Prabodhanm Weekly

Pages

Search

2012 ജനുവരി 28

സമുദായ സ്പര്‍ധയുണര്‍ത്തുന്നതാര്?

നാടന്‍ കള്ളന്മാര്‍ക്ക് ഒരടവുണ്ട്. ആരെങ്കിലും തിരിച്ചറിഞ്ഞ് 'കള്ളന്‍, കള്ളന്‍' എന്നു വിളിച്ചു പറഞ്ഞാല്‍ ഒപ്പം കള്ളനും അയാളെ ചൂണ്ടി 'കള്ളന്‍ കള്ളന്‍' എന്നു വിളിച്ചു കൂവുക. ഓടിക്കൂടുന്നവര്‍ യഥാര്‍ഥ കള്ളന്‍ ആരെന്നറിയാന്‍ പരതുന്നതിനിടെ അയാള്‍ കൂളായി തടിയെടുക്കുന്നു. കൂടിയവര്‍ വിഡ്ഢികളാണെങ്കില്‍ കള്ളനെ കണ്ടവന്‍ പിടികൂടപ്പെടുകയും തല്ലു കൊള്ളുകയും ചെയ്‌തെന്നുവരും. നമ്മുടെ രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും ചില നടപടികള്‍ ഈ കള്ള അടവിനെ ഓര്‍മിപ്പിക്കാറുണ്ട്. 268 പേരുടെ ഇമെയിലുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട്, മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇന്റലിജന്‍സ് വകുപ്പ് ഹൈടെക് സെല്ലിനു കഴിഞ്ഞ നവംബറില്‍ കത്തയക്കുകയുണ്ടായി. ഉടമകളുടെ പാസ്‌വേഡുകള്‍ കരസ്ഥമാക്കി ഇമെയില്‍ തുറന്ന് രഹസ്യങ്ങള്‍ ശേഖരിക്കുകയാണുദ്ദേശ്യമെന്ന് കത്തിന്റെ ശൈലിയില്‍ നിന്ന് വ്യക്തമാണ്. പൗരന്മാരുടെ മൗലികാവകാശമാണ് സ്വത്വത്തിന്റെയും സ്വകാര്യതയുടെയും സംരക്ഷണം. അതിലേക്ക് ഭരണകൂടം കടന്നുകയറുന്നത് ജനാധിപത്യ വിരുദ്ധമായ ഫാഷിസ്റ്റ് നടപടിയാണ്. രാജ്യ രക്ഷയെ ബാധിക്കുന്ന പ്രമാദമായ കേസുകളില്‍ പ്രതികളാകുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യമെങ്കില്‍ പരിശോധിക്കാന്‍ ചില ചട്ടങ്ങള്‍ക്ക് വിധേയമായി നിയമം അനുവദിക്കുന്നുണ്ട്. ആ നിയമം തന്നെ മൗലികാവകാശ ധ്വംസനമാണെന്ന് വാദിക്കുന്നവര്‍ കുറവല്ല. ഇവിടെ അന്വേഷണ വിധേയരായ 268 പേരില്‍ ആരും അത്തരം കേസുകളില്‍ പ്രതികളോ സംശയിക്കപ്പെടുന്നവരോ അല്ല; രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പത്രപ്രവര്‍ത്തകരും സാധാരണ ജീവിതം നയിക്കുന്നവരുമാണ്. ഈയിടെ മാധ്യമം വാരിക ഈ വിവരം പുറത്തുവിട്ടത് വലിയ ഒച്ചപ്പാടായത് സ്വാഭാവികം. അമേരിക്കന്‍ പ്രസിഡന്റ് നിക്‌സനും, ഇന്ത്യയില്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയും കര്‍ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയുമൊക്കെ അധികാരം വിട്ടൊഴിയേണ്ടിവന്നത് സ്വകാര്യത ചോര്‍ത്തിയതിന്റെ പേരിലാണ്. ഇമെയില്‍ അന്വേഷണ വിവാദത്തിന് അപകടകരമായ മറ്റൊരു മാനവും കൂടിയുണ്ട്. അന്വേഷിക്കപ്പെടുന്ന 268 പേരില്‍ 258 പേരും മുസ്‌ലിംകളാകുന്നു എന്നതാണത്. മുസ്‌ലിം സമുദായത്തെ തീവ്രവാദികളായി മുദ്രകുത്താനുള്ള ആസൂത്രിത നീക്കമാണിതില്‍ തെളിയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലീസിന്റെ വര്‍ഗീയ സമീപനം മുസ്‌ലിം സമുദായത്തെ കഷ്ടപ്പെടുത്തുന്നത് തെല്ലൊന്നുമല്ല. ഈ സാഹചര്യത്തില്‍ കേരള പോലീസിന്റെ നീക്കം ഉത്കണ്ഠാജനകമാകുന്നു.
പോലീസിന്റേത് അമിതാവേശത്തിലുള്ള അബദ്ധ നീക്കമായിരുന്നുവെങ്കില്‍ അത് സമ്മതിച്ച് യുക്തമായ പരിഹാരം കാണുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടത്. സംശയിക്കപ്പെടുന്നവരെ സിമി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവര്‍ എന്നു വിശേഷിപ്പിച്ചത് മാത്രമാണ് അദ്ദേഹം തെറ്റായി കാണുന്നത്. സംഭവം ഉള്‍ക്കൊള്ളുന്ന പൗരാവകാശ ലംഘനത്തെയും സാമുദായികമായ വിവേചനത്തെയും നിഷേധിച്ചും, തമസ്‌കരിച്ചും, കുറ്റം വാര്‍ത്ത പുറത്തുവിട്ട വാരികയില്‍ കെട്ടിവെച്ചു രക്ഷപ്പെടാനാണദ്ദേഹത്തിന്റെ ശ്രമം. പോലീസുകാര്‍ സാമുദായികമായി വിവേചിച്ച് അന്വേഷണം നടത്തുന്നതല്ല, ആ വിവേചനം ചൂണ്ടി കാണിച്ചതാണത്രെ സമുദായസ്പര്‍ധ വളര്‍ത്തുന്ന നടപടി. 268 പേരില്‍ 10 പേര്‍ അമുസ്‌ലിംകളായതുകൊണ്ടോ, ആ പേരുകള്‍ പത്രം പറഞ്ഞില്ലെന്നതുകൊണ്ടോ സ്വകാര്യതയിലേക്കുള്ള പോലീസിന്റെ കടന്നുകയറ്റം എന്ന കാതലായ പ്രശ്‌നം ഇല്ലാതാകുന്നില്ല. വാരികയുടെ വെളിപ്പെടുത്തലില്‍ മറ്റു സമുദായങ്ങളെ പ്രകോപിപ്പിക്കുകയോ വികാരം വൃണപ്പെടുത്തുകയോ ചെയ്യുന്ന യാതൊന്നുമില്ല. സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തോട് കാണിക്കുന്ന വിവേചനമാണ് വിഷയം. ബന്ധപ്പെട്ട സമുദായവും സര്‍ക്കാറും തമ്മിലുള്ളതാണാ പ്രശ്‌നം. ഒരു സമുദായം അവരുടെ പ്രശ്‌നം സര്‍ക്കാറിനെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് സമുദായ സ്പര്‍ധയുളവാക്കലാണെങ്കില്‍ അതിനര്‍ഥം സര്‍ക്കാര്‍ ആ സമുദായമല്ലാത്ത സമുദായങ്ങളെ മാത്രം പ്രതിനിധീകരിക്കുന്നുവെന്നാണ്. ഒരു വിഭാഗം സര്‍ക്കാറിനോട് ഒരാക്ഷേപമുന്നയിക്കുന്നമ്പോള്‍ അവരിതാ സമുദായ സ്പര്‍ധയുണ്ടാക്കുന്നേ എന്ന മട്ടില്‍ പ്രതികരിക്കുന്നതിന് മറ്റു സമുദായങ്ങളോട് അവര്‍ക്കെതിരെ തിരിയാനുള്ള ഒരാഹ്വാനത്തിന്റെ മാനവുമുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയെപ്പോലെ പക്വമതിയായ ഒരു മുഖ്യമന്ത്രി മനസ്സിലാക്കാതിരിക്കുന്നത് കഷ്ടമാണ്.
മുസ്‌ലിം ലീഗിന് നിര്‍ണായക ശക്തിയുള്ള മുന്നണിയുടെ ഗവണ്‍മെന്റാണ്, ലീഗിന്റെ മുന്‍ എം.പി ഉള്‍പ്പെടെയുള്ള 258 മുസ്‌ലിംകളെ പോലീസിന്റെ നോട്ടപ്പുള്ളികളാക്കിയത്. അപമാനകരമായ ഈ നടപടിയില്‍ പാര്‍ട്ടി പാലിക്കുന്ന നിസ്സംഗത അമ്പരപ്പിക്കുന്നതാണ്. സംഭവം കെട്ടിച്ചമച്ചതാണെന്നാണ് പാര്‍ട്ടിയുടെ ഉന്നത നേതാവിന്റെ കണ്ടെത്തല്‍. ഇന്നത്തെ ചുറ്റുപാടില്‍ പോലീസിനെ നീരസപ്പെടുത്തുന്നതൊന്നും പറയാന്‍ അദ്ദേഹം ധൈര്യപ്പെടാത്തത് മനസ്സിലാക്കാവുന്നതേയുള്ളൂ.
ആരുടെ എന്തു താല്‍പര്യത്തിനു വേണ്ടിയാണ് പോലീസ് ഇങ്ങനെയൊരു നടപടിക്കിറങ്ങിപ്പുറപ്പെട്ടതെന്ന് നിഷ്പക്ഷമായ ഒരന്വേഷണത്തിലൂടെ പുറത്തുകൊണ്ടവരാനെങ്കിലും സമുദായം സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം