Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

ശബരിമലയിലെ ഇടതുപക്ഷ പ്രതിസന്ധി

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

'ശബരിമലയിലെ കാടിളക്കം പറയുന്നു, നവോത്ഥാന കേരളം അന്ധവിശ്വാസമാണ്'-കെ.ടി ഹുസൈന്‍ എഴുതിയ ലേഖനം (പ്രബോധനം ലക്കം 26) സെക്യുലരിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ഇരുത്തി ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. വിശിഷ്യാ, ഇടതുപക്ഷ നേതൃത്വത്തിന് മതവിശ്വാസത്തോടും മതസംഘടനകളോടും സുചിന്തിതമായ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താല്‍ക്കാലിക നേട്ടം മാത്രം മുന്നില്‍ കണ്ടുള്ള ഞാണിന്മേല്‍ കളിയുടെ പ്രത്യാഘാതമാണ് ഇടതുപക്ഷം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെന്ന് നേരെ ചൊവ്വെ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാവും. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമെന്നു  ഉത്തരേന്ത്യന്‍ അനുഭവങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞ സംഘ് പരിവാര്‍ അതേ ശൈലി കേരളത്തിലും വിജയിപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നു മാത്രം. അത് വിശ്വാസത്തിന്റെ പേരിലാകുമ്പോള്‍ മാര്‍ക്കറ്റിംഗ് എളുപ്പമാകുന്നു.

 

 

 

ഖുര്‍ആന്‍ ഗവേഷണ പഠനത്തിലേക്ക് ഇനിയെത്ര ദൂരം സഞ്ചരിക്കണം?

ഖുര്‍ആന്റെ സന്ദേശങ്ങള്‍ കാലോചിതവും അന്യൂനവുമാണെന്നും അതില്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണാത്മക പഠനത്തിനും ചര്‍ച്ചകള്‍ക്കും ധൈഷണിക സമൂഹം മുന്നോട്ടുവരണമെന്നും ഐ.എസ്.എം സംസ്ഥാന സമിതി തിരൂരില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ (ക്യൂ.എച്ച്.എല്‍.എസ്) സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടതായി വാര്‍ത്ത കണ്ടു (മാധ്യമം 25-11-2018). സാമൂഹിക ധ്രുവീകരണത്തെ ശക്തമായി നിരാകരിക്കുകയും മാനവിക മൂല്യങ്ങളെ ഉദ്‌ഘോഷിക്കുകയും ചെയ്ത വേദഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന് നിലമ്പൂരില്‍ വിസ്ഡം യൂത്ത് സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു (മാധ്യമം 27-11-2015).

കേരളത്തിലെ രണ്ട് പ്രമുഖ ഇസ്‌ലാഹി യുവജനസംഘടനകളുടെ വേദികളില്‍നിന്നുള്ളതാണ് ഈ റിപ്പോര്‍ട്ടുകള്‍. സുപ്രധാനമായൊരു വിഷയമാണ്് റിപ്പോര്‍ട്ടുകളില്‍ അടങ്ങിയിട്ടുള്ളത്.

മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന പരിഹാരമായി ദൈവം നല്‍കിയ സമ്പൂര്‍ണ ജീവിത ദര്‍ശനമായ ഖുര്‍ആനിനെ അക്ഷരങ്ങളിലൊതുക്കി, അതിന്റെ വിലപ്പെട്ട അധ്യാപനങ്ങളില്‍നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ നൂറ്റാണ്ടുകള്‍ നീണ്ട ശ്രമങ്ങള്‍ നടക്കുകയുണ്ടായി. ഖുര്‍ആന്റെ വെളിച്ചം ഇനിയും ലോകത്ത് ജ്വലിപ്പിച്ചുനിര്‍ത്തേണ്ടതായിട്ടാണുള്ളത്. ഏതാനും വര്‍ഷങ്ങളായി മുസ്‌ലിം സംഘടനകളുടെ വേദികളില്‍നിന്ന്, വിശിഷ്യാ ഇസ്‌ലാമിസ്റ്റ്, ഇസ്‌ലാഹീ വേദികളില്‍ ഖുര്‍ആനെ സംബന്ധിച്ച് ഇത്തരം പ്രഭാഷണങ്ങളും പ്രസ്താവനകളും കേള്‍ക്കാറുണ്ടെന്നും അതൊന്നും സ്റ്റേജ് വിട്ടിറങ്ങിയിട്ടില്ലെന്നും പറഞ്ഞ് തള്ളിക്കളയാനാവില്ല. ഇനിയെങ്കിലും വേദി വിട്ടിറങ്ങി വന്ന് സമൂഹത്തില്‍ പ്രതിഫലനം സൃഷ്ടിച്ചെങ്കില്‍ എന്ന് അഭിലഷിക്കാനേ നിവൃത്തിയുള്ളൂ. സമാധാനത്തിനും ശാന്തിക്കും വേണ്ടിയുള്ള ഇന്നത്തെ ദാഹം അത്രമേല്‍ കഠിനമാണ്. ദാഹശമനത്തിനുതകുന്ന അരുവികളാണെന്ന് ധരിച്ച് അടുത്തെത്തിയപ്പോള്‍ അവയെല്ലാം വെറും മരീചികയാണെന്ന് ബോധ്യപ്പെട്ട് വെപ്രാളത്തിലകപ്പെട്ടവര്‍ ധാരാളമുണ്ട്.

ഖുര്‍ആനെ നെഞ്ചേറ്റിയ ഒരു ജനത. അവര്‍ ഒത്തുചേര്‍ന്ന് ഖുര്‍ആന്‍ പഠിച്ചു. പ്രവാചകന്‍ നിര്‍ദേശിച്ചതനുസരിച്ച് പരസ്പരം ചര്‍ച്ചചെയ്തും അറിവുകള്‍ പങ്കുവെച്ചും നടത്തിയ ആ പഠനത്തില്‍നിന്ന് അമൂല്യ രത്‌നങ്ങള്‍ പുറത്ത് വന്നു. സ്വന്തം ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തണമെന്ന ഖുര്‍ആനിന്റെ തന്നെ നിര്‍ദേശമനുസരിച്ച് ഖുര്‍ആന്‍ പഠനത്തിനിറങ്ങിയപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുകയായിരുന്നു, വിജ്ഞാനത്തിന്റെ കവാടം അവര്‍ക്ക് മുന്നില്‍ തുറക്കപ്പെടുകയായിരുന്നു. അങ്ങനെ പുതുയുഗത്തിന് നാന്ദികുറിക്കപ്പെടുകയായിരുന്നു.

ഖുര്‍ആന്‍ പഠനത്തിലേക്കിറങ്ങിയപ്പോഴാണ് ഈ സാഗരം ആര്‍ക്കും ഇറങ്ങാന്‍ സാധിക്കുന്ന അത്ഭുതമാണെന്ന് അവര്‍ക്ക് ബോധ്യമായത്. ഖുര്‍ആനിന്റെ പ്രഭയില്‍ ഇരുള്‍ പോയതറിഞ്ഞില്ല. പഠനവുമായി മുന്നോട്ടു നീങ്ങിയപ്പോള്‍ പുതിയ നാഗരികതയും പുതിയ ശാസ്ത്രശാഖകളും ഉടലെടുക്കുകയും ചെയ്തു.

പില്‍ക്കാലത്ത് ഇസ്‌ലാമിക സമൂഹം ഖുര്‍ആനില്‍നിന്ന് ചിന്ത തിരിച്ചപ്പോള്‍ നാഗരികതയും ശാസ്ത്രവും ചിന്തയുമെല്ലാം അനര്‍ഹര്‍ കൈയടക്കുകയും ലോകം വിനാശത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു. മുസ്‌ലിം സമൂഹം ഖുര്‍ആന്‍ പഠനമുപേക്ഷിച്ച് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അകപ്പെട്ട അവസ്ഥയിലാണ് കേരളക്കരയില്‍ ഇസ്‌ലാഹി ചിന്ത കടന്നുവരുന്നത്. ഖുര്‍ആനും സുന്നത്തുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെന്നും അതിലേക്ക് മുസ്‌ലിംകള്‍ തിരിച്ചുവരണമെന്നും ആഹ്വാനം ചെയ്തുകൊണ്ടുതന്നെയാണ് ഇസ്‌ലാഹി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആനുകാലിക പ്രശ്‌നങ്ങള്‍ ഖുര്‍ആനികാടിത്തറയില്‍ ഗവേഷണാത്മകമായി വിശകലനം ചെയ്യാനുള്ള പ്രവണതയും കണ്ടുതുടങ്ങിയിരുന്നു. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രസിദ്ധീകരണങ്ങളില്‍ ഇതിലേക്കുള്ള സൂചനകള്‍ കാണാം. പില്‍ക്കാലത്ത് എതിര്‍പ്പ് നേരിടുകയും സംഘടനാ പക്ഷപാതിത്വം ഉത്ഭവിക്കുകയും ചെയ്തപ്പോള്‍ ഇതിന് മങ്ങലേല്‍ക്കുകയായിരുന്നു. എന്നാലും 'മതകാര്യങ്ങളില്‍' ഖുര്‍ആനും ഹദീസും പ്രമാണമാക്കുന്നതില്‍ ഇസ്‌ലാഹി പ്രസ്ഥാനം എന്നും കണിശത പുലര്‍ത്തിയിട്ടുണ്ട്. ലോകം നേരിടുന്ന ഗുരുതര സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ടെന്നും ഗവേഷണാത്മക പഠനത്തിലൂടെ കാലോചിത പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്‍ നല്‍കുന്ന പരിഹാരങ്ങള്‍ കണ്ടെത്തണമെന്നുമുള്ള ആഹ്വാനം ഇസ്‌ലാഹി യുവജന വിഭാഗങ്ങളുടെ സ്റ്റേജുകളില്‍നിന്ന് കേള്‍ക്കുമ്പോള്‍, ആദ്യകാല സാരഥികള്‍ വെട്ടിത്തെളിച്ച വഴിയിലൂടെ കൂടുതല്‍ ശക്തവും വിശാലവുമായ മാര്‍ഗത്തിലൂടെ മുന്നേറണമെന്ന ആഗ്രഹം പിന്‍തലമുറകളിലുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.

നാം ഖുര്‍ആന്റെ സാഗരത്തിലേക്കിറങ്ങുമോ? 'മുത്തുകളും പവിഴങ്ങളുമുള്ള സാഗരമാണ് ഞാന്‍. എന്നിലെ മുത്തിനെ സംബന്ധിച്ച് എന്നില്‍ മുങ്ങിയവരോട് അന്വേഷിക്കുമോ?' ഖുര്‍ആന്‍ ചോദിക്കുന്നു. ഖുര്‍ആനിനെ നെഞ്ചേറ്റിയ സ്വഹാബത്തും ആദ്യകാലക്കാരും, അവരാണല്ലോ അതില്‍ ഇറങ്ങി മുങ്ങി മുത്തുകള്‍ പുറത്തെടുത്തവര്‍. ഇന്നും അതേ സാഗരം തെളിമയാര്‍ന്ന മുത്തുകളുമായി ഓളം വെട്ടിക്കൊണ്ടിരിക്കുന്നു. കരക്കിരുന്ന് ഓളത്തിന്റെ താളമാസ്വദിക്കാനാണ് സമുദായത്തിന് താല്‍പര്യം. അഥവാ ശ്രവണ മധുരമായ ഖുര്‍ആന്‍ പാരായണത്തില്‍ സംതൃപ്തരായി കഴിയുന്നെന്ന് ചുരുക്കം. സ്വരമാധുരി മാത്രം മതി, ഇമാമത്തിനുള്ള യോഗ്യതയായി! അറിവോ അഖീദയോ സംസ്‌കാരമോ നമസ്‌കാരോ ഒന്നും വിഷയമല്ല എന്നിടത്തോളമെത്തിയിട്ടുണ്ട് കാര്യങ്ങള്‍ എന്നതല്ലേ യാഥാര്‍ഥ്യം.

സംഘടനകളുടെ ഖുര്‍ആന്‍ പഠന സംരംഭങ്ങളും സാഗരതീരത്തടിയുന്ന കക്കകളും ചെറു മത്സ്യങ്ങളും ശേഖരിക്കുകയല്ലാതെ സാഗരത്തിലിറങ്ങാനോ മുത്തുകളന്വേഷിക്കാനോ തുനിഞ്ഞിട്ടില്ല, അതിനവ പര്യാപ്തവുമല്ല. ഖുര്‍ആന്‍ പണ്ഡിതന്മാര്‍, ഭാഷാ പണ്ഡിതന്മാര്‍, വിവിധ വിജ്ഞാന ശാഖകളില്‍ കഴിവുള്ളവര്‍ ഇവരെല്ലാം ചേര്‍ന്ന് ഖുര്‍ആന്‍ പഠന ഗവേഷണ സംരംഭമുണ്ടാക്കണം. സെമിനാറും ചര്‍ച്ചകളും വേണം. ഇവരില്‍നിന്നു കൂടി പരിശീലനം കിട്ടിയ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ രംഗങ്ങളില്‍ പാണ്ഡിത്യം സിദ്ധിച്ചവരെ പരമാവധി സംഘടിപ്പിച്ചുള്ള ഖുര്‍ആന്‍ പഠന സംരംഭങ്ങള്‍ - ഈ വഴിക്ക് ഇനിയെങ്കിലും ചിന്തിച്ചു തുടങ്ങേണ്ടതുണ്ട്.

കെ.സി ജലീല്‍ പുളിക്കല്‍

 

 

 

'എന്നെയൊന്ന് കൊന്നു തരൂ!'

കമ്യൂണിസ്റ്റ് ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ കഠിന പീഡനങ്ങള്‍ക്ക് വിധേയമാകുന്നതു സംബന്ധിച്ച് കുറച്ചു മാസങ്ങളായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. 2014 മുതല്‍ ഭീകരവാദത്തിനെതിരെ എന്ന പേരില്‍ വമ്പിച്ച കാമ്പയിന്‍ ചൈനയില്‍ നടക്കുകയാണ്. 20 മില്യന്‍ മുസ്‌ലിംകളുണ്ട് ചൈനയില്‍. സര്‍ക്കാര്‍ ഉത്തരവുകളിലൂടെ മുസ്‌ലിം പള്ളികള്‍ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതായും മതവിദ്യാഭ്യാസം തടയുന്നതിന് മദ്‌റസകള്‍ അടച്ചുപൂട്ടുന്നതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. അറബി ഭാഷാ പഠനം അപകടകരമാണെന്ന് പ്രചരിപ്പിച്ച് അത് സംസാരിക്കുന്നതും പഠിക്കുന്നതും പഠിപ്പിക്കുന്നതും നിരോധിക്കുന്നു. കമ്യൂണിസ്റ്റ് മന്ത്രിസഭ പ്രഖ്യാപിച്ച ചൈനീസ്‌വത്കരണ പദ്ധതിയുടെ ഭാഗമാണത്രെ ഈ നടപടികള്‍.

കൂട്ടത്തോടെ തടവിലാക്കല്‍, കനത്ത നിരീക്ഷണം, രാഷ്ട്രീയ ആശയങ്ങളുടെ അടിച്ചേല്‍പിക്കല്‍, സാംസ്‌കാരിക ഏകീകരണ ശ്രമം എല്ലാം പ്രഖ്യാപിത പദ്ധതിയുടെ ഭാഗം തന്നെ. ബുര്‍ഖ-താടി നിരോധങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഉയിഗൂര്‍ മുസ്‌ലിംകളും മറ്റു മുസ്‌ലിം വിഭാഗങ്ങളും ശിക്ഷിക്കപ്പെടുന്നു. പത്തു ലക്ഷത്തോളം പേര്‍ ഇത്തരത്തില്‍ തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നു.

ചൈനയിലെ, പ്രത്യേകിച്ച് സിന്‍ജിയാങ് മേഖലയിലെ പീഡന കേന്ദ്രങ്ങളെക്കുറിച്ച് താന്‍ ആശങ്കാകുലനാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സോ ആബെ, ചൈനീസ് പ്രധാനമന്ത്രി ലീ കെ ക്വാങുമായുള്ള കൂടിക്കാഴ്ചക്കിടെ പറയുകയുണ്ടായി. 10 ലക്ഷത്തോളം ഉയിഗൂര്‍ വംശജരെ സ്‌കൂളുകള്‍ എന്ന വ്യാജേന നടത്തുന്ന തടവറകളില്‍ പാര്‍പ്പിച്ച് മൃഗീയ പീഡനത്തിനിരയാക്കുന്നുവെന്ന യു.എന്‍ മനുഷ്യാവകാശ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് ജപ്പാനീസ് മേധാവി ഇത് പറഞ്ഞത്.

ഭീകരവാദവും വിഘടനവാദവും ശക്തിപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ചൈനീസ് ഭരണകൂടം ശക്തമായ നടപടികള്‍ തുടരുന്നത്. എന്നാല്‍, ഭരണകൂട ഭീകരതയാണ് ഇവര്‍ക്കിടയില്‍ വിഘടനവാദം വളരാന്‍ കാരണമാവുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബുര്‍ഖ, താടി തുടങ്ങി ഇസ്‌ലാമിക വേഷങ്ങളും ആചാരങ്ങളും പ്രാര്‍ഥനാലയങ്ങളായ പള്ളികളും മദ്‌റസാ പഠനവും അറബി ഭാഷയും ഭീകരതയായി ചിത്രീകരിച്ച് പീഡനങ്ങള്‍ അഴിച്ചുവിടുകയാണ്. ഉയിഗൂര്‍ മുസ്‌ലിംകളെ തടങ്കലില്‍ പീഡിപ്പിക്കുന്ന ചൈനക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറു കണക്കില്‍ വിദ്യാഭ്യാസ വിചക്ഷണര്‍ അമേരിക്കയില്‍ രംഗത്ത് വന്നിട്ടുണ്ട്. ചൈനക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നിരപരാധികളായ പൗരന്മാരെ പീഡിപ്പിക്കുന്നതിനുള്ള അംഗീകാരമായിരിക്കുമതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. തടങ്കല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് 26 രാജ്യങ്ങളില്‍നിന്നുള്ള 278 പണ്ഡിതന്മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂട്ട തടങ്കല്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാനും അവ അടച്ചുപൂട്ടാനുമായി യു.എന്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

''ക്രൂരമായ പീഡനം നടന്ന ഓരോ ദിവസങ്ങളിലും എന്നെയൊന്ന് കൊന്നുതരൂ എന്ന് ഞാന്‍ അവരോട് യാചിച്ചു. ശ്വാസം മുട്ടിക്കുന്ന ചെറിയ സെല്ലില്‍ 60 സ്ത്രീകളാണ് താമസിപ്പിച്ചിരുന്നത്. കാമറ സ്ഥാപിച്ചിരുന്ന ശൗചാലയമാണ് ഉപയോഗിക്കേണ്ടിവന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തുന്ന പാട്ടുകള്‍ പാടേണ്ടിവന്നു. നിര്‍ബന്ധിച്ച് മരുന്നുകള്‍ കഴിപ്പിച്ചതിനാല്‍ തലകറങ്ങി വീണു. വെളുത്ത ദ്രാവകം കഴിപ്പിച്ചത് മൂലം ചില സ്ത്രീകള്‍ക്ക് ബ്ലീഡിംഗ് ഉണ്ടായി. മറ്റു ചിലര്‍ക്ക് ആര്‍ത്തവം നിന്നു. ഉയര്‍ന്ന കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ചു ഹെല്‍മറ്റ് പോലുള്ള എന്തോ തലയില്‍ വെച്ചു. ഓരോ തവണയും ഷോക്കടിപ്പിക്കുമ്പോള്‍ ശരീരം മുഴുവനായും വിറച്ചു. ഞെരമ്പുകള്‍ വരെ വേദനകള്‍ അറിഞ്ഞു. വായില്‍നിന്ന് വെളുത്ത നുര വന്നു. ബോധം നഷ്ടപ്പെട്ടു.'' ചൈനയിലെ ഉയിഗൂര്‍ തടങ്കല്‍ കേന്ദ്രങ്ങളിലെ ക്രൂര പീഡനങ്ങള്‍ വാഷിംഗ്ടണില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിഹ്‌റിഗുല്‍ ടര്‍സുന്‍ എന്ന വനിത വിവരിച്ചതാണിത്. തീവ്രവാദത്തെ പ്രതിരോധിക്കാന്‍ എന്ന കള്ളന്യായം ചമച്ച് മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരെത്തന്നെയാണ് ചൈനീസ് അധികൃതര്‍ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ അഴിച്ചുവിടുന്നത്.

റഹ്മാന്‍ മധുരക്കുഴി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം