Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 21

3081

1440 റബീഉല്‍ ആഖിര്‍ 13

ഖത്തറിലെ കാലം യേശുദാസിന്റെ ഗാനമേള

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-6 )

1972 ഒക്‌ടോബര്‍ ഒന്നായിരുന്നു പ്രവാസ ജീവിതത്തിന്റെ ഒന്നാം ദിവസം. പിറ്റേന്ന് റമദാന്‍ ഒന്ന്. അല്‍ മഅ്ഹദുദ്ദീനിയിലെ വിദ്യാരംഭം കുറിച്ചതും അന്നു തന്നെ. പതിനൊന്നാം ക്ലാസിലാണ് ഞങ്ങള്‍ക്ക് പ്രവേശനം ലഭിച്ചത്. നാട്ടില്‍ പഠിച്ച വിഷയങ്ങള്‍ തന്നെയായിരുന്നു പാഠ്യപദ്ധതിയില്‍ വലിയൊരു ഭാഗവും. എന്നാല്‍ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സൈക്കോളേജി, ജ്യോഗ്രഫി, ഹിസ്റ്ററി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ തികച്ചും പുതിയതായിരുന്നു. നാട്ടിലെ പ്രൈമറി സ്‌കൂളില്‍ മാത്രം പഠിച്ച ഞങ്ങള്‍ അഞ്ചു പേര്‍ക്കും അറബി മീഡിയത്തിലുള്ള മേല്‍വിഷയങ്ങളുടെ പഠനം തുടക്കത്തില്‍ വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍, അതത് വിഷയങ്ങളില്‍ പി.ജിയോ ഡോക്ടറേറ്റോ നേടിയ സമര്‍ഥരായിരുന്നു അധ്യാപകരെന്നതുകൊണ്ട് പ്രയാസം അധികനാള്‍ നീണ്ടില്ല. കൂടുതല്‍ ശ്രദ്ധിച്ചത് അറബി ഭാഷ എഴുതാനും സംസാരിക്കാനുമുള്ള പരിശീലനത്തിനായിരുന്നു എന്നു മാത്രം. നാട്ടില്‍ ശീലിച്ചതില്‍നിന്ന് തികച്ചും വിഭിന്നമായിരുന്നു അധ്യാപന രീതി. ഈജിപ്ത്, ഫലസ്ത്വീന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു അധ്യാപകര്‍. ഡയറക്ടര്‍ ഡോ. യൂസുഫുല്‍ ഖറദാവി അപൂര്‍വമായേ ക്ലാസുകളില്‍ വന്നിരുന്നുള്ളൂ. ശൈഖ് മിസ്ബാഹ് അബ്ദു (ഖുര്‍ആന്‍), ശൈഖ് അബ്ദുല്ലത്വീഫ് സാഇദ് (ഫിഖ്ഹ്), ഉസ്താദ് റുശ്ദി (അറബി വ്യാകരണം), ശൈഖ് അലീവ മുസ്ത്വഫ (ഹദീസ്), പ്രഫ. സുലൈമാന്‍ സത്താവി (സോഷ്യല്‍ സയന്‍സ്), ഡോ. ഫാഇദ് ആശൂര്‍ (ഹിസ്റ്ററി), പ്രഫ. യഅ്ഖൂബ് (മാത്‌സ്), പ്രഫ. ഹസന്‍ അബ്ബാസി (ഇംഗ്ലീഷ്) എന്നിവരെ മറക്കാനാവില്ല. ക്ലാസില്‍ ഇന്ത്യക്കാരായ ഞങ്ങള്‍ അഞ്ചു പേരും ഫിലിപ്പൈന്‍സില്‍നിന്നുള്ള രണ്ടു പേരും ഒരു യമനിയും ഒരു ഫലസ്ത്വീന്‍കാരനും ഒഴിച്ചുള്ളവര്‍ ഖത്തരികേളാ ഇതര ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരോ ആയിരുന്നു. അറബിവംശജര്‍ക്ക് ഏറ്റവും പ്രയാസകരമായ വിഷയം നഹ്‌വ് അഥവാ അറബി വ്യാകരണം ആയിരുന്നു എന്നത് വിചിത്രമായി തോന്നാം. ഇംഗ്ലീഷും അവര്‍ക്ക് ബാലികേറാമല. സ്‌കൂള്‍ അഞ്ചാം ക്ലാസോടെ സലാം ചൊല്ലിപ്പിരിഞ്ഞ ഗണിതശാസ്ത്രത്തിന്, മദ്‌റസാ പാഠ്യപദ്ധതിയില്‍ മുന്തിയ പരിഗണന ലഭിച്ചിരുന്നില്ല, പ്രത്യേകിച്ച് ആള്‍ജിബ്ര, ജ്യോമട്രി എന്നീ ശാഖകള്‍ക്ക്. മഅ്ഹദിലാകെട്ട ഹയര്‍ സെക്കന്ററിയിലെ ആള്‍ജിബ്രയും ജ്യോമട്രിയും ആയിരുന്നുതാനും.

ഫലസ്ത്വീന്‍കാരന്‍ യഅ്ഖൂബ് ആയിരുന്നു ഞങ്ങളുടെ ഗണിതാധ്യാപകന്‍. മീം അലാ ശീന്‍ എന്നിങ്ങനെ ആള്‍ജിബ്രയിലെ അക്ഷരങ്ങള്‍ അദ്ദേഹം അതിേവഗത്തില്‍ പറഞ്ഞുപോവും. എനിക്കൊന്നും മനസ്സിലായില്ല. മനസ്സിലാവണമെന്ന നിര്‍ബന്ധവും ഇല്ലായിരുന്നു. പലപ്പോഴും ഇ.വിയും ഞാനും മാത്‌സിന്റെ ക്ലാസ് കട്ടുചെയ്തു. ഒടുവില്‍ പരീക്ഷ വന്നെത്തി. മൊത്തം ജയിക്കണമെങ്കില്‍ മാത്‌സിന്റെ 40 മാര്‍ക്കില്‍ ഇരുപതെങ്കിലും കിട്ടിയേ തീരൂ. 20 ആള്‍ജിബ്രക്കും 20 ജ്യോമട്രിക്കും. രണ്ടിന്റെയും പരീക്ഷ വെവ്വേറെയാണ്. പരീക്ഷയുടെ തലേന്ന് ഞങ്ങളുടെ സീനിയര്‍ ബാച്ചിലെ എ. മുഹമ്മദലി സാഹിബിനെ (ആലത്തൂര്‍) സമീപിച്ചുകൊണ്ട് പറഞ്ഞു: നാളെ ആള്‍ജിബ്രയില്‍ വരാന്‍ സാധ്യതയുള്ള നാല് തിയറിയും അതിന്റെ പ്രാക്ടിക്കലും ഒന്നു പറഞ്ഞുതരുമോ? കണക്കില്‍ സമര്‍ഥനായിരുന്ന അദ്ദേഹം സമ്മതിച്ചു. രാത്രി 10 മണിവരെ അദ്ദേഹം പറഞ്ഞതൊക്കെ ചെയ്തു സുഖമായുറങ്ങി. രാവിലെ പരീക്ഷാ ഹാളില്‍ ചെന്നപ്പോള്‍ ഏതാണ്ടതേ പാറ്റേണിലുള്ള ചോദ്യങ്ങള്‍. ഞാന്‍ ഒരുമാതിരിയൊക്കെ ചെയ്തു. ഉത്തരവും എഴുതി, ശരിയാണോ എന്ന് കൂട്ടുകാരന്‍ ടി.പി അബ്ദുല്ലയോട് മലയാളത്തില്‍ ചോദിച്ചു. മാത്‌സില്‍ സമര്‍ഥനായിരുന്ന അബ്ദുല്ല അതേ എന്ന് തലകുലുക്കി. ഉടനെ പേപ്പര്‍ വെച്ച് ഞാന്‍ സ്ഥലംവിട്ടു. പിറ്റേന്നത്തെ ജ്യോമട്രി പരീക്ഷക്ക് വെറും കാലി ഉത്തരക്കടലാസാണ് സമര്‍പ്പിച്ചത്. റിസല്‍റ്റ് വന്നപ്പോള്‍ 20 മാര്‍ക്ക് വാങ്ങി ഞാന്‍ മാത്‌സില്‍ പാസ്സായിരിക്കുന്നു! മൊത്തം ഫൈനല്‍ പരീക്ഷ പാസ്സായവര്‍ ഞങ്ങള്‍ അഞ്ചുപേരും ഒരു ഫിലിപ്പൈനിയും ഒരു ഫലസ്ത്വീന്‍കാരനും മാത്രം. ഖത്തരികള്‍ മുഴുക്കെ തോറ്റു. അറബി വ്യാകരണത്തിലായിരുന്നു കൂട്ടത്തോല്‍വി. ഞാനും ഇ.വിയും രണ്ടാം റാങ്ക് പങ്കിട്ടു. ആ വകയില്‍ വിദ്യാഭ്യാസമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി സമ്മാനിച്ച റിസ്റ്റ് വാച്ച് ഞാന്‍ കുറേകാലം കെട്ടി നടന്നിരുന്നു.

ഖത്തറിലെ വിദ്യാഭ്യാസ ജീവിതം സാമാന്യം സുഖകരമായിരുന്നു. ജൂണില്‍ അവധിക്കാലം തുടങ്ങും. സെപ്റ്റംബര്‍ വരെ നീളും. ഗ്രീഷ്മത്തിലെ അത്യുഷ്ണത്തില്‍നിന്ന് കേരളത്തിലെ കാലവര്‍ഷത്തിലേക്കുള്ള തിരിച്ചുവരവ് ആഹ്ലാദകരമായിരുന്നു. പോവുേമ്പാള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. എട്ട് മാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ആറ് മാസം പ്രായമായ മകളെ കണ്ടപ്പോഴുണ്ടായ ആഹ്ലാദത്തിന് അതിരുകളില്ല.  മകള്‍ ജനിച്ച വിവരം ഭാര്യയുടെ കത്തിലൂടെ അറിഞ്ഞപ്പോള്‍ എന്റെ മറുപടിയില്‍ കുറിച്ച പഴയ പാട്ടിലെ ഈരടികള്‍: 'കന്നിയില്‍ പിറന്നാലും കാര്‍ത്തിക നാളായാലും, കണ്ണിന് കണ്ണായ്തന്നെ ഞാന്‍ വളര്‍ത്തും.' ആദ്യവര്‍ഷത്തെ അവധിക്കാലയാത്ര കപ്പലിലാക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. എസ്.എസ്. അക്ബര്‍ എന്ന കൂറ്റന്‍ കപ്പല്‍ ദോഹ-ബോംബെ സര്‍വീസ് നടത്തിയിരുന്ന സമയമായിരുന്നു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ അറബിക്കടലിലെ കപ്പല്‍ യാത്ര വന്‍ കടല്‍ക്ഷോഭം മൂലം ഒട്ടും കരണീയമല്ലെന്ന് അനുഭവസ്ഥര്‍ ഉപദേശിച്ചുവെങ്കിലും കപ്പല്‍ യാത്ര ആസ്വദിക്കാനുള്ള തത്രപ്പാടില്‍ അതൊന്നും ചെവിക്കൊണ്ടില്ല. കടല്‍ ചൊരുക്ക് ബാധിച്ച് അഞ്ചാറു ദിവസം പച്ചവെള്ളം പോലും കുടിക്കാനാവാതെ ചുരുണ്ടു കിടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും സാരമാക്കിയില്ല. ആരോഗ്യനില ആപേക്ഷികമായി മോശമായിരുന്ന എന്നെക്കുറിച്ചായിരുന്നു എല്ലാവരുടെയും ആശങ്ക. ആറേഴു തവണ കപ്പല്‍ യാത്ര ചെയ്ത പഴയങ്ങാടിക്കാരന്‍ മൊയ്തീന്‍ കുട്ടി ഹാജിയും യാത്രക്കാരിലുണ്ടായിരുന്നതിനാല്‍ എന്റെ മേല്‍നോട്ടം അദ്ദേഹത്തെ ഏല്‍പിച്ചു.

അങ്ങനെ 1800 യാത്രികരെയും കയറ്റി എസ്.എസ്. അക്ബര്‍ ദോഹ വിട്ടു. ആദ്യ ദിവസം കാര്യമായൊന്നും സംഭവിച്ചില്ല. ഉള്‍ക്കടല്‍ വിട്ട് നടുക്കടലിലേക്ക് കടന്നതോടെ കപ്പല്‍ ചാഞ്ചാട്ടം തുടങ്ങി. പിന്നീടത് 24 മണിക്കൂര്‍ ഊഞ്ഞാലാട്ടം തന്നെയായി. പരിചയസമ്പന്നനായ മൊയ്തീന്‍കുട്ടി ഹാജി ഒറ്റദിവസം കൊണ്ട് തന്നെ വീണു. ഭക്ഷണഹാളില്‍ ഒരേയവസരം 800 പേര്‍ക്ക് ആഹാരം കഴിക്കാമായിരുന്നെങ്കിലും ആദ്യ ദിവസം തിക്കും തിരക്കുമായിരുന്നു. എന്നാല്‍, രണ്ടു ദിവസം പിന്നിട്ടതോടെ ക്യൂവിന്റെ ദൈര്‍ഘ്യം ചുരുങ്ങിവന്നു. ഞങ്ങളുടെ ടീമില്‍ ഞാനല്ലാത്തവരെല്ലാം കാബിനുകളില്‍ ചുരുണ്ടുകൂടി. ഛര്‍ദിയുടെ ഗുളികക്ക് ഡിമാന്റ് കൂടിക്കൂടി വന്നു. എന്നെ കടല്‍ ചൊരുക്ക് ബാധിച്ചതേയില്ല. മുകളിലെ ഡക്കില്‍ മുകളിലാകാശവും താഴെ നീലക്കടലും നോക്കിയും രാത്രി നക്ഷത്രങ്ങളെണ്ണിയും സമയം കൊന്നു. ആറാം ദിവസം ഡൈനിംഗ് ഹാളില്‍ ഞാനടക്കം 16 പേര്‍ മാത്രം! ജീവച്ഛവങ്ങളായി കപ്പലിറങ്ങി ബോംബെ തുറമുഖത്തെ കസ്റ്റംസില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വന്ന ദുരനുഭവം ജീവിതത്തില്‍ മറക്കാനാവില്ല. രാവിലെ തുടങ്ങിയ നില്‍പ് വൈകുന്നേരം വരെ നീണ്ടു. കസ്റ്റംസിലെ കിങ്കരന്മാരുടെ അരിച്ചുപെറുക്കിയുള്ള പരിശോധനയും കഴിഞ്ഞ് പുറത്തുകടക്കുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന ബോംബെ-മംഗലാപുരം ബസില്‍ പിറ്റേന്ന് പുറപ്പെടുമ്പോള്‍ കുത്തും കോമയുമില്ലാത്ത വയറിളക്കം. തലേന്നത്തെ ഹോട്ടല്‍ ഭക്ഷണത്തിലെ കേസരിപ്പരിപ്പിന്റെ കറിയാണ് വില്ലനായത്. ജലപാനമില്ലാതെ 24 മണിക്കൂര്‍ സീറ്റില്‍ ഇളകാതെ ഇരുന്നതിനാല്‍ വയറിളക്കം തനിയെ നിന്നു. മൂന്നു മാസം കഴിഞ്ഞ് മടക്കവും കപ്പലില്‍ തന്നെ ആയിരുന്നെങ്കിലും കടല്‍ ശാന്തമായിരുന്നതിനാല്‍ ദുരിത യാത്ര ആവര്‍ത്തിച്ചില്ല. 1973 ഒക്‌ടോബറിലെ അറബ്-ഇസ്രായേല്‍ യുദ്ധം നടന്നത് ഞങ്ങളുടെ കപ്പല്‍ യാത്രാവേളയിലായിരുന്നു. ചില യാത്രക്കാരുടെ കൈയിലിരുന്ന റേഡിയോയില്‍ വല്ലപ്പോഴും കേള്‍ക്കുന്ന വാര്‍ത്തകളായിരുന്നു യുദ്ധവിവരങ്ങളറിയാന്‍ ഒരേയൊരു മാര്‍ഗം. ഈജിപ്ഷ്യന്‍ സേന, അഭേദ്യമെന്ന് കരുതപ്പെട്ടിരുന്ന ബാര്‍ലെവ് ലൈന്‍ തകര്‍ത്ത് സീനായിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന വാര്‍ത്ത ശ്രവിച്ചപ്പോള്‍ അത്യാവേശപൂര്‍വം കൈയടിച്ചു. പക്ഷേ, അമേരിക്കയുടെ സമ്മര്‍ദത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് അന്‍വര്‍ സാദാത്ത് യുദ്ധവിരാമത്തിന് സമ്മതിച്ചതാണ് കരയിലിറങ്ങിയപ്പോള്‍ കേള്‍ക്കേണ്ടിവന്നത്. തുടര്‍ന്ന് സാദാത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനവും നെസറ്റിലെ പ്രസംഗവും ക്യാമ്പ് ഡേവിഡ് കരാര്‍ ഒപ്പുവെക്കലുമൊക്കെ ചരിത്രത്തിന്റെ ഗതി മാറ്റിത്തിരിച്ച സംഭവങ്ങളാണല്ലോ.

1973-ല്‍ ഹജ്ജ് യാത്ര തരപ്പെട്ടതാണ് ഞങ്ങളുടെ പ്രവാസ ജീവിതത്തിലെ ആദ്യത്തെ പ്രധാന സംഭവം. അര്‍ധവാര്‍ഷിക അവധിക്കാലത്ത് ഹജ്ജ് സീസണ്‍ വന്നപ്പോള്‍ ജ്യേഷ്ഠന്‍, ഞാന്‍, ടി.പി. അബ്ദുല്ല എന്നീ മൂന്നു പേര്‍ വിമാന യാത്രാ നിരക്ക് പകുതി നല്‍കിയാല്‍ മതിയാവുന്ന അറേബ്യന്‍ യൂത്ത് ഫെയര്‍ ഉപയോഗിച്ച് ഹജ്ജിനു പോവാന്‍ തീരുമാനിച്ചു. ചെലവിനുള്ള തുകയൊന്നും കാര്യമായി കൈയിലില്ലാതെ നടത്തിയ സാഹസിക യാത്രയായിരുന്നു അത്. മതകാര്യ വകുപ്പ് മേധാവി അബ്ദുല്ല ഇബ്‌റാഹീം അന്‍സാരിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ മെഡിക്കല്‍ എയ്ഡ് സംഘത്തോടൊപ്പം ചേരാന്‍ അവസരം ലഭിച്ചതിനാല്‍ മിനായിലെ താമസം പ്രശ്‌നമായില്ല. മക്കയില്‍ ബകര്‍ ജമാലിന്റെ മാനേജറായി ജോലിചെയ്തുവന്ന ജമാല്‍ മലപ്പുറം ഏര്‍പ്പാടാക്കിത്തന്ന ഒരു കൊച്ചു വീട്ടുമുറിയില്‍ ഞങ്ങള്‍ കഴിഞ്ഞുവരവെ അവിചാരിതമായി ജെ.ഡി.ടി ഇസ്‌ലാം സെക്രട്ടറി ഹസന്‍ ഹാജിയെ കണ്ടുമുട്ടി. അദ്ദേഹം റാബിത്വയുടെ അതിഥിയായിരുന്നതിനാല്‍ കാര്‍ അനുവദിച്ചുകിട്ടിയിരുന്നു. ഞങ്ങളെ അദ്ദേഹം മദീനാ യാത്രക്ക് ക്ഷണിച്ചു. ആയിടെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി സ്ഥാനമേറ്റ ചാക്കീരി അഹ്മദ് കുട്ടി സാഹിബും ഹജ്ജിന് വന്നിരുന്നു. ഞങ്ങള്‍ മൂവരും ഹസന്‍ ഹാജിയുടെ സഹയാത്രികരായി മദീനയിലേക്ക് പുറപ്പെട്ടു. ചരിത്രപ്രധാനമായ ബദ്‌റിലൂടെയായിരുന്നു യാത്ര. ബദ്‌റിലെത്തിയപ്പോള്‍ ഞങ്ങള്‍ പഴയ യുദ്ധക്കളവും രക്തസാക്ഷികളുടെ ഖബ്‌റിടവും ശത്രുക്കളുടെ ശവക്കുഴിയുമെല്ലാം വിസ്തരിച്ചു കണ്ടു. തീരെ തിരക്കും ഇന്നത്തേതു പോലുള്ള മതില്‍കെട്ടും വിലക്കുകളും ഇല്ലാതിരുന്നതിനാല്‍ ആസ്വാദ്യമായിരുന്നു ബദ്ര്‍ സദര്‍ശനം. മന്ത്രി ചാക്കീരിക്ക് പിതാവ് മൊയ്തീന്‍കുട്ടി രചിച്ച ചാക്കീരി ബദ്ര്‍ പടപ്പാട്ട് ഓര്‍മയുണ്ടായിരുന്നതിനാല്‍ ചരിത്രഭൂമിയുടെ അന്നത്തെ സ്ഥിതിയെക്കുറിച്ച തെളിഞ്ഞ ചിത്രം കിട്ടി. ഈ സമയത്തൊെക്ക അറബികള്‍ ഹുക്ക വലിക്കുന്ന ഒരു ചായ മക്കാനിയില്‍നിന്ന്, പൊരിച്ച മുഴുവന്‍ മീന്‍ തിന്നുകയായിരുന്നു ഹസന്‍ ഹാജി. ഞങ്ങളുടെ കാറിന്റെ ഡ്രൈവര്‍ കിട്ടിയ അവസരമുപയോഗിച്ച് ഹുക്ക വലിക്കുകയായിരുന്നു. മദീനയിലെത്തിയപ്പോള്‍  അസഹനീയമായ തണുപ്പ്. മസ്ജിദുന്നബവിയിലെ നമസ്‌കാരവും വിശുദ്ധ റൗദഃ സന്ദര്‍ശനവും ഉഹുദ്, ഖന്‍ദഖ്, ബിഅ്‌റ് ഉസ്മാന്‍ തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ ചെന്നുകാണലും മഹാന്മാരായ പ്രവാചക ശിഷ്യന്മാരുടെയും പ്രവാചക പത്‌നിമാരുടെയും മക്കളുടെയും ഖബ്‌റുകളടങ്ങിയ ജന്നതുല്‍ ബഖീഇലെ ഓട്ടപ്രദക്ഷിണവും ഒരൊറ്റ ദിവസത്തിനകം കഴിച്ച് ഞങ്ങള്‍ മടങ്ങുകയായിരുന്നു, സവിസ്തര സന്ദര്‍ശനം പിന്നീടൊരവസരത്തിലേക്ക് മാറ്റിവെച്ചുകൊണ്ട്. പക്ഷേ, പതിറ്റാണ്ടിനു ശേഷം നാട്ടില്‍നിന്ന് ഉമ്മയോടൊപ്പം ഹജ്ജിന് വന്നപ്പോള്‍ വലിയ നിയന്ത്രണങ്ങളും മാറ്റങ്ങളും വന്നുകഴിഞ്ഞിരുന്നു. അന്ന് അത്യുഷ്ണമായിരുന്നുതാനും അസഹ്യമായിത്തീര്‍ന്നത്. പില്‍ക്കാലത്ത് നിരവധി തവണ സുഊദി സന്ദര്‍ശനത്തിന് അവസരം ലഭിച്ചപ്പോള്‍ എല്ലാം വിശദമായും അവധാനപൂര്‍വവും കാണാന്‍ പറ്റി. എങ്കിലും ആദ്യത്തെ ഹജ്ജ് യാത്രാനുഭൂതികള്‍ ഒന്നുവേറെത്തന്നെ.

1974 ജൂണില്‍ പഠനം അവസാനിച്ചതില്‍ പിന്നെ നാട്ടിലേക്ക് മടങ്ങി പഴയ ജോലിയില്‍ തുടരണമോ എന്ന നിര്‍ണായക ചോദ്യം മുന്നില്‍വന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിസയിലായിരുന്നു അതേവരെ. അതിനി ഒരു ഖത്തരി പൗരന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റിയേ പറ്റൂ. അല്ലെങ്കില്‍ ഖത്തറിലെ ജീവിതം അവസാനിപ്പിക്കണം. അങ്ങനെ കുറ്റിയും പറിച്ചുപോവുന്നത് ബുദ്ധിയെല്ലന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നി. ആദ്യ ബാച്ചിലെ പൊന്നാനിക്കാരന്‍ സ്വാലിഹ് മാത്രം ഇനി ഏതായാലും ഖത്തറില്‍ തുടരുന്നത് ചിതമല്ലെന്ന അഭിപ്രായത്തില്‍ നാട്ടിലേക്ക് മടങ്ങി. പക്ഷേ, ദുബൈയിലേക്ക് വിസ സമ്പാദിച്ച് അദ്ദേഹം വീണ്ടും ദീര്‍ഘകാലം പ്രവാസിയായി. ഞങ്ങള്‍ പലരിലേക്കുമായി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി. ഞാന്‍ നാട്ടിലേക്ക് മടങ്ങി 'പ്രബോധന'ത്തില്‍ വീണ്ടും ചേര്‍ന്നു. മറ്റു നാലു പേരും ഖത്തറില്‍ വിവിധ ജോലികളിലേര്‍പ്പെട്ടു. ജ്യേഷ്ഠന്‍ അബ്ദുല്ല ദോഹ ഇന്ത്യന്‍ എംബസിയില്‍ ദ്വിഭാഷിയായി കയറി. കെ.കെ മുഹമ്മദ് സുഊദി എംബസിയില്‍ ഗുമസ്തനായി. ഇ.വി അബ്ദു ദോഹ പബ്ലിക് ലൈബ്രറിയിലാണ് ഇടം കണ്ടെത്തിയത്. ടി.പി അബ്ദുല്ല ചില താല്‍ക്കാലിക ജോലികളിലേര്‍പ്പെട്ടെങ്കിലും അടുത്ത വര്‍ഷം സ്ഥാപിതമായ ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഥമ ബാച്ചില്‍ പ്രവേശനം തരപ്പെടുത്തി.

സാമ്പത്തിക പരാധീനതകള്‍ക്ക് പരിഹാരമാവുമായിരുന്നെങ്കിലും പത്രപ്രവര്‍ത്തന ജോലിയോടും നാട്ടിലെ സാമൂഹിക ജീവിതത്തോടുമുള്ള പ്രതിബദ്ധതയാണ് എന്നെ വീണ്ടും വെള്ളിമാടുകുന്നിലെത്തിച്ചത്. ഒരു പെണ്‍കുട്ടിയുടെ പിതാവായതോ സ്വന്തമായ വീടും അത്യാവശ്യ സൗകര്യങ്ങളും വേണമെന്നതോ ഒന്നും ഞാന്‍ കാര്യമാക്കിയില്ല. ഗത്യന്തരമില്ലെങ്കില്‍ വീണ്ടും ഖത്തറിനെ അഭയം പ്രാപിക്കാന്‍ വിസയുണ്ടെന്ന ആശ്വാസവുമുണ്ടായിരുന്നു. അങ്ങനെ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയി. വീട്ടിലും പ്രബോധനത്തിലുമായി മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ജ്യേഷ്ഠന്‍ അബ്ദുല്ലയുടെ ടെലഗ്രാം വരുന്നത്. അദ്ദേഹത്തിന് എംബസിയില്‍നിന്ന് നാട്ടില്‍ വരാന്‍ ലീവ് ലഭിക്കണമെങ്കില്‍ പകരം ആളെ നല്‍കണമെന്ന്. എന്തു ചെയ്യണമെന്ന് കെ.സിയോടും ടി.കെയോടും അന്വേഷിച്ചപ്പോള്‍ പോവുന്നതാണ് ഭംഗി എന്നവര്‍ അഭിപ്രായപ്പെട്ടു. '75 ജൂണ്‍ 26-ന് യാത്രാ രേഖകള്‍ ശരിയാക്കാന്‍ എറണാകുളത്തെത്തിയപ്പോള്‍ ഉച്ചയായിരുന്നു. അപ്പോഴുണ്ട് പതിവില്ലാത്തവിധം ദേശാഭിമാനിയുടെ സ്‌പെഷ്യല്‍ മധ്യാഹ്ന പതിപ്പ്. വാങ്ങി നിവര്‍ത്തി നോക്കിയപ്പോള്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റില്‍ എന്ന സ്‌തോഭജനകമായ വാര്‍ത്തയാണ് കണ്ണില്‍പെട്ടത്. ഒപ്പം ഒരു പെണ്‍ ഹിറ്റ്‌ലര്‍ ജനിക്കുന്നു എന്ന എ.കെ ഗോപാലന്റെ രോഷപ്രകടനവും അനുബന്ധമായി ചേര്‍ത്തിരുന്നു. ജോലി തീര്‍ത്ത് വീട്ടിലേക്ക് മടങ്ങി പിറ്റേന്ന് രാവിലെ മാതൃഭൂമിയും മനോരമയുമെല്ലാം ഉല്‍ക്കണ്ഠയോടെ നിവര്‍ത്തി നോക്കിയപ്പോള്‍ അടിയന്തരാവസ്ഥയെക്കുറിച്ച ഔദ്യോഗിക പ്രഖ്യാപനമല്ലാതെ ഒരാളുടെയും പ്രതികരണമോ പാര്‍ശ്വവാര്‍ത്തകളോ ഒന്നുമില്ല. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതാണെന്ന് മനസ്സിലായി. ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, ജോര്‍ജ് ഫെര്‍ണാണ്ടസ്, സഞ്ജീവ റെഡ്ഢി, അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി തുടങ്ങിയ മുന്‍നിര നേതാക്കളെല്ലാം അറസ്റ്റിലായിരുന്നു. എന്നാല്‍, കമ്യൂണിസ്റ്റ് നേതാക്കളെ പൊതുവെ പിടികൂടിയില്ല. കോണ്‍ഗ്രസ് (ഐ) ഒഴിച്ചുള്ള പാര്‍ട്ടികള്‍ക്കൊന്നിനും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. അഭൂതപൂര്‍വമായ അനുഭവമായിരുന്നതിനാല്‍ ഇതികര്‍ത്തവ്യതാമൂഢരായിരുന്നു പാര്‍ട്ടികളും ജനങ്ങളും. പത്രങ്ങള്‍ ഏതാണ്ട് മുഴുവനും തന്നെ മൗലികാവകാശങ്ങള്‍ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള അടിയന്തരാവസ്ഥയോട് സമരസപ്പെട്ടു. ഗോയങ്കയുടെ ഇന്ത്യന്‍ എക്‌സ്പ്രസ് മാത്രം  പ്രതിഷേധസൂചകമായി മുഖപ്രസംഗ കോളം ഒഴിച്ചിട്ടു. കുല്‍ദീപ് നയാരടക്കമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പലരും ജയിലിലായി. അടിയന്തരാവസ്ഥയുടെ അനിവാര്യതയും പ്രാധാന്യവും നേട്ടങ്ങളും വാഴ്ത്തുന്ന ലേഖനങ്ങളും വാര്‍ത്തകളും മാത്രം വെളിച്ചം കണ്ടു. ഇന്ത്യയിലാദ്യമായി അച്ചടക്കപൂര്‍ണമായ സാമൂഹികാവസ്ഥ നിലവില്‍വന്നതായ ആഹ്ലാദപ്രകടനമായിരുന്നു കോണ്‍ഗ്രസുകാര്‍ക്ക്. പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും മൗലികാവകാശങ്ങള്‍ റദ്ദാവുകയും ചെയ്തിരിക്കെ ഇനി നാട്ടിലിരുന്നിട്ടും പ്രയോജനമില്ലെന്ന് മനസ്സിലാക്കി, ഒരല്‍പം സമാധാനത്തോടെയാണ് ഞാന്‍ ദോഹയിലേക്ക് വിമാനം കയറിയത്.

ദോഹയിലെത്തി പിറ്റേ ദിവസം തന്നെ ജ്യേഷ്ഠന് പകരക്കാരനായി ഞാന്‍ ഇന്ത്യന്‍ എംബസിയില്‍ ജോയിന്‍ ചെയ്തു; ജ്യേഷ്ഠന്‍ നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ ആരിഫ് ഖമറൈന്‍ ആയിരുന്നു അംബാസഡര്‍. ഐ.എഫ്.എസ് കാഡറിലുണ്ടായിരുന്ന രണ്ടേ രണ്ട് മുസ്‌ലിം നാമധാരികളില്‍ ഒരുവന്‍; മറ്റേയാള്‍ ആബിദ് ഹുസൈനും. സമര്‍ഥനും ചടുലനും വിവരസമ്പന്നനുമായിരുന്ന ഖമറൈന്‍ ശീഈ വംശജനായിരുന്നു എന്നാണറിവ്. മതവുമായി ഒരു ബന്ധവും ടിയാനുണ്ടായിരുന്നില്ല. റമദാന്‍ ആരംഭിച്ചു മൂന്നാം നാളിലാണ് എന്നോട് എന്നാണ് റമദാന്‍ തുടങ്ങുന്നത് എന്നന്വേഷിച്ചത്! അംബാസഡറുടെ പി.എ തമിഴന്‍ ശിവരാമനും ക്ലാര്‍ക്ക് ഹിശാമുദ്ദീനും ഡ്രൈവറും പിന്നെ ഞാനുമടങ്ങിയതാണ് എംബസി സ്റ്റാഫ്. പ്രാദേശിക അറബി പത്രങ്ങളില്‍ ഇന്ത്യയെ സംബന്ധിക്കുന്ന വാര്‍ത്തകളും കുറിപ്പുകളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുക, അംബാസഡറെ സന്ദര്‍ശിക്കുന്നവരോ അംബാസഡര്‍ അങ്ങോട്ട് ചെന്ന് സന്ദര്‍ശിക്കുന്നവരോ ആയ അറബി നയതന്ത്ര പ്രതിനിധികളുടെയും മറ്റും ദ്വിഭാഷിയായി വര്‍ത്തിക്കുക എന്നിവയാണ് എന്റെ നിര്‍ണിത ജോലിയെങ്കിലും മൊഴിമാറ്റം നടത്തിയിരുന്നത് വീട്ടില്‍വെച്ചായിരുന്നു (ഞങ്ങള്‍ 10-12 പേര്‍ താമസിച്ചിരുന്നത് കടല്‍തീരത്തെ ഒരു വില്ലയുടെ മുകള്‍ത്തട്ടിലായിരുന്നു). പാസ്‌പോര്‍ട്ട് പുതുക്കാനും പി.സി.സി ഉള്‍പ്പെടെയുള്ള രേഖകള്‍ സാക്ഷ്യപ്പെടുത്താനും വരുന്ന നൂറുകണക്കിന് പേര്‍ക്കാവശ്യമായ സേവനങ്ങള്‍ക്കാണ് പകല്‍ മുഴുവന്‍ വിനിയോഗിക്കേണ്ടിവന്നത്. രാവിലെ 10 മണിക്ക് എത്തുന്ന അംബാസഡറുടെ സവിധത്തിലെത്തി അദ്ദേഹം നിര്‍ദേശിക്കുന്ന ജോലികള്‍ വേറെയും ചെയ്യണം. അദ്ദേഹത്തിനുവേണ്ടി അപ്പോയ്‌മെന്റുകള്‍ ബുക്ക് ചെയ്യുകയാണ് ഒരു പ്രധാന ജോലി. പരാതികളുമായെത്തുന്ന ഇന്ത്യക്കാരുടെ, വിശിഷ്യാ ആയമാരുടെ പരിദേവനങ്ങള്‍ അന്വേഷിച്ച് അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഒരിക്കല്‍ എംബസിയിലെത്തിയ ഹൈദരാബാദുകാരി സാജിദയുടെ സങ്കടം ഇപ്പോഴും ഓര്‍ക്കുന്നു. തന്നെ സ്‌പോണ്‍സര്‍ പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. എവ്വിധവും അവളെ രക്ഷിച്ച് നാട്ടിലേക്കയക്കാന്‍ നടപടികളെടുക്കണമെന്നായിരുന്നു ആവശ്യം. പട്ടിണി കിടക്കുന്ന കുടുംബത്തെ രക്ഷിക്കാനാണ് ഏജന്റുമാരുടെ വാക്കുകള്‍ വിശ്വസിച്ച് വന്‍തുക നല്‍കി വീട്ടുജോലിക്ക് വന്നത് എന്ന് സാജിദ പറഞ്ഞേപ്പാള്‍ അംബാസഡര്‍ ചോദിച്ചു: 'ഇമ്മാതിരി എത്രയോ സംഭവങ്ങള്‍ നടക്കുന്നതായറിഞ്ഞിട്ടും പിന്നെയെന്തിന് ഏജന്റുമാരെ വിശ്വസിച്ചു പുറപ്പെട്ടു?' 'സാബ്, നാട്ടില്‍ ഒരു നേരത്തെ ആഹാരത്തിനു വകയുണ്ടായിരുന്നെങ്കില്‍ ഇപ്പണിക്ക് പുറപ്പെടുമായിരുന്നോ?' - അവള്‍ തിരിച്ചടിച്ചു. ഹിസ് എക്‌സലന്‍സി മിണ്ടിയില്ല.

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുടനെയാണ് ഞാന്‍ എംബസിയില്‍ ചേര്‍ന്നത് എന്ന് നടേ സൂചിപ്പിച്ചുവല്ലോ. പിറ്റേ ആഴ്ച ആര്‍.എസ്.എസ്, ആനന്ദമാര്‍ഗ് എന്നീ ഹൈന്ദവ സംഘടനകളോടൊപ്പം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂടി ഇന്ദിര സര്‍ക്കാര്‍ നിരോധിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. തനിക്കെതിരായ ജനകീയ പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനാണ് മിലിറ്റന്റ് സംഘടനയായ ആര്‍.എസ്.എസിനെ നിരോധിച്ചതെങ്കിലും രാജ്യത്ത് വര്‍ഗീയത വളര്‍ത്തുന്നു എന്ന ആരോപണമാണ് നിരോധനത്തിന് കാരണമായി പറഞ്ഞത്. പ്രക്ഷോഭത്തിലോ വര്‍ഗീയത വളര്‍ത്തുന്നതിലോ ഒരു പങ്കും വഹിക്കാത്ത ജമാഅത്തെ ഇസ്‌ലാമിയെക്കൂടി അകാരണമായും അന്യായമായും ആര്‍.എസ്.എസിനോട് കൂട്ടിക്കെട്ടി നിരോധിക്കുകയും രാജ്യത്തുടനീളം നേതാക്കളടക്കം 750 പേരെ ജയിലിലടക്കുകയും ചെയ്തതില്‍ അറബ് ലോകത്തെ ഇസ്‌ലാമിസ്റ്റുകള്‍ ശക്തമായി പ്രതിഷേധിച്ചു. ഖത്തറില്‍ ഉയര്‍ന്ന പ്രതിഷേധ ശബ്ദങ്ങള്‍ ഞാന്‍ മൊഴിമാറ്റം നടത്തി അംബാസഡര്‍ക്ക് സമര്‍പ്പിച്ചു. അദ്ദേഹമത് പതിവുപോലെ ഡിപ്ലോമാറ്റിക് പോസ്റ്റല്‍ ബാഗില്‍ ന്യൂദല്‍ഹിയിലേക്ക് അയച്ചിരിക്കണം. 'ഖത്തറില്‍ ജോലിചെയ്യുന്ന മലയാളികളില്‍ ജമാഅത്തെ ഇസ്‌ലാമിക്കാരുണ്ടോ' എന്ന് അംബാസഡര്‍ എന്നോട് ചോദിച്ചപ്പോള്‍, എന്റെ അറിവില്‍ ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കി. അക്കാലത്ത് ജമാഅത്തിന്റെ വ്യവസ്ഥാപിത പ്രവര്‍ത്തനമൊന്നും ദോഹയില്‍ നടന്നിരുന്നില്ല. നാലഞ്ച് അനുഭാവികളുണ്ടായിരുന്നു എന്നു മാത്രം. 'പിന്നെ ആ മുഹമ്മദ് സലീം ആരാണ്?' അംബാസഡറുടെ തുടര്‍ചോദ്യം. 'അദ്ദേഹം നാട്ടില്‍ ജമാഅത്ത് സ്ഥാപനത്തിലാണ് പഠിച്ചത്. ഇവിടെ പേക്ഷ, സംഘടനയുടെ യൂനിറ്റൊന്നും പ്രവര്‍ത്തിക്കുന്നതായി അറിയില്ല' - എന്റെ മറുപടി അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയിരിക്കാനിടയില്ല. അത്തരം വിവരങ്ങള്‍ സൂക്ഷ്മമായി അറിയിക്കാന്‍ മലയാളികളില്‍ തന്നെ ധാരാളം പേരുണ്ടായിരുന്നല്ലോ. 'എന്തായാലും അവരോടൊക്കെ സൂക്ഷിച്ചുകൊള്ളാന്‍ പറ. ഞാനിപ്പോള്‍ നിന്റെ കാക്കാമാരെ കുറിച്ച് റിപ്പോര്‍ട്ടൊന്നും അയക്കാന്‍ ഉദ്ദേശിക്കുന്നില്ല' എന്നദ്ദേഹം മുന്നറിയിപ്പ് നല്‍കിയതോടെ എനിക്കാശ്വാസമായി. എന്നാല്‍, എന്റെ ഐഡന്റിറ്റി അദ്ദേഹത്തോട് വെളിപ്പെടുത്തേണ്ട ഘട്ടം വരുമെന്ന് എനിക്കറിയാമായിരുന്നു. അതിലെനിക്ക് ഭയവുമുണ്ടായിരുന്നില്ല. കാരണം, എംബസിയിലെ ജോലി കഴിയുംവേഗം അവസാനിപ്പിക്കാനായിരുന്നു താല്‍പര്യം. കൂട്ടുകാരൊക്കെ നല്ല വേതനം പറ്റി സര്‍ക്കാറിലോ തുല്യ സ്ഥാപനങ്ങളിലോ സുഖമായി ജോലി ചെയ്യുമ്പോള്‍ ഞാന്‍ മാത്രം അടിമപ്പണിയുമായി മോശം വേതനത്തില്‍ എംബസിയില്‍ തുടരേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ജ്യേഷ്ഠന്‍ തിരിച്ചെത്തിയെങ്കിലും എംബസിയില്‍ ജോയിന്‍ ചെയ്യാതെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ലാംഗ്വേജ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കയറിക്കഴിഞ്ഞിരുന്നു.

അപ്പോഴാണ് ഒരു നാള്‍ അംബാസഡര്‍ എന്നെ അറിയിച്ചത്, 'യുവര്‍ ബ്രദര്‍ കാന്റ് റീ ജോയിന്‍ ദ എംബസി' എന്ന്. എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോള്‍, നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അയാള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത് എന്ന് ഖമറൈന്‍ പ്രതികരിച്ചു. എന്നിട്ട് അത് ശരിയാണോ എന്നും ചോദിച്ചു അദ്ദേഹം. 'സര്‍, ഞങ്ങളൊക്കെ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപനങ്ങളില്‍ പഠിച്ചവരും ജോലി ചെയ്തവരുമാണ്. അപ്പോള്‍ അങ്ങനെയേ റിപ്പോര്‍ട്ട് ലഭിക്കൂ' എന്ന് ഞാന്‍ മറുപടി നല്‍കിയപ്പോള്‍ 'അപ്പോള്‍ നീയും അങ്ങനെയാണോ?' എന്ന് അമ്പരപ്പോടെ ചോദിച്ചു അംബാസഡര്‍. 'അതേ, ഞാനും.' തുടര്‍ന്ന് ജമാഅത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെപ്പറ്റി ഞാനദ്ദേഹത്തിന് ലഘു വിവരണം നല്‍കി. 'മൗദൂദിയേല്ല ജമാഅത്തിന്റെ സ്ഥാപകന്‍? ഇന്ത്യ ദാറുല്‍ ഹര്‍ബാണെന്ന് ഫത്‌വ നല്‍കിയ ആളല്ലേ അയാള്‍?' 'ദാറുല്‍ ഇസ്‌ലാം, ദാറുല്‍ കുഫ്ര്‍, ദാറുല്‍ ഹര്‍ബ് തുടങ്ങിയ പദപ്രയോഗങ്ങളെച്ചൊല്ലി മതപണ്ഡിതന്മാര്‍ക്കിടയില്‍ ഒരുപാട് വിവാദങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യ പാകിസ്താനുമായി യുദ്ധത്തിലേര്‍പ്പെട്ട പശ്ചാത്തലത്തില്‍ പാകിസ്താനിലുള്ള മൗദൂദി ഇന്ത്യ ദാറുല്‍ ഹര്‍ബാണെന്ന് അഭിപ്രായപ്പെട്ടിരിക്കാം. 1948-ല്‍ കശ്മീര്‍ യുദ്ധത്തില്‍ ഇന്ത്യ ദാറുല്‍ ഹര്‍ബാണെന്ന് വിധി നല്‍കാതിരുന്നതിന്റെ പേരില്‍ മൗദൂദിയെ പാക് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി വായിച്ചിട്ടുണ്ട്.' ഞങ്ങള്‍ക്കിടയിലെ സംവാദം അധികം തുടര്‍ന്നില്ല. എവ്വിധവും എംബസിയില്‍നിന്നുള്ള മുക്തി ആഗ്രഹിച്ചിരുന്നതുകൊണ്ടാണ് ഞാനിക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞത്. പക്ഷേ, സമര്‍ഥനായ ഖമറൈന്‍ പ്രതികരിച്ചതെന്തെന്നോ? 'നിന്റെ നിയമനവിവരം ഞാന്‍ വിദേശകാര്യ വകുപ്പിനെ അറിയിക്കുന്നില്ല. സ്ഥിര നിയമനങ്ങളാണ് പ്രശ്‌നം. നീ തല്‍ക്കാലം ഡെയ്‌ലി വേജസില്‍ ജോലി തുടര്‍ന്നോളൂ. അടുത്ത വര്‍ഷം ജൂണില്‍ കാലാവധി കഴിഞ്ഞ് ഞാന്‍ തിരിച്ചുപോവുമ്പോള്‍ നിനക്കും എംബസി വിടാം.' അതിനുമുമ്പ് മെച്ചപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ നീ പൊയ്‌ക്കൊള്ളൂ എന്നദ്ദേഹം പറഞ്ഞതനുസരിച്ച് ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ കത്തുമായി ഞാന്‍, അന്നത്തെ ഖത്തര്‍ ടി.വി ഡയറക്ടര്‍ യൂസുഫ് അല്‍ മുളഫറിനെ ചെന്നു കാണുകയും പിറ്റേ ആഴ്ച തന്നെ ന്യൂസ് സെക്ഷനില്‍ ജോയിന്‍ ചെയ്യാന്‍ അദ്ദേഹം ഓഫര്‍ നല്‍കുകയും ചെയ്തതാണ്. സസന്തോഷം മടങ്ങി, അംബാസഡറോട് വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം കാലുമാറി. 'നീ പോയാല്‍ പകരം ആരെ കിട്ടും? അറബി-ഇംഗ്ലീഷ് ഭാഷ നന്നായറിയാവുന്ന പകരക്കാരനെ കൊണ്ടുവന്നാല്‍ ആലോചിക്കാം.' മൂപ്പരുടെ മറുപടി. അറബി-ഇംഗ്ലീഷ് ഭാഷ നന്നായി വഴങ്ങുന്ന ഇന്ത്യക്കാരനെ കണ്ടെത്തുക അന്ന് അതീവ ദുഷ്‌കരമായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ജോലികളില്‍ കയറിപ്പറ്റിയ എന്റെ കൂട്ടുകാരൊന്നും സ്വാഭാവികമായും എന്റെ സഹായത്തിനെത്തുകയുമില്ല. ജ്യേഷ്ഠന്‍ എംബസിയില്‍ ചേരുന്നതിനു മുമ്പ് ഒരു സോമാലിയക്കാരനായിരുന്നു തദ്സ്ഥാനത്ത്. അങ്ങനെ ഞാന്‍ ഖമറൈന്റെ 'അന്തിമ യാത്ര'യും കാത്ത് എംബസിയില്‍ തന്നെ തുടര്‍ന്നു. പാസ്‌പോര്‍ട്ടില്ലാതെയും മറ്റു വിധത്തിലും കഷ്ടപ്പെട്ടിരുന്ന ഒരുപാടു പേരെ രക്ഷപ്പെടുത്താനായതും നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ മനസ്സിലാക്കിയതും മിച്ചം. എംബസിയുടെ ഐ.ഡി ഉപയോഗിച്ച് എവിടെയും കയറിച്ചെല്ലാമെന്നതായിരുന്നു മറ്റൊരു സൗകര്യം.

അതിനിടെ, ഓര്‍ക്കാന്‍ കൗതുകകരമായ ചില അനുഭവങ്ങളുണ്ടായി. ഖത്തറിലെ എം.ഇ.എസ് ഫണ്ട് സമാഹരണത്തിന് യേശുദാസിന്റെ ഒരു ഗാനമേള നടത്താന്‍ പരിപാടി തയാറാക്കി, വ്യാപകമായി ടിക്കറ്റുകള്‍ വിതരണം ചെയ്തു. പരിപാടിക്ക് രണ്ടു ദിവസം മുമ്പ് മുസ്‌ലിം ലീഗുകാര്‍ നല്‍കിയ പരാതിയിന്മേല്‍ ഖത്തര്‍ സര്‍ക്കാര്‍ യേശുദാസിന്റെ പ്രവേശനം തടഞ്ഞുകൊണ്ട് ഉത്തരവിറക്കി. അദ്ദേഹം യഹൂദി ആണെന്നായിരുന്നു പരാതി! കേരളത്തില്‍ മുസ്‌ലിം ലീഗ്-എം.ഇ.എസ് പോര് മൂര്‍ച്ഛിച്ച കാലമായിരുന്നു. എന്റെ സുഹൃത്തുക്കളായിരുന്ന അഡ്വ. മുശാബ്, കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ ഹമീദ്, ആലിക്കുട്ടി തുടങ്ങിയ എം.ഇ.എസ് ഭാരവാഹികള്‍ രോഷാകുലരും നിരാശരുമായി വന്നു കണ്ടു എന്തു വില കൊടുത്തും പരിപാടി നടത്തിയേ തീരൂ എന്നും വിതരണം ചെയ്ത ടിക്കറ്റുകള്‍ തിരിച്ചെടുത്ത് പണം മടക്കിക്കൊടുക്കുക അസാധ്യമാണെന്നും അറിയിച്ചു. പോംവഴി കണ്ടെത്താമെന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ച ശേഷം ബന്ധപ്പെട്ട മന്ത്രാലയത്തില്‍ പോയി യേശുദാസിനെ കുറിച്ച ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം മുസ്‌ലിംകളുമായി സുഹൃദ്ബന്ധം പുലര്‍ത്തുന്ന ക്രൈസ്തവനാണെന്നും ബോധിപ്പിച്ചതോടെ ഗാനഗന്ധര്‍വന്റെ ആഗമനത്തിന് വഴിയൊരുങ്ങി. ഗാനമേള വന്‍ വിജയമാവുകയും ചെയ്തു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (17-21)
എ.വൈ.ആര്‍