Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 14

3080

1440 റബീഉല്‍ ആഖിര്‍ 06

ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷ് എന്താണ് ബാക്കിവെച്ചത്?

മെഹ്ദി ഹസന്‍

കഴിഞ്ഞ നവംബര്‍ മുപ്പതിന് 94-ാം വയസ്സില്‍ അന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷിനുള്ള അനുശോചനങ്ങള്‍ വിവിധ രാഷ്ട്രീയ മണ്ഡലങ്ങളില്‍നിന്ന് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. 'ഉയര്‍ന്ന സ്വഭാവ ഗുണങ്ങള്‍ ഉള്ള ആളായിരുന്നു'വെന്ന് മൂത്ത മകനും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ജോര്‍ജ് ഡബ്ല്യു ബുഷ്. മറ്റൊരു മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് സീനിയര്‍ ബുഷിന്റെ ജീവിതം, 'പൊതു സേവനം സമുന്നതവും ആനന്ദകരവുമായ ദൗത്യമാണെന്ന'തിന്റെ സാക്ഷ്യമാണ്. ജീവിത യാത്രയില്‍ വളരെയധികം നല്ല കാര്യങ്ങള്‍ അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. 'ആപ്പിളി'ന്റെ തലവന്‍ ടിം കോക്ക് പറയുന്നത് ഇങ്ങനെ: 'മഹാനായ ഒരു അമേരിക്കക്കാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.'

ഡൊണാള്‍ഡ് ട്രംപ് യുഗത്തില്‍, സീനിയര്‍ ബുഷിനെ മഹാനായ ദേശസ്‌നേഹിയായും പ്രായോഗിക വാദിയായും ചിത്രീകരിക്കാന്‍ ജീവചരിത്രകാരന്മാര്‍ക്ക് അധികം പണിപ്പെടേണ്ടി വരില്ല. വിടപറഞ്ഞ ഈ മുന്‍പ്രസിഡന്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ട്രംപിനെ 'പൊങ്ങച്ചക്കാരന്‍' എന്ന് അധിക്ഷേപിച്ച് 2016-ല്‍ വോട്ട് ചെയ്യാന്‍ കൂട്ടാക്കിയില്ല എന്നത് നേരാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നല്‍കപ്പെടുന്ന വെള്ള വംശീയ, തീവ്ര വലതുപക്ഷ ഗൂഢാലോചനാ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ പുതിയ നിര്‍വചനത്തോടും അദ്ദേഹത്തിന് ഒത്തുപോകാന്‍ കഴിയുമായിരുന്നില്ല. ഒബാമ പറഞ്ഞതുപോലെ, 'ഒരു വെടിയും ഉതിര്‍ക്കാതെ തന്നെ' അദ്ദേഹം ശീതയുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സഹായിച്ചു. രാജ്യത്തെ സേവിച്ചുകൊണ്ടാണ് ജീവിതം കഴിച്ചുകൂട്ടിയത് എന്നും പറയാം. മിലിട്ടറിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക്, പിന്നെ സി.ഐ.എയിലേക്കും വൈറ്റ് ഹൗസിലേക്കും. എല്ലാ നിലക്കും അദ്ദേഹം തന്റെ 17 പേരമക്കള്‍ക്കും അവരുടെ എട്ട് മക്കള്‍ക്കും സ്‌നേഹനിധിയായ അപ്പൂപ്പന്‍ തന്നെയായിരുന്നു.

പക്ഷേ, അദ്ദേഹം ഒരു സ്വകാര്യ വ്യക്തിയല്ല, പൊതു വ്യക്തിയാണ്. അമേരിക്കയുടെ പ്രസിഡന്റായിട്ടുള്ള 44 അപൂര്‍വ വ്യക്തികളില്‍ ഒരാള്‍. അതിനാല്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിത രേഖകളെ വെറും പ്രശംസയാല്‍ അലങ്കരിച്ചുവെക്കാന്‍ അനുവദിക്കരുത്. 'ഒരു രാഷ്ട്രീയ നേതാവ് മരിക്കുമ്പോള്‍, അദ്ദേഹത്തെ കുറിച്ച് പ്രശംസയേ പാടുള്ളൂ, വിമര്‍ശനം അരുത് എന്ന മനോഭാവം തീര്‍ത്തും നിരുത്തരവാദപരമാണ്' എന്ന് എന്റെ സുഹൃത്ത് ഗ്രെന്‍ ഗ്രീന്‍വാള്‍ഡ് പറയാറുണ്ട്. കാരണമത്, 'വ്യാജചരിത്ര നിര്‍മിതിക്കും പ്രൊപഗണ്ടാ സ്വഭാവത്തില്‍ ചീത്ത പ്രവൃത്തികളെ വെള്ളപൂശുന്നതിനും' കാരണമായിത്തീരും. യഥാര്‍ഥത്തില്‍ ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷിന്റെ പ്രസിഡന്റ് കാലത്തെ ഏറ്റവും നന്നായി ചേര്‍ത്തുനിര്‍ത്താനാവുക, അദ്ദേഹത്തിന്റെ ശേഷം വന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നുള്ള പ്രസിഡന്റുമാരുടെ കാലവുമായിട്ടു തന്നെയാണ്; തിരിമറിക്കാരും യുദ്ധോത്സുകരുമായ ജൂനിയര്‍ ബുഷിന്റെയും ഇപ്പോഴത്തെ പിംഗല നിറക്കാരന്‍ പ്രസിഡന്റിന്റെയും കാലവുമായി. ഇതാണ് സത്യം; അത് അസൗകര്യമുണ്ടാക്കുന്നതാണെങ്കില്‍ കൂടി. മീഡിയയും രാഷ്ട്രീയക്കാരും നിങ്ങളെ മറ്റെന്തൊക്കെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും ശരി.

നോക്കൂ-

വംശീയ വെറി നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചയാളാണ് സീനിയര്‍ ബുഷ്. വില്ലി ഹോര്‍ട്ടണ്‍ എന്ന ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ 1988-ലെ ബുഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്തി എന്നും ഓര്‍മിക്കപ്പെടും. ഹോര്‍ട്ടണ്‍ കൊലപാതകക്കുറ്റത്തിന് മസാച്യുസെറ്റ്‌സില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്നു. അപ്പോഴാണ് ക്രിമിനലുകള്‍ക്ക് പരോള്‍ അനുവദിക്കുന്നത്. പരോള്‍ ലഭിച്ച ഹോര്‍ട്ടണ്‍ മേരിലാന്റിലെത്തി (വെള്ളക്കാരിയായ) ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു. കറുത്തവനെ പാതകിയായും വെള്ളക്കാരിയെ ഇരയായും ചിത്രീകരിച്ചുകൊണ്ട് ടെലിവിഷനില്‍ ംലലസലിറ ുമലൈ െഎന്ന പേരില്‍ ആ കുപ്രസിദ്ധ പരസ്യം വരുന്നത് ആ സമയത്താണ്. മസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മൈക്കല്‍ ഡ്യുകാകിസ് ആയിരുന്നു സീനിയര്‍ ബുഷിന്റെ ഡമോക്രാറ്റിക് എതിരാളി. ബുഷിന്റെ കാംപയ്ന്‍ തലവന്‍ ലീ അറ്റ്‌വാട്ടര്‍ പിന്നീട് പൊങ്ങച്ചം പറഞ്ഞ പോലെ, 'ഡ്യുകാകിസിന്റെ വൈസ് പ്രസിഡന്റ് നോമിനിയാണോ വില്ലി ഹോര്‍ട്ടനെന്ന് ജനത്തിന് തോന്നിപ്പോയി.' വംശീയ വെറി കലര്‍ന്ന ഈ പരസ്യത്തിന്റെ പേരില്‍ അറ്റ്‌വാട്ടര്‍ പിന്നീട് മരണശയ്യയില്‍വെച്ച് ക്ഷമാപണം നടത്തിയെങ്കിലും, ബുഷ് ജീവിതകാലത്തൊരിക്കലും അതിന് തയാറായില്ല.

സീനിയര്‍ ബുഷിന്റെ യുദ്ധനീക്കങ്ങള്‍ ഒട്ടും സത്യസന്ധമായിരുന്നില്ല. ഇറാഖ് അധിനിവേശത്തിന് ന്യായീകരണമായി ജൂനിയര്‍ ബുഷ് ഇറാഖില്‍ കൂട്ടനശീകരണായുധങ്ങളുണ്ടെന്ന് കള്ളം പറയുന്നതിന് പതിമൂന്ന് വര്‍ഷം മുമ്പ്, അദ്ദേഹത്തിന്റെ പിതാവ് അതേ രാജ്യത്ത് ബോംബ് വര്‍ഷിക്കാന്‍ അതുപോലുള്ള കള്ളങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. പത്രപ്രവര്‍ത്തകന്‍ ജോഷ്വാ ഹോളണ്ട് എഴുതിയതു പോലെ ഒന്നാം ഗള്‍ഫ് യുദ്ധം വില്‍പനയാക്കിയത് 'മലയോളം യുദ്ധ പ്രോപഗണ്ടകളുടെ പുറത്താണ്.' ഇറാഖ് കുവൈത്തിനെ ആക്രമിച്ചത് 'യാതൊരു പ്രകോപനമോ മുന്നറിയിപ്പോ ഇല്ലാതെ'യാണെന്ന് പറഞ്ഞ സീനിയര്‍ ബുഷിന്റെ ഇറാഖ് അംബാസഡര്‍ എപ്രില്‍ ഗ്ലാസ്പി സദ്ദാമിന്റെ അധിനിവേശം നടക്കുന്നതിന്റെ ഒരാഴ്ച മുമ്പ് 1990 ജൂലൈയില്‍ അതിന് പച്ചക്കൊടി കാണിക്കുന്ന വിധത്തിലൊരു വര്‍ത്തമാനമാണ് സദ്ദാമിനോട് പറഞ്ഞത്: 'അറബ്-അറബ് തര്‍ക്കങ്ങളില്‍ ഞങ്ങള്‍ക്ക് അഭിപ്രായമൊന്നുമില്ല; അതായത് കുവൈത്തുമായുള്ള നിങ്ങളുടെ അതിര്‍ത്തി തര്‍ക്കത്തിലും മറ്റും.'

യുദ്ധക്കുറ്റങ്ങള്‍ ചെയ്തയാളാണ് സീനിയര്‍ ബുഷ്. ഇറാഖിലും ഇറാഖധിനിവേശ കുവൈത്തിലും 88,500 ടണ്‍ ബോംബുകളാണ് ചൊരിഞ്ഞത്. ഈ ഭീകര താണ്ഡവത്തില്‍ മരിച്ചവരിലധികവും സാധാരണക്കാര്‍. ഉദാഹരണത്തിന് 1991 ഫെബ്രുവരിയില്‍ ബഗ്ദാദിനടുത്ത ആമിരിയ്യയില്‍ നടന്ന ബോംബാക്രമണത്തില്‍ ഷെല്‍ട്ടറില്‍ അഭയം തേടിയ 408 ഇറാഖി സിവിലിയന്മാരാണ് മരിച്ചത്. എന്നു മാത്രമല്ല അമേരിക്കന്‍ ബോംബാക്രമണത്തില്‍ വൈദ്യുതി നിര്‍മാണത്തിനും ജലവിതരണത്തിനും ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നതിനും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ക്കപ്പെട്ടു. ഇതൊന്നും യാദൃഛികമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമാക്കപ്പെടുകയും ചെയ്തു. എല്ലാം സദ്ദാമിനു മേല്‍ ഒരു 'മേല്‍ക്കൈ' കിട്ടാന്‍ വേണ്ടി. ഇത് എങ്ങനെ ഭീകരതയല്ലാതാവും? 1992 ജനുവരിയില്‍ യു.എസ് സെന്‍സസ് ബ്യൂറോയിലെ ബെത്ത് ഓസ്‌ബോണ്‍ ഡപോണ്ടെ പുറത്തു വിട്ട കണക്കനുസരിച്ച്, ബുഷ് സീനിയറിന്റെ ഗള്‍ഫ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 1,58,000 പേരാണ്.

ഇനി ഇറാന്‍-കോണ്‍ട്ര ഇടപാട് നോക്കൂ. അമേരിക്ക രഹസ്യമായി ഇറാനുമായി ആയുധ ഇടപാടുകള്‍ നടത്തുന്നു. അതിന്റെ വരുമാനം നിക്കരാഗ്വയിലെ കോണ്‍ട്ര റെബലുകള്‍ക്ക് നല്‍കുന്നു. അന്ന് റൊണാള്‍ഡ് റീഗനാണ് പ്രസിഡന്റ്. അദ്ദേഹത്തെ രാഷ്ട്രീയമായി തകര്‍ത്ത ഇടപാടാണിത്. പക്ഷേ അന്ന് വൈസ് പ്രസിഡന്റായിരുന്ന സീനിയര്‍ ബുഷിന് ഇതിലുള്ള പങ്ക് വേണ്ടപോലെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. തന്റെ പ്രസിഡന്റ് കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് ഈ ഇടപാടില്‍ ഉള്‍പ്പെട്ട ആറ് പേര്‍ക്ക് മാപ്പു കൊടുത്ത് നീതിന്യായ നടത്തിപ്പിന് വരെ ഭംഗമുണ്ടാക്കുന്നുണ്ട് അദ്ദേഹം. നീതിന്യായ നടത്തിപ്പിനെ ട്രംപ് തുരങ്കം വെക്കുന്നതു പോലെത്തന്നെ.

സീനിയര്‍ ബുഷിന്റെ ഭരണകാലത്ത് 1989 സെപ്റ്റംബറില്‍ നടന്ന മറ്റൊരു സംഭവം. ഒരു ടെലിവിഷന്‍ പ്രഭാഷണത്തില്‍ കൊക്കെയ്ന്‍ നിറച്ചതെന്ന് കരുതപ്പെടുന്ന സഞ്ചി ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം പറഞ്ഞു: 'വൈറ്റ് ഹൗസിന്റെ തൊട്ടപ്പുറത്തുള്ള പാര്‍ക്കില്‍നിന്ന് പിടിച്ചെടുത്തതാണിത്.' മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് ഒന്നര ബില്യന്‍ ഡോളര്‍ കൂടുതല്‍ ചെലവഴിക്കാനുള്ള അനുവാദത്തിനു വേണ്ടി ഈ അവസരം ഉപയോഗിക്കുകയായിരുന്നു ബുഷ്. 'നമുക്ക് കൂടുതല്‍ തടവറകള്‍ വേണം, കോടതികള്‍ വേണം, പ്രോസിക്യൂട്ടര്‍മാര്‍ വേണം.' പക്ഷേ, ഒരു മാസത്തിനു ശേഷം വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണത്തില്‍, പോലീസ് തന്ത്രപൂര്‍വം ഒരു മയക്കുമരുന്നു കടത്തുകാരനെ പാര്‍ക്കിലേക്ക് ആകര്‍ഷിച്ചുകൊണ്ടുവരികയായിരുന്നുവെന്ന് വ്യക്തമായി. അയാള്‍ക്ക് അങ്ങോട്ടുള്ള വഴി പോലും അറിഞ്ഞുകൂടായിരുന്നു!

അധിക തുക അനുവദിച്ചപ്പോള്‍ എന്താണ് സംഭവിച്ചത്? ''മില്യന്‍ കണക്കിന് അമേരിക്കക്കാര്‍ തടവറകളില്‍ യാതനകളനുഭവിച്ചു, ബില്യന്‍ കണക്കിന് ഡോളറുകള്‍ പാഴായി, ആയിരങ്ങള്‍ എയിഡ്‌സ് ബാധിച്ച് മരിക്കാന്‍ അത് ഇടവരുത്തി- എല്ലാം 'മയക്കുമരുന്നിനെതിരെയുള്ള യുദ്ധ'ത്തിന്റെ പേരില്‍. മയക്കുമരുന്നുപയോഗം കുറക്കാന്‍ അതിനൊട്ട് സാധിച്ചതുമില്ല.'' 2014-ല്‍ ഡ്രഗ് പോളിസി അലയന്‍സിലെ ഏതാന്‍ നഡ്ല്‍മാന്‍ ഈ സംഭവത്തെ വിലയിരുത്തി. മീ ടൂ കാമ്പയിന്റെ തുടക്ക കാലത്ത്, അതായത് 2017  അവസാനത്തില്‍, ഈ പ്രസിഡന്റ് തങ്ങളെ ശല്യപ്പെടുത്തി എന്ന് ചുരുങ്ങിയത് എട്ട് സ്ത്രീകളെങ്കിലും വിളിച്ചുപറഞ്ഞത് ചേര്‍ത്തു വായിക്കുക.

പറഞ്ഞുവരുന്നത് ഇതാണ്. വിശകലനം ചെയ്യുമ്പോള്‍ വസ്തുതകളാണ് പരിഗണിക്കപ്പെടേണ്ടത്. ഭാവനയില്‍ മെനഞ്ഞുണ്ടാക്കിയ റിപ്പബ്ലിക്കന്‍ മാന്യതയുടെ സുവര്‍ണയുഗത്തിലെ അവസാന കണ്ണി എന്നൊന്നും പറഞ്ഞ് അമേരിക്കയുടെ ഈ നാല്‍പ്പതിയൊന്നാം പ്രസിഡന്റിനെ വാഴ്ത്താന്‍ നില്‍ക്കരുത്. അദ്ദേഹം വംശവെറി കാണിച്ചിട്ടുണ്ട്, നീതിന്യായ നടത്തിപ്പില്‍ ഇടങ്കോലിടാന്‍ നോക്കിയിട്ടുണ്ട്, യുദ്ധകുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശേഷം വന്ന രണ്ട് റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരുമായിത്തന്നെയാണ് അദ്ദേഹത്തിന് ചേര്‍ച്ച; സ്തുതിപാഠകര്‍ ഇതിനു വിരുദ്ധമായി എന്തൊക്കെ പറഞ്ഞാലും.

(ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും അല്‍ ജസീറ കോളമിസ്റ്റുമാണ് ലേഖകന്‍)

Comments

Other Post

ഹദീസ്‌

ഏതു മാര്‍ഗം?
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (09-16)
എ.വൈ.ആര്‍