Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

ഒളകര സൈതാലി സാഹിബ്

സലാഹുദ്ദീന്‍ ചൂനൂര്‍

ജമാഅത്തെ ഇസ്‌ലാമി ചേങ്ങോട്ടൂര്‍ പ്രാദേശിക ജമാഅത്തിലെ മുതിര്‍ന്ന അംഗവും ഹല്‍ഖയുടെ സ്ഥാപകരിലൊരാളുമായിരുന്നു ഒളകര സൈതാലി സാഹിബ്. ഏറെ എതിര്‍പ്പുകള്‍ നേരിട്ട കാലത്ത് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ടു. പ്രദേശത്തെ സര്‍വരും ആദരിക്കുന്ന കുലീന കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹത്തെ എതിര്‍ക്കാനോ തടയാനോ അക്കാലത്ത് ഒരാളും ധൈര്യപ്പെട്ടിരുന്നില്ല. ജ്യേഷ്ഠന്‍ അഹ്മദ് ഹാജി, കോട്ടക്കല്‍ പറപ്പൂരിലെ പോക്കു മാസ്റ്റര്‍ എന്നിവരില്‍നിന്നും പ്രസ്ഥാനത്തെ മനസ്സിലാക്കിയ ഇദ്ദേഹം 'പടിഞ്ഞാറേതില്‍' എന്നറിയപ്പെട്ട സ്വന്തം തറവാട്ടു വീടിന്റെ പത്തായപ്പുരയിലായിരുന്നു എ.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നേതൃത്വത്തില്‍ പ്രസ്ഥാന ഘടക രൂപീകരണത്തിന് കളമൊരുക്കിയത്. 

ഏറെ പ്രതികൂലമായ സാഹചര്യത്തില്‍ സമ്പത്തും ശരീരവും കൊണ്ട് പ്രസ്ഥാനത്തിന് ധാരാളം സേവനങ്ങള്‍ ചെയ്ത ത്യാഗിയായിരുന്നു സൈതാലി സാഹിബ്. ചൂനൂരിലെ 'അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ'ക്കാവശ്യമായ സ്ഥലം  ഇദ്ദേഹത്തിന്റെ വഖ്ഫായിരുന്നു. ഇടക്കാലത്ത് മദ്‌റസയില്‍ അധ്യാപകനായും സേവനം ചെയ്തു. യുവാക്കളുടെ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഏറെ ഉദാരനായിരുന്ന സൈതാലി സാഹിബ് മദ്‌റസയിലെ അധ്യാപകരുടെ ഭക്ഷണം, പ്രദേശത്തെ 'മസ്ജിദ് അലി ഹാഫിദി'ന്റെ പരിപാലനം എന്നിവയില്‍ മുന്‍പന്തിയിലായിരുന്നു. 12 വര്‍ഷത്തോളം രോഗശയ്യയില്‍ കിടക്കുമ്പോഴും പ്രസ്ഥാനവും പള്ളിയും അവയുടെ പ്രവര്‍ത്തനങ്ങളും തന്നെ കാണാന്‍ വരുന്ന പ്രസ്ഥാന പ്രവര്‍ത്തകരോടെല്ലാം അദ്ദേഹം അന്വേഷിക്കുമായിരുന്നു. ചൂനൂര്‍ പ്രദേശത്തെ ആദ്യത്തെ ഹോമിയോ ചികിത്സകന്‍ കൂടിയായ അദ്ദേഹത്തിന്റെ ചികിത്സ അഗതികള്‍ക്കും അശരണര്‍ക്കും സൗജന്യമായിരുന്നു. സാമ്പത്തികമായി തകര്‍ച്ച നേരിട്ടപ്പോഴും ഉദാരത അദ്ദേഹം കാത്തുസൂക്ഷിച്ചു. മരണപ്പെടുമ്പോഴും അദ്ദേഹമായിരുന്നു മസ്ജിദ് അലി ഹാഫിദിന്റെ പ്രസിഡന്റ്. 

 

 

 

മൊയ്തീന്‍ കുട്ടി മാസ്റ്റര്‍

പഴയകാല ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു പാലമഠത്തില്‍ എരണിപ്പുറത്ത് മൊയ്തീന്‍ കുട്ടി മാസ്റ്റര്‍. കുടുംബ സ്‌നേഹിയും അയല്‍പക്ക ബന്ധങ്ങള്‍ പരിപാലിക്കുന്നതില്‍ ദത്തശ്രദ്ധനുമായിരുന്ന മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ നാട്ടുകാര്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ ആദരണീയ ഗുരുനാഥനായിരുന്നു. 1959-ല്‍ സ്വദേശത്ത് തോട്ടശ്ശേരിയറ എ.എം.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. വില്ലേജുകള്‍ പഞ്ചായത്തുകളായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഒന്നുരണ്ട് വര്‍ഷം കണ്ണമംഗലം പഞ്ചായത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്തതിനു ശേഷമാണ് സ്‌കൂളില്‍ ജോലി ഏറ്റെടുക്കുന്നത്. ഇത് അദ്ദേഹത്തിന് പൊതുപ്രവര്‍ത്തനത്തിന് വഴി തുറന്നു കൊടുത്തു. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ പതിനൊന്ന് വയസ്സ് പ്രായമുണ്ടായിരുന്ന മാസ്റ്റര്‍ മുതിര്‍ന്നപ്പോള്‍ പ്രാദേശികമായി ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരായി രംഗത്തുവന്ന നാട്ടിലെ കുലീന കുടുംബക്കാരില്‍ പലരും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആകൃഷ്ടരായത് അദ്ദേഹം മുഖേനയായിരുന്നു. മാസ്റ്റര്‍ നിസ്വാര്‍ഥനും ഭക്തനും സമാധാനപ്രിയനുമായിരുന്നു. ഈ  ഭക്തിയും പരക്ഷേമ തല്‍പരതയും സൂക്ഷ്മമായ രാഷ്ട്രീയ അവബോധവും അദ്ദേഹത്തെ 1960-കളില്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനാക്കി മാറ്റുകയുണ്ടായി. 1961 മുതല്‍ ഹെഡ്മാസ്റ്ററായി സേവനം ചെയ്ത അദ്ദേഹം ദീര്‍ഘകാലം നാടിന് അക്ഷരവെളിച്ചം പകര്‍ന്നും നാട്ടുകാര്‍ക്ക് കത്തുകളും രേഖകളും  അപേക്ഷകളും എഴുതിത്തയാറാക്കിയും സഹായിച്ചു. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച വ്യക്തിത്വമായിരുന്നു. ആശയപരമായി ഉറച്ച നിലപാട് പുലര്‍ത്തിക്കൊു തന്നെ നാട്ടിലെ നാനാജാതിമതസ്ഥരോടും, മുസ്ലിംകള്‍ക്കിടയിലെ തരാ തരം കക്ഷികളുമായി ബന്ധപ്പെട്ടവരോടും ഒരു അകല്‍ച്ചയും ഇല്ലാതെ ഇടപെട്ടു. സൗമ്യനായ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഈ സമീപനമാണ് സജീവ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായിരിക്കെത്തന്നെ മൊയ്തീന്‍ കുട്ടി മാസ്റ്ററെ പാരമ്പര്യ ധാരയിലുള്ള പള്ളി-മദ്‌റസകളുടെ സെക്രട്ടറിയും നടത്തിപ്പുകാരനുമായി എല്ലാ വിഭാഗക്കാരുടെയും സജീവ സഹകരണത്തോടുകൂടി ദീര്‍ഘകാലം നിലകൊള്ളാന്‍ പ്രാപ്തനാക്കിയത്. ജോലിയില്‍നിന്ന് വിരമിച്ച് ബിസിനസ്സുകാരനായപ്പോഴും ഇതേ രീതി പിന്തുടര്‍ന്നു.

തിരൂരങ്ങാടി യതീംഖാന സ്‌കൂളിലെ പ്രഥമ ഇ.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു. മൊറയൂര്‍ ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പാസ്സായതിനുശേഷം മലപ്പുറത്തുനിന്ന് ബേസിക് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സും പൂര്‍ത്തിയാക്കി. മര്‍ഹൂം കെ. ഉമര്‍ മൗലവിയുടെയും ഉബൈദുല്ല മൗലവി യുടെയും ശിഷ്യനായിരുന്നു മാസ്റ്റര്‍. ഉബൈദുല്ല മൗലവിയുടെ താല്‍പര്യപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ സഹോദരപുത്രി മറിയുമ്മയെ മാസ്റ്റര്‍ വിവാഹം ചെയ്തത്.

മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ക്ക് ആറ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്. എല്ലാവരും ഇസ്‌ലാമിക പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകരാണ്.

കെ.ടി അബ്ദുറഹ്മാന്‍ നദ്‌വി


 

 

എസ്.ടി ഹംസ

ജമാഅത്തെ ഇസ്‌ലാമി പടിഞ്ഞാറെ കൊടുമുണ്ട ഹല്‍ഖാ നാസിം ആയിരുന്നു എസ്.ടി ഹംസ സാഹിബ്. പ്രസ്ഥാനത്തോട് അളവറ്റ സ്‌നേഹവും നിഷ്‌കളങ്കതയും ഉത്തരവാദിത്തങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള കണിശതയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

30 വര്‍ഷത്തോളം സലാലയില്‍ ജോലി ചെയ്തു. നാട്ടില്‍ സ്ഥിരമായപ്പോഴാണ് അദ്ദേഹത്തിന്റെ മൂത്താപ്പയുടെ മകന്‍ പരേതനായ എസ്.ടി കുഞ്ഞി മുഹമ്മദിന്റെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ഹംസ സാഹിബ് ജമാഅത്തിലേക്ക് വരുന്നത്. ഖുര്‍ആനും ഹദീസും കൃത്യമായി പഠിക്കുകയും ഹല്‍ഖയില്‍ ക്ലാസ് എടുക്കുകയും ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെ കണിശത പുലര്‍ത്തി. സഹോദര സമുദായങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു.

ടി.പി മൊയ്തീന്‍കുട്ടി പള്ളിപ്പുറം

 

 

 

ഒ.കെ ഫസലുല്‍ ഹഖ് മാസ്റ്റര്‍

ദീര്‍ഘകാലം സ്‌കൂള്‍ അധ്യാപകനും മലപ്പുറം ജില്ലയില്‍ വാഴയൂര്‍ പഞ്ചായത്തിലെ തിരുത്തിയാട് പ്രദേശത്തെ മത സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു ഒ.കെ ഫസലുല്‍ ഹഖ് മാസ്റ്റര്‍ (67).

അറബി ഭാഷയിലും വ്യാകരണത്തിലും ഉള്ള അദ്ദേഹത്തിന്റെ അറിവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പഠനത്തില്‍ അത് പ്രകടമായിരുന്നു. സരസനായിരുന്ന അദ്ദേഹത്തിന്റെ സംസാരങ്ങളില്‍  ഖുര്‍ആന്‍ ആയത്തുകളും അറബി ശ്ലോകങ്ങളും ധാരാളമായി കടന്നുവരുമായിരുന്നു.

മത, സംഘടനാ, ജാതി പക്ഷപാതമില്ലാതെ എല്ലാ വിഭാഗക്കാരുമായും പ്രായക്കാരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തി. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വിദ്യാലയങ്ങളില്‍ ജോലിചെയ്ത അദ്ദേഹത്തിന് വലിയ സൗഹൃദവലയമുണ്ടായിരുന്നു. നാട്ടിലെ ഇസ്‌ലാമിക പ്രസ്ഥാനരംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം പള്ളി, മദ്‌റസ നടത്തിപ്പില്‍ അതീവ ശ്രദ്ധ പുലര്‍ത്തി. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുതരമായ ഹൃദയാഘാതമുായെങ്കിലും പ്രാസ്ഥാനിക രംഗത്ത് സജീവമായിരുന്നു. കുടുംബത്തെയും പ്രസ്ഥാന മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയാണ് അദ്ദേഹം വിടപറഞ്ഞത്.

ഭാര്യ ആഇശ ബീവി, മക്കള്‍ മുഹഖിഖുല്‍ ഹഖ് (ഷാര്‍ജ) മുനവ്വിറുല്‍ ഹഖ്, മുഅല്ലിഫുല്‍ ഹഖ് (മാധ്യമം) മുസ്‌ലിമത്തുല്‍ ഹഖ്. മരുമകള്‍ മുഹമ്മദ് അലി (ചെറുവാടി) ലയ്യിന, മുഹ്‌സിന, നൗഷിദ

പി.സി മുഹമ്മദ് കുട്ടി, തിരുത്തിയാട്

 

 

 

സുഹ്‌റ സുലൈമാന്‍

പ്രവര്‍ത്തന ബാഹുല്യം കൊണ്ട് ജനകീയയായിരുന്നു പാലക്കാട് വടക്കഞ്ചേരി സ്വദേശി സുഹ്‌റ സുലൈമാന്‍ (60). ഏവരേയും ഹഠാദാകര്‍ഷിക്കുന്ന വ്യക്തിത്വം. ജില്ലാ സമിതിയംഗം, ഏരിയാ കണ്‍വീനര്‍, ആലത്തൂര്‍ ഏരിയാ മുഴുസമയ പ്രവര്‍ത്തക, കലക്ടറുടെ പരിസ്ഥിതി കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രശംസ പിടിച്ചുപറ്റി.

പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു. കുടുംബശ്രീ മേഖലയില്‍ സജീവമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തന്‍ മുന്‍നിരയിലുണ്ടായിരുന്നു. കാര്യങ്ങള്‍ പ്രത്യുല്‍പന്നമതിത്വത്തോടെ കൈകാര്യം ചെയ്യാന്‍ സഹജമായ കഴിവുണ്ടായിരുന്നു. 

അറിവ് നേടാനുളള അടങ്ങാത്ത ആഗ്രഹത്തോടെ, കൈക്കുഞ്ഞുമായി എന്‍ട്രന്‍സ്, പ്രിലിമിനറി പഠനം പൂര്‍ത്തീകരിച്ചു. പ്രസിദ്ധീകരണങ്ങള്‍ വായിച്ചു അറിവു നേടി. ലോക ഇസ്ലാമിക ചലനങ്ങളെക്കുറിച്ച് നന്നായി സംസാരിക്കുമായിരുന്നു. രണ്ട് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും അടങ്ങിയതാണ് കുടുംബം. അനസ് (തച്ചനടി ഹല്‍ഖാ നാസിം), ഇബ്‌റാഹീം (യൂത്ത് ഇന്ത്യ യൂനിറ്റ് പ്രസിഡന്റ്, ദുബൈ), സ്വാലിഹ് (എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്റ്) എന്നിവര്‍ പ്രസ്ഥാന രംഗത്തുണ്ട്.

 

അനസ് വടക്കഞ്ചേരി

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍