Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 21

3081

1440 റബീഉല്‍ ആഖിര്‍ 13

പി.കെ മുഹമ്മദ് അലി

വി.കെ ജലീല്‍

ഞങ്ങളുടെയെല്ലാം ആത്മമിത്രവും സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനുമായ, പി.കെ മുഹമ്മദ് അലി (പഴയ ലക്കിടി)യുടെ ആകസ്മിക വിയോഗവാര്‍ത്ത എന്‍.എം ബശീര്‍ വിളിച്ചറിയിക്കുകയും എം.കെ മുഹമ്മദ് സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ ഇത്തിരി നേരം വല്ലാതെ തളര്‍ന്നു. കേട്ടവരെയൊക്കെ ആ വേര്‍പാട് രണ്ടു കാരണങ്ങളാല്‍ തീരാ വ്യസനത്തിലാഴ്ത്തി. ഒന്ന്, ആ മരണവിധി  തീര്‍ത്തും അവിചാരിതമായിരുന്നു. രണ്ട്, ഇടപെട്ടവരുടെ മുഴുവന്‍ ഹൃദയങ്ങളിലും സ്മര്യപുരുഷന്റെ ആകര്‍ഷണീയമായ ഇസ്‌ലാമിക വിനയാന്വിത സൗമ്യ വ്യക്തിത്വം ആഴത്തില്‍ പതിഞ്ഞിരുന്നു. ശാന്തപുരത്ത് ഏതാനും വര്‍ഷം ഞങ്ങളുടെ സമകാലികനും, പില്‍ക്കാലത്ത് അധ്യാപകനും, ജിദ്ദയിലും നാട്ടിലും മാര്‍ഗദര്‍ശിയുമായ എം.വി സലീം മൗലവി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു: ''അല്ലാഹു നിറഞ്ഞ ആരോഗ്യമുള്ളവരെ പൊടുന്നനെ മരിപ്പിക്കുന്നു. നിത്യരോഗികളെ ദീര്‍ഘകാലം ജീവിപ്പിക്കുന്നു. ഇതിലൊക്കെ ഒരു പാട് പാഠങ്ങളുണ്ട്. അല്ലാഹു നമുക്ക് ആയുസ്സ് നല്‍കുന്നത് അവനു 'ശുക്‌റ്' ചെയ്യാനും തിരിച്ചു വിളിക്കുന്നത് അവന്റെ സന്നിധിയില്‍ അവന്റെ അനുഗ്രഹം പ്രതീക്ഷിച്ചു കഴിയാനും ആവട്ടെ.''

ആദ്യകാല കഠിന ദിനങ്ങളില്‍, എട്ടു വര്‍ഷം ശാന്തപുരത്ത് പഠിച്ചു, കോഴ്‌സ് പൂര്‍ത്തിയാക്കാതെ ജീവിതത്തിലേക്ക് ഇറങ്ങുമ്പോള്‍, സ്ഥാപനമുദ്ദേശിച്ച ഏതാണ്ടെല്ലാ സല്‍ഗുണങ്ങളും മുഹമ്മദ് അലി ആര്‍ജിച്ചിരുന്നു. ജീവിത വഴിയില്‍ കോയമ്പത്തൂരില്‍ കുടുംബത്തോടൊപ്പം വ്യാപാരിയായി കഴിയുമ്പോള്‍ മുതല്‍, മര്‍ഹൂം ഹാജി സാഹിബിലൂടെ പ്രസ്ഥാനത്തിലെത്തിയ സ്വപിതാവിനൊപ്പം ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി. വി.പി മുഹമ്മദ് അലി എന്ന ഹാജി സാഹിബുമായി പരേതന്റെ പിതാവ് പുലര്‍ത്തിയ ഊഷ്മള ബന്ധം സൂചിപ്പിക്കുന്നതാണ് 'മുഹമ്മദ് അലി' എന്ന നാമധേയം. ഇന്ന് കരിമ്പുക്കടയില്‍ സ്തുത്യര്‍ഹമാം വിധം പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്ററി സ്‌കൂള്‍, വനിതാ കോളേജ്, ഖുര്‍ആന്‍ ലേണിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, രണ്ടു പള്ളികള്‍  അടക്കം പല സ്ഥാപനങ്ങളും നടത്തിവരികയും, നവീന പദ്ധതികളുമായി മുന്നോട്ടു കുതിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക് എജുക്കേഷനല്‍ ട്രസ്റ്റില്‍ സജീവാംഗമാണ് മുഹമ്മദ് അലി. 

കോയമ്പത്തൂര്‍ വിട്ട്, ജിദ്ദയിലെ നാഷ്‌നല്‍ കൊമേഴ്‌സ്യല്‍ ബാങ്കില്‍ ജോലി ചെയ്തുപോന്ന രണ്ടു ദശകങ്ങളില്‍ (1983-2003) പ്രസ്ഥാനത്തോട് ഇഴുകിച്ചേര്‍ന്നു തന്നെയായിരുന്നു പരേതന്റെ ജീവിതം. ജിദ്ദയിലെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകിയ 'ശറഫിയ വില്ല' മുഹമ്മദ് അലിയുടെ പേരിലാണ് ദീര്‍ഘകാലം വാടകക്കെടുത്തിരുന്നത്. ആ നാടിന്റെ സവിശേഷാവസ്ഥയില്‍ അതൊരു നിസ്സാര സേവനമായിരുന്നില്ല.

നാട്ടിലെത്തിയതിനു ശേഷം പഴയ ലക്കിടി കാര്‍കുന്‍ ഹല്‍ഖാ നാസിം, ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പ്രസ്തുത ട്രസ്റ്റിനു നല്ല വിലപിടിപ്പുള്ള പത്ത് സെന്റ് സ്ഥലം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുഹമ്മദ് അലി വഖ്ഫ് ആയി നീക്കിവെച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിക്കു വേണ്ടിയും കുറേ അധ്വാനിച്ചു. മരണ വേളയില്‍ ഹല്‍ഖാ സെക്രട്ടറി, ട്രസ്റ്റ് ട്രഷറര്‍, പാലക്കാട് ജില്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ ഓഡിറ്റ് ബ്യൂറോ അംഗം എന്നീ നിലകളില്‍ വിശ്രമലേശമന്യേ കര്‍മം ചെയ്യുകയായിരുന്നു മുഹമ്മദ് അലി. ഭാര്യയും ബുശ്‌റ, ആഇശ, ഷബീന, ശാദിയ എന്നീ മക്കളും, അവരുടെ ഇണകളും പത്ത് പേരക്കിടാങ്ങളുമടങ്ങിയതാണ് കുടുംബം.

1964 മുതല്‍ ശാന്തപുരത്തെ കാവിയിട്ട ക്ലാസ് മുറികളില്‍ ഉരുമ്മിയിരുന്നു പഠിക്കുകയും അതേ നിലങ്ങളില്‍ രാത്രിയില്‍ ചേര്‍ത്തു വിരിച്ച ഓലപ്പായകളില്‍ ഉറങ്ങുകയും ചെയ്തുകൊണ്ട് ബാല്യം തൊട്ടാരംഭിച്ച സൗഹൃദം, ഓര്‍മകള്‍ മരിക്കുവോളം തുടരും.

 

 

 

പി.കെ ഫാറൂഖ്

പ്രബോധനം വായനയിലൂടെ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന വ്യക്തിയായിരുന്നു കുമ്പളം ഘടകത്തിലെ കാര്‍കുന്‍ പി.കെ ഫാറൂഖ് സാഹിബ്. ചുറുചുറുക്കുള്ള പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. സേവന പ്രവര്‍ത്തനങ്ങളും യാത്രയും ഹരമായിരുന്നു. ഗുജറാത്ത് ഭൂകമ്പത്തെത്തുടര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഐ.ആര്‍.ഡബ്ല്യു സംഘത്തോടൊപ്പം അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. സ്വദേശം കുമ്പളമായിരുന്നെങ്കിലും പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ ആദ്യ തട്ടകം നെട്ടൂരായിരുന്നു. 

ദീര്‍ഘകാലം നെട്ടൂരില്‍ താമസിക്കുകയും വ്യാപാരത്തിലേര്‍പ്പെടുകയും ചെയ്ത അദ്ദേഹം വ്യാപാരി യൂനിയന്റെ പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ചു. കലൂര്‍ ദഅ്‌വാ മസ്ജിദ്, നെട്ടൂര്‍ ഹിറാ മസ്ജിദ് തുടങ്ങിയ സ്ഥാപന സമുച്ചയങ്ങളുടെ ട്രസ്റ്റായ ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപകാംഗം, കുമ്പളം മസ്ജിദുല്‍ ഫലാഹ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ആലുവാ മാറമ്പള്ളി കടവില്‍ കുടുംബാംഗവും പ്രവര്‍ത്തകയുമായ സഹധര്‍മിണി റംല അകാലത്തില്‍ അല്ലാഹുവിങ്കലേക്ക് യാത്രയായത് അദ്ദേഹത്തിന് താങ്ങാനാവുന്നതായിരുന്നില്ല. ഇരുവരും ഹജ്ജ് യാത്രക്ക് ഒരുക്കങ്ങള്‍ ചെയ്യുന്നതിനിടെ ഒരു സ്വുബ്ഹിന് സ്വന്തം കൈകളിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു പങ്കാളി. ഹജ്ജ് നിര്‍വഹിച്ചു തിരിച്ചെത്തിയ ഫാറൂഖ് സാഹിബ് ഒന്നൊന്നായി രോഗങ്ങള്‍ക്കടിപ്പെട്ടെങ്കിലും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ശ്രദ്ധിച്ചു.

കുമ്പളത്തെ പ്രസ്ഥാനപ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ, ഇപ്പോള്‍ രോഗശയ്യയിലായ പുന്നേപ്പള്ളി ഈസാ സാഹിബ് ജ്യേഷ്ഠ സഹോദരനാണ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ലിജാസ്, ആര്‍ക്കിടെക്റ്റ് ഫര്‍സാന എന്നിവര്‍ മക്കളും.

എം.എ അബ്ദു നെട്ടൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (17-21)
എ.വൈ.ആര്‍