Prabodhanm Weekly

Pages

Search

2019 ജനുവരി 11

3084

1440 ജമാദുല്‍ അവ്വല്‍ 4

നവോത്ഥാനം പൂര്‍വികരില്‍നിന്നുള്ള കേട്ടെഴുത്തല്ല

ഡോ. ജാബിര്‍ അമാനി

'സ്വലഹ' എന്ന അറബി മൂലധാതുവില്‍നിന്നാണ് 'ഇസ്വ്‌ലാഹ്' എന്ന പദം രൂപപ്പെടുന്നത്. '(കേടുപാടുള്ളതിനെ) നന്നാക്കിത്തീര്‍ക്കുക' എന്നാണ് പ്രസ്തുത പദത്തിന്റെ ആദ്യാര്‍ഥം. പരിഭാഷകളിലൂടെ സമഗ്രമായ ആശയാവിഷ്‌കാരം  സാധ്യമാവുകയില്ലല്ലോ. അതുകൊണ്ടുതന്നെ നവോത്ഥാനം, നവീകരണം, പരിഷ്‌കരണം എന്നീ വാക്കുകളിലൂടെ സാമാന്യേന 'ഇസ്വ്‌ലാഹി'നെ പരിചയപ്പെടുത്താറുണ്ട്. തത്തുല്യമായ ആശയങ്ങള്‍ (റിഫര്‍മേഷന്‍, റിനവേഷന്‍, റിവൈവല്‍) ഇംഗ്ലീഷിലും ഉപയോഗിക്കുന്നു. വിശ്വാസ, ആചാരാനുഷ്ഠാന രംഗങ്ങളിലെ 'നന്നാക്കിയെടുക്കലി'ല്‍ ഉടക്കിക്കിടക്കേണ്ട ആശയ തലമല്ല ഇതിന് ഇസ്‌ലാമിലുള്ളത്. സാങ്കേതികമായി വിശ്വാസ കാര്യങ്ങള്‍ ഒരു വ്യക്തിയുടെ മതജീവിതത്തിന്റെ ഊന്നലാണ്, അടിസ്ഥാനവും. അടിത്തറക്ക് ഇളക്കം തട്ടുമ്പോള്‍ അത് ശരിയാക്കി നിര്‍ത്തുക എന്നത് അനിവാര്യമായിത്തീരും. അതിനായിരിക്കണം ആദ്യശ്രമം. അതിനാലാണ് പ്രബോധനത്തിന്റെ മുന്നുപാധിയില്‍ വിശ്വാസ വ്യതിയാനങ്ങള്‍ക്കെതിരിലുള്ള ധാര്‍മിക ബോധനങ്ങള്‍ 'ഇസ്വ്‌ലാഹി'ല്‍ മുഖ്യ സ്ഥാനത്ത് വരുന്നത്. അതേസമയം ഇസ്വ്‌ലാഹിനെ ആശയപരമായും സാങ്കേതികമായും കൂടുതല്‍ വിശാലമായ ഒരു ഫ്രെയ്മിലേക്ക് ഇസ്‌ലാം വിസ്തൃതമാക്കുന്നു്.

ഇസ്‌ലാം എന്ന ദൈവിക മതത്തെ മനുഷ്യരിലേക്ക് പകരുന്ന സവിശേഷ പ്രക്രിയയാണ് ഇസ്വ്‌ലാഹ്. സാമൂഹിക സ്പര്‍ശമുള്ള ഒരു പദം കൂടിയാണ് അതെന്നിരിക്കെ, മതത്തിന്റെ സാമൂഹിക ദര്‍ശനവും അത് താല്‍പര്യപ്പെടുന്നുണ്ട്. നന്മ സ്ഥാപിക്കാനും തിന്മ തടയാനുമുള്ള ഏതു ശ്രമവും ഇസ്വ്‌ലാഹ് ഉള്‍ക്കൊള്ളുന്നു. വ്യക്തികളെ എല്ലാ നിലക്കും ഉദാത്തവും ഉത്തമവുമാക്കിത്തീര്‍ത്ത് സമൂഹസൃഷ്ടി നിര്‍വഹിക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം (ഖുര്‍ആന്‍ 3:110). പ്രസ്തുത ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന കര്‍മതലം ഇസ്വ്‌ലാഹാണെന്നതിനാല്‍ ഇസ്‌ലാമിന്റെ സമ്പൂര്‍ണമായ പ്രതിനിധാനം ഇസ്വ്‌ലാഹിലൂടെയും ഉണ്ടാവേണ്ടതുണ്ട്.

ഉത്തമ മൂല്യങ്ങള്‍, മൗലികമായ സന്ദേശങ്ങള്‍, വ്യക്തികള്‍ നിര്‍വഹിക്കേണ്ട ദൗത്യങ്ങള്‍ തുടങ്ങി ഇസ്‌ലാം നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ 'സ്വലഹ'യുടെ വിവിധ പദരൂപങ്ങളില്‍തന്നെ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. അവ, സ്വലഹ, ഇസ്വ്‌ലാഹ്, മുസ്വ്‌ലിഹ്, സ്വുല്‍ഹ് തുടങ്ങിയവയാണ്.

നവോത്ഥാനം എന്നത് ആധുനികമായ ഒരു പ്രയോഗമാണ്. ഓരോ ഭാഷയിലും ഉപയോഗിക്കുന്ന നവോത്ഥാനമെന്ന ആശയത്തെ സൂചിപ്പിക്കുന്ന പദങ്ങളുടെ അര്‍ഥവ്യാപ്തികളില്‍ വ്യത്യാസങ്ങളുണ്ട്, വൈവിധ്യങ്ങളുമുണ്ട്. അറബിയില്‍ നവോത്ഥാനത്തിന് സാധാരണയായി തജ്ദീദ്, ഇസ്വ്‌ലാഹ് എന്നീ പദങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഈ പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിവര്‍ത്തനോന്മുഖ, പരിഷ്‌കരണ ആശയങ്ങള്‍ പൂര്‍ണമായും മലയാളത്തിലെ 'നവോത്ഥാന'മോ ഇംഗ്ലീഷിലെ 'Reform' എന്ന പദമോ സ്വാംശീകരിക്കുന്നില്ല. എന്നാല്‍ ഒരു സാങ്കേതിക പദാവലി എന്ന നിലയില്‍ നവോത്ഥാനവും Reform-ഉം ഇസ്വ്‌ലാഹും ഏറക്കുറെ സമാനത പുലര്‍ത്തേണ്ടത് അനിവാര്യവുമാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഖുര്‍ആനിക സാങ്കേതിക പദമായ 'ഇസ്വ്‌ലാഹി'ന്റെ ആശയാദര്‍ശ തലങ്ങളും ഊന്നലുകളും അത് ഉയര്‍ത്തിവിട്ട പരിവര്‍ത്തനോന്മുഖതയും മറ്റു ഭാഷകളിലെ സമാന പ്രയോഗങ്ങളില്‍ ചോര്‍ന്നുപോകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് ഖുര്‍ആനിക ആശയത്തില്‍നിന്നും മതമൂല്യങ്ങളില്‍നിന്നും ഊര്‍ജം സ്വീകരിച്ചു വളര്‍ന്ന 'കേരള മുസ്‌ലിം നവോത്ഥാനം' എന്ന യാഥാര്‍ഥ്യത്തെ പരിക്കുകളില്ലാതെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ.

മതത്തിന്റെ മൂല്യങ്ങള്‍ സ്വീകരിച്ച് വ്യക്തിയുടെ ജീവിത വിശുദ്ധി ഉറപ്പു വരുത്തുക എന്ന ധര്‍മസമരമാണ് പ്രവാചകന്‍ നിര്‍വഹിച്ചത്. അഥവാ 'ഇസ്വ്‌ലാഹാണ്' (11:88). നബി(സ)യുടെ ദൗത്യം നെഞ്ചിലേറ്റിയ പിന്‍ഗാമികള്‍ നിര്‍വഹിക്കേണ്ടതും അതുതന്നെ. വ്യക്തികളെയും സമൂഹങ്ങളെയും പ്രകൃതിമതത്തിന്റെ (ഇസ്‌ലാം) ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുക (4:146). വ്യക്തികളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള തിന്മകളെ ശുദ്ധീകരിച്ച് സംസ്‌കൃതമായ ജീവിതം നയിച്ച് സ്വര്‍ഗാവകാശികളാകാനുള്ള പരിശ്രമവും (മുസ്‌ലിമായിത്തീരുകയെന്നത്) 'ഇസ്വ്‌ലാഹാ'ണെന്ന് ഖുര്‍ആന്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട് (5:32). 

ഇസ്വ്‌ലാഹിന്റെ രീതിശാസ്ത്രവും ആശയാടിത്തറയും ഇസ്‌ലാം ആയിരിക്കണം. ഇസ്‌ലാം ദൈവിക മതമെന്ന നിലക്ക് മൗലികവും അന്യൂനവും കാലാതിവര്‍ത്തിത്വമുള്ളതുമാണ്. ചേര്‍ക്കാനും ഒഴിവാക്കാനുമില്ലാത്ത വിധം നിത്യപ്രസക്തവുമാണ് (5:3). സ്രഷ്ടാവിന്റെ മതമെന്ന നിലക്ക് ആശയങ്ങളിലും അടിസ്ഥാനങ്ങളിലും നവീകരണമോ പരിഷ്‌കരണമോ ആവശ്യമില്ല (17:9,89). മതാശയങ്ങളെ സമൂഹവുമായും വ്യക്തി(സൃഷ്ടി)കളുമായും ബന്ധപ്പെടുത്തുന്ന ദൗത്യനിര്‍വഹണത്തില്‍ (ഇസ്വ്‌ലാഹ്) കാലാനുസൃതമായ നവീകരണ പരിഷ്‌കരണങ്ങള്‍ ആവശ്യമായിരിക്കും. പക്ഷേ അവ മൗലികാടിത്തറകളെ ഉള്‍ക്കൊണ്ടുമാത്രമാണ് രൂപപ്പെടേണ്ടത്. നബിമാരുടെ 'ഇസ്വ്‌ലാഹ്' ആദര്‍ശാടിത്തറയില്‍ ഏകരൂപമാവുമ്പോള്‍ തന്നെ, ആവിഷ്‌കാരങ്ങളില്‍ വൈവിധ്യമുള്ളതായിരുന്നല്ലോ. 

സമയാസമയങ്ങളില്‍ പരിഷ്‌കരിക്കുകയും പുതുക്കുകയും ചെയ്യുന്ന മനുഷ്യജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നതെന്തും കാലത്തെയും നവീകരണങ്ങളെയും അതിജീവിക്കാനുള്ള ശേഷിയുള്ളതാവണം. അല്ലാത്തപക്ഷം അത് 'കുഴപ്പ'ത്തിന് കാരണമായിത്തീരും എന്ന് ചരിത്രം പറഞ്ഞുതരുന്നു. ഇസ്വ്‌ലാഹിന്റെ വിപരീതമാണ് ഇഫ്‌സാദ് (കുഴപ്പം).  പരിഹാരം തേടുന്ന മനുഷ്യനു മുമ്പില്‍ അവ്യക്തതകളും അപ്രായോഗികതകളുമാണ് സൃഷ്ടിക്കുന്നതെങ്കില്‍ മൊത്തം മനുഷ്യസമൂഹത്തിന്റെ തന്നെ നാശമാണ് സംഭവിക്കുക. കാലാകാലങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് സര്‍വതോമുഖമായ വിശ്വാസ്യത (Credibility)  ആര്‍ജിച്ചെടുക്കാന്‍ പരിഷ്‌കരണങ്ങള്‍ കൊണ്ട് സാധ്യമായില്ലെങ്കില്‍, പ്രവാചകന്‍ നിര്‍വഹിച്ച 'ഇസ്വ്‌ലാഹി'നെ തകര്‍ത്തുകളയുന്ന സമീപനമായിരിക്കും അത് (7:56, 7:85).

ചുരുക്കത്തില്‍, ഇസ്‌ലാമിനെ ഒരു മാര്‍ഗദര്‍ശനം (ഹുദാ) എന്ന നിലക്ക് സൈദ്ധാന്തികമായി നവ്യമാക്കി നിലനിര്‍ത്തുന്നത് 'ഇസ്വ്‌ലാഹ്' വഴിയാണ്. ഇസ്വ്‌ലാഹില്‍ സംഭവിക്കുന്ന സൂക്ഷ്മമായ തെറ്റുകള്‍ പോലും സാമൂഹിക രൂപീകരണത്തെയും മതത്തിന്റെ പ്രതിനിധാനത്തെയും സാരമായി ബാധിക്കും. തന്റെ കാലശേഷം ജനങ്ങള്‍ കുഴപ്പത്തിലകപ്പെട്ട കാര്യങ്ങളെ 'ഇസ്വ്‌ലാഹ്' (നന്നാക്കിയെടുക്കുക) ചെയ്യുന്നവര്‍ക്ക് മംഗളങ്ങള്‍ നേരുന്നുണ്ട് പ്രവാചകന്‍ (ഹദീസ്, ബദഅല്‍ ഇസ്‌ലാമു ഗരീബന്‍, മുസ്‌ലിം). 

കേരള മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ക്ക് ഒരു ചരിത്രമുണ്ട്. പ്രസ്തുത ചരിത്രം ഇസ്‌ലാമിന്റെ അരുണോദയ ചരിത്രവുമായി ചേര്‍ത്ത് അവതരിപ്പിക്കുന്നത് പൊതുവില്‍ കാണാനാവുന്നില്ല. ഏറക്കുറെ അംഗീകരിക്കപ്പെട്ട ചരിത്രമനുസരിച്ച്, മാലികുബ്‌നു ദീനാറി(മരണം ക്രി. 748-ല്‍ എന്ന് കരുതപ്പെടുന്നു)ലൂടെയാണ് ഇസ്‌ലാം കേരളത്തില്‍ പ്രചരിക്കുന്നത്. എന്നാല്‍ കേരള മുസ്‌ലിം നവോത്ഥാന ചരിത്രം സയ്യിദ് സനാഉല്ല മക്തി തങ്ങളിലേക്കും (1847-1912) വക്കം മൗലവിയിലേക്കും (1873-1932) ചേര്‍ത്താണ് പറയാറുള്ളത്.

വക്കം മൗലവിയെ മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് എന്ന നിലയില്‍പോലും പരിഗണിക്കുന്നു (19th Annual Conference, South India History Congress, 2000/Proceedings, page 239, 345). 19-ാം നൂറ്റാില്‍ കേരളത്തില്‍ നിര്‍വഹിക്കപ്പെട്ട മുസ്‌ലിം പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കാണോ കേരള മുസ്‌ലിം നവോത്ഥാന ചരിത്രം ആരംഭിക്കുന്നത് എന്നത് വസ്തുതാപരമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദും II (മരണം ക്രി. 1583), വെളിയങ്കോട് ഉമര്‍ ഖാദി (മരണം ക്രി. 1273), മമ്പുറം സയ്യിദ് അലവി തങ്ങള്‍ (മരണം ക്രി. 1844), ടിപ്പു സുല്‍ത്താന്‍ (മരണം ക്രി. 1799) തുടങ്ങി ഒട്ടേറെ മഹാരഥന്മാര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങി നവോത്ഥാനസ്പര്‍ശമുള്ള നിസ്തുല സേവനങ്ങള്‍ മുസ്‌ലിം കൈരളിക്ക് പകര്‍ന്നുനല്‍കിയവരെ നാം ഏത് പരിഗണന വെച്ചാണ് മാറ്റിനിര്‍ത്തുക? അവരുടെയൊന്നും ദൗത്യങ്ങളില്‍ പരിഷ്‌കരണപരതയില്ല  എന്ന് ആര്‍ക്കും അഭിപ്രായമില്ലെന്നിരിക്കെ, കേരള മുസ്‌ലിം നവോത്ഥാന ചരിത്രം ക്രി. 748-ല്‍ മരണപ്പെട്ട മാലികു ബ്‌നുദീനാര്‍ മുതല്‍ അടയാളപ്പെടുത്തേതല്ലേ? അല്ലാത്തപക്ഷം ദീര്‍ഘമായ പത്തു നൂറ്റാണ്ടുകളുടെ നവോത്ഥാന ദൗത്യങ്ങളോട് നാം പുറംതിരിഞ്ഞു നില്‍ക്കേണ്ടിവരും. മാലികുബ്‌നു ദീനാറിനുശേഷം കേരള മുസ്‌ലിംകളുടെ സര്‍വതോമുഖമായ പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാരഥന്മാരുടെത് കേവലം വൈയക്തിക നവോത്ഥാന ദൗത്യമായിരുന്നു എന്ന് ചുരുക്കിയെഴുതുന്നതും ശരിയായ ചരിത്രവായനയായിരിക്കില്ല. 

ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരള മുസ്‌ലിം നവോത്ഥാനത്തെ സമഗ്രമായി പഠനവിധേയമാക്കേണ്ടതുണ്ട് എന്ന വിചാരത്തോടെ 2019 ജനുവരി  11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കോട്ടക്കലില്‍ 'ഇന്റര്‍നാഷ്‌നല്‍ കൊളോക്യം ഓണ്‍ റിഫോം' നടക്കുന്നത്. കാഴ്ചപ്പാടുകളില്‍ കൃത്യത വരുത്തുന്നതിന് കേവലം നീണ്ട പ്രഭാഷണങ്ങള്‍ മതിയാവുകയില്ല. ചരിത്രപരതയുള്‍ക്കൊള്ളുന്ന അന്വേഷണങ്ങളും ആവിഷ്‌കാരങ്ങളും അതിന് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് പ്രോഗ്രാം 'അക്കാദമിക' പരിസരത്തായിരിക്കണം എന്ന് തീരുമാനിക്കുന്നത്.

നവോത്ഥാനത്തിന്റെ ചരിത്രാരംഭം നിശ്ചയിച്ചതുകൊണ്ടു മാത്രം പരിഹരിക്കപ്പെടുന്നതല്ല സമകാല മുസ്‌ലിം നവോത്ഥാന സമസ്യകള്‍. സംഘടനാ ചടങ്ങുകളില്‍ കയറിയിറങ്ങാത്ത പരിഷ്‌കരണങ്ങള്‍ നവോത്ഥാന ഭൂമികയില്‍ അടയാളപ്പെടുകയില്ലെന്ന ശാഠ്യം ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. നവോത്ഥാനം പൂര്‍വികരില്‍നിന്നുള്ള കേട്ടെഴുത്തായി മാറുമ്പോഴാണ് സ്വജനപക്ഷപാതിത്വം ശക്തമാവുന്നത്. ഒരു വ്യക്തിയോ ഒരു പ്രസ്ഥാനമോ നിര്‍വഹിക്കുന്നത് മുഴുവന്‍ നവോത്ഥാന യത്‌നങ്ങള്‍ ആയിരിക്കില്ലെങ്കിലും അവരെ/അവയെ പൂര്‍ണ ഭ്രഷ്ട് കല്‍പിച്ച് ഒഴിവാക്കിനിര്‍ത്തുകയല്ലല്ലോ വേത്.

വൈവിധ്യപൂര്‍ണമായ കര്‍മതലം കേരള മുസ്‌ലിംകളുടെ വര്‍ത്തമാന കാലം അടയാളപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ നവോത്ഥാനത്തിന് വിത്തുപാകിയവരല്ല അതിന്റെ സദ്ഫലം കൂടുതല്‍ അനുഭവിക്കുന്നത്. സാഹിത്യ നവോത്ഥാനത്തിന് ദിശ പകര്‍ന്നവരില്‍ നിന്നല്ല സമകാലത്ത് സര്‍ഗാത്മകമായ അടയാളപ്പെടുത്തലുണ്ടാവുന്നത്. അങ്ങനെ പലതും വിലയിരുത്താം. അതുകൊണ്ടുതന്നെ നിഷ്പക്ഷവും ഗവേഷണാത്മകവും സംവാദാത്മകവുമായ ഒരു പരിസരം കേരള മുസ്‌ലിം നവോത്ഥാന പഠനങ്ങള്‍ക്ക് കൂടിയേ തീരൂ. വിഷയാവതാരകര്‍ക്ക് സംഘടനയുണ്ടാവാമെങ്കിലും വിഷയങ്ങളും പഠനങ്ങളും 'സംഘടനാത്മകമായി' ചുരുക്കി വായിച്ചുകൂടാ.

'കൊളോക്യം ഓണ്‍ റിഫോം' ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നുണ്ട്. തികച്ചും നിഷ്പക്ഷമായി വിഷയങ്ങളെ സമീപിക്കുന്ന രീതി ഉടനീളം പാലിക്കണമെന്ന് ഉദ്ദേശിക്കുന്നു. ഒരു പ്രോഗ്രാമിന്റെ സംഘാടകര്‍ക്ക് ഇത്തരമൊരു വീക്ഷണമുള്ളതുകൊണ്ട് മാത്രമായില്ല. മറിച്ച്, കേരള മുസ്‌ലിം നവോത്ഥാന പഠനങ്ങളില്‍  താല്‍പര്യമുള്ളവരെല്ലാം ഇതൊരു 'സ്വതന്ത്ര കവാട'മായി കാണേണ്ടതുണ്ട്. അവരുടെ പങ്കാളിത്തം വഴി സംവാദക്ഷമത ഉറപ്പുവരുത്തുമ്പോള്‍ ആശയങ്ങള്‍ക്ക് കൂടുതല്‍ തിളക്കം ലഭിക്കും. 

(ഐ.എസ്.എം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Comments

Other Post

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ട വിധം
ഫാത്വിമ കോയക്കുട്ടി

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (30-31)
എ.വൈ.ആര്‍