Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

ബല്‍ഹാരിസിന്റെ മറ്റു ശാഖകള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-80)

ഹി. പത്താം വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രവാചകന്‍, ഖാലിദു ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ നജ്‌റാനിലുള്ള ബല്‍ഹാരിസ് ഗോത്രത്തിലെ അബ്ദുല്‍ മുദാന് എതിരെ അയക്കുന്നുണ്ട്. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ദൗത്യം വിജയിക്കാത്ത പക്ഷം മൂന്നു ദിവസം കഴിഞ്ഞ് യുദ്ധം തുടങ്ങാനും അനുവാദം നല്‍കിയിരുന്നു.1 ശിക്ഷാ നടപടി എന്ന നിലക്കാണ് ഈ സൈനിക ദളത്തെ അയക്കുന്നത്. അതേസമയം ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തുറന്നിടുകയും ചെയ്തിരുന്നു. തങ്ങള്‍ ലക്ഷ്യം വെച്ചു പോയ ഗോത്രങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഖാലിദുബ്‌നുല്‍ വലീദ് പിന്നീട് പ്രവാചകന് നല്‍കുന്നത്. അതിന് മറുപടിയായി പ്രവാചകന്‍ ഖാലിദിനോട് ഇങ്ങനെ നിര്‍ദേശിച്ചു: 'അല്ലാഹു സ്വയം തന്നെ അവന്റെ മാര്‍ഗദര്‍ശനത്താല്‍ അവര്‍ക്ക് വഴി കാട്ടിയിരിക്കുന്നു. താങ്കള്‍ എന്നെ വന്നു കാണണം. അവരില്‍നിന്നുള്ള ഒരു പ്രതിനിധി സംഘത്തെയും ഒപ്പം കൂട്ടണം.' ഈ പ്രതിനിധി സംഘവും പ്രവാചകനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍നിന്ന്, പലതരം കടന്നാക്രമണങ്ങള്‍ നടത്തിയതിനുള്ള കുറ്റങ്ങള്‍ ഇവരുടെ മേല്‍ ചുമത്തപ്പെട്ടിരുന്നു എന്ന് മനസ്സിലാകും. ഇവരുടെ നേതാവായി പ്രവാചകന്‍ നിശ്ചയിക്കുന്നത് ദുല്‍ ഗുസ്സ്വ ബ്‌നുല്‍ ഹുസൈനെയാണ്. കുറച്ച് സമയം മദീനയില്‍ തങ്ങിയ ശേഷം അബ്ദുല്‍ മുദാന്‍ പ്രതിനിധി സംഘം (ശവ്വാല്‍ അവസാനത്തോടെ) സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. ഈ മേഖലയുടെ ഗവര്‍ണറായി പ്രവാചകന്‍ നിശ്ചയിച്ചത് അംറുബ്‌നു ഹസമിനെയാണ്. അദ്ദേഹത്തിന് എഴുതിക്കൊടുത്ത നിര്‍ദേശങ്ങളുടെ പട്ടിക വളരെ താല്‍പ്പര്യജനകമാണ്.2 സാമാന്യം ദൈര്‍ഘ്യമുള്ള ആ രേഖയില്‍, നീതിനടത്തിപ്പിലും പൊതു വിദ്യാഭ്യാസത്തിലും നികുതിപിരിവിലും ആദര്‍ശ പ്രബോധനത്തിലും ഗവര്‍ണര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. മുസ്‌ലിംകളല്ലാത്ത എല്ലാ വിഭാഗങ്ങളോടും അവരുടെ മതങ്ങളോടും പൂര്‍ണമായ സഹിഷ്ണുത പുലര്‍ത്തണമെന്നും ആജ്ഞാപിക്കുന്നു. ധാര്‍മിക സദാചാരം സംരക്ഷിക്കേണ്ട ചുമതലയും ഗവര്‍ണര്‍ക്കുണ്ട്. ഈ ഗോത്രവിഭാഗങ്ങള്‍ പുതുവിശ്വാസികളായതുകൊണ്ട്, അഞ്ചു നേരത്തെ നമസ്‌കാരത്തെക്കുറിച്ച്, അവയുടെ സമയക്രമങ്ങളെക്കുറിച്ച് വരെ വിശദമായ വിവരണം ഈ രേഖയില്‍ കാണാനാവും. പ്രതിക്രിയാ നടപടികള്‍ വലിയ തോതില്‍ പരിഷ്‌കരിച്ചതായും കാണാം. ശരീരത്തില്‍ ഏല്‍പ്പിക്കപ്പെടുന്ന പരിക്കുകള്‍ക്ക് പിഴ ഈടാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പല്ലിനു പകരം നല്‍കേണ്ടത് അഞ്ച് ഒട്ടകങ്ങളെ, കണ്ണിനോ കൈക്കോ കാലിനോ ആണ് പരിക്കേല്‍പ്പിച്ചതെങ്കില്‍ അമ്പത് ഒട്ടകങ്ങളെ ..... ഇങ്ങനെ.

ഈ ഗോത്രത്തില്‍ രാഷ്ട്രീയ ഐക്യം ഉണ്ടായിരുന്നില്ലെന്നാണ് മനസ്സിലാവുക. കാരണം മദീനയിലേക്ക് വന്ന ഇവരുടെ പ്രതിനിധി സംഘത്തിലെ വ്യത്യസ്തരായ വ്യക്തികള്‍ക്ക് അഞ്ച് പ്രമാണങ്ങള്‍ നല്‍കുന്നുണ്ട് പ്രവാചകന്‍.3 ഗോത്രത്തിലെ വിവിധ കുടുംബങ്ങള്‍ക്ക് നാല് എഴുത്തുകള്‍ വേറെയും നല്‍കിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.4 പക്ഷേ, ഈ എഴുത്തുകളൊക്കെ തയാറാക്കിയത് പ്രതിനിധി സംഘം മദീനയില്‍ എത്തിയ അതേ അവസരത്തില്‍ തന്നെയാണോ എന്ന് വ്യക്തമല്ല. ഭൂമിയുടെയും ജലസ്രോതസ്സുകളുടെയും ഉടമസ്ഥതക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള പൊതുപ്രസ്താവനകള്‍ എല്ലാ രേഖകളിലും കാണാം.

ഇബ്‌നു ഹിശാം5 പറയുന്നത്, അബ്ദുല്‍ മുദാന്‍ പ്രതിനിധി സംഘം മദീനയിലെത്തിയപ്പോള്‍, 'ഇന്ത്യക്കാരുമായി സാദൃശ്യമുള്ള ഇവര്‍ ആരാണ്' എന്ന് പ്രവാചകന്‍ അന്വേഷിച്ചു എന്നാണ്. തെക്കു കിഴക്കന്‍ അറേബ്യയിലെ ചന്തകളില്‍ ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും, ആ പ്രദേശത്ത് കുറേക്കാലം തങ്ങിയ ആളെന്ന നിലക്ക് പ്രവാചകന് ഇന്ത്യക്കാരെയും അവരുടെ വസ്ത്രധാരണരീതികളെയും പരിചയമുണ്ടായിരുന്നുവെന്നും ഇതില്‍നിന്ന് അനുമാനിച്ചുകൂടേ?

അവരിലെ ഒരു ഗോത്രമുഖ്യനാണ് ദുല്‍ഗുസ്സ്വ. അദ്ദേഹത്തെക്കുറിച്ച് ഒരിക്കല്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ് ഇങ്ങനെ പറഞ്ഞിട്ടുണ്ടത്രെ: 'ഭാര്യക്ക് മഹ്ര്‍ നല്‍കുമ്പോള്‍ ഭരണകൂടം നിശ്ചയിച്ച പരിധികള്‍ മറികടക്കരുത്; വിവാഹം കഴിക്കുന്നത് ദുല്‍ ഗുസ്സ്വയുടെ മകളെയാണെങ്കിലും.'6 എത്ര വലിയ പണക്കാരനായിരുന്നു ദുല്‍ഗുസ്സ്വ എന്ന് ഇതില്‍നിന്ന് അനുമാനിക്കാം. അദ്ദേഹത്തിന് തന്റെ കുടുംബത്തിന്റെയും ബനൂ നഹ്ദിന്റെയും7 (അയല്‍ക്കാരോ സാമ്യമുള്ള മറ്റേതെങ്കിലും കുടുംബമോ ആകാമിത്) സുരക്ഷയെ പ്രതി ഒരു രേഖ നല്‍കുന്നുണ്ട് പ്രവാചകന്‍. രേഖപ്രകാരം, അവര്‍ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ബഹുദൈവത്വപരമായ ആചാരങ്ങള്‍ ഉപേക്ഷിക്കാത്ത സുഹൃത്തുക്കളുമായോ കുടുംബക്കാരുമായോ കൂട്ടുകൂടാന്‍ അനുവാദമുണ്ടായിരുന്നില്ല. പത്തിലൊന്ന് നികുതി അവര്‍ നല്‍കേണ്ടതില്ല. പക്ഷേ സകാത്ത് നിര്‍ബന്ധമാണ്. പത്തിലൊന്നും സകാത്തും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കണം. പത്തിലൊന്ന് മിക്കവാറും കയറ്റുമതി/ഇറക്കുമതി ചുങ്കവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കൊയ്ത്തുമായല്ല അതിന്റെ ബന്ധം. കൊയ്‌തെടുത്ത ധാന്യങ്ങള്‍ക്കും മറ്റുമാണ് സകാത്ത്. അതിനാല്‍, പത്തിലൊന്ന് നികുതി ഒഴിവാക്കിക്കൊടുത്തത് വ്യാപാരത്തിന് വലിയ പ്രോത്സാഹനമായിത്തീര്‍ന്നിട്ടുണ്ടാവുമെന്ന് ന്യായമായും ഊഹിക്കാമല്ലോ. ബല്‍ഹാരിസിലെ ബനൂ ഖനാനു ബ്‌നു യസീദിനും8 പ്രവാചകനില്‍നിന്ന് ഇതുപോലൊരു രേഖ ലഭിച്ചിരുന്നു; അവരുടെ ആവാസഭൂമിക്കും കനാലുകള്‍ക്കും സുരക്ഷിതത്വം ഉറപ്പു നല്‍കിക്കൊണ്ട്. നികുതി അടക്കാനും അവരോട് നിര്‍ദേശിച്ചിരുന്നു. സ്വത്തുവഹകള്‍ക്ക് സംരക്ഷണം വേണമെങ്കില്‍ അതുവഴി കടന്നുപോകുന്ന വഴി സുരക്ഷിതമാക്കി വെക്കണമെന്നായിരുന്നു അവരുടെ മുമ്പില്‍ വെച്ച വ്യവസ്ഥ. മുന്‍കാലങ്ങളില്‍ അവര്‍ എങ്ങനെയായിരുന്നു എന്നതിലേക്ക് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട് ഇതെല്ലാം.

ഏറക്കുറെ ഈ രേഖകളിലെല്ലാം 'ബഹുദൈവ പൂജകരുമായുള്ള ബന്ധവിഛേദനം' ഒരു വ്യവസ്ഥയായി കാണുന്നുണ്ട്. പ്രതിനിധി സംഘ നേതാവ് യസീദു ബ്‌നു ത്വുഫൈലിന് നല്‍കിയ രേഖയിലും അതുണ്ട്. അദ്ദേഹത്തെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കുകയല്ല, ആ മേഖലയിലെ ഒരു പ്രധാന സൈനിക ദൗത്യം ഏല്‍പ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. അതിനാല്‍ മുമ്പ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിക്ക് സംരക്ഷണം ഉറപ്പു കൊടുത്തു എന്നായിരിക്കില്ല രേഖയിലെ പരാമര്‍ശം കൊണ്ട് ഉദ്ദേശിച്ചത്. അദ്ദേഹത്തിന് പുതുതായി ഭൂമി പതിച്ചുനല്‍കിയതിനെക്കുറിച്ചാവാം ആ പരാമര്‍ശം.

സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കുന്ന നടപടികളാണ് നബി സ്വീകരിച്ചത് എന്നതില്‍നിന്ന് എല്ലാം വ്യക്തമാവുന്നുണ്ട്. പൊതു വിദ്യാഭ്യാസത്തിന് അദ്ദേഹം നല്‍കിയ ഊന്നലും ശ്രദ്ധേയമാണ്. ത്വബരി9 പറയുന്നത്, യമന്‍ മേഖലയിലേക്ക് നബി മുആദു ബ്‌നു ജബലിനെ നിയോഗിച്ചപ്പോള്‍, ഓരോ പ്രവിശ്യയും പ്രത്യേകം പ്രത്യേകം സന്ദര്‍ശിച്ച് പൊതുവിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്ന് അദ്ദേഹത്തോട് നിര്‍ദേശിച്ചിരുന്നുവെന്നാണ്. അരാജകത്വ പ്രവണതകളെ ശക്തമായി അടിച്ചമര്‍ത്തുക, അതേസമയം പൊതുജനങ്ങളുടെ ആത്മീയവും ഭൗതികവുമായ താല്‍പര്യങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കുക- ഇങ്ങനെയൊരു ദ്വിമുഖ നയമാണ് പ്രവാചകന്‍ നടപ്പാക്കിയതെന്ന് ഈ വിവരണത്തില്‍നിന്ന് വ്യക്തം.

മേല്‍പറഞ്ഞ പ്രതിനിധിസംഘം മദീനയില്‍തന്നെ ആയിരിക്കെ അവരുടെ അതേ പ്രദേശത്തേക്ക്10 ഹി. പത്താം വര്‍ഷം റമദാന്‍ മാസത്തില്‍ അലിയുടെ നേതൃത്വത്തില്‍ പ്രവാചകന്‍ ഒരു സംഘത്തെ പറഞ്ഞയക്കുന്നുണ്ട്. അക്രമിക്കരുതെന്നും പ്രതിരോധിക്കുക മാത്രമേ ചെയ്യാവൂ എന്നും അവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ചില്ലറ ഏറ്റുമുട്ടലുകളേ ഉണ്ടായുള്ളൂ. ഈ പ്രബോധനം വിജയകരമായിരുന്നു. ത്വബരി ഈ സംഭവത്തെക്കുറിച്ച് രണ്ട് വിവരണങ്ങള്‍ നല്‍കുന്നുണ്ട്. നാമിപ്പോള്‍ പറഞ്ഞതില്‍നിന്ന് അല്‍പ്പം വിഭിന്നമാണ് രണ്ടാമത്തെ വിവരണം. അതുപ്രകാരം, ആദ്യം പ്രവാചകന്‍ അയച്ചത് ഖാലിദു ബ്‌നുല്‍ വലീദിനെയാണ്. അദ്ദേഹം ഹമദാന്‍ മേഖലയില്‍ ആറു മാസം താമസിച്ചു. ദൗത്യം വിജയകരമായില്ല. പിന്നെ അലിയെ അയച്ചു. ഒറ്റ ദിവസം കൊണ്ട് ഹമദാന്‍കാരെല്ലാം ഇസ്‌ലാം ആശ്ലേഷിച്ചു! (ചരിത്ര വിവരണത്തില്‍ വിഭാഗീയ ചിന്ത തലപൊക്കുന്നത് നമുക്കിവിടെ എളുപ്പത്തില്‍ മനസ്സിലാക്കാനാവും).

 

റുഹാഅ്

ബല്‍ഹാരിസ് പോലെ റുഹാഉം മദ്ഹിജ് ഗോത്രത്തിന്റെ ഒരു താവഴിയാണ്. ഹിജ്‌റ ഒമ്പതാം വര്‍ഷം ഏതാണ്ട് മധ്യത്തില്‍ ഈ താവഴിയിലെ നിരവധി ഗോത്രമുഖ്യന്മാര്‍ തങ്ങളുടെ പ്രതിനിധിയായി മാലിക് അര്‍റുഹാവിയെ പ്രവാചക സന്നിധിയിലേക്കയച്ചു, തങ്ങളുടെ ഇസ്‌ലാമാശ്ലേഷം പ്രവാചകനെ അറിയിക്കാനായി. പ്രവാചകന്‍ അവര്‍ക്കയച്ച കത്തിന്റെ പ്രതിഫലനമായിരുന്നു അത്. കത്ത് ഇങ്ങനെ:

''ഹിംയര്‍ ഗോത്രത്തിലെ ഹാരിസ്, മസ്‌റൂഹ്, നുഐമു ബ്‌നു അബ്ദു കുലാല്‍ എന്നിവര്‍ക്ക്, അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്ന കാലത്തോളം നിങ്ങള്‍ സമാധാനത്തിലായിരിക്കട്ടെ. അല്ലാഹു ഏകനാണ്. അവന് പങ്കുകാരനില്ല. അവനാണ് മോസസിനെ അത്ഭുത ദൃഷ്ടാന്തങ്ങളുമായി അയച്ചത്, തന്റെ വചനങ്ങളില്‍ യേശുവിനെ സൃഷ്ടിച്ചത്. പക്ഷേ, ജൂതന്മാര്‍ പറഞ്ഞു: ഉസൈര്‍ ദൈവത്തിന്റെ പുത്രനാണ്. നസാറാക്കള്‍ പറഞ്ഞു: ദൈവം മൂന്നില്‍ ഒരുവനാണ്; യേശു ദൈവത്തിന്റെ മകനാണ്.''11

ഈ ഹിംയരി പ്രമുഖരില്‍ ജൂതന്മാരും ക്രിസ്ത്യാനികളും ഉണ്ടായിരിക്കാം എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. തബൂക് പടയോട്ടം കഴിഞ്ഞ് മടങ്ങവെ പ്രവാചകന്‍ ഇവര്‍ക്കെല്ലാം, താന്‍ എടുക്കാന്‍ പോകുന്ന കാല്‍വെപ്പുകള്‍ വിശദീകരിച്ചും ഇസ്‌ലാമാശ്ലേഷിച്ചതില്‍ അവരെ അഭിനന്ദിച്ചും പ്രത്യേകം പ്രത്യേകം കത്തുകള്‍ അയക്കുന്നുണ്ട്. അവര്‍ നല്‍കേണ്ട നികുതികളെക്കുറിച്ച് കൃത്യമായി വിശദീകരിച്ച ശേഷം, ഈ നികുതികളൊന്നും തന്നിലേക്കോ തന്റെ കുടുംബത്തിലേക്കോ പോവുകയില്ലെന്നും അവ ദരിദ്രര്‍ക്കും യാത്ര പോകുന്ന വിദേശികള്‍ക്കുമൊക്കെയായി വീതിക്കപ്പെടുകയാണ് ചെയ്യുകയെന്നും അവരെ അറിയിക്കുന്നു. പിന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: 'ആര്‍, അയാള്‍ ജൂതനോ ക്രിസ്ത്യനോ ആരുമാവട്ടെ, ഇസ്‌ലാം സ്വീകരിച്ചുവോ അവരെല്ലാവരും തുല്യ അവകാശങ്ങളും തുല്യ ബാധ്യതകളുമുള്ള വിശ്വാസികളാണ്. ജൂതമതത്തിലും ക്രിസ്തുമതത്തിലും ഉറച്ചുനില്‍ക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. ആരും അവരെ പിന്തിരിപ്പിക്കാന്‍ വരില്ല. അങ്ങനെയാവുമ്പോള്‍ അവര്‍ തലവരിപ്പണം നല്‍കണം.'12

ഒരു കാര്യം ഓര്‍മിക്കണം. മുസ്‌ലിംകളല്ലാത്ത പ്രജകളാണ് തലവരിപ്പണം നല്‍കേണ്ടത്. അതേസമയം മുസ്‌ലിംകള്‍ക്ക് മേല്‍ ചുമത്തുന്ന സകാത്തില്‍നിന്ന് അമുസ്‌ലിം പ്രജകള്‍ ഒഴിവാക്കപ്പെടുകയും ചെയ്യും. തലവരിയേക്കാള്‍ എത്രയോ ഭാരിച്ചതായിരിക്കും സകാത്ത്. കാരണം സകാത്ത് ശതമാനം നോക്കിയാണ്, തലവരിപ്പണം നിശ്ചിത തുക(ദീനാര്‍)യാണ്.

(തുടരും)

 

കുറിപ്പുകള്‍

1. വസാഇഖ്, No. 7980, ഇബ്‌നു സഅ്ദ് 2/I, പേ: 122

2. അതേ പുസ്തകം, No. 105

3. അതേ പുസ്തകം ചീ. 81,85,86,87,90. പ്രതിനിധി സംഘത്തിലെ ആളുകളുടെ പേരറിയാന്‍ നോക്കുക, ഇബ്‌നു ഹിശാം, പേ. 960

4. വസാഇഖ്, No. 82,83,84,88

5. ഇബ്‌നു ഹിശാം പേ: 960, ത്വബരി I, 1826

6. സുഹൈലി II, 347

7. വസാഇഖ് No. 96

8. അതേ പുസ്തകം, No. 87

9. അതേ പുസ്തകം, No. 82

10. ത്വബരി I, 18523, 1983

11. ഇബ്‌നു ഹിശാം, പേ: 967, ഇബ്‌നു സഅ്ദ് 2/I, പേ: 122

12. ത്വബരി I, 18246, 18312

13. വസാഇഖ് No. 107108. ഈ കത്തും മറുപടിയും അതിലുണ്ട്.

14. അതേ പുസ്തകം, പ്രത്യേകിച്ച്, No. 109

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍