Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 28

3082

1440 റബീഉല്‍ ആഖിര്‍ 20

'നിര്‍മിത പ്രതിഛായയില്‍ മോദി പൗരന്മാരെ കുരുക്കുന്നു'

രാമചന്ദ്ര ഗുഹ/യാസിര്‍ ഖുതുബ്

ഇന്ത്യയിലെ എണ്ണപ്പെട്ട ചരിത്രകാരന്മാരിലൊരാളാണ്  രാമചന്ദ്ര ഗുഹ. കോളമിസ്റ്റും അമേരിക്കയിലെയും യൂറോപ്പിലെയും വിവിധ യൂനിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസറുമാണ് അദ്ദേഹം. വിവിധ ചരിത്ര ശാഖകളെയും സാമൂഹിക ജീവിതത്തെയും അധികരിച്ച് പ്രൗഢ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒരുപക്ഷേ ഗാന്ധിയെ കുറിച്ച് ഏറ്റവും കൂടുതല്‍ താളുകള്‍ എഴുതിയിട്ടുള്ളതും അദ്ദേഹമാകും. ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി, ഗാന്ധി ബിഫോര്‍ ഇന്ത്യ, ഗാന്ധി ചരിത്രം എന്നീ ഗ്രന്ഥങ്ങള്‍  ഇതില്‍ ഉള്‍പ്പെടുന്നു. 'ഇന്ത്യ ഗാന്ധിക്കു ശേഷം' എന്ന പുസ്തകം ബുക്ക് ഓഫ് ദ ഇയര്‍ ആയി  എക്കണോമിസ്റ്റ്, വാഷിംഗ്ടണ്‍  പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍, സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്ക്ള്‍, ടൈംസ്, ഔട്ട്‌ലുക്ക് എന്നിവ തെരഞ്ഞെടുത്തിരുന്നു. ദശാബ്ദത്തിലെ പുസ്തകമായി ടൈംസ് ഓഫ് ഇന്ത്യയും ഇതിന് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. 

ആധുനിക ഇന്ത്യയുടെ  ശില്‍പികള്‍, ബ്രിട്ടീഷ് അതിക്രമകാലത്തെ ഇന്ത്യ, പരിസ്ഥിതി-ഒരു ലോക ചരിത്രം, ജനാധിപത്യവാദികളും വിസമ്മതരും, ക്രിക്കറ്റിന്റെ സാമൂഹികചരിത്രം, സാംസ്‌കാരിക സ്വത്വങ്ങള്‍, ഗോത്ര വര്‍ഗങ്ങളോടുള്ള സാംസ്‌കാരിക ക്രൂരതകള്‍, രാജ്യസ്‌നേഹവും പക്ഷപാതിത്വങ്ങളും തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങളാണ്. 2009-ല്‍ ഭാരത സര്‍ക്കാറിന്റെ പത്മഭൂഷണ്‍ അവാര്‍ഡ് ലഭിച്ചു.

2018 നവംബര്‍ ആദ്യത്തിലാണ് അഹ്മദാബാദ് സര്‍വകലാശാലയില്‍ അദ്ദേഹം അധ്യാപകനായി നിയമിക്കപ്പെട്ടത്. എന്നാല്‍ എ.ബി.വി.പിയുടെ പ്രതിഷേധം കാരണം അദ്ദേഹത്തിന് ആ ക്ഷണം നിരസിക്കേിവന്നു. കഴിഞ്ഞ ഡിസംബര്‍ 7-ന് പനാജിയില്‍ വെച്ച് അദ്ദേഹം ബീഫ് കഴിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തുടര്‍ന്ന് സംഘ്പരിവാര്‍ ശക്തികള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും വീട് ആക്രമിക്കുകയും ചെയ്തു. 'റോ'യിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം ട്വിറ്ററില്‍ എഴുതി. 'ഞാന്‍ കഴിച്ച ബീഫ് അത്ര രുചികരമല്ലാത്തതിനാല്‍ ആ ഫോട്ടോ ഡിലീറ്റ് ചെയ്യുന്നു' എന്നു പറഞ്ഞ് അദ്ദേഹം ആ ട്വീറ്റ്  പിന്‍വലിച്ചു. എന്നാല്‍ ബിജെപിയുടെ കപട നിലപാടുകള്‍ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രാമചന്ദ്ര ഗുഹ തന്റെ നയങ്ങളും നിലപാടുകളും പ്രബോധനത്തോട് വിശദീകരിക്കുന്നു.

 

ബീഫ് കഴിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ നിന്ന് പിന്‍വലിക്കാനുള്ള കാരണം?

സംഘ്പരിവാറിന്റെയോ ബി.ജെ.പിയുടെയോ ഭീഷണികള്‍ മുഖവിലക്കെടുക്കാറില്ല. അവരില്‍ എനിക്ക് പ്രതീക്ഷകളും ഇല്ല. ബംഗ്ലൂരുവിലുള്ള വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്, ഞാന്‍ ആവശ്യപ്പെടാതെ തന്നെ ഗവണ്‍മെന്റ് ചെയ്തതാണ്.

പനാജിയില്‍ സംഘടിപ്പിച്ച ഗോവ ലിറ്റററി ആര്‍ട്‌സ് ഫെസ്റ്റില്‍ സംസാരിക്കാനാണ് ഞാന്‍ പോയത്. ആ പരിപാടിയില്‍ പറഞ്ഞ കാര്യങ്ങള്‍, അതിന് മുമ്പും സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നവയാണ്.  അതേ കാര്യങ്ങള്‍ തന്നെയാണ്  വീണ്ടും എനിക്ക് പറയാനുള്ളത്. 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് എന്റെ ഒരു പുസ്തകമുണ്ട്. സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ ഹിന്ദു മതവിശ്വാസികളായ സാമാന്യജനങ്ങളില്‍നിന്നുയരുന്ന പ്രതിഷേധങ്ങള്‍ക്ക് ചെവികൊടുക്കാന്‍ വി.എച്ച്.പി ഉള്‍പ്പെടെയുള്ളവര്‍ തയാറാവണമെന്നാണ് അതില്‍ ഞാന്‍ ആവശ്യപ്പെടുന്നത്. എല്ലാ ഹിന്ദുക്കളും ഇത്തരക്കാരുടെ ആക്രമണങ്ങളെ അനുകൂലിക്കുന്നില്ല. 

 

ഗോവ ലിറ്റററി ഫെസ്റ്റിലെ പ്രസംഗവും രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചായിരുന്നോ?

അത്  സമത്വവും അവകാശങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഇക്കാര്യത്തില്‍ 1920-കളിലെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദലിതുകള്‍ വളരെ മുമ്പിലാണ്. സ്ത്രീകള്‍ക്ക് പൊതുവെ ഇത്രത്തോളം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. ശബരിമല ക്ഷേത്രത്തിലേക്കും ഇപ്പോള്‍ സ്ത്രീ പ്രവേശനം അനുവദിച്ചിരിക്കുകയാണല്ലോ. ദൈവം, ആരാധന തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഞാന്‍ കൂടുതല്‍ പഠിച്ചിട്ടില്ല. ഹിന്ദു-ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങളില്‍ ആരാണ് കൂടുതല്‍ സമത്വം അനുവദിക്കുന്നത്  എന്നുമറിയില്ല. പക്ഷേ ദലിതുകളില്‍ ഈ വിഷയത്തില്‍ കാര്യമായ പുരോഗതി കാണുന്നുണ്ട്. 

 

ക്ഷേത്രപ്രവേശനം ആണോ ഉദ്ദേശിക്കുന്നത്?

1960-കളുടെ അവസാനത്തില്‍ വരെ ഇന്ത്യയില്‍ പല ക്ഷേത്രങ്ങളിലും ദലിതുകള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. അതിന് ഉദാഹരണമാണ് ബദരീനാഥ് ക്ഷേത്രം. 1920-കളില്‍ ഗാന്ധിജി ശ്രീനാരായണഗുരുവുമായി ചേര്‍ന്ന് നടത്തിയ ക്ഷേത്രപ്രവേശന സമരങ്ങള്‍ ശ്രദ്ധേയമാണ്. ഇപ്പോഴും ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളില്‍ ദലിതുകളെ തടഞ്ഞുനിര്‍ത്തുന്നു് 'ഉയര്‍ന്ന ജാതിക്കാര്‍'. അവര്‍ക്ക് പ്രവേശനം ഇല്ലാത്ത ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. 

 

മോദിയെ കൂടുതലായി എതിര്‍ക്കാന്‍ കാരണം?

നരേന്ദ്ര മോദി വളരെ വ്യത്യസ്തനായ ഒരാളാണ്. ഒരു സ്വേഛാധിപതി. ഇന്ദിരാഗാന്ധിയും സ്വേഛാധിപതിയായിരുന്നു. പക്ഷേ നരേന്ദ്ര മോദിയിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ അപകടമാണ്. അദ്ദേഹത്തിന് പ്രത്യേക കാഴ്ചപ്പാടുകളാണുള്ളത്. സഹപ്രവര്‍ത്തകരുമായി ഒന്നും പങ്കുവെക്കാന്‍ മോദി തയാറല്ല. എന്നാല്‍ എല്ലാ വിജയങ്ങളും സ്വന്തമാക്കി ആഘോഷിക്കുകയും ചെയ്യും. അതിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും നല്‍കുകയില്ല. ശ്രീരാമനു പോലും അത് വകവെച്ചുകൊടുക്കാന്‍ അദ്ദേഹം തയാറാവുകയില്ല. അത്രയും സ്വാര്‍ഥനാണ്. ഞാന്‍ ബംഗ്ലൂരുവില്‍നിന്ന് ഉത്തര കര്‍ണാടക ഭാഗത്തുള്ള ജന്മദേശത്തേക്ക് വാഹനം ഓടിച്ചുപോവുന്ന റോഡുകള്‍ പണിതത്  വാജ്‌പേയിയുടെ കാലത്ത് മുംബൈ ഹൈവേയുടെ ഭാഗമായിട്ടായിരുന്നു. പിന്നീട് ധാര്‍വാഡില്‍ വെച്ച് നടന്ന  മോദിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രസംഗം ഞാന്‍ ശ്രദ്ധിച്ചു. ആ പ്രസംഗത്തില്‍ റോഡ് നിര്‍മിച്ചതില്‍ വാജ്‌പേയിക്ക് യാതൊരു ക്രെഡിറ്റും നല്‍കാതെ, എല്ലാം താന്‍ ചെയ്തു എന്ന നിലക്കായിരുന്നു സംസാരം.

അധികാരം കൈയിലുള്ളവര്‍ സ്വന്തത്തെ കൂടുതലായി സ്‌നേഹിക്കുന്നു. ഇന്ദിരാഗാന്ധിയും അങ്ങനെയുള്ള വ്യക്തിയായിരുന്നു. വിരാട് കോഹ്‌ലിയും ആ ഗണത്തില്‍ പെടുന്നു (വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാമചന്ദ്രഗുഹ ബി.സി.സി ഉപദേശക സമിതിയില്‍നിന്ന് രാജിവെച്ചിരുന്നു).

 

മോദിയുടെ പ്രധാന പ്രശ്‌നം? 

അധികാര ദുര്‍വിനിയോഗം മോദിയെ എതിര്‍ക്കാന്‍ ഒരു പ്രധാന കാരണമാണ്. അതിനെതിരെ നാം നിരന്തരം കലഹിച്ചുകൊണ്ടിരിക്കണം; മിലന്‍ കുന്ദേര, 'മറവിക്കെതിരെ ഓര്‍മയുടെ കലാപം തീര്‍ക്കുക' എന്നു പറഞ്ഞതുപോലെ.  ഒരുപക്ഷേ ഇന്ത്യയില്‍ ശക്തിയുള്ളത് രാഷ്ട്രീയക്കാര്‍ക്കാണ്. പിന്നെ വന്‍കിട മുതലാളിമാര്‍ക്കും. അവര്‍ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കി ഭരണ വ്യവസ്ഥയെ സ്വന്തം ഇംഗിതങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. പണ്ടുകാലത്ത് ഇവര്‍  തിരശ്ശീലക്ക് പിന്നിലായിരുന്നെങ്കില്‍, ഇന്ന് യാതൊരു മറയുമില്ലാതെ മുമ്പില്‍ തന്നെയു്. 

പണം ദുരുപയോഗം ചെയ്ത് രാജ്യത്തിന്റെ നിയമങ്ങളില്‍നിന്ന് ഡോക്ടര്‍ വിജയ് മല്യ പറന്ന് രക്ഷപ്പെടുന്നു. ഈ ഓണററി ഡോക്ടറേറ്റ് പോലും അത്രയൊന്നും പ്രശസ്തമല്ലാത്ത യൂനിവേഴ്‌സിറ്റികളില്‍ ചില സ്‌കോളര്‍ഷിപ്പിതര പണം നല്‍കി മല്യ ഒപ്പിച്ചെടുത്തതാണ് എന്ന് തമാശ കേള്‍ക്കാറുണ്ട്.  മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും 27 നില വീടിന്റെ കഥകള്‍ വായിച്ച് നാം  സായൂജ്യമടയുന്നു. ഇന്ത്യയുടെ 'പ്രഥമ ബിസിനസ് കുടുംബം' പല പ്രമുഖ എഡിറ്റര്‍മാരെയും സ്വാധീനിച്ച കഥകള്‍ പലരും പറയാറുണ്ട്. ഖശീ ഇന്‍സ്റ്റിറ്റിയൂട്ടിന് എക്‌സലന്‍സി പദവി കിട്ടുന്നു. ഇതിനെ കുറിച്ച് വന്ന ട്രോളുകള്‍ രസാവഹമായിരുന്നു, അതുപോലെ അര്‍ഥവത്തും. 'ഒന്നുമില്ലായ്മയെ കുറിച്ച് പി.എച്ച്.ഡി ചെയ്യുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സീറോ പ്ലാന്‍ അവൈലബ്ള്‍' എന്നായിരുന്നു അതിലൊന്ന്. 

പണ്ട് ശിവാജി ഒരു ചെറിയ പ്രദേശത്തിന്റെ ചക്രവര്‍ത്തിയായിരുന്നെങ്കില്‍, ഹിന്ദു ഭാരതത്തിന്റെ  മുഴുവന്‍ ചക്രവര്‍ത്തി എന്ന നിലയിലാണ് നരേന്ദ്ര മോദിയെ ചിലര്‍ കൊണ്ടാടുന്നത്. ശ്രീരാമന്‍ കഴിഞ്ഞാല്‍ താന്‍ എന്ന നിലയിലാണ് മോദിയും പെരുമാറുന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും വളരെ ശക്തയായിരുന്നു. പക്ഷേ അവര്‍ മറ്റുള്ളവരെ വിശ്വസിക്കുകയും അവര്‍ക്ക് ചെവി കൊടുക്കുകയും ചെയ്തിരുന്നു. സഹപ്രവര്‍ത്തകരെ മനസ്സിലാക്കാനും അവരുടെ ഫീഡ് ബാക്കുകള്‍ സ്വീകരിക്കാനും തയാറായിരുന്നു. അതേസമയം മോദി ബി.ജെ.പിയുടെ പ്രസിഡന്റില്‍നിന്നുള്ള ഫീഡ് ബാക്കേ സ്വീകരിക്കൂ. മറ്റൊരാളെയും കണക്കിലെടുക്കാറില്ലെന്നാണ് തോന്നുന്നത്. 

 

ദക്ഷിണേന്ത്യയിലെ ഹിന്ദുത്വ സ്വാധീനത്തെ എങ്ങനെ വിലയിരുത്തുന്നു

കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരള എന്നിവിടങ്ങളില്‍ ഉത്തരേന്ത്യ പോലെ ഈ രാഷ്ട്രീയം അത്ര പ്രത്യക്ഷമല്ല. ഹിന്ദി മേഖലയിലാണ് ഇവ കൂടുതല്‍ പ്രകടം. എന്നാല്‍ കര്‍ണാടകയുടെ തീരദേശങ്ങളും കേരളത്തിലെ കണ്ണൂരും ഒരു മുന്നറിയിപ്പാണ്. എല്ലായിടത്തും ഇവരുടെ ശക്തി ഒരു പോലെയാകണം എന്നില്ല. ദല്‍ഹിക്ക് പുറത്ത് മുഹമ്മദ് അഖ്‌ലാഖ് ആദ്യ വിദ്വേഷ കൊലപാതകത്തിന്റെ ഇരയായപ്പോള്‍ അത് മറ്റ് വ്യക്തികള്‍ക്ക് പ്രചോദനമാവുകയാണുായത്. 

നാം നിശ്ശബ്ദരായി നിന്നാലും അതൊരു പ്രോത്സാഹനമാണ്. ഇതിന്റെയൊക്കെ ഫലമായാണ് യു.പിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നത്, 'ഹിന്ദു യുവവാഹിനികള്‍' ശക്തിപ്പെടുന്നത്, പുരുഷകേന്ദ്രീകൃത ആള്‍ക്കൂട്ട പോലീസിംഗ്  വര്‍ധിക്കുന്നത്. 

 

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇന്ത്യയിലുടനീളം വര്‍ധിച്ചുവരികയാണല്ലോ?

ഇന്ത്യയുടെ എല്ലാഭാഗത്തും ഒരുപോലെ  ഇല്ലെങ്കിലും ഇതൊരു മുന്നറിയിപ്പാണ്. നോര്‍ത്ത്-വെസ്റ്റേണ്‍ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമായ ആക്രമണങ്ങള്‍ വളരെ കൂടുതലാണ്. പക്ഷേ സാധാരണക്കാര്‍ പലരും ഇതിനെ കുറിച്ച് അത്ര ബോധവാന്മാരല്ല. സോഷ്യല്‍ മീഡിയയില്‍ മുസ്‌ലിംകള്‍ക്കെതിരെ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കെതിരെയും ശക്തമായ കാമ്പയിനുകള്‍ ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്നുണ്ട്. പണ്ട് വാജ്‌പേയിയുടെ കാലത്തും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തുലോം കുറവായിരുന്നു. 

മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളുടെ ഡോക്യുമെന്റുകള്‍ പരിശോധിച്ചാല്‍, പോലീസും ഭരണകൂടവും പക്ഷപാതപരമായി പെരുമാറുന്നത് വളരെ എളുപ്പത്തില്‍ മനസ്സിലാവും. അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വെറുപ്പ് പടര്‍ത്തുന്ന ഭൂരിപക്ഷ തീവ്രവാദത്തോടൊപ്പമാണ് പലപ്പോഴും ഭരണപക്ഷം. രാജസ്ഥാനില്‍ മുസ്ലിം പേരുള്ളവര്‍ കൊല്ലപ്പെട്ടപ്പോള്‍ അവരുടെ കുടുംബത്തിനെതിരെയാണ് കേസെടുത്തത്, യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുന്നതിനു പകരം.

 

'അഛാദിന്‍' പറഞ്ഞ് അധികാരത്തിലെത്തിയ മോദിയുടെ വാഗ്ദാനങ്ങളെ കുറിച്ച് എന്ത് പറയുന്നു?

രാഷ്ട്രീയക്കാര്‍ അധികാരത്തിലില്ലാത്ത അവസരങ്ങളില്‍ വലിയ വാഗ്ദാനങ്ങള്‍ നടത്തുക അവരുടെ സ്ഥിരം പരിപാടിയാണ്. ഇതൊന്നും ആരും പാലിക്കാറില്ല. അങ്ങനെ ഈ ഗവണ്‍മെന്റിന്റെ കാലത്തും വാഗ്ദാന ലംഘനങ്ങളുടെ ഒരു പെരുമഴ തന്നെയാണ് കാണാനാവുക. തന്നെ വിശ്വസിച്ച് വോട്ട് ചെയ്തവരെ വഞ്ചിക്കുകയാണ് മോദിയും ചെയ്യുന്നത്. 

അര്‍ധസത്യങ്ങളും തന്റെ വ്യക്തി പ്രഭാവവും ഊതിവീര്‍പ്പിച്ച് സ്വയം പ്രോജക്ട് ചെയ്താണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. ഒരു പ്രസിഡന്‍ഷ്യല്‍ രീതിക്ക് നിരക്കുന്ന തരത്തിലാണ് അദ്ദേഹത്തെ ഉയര്‍ത്തിക്കാണിച്ചത്. അങ്ങനെ പലരും മോദിയില്‍ ആകൃഷ്ടരായി. 2002-ല്‍ ഗുജറാത്ത് കലാപം നടന്ന ഉടനെ ഞാന്‍ അവിടെ സന്ദര്‍ശിച്ചിരുന്നു. സബര്‍മതി ആശ്രമത്തില്‍ പോയി. അന്ന് പല പ്രമുഖരും എന്നോട് പറഞ്ഞത്, ഇത് രണ്ടാം ഗാന്ധിവധം ആണെന്നാണ്. അന്നവിടെ ജീവിച്ചവര്‍ക്കും സന്ദര്‍ശിച്ചവര്‍ക്കും കലാപകാലത്തെ ഭീകരത അറിയാം. കലാപ സമയത്ത് അതിനെതിരെ ഒരു നടപടിയും എടുക്കാതിരുന്നതിനാല്‍, അന്നത്തെ മുഖ്യമന്ത്രി എന്ന നിലക്ക് നരേന്ദ്രമോദി കുറ്റക്കാരനാണ്. 1984-ല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് നടന്ന കലാപത്തിലെ ഇരകള്‍ക്കും വാഗ്ദാനം ചെയ്ത നീതി മോദി  നല്‍കിയിരുന്നില്ല.

എന്താണ് വാഗ്ദാനം ചെയ്തതെന്നു മറക്കുക, തെറ്റുകളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുക, അല്ലെങ്കില്‍ മറച്ചുവെക്കുക. ഇത്തരം വാഗ്ദാന ലംഘനങ്ങളെ കുറിച്ചോ കഴിവുകേടുകളെ കുറിച്ചോ പലരും ബോധവാന്മാരല്ല. അതിനാലാണ് വര്‍ഗീയതയില്ലാത്ത സാധാരണക്കാരും മോദിക്ക് വോട്ട് ചെയ്യുന്നത്. കാര്യങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിവു്. അങ്ങനെയാണ് ഭരണം വന്‍ പരാജയമാകുമ്പോള്‍ പോലും പല സാധാരണക്കാരും അദ്ദേഹത്തിന്റെ നിര്‍മിത പ്രതിഛായയില്‍ കുടുങ്ങി വോട്ട് ചെയ്തുപോകുന്നത്. അതിനാലാണ് മോദിയെ വിമര്‍ശനവിധേയമാക്കി സത്യങ്ങള്‍ പുറത്തു കൊണ്ടുവരികയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണമെന്ന് ഞാന്‍ നിരന്തരം പറയുന്നത്. 

 

രാജ്യത്തിന്റെ വികസനത്തെയും പുരോഗതിയെയും കുറിച്ച് എന്താണ് അഭിപ്രായം?

ഞാനൊരു സാമ്പത്തിക വിദഗ്ധനല്ല. എന്നിരുന്നാലും നോട്ട് നിരോധനവും ജി.എസ്.ടിയുടെ പ്രയോഗവല്‍ക്കരണവും സാമ്പത്തിക ക്രമത്തെ പ്രതികൂലമായി ബാധിച്ചു എന്ന് സാമാന്യബുദ്ധിക്ക് മനസ്സിലാവും. രാഷ്ട്രത്തിന്റെ ഉന്നത സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജിവെച്ച് പുറത്തുപോകുന്നു. നീതി ആയോഗില്‍ മുതല്‍ റിസര്‍വ് ബാങ്കില്‍ വരെയുള്ളവര്‍ കളമൊഴിയുന്നു. സുപ്രീംകോടതി ന്യായാധിപന്മാര്‍ പരസ്യമായി പത്രസമ്മേളനം വിളിക്കുന്നു. ജെ.എന്‍.യു, ഹൈദരാബാദ് യൂനിവേഴ്‌സിറ്റികളില്‍ ഇവരുടെ വിദ്യാര്‍ഥി വിഭാഗം അഴിഞ്ഞാടുന്നു. സിവില്‍ സര്‍വീസുകാര്‍, ഡിപ്ലോമാറ്റ് മുതല്‍ പത്രക്കാര്‍ വരെ ചകിതരാണ്. എവിടെയും അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. ഇത്തരമൊരു അന്തരീക്ഷത്തില്‍ ഭരണം ക്രിയാത്മകമായിരിക്കില്ല. 

 

2019-ലെ ഇലക്ഷന്‍ ഫലം എന്തായിരിക്കുമെന്നാണ് കരുതുന്നത്?

ഞാനൊരു ചരിത്രകാരനാണ്, തെരഞ്ഞെടുപ്പ് വിശാരദനല്ല. അതിനാല്‍ തന്നെ അഭിപ്രായം പറയുന്നതില്‍ പരിമിതികളുണ്ട്. പ്രാദേശികമായ പല പ്രതിപക്ഷ സംഘങ്ങളുടെയും കൂട്ടായ്മകള്‍ക്ക് സാധ്യതയുണ്ട്. മമത, മായാവതി, അഖിലേഷ്, ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ സഖ്യപ്പെട്ടേക്കാം. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണം. രാഹുല്‍ ഗാന്ധി ചെറിയ അളവില്‍ യുവ സംഘാടനം നടത്തുന്നുണ്ടെന്ന് തോന്നുന്നു. എന്നിരുന്നാലും അടുത്ത തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല. വീണ്ടും ബി.ജെ.പി ഭരണം വന്നാല്‍ ഇന്ത്യയെ ഒരു പ്രസിഡന്‍ഷ്യല്‍ ഭരണം പോലെ ആക്കിത്തീര്‍ക്കാന്‍ അവര്‍ ശ്രമിക്കും. നെഹ്‌റുവിന്റെയും മഹാത്മാഗാന്ധിയുടെയും വീക്ഷണങ്ങള്‍ക്കും നയങ്ങള്‍ക്കും ഇപ്പോഴും കൂടുതല്‍  സാധ്യതകളുണ്ട്.

 

ജീവചരിത്രകാരനായ താങ്കള്‍ നെഹ്‌റു, ഗാന്ധി, അംബേദ്കര്‍ തുടങ്ങിയവരെ കുറിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചു. ഇതില്‍ ഗാന്ധിയെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത്. ഗാന്ധിദര്‍ശനത്തിന് തന്നെയാണോ ഇപ്പോഴും പ്രസക്തി?

ഈ മൂന്ന് പേരും വ്യത്യസ്ത ആശയധാരയില്‍ പെട്ടവരാണ്. നെഹ്‌റു സോഷ്യലിസ്റ്റാണ്. ഗാന്ധിക്ക് ധാര്‍മിക പരിവേഷമാണുള്ളത്. അംബേദ്കര്‍ അടിസ്ഥാന വര്‍ഗത്തിന്റെ വിമോചനത്തിനായിരുന്നു ഊന്നല്‍ കൊടുത്തിരുന്നത്. പിന്നാക്ക വിഭാഗങ്ങളില്‍ ഗാന്ധിയേക്കാളും നെഹ്‌റുവിനേക്കാളും സ്വാധീനം ചെലുത്താന്‍ അംബേദ്കര്‍ക്കു കഴിഞ്ഞു. 

 

ഗാന്ധി ഇന്ന് കൂടുതല്‍ വിമര്‍ശിക്കപ്പെടുകയാണ്. വലതുപക്ഷക്കാരനായി അദ്ദേഹത്തെ കാണുന്നവരു്. എന്തു പറയുന്നു?

ഗാന്ധി യഥാര്‍ഥത്തില്‍ ഒരു തികഞ്ഞ പ്രായോഗികവാദിയായിരുന്നു. സാമ്പ്രദായിക രീതിയില്‍ അദ്ദേഹത്തെ ഇടത്-വലത് എന്നിങ്ങനെ വേര്‍തിരിക്കാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന് ശക്തമായ ധാര്‍മികാടിത്തറയും സാമൂഹിക പ്രതിബദ്ധതയും ഉണ്ടായിരുന്നു. മതസമൂഹങ്ങള്‍ തമ്മിലുള്ള മൈത്രി, അയിത്തോച്ചാടനം, അക്രമരാഹിത്യം തുടങ്ങിയവയില്‍ അധിഷ്ടിതമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന രാഷ്ട്രീയ ദര്‍ശനം. അദ്ദേഹം എപ്പോഴും മാറ്റങ്ങള്‍ക്ക് തയാറായിരുന്നു. ചര്‍ച്ചകള്‍ക്കും അനുരഞ്ജനങ്ങള്‍ക്കും മുന്നില്‍ നിന്നു. അദ്ദേഹത്തിന്റെ സമരം വ്യക്തികള്‍ക്കെതിരെ ആയിരുന്നില്ല, ബ്രിട്ടീഷ് ജനതക്കെതിരെയുമായിരുന്നില്ല; അവരുടെ ചരക്കുകള്‍ക്കും സാമ്രാജ്യത്വ ഭരണത്തിനുമെതിരെ ആയിരുന്നു സമരം.

 

ഗാന്ധിയെ കുറിച്ചാണല്ലോ നാല് വലിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്?

ഇന്ത്യ എന്നും എനിക്കൊരു അത്ഭുതമായിരുന്നു. ലോകത്തിലെ ഏറ്റവും രസകരമായ രാജ്യം. മതം, ഭാഷ, ജാതി, വംശം, പരിസ്ഥിതി, സാങ്കേതികവിദ്യ, വസ്ത്രം, ഭക്ഷണ സമ്പ്രദായം തുടങ്ങിയവയില്‍ അത്ഭുതകരമായ വൈവിധ്യം പുലര്‍ത്തുന്നു.  ലോകചരിത്രത്തിലാവട്ടെ മഹാത്മാ ഗാന്ധിയോളം സ്വാധീനം ചെലുത്തിയ മറ്റൊരു ഇന്ത്യക്കാരന്‍ ഉണ്ടായിട്ടില്ല. ചരിത്രം രൂപപ്പെടുത്താനും നിര്‍വചിക്കാനും മുന്നില്‍ നിന്ന വ്യക്തികളുടെ ദര്‍ശനത്തിലൂടെ രാജ്യത്തിന്റെയും ജനങ്ങളുടെയും കഥ പറയുക എന്നതാണ് വ്യത്യസ്ത നേതാക്കളുടെ ജീവചരിത്രം എഴുതുന്നതിലൂടെ ചെയ്യുന്നത്. ഗാന്ധിജി പ്രസിദ്ധീകരിച്ച നൂറോളം രേഖകള്‍, 'ഗാന്ധി: ദ ഇയേഴ്‌സ് ദാറ്റ് ചേഞ്ച്ഡ് വേള്‍ഡ്' എന്ന ഗ്രന്ഥത്തില്‍ ഉണ്ട്. ഗാന്ധിജിയുടെ സഹായി ആയിരുന്ന പ്യാര ലാല്‍ നെയ്യാര്‍ കൈവശം വെച്ചിരുന്ന രേഖകള്‍ പിന്നീട് അദ്ദേഹത്തിന്റെ സഹോദരിയും ഗാന്ധിജിയുടെ ഡോക്ടറും ആയിരുന്ന സുശീല നെയ്യാറിന്റെ കൈവശം എത്തിച്ചേര്‍ന്നു. അവയാണ് പുസ്തക രചനക്ക് അവലംബമാക്കിയത്. ലോക നേതാക്കളുമായി ഗാന്ധിജി നടത്തിയ കത്തിടപാടുകളും വിവിധ കമ്മിറ്റി റിപ്പോര്‍ട്ടുകളും ഇതിലുണ്ട്.

ഗാന്ധിജിയുടെ പ്രായോഗിക വീക്ഷണങ്ങളാണ് രചനയെ കൂടുതല്‍ സ്വാധീനിച്ചത്. സാമൂഹികമായ തുല്യതയിലും തൊഴിലാളി സമത്വത്തിലും വിശ്വസിച്ച ഗാന്ധിജി മുതലാളിമാരെയും പ്രോത്സാഹിപ്പിച്ചിരുന്നു. സമതുലിതമായ സാമ്പത്തിക നയമായിരുന്നു അദ്ദേഹത്തിന്റേത്. നെയ്ത്തു തൊഴിലാളികള്‍ അടക്കമുള്ളവരെ ഗ്രാമങ്ങളുടെ ശാക്തീകരണത്തിനു വേണ്ടി ഉപയോഗപ്പെടുത്തി.

 

ഗാന്ധിജിയുടെ പല വ്യക്തിപരമായ തീരുമാനങ്ങളും പുരോഗമനവിരുദ്ധമായി പരിഗണിക്കപ്പെടുന്നു്. ഉദാഹരണത്തിന് അദ്ദേഹത്തിന്റെ മക്കളുടെ വിവാഹം, മതംമാറ്റം തുടങ്ങിയവ.

അദ്ദേഹം താന്‍ ജീവിച്ച യാഥാസ്ഥിതിക സമൂഹത്തെ ഭയക്കുകയും കണക്കിലെടുക്കുകയും ചെയ്തിരുന്നു എന്നതാണ് വസ്തുത. തന്റെ മകന്‍ ദേവദാസ്, രാജാജിയുടെ മകള്‍ ലക്ഷ്മിയെ കല്യാണം കഴിക്കുന്നതിനെ ഗാന്ധിജി അനുകൂലിച്ചില്ല. അവര്‍ വ്യത്യസ്ത ജാതികളില്‍പെട്ടതായിരുന്നു കാരണം. അയിത്തത്തിനെതിരെയുള്ള ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ചിലരെ പ്രകോപിതരാക്കിയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഇന്റര്‍ കാസ്റ്റ് മേരേജ് നടത്താന്‍ ഗാന്ധിജി ഭയപ്പെട്ടത്. 

ഗാന്ധിജിയുടെ മറ്റൊരു മകനായ മണിലാല്‍ ഒരു മുസ്‌ലിം സ്ത്രീയെ കല്യാണം കഴിക്കാന്‍ തനിക്ക് താല്‍പര്യമാണെന്ന് അറിയിച്ചിരുന്നു. വ്യത്യസ്ത മതങ്ങള്‍ ഇടകലരുന്നതില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന് ഭയന്ന ഗാന്ധി അതിന് സമ്മതം നല്‍കിയില്ല. ഇന്നത്തെ 'ലൗജിഹാദി'ന്റെ വകഭേദമായി ഇത് പരിണമിച്ചേക്കും എന്ന് ഗാന്ധിജി ഭയപ്പെട്ടിട്ടുാകണം. വര്‍ണവ്യവസ്ഥയിലും ബ്രഹ്മചര്യത്തിലും വിശ്വസിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ഗാന്ധിജി. 

 

'ആധുനിക ഇന്ത്യയുടെ ശില്‍പികള്‍' എന്ന പുസ്തകത്തില്‍,  ഗാന്ധിജിയുടെ ഔന്നത്യത്തിന് മുന്നിലും തന്റെ ദാര്‍ശനിക പാടവവും ദീര്‍ഘദൃഷ്ടിയും കാരണം ഡോ. അംബേദ്കര്‍ തിളങ്ങിനില്‍ക്കുന്നു എന്നെഴുതിയിട്ടുല്ലോ. എന്താണ് അംബേദ്കറുടെ സമകാലിക പ്രസക്തി?

വര്‍ഷങ്ങള്‍ക്കു മുമ്പ് അനിഹിലേഷന്‍ ഓഫ് കാസ്റ്റ് (ജാതി ഉന്മൂലനം) എന്ന കൃതി ആദ്യമായി വായിച്ചപ്പോള്‍ തന്നെ അംബേദ്കറുടെ ദാര്‍ശനിക പാടവം തിരിച്ചറിഞ്ഞിരുന്നു. ആ ചിന്തകളുടെ വ്യക്തതയും ധീരതയും ഒരു സമൂഹത്തിന് വെളിച്ചമേകി. മഹാരാഷ്ട്രയില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം അടിച്ചമര്‍ത്തപ്പെട്ടവരുടെ മിശിഹയായി അംബേദ്കര്‍ ഉയര്‍ന്നുവന്നു. ജാതിയുടെ നിര്‍മാര്‍ജനവും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെയും ജനങ്ങളുടെയും ഉന്നമനവും ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പിന്നാക്ക വിഭാഗങ്ങളില്‍ ഗാന്ധിയേക്കാള്‍ സ്വാധീനം അംബേദ്കര്‍ക്ക് തന്നെയാണെന്നതില്‍ സംശയമില്ല. 

ഗാന്ധിജി, അംബേദ്കര്‍ തുടങ്ങിയവരെ ഇന്നത്തെ ഭരണപക്ഷം അവരുടേതാക്കി വ്യാജ ആഘോഷങ്ങള്‍ നടത്താറുണ്ട്.  ഗാന്ധിഘാതകര്‍ ഗാന്ധിജിയെ അനുസ്മരിക്കുന്നു. ഇതിനെതിരെ വിശദമായിതന്നെ ഞാന്‍  എഴുതാറുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (22-26)
എ.വൈ.ആര്‍