Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

വി.എസ് കുഞ്ഞിമുഹമ്മദ്

ഷാജു മുഹമ്മദുണ്ണി

അന്‍സാര്‍ കാമ്പസിലെ സൗമ്യസാന്നിധ്യവും ട്രസ്റ്റ് അംഗങ്ങളിലെ കാരണവരുമായിരുന്നു വി.എസ് കുഞ്ഞിമുഹമ്മദ്. തൃശൂര്‍ ജില്ലയില്‍ വിദ്യാലയമോ റോഡോ വൈദ്യുതിയോ ഇല്ലാതിരുന്ന ഞമനങ്ങാട് എന്ന കുഗ്രാമത്തില്‍ ജനിച്ചു. ഉയര്‍ന്ന വിദ്യാഭ്യാസം അധികമൊന്നും നേടിയില്ലെങ്കിലും തൊഴിയൂര്‍ ദാറുര്‍റഹ്മ യത്തീംഖാന, വടക്കേക്കാട് ഐ.സി.എ സ്‌കൂള്‍ എന്നിവയുടെ സ്ഥാപകനായി. പെരുമ്പിലാവ് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ തുടക്കം മുതല്‍ മരണം വരെയും ട്രസ്റ്റ് അംഗമായും മാനേജിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. അന്‍സാര്‍ അദ്ദേഹത്തിന് ആവേശമായിരുന്നു. ദിവസവും മുടങ്ങാതെ കാമ്പസിലെത്തിയിരുന്ന അദ്ദേഹം പരിക്കേറ്റ് വിശ്രമിക്കുമ്പോഴും എങ്ങനെയെങ്കിലും കാമ്പസിലെത്തണമെന്ന് ആഗ്രഹിച്ചുകൊണ്ടിരുന്നു.

ഇടപെട്ട സാമൂഹിക സംരംഭങ്ങളിലൊക്കെ തന്റേതായ കൈയൊപ്പ് ചാര്‍ത്തി. മറ്റുള്ളവരെക്കൊണ്ട് നല്ലതുമാത്രം പറയിച്ച വ്യക്തിത്വം. അചഞ്ചലമായ ദൈവ വിശ്വാസവും കര്‍മോത്സുകതയും കൂട്ടിനുണ്ടെങ്കില്‍ ഏതൊരാള്‍ക്കും തന്റെ പ്രവൃത്തിപഥത്തില്‍ പ്രശോഭിക്കാന്‍ കഴിയുമെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ കര്‍മയോഗി. ഏത് കാര്യത്തിലായാലും നല്ല വശം മാത്രം എടുത്തു കാണിച്ചു. നല്ല വീട്ടുകാരനായിരിക്കെ അതിനേക്കാള്‍ നല്ല പൊതുപ്രവര്‍ത്തകനായി. ചെയ്ത സഹായങ്ങള്‍ ആരോടും പറഞ്ഞില്ല. ഒരാളെപ്പറ്റിയും കുറ്റം പറഞ്ഞില്ല. ചെളിയെപ്പറ്റി പറഞ്ഞാല്‍ അദ്ദേഹം ചൂണ്ടുക താമരയിലേക്കാവും.

1950-ല്‍ വടുതല കേന്ദ്രീകരിച്ച് രൂപീകൃതമായ നാഷ്‌നല്‍ റീഡിംഗ് റൂം ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ അണിയറ ശില്‍പികളില്‍ ഒരാളായിരുന്നു. അക്കാലത്ത് കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അഫിലിയേഷന്‍ ലഭിച്ച അപൂര്‍വ ലൈബ്രറികളില്‍ ഒന്നായിരുന്നു ഇത്. 'നവമുകുളം' എന്ന പേരില്‍ മാഗസിന്‍ തുടങ്ങി. സി.എന്‍ അഹ്മദ് മൗലവിയുടെ ഖുര്‍ആന്‍ തര്‍ജമ വായിക്കാനിടയായതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്ന് ഇടക്കിടെ പറയാറുണ്ടായിരുന്നു. ദാറുര്‍റഹ്മ യത്തീംഖാനക്ക് കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് കെട്ടിട നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. 

ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് മുസ്‌ലിം കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നതും അവരുടെ മതപഠനം തടസ്സപ്പെടുന്നതും ആകുലതയോടെ നോക്കിക്കണ്ട അദ്ദേഹം മത-ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് ഇസ്‌ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഐ.സി.എ) സ്ഥാപനങ്ങളുടെ പിറവിക്ക് കാരണമായി. തുടര്‍ന്ന് അന്‍സാര്‍ സ്ഥാപനങ്ങളുടെ സാരഥിയായി. അന്‍സാര്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നേടുന്നതില്‍ വലിയ പങ്ക് വഹിച്ചു. അനാഥനായി വളര്‍ന്ന അദ്ദേഹം പിന്നീട് അന്‍സാര്‍ ഓര്‍ഫനേജിന്റെ കറസ്‌പോണ്ടന്റും കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റമായി. കുന്നംകുളം ഫ്രൈഡേ ക്ലബ്, സി എസ്.എം സെന്‍ട്രല്‍ സ്‌കൂള്‍, വാടാനപ്പള്ളി എന്നിവയുമായും സഹകരിച്ചിരുന്നു.

 

 

 

സി.പി ബാപ്പുട്ടി

താനൂര്‍ തീരപ്രദേശത്തെ പ്രസ്ഥാന പ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായിരുന്നു 'സിപി' എന്നറിയപ്പെടുന്ന സി.പി ബാപ്പുട്ടി. യാഥാസ്ഥിതിക വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന കോര്‍മന്‍ കടപ്പുറം മഹല്ലില്‍ 1970 കാലഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ നട്ടുവളര്‍ത്തിയ ഏതാനും വ്യക്തികളിലൊരാളാണ് അദ്ദേഹം. ചെറുപ്രായം മുതല്‍ ജനസേവന രംഗത്ത് തല്‍പരനായിരുന്നു. അതിനായി പരിസരത്തുള്ള സുഹൃത്തുക്കളെ സംഘടിപ്പിച്ച് 1973-ല്‍ തീരമേഖല കേന്ദ്രീകരിച്ച് 'സാമൂഹ്യസേവ സംഘ'ത്തിന് രൂപം നല്‍കി, അതിന്റെ നേതൃസ്ഥാനം വഹിച്ചു. പിന്നീട് പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ സാംസ്‌കാരിക മുഖമായി 'സാമൂഹ്യസേവ സംഘ'ത്തെ മാറ്റാന്‍ ബാപ്പുട്ടി സാഹിബിന് സാധിച്ചു. ഈ സംഘത്തിനു കീഴില്‍ വായനശാലയും ലൈബ്രറിയും ആരംഭിച്ച് വിദ്യാര്‍ഥികള്‍ക്കടക്കം നൂറുകണക്കിന് പേര്‍ക്ക് വെളിച്ചം നല്‍കാന്‍ സാധിച്ചു. ലൈബ്രറിയില്‍നിന്നും പ്രസ്ഥാന പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് അന്നത്തെ ചെറുപ്പക്കാര്‍ക്ക് വായിക്കാന്‍ നല്‍കി.

പുതിയ തലമുറയെ പ്രസ്ഥാനവുമായി അടുപ്പിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. ആരോടും വെറുപ്പോ വിദ്വേഷമോ വരാതിരിക്കാനും അദ്ദേഹം സൂക്ഷ്മത പുലര്‍ത്തി. സ്വന്തം നിലപാടുകള്‍ ആര്‍ജവത്തോടെ തുറന്നുപറയുന്ന ശൈലി അദ്ദേഹത്തെ വ്യത്യസ്തനാക്കി.

സംഘടനാ പരിമിതികള്‍ക്കപ്പുറം വിശാലമായ വ്യക്തിബന്ധമായിരുന്നു അദ്ദേഹത്തിന്റേത്. കൊച്ചുകുട്ടികള്‍ക്ക് ഇസ്‌ലാമിക കഥകള്‍ പറഞ്ഞുകൊടുത്തും അവരില്‍ ഇസ്‌ലാമിക ബോധം കരുപ്പിടിപ്പിച്ചും അവരെ ഉള്‍പ്പെടുത്തി ബാലസംഘങ്ങള്‍  രൂപീകരിച്ചും അവരില്‍ ഒരാളായി. മൂന്ന് പതിറ്റാണ്ടുകാലം സുഊദി അറേബ്യയിലെ ഹായിലില്‍ കെ.ഐ.ജിയുടെ സജീവ പ്രവര്‍ത്തകനായി പ്രവാസ ജീവിതം നയിച്ചു. 1981 മുതല്‍ 1983 വരെ ബോംബെ ജെ.ജെ ഹോസ്പിറ്റല്‍ പരിസരത്തുള്ള മലയാളി ഹല്‍ഖ കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചു. ഒന്നര വര്‍ഷമായി നാട്ടില്‍ സ്ഥിരതാമസമാക്കി. കരള്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. 

സജീവ പ്രസ്ഥാന പ്രവര്‍ത്തകരാണ് മക്കളായ സഫറുദ്ദീനും അസറുദ്ദീനും. ഭാര്യ ഫാത്വിമ. 

വി.കെ സെയ്തലവി കോര്‍മന്‍ കടപ്പുറം താനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്