Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

'കാശി, മഥുര ബാക്കി ഹേ'

ശിഹാബ് പൂക്കോട്ടൂര്‍

'യേ തോ സിര്‍ഫ് ജംഗി ഹെ, അബ് കാശി, മഥുര ബാക്കി ഹേ' (ഇതൊരു സൂചന മാത്രമാണ്, കാശിയും മഥുരയും ബാക്കിയുണ്ട്) - 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷം ആയിരക്കണക്കിന് കര്‍സേവകര്‍ ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യമാണിത്. ഇപ്പോള്‍ വരാണസിയിലെ കാശി ക്ഷേത്രത്തെയും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളെയും മുന്‍നിര്‍ത്തി 'ടാര്‍ഗറ്റ് വരാണസി പ്രൊജക്ട്' ആര്‍.എസ്.എസ് ആരംഭിച്ചു കഴിഞ്ഞു. ആര്‍.എസ്.എസ് മേധാവി മോഹന്‍ റാവു ഭഗവത് യു.പി മുഖ്യമന്ത്രി യോഗിയുമായുള്ള കൂടിക്കാഴ്ചയില്‍ വരാണസി പദ്ധതി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ധാരണയായിട്ടുണ്ട്. കാശി ക്ഷേത്രത്തിന്റെ അടുത്തുള്ള മുസ്‌ലിം പള്ളികള്‍ തകര്‍ക്കുന്നതും അവിടങ്ങളില്‍ അവശേഷിക്കുന്ന മുസ്‌ലിം പാരമ്പര്യങ്ങളെ പിഴുതെറിയുന്നതുമടക്കമുള്ള പദ്ധതിയാണ് ആര്‍.എസ്.എസ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് അയോധ്യാ കാമ്പയിന്‍ നിര്‍മിച്ചെടുത്തിട്ടുള്ളത്.

 

അയോധ്യയും ബാബരിയും നാള്‍വഴികള്‍

1948 ജനുവരി 30-ന് ഗാന്ധി വധത്തെ തുടര്‍ന്ന് 1949 വരെ ആര്‍.എസ്.എസ്സിനെ നിരോധിച്ചിരുന്നു. നിരോധനം നീക്കിയതിനു ശേഷം സംഘടനാ അടിത്തറ വികസിപ്പിക്കാന്‍ കൂടിയാണ് ആര്‍.എസ്.എസ് അയോധ്യ ഏറ്റെടുക്കുന്നത്. 1949-ല്‍ രാമവിഗ്രഹം ബാബരി പള്ളിക്കകത്തു കൊണ്ടുവന്നിടുന്നതോടെ പ്രശ്‌നം സങ്കീര്‍ണമായി. ഫൈസാബാദ് ജില്ലാ ജഡ്ജിയായിരുന്ന കെ.കെ നായരുടെ ഒത്താശയോടെയാണ് ഈ വിവാദം കത്തിപ്പടരുന്നത്. നായരും ഭാര്യയും ഇതിന്റെ പ്രത്യുപകാരമായി പിന്നീട് സംഘ്പരിവാര്‍ ബാനറില്‍ മത്സരിക്കുകയുണ്ടായി. ബ്യൂറോക്രസി കാവി രാഷ്ട്രീയത്തിന്റെ പിടിയിലമര്‍ന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അയോധ്യാ സംഭവങ്ങള്‍. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കത്തുകളും നിര്‍ദേശങ്ങളും പുഛിച്ചുതള്ളുകയായിരുന്നു ഉദ്യോഗസ്ഥര്‍. 1950 ജനുവരി 19-ന് വിഗ്രഹം പള്ളിയില്‍നിന്ന് എടുത്തുമാറ്റുന്നതിനെതിരെ ഫൈസാബാദ് കോടതി ഉത്തരവിട്ടു. 1955-ല്‍ ഈ വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. 1950 മുതല്‍ വഖ്ഫ് ബോര്‍ഡും സന്യാസിമാരും മാറിമാറി ഹരജികള്‍ സമര്‍പ്പിച്ചു.

1980-കളോടെയാണ് അയോധ്യാ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് വി.എച്ച്.പി കടന്നുവരുന്നത്. ഹൈന്ദവ വംശീയതയുടെ അടിത്തറ ആര്‍.എസ്.എസ് തന്നെയായിരുന്നെങ്കിലും, കര്‍സേവകളും പ്രക്ഷോഭങ്ങളുമായി നിറഞ്ഞുനിന്നത് വി.എച്ച്.പിയായിരുന്നു. അതേസമയം തന്നെ ബി.ജെ.പിയും രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പിന്തുണച്ച് പ്രമേയം പാസ്സാക്കി. 1983 നവംബറോടുകൂടി 'വിമോചന' സമരം വി.എച്ച്.പി ഏറ്റെടുത്തു. പൊതുവികാരമുണര്‍ത്താന്‍ ഹിന്ദി മേഖലയില്‍ രഥയാത്രയും കലാശ് യാത്രയും തരം പോ

ലെ. 1984 ഒക്‌ടോബര്‍ ഏഴിന് 'സങ്കല്‍പ് ദിവസ്' ആചരിച്ചു. പള്ളി തകര്‍ക്കുന്നതിന്റെ റിഹേഴ്‌സല്‍ പ്രാദേശിക തലങ്ങളില്‍ വ്യാപകമായി നടത്തി. ഹിന്ദു സംരക്ഷണ പ്രതിജ്ഞ, 'തര്‍ക്ക മന്ദിര'ത്തിന്റെ വിമോചനം, പൂട്ടു പൊളിക്കല്‍, എതിര്‍ക്കുന്നവരെ തകര്‍ക്കല്‍, തടയുന്ന ഉദ്യോഗസ്ഥരെ മറികടക്കല്‍ എന്നിവ പ്രധാന അജണ്ടയായാണ് 'സങ്കല്‍പ് ദിവസ്' ആചരിച്ചത്.

അയോധ്യാ പ്രസ്ഥാനത്തിന്റെ പുറംചട്ടയായി ധര്‍മ സന്‍സദ് പിറന്നു. അശോക് സിംഗാള്‍ ഇതിന്റെ മാര്‍ഗദര്‍ശിയായിരുന്നു. വി.എച്ച്.പിയുടെ പുതിയൊരു വേദി ഇതിനിടെ ജന്മം കൊണ്ടു; കേന്ദ്രീയ മാര്‍ഗ് ദര്‍ശക് മണ്ഡല്‍. വി.എച്ച്.പിയുടെ യൂത്ത് വിംഗായ ബജ്‌റംഗ്ദള്‍ പിറന്നത് 1984 ഒക്‌ടോബര്‍ ഏഴിനായിരുന്നു. ഗോരക്ഷ, നിര്‍ബന്ധിത മതംമാറ്റം തടയല്‍, രാമക്ഷേത്രത്തിന് അനുകൂലമായി യുവാക്കളെ അണിനിരത്തല്‍ എന്നിവയായിരുന്നു ബജ്‌റംഗ്ദളിന്റെ ലക്ഷ്യങ്ങളായി വിവരിക്കപ്പെട്ടത്. 1985-ല്‍ പള്ളിയുടെ പൂട്ടു പൊളിക്കണമെന്നു പറഞ്ഞ് ബജ്‌റംഗ്ദള്‍ ഡിസംബര്‍ 19-ന് അയോധ്യയില്‍ ബന്ദാചരിച്ചു. ഇതേ കാലയളവിലാണ് മറ്റൊരു അയോധ്യാ പ്രസ്ഥാനവും രംഗത്തുവരുന്നത്. രാം ജന്മഭൂമി മുക്തി യജ്ഞസമിതി (ധരംസ്ഥാന്‍ മുക്തി യജ്ഞ സമിതി) എന്ന പേരിലായിരുന്നു അത്. 'താലാ ഖോലോ' (പൂട്ട് തകര്‍ക്കല്‍) എന്ന പേരിലും സംഘടന നിലവില്‍ വന്നു. ഇതിനെ സഹായിക്കാനാണ് രാം ജന്മഭൂമി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.

1980-1985 വരെയുള്ള കാലഘട്ടം അയോധ്യ കേന്ദ്രീകരിച്ച് നിരവധി പ്രക്ഷോഭങ്ങളും പ്രകോപനങ്ങളും നടന്ന സന്ദര്‍ഭമായിരുന്നു. ഇന്ദിരാ വധത്തോടെ അല്‍പം മങ്ങിയെങ്കിലും ആര്‍.എസ്.എസ്സിന്റെ സഹായത്തോടെ ദേശീയ പ്രക്ഷോഭമായി ഇതിനെ മാറ്റിയെടുത്തു. ഹിന്ദി ബെല്‍റ്റില്‍ മാത്രം ശക്തമായിരുന്ന രാമജന്മഭൂമി ദക്ഷിണ മേഖലകളിലേക്കും കത്തിപ്പടര്‍ന്നു. ആര്‍.എസ്.എസ്സിന്റെ ഭാഗമായ അഖില്‍ ഭാരതീയ പ്രതിനിധി സഭ പാസ്സാക്കിയ പ്രമേയം ഇങ്ങനെയായിരുന്നു: 'കോടതി ഉത്തരവുകളെ തുടര്‍ന്ന് സര്‍ക്കാര്‍ അടച്ചിട്ട രാം ജന്മഭൂമി സമുച്ചയത്തിന്റെ പൂട്ട് തുറന്നിട്ടുണ്ട്. തടസ്സങ്ങള്‍ നീങ്ങി, പൂജാ കര്‍മങ്ങള്‍ തുടങ്ങുകയും ചെയ്തു. പക്ഷേ, ക്ഷേത്രത്തിന്റെ നവീകരണ ജോലികള്‍ ഇനിയും ബാക്കിയാണ്. നമ്മുടെ ദേശീയ കാഴ്ചക്ക് അപമാനകരമായ വിദേശ മേധാവിത്വത്തിന്റെ പൊതു അവശിഷ്ടങ്ങള്‍ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കണമെന്ന സ്വതന്ത്ര ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പൗരാണികമെങ്കിലും ജീര്‍ണിച്ച രാമജന്മഭൂമി ക്ഷേത്രവും അതിന്റെ പൂര്‍വ പ്രതാപത്തില്‍ പുനഃസ്ഥാപിക്കണം. അതിലൂടെ മാത്രമേ രാജ്യത്തിന്റെ മനസ്സാക്ഷിയുടെ തീവ്രവേദനക്ക് സാന്ത്വനമാകൂ' (ലിബര്‍ഹാന്‍ അയോധ്യാ കമീഷന്‍ റിപ്പോര്‍ട്ട്).

'വൈദേശിക മേധാവിത്വത്തിന്റെ അവശിഷ്ടങ്ങള്‍ കഴുകിക്കളയുക' എന്നാല്‍ ബാബരി പള്ളി പൊളിക്കുകയാണ് ഉദ്ദേശിക്കുന്നത്. രാമനെയും രാമായണത്തെയും രാജന്മഭൂമിയെയും മറ്റു ദൈവങ്ങളെ അപേക്ഷിച്ച് സംഘ്പരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഇതിനുള്ള അപരസാധ്യത തിരിച്ചറിഞ്ഞുകൊണ്ടാണ്. പുറത്തുള്ള ഒരു അപരനെ നിഗ്രഹിക്കുന്ന നിയോഗമാണ് രാമന്‍ നിര്‍വഹിച്ചത്. അതിനാല്‍ അപരധ്വംസനത്തിന് ഏറ്റവും അനുയോജ്യമായ മിത്താണ് രാമന്‍. രാമന് അപരമായി ബാബറെയും രാമജന്മഭൂമിക്ക് ബദലായി ഭൂമി കൈയടക്കിയ വിദേശ മുസ്‌ലിം ഭരണാധികാരികളെയും പ്രതിഷ്ഠിക്കുമ്പോള്‍ വിധ്വംസനം നടത്താന്‍ മതകീയമായ ഒരു അടിത്തറയും വംശീയ മേധാവിത്വവും ഒരേസമയം ലഭിക്കും. ''മുസ്‌ലിം വിരുദ്ധതയെന്ന പൊതു മിത്തുകളും കഥകളും വിന്യസിക്കപ്പെടുമ്പോള്‍ അവയുടെ 'വസ്തുതാപരമായ' സത്യം അപ്രസക്തമാവുകയും 'ഫലം' പ്രധാനമാവുകയും ചെയ്യുന്നു. ഏതെങ്കിലും നിശ്ചിത കാലമോ സ്ഥലമോ മിത്തിന്റെ ഘടനയെ നിര്‍ണയിക്കണമെന്നില്ല. ഇന്ത്യയിലെ ഏത് സ്ഥലത്തെയും അയോധ്യയും രാമജന്മഭൂമിയുമായി സങ്കല്‍പിക്കാവുന്നതാണ്. മുഗള്‍ ഭരണ സംസ്ഥാപനത്തിനു ശേഷമുള്ള ഏതു കാലത്തെയും രാമക്ഷേത്ര ധ്വംസനത്തിന്റെ കാലമായി സങ്കല്‍പിക്കാം. കുറ്റബോധമോ യുക്തിശങ്കയോ ഇല്ലാതെ ഏത് മുസ്‌ലിം പള്ളിയും തകര്‍ക്കാം'' (ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും - ജെ. രഘു).

ഈ രീതിയനുസരിച്ചാണ് മോഹന്‍ ഭഗവത് യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത 'ടാര്‍ഗറ്റ് വരാണസി പ്രൊജക്ട്'. ഈ മിത്ത് ഉപയോഗിച്ച് ശത്രുവിനെ നിര്‍മിക്കുകയും നിഗ്രഹിക്കുകയും ചെയ്യുന്ന ലളിത പദ്ധതിയാണ് രാമനിലൂടെ അയോധ്യയിലും, വരാണസിയിലും നിര്‍മിച്ചെടുക്കുന്നത്. അയോധ്യയില്‍ ബാബരി മസ്ജിദിന്റെ സ്ഥാനത്ത് അമ്പലമുണ്ടായിരുന്നോ എന്ന പുരാവസ്തുപരമായ 'സത്യ'ത്തിലോ 'വസ്തുത'യിലോ സംഘ്പരിവാറിന് താല്‍പര്യമില്ലാത്തത് അതുകൊണ്ടാണ്. വി.പി സിംഗ് നടപ്പിലാക്കിയ മണ്ഡല്‍ കമീഷന്‍ അവര്‍ണരും സവര്‍ണരുമടങ്ങിയ ഏക ദേശീയ ഹിന്ദു സമൂഹം എന്ന ആധുനിക മിഥ്യയെ ശിഥിലമാക്കിയപ്പോള്‍ ഈ ധ്രുവീകരണത്തെ പൊതു ശത്രുവിനെ കുറിച്ചുള്ള ബാഹ്യ ബിംബത്തിലൂടെ തടയുക എന്ന ധര്‍മമാണ് രഥയാത്രകളും രാമജന്മഭൂമി പ്രസ്ഥാനങ്ങളും ചെയ്തതെന്ന് ജെ. രഘു നിരീക്ഷിക്കുന്നു.

1986-ലാണ് ലഖ്‌നോവില്‍ ചേര്‍ന്ന സന്യാസിമാരുടെ സമ്മേളനം സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബലം പ്രയോഗിച്ച് പൂട്ടു തുറക്കുമെന്ന് പ്രഖ്യാപിച്ചത്. 1986-ല്‍ തന്നെ കോടതിവിധി പൂട്ട് തുറന്നുകൊടുക്കുന്നതിന് അനുകൂലമായി. രാജ്യം പ്രക്ഷുബ്ധമായി. സങ്കീര്‍ണ സാഹചര്യങ്ങള്‍ നേരിടാനുള്ള മുന്നൊരുക്കമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി. ഇതില്‍ പ്രതിഷേധിച്ച് 1986 ഫെബ്രുവരി 15-ന് ആള്‍ ഇന്ത്യാ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപം കൊണ്ടു. ബാബരി മസ്ജിദ് മൂവ്‌മെന്റ്, സെന്റര്‍ ആക്ഷന്‍ കമ്മിറ്റി ഫോര്‍ റെസ്റ്ററോഷന്‍ ഓഫ് ബാബരി മസ്ജിദ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ നിലവില്‍വന്നു. 1987-ല്‍ നരസിംഹറാവുവിന്റെ അധ്യക്ഷതയില്‍ മന്ത്രിതല സമിതി നിലവില്‍ വന്നു. ഈ മന്ത്രി സമിതി പള്ളി പൊളിച്ചപ്പോള്‍ റാവു നിഷ്‌ക്രിയമായതുപോലെ തന്നെയായിരുന്നു നീണ്ട നാലു വര്‍ഷങ്ങളിലും നിലനിന്നുപോന്നത്. 1988 സെപ്റ്റംബറിലും ഒക്‌ടോബറിലുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. സയ്യിദ് ശഹാബുദ്ദീന്‍, ഖുര്‍ശിദ് ആലംഖാന്‍, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, കല്യാണ്‍ സിംഗ്, രാമജന്മഭൂമി മുക്തി യജ്ഞ സമിതി നേതാക്കള്‍ക്കിടയില്‍ നടന്ന ചര്‍ച്ചകളിലുണ്ടായ ധാരണകള്‍ മുക്തി യജ്ഞ സമിതിയുടെ വാശിക്കു മുന്നില്‍ തകര്‍ന്നു. അയോധ്യാ പ്രശ്‌നത്തില്‍ രഞ്ജിപ്പ് സാധ്യമേയല്ല എന്നായിരുന്നു അവരുടെ നിലപാട്.

1989 നവംബര്‍ 9-ന് ശിലാന്യാസ തീയതിയായി സന്യാസിമാര്‍ പ്രഖ്യാപിച്ചു. ഇതേ സമയമാണ് ഇംഗ്ലണ്ടില്‍ വിരാട് ഹിന്ദു സമ്മേളനം നടക്കുന്നത്. പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ഈ സമ്മേളനത്തില്‍ ഉടനീളമുണ്ടായിരുന്നതെന്ന് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 5-ന് വി.എച്ച്.പി ആഹ്വാനത്തെ തുടര്‍ന്ന് രാമക്ഷേത്ര നിര്‍മാണത്തിനുള്ള മൂന്നര ലക്ഷം ശിലകള്‍ അയോധ്യയിലെത്തിച്ചു. നവംബര്‍ രണ്ടിനു തന്നെ ബജ്‌റംഗ്ദള്‍ സ്ഥലത്ത് കൊടിനാട്ടിയിരുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരണങ്ങള്‍ ശക്തി പ്രാപിച്ചു. 'മുസ്‌ലിംകള്‍ കാരണം ലോകത്തിന് സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിയുന്നില്ല' എന്ന് ആചാര്യ ധര്‍മേന്ദ്ര ദേവ് പ്രസ്താവിച്ചു. റാം ലാലാ, ഹം ആയേ ഹൈ മന്ദിര്‍ യഹീം ബനായേംഗേ (പ്രിയ രാമാ, ഞങ്ങളിതാ വന്നിരിക്കുന്നു ക്ഷേത്രം ഇവിടെത്തന്നെ ഉയര്‍ത്തും), ജബ് ജബ് ഹിന്ദു ജാഗെ, തബ് തബ് മുല്ലാഭാഗെ (ഹിന്ദുക്കള്‍ ഉണര്‍ന്നപ്പോഴൊക്കെ മുല്ലമാര്‍ ഓടിയൊളിച്ചിട്ടുണ്ട്) തുടങ്ങിയ അപകടകരമായ മുദ്രാവാക്യങ്ങളും അദ്വാനി, ജോഷി, ഉമാഭാരതി എന്നിവരുടെ തീപ്പൊരി വംശീയ പ്രസംഗങ്ങളും കേട്ട് ആവേശം കയറിയ കര്‍സേവകര്‍ പള്ളിയുടെ ഭൂമിയിലേക്ക് ഇരച്ചുകയറി. 1992 ഡിസംബര്‍ 6-ന് 12.15-ന് കര്‍സേവയുടെ മുഹൂര്‍ത്തം കുറിച്ചു. പിന്നീട് നടന്നത് എന്താണെന്ന് ലോകം വ്യക്തമായി കണ്ടു. നിര്‍വികാരമായി പോലീസും ഒരു നിര്‍ദേശവും ലഭിക്കാതെ സി.ആര്‍.പി.എഫും കാഴ്ചക്കാരായി നോക്കിനില്‍ക്കെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു.

 

വീണ്ടും അയോധ്യ

അയോധ്യ വീണ്ടും കത്തുകയാണ്. ഇപ്പോള്‍ കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും സംഘ് പരിവാര്‍ ഭരണകൂടമാണുള്ളത്. ബാബരി മസ്ജിദിന്റെ സ്ഥലം എന്നു പറയാതിരിക്കാനുള്ള ജാഗ്രതയാണ് ഇപ്പോള്‍ എല്ലാവരും കാണിക്കുന്നത്. അത് 'തര്‍ക്ക' മന്ദിരം മാത്രമായിരിക്കുന്നു. അയോധ്യയെ കലാപകലുഷിതമാക്കാന്‍ ആര്‍.എസ്.എസ് നേരിട്ട് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 1992-ലെ ബാബരി തകര്‍ക്കപ്പെട്ടതിനെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ റിട്ട. ജസ്റ്റിസ് മന്‍മോഹന്‍സിംഗ് ലിബര്‍ഹാന്‍ രേഖപ്പെടുത്തുന്നത് ദല്‍ഹി ആര്‍.എസ്.എസ് ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അയോധ്യാ മൂവ്‌മെന്റുകളുടെ മുഴുവന്‍ കാര്യങ്ങളും നടന്നത് എന്നാണ്. എല്ലാം ആസൂത്രണം ചെയ്തത് ആര്‍.എസ്.എസായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. സമാനമായ നീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ശബരിമലയും ഒരുമിച്ച് കത്തിക്കാമെന്ന് ആസൂത്രണം ചെയ്തതാണ്. ധ്രുവീകരണത്തില്‍ ഏറെ മുന്നോട്ടു പോയെങ്കിലും പ്രൊജക്ട് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. 'തര്‍ക്ക' ഭൂമിയിലെ രാമക്ഷേത്ര നിര്‍മാണം മാത്രമല്ല ലക്ഷ്യം വെക്കുന്നത്, ബൃഹത്തായ ഒരു വംശീയ ഉന്മൂലന പദ്ധതിയാണ് സംഘ്പരിവാര്‍ ആദ്യം ഹിന്ദി ബെല്‍റ്റില്‍ മുന്നോട്ടു വെക്കുന്നത്. മുസ്‌ലിംകളെ നിരന്തരം ഭീതിയിലാഴ്ത്തി നിശ്ശബ്ദ കുടിയൊഴിപ്പിക്കലിലൂടെ ഇത് സാധ്യമാക്കിയെടുക്കുന്നുണ്ട്. ഉന്മൂലന പദ്ധതികള്‍ യോഗി നേരിട്ടു തന്നെയാണ് നടപ്പിലാക്കുന്നത്.

 

'കാശി, മഥുര ബാക്കി ഹേ'

കഴിഞ്ഞ ഒക്‌ടോബര്‍ 25-ന് കാശിയിലെ ചരിത്ര പ്രസിദ്ധമായ ഗ്യാന്‍വാപി മസ്ജിദിന്റെ നാലാം നമ്പര്‍ ഗേറ്റിലുള്ള ചവിട്ടുപടികള്‍ പൊളിച്ചുമാറ്റി. വഖ്ഫ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലം സര്‍ക്കാര്‍ ഏകപക്ഷീയമായി പൊളിച്ചുനീക്കുകയായിരുന്നു. അതിന്റെ സമീപത്തുള്ള മുസ്‌ലിം വീടുകള്‍ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ടൂറിസ്റ്റ് മേഖലയുടെ വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പുറമേക്ക് പറയുന്നുണ്ടെങ്കിലും ഈ നീക്കത്തിന് വംശീയമായ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തം. അക്ബര്‍ നിര്‍മിക്കുകയും ഔറംഗസീബ് പുനര്‍നിര്‍മിക്കുകയും ചെയ്ത മസ്ജിദ് വൈദേശികാധിപത്യത്തിന്റെ അവശിഷ്ടങ്ങളായിട്ടാണ് സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നത്. ഇതിനെ കേന്ദ്രീകരിച്ച് നിരവധി മിത്തുകള്‍ പ്രചരിപ്പിച്ച് പരനിഗ്രഹത്തിന്റെ പശ്ചാത്തലം സൃഷ്ടിച്ചെടുത്തിരിക്കുന്നു. മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനടുത്തുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദിനെ കേന്ദ്രീകരിച്ച് നടക്കുന്ന പ്രചാരണവും ഇത്തരത്തിലുള്ളതാണ്. കാശിയുടെയും മഥുരയുടെയും ചുറ്റുവട്ടത്തുള്ള പ്രസിദ്ധമായ മുസ്‌ലിം പാരമ്പര്യ സ്ഥലങ്ങള്‍, വസ്തുക്കള്‍ എന്നിവ ആസൂത്രിതമായി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് 'ഫ്രണ്ട്‌ലൈനി'നു വേണ്ടി വി. വെങ്കിടേശന്‍ തയാറാക്കിയ ഫീച്ചറില്‍ വ്യക്തമാക്കുന്നുണ്ട്. മുഗള്‍ ഭരണത്തിലും അതിനുശേഷവും നിലനിന്നിരുന്ന ഗല്ലികള്‍ കാവിപൂശിയും നിര്‍മാണ വസ്തുക്കളില്‍ വിഗ്രഹങ്ങള്‍ കൊത്തിവെച്ചും മുസ്‌ലിം ഭവനങ്ങളുടെ മുന്നില്‍ വ്യാപകമായി ആല്‍ത്തറകള്‍ ഒരുക്കിയും നടത്തുന്ന സാംസ്‌കാരിക ഉന്മൂലനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാണ് പ്രസ്തുത ഫീച്ചര്‍ തയാറാക്കിയിട്ടുള്ളത്. 'ഓപ്പറേഷന്‍ അയോധ്യ രണ്ട്' (Operation Ayodhya II)  എന്ന പേരിലാണ് സംഘ്പരിവാര്‍ ഇതിനെ പ്രതീകവല്‍ക്കരിക്കുന്നത്.

സൂക്ഷ്മവും സ്ഥൂലവുമായ ഒരു വംശീയ ഉന്മൂലന പദ്ധതിയാണ് ഇതിലൂടെ അരങ്ങേറുന്നത്. സര്‍ക്കാറും സംവിധാനങ്ങളും പ്രത്യക്ഷമായി തന്നെ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ അയോധ്യയുമായി രംഗത്തു വന്നത് കാശിയെയും മഥുരയെയും ലക്ഷ്യം വെച്ചുകൊണ്ടാണ്. വളരെ പെട്ടെന്ന് മുസ്‌ലിം നിഗ്രഹത്തിന് സാധ്യമാകുന്ന വംശീയമായ ഒരു അന്തരീക്ഷം ഇവിടങ്ങളില്‍ വ്യാപകമായിട്ടുണ്ട്. ഏറെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിലൂടെയാവും വരുംനാളുകളില്‍ രാജ്യം കടന്നുപോവുക. ശക്തമായ രാഷ്ട്രീയ ബോധ്യങ്ങളും പ്രതിഷേധങ്ങളും രൂപപ്പെട്ടേ മതിയാവൂ. 

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍