Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 21

3081

1440 റബീഉല്‍ ആഖിര്‍ 13

തിരിച്ചടിയേറ്റ ബി.ജെ.പി, തിരിച്ചുവരുന്ന കോണ്‍ഗ്രസ്

ഹസനുല്‍ ബന്ന

കര്‍ഷക രോഷത്താലും ദലിത് അമര്‍ഷത്താലും പുറംകാല്‍ കൊണ്ട് ബി.ജെ.പിയെ തൊഴിച്ച  ഹിന്ദി ഹൃദയഭൂമി തിരിച്ചുപിടിക്കാന്‍ അടുത്ത അഞ്ചു മാസം കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ബി.ജെ.പിക്ക് പോലും ആത്മവിശ്വാസമില്ല. അതിന്റെ ഞെട്ടലിലാണ് വോട്ടെണ്ണല്‍ ദിവസം ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി.ജെ.പി ആസ്ഥാനം ശോകമൂകമായത്. മധ്യപ്രദേശില്‍ മൂന്ന് ഗ്രൂപ്പിലായി ഏതു നിമിഷവും പരസ്പരം പോരടിക്കാന്‍ വെമ്പിനില്‍ക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരില്‍നിന്ന് ഏതാനും പേരെ മണിപ്പൂരിലും ഗോവയിലും ചെയ്തതു പോലെ ചാക്കിട്ടുപിടിക്കാന്‍ മധ്യപ്രദേശ് സംസ്ഥാന ഘടകം നടത്തിയ നീക്കത്തിന് പിന്തുണ നല്‍കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പോലും കഴിയാതിരുന്നത് ഈ ഞെട്ടല്‍ കൊണ്ടാണ്. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം നില്‍ക്കെ ജനവിധിക്കെതിരായ ഒരു സര്‍ക്കാറുണ്ടാക്കി ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ ഇതുവരെ കാണിച്ചതുപോലുള്ള ധാര്‍ഷ്ട്യമാണ് ബി.ജെ.പിക്ക് ചോര്‍ന്നു പോയിരിക്കുന്നത്. ഫലസൂചനകള്‍ വന്ന് ഒരു പകല്‍ മുഴുവന്‍ കഴിഞ്ഞ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ച ട്വീറ്റില്‍ കഴിഞ്ഞ നാലര വര്‍ഷമായി കാണാത്ത പരാജയത്തിന്റെ സ്വരമുണ്ട്. തങ്ങളുടെ താന്തോന്നിത്തം ഇനിയും സഹിക്കാന്‍ ജനം തയാറല്ല എന്ന് ഏറെ വൈകിയെങ്കിലും തിരിച്ചറിയാന്‍ മോദിക്ക് കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളും ഈ പരാജയത്തില്‍ സന്തോഷിക്കുന്നുണ്ട് എന്നും വോട്ടെണ്ണല്‍ പ്രവണത വ്യക്തമായി തുടങ്ങിയതോടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് തിരിഞ്ഞുനോക്കാതിരുന്ന നേതാക്കളില്‍നിന്ന് മോദിയും ഷായും പഠിച്ചിരിക്കുന്നു. ആഘാതത്തില്‍നിന്ന് പിറ്റേന്ന് പുലര്‍ന്നിട്ടും മുക്തനാകാത്ത മോദിയുടെ മുഖം വിളറി വെളുത്തത് പാര്‍ലമെന്റില്‍ വന്നവരെല്ലാവരും ശ്രദ്ധിക്കുന്നുായിരുന്നു.

2014-ലെ മോദി തരംഗത്തിന്റെ വിപരീത ദിശയിലേക്ക് അത്ര വേഗത്തിലല്ലെങ്കിലും രാജ്യം തിരിച്ചുനടക്കുകയാണെന്ന് ആരേക്കാളും നന്നായി തിരിച്ചറിഞ്ഞിരിക്കുന്നത് ഈ രണ്ടു പേര്‍ തന്നെയാണ്. ഈ രണ്ടാളുകള്‍ മാത്രമാണല്ലോ ഇപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാറും. ഈ രണ്ടാളുകളുടെ താന്‍പ്രമാണിത്തത്തോടുള്ള അമര്‍ഷം പ്രകടിപ്പിച്ചാണ് ചന്ദ്രബാബു നായിഡു മുതലിങ്ങോട്ട് ഉപേന്ദ്ര കുശ്‌വാഹ വരെയുള്ള നേതാക്കളുടെ എന്‍.ഡി.എയില്‍നിന്നുള്ള കുടിയൊഴിഞ്ഞുപോക്കുായത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ വെച്ച് സര്‍ക്കാറിന്റെ വരുതിക്ക് നിര്‍ത്തിക്കാന്‍ കഴിയുമെങ്കിലും ഘടകകക്ഷികളെ എന്‍.ഡി.എയില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുമ്പോഴേക്കും സര്‍ക്കാറിന്റെ കാലാവധി തീര്‍ന്നിരിക്കുന്നു. മോദിയും അമിത് ഷായും മാത്രം തീരുമാനമെടുക്കുന്ന പാര്‍ട്ടി നയിക്കുന്ന മുന്നണിയിലേക്ക് അനുനയത്തില്‍ സംസാരിച്ച് ആളെക്കൂട്ടി വിപുലമാക്കാന്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളിലൊരാളെയും കിട്ടാനുമില്ല. ഈ തരത്തില്‍ കാര്യങ്ങള്‍ പോയാല്‍ 2019 സ്വപ്‌നം കാണാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് തീര്‍ച്ചയാണ്. 

അതേസമയം പൊതു തെരഞ്ഞെടുപ്പില്‍ വരാനിരിക്കുന്ന ജനവിധിയാണ് സെമിഫൈനലില്‍ ഇപ്പോള്‍ കണ്ടത് എന്ന് പറയാന്‍ ഏറെ ചിന്തിച്ചാല്‍ പോരാ, പണിയെടുക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും ജാഗ്രത്തായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചത്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും വ്യത്യസ്ത അളവിലുള്ള ഹിന്ദുത്വങ്ങളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തിയ തെലങ്കാനയിലെ ടി.ആര്‍.എസും മിസോറാമിലെ എം.എന്‍.എഫും നന്നായി പണിയെടുത്ത ഛത്തീസ്ഗഢിലെ കോണ്‍ഗ്രസും മണ്ണിലിറങ്ങിയാല്‍ ഒന്നാം നമ്പര്‍ ഫാഷിസ്റ്റുകളെ ദയനീയമായി തോല്‍പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. ബൂത്ത് തലത്തില്‍ അത്ര കണ്ട് കോണ്‍ഗ്രസ്സുകാരിറങ്ങാത്ത മധ്യപ്രദേശും രാജസ്ഥാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോടുള്ള രോഷം ആരും പറയാതെ പ്രകടിപ്പിച്ചത് ബി.ജെ.പിയുടെ പരാജയത്തിലാണ് കലാശിച്ചത്. 

സെമി ഫൈനലില്‍ തോറ്റമ്പിയ ബി.ജെ.പിയെ പോലെ തന്നെയോ അതിലേറെയോ വിശകലനവിധേയമാക്കേണ്ടതാണ് കോണ്‍ഗ്രസ് നടത്തിയ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് ഹിന്ദുത്വ സംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലും മാത്രമല്ല, ഛത്തീസ്ഗഢിലും തെലങ്കാനയിലും ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തോട് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വം മത്സരിക്കുന്നതാണ് കണ്ടത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുേമ്പ കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് നടത്തിയ നര്‍മദാ പരിക്രം യാത്ര സംസ്ഥാനത്തൊട്ടുക്കുമുള്ള ഹിന്ദുത്വ വോട്ട്ബാങ്കിനെ ലക്ഷ്യമിട്ടായിരുന്നു. ആ യാത്രയില്‍ ലക്ഷ്യമിട്ടത് എന്തായിരുന്നുവെന്ന് ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ച മറ്റൊരു മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ഇറക്കിയ പ്രകടന പത്രിക തെളിയിച്ചു. ഗോരക്ഷാ ഗുണ്ടകളായ സംഘ് പരിവാറുകാരുടെ അതിക്രമങ്ങള്‍ അന്തര്‍ദേശീയ വേദികളില്‍ പോലും വിമര്‍ശനങ്ങള്‍ക്കിടയാക്കുമ്പോഴാണ് കോണ്‍ഗ്രസ് തങ്ങളുടെ പ്രകടന പത്രിക ഗോമൂത്രത്തില്‍ കുളിപ്പിച്ച് വിശുദ്ധമാക്കിയത്. 

രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിയാകട്ടെ രാമക്ഷേത്രം എന്ന ആര്‍.എസ്.എസ് അജണ്ട തന്നെ സ്വയം ഏറ്റെടുത്തു. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് കോടതിയെ മറികടന്ന് നിയമനിര്‍മാണത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കാന്‍ ആര്‍.എസ്.എസ് വി.എച്ച്പിയെയും കൂട്ടി ധര്‍മസഭകള്‍ നടത്തിയപ്പോഴാണ് രാമേക്ഷത്രം യാഥാര്‍ഥ്യമാക്കാന്‍ കോണ്‍ഗ്രസിന് മാത്രമാണ് കഴിയുകയെന്ന് ജോഷി പറഞ്ഞത്. അതിനു ശേഷം ബ്രാഹ്മണരെ പ്രീതിപ്പെടുത്താന്‍ നടത്തിയ ജാതീയമായ പരാമര്‍ശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലും രാമക്ഷേത്ര പ്രസ്താവന പിന്‍വലിക്കാന്‍ ജോഷിയോട് ആവശ്യപ്പെട്ടില്ല എന്നതാണ് ഏറെ കൗതുകകരം. എല്ലാം കണക്കുകൂട്ടി ഉറപ്പിച്ചു തന്നെയാണ് കോണ്‍ഗ്രസ് സെമിഫൈനലില്‍ ഈ കളി കളിച്ചത് എന്നതിനാല്‍ 2019-ലെ ഫൈനലില്‍ പൂര്‍വാധികം ശക്തിയോടെ ഇതുമായി മുന്നോട്ടുപോകുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊേണ്ട മതിയാകൂ. 

ബി.ജെ.പിയുടെ ഹിന്ദു വോട്ട്ബാങ്കിനെ പിടിക്കാന്‍ മൃദുഹിന്ദുത്വത്തില്‍നിന്ന് തീവ്രഹിന്ദുത്വത്തിലേക്ക് പോലും സെമിയില്‍ പോയി ജയം നേടിയ കോണ്‍ഗ്രസിന് അതിന് ന്യായീകരണത്തിന് മറ്റൊന്നും വേണ്ടതില്ല. സവര്‍ണ ഹിന്ദുത്വത്തെ പുല്‍കാന്‍ അഞ്ച് സംസ്ഥാനങ്ങളിലും ദലിതുകളുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ പോലും അവര്‍ തയാറായില്ല. ദലിതുകളുടെ ബി.എസ്.പിയെയും മുസ്‌ലിംകളുടെയും യാദവരുടെയും സമാജ്‌വാദി പാര്‍ട്ടിയെയും കൂടെ കൂട്ടാന്‍ തയാറാകാതിരുന്നതിനു പിന്നില്‍ ഇത്തരമൊരു സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയം കൂടിയുണ്ടെന്ന് പലരും കണ്ടിട്ടില്ല. കോണ്‍ഗ്രസിന്റെ ഈയൊരു നിലപാട് കൊണ്ടാണ് മധ്യപ്രദേശില്‍ കൈയില്‍ കിട്ടിയ ജയം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുന്നതൊഴിവാക്കാന്‍ വോട്ടെണ്ണലിന്റെ അര്‍ധരാത്രി ഉറക്കമിളച്ചിരിക്കുകയും ഫലം പ്രഖ്യാപിക്കും മുമ്പ് ഗവര്‍ണറെ പോയി കാണേണ്ടിവരികയും ചെയ്തത്. എന്നിട്ടും കോണ്‍ഗ്രസിന്റെ അയിത്ത മനസ്സ് പോലും ഗൗനിക്കാതെ തന്റെ പക്കലുള്ള രണ്ട് എം.എല്‍.എമാരുടെ പിന്തുണ മായാവതി പ്രഖ്യാപിച്ചു.   

2019-ലെ പൊതുതെരഞ്ഞെടുപ്പിന് ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിനിറങ്ങുന്ന മുഴുവന്‍ ജനാധിപത്യചേരിയുടെയും കണ്ണ് തുറപ്പിക്കേണ്ടത് ബി.ജെ.പിയുമായി സെമിയില്‍ കോണ്‍ഗ്രസ് കളിച്ച ഈ ഹിന്ദുത്വ കളി തന്നെയാണ്. അതിനാല്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് അല്ലാത്ത മികച്ച ജയസാധ്യതയുള്ള പ്രാദേശിക കക്ഷികള്‍ വല്ല സംസ്ഥാനങ്ങളിലുമുണ്ടെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ് വര്‍ത്തമാന ഇന്ത്യയില്‍ ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്ക് ഒരു വോട്ട്ബാങ്ക് എന്ന നിലയില്‍ താരതമ്യേന കൂടുതല്‍ വിലപേശലിന് അവസരം നല്‍കുക. തെലങ്കാനയിലെ മുസ്‌ലിംകളും മിസോറാമിലെ ക്രിസ്ത്യാനികളും നല്‍കിയ ജനവിധി അതാണ്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മാത്രം കോണ്‍ഗ്രസ് മുന്നണിയെ പിന്തുണച്ച തെലങ്കാനയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പോലുള്ള ഭൂരിഭാഗം ന്യൂനപക്ഷ സംഘടനകള്‍ തെലങ്കാന രാഷ്ട്രീയ സമിതിക്ക് വേണ്ടി പരസ്യമായി രംഗത്തുവരികയായിരുന്നു. 

പ്രാദേശിക കക്ഷികളുടെ അസ്തിത്വം തകര്‍ത്ത് അവയെ ഇല്ലായ്മ ചെയ്യുകയെന്നത് ആത്യന്തികമായി ബി.ജെ.പിയുടെ അജണ്ടയാണ്. അമേരിക്കയിലേതു പോലെ കോണ്‍ഗ്രസും ബി.ജെ.പിയും മാത്രമുള്ള ദ്വികക്ഷി സമ്പ്രദായത്തിലേക്കും പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കും രാജ്യത്തെ പരിവര്‍ത്തിപ്പിക്കണമെന്ന ആഗ്രഹം കൂടി അതിനു പിന്നിലുണ്ട്. കോണ്‍ഗ്രസിനെ അനായാസം കൈകാര്യം ചെയ്യുന്നതു പോലെ പ്രാദേശിക കക്ഷികളെ മെരുക്കാനാവില്ല എന്ന് ബി.ജെ.പിക്കറിയാം. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ രാഷ്ട്രീയത്തിലും തകര്‍ത്ത് ദേശീയതലത്തില്‍ ഏകമുഖമുള്ള രാജ്യമാക്കി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുകയെന്ന വിശാല അജണ്ടയും അതിനു പിന്നിലുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മാത്രം ബി.ജെ.പിയെ ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സാധ്യമല്ല. അതിന് പ്രാദേശിക കക്ഷികള്‍ കൂടി പാര്‍ലമെന്റില്‍ എത്തിയേ മതിയാകൂ. അഞ്ച് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സംഭവിച്ചതുപോലെ വിശാല മുന്നണിയില്ലെങ്കില്‍ പോലും ബി.ജെ.പിയെ മാറ്റിനിര്‍ത്താമെന്ന് അഞ്ച് സംസ്ഥാനങ്ങളും കാണിച്ചുതന്നത് ആ അര്‍ഥത്തില്‍ കൂടി വേണം മനസ്സിലാക്കാന്‍. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും മാത്രമല്ല, തെലങ്കാനയും മിസോറാമും കൂടി അടങ്ങിയതാണ് സെമിഫൈനല്‍ നടന്ന അഞ്ച് സംസ്ഥാനങ്ങള്‍; ഇനി പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇന്ത്യയും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (17-21)
എ.വൈ.ആര്‍