Prabodhanm Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

ആ പണ്ഡിതനെയും പരിഷ്‌കര്‍ത്താവിനെയും തിരിച്ചുപിടിക്കണം

വിചാരണാ നാളില്‍ ഈസാ നബിയുമായി അല്ലാഹു നടത്തുന്ന ഒരു സംഭാഷണം ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട് (അല്‍മാഇദ 116,117). അല്ലാഹുവിന്റെ ചോദ്യമിതാണ്: ''മര്‍യമിന്റെ മകന്‍ ഈസാ, 'അല്ലാഹുവിനെ വിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍' എന്ന് താങ്കളാണോ ജനങ്ങളോട് പറഞ്ഞത്?'' അതിന് ഈസാ നബി നല്‍കുന്ന മറുപടി: ''എനിക്ക് പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ എങ്ങനെ പറയും! ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ നിനക്കത് അറിയുമല്ലോ... നീ എന്നോട് കല്‍പിച്ചിട്ടില്ലാത്ത ഒന്നും ഞാനവരോട് പറഞ്ഞിട്ടില്ല. എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ടു ജീവിക്കണം എന്നേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ.'' ഇത് ഈസാ നബിയെക്കുറിച്ച് വന്ന പരാമര്‍ശമാണെങ്കിലും പല സന്ദര്‍ഭങ്ങളിലേക്കും അതിനെ ചേര്‍ത്തുവെക്കാന്‍ പറ്റും. താന്‍ എന്താണോ പ്രബോധനം ചെയ്തത്, അതിനെ തന്റെ കാലശേഷം അനുയായികള്‍ തീര്‍ത്തും മറ്റൊന്നായി മാറ്റിമറിക്കുക എന്നത് ഒരു പ്രവാചകന്‍ മാത്രം നേരിട്ട ദുരന്തമല്ല. മഹാന്മാരായ പല പണ്ഡിതന്മാര്‍ക്കും പരിഷ്‌കര്‍ത്താക്കള്‍ക്കും അവരുടെ കാലശേഷം ആ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്; പ്രത്യേകിച്ച് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍. മുഈനുദ്ദീന്‍ ഛിശ്തി, ഹസ്രത്ത് നിസാമുദ്ദീന്‍ തുടങ്ങിയവര്‍ വളരെ നിസ്വാര്‍ഥമായി ജീവിതാന്ത്യം വരെ ഇസ്‌ലാമിനു വേണ്ടി നിലകൊണ്ടവരാണ്. എല്ലാ പണ്ഡിതന്മാരെയും പോലെ തൗഹീദാണ് അവര്‍ ഊന്നിപ്പറഞ്ഞിരുന്നത്. പക്ഷേ ആ മഹത്തുക്കള്‍ ഇന്നറിയപ്പെടുന്നത് അവരുടെ പേരില്‍ പില്‍ക്കാലത്ത് പുഷ്ടിപ്പെട്ട മഖ്ബറ വ്യവസായങ്ങളുടെ പേരിലാണ്.

കേരളത്തിലേക്ക് വന്നാല്‍, ആ ദുരന്തം നേരിട്ട പണ്ഡിതനും പരിഷ്‌കര്‍ത്താവും തീര്‍ച്ചയായും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയാണ്. ഇറാനിലെ ജീലാനില്‍ ജനിക്കുകയും ബഗ്ദാദില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കെ ഇഹലോകവാസം വെടിയുകയും ചെയ്ത അദ്ദേഹത്തിന് കേരളവുമായി എന്തെങ്കിലും ബന്ധങ്ങള്‍ ഉള്ളതായി അറിയില്ല. പക്ഷേ, അദ്ദേഹത്തെക്കുറിച്ച് ദിവ്യത്വത്തോളമെത്തുന്ന നിറം പിടിപ്പിച്ച കഥകള്‍ പ്രചരിക്കുകയും അത് പൊതുജനം ശരിയെന്ന് വിശ്വസിക്കുകയും ചെയ്യുന്ന കേരളം പോലുള്ള മറ്റൊരു നാടും ഇല്ലെന്നും പറയേണ്ടിവരും. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും പരിചയപ്പെടുത്തുന്ന അറബി വിക്കിപീഡിയയില്‍ അത്തരം 'കറാമത്തുകളെ'ക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. ഒരു വായനക്കാരന്റെ കമന്റ് മാത്രമാണ് ഇതു സംബന്ധമായി കാണാന്‍ കഴിഞ്ഞത്. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ശൈഖ് ജീലാനിക്ക് ഖുര്‍ആന്‍ പതിനെട്ട് ജുസ്അ് മനഃപാഠമായിരുന്നു എന്ന് ചിലര്‍ പറയുന്നു എന്നായിരുന്നു കമന്റ്. 'അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍നിന്ന് ഒന്നും അറിയാത്തവരായി പുറത്തേക്ക് കൊണ്ടുവന്നു'  (അന്നഹ്ല്‍ 78) എന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചുകൊണ്ട് ആ വായനക്കാരന്‍തന്നെ അതിനെ തള്ളിപ്പറയുന്നുമുണ്ട്. നിര്‍ഭാഗ്യവശാല്‍, ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളെ പോലും വെല്ലുവിളിക്കുന്ന ഇത്തരം നൂറുകണക്കിന് കഥകളാണ് കേരളത്തില്‍ ഈ മഹാന്റെ പേരില്‍ ഇപ്പോഴും വളരെ ആസൂത്രിതമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രമോട്ട് ചെയ്യുക എന്നതല്ലാത്ത മറ്റൊരു ലക്ഷ്യവും ഇതിനു പിന്നിലില്ല. രാജാക്കന്മാരുടെ അനീതിയെ തുറന്നെതിര്‍ത്ത, ലക്ഷക്കണക്കിനാളുകളെ ശുദ്ധ തൗഹീദിന്റെ പാതയിലേക്ക് കൊണ്ടുവന്ന ഈ മഹാന്റെ യഥാര്‍ഥ ജീവിതം പരിചയപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കേണ്ടതുണ്ട് അദ്ദേഹം കൂടുതലായി അനുസ്മരിക്കപ്പെടുന്ന ഈ സന്ദര്‍ഭം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം