Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

മരണക്കളികള്‍

മജീദ് കുട്ടമ്പൂര്‍

ഓണ്‍ലൈന്‍ ഇടങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം കാലത്തിന്റെ പുരോഗതിക്കൊപ്പം ഉണ്ടായി വന്ന സൗകര്യങ്ങളാണ്. അവ മാറ്റിവെച്ച് മുന്നോട്ട് പോവുക അസാധ്യം. ആര്‍ക്കും ഒരു പരിധിക്കപ്പുറം അത് തടയാനോ നിയന്ത്രിക്കാനോ കഴിയില്ല. നല്ലതും ചീത്തയും അവയില്‍ ഒന്നിച്ചൊഴുകിയെത്തും. സോഷ്യല്‍ മീഡിയയടക്കം ഓണ്‍ലൈന്‍ സൗകര്യങ്ങളുടെ പ്രയോജനങ്ങളും സ്വാധീനങ്ങളും വളരെ വലുതുമാണ്. സൈബറിടം ഇത്തരം സാധ്യതകളെല്ലാം തുറന്നിടുമ്പോള്‍ തന്നെ മറുഭാഗത്ത് വലിയ വെല്ലുവിളികളും അപകടങ്ങളും പതിയിരിക്കുന്നുണ്ട്. കൗമാരക്കാരെയും വിദ്യാര്‍ഥികളെയും യുവാക്കളെ തന്നെയും വീഴ്ത്താന്‍ കെണിവെച്ച് കാത്തിരിക്കുന്ന വിഷച്ചിലന്തികള്‍ വലനെയ്യുന്ന നിഗൂഢ തലം കൂടിയുണ്ടതിന്.

കുട്ടികളെയും യുവാക്കളെയും മരണത്തിലേക്ക് തള്ളിവിടുന്ന ബ്ലൂവെയ്ല്‍ ഗെയിമുകളായിരുന്നു മാസങ്ങള്‍ക്കു മുമ്പ് ഏറെ ഭീതി പരത്തിയത്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ മരണപ്പേജുകള്‍ എന്നറിയപ്പെടുന്ന 'സൈക്കോ ചെക്കന്‍' പോലുള്ളവയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയിലെ മരണപ്പേജുകള്‍ പിന്തുടരുന്ന ഇന്‍സ്റ്റഗ്രാം ആത്മഹത്യാ ഗ്രൂപ്പുകള്‍ ഏറെ സജീവമാണെന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നുമാണ് വിവരം. നാളെ മറ്റെന്തെങ്കിലും പേരില്‍ ഇവ കൂടുതല്‍ അപകടകാരിയായി പ്രത്യക്ഷപ്പെട്ടേക്കാം. ലഹരിമരുന്നുകളെപ്പോലെയോ അതിലധികമോ നാശം വിതക്കുന്നവയാണ് സൈബറിടങ്ങളിലെ ഈ അധോ ലോകങ്ങള്‍. അനിയന്ത്രിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗമാണ് കൊച്ചിയിലും വയനാട്ടിലുമുണ്ടായ കൗമാര ആത്മഹത്യകളുടെ കാരണമെന്നും അന്വേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വീട്ടിലും വിദ്യാലയങ്ങളിലും നല്ല കുട്ടികളായി കഴിഞ്ഞവരാണ് പിന്നീട് ഈ അധോലോകങ്ങളുടെ ഇരകളാവുന്നത്. നിഷേധാത്മക ചിന്താഗതി, നിരാശ, സാമൂഹിക ബന്ധങ്ങളുടെ നിരാസം ഇതൊക്കെയാണ് ഈ മേഖലയില്‍ അഭിരമിക്കുന്നവരുടെ പൊതുസ്വഭാവം. പാട്ടു കേട്ട് അതിവേഗത്തില്‍ ബൈക്കുകളോടിച്ച് അപകടത്തില്‍ പെടാന്‍ സൈബറിടങ്ങളിലെ അജ്ഞാതന്‍ ഇവര്‍ക്ക് പ്രേരണ നല്‍കുന്നുണ്ടത്രെ! ഇവര്‍ പിന്തുടരുന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ഉള്ളടക്കം ജീവിതനിഷേധവും ആത്മഹത്യാ പ്രണയവും ഹൊറര്‍ സിനിമകളും പാട്ടു കേട്ടുകൊണ്ടുള്ള അതിവേഗ ബൈക്ക് യാത്രയുമൊക്കെയാണ്.

ഓണ്‍ലൈന്‍ ഇടങ്ങള്‍ ബുദ്ധിയെ മറ്റെല്ലാ വിഷയങ്ങളില്‍നിന്നും അടര്‍ത്തിയെടുത്ത് സൈബര്‍ ലോകത്ത് മാത്രം കേന്ദ്രീകരിക്കാനുതകുംവിധം സംവിധാനിക്കപ്പെട്ടിട്ടുള്ളതാണ്. വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ ആഴത്തില്‍ സ്വാധീനിക്കും വിധമാണ് സോഷ്യല്‍ എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ പ്രയോഗിക്കുന്നത്. ന്യൂറോ ലിംഗ്വിസ്റ്റിക്‌സ് പ്രോഗ്രാമിംഗിലൂടെ ഒരാളുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കി ആദ്യം അയാളെ അതില്‍ കുരുക്കിയിടുകയാണ് ചെയ്യുക. വെബ് ഡാറ്റ അനലിസ്റ്റിക് സാങ്കേതികതയിലൂടെ ഉപയോക്താക്കളുടെ മാനസിക നില വിലയിരുത്തിക്കഴിഞ്ഞാല്‍ ധാരാളം പേരെ അങ്ങോട്ടാകര്‍ഷിക്കാന്‍ കഴിയും. ഇന്റര്‍നെറ്റിലെ അധോലോകം എന്നറിയപ്പെടുന്ന ഡാര്‍ക് വെബ് കുരുക്കുകള്‍ നിറഞ്ഞതാണ്. സാഹസികത കൊതിക്കുന്ന പുതുതലമുറ അവിടങ്ങളിലെത്തിപ്പെട്ട് അപകടത്തില്‍ പെടുകയാണ് ചെയ്യുന്നത്.

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ചൂണ്ടിക്കാട്ടിയതുപോലെ, കുട്ടികള്‍ ഇത്തരം കെണികളില്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത കാണിക്കണം. കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപാടുകളെ കുറിച്ച് കൂടുതല്‍ രക്ഷിതാക്കളും അജ്ഞരാണ്. യഥാര്‍ഥ ലോകത്ത് അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നവര്‍ പോലും പ്രതീതി ലോകത്തെ യുവാക്കളുടെ ഇടപെടല്‍ അത്ര ഗൗരവത്തോടെ ശ്രദ്ധിക്കാറില്ല. രാത്രി വൈകി വീട്ടിലെത്തുന്ന മക്കളെ ശാസിക്കുന്നവര്‍ എന്തുകൊണ്ടാണ് രാത്രി വൈകി ചാറ്റ് ചെയ്യുന്നതിനെയും നെറ്റില്‍ തിരയുന്നതിനെയും നിയന്ത്രിക്കാത്തത്? ടെലിവിഷന്‍-ഇന്റര്‍നെറ്റ് ആശ്രിതത്വം വര്‍ധിച്ചതോടെ മാതാപിതാക്കളും കുട്ടികളും തമ്മില്‍ വേണ്ടവിധം ആശയ വിനിമയവും നടക്കുന്നില്ല. ഓരോരുത്തരും ഒറ്റപ്പെട്ട ഓരോരോ തുരുത്തുകളില്‍.

ആരോഗ്യ-ചികിത്സാ രംഗങ്ങളില്‍ ഏറെ മുന്നേറിയ കേരളത്തില്‍ മുമ്പില്ലാത്ത തരം വിഷാദ രോഗങ്ങളും മാനസിക പ്രശ്‌നങ്ങളും വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍. മാനസിക രോഗങ്ങളും സാമൂഹിക ബന്ധങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടവുമൊക്കെ വര്‍ധിച്ചുവരാന്‍ കാരണം ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളുമൊക്കെയാണെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 'ആത്മഹത്യക്ക് ഏറ്റവും എളുപ്പവഴി' ഏതെന്ന് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് മലയാളികളാണ്. ഗൂഗ്ള്‍ ട്രെന്‍ന്റ്‌സ് ഡാറ്റാ കീ വേഡുകള്‍ സെര്‍ച്ച് ചെയ്തതിന്റെ കണക്കുകള്‍ പ്രകാരമാണിത്. ആത്മവിശ്വാസവും പ്രത്യാശയും നഷ്ടപ്പെട്ട പുതിയ തലമുറ ആത്മഹത്യയുമായി ബന്ധപ്പെട്ട വീഡിയോകള്‍, സിനിമകള്‍, ഗാനങ്ങള്‍ എന്നിവ ധാരാളമായി ഇന്റര്‍നെറ്റില്‍ തിരയുന്നതായും കണ്ടെത്തിയിട്ടുണ്ട്. മരണഗ്രൂപ്പുകളുടെയും പല സാമൂഹിക മാധ്യമങ്ങളുടെയും അഡ്മിന്‍മാര്‍ തന്നെ സൈബര്‍ കുറ്റവാളികളാണ്.

അമ്പത് നിര്‍ദേശങ്ങളില്‍ യാതൊരു പാകപ്പിഴയുമില്ലാതെ 49 എണ്ണവും സാഹസികമായി പൂര്‍ത്തീകരിച്ച ഒരാളെക്കൊണ്ട് അവസാനത്തെ സാഹസിക കൃത്യം ചെയ്യിക്കാന്‍ അജ്ഞാതനായ നിര്‍ദേശകന് പ്രയാസമൊന്നുമില്ല. അവസാന ഘട്ടത്തില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടാനോ മരണത്തിലേക്ക് ബൈക്ക് ഓടിക്കാനോ സന്നദ്ധരാകുന്നവര്‍ അതുണ്ടാക്കുന്ന ഭവിഷ്യത്തിനെക്കുറിച്ച് അറിയാത്തവരായിരിക്കില്ല. എന്നാല്‍ അവരെന്തിന് അതിന് തുനിയുന്നു എന്ന് ചോദിച്ചാല്‍, അവരെ നിയന്ത്രിക്കുന്നത് അവരല്ല എന്ന് ഉത്തരം. ഇതെല്ലാം നമ്മില്‍നിന്ന് നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്.. 

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍