുമതല വഹിക്കുന്നവരുടെയും അടിയന്തര യോഗം വിളിച്ച് ചൂടേറിയ ചര്‍ച്ചകള്‍ക്കുശേഷം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരമാവധി സൂക്ഷ്മത നിഷ്‌കര്‍ഷിക്കുന്ന ഒരു പെരുമാറ്റച്ചട്ടം അംഗീകരിക്കുകയുണ്ടായി.

മലബാറിലെ പ്രഥമ അനാഥാലയം എന്ന് പേരെടുത്ത ജെ.ഡി.റ്റി ഇസ്‌ലാമിന്റെ നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേടുകളും ദുര്‍ഭരണവും നടക്കുന്നതായുള്ള ആരോപണങ്ങള്‍ അനാവരണം ചെയ്യപ്പെട്ടതാണ് രണ്ടാമത്തെ സംഭവം. സമര്‍ഥനും പ്രശസ്തനുമായ അതിന്റെ സെക്രട്ടറി പക്ഷേ, സ്ഥാപനത്തിന്റെ ഭരണ നിര്‍വഹണത്തില്‍ വേണ്ടവിധം ശ്രദ്ധിക്കുകയോ വരവു ചെലവ് കണക്കുകളില്‍ കൃത്യത വരുത്തുകയോ കമ്മിറ്റി ഭാരവാഹികളെയും അംഗങ്ങളെയും വിശ്വാസത്തിലെടുത്ത് യോഗം വിളിച്ച് അവര്‍ക്ക് വിവരങ്ങള്‍ കൈമാറുകയോ ചെയ്തിരുന്നില്ലെന്നായിരുന്നു പരാതി. പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന ചെന്നൈ വാസിയായ വി. അബ്ദുല്ല സാഹിബിന് ഇതിലൊന്നും താല്‍പര്യവുമുണ്ടായിരുന്നില്ല. സ്ഥിതിഗതികള്‍ മോശമാവുന്നു എന്ന് കണ്ടപ്പോള്‍ മറ്റു കമ്മിറ്റി അംഗങ്ങള്‍ യോഗം ചേര്‍ന്ന് സമഗ്രമായ ഒരു അന്വേഷണത്തിന് ഏര്‍പ്പാട് ചെയ്തു. വിശദമായി പഠിച്ച് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടുകളാണ് സെക്രട്ടറിയുടെ പേരില്‍ കണ്ടെത്തിയത്. സംഗതിവശാല്‍ റിപ്പോര്‍ട്ട് കോപ്പിയെടുക്കാന്‍ ഏല്‍പിക്കപ്പെട്ട വ്യക്തിയുടെ അശ്രദ്ധമൂലം അത് ചോര്‍ന്നു. വാര്‍ത്ത പത്രങ്ങള്‍ക്ക് ലഭിക്കുകയും അവയത് പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിക്കുകയും ചെയ്തതാണ് പിന്നീട് സംഭവിച്ചത്. ജെ.ഡി.റ്റിയുടെ പ്രഗത്ഭനായ സെക്രട്ടറി കെ.പി ഹസന്‍ ഹാജിയും ഞങ്ങളും തമ്മിലെ ബന്ധം തീര്‍ത്തും സൗഹാര്‍ദപരമായിരുന്നെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ പരിഗണന നല്‍കേണ്ടത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ സ്ഥാപനത്തിനു തന്നെ പ്രഥമ പരിഗണന നല്‍കി. അങ്ങനെയാണ് അന്ന് മാധ്യമത്തിന്റെ പ്രത്യേക ലേഖകനായിരുന്ന പി.ടി നാസറിനെ ബന്ധപ്പെട്ടവരില്‍നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് പരമ്പര തയാറാക്കാന്‍ നിയോഗിച്ചത്. ഒന്നാമതായി കാണേണ്ടത് ഹസന്‍ ഹാജിയെ തന്നെയാണെന്ന് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. നാസര്‍ ഹസന്‍ ഹാജിയെ സമീപിച്ചപ്പോള്‍ ആദ്യം അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചു. 'ഞങ്ങളീ വിഷയത്തില്‍ ഒന്നാമതായി കാണുന്നത് താങ്കളെയാണ്. താങ്കള്‍ക്ക് പയാനുള്ളതെല്ലാം സവിസ്തരം പറയാം. എല്ലാം രേഖപ്പെടുത്തി ഒരു കൈകടത്തലും കൂടാതെ പ്രസിദ്ധീകരിക്കും. അതിനുശേഷം മാത്രം മറ്റു കമ്മിറ്റി അംഗങ്ങളുടെയും വിദ്യാര്‍ഥികളുടെയുമെല്ലാം പ്രതികരണം ആരായും. താങ്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചാല്‍ ഏകപക്ഷീയമായ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവരിക. അത് താങ്കളെ പ്രയാസപ്പെടുത്തും' എന്ന് നാസര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഹാജി വഴങ്ങി. പിറ്റേദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് ജെ.ഡി.റ്റി പള്ളിയിലെത്തിയാല്‍ സംസാരിക്കാമെന്ന് പറഞ്ഞതനുസരിച്ച് യഥാസമയം നാസര്‍ പള്ളിയിലെത്തി. ഹസന്‍ ഹാജി ജെ.ഡി.റ്റിക്ക് താന്‍ മൂലമുണ്ടായ നേട്ടങ്ങളും തന്റെ സേവന പ്രവര്‍ത്തനങ്ങളും വിശദമായി നാസറുമായി പങ്കുവെച്ചു. എല്ലാം രേഖപ്പെടുത്തിയ നാസര്‍ ബന്ധപ്പെട്ട മറ്റെല്ലാവരെയും കണ്ട് വിവരങ്ങള്‍ ആരാഞ്ഞശേഷം സീരിയല്‍ തയാറാക്കി 'മാധ്യമ'ത്തെ ഏല്‍പിച്ചു. ഞാനും ജ്യേഷ്ഠന്‍ അബ്ദുല്ലയും സൂക്ഷ്മമായി വായിച്ച് മാറ്റങ്ങളും തിരുത്തലുകളും വരുത്തി പത്രത്തില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു. വന്‍ കോളിളക്കമാണ് വായനക്കാരിലും സമുദായ സംഘടനകളിലും നേതാക്കളിലും ജെ.ഡി.റ്റി പരമ്പര സൃഷ്ടിച്ചത്. ഹസന്‍ ഹാജി ഞങ്ങള്‍ക്ക് അപകീര്‍ത്തി നോട്ടീസയച്ചുവെങ്കിലും തുടര്‍ നടപടികളുമായി മുന്നോട്ടു പോയില്ല. എം.ഇ.എസ് എക്‌സിക്യൂട്ടീവ് ഹാജിയെ പദവികളില്‍നിന്ന് നീക്കം ചെയ്തു. ജെ.ഡി.റ്റി മാനേജിംഗ് കമ്മിറ്റിയും അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി. മറ്റു അനാഥാലയങ്ങളുടെ മാനേജിംഗ് കമ്മിറ്റികളും ആശങ്കാകുലരായി. അവര്‍ തിരുത്തലുകള്‍ക്കും ഗുണകരമായ മാറ്റങ്ങള്‍ക്കും സന്നദ്ധരായി. ഗുരുതരമായ ആരോപണങ്ങള്‍ക്ക് ശരവ്യമായ ഒരു യതീംഖാനയുടെ ഭാരവാഹികളെ തെറ്റ് തിരുത്തിയില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഞങ്ങള്‍ നേരില്‍ ധരിപ്പിച്ചു. എന്നാല്‍, ജെ.ഡി.റ്റി പിടിച്ചെടുക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കമാണ് സംഭവത്തിന്റെ പിന്നിലെന്നാണ്് മുജാഹിദ്-മുസ്‌ലിം ലീഗ് വക്താക്കളില്‍ ചിലര്‍ വ്യാപകമായി പ്രചരിപ്പിച്ചത്. 

ഹസന്‍ ഹാജിയുടെ സ്ഥാനഭ്രഷ്ടിനെ തുടര്‍ന്ന് കുറച്ചുകാലം ജെ.ഡി.റ്റിയുടെ ഭരണത്തില്‍ അനിശ്ചിതത്വം നിലനിന്നു. അദ്ദേഹത്തോട് കൂറുപുലര്‍ത്തുന്ന പൂര്‍വ വിദ്യാര്‍ഥികളില്‍ ചിലര്‍ കമ്മിറ്റിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തി. വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തെ 'മാധ്യമം' തകര്‍ത്തു എന്ന പ്രചാരണം വ്യാപകമായി നടന്നു. എന്നാല്‍, പ്രതിബദ്ധതയും ആത്മാര്‍ഥതയുമുള്ള ഒരു ടീമിനെ കണ്ടെത്തി അവരെ ഭരണം ഏല്‍പിക്കാനുള്ള ശ്രമങ്ങളില്‍ ഞങ്ങള്‍ കൂടി പങ്കാളികളായി. ഒടുവില്‍ എം.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളില്‍ സജീവമായ പ്രമുഖ ബിസിനസുകാരന്‍ സി.പി കുഞ്ഞുമുഹമ്മദ് പ്രസിഡന്റും ഡോ. പി.സി അന്‍വര്‍ സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റി നിലവില്‍വന്നതില്‍ പിന്നെ പരാതികള്‍ കെട്ടടങ്ങി. കാര്യക്ഷമമായും ഊര്‍ജസ്വലമായും സ്ഥാപനത്തിന്റെ വികസനത്തിനും നിലവാരമുയര്‍ത്തുന്നതിനും വേണ്ടി ഒട്ടേറെ പദ്ധതികള്‍ കമ്മിറ്റി ആവിഷ്‌കരിച്ചു. ജെ.ഡി.റ്റി ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി വിജയശതമാനം 25-30 തലത്തില്‍നിന്ന് കുതിച്ചുയര്‍ന്നു 80-90-ലെത്തി. നിയമനങ്ങളില്‍ യോഗ്യതക്ക് മുന്തിയ പരിഗണന ലഭിച്ചു. ഇഖ്‌റഅ് ഹോസ്പിറ്റല്‍ നഗരത്തിലെ ചെലവു കുറഞ്ഞ തിരക്കേറിയ ആശുപത്രിയായി മാറി. നഴ്‌സിംഗ് കോളേജും തുടങ്ങി. അതിനിടെ കെ.പി ഹസന്‍ ഹാജി ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു. പ്രമാദമായ ചില വീഴ്ചകള്‍ സംഭവിച്ചുവെങ്കിലും ജെ.ഡി.റ്റിയെ മുന്നോട്ടു നയിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അനിഷേധ്യമാണ് (അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സൗഭാഗ്യകരമാക്കിത്തീര്‍ക്കട്ടെ).

കോടിക്കണക്കില്‍ രൂപയുടെ നിക്ഷേപത്തട്ടിപ്പുകള്‍ അരങ്ങേറാന്‍ തുടങ്ങിയ കാലത്ത് ലക്ഷക്കണക്കിന് രൂപയുടെ പരസ്യം ധീരമായുപേക്ഷിച്ച്, അവക്ക് പിന്നിലെ കള്ളക്കളികളും കൊടും ചതിയും പുറത്തുകൊണ്ടുവരാന്‍ നടത്തിയ ഓപ്പറേഷനാണ് 'മാധ്യമ'ത്തെ മാധ്യമലോകത്ത് അടയാളപ്പെടുത്തിയ മറ്റൊരു സംഭവം. മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെ പത്രങ്ങളിലെല്ലാം മുഴുപ്പേജ് പരസ്യങ്ങള്‍ നിരന്തരം വന്നുകൊണ്ടിരുന്നു; മാധ്യമത്തിനും ലഭിച്ചു സമാന പരസ്യങ്ങള്‍. ഏതാനും ആയിരങ്ങള്‍ നിക്ഷേപിച്ചാല്‍ വര്‍ഷങ്ങള്‍ക്കകം ലക്ഷങ്ങള്‍ കൊയ്യാന്‍ അവസരമൊരുക്കുന്ന ആട്, തേക്ക്, മാഞ്ചിയം മുതലായവയുടെ ഫാമുകള്‍ തമിഴ്‌നാട്ടില്‍ സുസജ്ജമാണെന്ന് ഗള്‍ഫ് പ്രവാസികളെ പ്രലോഭിപ്പിക്കുന്നതായിരുന്നു പരസ്യങ്ങള്‍. ഇതിന്റെ വിശ്വാസ്യതയില്‍ ഗുരുതരമായ സംശയം തോന്നിയപ്പോള്‍ തമിഴ്‌നാട്ടില്‍ പോയി വിവരങ്ങള്‍ ശേഖരിക്കാനും ഫാം ഉടമകളെ കണ്ട് തിരിമറികള്‍ മനസ്സിലാക്കാനും പി.ടി നാസറിനെത്തന്നെ നിയോഗിച്ചു. നാസര്‍ ഭൂ റിയല്‍ എസ്റ്റേറ്റുകാരന്റെ വേഷം കെട്ടി പരസ്യത്തില്‍ പറയുന്ന സ്ഥലങ്ങളൊക്കെ ചെന്നു കണ്ട് ഭൂവുടമകളോട് സംസാരിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളുകളഴിയുന്നത്. അന്യരുടെ സ്ഥലം കാണിച്ചുകൊടുത്ത് അഡ്വാന്‍സും വാങ്ങി കറങ്ങി നടക്കുന്ന കുറേ ഏജന്റുമാരും അവരെ വെച്ച് നിക്ഷേപകരെ കബളിപ്പിക്കുന്ന 'ഫാമുടമകളും' ചേര്‍ന്ന് നടത്തുന്ന ബിസിനസ് വെറും ശൂന്യതയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ബോധ്യപ്പെട്ട നാസര്‍ മടങ്ങിവന്ന് 'ആട്, തേക്ക്, മാഞ്ചിയം വെയ് രാജാ വെയ്' എന്ന ശീര്‍ഷകത്തില്‍ പരമ്പര തയാറാക്കി. മാധ്യമം അത് പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ നിക്ഷേപകര്‍ അങ്കലാപ്പിലായി. മാഞ്ചിയം എന്ന മരത്തെപ്പറ്റി കേരളത്തിലന്ന് ആര്‍ക്കും ഒരു ചുക്കും അറിയുമായിരുന്നില്ല. തേക്കും ഈട്ടിയും പോലെ വിലയേറിയ മരമാണ് മാഞ്ചിയമെന്നാണ് ഇരകളുടെ ധാരണ. തിരുവനന്തപുരത്തെ ബിഷപ്പ് ഹൗസില്‍ അങ്ങനെയൊരു മരമുണ്ടെന്നു കേട്ട് മാധ്യമം ലേഖകന്‍ ബിഷപ്പിനെ ചെന്നു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എനിക്കതേപ്പറ്റി ഒന്നുമറിയില്ല. ഞാനൊരിക്കല്‍ പാരീസില്‍ പോയപ്പോള്‍ അവിടെ കണ്ട ചെടി കൊണ്ടുവന്ന് ഇവിടെ നട്ടതാണ്. അത് വേഗത്തില്‍ വലുതാവുന്നുണ്ട്. ബാക്കി അതിന്റെ ഗുണമേന്മയെക്കുറിച്ച് ഒന്നും പറയാനാവില്ല.' പിന്നീടത് പലരും പറമ്പുകളിലും പുരയിടങ്ങളിലും നട്ടുവളര്‍ത്തിയെങ്കിലും തടിയുടെ ഉപയോഗം അതുകൊണ്ട് നടക്കുകയില്ലെന്ന് ബോധ്യപ്പെട്ടു. ഇതിനെ കുറിച്ചാണ് അഞ്ചോ പത്തോ കൊല്ലത്തിനകം വന്‍ ലാഭം തരുന്ന ഒന്നാംതരം തടിമരമാണെന്ന പ്രചാരണം! ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ ചെന്നുനോക്കുമ്പോള്‍ അവിടെ അഞ്ചാറ് ആടുകളുണ്ട്. അതിലേറെ ആടുകളോ വളര്‍ത്താന്‍ സ്ഥലമോ ഇല്ല. അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി ഈ വന്‍ തട്ടിപ്പിനെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. അന്നേരം മലയാള മനോരമയടക്കമുള്ള പത്രങ്ങളും അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. നടപടി പേടിച്ച് മുങ്ങിയ പഴയ ബ്ലേഡ് കമ്പനിക്കാരാണ് പുതിയ ഫാമുടമകളായി അവതരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അപ്പോഴേക്ക് 12 കോടി രൂപയെങ്കിലും തട്ടിപ്പുകാരുടെ കീശയിലെത്തിക്കഴിഞ്ഞിരുന്നു. ഇമ്മാതിരി എല്ലാവിധ തട്ടിപ്പുകളിലും ഇപ്പോഴും ഇരകളാവുന്ന അതിമോഹികളായ വിഡ്ഢികളാണ് മലയാളികള്‍. എയിഡ്‌സിന്റെ സിദ്ധൗഷധം വിറ്റ് കോടികള്‍ കൊയ്ത ഫാര്‍മക്കാരും വയാഗ്ര എന്ന പേരില്‍ നായ്ക്കുരണപ്പൊടി മാര്‍ക്കറ്റിലിറക്കി മതിയാവോളം കീശയിലാക്കിയവരും ഹനുമാന്റെ മോതിരവും വലംപിരി ശംഖും അത്ഭുത സിദ്ധികള്‍ പ്രദാനം ചെയ്യുന്ന മാന്ത്രികരും... അങ്ങനെ എന്തെല്ലാം! 'മാധ്യമം' ഇത്തരമൊരു തട്ടിപ്പ് പരസ്യവും പ്രസിദ്ധീകരിക്കുകയില്ലെന്ന് തീരുമാനിച്ച പത്രമാണ്. അതാണതിന്റെ വിശ്വാസ്യതയും. അന്ധവിശ്വാസ ബന്ധിതമായ ഒരു പരസ്യവും പ്രസിദ്ധീകരിക്കുകയില്ലെന്നതും അതിന്റെ നയമാണ്. 

(തുടരും)

Comments

Other Post

ഹദീസ്‌

വാര്‍ധക്യം എങ്ങനെ ഫലപ്രദമാക്കാം?
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (32-36)
എ.വൈ.ആര്‍