Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 28

3082

1440 റബീഉല്‍ ആഖിര്‍ 20

നവോത്ഥാന വാദത്തിലെ തെറ്റും ശരിയും

കെ.ടി ഹുസൈന്‍

കേരളീയ നവോത്ഥാനം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെയുള്ള തല്‍പരകക്ഷികളുടെ പ്രതിഷേധവും അതിനെ നേരിടാനെന്നോണം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച വനിതാ മതിലുമാണ്  കേരളീയ നവോത്ഥാനം ചര്‍ച്ചയാകാനുള്ള ഇപ്പോഴത്തെ പശ്ചാത്തലം. നവോത്ഥാനം എന്ന പരികല്‍പന തന്നെ വിമര്‍ശിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്താണ് കേരളീയ നവോത്ഥാനം ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നതിനാല്‍ നവോത്ഥാനത്തിന്റെ ഉള്ളടക്കത്തെ കുറിച്ചും അതിന്റെ അവകാശികളെ കുറിച്ചുമുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട ധാരണകളെ കൂടി പുനഃപരിശോധിച്ചേ പുതിയ കാലത്ത് അതിനെ കുറിച്ച ഏതൊരു ചര്‍ച്ചയും അര്‍ഥപൂര്‍ണമാവൂ. പൗരോഹിത്യ വാഴ്ചക്കെതിരെ യൂറോപ്പില്‍ നടന്ന വൈജ്ഞാനികവും സാമൂഹികവുമായ കലാപമാണ്  നവോത്ഥാനമായി വ്യവഹരിക്കപ്പെടുന്നത്. പൗരാണിക ഗ്രീക്ക്-റോമന്‍ വിജ്ഞാനങ്ങളുടെയും ചിന്തകളുടെയും വീണ്ടെടുപ്പിലൂടെയാണ് നവോത്ഥാനം യൂറോപ്പില്‍ സാധ്യമായത് എന്നും അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നു.

അപ്പോള്‍ നവോത്ഥാനം എന്നത് പുതിയ ഒന്നിന്റെ സൃഷ്ടിപ്പല്ല, മറിച്ച് മധ്യ കാലഘട്ടങ്ങളിലുടനീളം മറഞ്ഞുകിടന്നതോ അല്ലെങ്കില്‍ മത പൗരോഹിത്യം തലപൊക്കാന്‍ അനുവദിക്കാതിരുന്നതോ ആയ പുരോഗമനപരമായ മൂല്യങ്ങളുടെ വീണ്ടെടുപ്പാണ് എന്നാണ് അതിന്റെ വക്താക്കള്‍ തന്നെ അവകാശപ്പെടുന്നത്. യുക്തിചിന്തയും മാനവികതയും സമത്വവുമായിരുന്നു പുരോഗമനപരമായ പ്രസ്തുത  മൂല്യങ്ങള്‍. പൗരാണിക ഗ്രീസിന്റെയും റോമിന്റെയും സ്യഷ്ടിയായ ഈ മൂല്യങ്ങള്‍ തങ്ങള്‍ വീണ്ടെടുക്കുന്നതുവരെ ലോകത്ത് അപ്രത്യക്ഷമായിരുന്നു എന്ന്  സ്ഥാപിക്കാനാണ് മധ്യകാലത്തെ ഈ നവോത്ഥാനത്തിന്റെ വക്താക്കള്‍ 'ഇരുണ്ട യുഗം' എന്ന് വിളിച്ചത്. ഇത് യഥാര്‍ഥത്തില്‍ യൂറോപ്പാണ് ലോകം എന്ന ധാര്‍ഷ്ട്യത്തോടെയുള്ള ലോക വായനയുടെ ഫലമാണ്. യൂറോകേന്ദ്രിതമായ ചരിത്ര വായനയെന്നാണ് ഇതിനെ വിളിക്കുന്നത്. ഈ വായന ചരിത്രത്തില്‍ മാത്രമല്ല, സാമൂഹിക ശാസ്ത്രത്തിലും നരവംശ ശാസ്ത്രത്തിലുമെല്ലാം ഉണ്ട്.

നവോത്ഥാന മൂല്യങ്ങളായി അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്ന യുക്തിചിന്ത, മാനവികത, സമത്വം എന്നിവ പൗരാണിക ഗ്രീസിന്റെയും റോമിന്റെയും സൃഷ്ടിയോ സംഭാവനയോ ആയിരുന്നുവെന്ന അവകാശവാദത്തെ തല്‍ക്കാലം നമുക്ക് വിടാം. നാമിവിടെ പരിശോധിക്കേണ്ടത് അത് മധ്യകാലത്ത് ലോകത്ത് ഒന്നാകെ അപ്രത്യക്ഷമായിരുന്നു എന്ന വാദം എത്രത്തോളം ശരിയാണ് എന്നതാണ്. ശരിയാണ്, യൂറോപ്പിന്റെ വലിയൊരു  ഭാഗം മധ്യകാലത്ത് ഇരുട്ടില്‍ തന്നെയായിരുന്നു. മധ്യകാല യൂറോപ്പിനെ കുറിച്ച ചരിത്ര പുസ്തകങ്ങള്‍ അത് നമുക്ക് പറഞ്ഞുതരും. സ്‌പെയിനും കടന്ന്  ഫ്രാന്‍സിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിയ ഇസ്‌ലാമിന്റെ ദ്വിഗ്‌വിജയം നിര്‍ഭാഗ്യവശാല്‍ അവിടെ തടയപ്പെട്ടതായിരുന്നു ആ ഇരുട്ടിന് യഥാര്‍ഥ കാരണം. പക്ഷേ യൂറോപ്പിനു പുറത്തും ഏഷ്യയിലും ആഫ്രിക്കയിലുമെല്ലാം  മധ്യകാലത്ത് മനുഷ്യരും നാഗരികതയും സംസ്‌കാരവും ഉണ്ടായിരുന്നല്ലോ. 

ഏഷ്യയിലും ആഫ്രിക്കയിലും മാത്രമല്ല, യൂറോപ്പിന്റെ ഉള്ളില്‍തന്നെ വലിയ സാംസ്‌കാരിക വിപ്ലവം കൊണ്ടുവന്ന ഇസ്‌ലാം അതിന്റെ എല്ലാ ശക്തിയോടും കൂടി നിലനിന്നത് 'ഇരുണ്ട യുഗം' എന്ന് നവോത്ഥാനത്തിന്റെ വക്താക്കള്‍ വിളിക്കുന്ന മധ്യകാലത്തായിരുന്നു. സംസ്‌കാരവും നാഗരികതയും ഇല്ലാതെ സൈനിക കരുത്ത് കൊണ്ടു  മാത്രം മംഗോളുകള്‍ ചെയ്തതുപോലെ അല്‍പകാലം ലോകത്തെ കാല്‍ക്കീഴിലാക്കി വിറപ്പിക്കാനായി എന്നു വരാം. പക്ഷേ തുടര്‍ച്ചയായി അധികാരം നിലനിര്‍ത്തണമെങ്കില്‍ ശാശ്വതമായ മൂല്യങ്ങള്‍ വഹിക്കുന്ന സംസ്‌കാരം കൂടിയേ കഴിയൂ. മധ്യകാലത്ത്  ഇസ്‌ലാം അതാണ് സാധിച്ചത്. ഒരു ഘട്ടത്തില്‍ ഇസ്‌ലാമിക രാജ്യങ്ങളെ സൈനികമായി നാമാവശേഷമാക്കിയ മംഗോളുകള്‍ പോലും ഒടുവില്‍ ഇസ്‌ലാമിന് കീഴടങ്ങിയതാണ് ചരിത്രം. നവോത്ഥാന മൂല്യങ്ങളായി മുന്നോട്ടുവെക്കപ്പെടുന്ന മാനവികത, സമത്വം, അത് രണ്ടിന്റെയും അടിത്തറയായ യുക്തിചിന്തയിലൂന്നിയ ദൈവബോധം എന്നിവയിലൂടെയാണ്  ഇസ്‌ലാം ഈ വിപ്ലവം സാധിച്ചത്. അതിനാല്‍ കാലത്തെ നിര്‍ണയിക്കുന്ന വിഭജനരേഖ നടേപറയുന്ന മൂല്യങ്ങളാണെങ്കില്‍ പൗരാണികം, ആധുനികം എന്നിങ്ങനെ രായി മാത്രമേ കാലത്തെ വിഭജിക്കാനാവൂ എന്നും പൗരാണികതയില്‍നിന്ന്  ആധുനികതയിലേക്ക്  ലോകം പ്രവേശിക്കുന്നത് ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടെയാണെന്നും നമുക്ക് പറയേണ്ടിവരും. അപ്പോള്‍ മധ്യകാലത്തെ ഇരു യുഗമെന്ന് പറയുന്നത് ആധുനികതയുടെ ഈ മൂല്യങ്ങള്‍ എത്താത്ത യൂറോപ്പിന്റെ സവിശേഷ  ചരിത്രഘട്ടത്തെ മാത്രമാണ്. യൂറോപ്പിന് അത് ലഭിക്കുന്നതും ഇസ്‌ലാമിലൂടെയാണ്. എന്തിനേറെ  നവോത്ഥാനത്തിലൂടെ യൂറോപ്പ് വീണ്ടെടുത്തുവെന്ന് പറയുന്ന ഗ്രീക്ക് വീജ്ഞാനീയങ്ങളും  യുക്തിചിന്തയും വരെ അവര്‍ക്ക് ലഭിച്ചത് അറബികളിലൂടെയാണെന്നതാണ് വസ്തുത. അവിസെന്നയും അവറോസുമെല്ലാം യൂറോപ്യന്‍ നവോത്ഥാനത്തില്‍ ചെലുത്തിയ സ്വാധീനം അപകോളനീകരണ വായനകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. നവോത്ഥാനത്തിന്റെ ഈ അറബ് ബന്ധം മറച്ചുവെച്ച് മധ്യകാലത്തെ ഒന്നാകെ കറുപ്പടിക്കുകയാണ് നവോത്ഥാനത്തിന്റെ വക്താക്കള്‍ ചെയ്തത്. അതിനാല്‍ നവോത്ഥാനന്തര  യൂറോപ്പ് പൗരസ്ത്യരുടെ പ്രകൃതി മാത്രമല്ല അവരുടെ വീജ്ഞാനങ്ങളെ കൂടിയാണ്  കൊള്ളയടിച്ചത്. അപഹരിക്കപ്പെട്ട ജ്ഞാനത്തിനു പുറത്താണ് യൂറോപ്യന്‍ നവോത്ഥാനം,  അഥവാ ആധുനിക നവോത്ഥാനം കെട്ടിപ്പടുത്തത് എന്നുവരെ നിരീക്ഷിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. 'അപഹരിക്കപ്പെട്ട ജ്ഞാനം' എന്ന പേരില്‍തന്നെ അതിനെ കുറിച്ച്  പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

19-ാം നൂറ്റാണ്ടിന്റെ ഒടുവിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി നടന്നുവെന്ന് പറയുന്ന കേരളീയ നവോത്ഥാനവും ഈ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ചുവടുപിടിച്ചോ അതില്‍നിന്ന്  പ്രചോദനം ഉള്‍ക്കൊണ്ടോ ആണ് ഉണ്ടായത് എന്ന ആഖ്യാനങ്ങളാണ്  ഇവിടെയും മേല്‍ക്കൈ നേടിയത്. മാനവികത, സമത്വം തുടങ്ങിയ ആശയങ്ങള്‍ തന്നെയാണ് കേരളീയ സാമൂഹിക ജീവിതത്തിലും വലിയ പരിവര്‍ത്തനങ്ങളുണ്ടാക്കിയത് എന്നത് നേരാണ്. നവോത്ഥാന മൂല്യങ്ങളായി കൊണ്ടാടപ്പെട്ട മാനവികതയുടെയും സമത്വത്തിന്റെയും യുക്തിചിന്തയുടെയും മറുപുറത്ത് യൂറോപ്പില്‍ ക്രൈസ്തവ പൗരോഹിത്യമാണുണ്ടായിരുന്നതെങ്കില്‍ ഇന്ത്യയിലും കേരളത്തിലുമെല്ലാം അത് സവര്‍ണ ജാതീയതയായിരുന്നു. ഈ ജാതീയത അടിമകളാക്കിവെച്ച മനുഷ്യരുടെ വീണ്ടെടുപ്പാണ് കേരളത്തില്‍ നടക്കേണ്ടിയിരുന്നത്. കേരളീയ നവോത്ഥാനത്തിന്റെ പ്രധാന ടാര്‍ഗറ്റ് ഈ വീണ്ടെടുപ്പ് തന്നെയായിരുന്നു. ഭൗതിക ജീവിതത്തില്‍ മാത്രമല്ല, ആത്മീയ ജീവിതത്തിലും ഇവിടത്തെ കീഴാളര്‍ അടിമകള്‍ തന്നെയായിരുന്നു. ഇന്ത്യക്ക് പുറത്ത് അടിമകളെ കായികമായി ചൂഷണം ചെയ്തിരുന്നുവെങ്കിലും  അവര്‍ക്ക് ആരാധനാലയങ്ങള്‍ തടയപ്പെടുകയോ അവര്‍  തൊട്ടുകൂടാത്തവരായി പരിഗണിക്കപ്പെടുകയോ ചെയ്തിരുന്നില്ല. ഇവിടെ അത് നടന്നത് ഇവിടത്തെ കീഴാളര്‍ ഭൗതികമായി മാത്രമല്ല, ആത്മീയമായും അടിമകളായിരുന്നുവെന്നതുകൊണ്ടും, അവരെ അങ്ങനെ അടിമകളാക്കുന്ന ആത്മീയ സംഹിതകള്‍ ഇവിടെ ഉണ്ടായിരുന്നു എന്നതുകൊണ്ടുമാണ്. കേരളത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനും വഴിനടക്കാനും സ്ത്രീകള്‍ക്ക് മാറ് മറക്കാനും   കീഴാളര്‍ക്ക് സമരം ചെയ്യേണ്ടിവന്നത് അതുകൊണ്ടാണല്ലോ!

ഇവിടത്തെ  ജാതീയത എത്രമാത്രം മനുഷ്യവിരുദ്ധമായിരുന്നുവെന്ന്  സവര്‍ണതയുടെ എല്ലാ പ്രിവിലേജുമുണ്ടായിട്ടും ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്കു പോലും മനുഷ്യരെന്ന നിലയിലുള്ള പല അവകാശങ്ങളും തടയപ്പെട്ടിരുന്നു എന്നതില്‍നിന്ന് മനസ്സിലാക്കാം. നമ്പൂതിരി കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ക്കല്ലാതെ അനന്തരവന്മാര്‍ക്കൊന്നും വിവാഹം ചെയ്യാനോ നമ്പൂതിരി സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ മരണശേഷം പുനര്‍വിവാഹം ചെയ്യാനോ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണല്ലോ വി.ടി ഭട്ടതിരിപ്പാടിന് നമ്പൂതിരിയെ മനുഷ്യനാക്കാന്‍ സമരം ചെയ്യേണ്ടിവന്നത്. നമ്പൂതിരി കൂടുംബത്തിലെ അനന്തരവന്മാര്‍ക്ക് വിവാഹം ചെയ്യാന്‍ പാടില്ലാത്തതിന്റെ മാറാപ്പ് പേറേണ്ടിവന്നത് നായര്‍ സ്ത്രീകളാണ്. കേരളത്തില്‍ നായര്‍ സമൂഹത്തില്‍ ബഹുഭര്‍തൃത്വമുണ്ടായത് അങ്ങനെയാണ്. ഇപ്രകാരം നായര്‍ സ്ത്രീകള്‍ക്ക്  അന്തിക്കൂട്ടിന് വന്നിരുന്ന ഒന്നിലധികം പുരുഷന്മാര്‍ ഒരിക്കലും അവരുടെ നിയമാനുസൃത ഭര്‍ത്താക്കന്മാരായിരുന്നില്ല, വെറും സംബന്ധക്കാരായിരുന്നു. നായര്‍ സ്ത്രീകള്‍ക്ക് വിവാഹമേ തടയപ്പെട്ടു എന്നതാണ് ഇതിലൂടെ സംഭവിച്ചത്. കുറിയേടത്തി താത്രിക്കുട്ടി സ്മാര്‍ത്ത വിചാരത്തിലും വെടിപൊട്ടിച്ചതും ചന്ദു മേനോന്റെ നോവലിലെ ഇന്ദുലേഖ തന്നെ സംബന്ധം ചെയ്യാന്‍ വന്ന പടുകിളവനായ സൂരി നമ്പൂതിരിയെ വഷളാക്കിവിട്ടതും അതിനീചമായ സംബന്ധം എന്ന ഈ അനാചാരത്തിനെതിരെയായിരുന്നു. ചുരുക്കത്തില്‍, ഹിന്ദു മതത്തിലെ എല്ലാ ജാതികളിലും പെട്ടവരെ മനുഷ്യരാക്കി മാറ്റുന്ന പ്രക്രിയ തന്നെയാണ് കേരളീയ നവോത്ഥാനം. ശ്രീനാരായണ ഗുരു, വൈകുണ്‌ഠേശ്വര സ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി തുടങ്ങിയവരാണ് ഈ നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളികള്‍ എന്നതും  സത്യമാണ്. വി.ടി ഭട്ടതിരിപ്പാടും മന്നത്ത് പത്മനാഭനുമെല്ലാം അവരുടെ സമുദായത്തിന് പ്രിവിലേജ് നല്‍കുന്ന ജാതീയത മുറുകെപ്പിടിച്ചുകൊണ്ടുതന്നെ സ്വന്തം സമുദായത്തിലെ ചില അനാചാരങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടി ഈ നവോത്ഥാനത്തില്‍ അവകാശം സ്ഥാപിച്ചവരുമാണ്. 

സമത്വം, മാനവികത തുടങ്ങിയ മൂല്യങ്ങളായിരുന്നു ഈ നവോത്ഥാനത്തിന്റെ ആശയം എന്നു പറഞ്ഞു. എന്നാല്‍ ഇവിടെ ഉയരുന്ന ചോദ്യം, ഇപ്പോള്‍ നവോത്ഥാനത്തില്‍ അവകാശം സ്ഥാപിക്കുന്ന ഇടത് മതേതരവാദികള്‍ ആവര്‍ത്തിച്ച് വാദിക്കുന്നുപോലെ, കേരളം ഈ മൂല്യങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത് ജ്ഞാനോദയമെന്നോ  പ്രബുദ്ധതയെന്നോ വ്യവഹരിക്കപ്പെടുന്ന യൂറോപ്യന്‍ നവേത്ഥാനത്തില്‍ നിന്നാണോ? നാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍ തുടങ്ങിയ കേരളീയ നവോത്ഥാനത്തിന്റെ വക്താക്കള്‍ പ്രചോദനം സ്വീകരിച്ചത് യൂറോപ്യന്‍ നവോത്ഥാന ചിന്തകളില്‍നിന്ന് മാത്രമാണോ? അല്ല എന്നാണ് ഇത് രണ്ടിനുമുള്ള സത്യസന്ധമായ മറുപടി. കൊളോണിയലിസത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ മിഷനറിമാരിലൂടെ ആധുനിക വിജ്ഞാനം കേരളം പരിചയപ്പെട്ടുവെന്നത് നേരാണ്. പക്ഷേ നവോത്ഥാന മൂല്യങ്ങളായി കരുതപ്പെടുന്ന സമത്വവും മാനവികതയും കേരളം പരിചയപ്പെടുന്നത് അതിനും എത്രയോ കാലം മുമ്പ് ഇസ്‌ലാമിലൂടെയാണെന്ന് സമ്മതിക്കാതിരിക്കണമെങ്കില്‍ ഇസ്‌ലാമിനെതിരെ ചെറിയ പക്ഷപാതമൊന്നും പോരാ. കാരണം ജാതിയുടെ ഫലമായി സവര്‍ണരില്‍നിന്നും അവര്‍ണരില്‍നിന്നും ഒരുപോലെ അനുയായികളെ ലഭിച്ചാണ് കേരളത്തില്‍ ഇസ്‌ലാം വളര്‍ന്നത്. മനുഷ്യരെ ഒന്നായി കാണുന്ന ഇസ്‌ലാം ആ ആശയം നെഞ്ചേറ്റുക മാത്രമല്ല അത് പ്രായോഗിക ജീവിതത്തിലൂടെ ആവിഷ്‌കരിക്കുകയും ചെയ്ത പ്രബോധകരോ കച്ചവടക്കാരോ ആയി  ഇവിടെ വന്ന ആദ്യകാല അറബ് മുസ്‌ലിംകളിലൂടെ ഇസ്‌ലാമിലെത്തിയവരില്‍ ഗണ്യമായൊരു വിഭാഗം  ജാതീയ പീഡനങ്ങള്‍ക്കിരയായിരുന്ന കീഴാളരായിരുന്നു. സവര്‍ണരില്‍നിന്നും ഇതേ  ജാതി കാരണം പലരും ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്. മണ്ണാപ്പേടി, പുലപ്പേടി എന്നീ പേരുകളില്‍ അറിയപ്പെട്ട ജാതിഭ്രഷ്ടിലൂടെയാണ് സവര്‍ണര്‍ ഇസ്‌ലാമിലെത്തിയത്. മണ്ണാന്‍ സമുദായത്തിലോ പുലയ ജാതിയിലോ പെട്ട കീഴാളരെ കണിയായി വഴിയില്‍ കണ്ടാല്‍ അങ്ങനെ കണ്ട മേല്‍ജാതിക്കാരെ ജാതിഭ്രഷ്ട് കല്‍പിക്കുന്ന അനാചാരമായിരുന്നു മണ്ണാപ്പേടിയും പുലപ്പേടിയും. ഈ ജാതിഭ്രഷ്ടര്‍ക്ക് പിന്നെ  മനുഷ്യനായി മാറാനുള്ള എളുപ്പ മാര്‍ഗം മതം മാറി മുസ്‌ലിമാവുക എന്നതായിരുന്നു. ഇപ്രകാരം ഏതോ അര്‍ഥത്തില്‍ ഉയര്‍ന്ന ജാതിയില്‍നിന്ന് ഭ്രഷ്ടരായ സവര്‍ണ സ്ത്രീകളുമായുള്ള വിവാഹമാണ് കേരളത്തിലെ പ്രമുഖമായ പല മുസ്‌ലിം കുടുംബങ്ങളുടെയും ഉല്‍പ്പത്തിക്ക് കാരണമെന്ന് പറയപ്പെടുന്നുണ്ട്. 

ജാതീയ പീഡനങ്ങളില്‍നിന്നുള്ള മോചനത്തിന് ഹിന്ദുമതം ഉപേക്ഷിച്ച് മറ്റ് മതങ്ങളില്‍ ചേക്കേറുക എന്നത് ആധുനിക  നവോത്ഥാന  കാലത്ത പോലും ഇന്ത്യയിലും കേരളത്തിലും മുഴങ്ങിക്കേട്ട ആഹ്വാനവും പ്രയോഗവല്‍ക്കരിക്കപെട്ട പദ്ധതിയുമായിരുന്നു. 1930-കളില്‍ രചിക്കപ്പെട്ട 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം' എന്ന പുസ്തകം അത്തരമൊരു ആഹ്വാനമാണല്ലോ കീഴാളരോട് നടത്തിയത്. സമാനമായ ആഹ്വാനം തമിഴ്‌നാട്ടില്‍ പെരിയോറും നടത്തുകയുണ്ടായി. സാക്ഷാല്‍ കുമാരനാശാന്റെ 'ദുരവസ്ഥ' എന്ന കവിത പിറക്കുന്നതും ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിലൂടെ കീഴാളര്‍ നേടിയെടുക്കുന്ന  സമത്വത്താല്‍ പ്രചോദിതമായിട്ടാണ് .

എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടൊ 

രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍

ചുറ്റും അവനെത്തിച്ചാരത്തിരുന്നിടാം

ചെറ്റും പേടിക്കേണ്ട തമ്പുരാനെ 

എന്ന വരികളില്‍ മതപരിവര്‍ത്തനത്തിലൂടെ കീഴാളര്‍ക്ക് ലഭിക്കുന്ന സാമൂഹിക പദവിയും അംഗീകാരവും അനാവരണം ചെയ്ത ശേഷമാണ് കുമാരാനാശാന്‍ ഒടുവില്‍ 

മാറ്റുവിന്‍ ചട്ടങ്ങളെ 

ഇല്ലായ്കില്‍ മാറ്റുമവകളീ 

നിങ്ങളെത്താന്‍ 

എന്ന പരിഷ്‌കരണാഹ്വാനം മുഴക്കുന്നത്. ശ്രീനാരായണ ഗുരുവിനെയും സഹോദരന്‍ അയ്യപ്പനെയുമെല്ലാം മാനവികതയുടെയും സമത്വത്തിന്റെയും കാര്യത്തില്‍ യൂറോപ്യന്‍ നവോത്ഥാനത്തേക്കാള്‍ ഇസ്‌ലാമും മുസ്‌ലിം സാമൂഹിക ജീവിതവും സ്വാധീനിച്ചിരുന്നു.

സമത്വവും മാനവികതയും തേടിയുള്ള അവര്‍ണ ജാതികളുടെ ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനവും മുസ്‌ലിംകളുടെ ജന്മിത്വവിരുദ്ധമായ പരിഷ്‌കരണവും സമരങ്ങളും എങ്ങനെയാണ് കേരളത്തില്‍ സാമൂഹിക വിപ്ലവവും നവോത്ഥാനവും സൃഷ്ടിച്ചത് എന്ന് മനസ്സിലാക്കാന്‍ ടിപ്പു സുല്‍ത്താന്റെ ഭരണ പരിഷ്‌കരണങ്ങളെയും മലബാറിലെ മാപ്പിളമാര്‍ ഒരു നൂറ്റാണ്ട് കാലം നടത്തിയ സാമ്രാജ്യത്വ വിരുദ്ധവും ജന്മിത്വ വിരുദ്ധവുമായ സമരങ്ങളെയും അവയുടെ ആശയസ്രോതസ്സുകളെയും കുറിച്ച് വസ്തുനിഷ്ഠമായും നിഷ്പക്ഷമായും പഠിക്കണം. മാനവികത, സമത്വം എന്നിവയുടെ കൂടെ നീതി എന്ന ഇസ്‌ലാമികമൂല്യം കൂടി ചേര്‍ന്നാണ് ഈ സമരങ്ങളെല്ലാം രൂപപ്പെട്ടത്. ദേവസ്വം, ബ്രഹ്മസ്വം എന്നീ പേരുകളിലായി മലബാറിലെ കൃഷി ഭൂമി ഒന്നാകെ  കൈയടക്കി വെച്ചിരുന്ന ജന്മികളില്‍നിന്ന് അത് മോചിപ്പിച്ച് കര്‍ഷകന് കൃഷിഭൂമിയില്‍ ആദ്യമായി അവകാശം സ്ഥാപിച്ചുകൊടുത്തത് ടിപ്പു മലബാറില്‍ നടത്തിയ കാര്‍ഷിക പരിഷ്‌കരണമാണ്.   ഈ ഉടമാവകാശവും അത് നല്‍കിയ അവകാശബോധവുമാണ് ടിപ്പുവിനെ തോല്‍പിച്ച് ബ്രിട്ടീഷുകാര്‍ മലബാറില്‍ ജന്മിത്വം പുനഃസ്ഥാപിച്ചപ്പോള്‍, അതിനെതിരെ കലാപത്തിനിറങ്ങാന്‍ മാപ്പിളമാരെയും കീഴാളരെയും പ്രചോദിപ്പിച്ചത്. സംബന്ധം എന്ന പേരില്‍ മലയാളി നായര്‍മാര്‍ക്കിടയില്‍ നിലനിന്ന ലൈംഗിക അരാജത്വത്തിനെതിരെയും കീഴാള സ്ത്രീകള്‍ മാറു മറയ്ക്കാതിരിക്കുന്നതിനെതിരെയും ടിപ്പു സുല്‍ത്താന്‍ ആചാരപരിഷ്‌കരണത്തിന്റെ വെടി പൊട്ടിച്ചിരുന്നു. സ്ത്രീകള്‍ ഇസ്‌ലാമിലേക്ക് മതം മാറുന്നതിന് കുപ്പായമിടുക എന്ന പ്രയോഗം വരെ ഉണ്ടായത് മാറു മറയ്ക്കുക എന്ന സംസ്‌കാരം കേരളത്തില്‍ അക്കാലത്ത് മുസ്‌ലിംകള്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിന്റെ തെളിവാണ്.

പില്‍ക്കാലത്ത് മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി കീഴാള സ്ത്രീകള്‍ കേരളത്തില്‍ സമരം വരെ നടത്തിയിട്ടുണ്ട്! ചാന്നാര്‍ ലഹള എന്നാണ് അത് ചരിത്രത്തില്‍ അറിയപ്പെടുന്നത.് മലബാര്‍ സമരത്തിന്റെ പശ്ചാത്തലത്തിലും മമ്പുറം തങ്ങളുടെ അറിവോടെ ഒരു മാറു മറയ്ക്കല്‍ സമരം മലബാറില്‍ നടന്നിട്ടുണ്ട്. ഇസ്‌ലാമിലേക്ക് മതം മാറി കുപ്പായമിട്ടതിന്റെ പേരില്‍ ചിരുത എന്ന കീഴാള സ്ത്രീയുടെ മാറ് വലിച്ചുകീറിയ ജന്മിയെ മാപ്പിളമാര്‍ കൈകാര്യം ചെയ്തതാണ് ഈ സമരത്തിന് കാരണമായത്. ചേറൂര്‍ ലഹളയായിരുന്നു അത്. ഇതും ചാന്നാര്‍ ലഹളക്കു മുമ്പാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് മുമ്പും അവര്‍ക്കെതിരെ സമരം നടക്കുമ്പോഴും മലയാളി മുസ്‌ലിംകള്‍ ഇവിടത്തെ സവര്‍ണ അധികാര കേന്ദ്രത്തോട് സമവായപ്പെട്ട് അവരുടെ പ്രജകളായ കീഴാളരിലേക്ക് സമത്വത്തിന്റെ പാലം പണിതപ്പോള്‍ ടിപ്പുവിന്റെ കാലത്തും പിന്നീട് മലബാര്‍ സമരകാലത്തും മുസ്‌ലിംകള്‍ സവര്‍ണ അധികാര കേന്ദ്രത്തോട്  സംഘര്‍ഷപ്പെട്ടും കലഹിച്ചും കീഴാളരെ ചേര്‍ത്തുപിടിക്കുകയാണ് ചെയ്തത്. ഇപ്രകാരം സവര്‍ണരോട് സമവായപ്പെടുമ്പോഴും കലഹിക്കുമ്പോഴും ഒറ്റക്കു നില്‍ക്കാതെ ഇതര സാമൂഹിക വിഭാഗങ്ങളോട് സഹവര്‍ത്തിത്വം തന്നെയാണ് മുസ്‌ലിംകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. സഹവര്‍ത്തിത്വമെന്നത് കേരള മുസ്‌ലിംകളെ സംന്ധിച്ചേടത്തോളം ഒരിക്കലും അരാഷ്ട്രീയമായിരുന്നില്ലെന്നു സാരം. 

സമത്വം, മാനവികത, നീതി തുടങ്ങിയ നവോത്ഥാന മൂല്യങ്ങള്‍ കേവലം ആശയങ്ങളായല്ല, മറിച്ച് പ്രയോഗമായിട്ടാണ് കേരളം ഇസ്‌ലാമിലൂടെ അനുഭവിച്ചത്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ അവര്‍ നടത്തിയ എല്ലാ ചെറുത്തുനില്‍പുകളും ഈ ആശയങ്ങളുടെ പ്രയോഗവല്‍ക്കരണമായിരുന്നല്ലോ. അതിനാല്‍ കേരള നവോത്ഥാനത്തെ കുറിച്ച ഏതൊരു ചര്‍ച്ചയിലും ഇസ്‌ലാമും മുസ്‌ലിംകളുടെ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകളും കേന്ദ്ര സ്ഥാനത്തു തന്നെ വരേണ്ടതുണ്ട്. അങ്ങനെ വരാതിരിക്കാനുള്ള ഒരു പ്രധാന കാരണം  പാശ്ചാത്യരുടെ ജ്ഞാനാധികാരം ലോകത്തിനുമേല്‍ സ്ഥാപിക്കുക എന്ന രാഷ്ട്രീയം നവോത്ഥാനവാദത്തില്‍ ഉള്ളടങ്ങിയിരുന്നുവെന്നതാണ്. അതുകൊണ്ടാണല്ലോ മാനവികത, സമത്വം,  യുക്തിചിന്ത തുടങ്ങിയ എവിടെയോ മറഞ്ഞുകിടന്ന മൂല്യങ്ങള്‍ തങ്ങള്‍ വീണ്ടെടുത്തതുകൊണ്ടാണ് ലോകം ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്ക് വഴിനടന്നത്  എന്ന വാദം പാശ്ചാത്യ നവോത്ഥാന വാദികള്‍ ഉയര്‍ത്തിയത്. ഇതേ വാദം പൗരസ്ത്യ നാടുകളില്‍  തങ്ങള്‍ നടത്തിയ അധിനിവേശത്തിനും കൊള്ളക്കും അവര്‍ മറയാക്കുകയും ചെയ്തു. ഈ ജ്ഞാനാധികാരത്തോടുള്ള വിധേയത്വമാണ് 19-ഉം 20 -ഉം നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ഉണ്ടായ എല്ലാ ഉണര്‍വുകളുടെയും അടിസ്ഥാന പ്രചോദനം യൂറോപ്യന്‍ നവോത്ഥാനമാണ് എന്ന ഇടത് മതേതരവാദികളുടെ വിശകലനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സ്വാഭാവികമായും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും  സംഭാവനകള്‍ അതില്‍ തമസ്‌ക്കരികപ്പെട്ടു.

മുസ്‌ലിംകളുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിലും അത് കേരളീയ സാമൂഹിക ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വിശകലനം ചെയ്ത് അതിനെ സിദ്ധാന്തവല്‍ക്കരിക്കുന്നതിലും മുസ്‌ലിംകള്‍ക്കു തന്നെ സംഭവിച്ച വീഴ്ചയും ഈ തമസ്‌കരണത്തിന് കാരണമായിട്ടുണ്ട് എന്ന് പറയാതെ വയ്യ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (22-26)
എ.വൈ.ആര്‍