Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

തീരാപ്പകയുടെ തീനാളങ്ങള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ശത്രുതയുടെയും പകയുടെയും അപകടകരമായ ദുഷ്പരിണതി അനുഭവിക്കുന്ന വ്യക്തികളും സമൂഹങ്ങളുമാണ് നമുക്കു ചുറ്റും. പ്രാഥമിക മനുഷ്യാവകാശങ്ങള്‍ ഹനിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രവണത ഏറിയേറിവരുന്ന ഇക്കാലത്ത് ഭരണകൂടവും ജനതയും തമ്മില്‍ അകല്‍ച്ച വര്‍ധിക്കുകയും ഭരണകൂടത്തോടുള്ള വെറുപ്പ് പകയായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്. ആശയപ്രകടനത്തിനുള്ള അവസരങ്ങള്‍ നിഷേധിക്കുക, നിരപരാധികളെ കല്‍തുറുങ്കുകളില്‍ അടക്കുക, കൊടിയ മര്‍ദനങ്ങള്‍ക്കും ഭേദ്യങ്ങള്‍ക്കും ഇരയാക്കുക, പീഡനങ്ങള്‍ ഏല്‍പിക്കുക, ഭയപ്പെടുത്തി ഭരിക്കുക, കിരാത നിയമങ്ങള്‍ അടിച്ചേല്‍പിക്കുക തുടങ്ങിയ അനുഭവങ്ങള്‍ തുടരെത്തുടരെയുണ്ടാവുമ്പോള്‍ ഹൃദയങ്ങളില്‍ കുമിഞ്ഞുകൂടുന്ന വൈരാഗ്യവും പ്രതികാര വാഞ്ഛയും തീരാപ്പകയുടെ തീനാളങ്ങളായി ആളിക്കത്തും. പൊട്ടിത്തെറിക്കാന്‍ അവസരം കാത്തിരിക്കുന്ന അത്തരം ഹൃദയങ്ങള്‍ പകയുടെയും പ്രതികാരമനോഭാവത്തിന്റെയും വിളനിലമായിരിക്കും. ജനാഭിലാഷം തൊട്ടറിയുന്ന, കൂടിയാലോചനാ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാം അപകടകരമായ അവസ്ഥയിലേക്ക് വ്യക്തികളും സമൂഹങ്ങളും നീങ്ങാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണ്.

ഇസ്‌ലാമിക സാഹോദര്യത്തിന്റെ സമുന്നത താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാത്ത സമൂഹത്തില്‍ പരസ്പര ശത്രുതയും പകയും ഉടലെടുക്കുക സ്വാഭാവികം. മുസ്‌ലിം സമൂഹത്തിന്റെ സവിശേഷതകളായി ലോകം കൊണ്ടാടിപ്പോന്ന വിശിഷ്ട മൂല്യങ്ങളും സംസ്‌കാരവും തിരോഭവിച്ച് ഇല്ലാതാവുന്ന അവസ്ഥയില്‍ ഹൃദയങ്ങള്‍ തീരാപ്പകയുടെ വിലാസവേദിയായിത്തീരും. ഉത്കൃഷ്ട സ്വഭാവ ഗുണങ്ങളുടെ പടച്ചട്ടയണിയാന്‍ ആഹ്വാനം ചെയ്യുന്ന നബിവചനങ്ങള്‍ ഉത്തമ സമൂഹത്തിന്റെ നിര്‍മിതി ലക്ഷ്യം വെച്ചാണ്. നബി (സ) പറഞ്ഞു: ''ഊഹം നിങ്ങള്‍ സൂക്ഷിക്കണം. കാരണം വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജം ഊഹമാണ്. നിങ്ങള്‍ ചാരവൃത്തി നടത്തരുത്, അനാരോഗ്യകരമായ മത്സരങ്ങളില്‍ ഏര്‍പ്പെടരുത്, അസൂയ വെക്കരുത്, വിദ്വേഷം പുലര്‍ത്തരുത്. നിങ്ങള്‍ അല്ലാഹുവിന്റെ ദാസന്മാര്‍ സഹോദരങ്ങളായി ജീവിക്കുക'' (ബുഖാരി).

അഹങ്കാരവും പൊങ്ങച്ചവും ആത്മരതിയുമാണ് പകയുടെ ഉത്ഭവ കേന്ദ്രം. അഹങ്കാരി അപരരെ പുഛിക്കും, അവഹേളിക്കും. മറ്റുള്ളവരുടെ അഭിമാനത്തില്‍ കൈവെക്കും. പരസ്പര ശത്രുതയിലേക്ക് അത് വഴിവെട്ടും. ''ഒരാളുടെ ജീവന്‍, സമ്പത്ത്, അഭിമാനം- ഇവ ഓരോ മുസ്‌ലിമും പവിത്രമായി കരുതേണ്ടതാണ്'' (ബുഖാരി).

മറ്റുള്ളവരുടെ വിഷമ ഘട്ടങ്ങള്‍ ചൂഷണം ചെയ്യുകയും അവ തനിക്ക് പ്രയോജനപ്പെടുത്താനുള്ള സുവര്‍ണാവസരമായി കരുതി സഹായിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ഇത് ഉത്തമര്‍ണന്റെയും അധമര്‍ണന്റെയും ഉള്ളില്‍ പകയുടെ വിത്തു  പാകും. പലിശ, പൂഴ്ത്തിവെപ്പ്, കൊള്ള ലാഭം, വഞ്ചന, അനാഥകളുടെ ധനാപഹരണം തുടങ്ങി പല രീതികളില്‍ ഉണ്ടാവുന്ന സാമ്പത്തിക ചൂഷണങ്ങള്‍ വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പകയുടെയും ശത്രുതയുടെയും വികാരങ്ങള്‍ ഉന്മൂലനം ചെയ്യാനുദ്ദേശിച്ചാണ് വ്യക്തമായ ദൈവകല്‍പനകള്‍ ഖുര്‍ആനിലും ഹദീസിലും കാണാനാവുന്നത്. ''പലിശയാണെന്നറിഞ്ഞിട്ടും ഭുജിക്കുന്ന ഒരു ദിര്‍ഹം മുപ്പത്താറ് വ്യഭിചാരത്തേക്കാള്‍ ഗുരുതരമാണ്'' (ത്വബറാനി, ദാറഖുത്‌നി).

അയല്‍വാസികള്‍ക്കിടയിലും തീരാ ശത്രുതയും പകയും ഉണ്ടാവാറുണ്ട്. ഏതു മതസ്ഥനായാലും അയല്‍വാസിക്കുള്ള അവകാശം ഇസ്‌ലാം ഊന്നിപ്പറയുന്നത് അയല്‍പക്ക ബന്ധങ്ങളില്‍ വിള്ളല്‍ വീഴാതിരിക്കാനാണ്. നിസ്സാര കാര്യങ്ങളെ ചൊല്ലിയുള്ള വാഗ്വാദങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ ഉള്ളില്‍ പക വളര്‍ന്ന് ബന്ധങ്ങള്‍ വഷളാവുകയും അയല്‍പക്കക്കാര്‍ അകലുകയും ചെയ്യുന്ന നിരവധി അനുഭവങ്ങളുണ്ട്. ''അയല്‍വാസിക്ക് അനന്തര സ്വത്തില്‍ അവകാശമുണ്ടാകുമോ എന്ന് ആശങ്കിക്കുവോളം ജിബ്‌രീല്‍ അയല്‍വാസികളെക്കുറിച്ച് എനിക്ക് ഉപദേശം നല്‍കിക്കൊണ്ടിരുന്നു'' (ബുഖാരി).

ഭദ്രമായ കുടുംബ ബന്ധങ്ങളാണ് ശക്തമായ സമൂഹത്തിന്റെ അടിത്തറ. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയാണ് ഇന്നത്തെ കൊടിയ വിപത്ത്. തകര്‍ച്ചയുടെ കാരണം കണ്ടറിഞ്ഞ് പ്രതിവിധികള്‍ തേടാന്‍ സമൂഹത്തിലെ മേലധികാരികളും ഭരണകൂടുവും വരുത്തുന്ന വീഴ്ച ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ചും സുബദ്ധമായ പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചും അകല്‍ച്ചയും പിണക്കവും അന്യോന്യമുള്ള പകയും എന്നെന്നോക്കുമായി ഇല്ലാതാക്കാന്‍ സുചിന്തിതമായ ഇടപെടല്‍ ആവശ്യമാണ്.

പകയുടെ വിത്തു പാകാന്‍ ഏഷണിയുമായി നടക്കുന്ന നാശകാരികളെ കാണാം. കേള്‍ക്കുന്നതെല്ലാം പറഞ്ഞു നടക്കുന്ന ഏഷണിക്കാരും പറഞ്ഞു കേള്‍ക്കുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കുന്ന പാവങ്ങളും പകയുടെ നിര്‍മിതിയില്‍ പങ്കു വഹിക്കുന്നുണ്ട്. വ്യക്തിയുടെയും കുടുംബങ്ങളുടെയും കാര്യത്തില്‍ പ്രസക്തമായ ഈ കാര്യം ഭരണകൂടങ്ങളുടെ വിഷയത്തിലും ബാധകമാണ്. ഇസ്‌ലാമിക പ്രവര്‍ത്തകരെക്കുറിച്ച് ഭരണാധികാരികളുടെ ചെവിട്ടില്‍ എത്തിക്കുന്ന വ്യാജ വാര്‍ത്തകളും ആരോപണങ്ങളും അവരുടെ കാതുകളില്‍ ചൊല്ലിക്കൊടുക്കുന്ന ദുര്‍മന്ത്രങ്ങളും വിദ്വേഷവും പകയും സൃഷ്ടിക്കാന്‍ ഹേതുവാകാറുണ്ട്. മുസ്‌ലിം സംഘടനകള്‍ ഭരണാധികാരികളുടെ പ്രീതി പറ്റാന്‍ ഇതര സംഘടനകളെക്കുറിച്ച് നടത്തുന്ന അപവാദ പ്രചാരണങ്ങളും ദുരാരോപണങ്ങളും ഈ ഗണത്തില്‍ പെട്ടതു തന്നെ. ഇസ്‌ലാമിസ്റ്റുകളുമായി അടുത്തതോ അകന്നതോ ആയ  ബന്ധം സ്ഥാപിക്കുന്നത് അപകടകരമാണെന്നും അവരെ അകറ്റിനിര്‍ത്തി ഒറ്റപ്പെടുത്തേണ്ടത് രാജ്യസുരക്ഷക്ക് ആവശ്യമാണെന്നും ധരിപ്പിക്കുന്നതില്‍ വിജയിക്കുന്ന ഏഷണിയുടെ വ്യാപാരികള്‍ ഒരിക്കലും അവസാനിക്കാത്ത പകയുടെയും ശത്രുതയുടെയും വാതിലുകളാണ് തുറന്നിടുന്നത്. അനുഭവ സത്യമാണിത്.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പിണക്കങ്ങളും തര്‍ക്കങ്ങളും പക വളര്‍ത്താറുണ്ട്. ഇതുകൊണ്ടാണ് നബി(സ) കര്‍ശനമായി പിണക്കം വിലക്കിയത്: ''തന്റെ സഹോദരനോട് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പിണങ്ങി നില്‍ക്കാന്‍ ഒരു സത്യവിശ്വാസിക്കും അനുവാദമില്ല. സംഭവിക്കുന്നത്; ഇയാളും മുഖം തിരിക്കും, അയാളും മുഖം തിരിക്കും. അവരില്‍ ഉത്തമന്‍ ആദ്യമായി സലാം ചൊല്ലി പിണക്കത്തിന് വിരാമം ഇടുന്നവാണ്'' (ബുഖാരി).

അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങളും പകക്ക് കാരണമാവാറുണ്ട്. തര്‍ക്കത്തെ നിരുത്സാഹപ്പെടുത്തുന്ന ഇസ്‌ലാം പക വെച്ചുപോറ്റാനുള്ള വാതിലുകള്‍ അടക്കുകയാണ്.

ജനിച്ചു വളരുന്ന സാഹചര്യം പകയുടെ വിളനിലമാണ്. കുട്ടികള്‍ ചെറുപ്പന്നേ കുടുംബാംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പിണക്കങ്ങളും തര്‍ക്കങ്ങളും കേള്‍ക്കാനിട വന്നാല്‍ അവ അവരുടെ മനസ്സില്‍ വളരുകയും മായാതെ കിടക്കുകയും തലമുറകളിലേക്ക് പടരുകയും ചെയ്യും. രക്ഷിതാക്കളിലും കുടുംബത്തിന്റെ ചെറിയ വൃത്തത്തിലും ഒതുങ്ങിനില്‍ക്കേണ്ട നിസ്സാര പ്രശ്‌നങ്ങള്‍ തലമുറകളിലൂടെ നിലനില്‍ക്കുന്ന പകക്കും ശത്രുതക്കും ഹേതുവാകുന്നത് ഇങ്ങനെയാണ്. അതിനാല്‍ മക്കളുടെ മുന്നില്‍ വെച്ച് പിണക്കക്കഥകള്‍ പറയാതിരിക്കുക.

മുന്‍ഗാമികളും പിന്‍ഗാമികളും തമ്മില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവാനും പക വളരാനും ഇടയായേക്കുമെന്ന് കരുതി ഗനീമത്തും ഫൈഉം വീതിക്കുന്നതില്‍ ഖലീഫ ഉമര്‍ (റ) കാണിച്ച സൂക്ഷ്മതയും കരുതലും ഇതോട് ചേര്‍ത്തു വായിക്കണം. ഉമറിന്റെ കുറ്റമറ്റ ഇജ്തിഹാദായിരുന്നു അതെന്ന് കാലം തെളിയിച്ചു. പിന്‍ഗാമികളുടെ മനസ്സില്‍ പകയുടെ ലാഞ്ഛന ഉാവരുതെന്ന് ക്രാന്തദര്‍ശിയായ ഉമറിന് നിര്‍ബന്ധമുണ്ടായിരുന്നു.

 സംഗ്രഹം: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍